ചരിത്രപരമായി സിനിമയുടെ ദാർശനിക സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ ചലച്ചിത്രകല എത്രമാത്രം സങ്കീർണ്ണമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നുകൂടി പരിശോധിക്കണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ അതിജീവനത്തിന്റെയും രാഷ്ട്രീയത്തിന്റെയും സഹനത്തിന്റെയും മറ്റും പ്രത്യയശാസ്‌ത്രപരമായ ഒരു മൂന്നാംകണ്ണാകണം സിനിമ. സാമൂഹ്യ ഇടപെടലുകൾ ദൃശ്യചരിത്രത്തിൽ നമ്മുടെ പരിസ്ഥിതിയിലധിഷ്ഠിതമാകണമെന്നർത്ഥം. അതിന് ചലച്ചിത്രകാരന്റെ ക്യാമറക്കണ്ണുകൾ എത്രമാത്രം ആഴത്തിലേക്ക് ചെന്നെത്തിയോ അത്രമാത്രം സംവേദനക്ഷമത വിപുലപ്പെടുത്തിയിട്ടുണ്ടെന്നു വേണം പറയാൻ. കലയും സാഹിത്യവും സാമൂഹ്യ പ്രതിബദ്ധതയിലൂന്നി നിൽക്കുന്ന അദൃശ്യശക്തിയായിരുന്ന പുതുമുഖങ്ങൾ ഇന്ന് ഭാഷയും രാഷ്ട്രവും മറന്ന്മരണഭയമില്ലാതെ അതിരുകൾ ലംഘിക്കുന്നതു. ഇവിടെയാണ് നമ്മുടെ ദാർശനിക പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കുമുള്ള ഉത്തരവും ഉദാത്തവുമായ സൗന്ദര്യവീക്ഷണവുമെല്ലാം കൈവരുന്നത്. രാഷ്ട്രം രാഷ്ട്രത്തോടെന്നപോലെ, ഭൂഖണ്ഡം ഭൂഖണ്ഡത്തോടെന്നപോലെ സ്നേഹത്തിന്റെ ഭാഷയാകണം നമ്മുടെ ഇന്ത്യൻ സിനിമ. മാറിയ പരിതസ്‌ഥിതിയിൽ ഐക്യവും സമരവും എന്ന ഒരു രീതിശാസ്ത്രം കലയിൽ കടന്നുകൂടിയിട്ടുണ്ട്. സ്നേഹത്തിന്റെ നിറവും മനുഷ്യന്റെ മണവും നിറഞ്ഞ മണ്ണിൽ പൊന്നുവിളയിക്കുന്ന സുന്ദരമായ ഒരോർമ്മപോലെ ചരിത്രത്തിൽ സിനിമയിലൂടെ ധാരാളം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. കാലത്തിനു മായിക്കാൻ കഴിയാത്ത വലിയ കലാസൃഷ്ടിയായി സിനിമ മാറിക്കഴിഞ്ഞു. ചെക്ക്, സ്ലോവാക്ക്, പോളിഷ്, സ്പാനീഷ്, ഫ്രഞ്ച് സിനിമകൾക്കൊപ്പം കിടപിടിക്കാവുന്ന മലയാള സിനിമകൾ ഇന്ത്യൻ സിനിമയുടെ ചരിത്രമാണ് ഉയർത്തിക്കാണിക്കുന്നത്. നിരവധി ഉദാഹരണങ്ങളുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം, എലിപ്പത്തായം, മതിലുകൾ ജി. അരവിന്ദന്റെ കാഞ്ചനസീത, വാസ്തുഹാര, തുടങ്ങിയ മലയാളസിനിമകൾ ലോകസിനിമയുടെ നെറുകയിൽ ഇന്ത്യയുടെ പതാക ഉയർത്തികാട്ടിയവയായിരുന്നു.
കച്ചവടയുഗത്തിൽ താരം ഒരു ഉപഭോഗവസ്തുവാണെങ്കിലും ജനകീയ ദൃശ്യമാധ്യമമെന്ന നിലയിൽ നമ്മുടെ സിനിമയ്‌ക്ക് സമൂഹത്തിൽ വലിയ സ്വാധീനമാണുള്ളത്. താരങ്ങളുമായി സ്വകാര്യമായ മാനസ ബന്ധങ്ങളുണ്ടാക്കി അതിൽ മയങ്ങുന്ന ജനങ്ങളാണ് തിയറ്ററുകളിൽ ഇടിച്ചുകയറുന്നത്. അതിനും പുറമെ കുടുംബങ്ങൾ നേരത്തെ സീറ്റ് റിസർവ് ചെയ്ത് തിയറ്ററിൽ കയറുന്നു. പൂജയും ഷൂട്ടിംഗ് വിശേഷങ്ങളും ലൊക്കേഷനുകളുമെല്ലാം പത്രത്തിലും ചാനലുകളിലുമുണ്ടാകും. പിന്നെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും സോഷ്യൽ മീഡിയയുമെല്ലാം വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും മറ്റും സമ്മർദംകൊണ്ട് പൊതിയും. അവരിലൂടെ സിനിമപ്രചാരണം വേറെയും നടക്കുന്നുണ്ട്. ഒരു കവിത പോലെയോ ഒരു നാടകംപോലെയോ അല്ല സിനിമ. അതായത് സഖാവ് വളഡ്മീർ ഇല്ലിനോവിച് ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ അതൊരു സാംസ്കാരിക ആയുധമെന്ന കണക്കിൽ മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്ന ദാർശനികശക്തിയാക്കി മാറ്റണം. സ്പെയിനിൽ ജനിച്ച് പാരീസിലേക്ക് കുടിയേറിയ പ്രശസ്ത യൂറോപ്യൻ ചലച്ചിത്രകാരൻ ലൂയി ബുനുവൽ ചലച്ചിത്രരംഗത്തെ സാൽവദോർദാലിയാണ്. എല്ലാനിയമങ്ങളെയും കാറ്റിൽപറത്തിക്കൊണ്ട് ലോകസിനിമയുടെ ചരിത്രത്തിൽ പുതിയ അവബോധങ്ങളുടെ കൊടുങ്കാറ്റ് അദ്ദേഹം നിർമ്മിച്ചുവിട്ടു. അത്തരം ചലച്ചിത്ര ഇടപെടലുകളെയാണ് ആധുനിക സിനിമയുടെ വക്താക്കൾ പഠിക്കാൻ ശ്രമിക്കേണ്ടത്.
മുപ്പതുകളിലെ ഫ്രഞ്ചുസമൂഹമനസ്സാക്ഷിയെയും സദാചാര ജീവിതങ്ങളെയും മറ്റും വിശദീകരിക്കുന്ന “ദി ഡയറി ഓഫ് എ ചേമ്പർ മേഡ്’ ഫാസിസ്റ്റു മനസ്സ് ആധുനികതയിലും രൂപപ്പെടുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് തരുന്നത്. ജനാധിപത്യത്തിന്റേതായ എല്ലാ വാതിലുകളും പ്രകൃത്യാ കൊട്ടിയടയ്‌ക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷണങ്ങളാണ്. ഉദ്യോഗസ്ഥരും പോലീസും വഴിമുട്ടിപോകുന്നതെന്തുകൊണ്ടാണെന്ന് സിനിമ ചോദിക്കുന്നു. അതുപോലെതന്നെ “ദി ഡിസ്ക്രീറ്റ് പാം ഓഫ് ദി ബൂർഷ്വാസി’, ‘ദി ഫാന്റം ഓഫ് ലിബർട്ടി’, “ദാറ്റ് ഒബ്സ്ക്യൂർ ഒബ്ജക്ട് ഓഫ് ഡി സയർ’, തുടങ്ങിയ സിനിമകൾ രാഷ്ട്രീയബോധംകൊണ്ട് സംഭവവികാസങ്ങളെ കീറിമുറിച്ചുപരിശോധിക്കുകയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദ ചിന്തകൊണ്ട് മനുഷ്യനെ ചില പാഠങ്ങൾ പഠിപ്പിക്കുകയാണ് ഈ ഫ്രഞ്ച് സിനിമകൾ ചെയ്യുന്നത്. അതുപോലെതന്നെ പോളീഷ് സംവിധായകനായ ക്രിസ്ലോവസ്കിയുടെ സിനിമകൾ ആധുനിക ജീവിതത്തിന് പ്രത്യാശയാണ് നൽകുന്നത്. യൂറോപ്യൻ ചലച്ചിത്ര വ്യവസ്ഥിതിയെ അത് സാംസ്കാരികമായി പൊളിച്ചടക്കിയെന്നുതന്നെ പറയാം. ത്രീ കളേഴ്‌സ്, ഡെകാലോഗ് ഡബ്ബിൾ ലൈഫ് ഓഫ് വെറോണിക്ക, നോ എൻഡ് എന്നിവ രാഷ്ട്രീയ ചരിത്രത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും സാക്ഷിപത്രങ്ങളാണ്.
ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ ആരാധകനായ വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകൻ പസ്സോളിനി വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ചരിത്രം ഒരു വലിയ മാറ്റമാണ്. സാംസ്കാരികലോകത്തിന് ഇതുപോലെ എത്രയെത്ര സംഭാവനകളാണ് ചലച്ചിത്ര നിർമ്മിതികളായി വന്നിട്ടുള്ളത്. ഒരു പട്ടാളക്കാരനായ ഓഫീസർ തന്റെ മകനോട് കാണിക്കുന്ന ക്രൂരത ചിത്രീകരിക്കുന്നത് ഗ്രീക്ക് മിത്തിൽനിന്നാണ്. ഈഡിപ്പോറ ഫാസിസത്തിന്റെ വൃത്തികെട്ട മുഖങ്ങളെ തുറന്നു കാണിക്കുന്നു. പന്നിക്കൂടെന്ന് അർത്ഥം വരുന്ന പോർസൈൽ, സിദ്ധാന്തമെന്നർത്ഥമുള്ള തിയോറമാ, സാലോ അഥവാ സോദോമിന്റെ 120 ദിവസങ്ങൾ തുടങ്ങിയ സിനിമകൾ മുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും വ്യത്യസ്തതകളെ തുറന്നു കാണിച്ചുതരുന്നു. അത് ചരിത്രവിരുദ്ധതയുടെ പര്യായങ്ങളാണ്. മധുരാനുഭവങ്ങളിലേക്കെന്നപോലെ ക്ഷണിക്കപ്പെട്ടുവരുന്നവർ നരകത്തിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നുവെന്ന മുൻ ധാരണകളെ ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്. കവികളും കലാകാരും ചരിത്രകാരുമെല്ലാം തരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചതിനുള്ള ശിക്ഷ പ്രകൃതിതന്നെയാണ് നൽകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിജീവിച്ചുപോന്ന ചരിത്രം നാളിതുവരെയുള്ള വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് സിനിമ പറയുന്നുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ക്യാമറ കണ്ണിന്റെ ചരിത്രമാണ് ഇന്ത്യൻ സിനിമയുടെ അസ്‌തിത്വമെന്ന് മലയാളസിനിമ വ്യക്തമാക്കുന്നുണ്ട്. ചരിത്രപരമായ ഭൗതികവാദമാണ് നമ്മുടെ ചിന്തയെ പുഷ്ടിപ്പെടുത്തുന്നതെന്നർത്ഥം.
ബൽസാക്കിന്റെ അജ്ഞാതമായ ഒരു മഹത്തായ സൃഷ്ടിയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ജാക്വിസ് റിവേയുടെ ലാബെല്ല നോഷേ എന്ന സിനിമ യൂറോപ്യൻ സിനിമയുടെ ചരിത്രത്തെ മാത്രമല്ല ലോകസിനിമയുടെതന്നെ ചരിത്രഗതിയെ നിയന്ത്രിച്ചു. കലയോടുള്ള അടങ്ങാത്ത സൗന്ദര്യവാഞ്ചയും ജീവിതത്തിലെ നഗ്നയാഥാർഥ്യവും തമ്മിലുള്ള സംഘർഷ ഫ്രെയിമുകൾ പ്രേക്ഷകമനസ്സിൽ നവീനാനുഭവങ്ങളായി പരിണമിക്കുന്നു. കല കലയ്‌ക്കു വേണ്ടിയാണെന്ന ഒരു വാദം ശരാശരി മനുഷ്യന്റെ ചിന്തയ്‌ക്കു പുറത്താണ്. എന്നാൽ കല സൗന്ദര്യ ഗുണത്തിനും സാമൂഹ്യ ഗുണത്തിനും വേണ്ടിയാണ് നിലനിൽക്കുന്നത്. ഇന്ന് നവോത്ഥാനകാലത്തുത്ഭവിച്ച ചിത്രകലാതന്ത്രങ്ങളും ചലച്ചിത്ര കലാ സിദ്ധാന്തങ്ങളും മാർക്സിയൻ കലാതത്വചിന്തയിലൂടെ പരിഷ്കരിക്കപ്പെടുകയാണ്.
രണ്ടു കമിതാക്കളിലൂടെ ഇഴപിരിഞ്ഞു കിടക്കുന്ന സിനിമയുടെ ചരിത്രം കലയ്‌ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും ഇവിടെ മാറിസഞ്ചരിച്ചുകൊണ്ട് മനുഷ്യത്വത്തിനു പ്രാധാന്യം കൊടുക്കുന്നു. വിശ്വപ്രസിദ്ധ ചിത്രകാരനായ പിക്കാസോയുടെ കലാജീവിതവുമായി ബന്ധപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണ് La bella Noiseuse. ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ആത്മസംഘർഷം പോലെ ഫ്രഞ്ച് സ്ക്രീൻ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ജനാധിപത്യത്തിനു പകരം ആരാജകത്വവും ചരിത്രവിരോധവുമാണ് നൽകുന്നതെന്ന് വൈകിയറിഞ്ഞവരാണ് കിഴക്കൻ യൂറോപ്പിലും റഷ്യയിലും കേരളത്തിലുമുള്ളത്. മനുഷ്യബന്ധങ്ങളെ വിലമതിക്കാൻ വൈകരുതെന്ന ബോധം ശക്തിപ്പെടണമെന്ന് നിയോറിയലിസത്തിന്റെ പ്രധാനികളായ റോസല്ലിനിയും ഡിസീക്കയും ഫെല്ലിനിയുമെല്ലാം പറഞ്ഞിട്ടുണ്ട്. ചലച്ചിത്രലോകത്ത് പുതിയ വീക്ഷണകോണുകൾ അവതരിപ്പിച്ചവരാണിവർ. റോസല്ലിനിയുടെ ശിഷ്യനാണ് ഫെല്ലിനി. അദ്ദേഹത്തിന്റെ ലൂസി ദേൽവെരിത്ത് ലാസ് ട്രാഡ, നോട്ടി ദികബീരിയാ, ലാ ഡോൾസ് വിറ്റാ,ലെ ടെന്റസ്സിയോനി ദേൽ ഡോക്ടർ അന്റോണിയോ തുടങ്ങിയ സിനിമകൾ റോമിന്റെയും ക്രിസ്തുമതത്തിന്റെയും പരിഹാസങ്ങൾ നേരിടേണ്ടിവന്നെങ്കിലും ഫെല്ലിനി അതെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറി. അതുകൊണ്ടുതന്നെയാണ് ഫെല്ലിനിയെ ലോകസിനിമയുടെ ചരിത്രത്തിൽ വലിയ സ്ഥാനം നൽകി പ്രേക്ഷകമതം ആദരിക്കുന്നത്. റോമിൽ പോപ്പും മതവും എത്രമാത്രം ഫെല്ലിനിയെ സംഘർഷാത്മകമായി വലിച്ചിഴച്ചുവോ അത്രമാത്രം ജനാധിപത്യ പോരാട്ടത്തിൽ ഫെല്ലിനിലോകത്തെമ്പാടുമുള്ള ചലച്ചിത്ര പോരാളികൾക്ക് കരുത്തു പകർന്നുകൊടുക്കുന്ന ദാർശനിക ശക്തിയായി നിലകൊണ്ടിരുന്നു. മഹത്തായ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനുംവേണ്ടി ഇന്ത്യയിലും ആ ദാർശനികതയെചലച്ചിത്ര പ്രവർത്തകർ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ജർമ്മനി ഹിറ്റ്ലറുടെ ഫാസിസ്റ്റു അക്രമഭരണത്തിൻ കീഴിലായ ചരിത്രം ഇന്നും ലോകം മറന്നിട്ടില്ല. ബുദ്ധിയിൽ ഏറ്റവും ഉയർന്ന ജനവിഭാഗമായ ജൂതരെ മുഴുവൻ ആട്ടിയോടിച്ച കഥ കേരളത്തിനും മറക്കാൻ കഴിയില്ല. ഇന്ത്യയും ഇസ്രായേലും പലസ്തീനുമെല്ലാം ജൂതന്മാരെ സ്വാഗതം ചെയ്തിരുന്നു. അപ്പോൾ ഹിറ്റ്ലറും ഫാസിസവും ശക്തിപ്പെട്ടപ്പോൾ മതമൈത്രിയും ജനാധിപത്യവും ഏറെപുലരാൻ ആദ്യമായി കൊതിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.
ഒരുകാലത്ത് കലയിലും സാഹിത്യത്തിലുമെല്ലാം മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വചിന്തയുടെ സ്വാധീനമുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധം വിജയിച്ചതിന്റെ പിന്നിൽ റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ കുശാഗ്രബുദ്ധിയും നയതന്ത്രജ്ഞതയുമാണെന്ന കാര്യത്തിൽ തർക്കമില്ല. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ മാക്സിം ഗോർക്കിയെ പോലുള്ള തൊഴിലാളിവർഗ സാഹിത്യകാരരുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. അല്ലെങ്കിൽ ലോകത്തിന്റെ ഗതി നരകതുല്യമാകുമായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ മുതലാളിത്ത ലോകവും മതവുമെല്ലാം ഇന്ന് ഹിറ്റ്‌ലറുടെ ഫാസിസ്റ്റു തന്ത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രപരവും ധാർമ്മികവുമായ മൂല്യതകർച്ച നേരിടുന്ന ലോകവും ഇന്ത്യയുമെല്ലാം ചരിത്രത്തിനൊപ്പമല്ലാത്ത ഭ്രമാത്മക ഭരണകൂട വീക്ഷണഗതിക്കാരുടെ കൈകളിലാണ്. ഇതിനെതിരെയാകണം നമ്മുടെ പുരോഗമന എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരുമെല്ലാം സജ്ജമാകേണ്ടത്. ♦