റെയിൽവേ ലൈനുകൾ പണിതത് ഞാനാണ്…. ഇക്കാണുന്ന കെട്ടിടങ്ങളൊക്കെയും പണിതത് ഞാനാണ്…. നിങ്ങൾക്ക് വേണ്ടി യുദ്ധങ്ങളൊക്കെയും ചെയ്തത് ഞാനാണ്… ഈ രാജ്യത്തെ നിക്ഷേപങ്ങളൊക്കെയും എന്റേതാണ്….. എങ്കിൽ പറയൂ…. എവിടെ ഇതിൽ നിന്നൊക്കെയുള്ള എന്റെ പ്രതിഫലം. അമേരിക്കയെയും പാശ്ചാത്യ മുതലാളിത്ത ലോകത്തെയും കുടഞ്ഞെറിഞ്ഞ 1930 കളിലെ ആഗോള മാന്ദ്യകാലത്ത് അമേരിക്കയിലെ ജനകീയ ഗാനങ്ങളുടെ രചയിതാവ് ഇ വൈ ഹാർബർഗറുടേതാണ് ഈ ചോദ്യം. അക്കാലത്ത് അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ഗാനമാണ് “ Brother can you spare a dime“ (https://www.youtube.com/watch?v=0I8-CbJYGMA)… ‘സഹോദരാ എനിക്ക് കുറച്ച് നാണയത്തുട്ടുകൾ കടം തരുമോ’ . ഈ ചോദ്യത്തിൽ നിന്നാണ് റൂസ്‌വെൽറ്റിന്റെ പുത്തനുടമ്പടി അഥവാ ന്യൂ ഡീൽ (New Deal) രൂപം കൊള്ളുന്നത്.
എന്തായിരുന്നു റൂസ്‌വെൽറ്റിന്റെ അമേരിക്കൻ ഭരണകൂടം മുന്നോട്ടുവെച്ച പുത്തനുടമ്പടി എന്ന് മനസിലാക്കുന്നതിന് മുൻപ് ആഗോളമാന്ദ്യകാലത്തെ അമേരിക്കൻ ജനതയുടെ സ്ഥിതിയും അതിലേക്ക് അവർ എത്തിച്ചേർന്ന വഴികളും അറിയണം .ഒന്നാം ലോകമഹായുദ്ധമാണ് അമേരിക്കയുടെ ഭാവി ഭാഗധേയങ്ങളെ യഥാർത്ഥത്തിൽ മാറ്റിമറിച്ചത്. അതിനുമുൻപ് കടംകൊണ്ട് പൊറുതിമുട്ടിയിരുന്ന ഒരു രാജ്യം പൊടുന്നനവേ ഏറ്റവും വലിയ കടം കൊടുപ്പുകാരനായി. സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും അമേരിക്ക രൂപപ്പെട്ടു. ഉല്ലാസജീവിതം നയിക്കുന്ന മധ്യവർഗം ഉദയം ചെയ്തു. കടം വാങ്ങി കുടുംബങ്ങൾ ജീവിതം ആഘോഷിക്കുന്നതിന്റെ വർധന തോത് 4 ഡോളർ ആയിരുന്നത് 1920നുശേഷം 14 ഡോളർ ആയി ഉയർന്നു. വാഹന നിർമാണത്തിന്റെ കേന്ദ്രമായി അമേരിക്ക മാറി. കാറുകളുടെ ഉത്പാദനം 1920കളിൽ ഇരട്ടിയായി. വാഹനോല്പാദനമേഖലയിലെ കുതിപ്പ് അനുബന്ധ ഉല്പന്നങ്ങളുടെ വ്യവസായത്തെ – ഗ്ലാസ്, റബ്ബർ, സ്റ്റീൽ, പെട്രോളിയം – വൻതോതിൽ വർധിപ്പിച്ചു. 1920കളുടെ തുടക്കത്തിൽ മൂന്ന് വീടുകളിൽ ഒന്നിൽ മാത്രമായിരുന്നു സ്വന്തമായി വാഹനം ഉണ്ടായിരുന്നതെങ്കിൽ ആ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും എല്ലാ വീട്ടിലും ഒരു കാർ എന്ന നിലയിലായി കാര്യങ്ങൾ. അഞ്ചുലക്ഷത്തിനടുത്ത് തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയായി വാഹന നിർമാണമേഖല മാറി. ധനമൂലധനത്തിന്റെ കേന്ദ്രമായി അതുവരെ നിലകൊണ്ടിരുന്ന ലണ്ടനെ മറികടന്ന് ന്യൂയോർക്ക് ലോകത്തെ ഫിനാൻസ് മൂലധനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറി. ഇതായിരുന്നു 1920കളുടെ ആദ്യപകുതിയിൽ അമേരിക്ക. എന്നാൽ സ്ഥിതിഗതികൾ അധികം വൈകാതെ മാറിമറിഞ്ഞു. കടത്തിന് മുകളിൽ കെട്ടിപ്പടുത്ത ഈ കുമിള അധികകാലം നിലനിൽക്കില്ല എന്ന ചിന്താഗതി സാമ്പത്തിക വിദഗ്‌ദർക്കിടയിൽ മുൻപേ തന്നെ ഉണ്ടായിരുന്നു. അത് യാഥാർഥ്യമായി ഭവിച്ചു. ഉല്പാദനക്ഷമമല്ലാത്ത കാര്യത്തിന് വേണ്ടി ആൾക്കാർ ഉപഭോഗവസ്തുക്കൾ വാങ്ങി കൂട്ടുന്നതിന്റെ അപകടം മറനീക്കി പുറത്തുവന്നു. മഹാമാന്ദ്യത്തിന്റെ ആരംഭം ഇതായിരുന്നു.
മഹാമാന്ദ്യത്തിന്റെ തുടക്കം 1920ൽ തന്നെ ആരംഭിച്ചിരുന്നു. 1929 ലെ ഓഹരിവിപണിയുടെ മൂക്കുകുത്തലിനു മുൻപേതന്നെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞിരുന്നു. സാധാരണഗതിയിൽ ഓഹരിവിപണിയിലെ തകർച്ച തുടർന്നുള്ള കുതിച്ചു കയറ്റത്തിന് വഴി കാട്ടും. ഓഹരിവിപണിയിലെ കരടികൾ കാളകൾക്ക് വഴിമാറും. എല്ലാവരും അത് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഓഹരി വിപണി നിലയില്ലാക്കയത്തിലേക്ക് മുങ്ങിതാണു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് പിന്നീട് ലോകം ദർശിച്ചത്. 1929ൽ നിന്ന് 1933 ആകുമ്പോഴേക്കും ഉല്പാദനം 30 ശതമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ 25 ശതമാനമായി ഉയർന്നു. ജനങ്ങളിൽ നാലിലൊന്നുപേർ തൊഴിലില്ലാത്തവരായി മാറി. 115 ലക്ഷം അമേരിക്കക്കാർ തൊഴിൽരഹിതരായി. അവരെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളെകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൂന്ന് കോടി പേർ വരുമാനമില്ലാത്തവരായി. രണ്ട് കോടി അമേരിക്കക്കാർ അന്തിയുറങ്ങിയിരുന്നത് തെരുവുകളിലായിരുന്നു. ചാർളി ചാപ്ലിന്റെ ചിത്രങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന തൊഴിലില്ലായ്മയും പാർപ്പിടമില്ലായ്മയും പട്ടിണിയും 1930കളിലെ അമേരിക്കൻ ജീവിതത്തിന്റെ നേർ ചിത്രമായിരുന്നു. ‘അമേരിക്കൻ ഡ്രീമി’ന്റെ ഇന്നത്തെ കാലത്ത് പഴയ ആ ചരിത്രം നമ്മുടെയൊന്നും ഓർമകളുടെ അരികത്തുപോലുമില്ല.
കൂനിന്മേൽ കുരു എന്നപോലെ കാലാവസ്ഥയും ചതിച്ചു. വരൾച്ചയും ചൂട് മണൽകാറ്റും അവശേഷിക്കുന്ന കൃഷിയിടങ്ങളെക്കൂടി നശിപ്പിച്ചു. 1930 കളിലെ അമേരിക്കൻ മണൽക്കാറ്റും ദാരിദ്ര്യവും വാൾക്കർ ഇവൻസിന്റെയും (https://www.artnet.com/artists/walker-evans/2) ഡൊറോത്തിയ ലാങ്ങിന്റെയുമൊക്കെ (https://www.moma.org/artists/3373#works ) പല വിഖ്യാത ചിത്രങ്ങൾക്കും ഫോട്ടോഗ്രാഫുകൾക്കും വിഷയമായി.
ഉപഭോക്തൃ ഉല്പന്നങ്ങൾക്കായി ചിലവഴിക്കുന്നത് 20 ശതമാനം കുറഞ്ഞു . ബാങ്കുകൾ പലതും തകർന്നു. ഫാക്ടറികൾ പൂട്ടിത്തുടങ്ങി. കമ്പോളത്തിന്റെ അദൃശ്യകരങ്ങളിൽ ആറാടിയിരുന്ന സമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണങ്ങൾ പൊടുന്നനെ ശക്തമായി. അതുവരെയും നിയന്ത്രണമില്ലാത്ത അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നവർ ഇറക്കുമതിച്ചുങ്കങ്ങൾ വർധിച്ചു. തുറന്ന കമ്പോളങ്ങൾ അസ്തമിച്ചു. ഈ പ്രവണത മറ്റ് മുതലാളിത്ത രാഷ്ട്രങ്ങളിലെല്ലാം പടർന്നു. ലോകവ്യാപാരം നാലിലൊന്ന് കണ്ടു കുറഞ്ഞു.
റേഡിയോയും ന്യൂസ് റീലുകളും വ്യാപകമായിത്തുടർന്ന ദശകമായിരുന്നു അത്. ഈ പ്രതിസന്ധിയുടെ ആഴവും പരപ്പും അതുവഴി ജനങ്ങളിൽ വ്യാപകമായി എത്തി. ഇതിനു മുൻപുണ്ടായിരുന്ന മാന്ദ്യകാലങ്ങളിൽ നിന്നും മഹാമാന്ദ്യത്തെ മാറ്റിനിർത്തി അടയാളപ്പെടുത്തുന്ന ഒരു പ്രധാന വസ്തുത ഇതായിരുന്നു.
റൂസ്‌വെൽറ്റും ന്യൂ ഡീലും
ഈ പശ്ചാത്തലത്തിലാണ് ഹെർബെർട് ഹൂവറിനു പകരം ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി 1933 മാർച്ച് 4 ന് അധികാരമേൽക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ അപ്പോഴേക്കും തകർച്ചയുടെ പാരമ്യത്തിലായിരുന്നു. ഫാക്ടറികൾ, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ എല്ലാം വൻ പ്രതിസന്ധിയിലായി കഴിഞ്ഞിരുന്നു. കൃഷിയിടങ്ങളൊക്കെ തരിശുനിലങ്ങളായി മാറിയിരുന്നു. അമേരിക്കൻ മുതലാളിത്തത്തെ ഇതിനേക്കാളൊക്കെ ഭയപ്പെടുത്തിയിരുന്ന മറ്റൊന്ന് കൂടിയുണ്ടായിരുന്നു. കമ്മ്യൂണിസമെന്ന ഭൂതം. പാശ്ചാത്യ മുതലാളിത്തലോകം തകർച്ചയുടെ നെല്ലിപ്പലക കണ്ട നാളുകളിൽ സോവിയറ്റ് സമ്പദ്‌വ്യവസ്ഥ വലിയ കുതിപ്പിലായിരുന്നു. യൂറോപ്പിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ കിടന്ന ഒരു രാജ്യത്തെ ഒരു മാജിക് ദണ്ഡ് കൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടം അടിമുടി മാറ്റിമറിച്ചിരുന്നു. മഹാഭൂരിപക്ഷം ജനത്തെയും പട്ടിണിയിൽ നിന്നും മോചിപ്പിച്ച്, എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും നൽകി മുന്നേറുകയായിരുന്നു അന്നത്തെ സോവിയറ്റ് യൂണിയൻ. അതും കൊളോണിയൽ ചൂഷണമോ മറ്റു രാജ്യങ്ങളുടെ മേലുള്ള കൈയേറ്റമോ ഒന്നുമില്ലാതെ. ആഭ്യന്തരമായുണ്ടായ അസംതൃപ്തികൾ കമ്മ്യൂണിസത്തിലേക്കുള്ള വാതിലുകൾ തങ്ങളുടെ രാജ്യത്തും തുറക്കുമോ എന്ന് സ്വാഭാവികമായും അമേരിക്കൻ മുതലാളിത്തം ഭയപ്പെട്ടു. അമേരിക്ക നാളിതുവരെ കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക സാമൂഹിക പരിഷ്കരണ നടപടികളിലേക്ക്, ജനകേന്ദ്രിതമായ നടപടികളിലേക്ക് കടക്കാൻ റൂസ്‌വെൽറ്റിനെ യഥാർത്ഥത്തിൽ പ്രേരിപ്പിച്ചത് ഇതായിരുന്നു. മുതലാളിത്ത ലോകത്തിന് അതുവരെയും അന്യമായിരുന്ന കടുത്ത നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ‘കമ്മ്യൂണിസമെന്ന ഭൂതം’ തങ്ങളുടെ നാടിനെയും വിഴുങ്ങുമെന്ന് അമേരിക്കൻ മുതലാളിത്തം ആത്മാർത്ഥമായും ഭയന്നു. രാഷ്ട്രത്തെ ചലിപ്പിക്കുന്നതിൽ ഭരണകൂടത്തിനുള്ള പങ്ക് അടിവരയിട്ടുറപ്പിക്കപ്പെട്ടു.
തകർന്നുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ ഹൂവറും ചില നടപടികൾ കൈകൊണ്ടിരുന്നു. പുനർനിർമാണത്തിനായുള്ള ധനകാര്യ കോർപറേഷൻ രൂപീകരിക്കുകയും വ്യവസായങ്ങൾക്കും ബാങ്കുകൾക്കും വൻതോതിൽ പണം കടം കൊടുക്കുകയും ചെയ്തു. പക്ഷെ ഹൂവറിന്റെ നടപടികൾ വിജയം കണ്ടില്ല. കുതിച്ചുയർന്ന ജനരോഷത്തിനു മുന്നിൽ ഹൂവറിനു തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടു. റൂസ്‌വെൽറ്റ് പ്രസിഡന്റായി.
അധികാരമേറ്റ് ആദ്യ നൂറുദിവസത്തിനകം റൂസ്‌വെൽറ്റ് പുത്തനുടമ്പടി എന്നറിയപ്പെടുന്ന സമഗ്രമായ സാമ്പത്തിക ഭരണപരിഷ്കാര നടപടികൾക്ക് തുടക്കമിട്ടു. പരിഷ്കാരങ്ങളുടെ ലക്‌ഷ്യം ഇവയായിരുന്നു: കൃഷിക്കാരുടെ വരുമാനവർധന, കൂലിവർധന, തൊഴിൽരഹിതർക്ക് തൊഴിൽ കണ്ടെത്തൽ, വ്യവസായിക ഉത്പാദനം വർധിപ്പിക്കാനാവശ്യമായ ബഹുമുഖപദ്ധതികൾ ആസൂത്രണം ചെയ്യുക, വീട് നിർമാണത്തെ ശക്തിപ്പെടുത്തുക, ബാങ്ക് ഡെപ്പോസിറ്റുകൾക്ക് ജാമ്യം നൽകുക, ഡാമുകൾ, റോഡുകൾ, പൊതുമേഖലയിലെ കെട്ടിടങ്ങൾ എന്നിവയുടെ നിർമാണം ത്വരിതപ്പെടുത്തുക എന്നിവ വഴി സാമൂഹിക മൂലധനം ശക്തമാക്കുക.
പൊതുവിലുള്ള ഈ നയസമീപനം തുടരുമ്പോൾതന്നെ പല പരിണാമങ്ങൾക്കും റൂസ്‌വെൽറ്റിന്റെ ന്യൂ ഡീൽ കാലാകാലങ്ങളിൽ വിധേയമായിട്ടുണ്ട്. ഇത്തരം നടപടികളിൽ ചിലത് ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞു കോടതികൾ തന്നെ റദ്ദാക്കിയിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് സമാനമായ ഒരു പദ്ധതി ന്യൂ ഡീലിൽ കാണാം – WPA (Works Progress Administration). ജനങ്ങളുടെ പക്കൽ പണമെത്തിക്കുക, അതുവഴി ഡിമാൻഡ് ഉയർത്തുക, അത് ഉല്പാദനചോദനയായി മാറുക. ഇതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. പാശ്ചാത്യലോകത്ത് ഇന്ന് വ്യാപകമായി നിലനിൽക്കുന്ന സാമൂഹികക്ഷേമപദ്ധതികൾ പലതിനും – തൊഴിൽശേഷിയുടെ കാലം കഴിഞ്ഞവർക്ക് പെൻഷൻ, തൊഴിൽ നഷ്ടപ്പെടുന്നവർക്ക് തൊഴിലില്ലായ്മ വേതനം തുടങ്ങി – വഴികാട്ടിയായതും തുടക്കമിട്ടതും ന്യൂ ഡീലാണ് സ്ഥൂല സമ്പദ്‌വ്യവസ്ഥയിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ് എന്ന ചിന്താഗതിയായിരുന്നു ന്യൂ ഡീൽ പദ്ധതികളുടെ ആത്മാവ്. സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക, മുഴുവൻ പേർക്കും തൊഴിൽ നൽകുക, വിലക്കയറ്റത്തെ പിടിച്ചുനിർത്തുക ഇതിനായി എന്ത് നടപടികളും – മോണിറ്ററി പോളിസിയായാലും ഫിസ്കൽ പോളിസികൾ ആയാലും – സർക്കാരിന് കൈക്കൊള്ളാം എന്ന പൊതു ചിന്തഗതി ശക്തമായി. കേന്ദ്ര ബാങ്കിനെ അത് ധനമേഖലയുടെ മർമത്ത് പ്രതിഷ്ഠിച്ചു. ഇന്ന് നമ്മുടെനാട്ടിൽ ധനമേഖലയിലുള്ള സർക്കാർ ഇടപെടലിനെ വിമർശിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നവർ ഈ ചരിത്രപാഠങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും.
ആവശ്യമായ തോതിൽ പണലഭ്യത സമ്പദ്‌വ്യവസ്ഥയിൽ ഉറപ്പുവരുത്തുവാൻ ഏറെക്കാലമായി നിലനിന്നിരുന്ന ഗോൾഡ് സ്റ്റാൻഡേർഡ് റദ്ദുചെയ്തു. കേന്ദ്ര ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിനു ആനുപാതികമായുള്ള പണം മാത്രമേ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുക്കാൻ പാടുള്ളൂ എന്നതായിരുന്നു അന്നുവരെ നിലനിന്ന ഗോൾഡ് സ്റ്റാൻഡേർഡ്. ഇത് റദ്ദാക്കപ്പെട്ടതോടെ സമ്പദ്‌വ്യവസ്ഥയിൽ പണലഭ്യത വർധിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്ര ബാങ്കിന് കൈവന്നു. തകർച്ചയുടെയും തളർച്ചയുടെയും കാലത്ത് ഏറ്റവും അനിവാര്യമായ ഒന്നാണിത്.
മുതലാളിത്ത പരിപ്രേഷ്യത്തിനകത്തു നിന്നുകൊണ്ട് ജനകീയ താല്പര്യങ്ങളെ കേന്ദ്രമാക്കി, സർക്കാർ ഇടപെടൽ ശക്തമാക്കി ,എങ്ങിനെ സമ്പദ്‌വ്യവസ്ഥയെ സജീവമാക്കാം എന്ന കെയ്‌നീഷ്യൻ സിദ്ധാന്തങ്ങൾ ആവിർഭവിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. മഹാമാന്ദ്യമാണ് കെയ്ൻസിനെ ഈ വഴിക്കു നയിക്കുന്നത്. കെയ്‌നീഷ്യൻ സാമ്പത്തിക പദ്ധതിയുടെയും ന്യൂ ഡീലിന്റെയും ഹൃദയം ഒന്ന് തന്നെയാണ്.
ന്യൂ ഡീലിന്റെ ഭാഗമായി കാർഷികമേഖലയിലെ ഇടപെടലുകൾ സർക്കാർ വളരെ സജീവമാക്കി. ആവശ്യത്തിന് ലോണുകൾ നൽകുക, വിള സംരക്ഷണം ഉറപ്പു വരുത്തുക, ഇതിനാവശ്യമായ ഏജൻസികൾ രൂപീകരിക്കുക ഇതെല്ലാം ശക്തമായി. കമ്മോഡിറ്റി ക്രെഡിറ്റ് കോർപറേഷൻ (CCC), Agricultural Adjustment Administration (AAA) എന്നിവ ഇത്തരം ലക്ഷ്യങ്ങളെ മുൻനിർത്തി ന്യൂ ഡീലിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. സമാനമായ ഇടപെടലുകൾ വ്യാവസായിക മേഖലയിലുമുണ്ടായി .മത്സരങ്ങളിൽപെട്ട് വ്യവസായങ്ങൾ തകർന്നു പോകാതിരിക്കാൻ കൈത്താങ്ങായി സർക്കാർ വർത്തിച്ചു. 1933ലെ നാഷണൽ റിക്കവറി ആക്ട് വ്യവസായലോകത്തെ അനാരോഗ്യകരമായ മത്സരങ്ങൾ തടയാൻ രൂപീകരിക്കപ്പെട്ടതാണ്. ഇന്നത്തെ നിയോ ലിബറൽ കാലത്തു നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ അമേരിക്കയുടെ ഈ പഴയ ചരിത്രം ഒരു പക്ഷെ വിശ്വസിക്കാനാവില്ല.
രണ്ടാംലോക യുദ്ധത്തിന്റെ കാലം വരെ ഈ നടപടികൾ പലതും നിലനിന്നിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ന്യൂ ഡീൽ ഏജൻസികൾ പലതും അടച്ചുപൂട്ടി. രണ്ടാം ലോകയുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ലോട്ടറിയായിരുന്നു. യുദ്ധാവശ്യങ്ങൾക്കായി ലോകമാകെയുള്ള ഡിമാൻഡ് അമേരിക്കയുടെ ഉത്പാദനത്തിനു നൽകിയ ഊർജം ചില്ലറയല്ല. സർക്കാരിന്റെ ഇടപെടൽ ഇല്ലാതെതന്നെ മനുഷ്യർക്ക് തൊഴിൽ ലഭിച്ചു തുടങ്ങി, സമ്പദ്‌വ്യവസ്ഥ സജീവമായി. ഇത് ന്യൂ ഡീലിനെ ഏറെക്കുറെ അപ്രസക്തമാക്കി. പക്ഷെ അതുണ്ടാക്കിയ ചലനങ്ങൾ പലരൂപത്തിൽ പാശ്ചാത്യ മുതലാളിത്തലോകത്ത് ഇന്നും സജീവമായി നിൽക്കുന്നു. അന്ന് തുടക്കമിട്ട ജനക്ഷേമപദ്ധതികളിൽനിന്നും പാടെ പിന്നോക്കംപോകാൻ 1980കളുടെ അവസാനംവരെയും മുതലാളിത്തലോകത്തിനു കഴിഞ്ഞിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് രൂപപ്പെട്ട സാമൂഹികസാഹചര്യങ്ങളാണ് ഇതിൽനിന്നും പിന്നോട്ട് സഞ്ചരിക്കാൻ ലോകമുതലാളിത്തത്തിന് വീണ്ടും ശക്തിപകർന്നത്. താച്ചറിസവും റീഗനിസവും രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.
തൊഴിലിടങ്ങളിലെ സ്ഥിതിഗതികളെ ന്യൂ ഡീൽ പാടെ മാറ്റിയെഴുതിയിരുന്നു. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനെ സർക്കാർതന്നെ പിന്തുണച്ചു. തൊഴിലാളിസംഘടനകൾ വ്യവസായത്തിന്റെ തന്നെ ഭാഗമാണ് എന്ന ധാരണ എല്ലാവരും അംഗീകരിച്ചു. മിനിമം വേതനം, ഓവർടൈം, ബാലവേലയ്ക്കുള്ള നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവന്നു. ആരോഗ്യ ഇൻഷുറൻസ് വ്യാപകമാക്കി.
അതുപോലെതന്നെ ഓഹരികമ്പോളങ്ങളിലെ അനാരോഗ്യ പ്രവണതകൾ തടയാൻ നിയമനകളും പല ഭരണസംവിധാനങ്ങളും ആവിഷ്ക്കരിക്കപ്പെട്ടു. എല്ലാം വിപണി നിശ്ചയിക്കുമെന്ന സിദ്ധാന്തം വർജിക്കപ്പെട്ടു.
1936 മുതൽ 1938 വരെയുള്ള കാലഘട്ടത്തിൽ ന്യൂ ഡീലിന് എന്ത് ചെയ്യാനാകുമെന്ന് റൂസ്‌വെൽറ്റ് ഭാണകൂടം തെളിയിച്ചു. റൂസ്‌വെൽറ്റ് വർഗരാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം വരെയുണ്ടായി. ന്യൂ ഡീൽ സാമ്പത്തികനയമല്ല രാഷ്ട്രീയനീക്കമാണ് എന്ന് എതിർപക്ഷം വിമർശിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ പെട്ടവർ ചിലർ ന്യൂ ഡീലിനു പിന്നിൽ ഒളിച്ചിരിക്കുന്ന കമ്മ്യൂണിസമുണ്ട് എന്നാരോപിച്ചു. ഈ ആരോപണങ്ങളിൽനിന്നൊഴിയാനും അമേരിക്കൻ മൂലധനതാല്പര്യങ്ങളുടെ വക്താവായി വീണ്ടും മാറാനും രണ്ടാം ലോകയുദ്ധം റൂസ്‌വെൽറ്റിന് അവസരം നൽകി. ന്യൂ ഡീൽ നയങ്ങൾ പലതും ഉപേക്ഷിക്കപ്പെട്ടു. യൂറോപ്പിൽ നടക്കുന്ന യുദ്ധത്തെ അമേരിക്കൻ മൂലധനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താനാവും എന്നതായി റൂസ്‌വെൽറ്റിൻറെയും കൂട്ടരുടെയും പ്രഥമ ചിന്ത. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഒരു ദശകക്കാലം അമേരിക്കൻ മുതലാളിത്തത്തിനെ മുൾമുനയിൽ നിർത്തിയ ന്യൂ ഡീലിന് അതോടെ വിരാമമായി. ♦