Sunday, May 19, 2024

ad

Homeപുസ്തകംബാല്യത്തിനൊരു മാനിഫെസ്റ്റോ

ബാല്യത്തിനൊരു മാനിഫെസ്റ്റോ

എൻ എസ്‌ വിനോദ്‌

ടി നാരായണൻ കലർപ്പില്ലാത്ത ഒരു ബാലാവകാശ പ്രക്ഷോഭകനാണ്. ചരിത്രത്തിന്റെ ആകുലതകളും ആവേശവും പോരാട്ടങ്ങളും പ്രത്യയശാസ്ത്രവും ഇഴചേർന്ന കുട്ടികളുടെ പ്രസ്ഥാനമായ ബാലസംഘത്തിന്റെ കേരള സംസ്ഥാന രക്ഷാധികാരി ആധുനിക നേതൃത്വത്തിന്റെ ആക്സിസായി പ്രവർത്തിച്ച പ്രതിബദ്ധനായ മനീഷിയെന്ന് അദ്ദേഹത്തെ വിളിക്കാം.

ഈയിടെ നാരായണൻ രചിച്ച ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. പ്രതിദിനം നിശ്ചയമില്ലാത്തവിധം ഗ്രന്ഥങ്ങൾ ഭാണ്ഡങ്ങളായി പുറത്തിറക്കപ്പെടുന്ന ഈ കാലത്ത്‌ ഒരു പുസ്തകം പ്രകാശിപ്പിക്കപ്പെടുന്നത് ഒട്ടും പുതുമയോ പ്രാധാന്യമുള്ളതോ ആയിരിക്കണമെന്നില്ല.

ഗ്രന്ഥത്തിന്റെ വലുപ്പമോ പ്രസാധക ആഢ്യത്വമോ അല്ല; ഉള്ളടക്കത്തിന്റെ ഗൗരവവും കാലഭേദങ്ങൾ മറികടക്കുന്ന പ്രസക്തിയും ആശയവ്യക്തതയും ആരെ, എന്തിനെ പ്രതിനിധീകരിക്കുന്നുവെന്നതുമാണ് അതിനെ അറിയണമെന്ന് ആവശ്യപ്പെടുന്നത്.

അത്തരമൊരു ചികഞ്ഞെടുപ്പിന്റെ നിർബന്ധത്തിൽ ഒരു സാമൂഹ്യ വ്യക്തി നാരായണൻ മാസ്റ്ററുടെ ഗ്രന്ഥം തെരഞ്ഞെടുക്കണം. കാരണം അത് കുട്ടികളുടെ സവിശേഷ കാലത്തെയും അതിന്റെ നിയമ- അവകാശ -സർഗാത്മകത്വങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

എം എ ബേബി പ്രകാശിപ്പിച്ച്‌ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ “ഭാവി തലമുറയെ കരുപ്പിടിപ്പിക്കാൻ’ എന്ന ലഘുഗ്രന്ഥം കുട്ടികളുടെ അവകാശങ്ങൾ, പ്രസ്ഥാനം, സർഗാത്മക ഇടപെടലുകൾ എന്നിവയെ പരിശോധിക്കുന്നു.

കുട്ടികൾ എന്നത് കേവലം ബാഹ്യവും ഉപരിപ്ലവവുമായ കാല്പനിക വായാടിത്ത വാത്സല്യപ്രകടനങ്ങൾക്കുള്ള ഉപകരണങ്ങൾ അല്ലെന്നും പൗരരും വ്യക്തിത്വ പ്രത്യേകതകളും ഉള്ള ജൈവ ജീവിതങ്ങളാണെന്നും ഓർഗാനിക് ആയിത്തന്നെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കാർക്കശ്യത്തോടെ ഈ ഗ്രന്ഥത്തിൽ മാസ്റ്റർ പ്രഖ്യാപിക്കുന്നു.

ഈ പുസ്തകം ബാലാവകാശത്തെ സംബന്ധിച്ചും അവരുടെ സാമൂഹികാവകാശത്തെക്കുറിച്ചും അതിന്റെ സാർവദേശീയവും ദേശീയവും കേരള സംസ്ഥാനതലത്തിലുമുള്ള ചരിത്രപരവും രേഖാപരവുമായ ഒരു പരിശോധനയും അപര്യാപ്തതകളെപ്പറ്റിയുള്ള നിഷിദ്ധമായ വിമർശനവുമാണ്. കുട്ടികളുടെ പ്രസ്ഥാനങ്ങൾക്കുള്ള ഒരു കൈപ്പുസ്തകവും ബാലസംഘമെന്ന കുട്ടികളുടെ സംഘടനയുടെ ഹ്രസ്വമായ ചരിത്രവിവരണം കൂടിയായി “ഭാവി തലമുറയെ കരുപ്പിടിപ്പിക്കാൻ’ ഉയരുന്നു.

നൂറുപേജിനുള്ളിൽ പതിനൊന്നു കമ്പാർട്ട്‌മെന്റുകളായി പുസ്തകം സഞ്ചരിക്കുന്നു. ആമുഖത്തിൽ രചയിതാവുതന്നെ ഇതൊരു ആരംഭ ഗ്രന്ഥമല്ലെന്നും തുടർച്ചയാണെന്നും പ്രസ്താവിക്കുന്നുണ്ട്. ചിന്ത തന്നെ പ്രസാധനം നിർവഹിച്ച തന്റെ തന്നെ “കുട്ടികൾ ചരിത്രത്തിന്റെ ഉത്പന്നങ്ങളും ചരിത്രം നിർമിക്കുന്നവരും’ എന്ന പുസ്തകത്തിന്റെ തുടർച്ചയാണിതെന്നും പ്രസ്താവിക്കുന്നുണ്ട്.

തന്റെ ബാലസംഘം സംഘടനാ അനുഭവതലങ്ങളെ പ്രക്രിയാധിഷ്ഠിതമാക്കിയ 1986ൽ നെയ്യാറ്റിൻകര അരുവിപ്പുറത്താരംഭിച്ച മൂന്നുദിവസത്തെ പ്രവർത്തനദിശാക്യാമ്പിന്റെ പ്രതിപാദനത്തിലൂടെ ‘ഭാവിതലമുറയെ കരുപ്പിടിപ്പിക്കാൻ’ എന്ന തലവാചകവുമായി പുസ്തകം ആരംഭിക്കുന്നു.

അതിൽ അദ്ദേഹം തന്റെ മൗലികമായ ആശയാദർശങ്ങൾ ആദ്യവരിയിൽ തന്നെ നിക്ഷേപിക്കുന്നു.

“കത്തിക്കാളും വയറിന്റെ ജാതിയേത് കൂട്ടരേ
കരഞ്ഞിടുന്ന കുഞ്ഞിന്റെ ജാതിയേത് കൂട്ടരേ?’

ഇവിടെ വിശപ്പു മാത്രമായി പരിമിതപ്പെടുന്നില്ല. വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന മനുഷ്യജീവിതത്തിന്റെ ജൈവികമായ അവസ്ഥ മുദ്രാഗീതമായല്ല മുദ്രാവാക്യമായിത്തന്നെ ഉയർത്തുകയാണ്.

പിന്നീട് മാസ്റ്റർ വംശവിശുദ്ധിയുടെ, വിധ്വേഷവാദങ്ങളുടെ തീണ്ടൽപലകകയുടെ ആണിയിളക്കിയ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന കേരളഭൂമിക ആദ്യം കേട്ടു പുളകംകൊണ്ട നവപ്രഖ്യാപനം മുന്നോട്ടുവെയ്‌ക്കുന്നു. കലപ്പവച്ച, പിൽക്കാല കേരള മാതൃകയുടെ കൽത്തറയിൽ രൂപംകൊണ്ട ബാലസംഘത്തിന് നവോന്മേഷം പകർന്ന ചരിത്രത്തിന്റെ കാമ്പ് വൈവിധ്യങ്ങളുടെ കാലങ്ങളിൽ യാത്ര ചെയ്തുകൊണ്ട് പുതിയ പാഠം നൽകുന്നു.

പതിമൂന്നു ശീർഷകങ്ങളിലായി ബാലസംഘത്തിന്റെ പ്രവർത്തനകലണ്ടർ അദ്ദേഹം വിവരിക്കുന്നു. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും ബാലസംഘം എന്ത്? എന്തിന്? എന്നിങ്ങനെ കുട്ടികളുടെ സംഘടനയാണെന്നും അതെങ്ങനെയാണ്‌ കുട്ടികളോട് ഇടപഴകേണ്ടതെന്നും നിർദേശിച്ചുകൊണ്ടു കൂട്ടായ്മകളിൽ കുട്ടികളോട് ചിരിച്ചും കളിച്ചും കഥപറഞ്ഞും പാട്ടുപാടിയും നാടകം രൂപപ്പെടുത്തിയും കേരളത്തിന്റെ പൊതുമനസിലും ബാലഹൃദയങ്ങളിലും ബാലസംഘത്തിന് പുതിയ ചക്രവാളം രചിച്ചതും വരച്ചിടുന്നു.

തുടർന്ന് ബാലസംഘം പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട തിരുവനന്തപുരം ജില്ലാ ക്യാമ്പിനെ (സ്വാതി തിരുനാൾ സംഗീത കോളേജിൽ) കുതൂഹലമനസോടെ വിവരിക്കുന്നു. വിലക്കുകളല്ല. അറിയാനും അടുക്കാനും അനുഭവിക്കാനുമുള്ളതാണ് കുഞ്ഞുങ്ങളുടെ ബാല്യകാലം എന്ന് ഉറപ്പിക്കുന്നു.. കുമാരനാശാന്റെ ബാലകവിതാശകലംപോലെ നിർമ്മലമാകുകയും ആശയ ഉള്ളടക്കം വിമലമാകുകയും ചെയ്യുന്ന തലവാചകം നോക്കുക!

“പിഞ്ചോമനകൾ പൂമ്പാറ്റകൾ പോലെ”

ടി നാരായണൻ എന്ന സാമാന്യം ഗൗരവപ്രകൃതിയായ ഒരു മനുഷ്യൻ ആർദ്രചിത്തനായ ബാലാവകാശ അനുയായിയായി തീരുന്നതിന്റെ ലക്ഷണവും പുസ്തകത്തിലെ കൗതുകക്കാഴ്ചയായി മാറുന്നു.

രണ്ടു ദശാബ്ദം ബാലസംഘം രക്ഷാധികാരി ഏകോപന സമിതി ജനറൽ സെക്രെട്ടറിയായി പ്രവർത്തിച്ച നാരായണൻ മാസ്റ്റർ എന്തുകൊണ്ട് “ഭാവിതലമുറയെ കരുപ്പിടിപ്പിക്കാൻ” എന്ന ഒരു ഗ്രന്ഥം എഴുതി?

ഈ ഗ്രന്ഥം മുഖ്യമായും കേന്ദ്രീകരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിലേക്കും ആവശ്യകതയിലേക്കും കടന്നുകൊണ്ടു “പ്രീ പ്രൈമറി വിദ്യാഭ്യാസ സമസ്യകളും ചില പരിഹാര ചിന്തകളും’ എന്ന ലേഖനം ചർച്ചചെയ്യുന്നു. അനുഭവസ്ഥന്റെയും അന്വേഷിയുടെയും അവകാശ സംരക്ഷണ നിലപാടും ഉത്ക്കണ്ഠയും പരിഹാര നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു.

ഇന്ത്യയുടെ സംസ്ഥാനതലത്തിലെ കണക്കുകൾ ഉദ്ധരിച്ചും ദേശീയ യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടിയും കേവലമായ അവകാശവാദങ്ങൾക്കും രേഖകൾക്കും നിയമങ്ങൾക്കപ്പുറം പ്രായോഗിക യാഥാർഥ്യവും ശാസ്ത്രീയ സാഹചര്യങ്ങളും വിശകലനം ചെയ്യുന്നു. നിശ്ചയദാർഢ്യത്തോടെ – ഉത്തരവാദിത്തത്തോടെ നടപ്പിലാക്കേണ്ട, ഉറപ്പുവരുത്തേണ്ട പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചു ശക്തമായ വാദം ഗ്രന്ഥം ഉയർത്തുന്നു.

ഇതുസംബന്ധിച്ച സ്വാതന്ത്ര്യസമരകാല വിദ്യാഭ്യാസ സങ്കല്പനങ്ങളും കാഴ്ചപ്പാടുകളും വിവരിച്ചുകൊണ്ട് മാസ്റ്റർ അന്നത്തെ ദേശീയ നേതൃത്വത്തിന്റെ സമീപനങ്ങൾ ചൂണ്ടിക്കാട്ടുന്നു, ‘ബദൽ വിദ്യാഭ്യാസം എന്തിന്? എങ്ങനെ?’ എന്ന അധ്യായത്തിൽ. അന്നത്തെ ഇന്ത്യയുടെ മഹത്‌ നായകർ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയിലെ അപര്യാപ്തത തന്റെ കഠിന വിമർശനത്തിന് വിധേയമാക്കുന്നു.

സ്വാതന്ത്ര്യസമരകാല സങ്കല്പമായിരുന്ന പ്രാഥമിക വിദ്യാഭ്യാസത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസനയം സാർവത്രികവും സാർവജനീനവുമാക്കുകയെന്നത് സ്വാതന്ത്ര്യാനന്തരം കീഴ്മേൽ മറിഞ്ഞു. ഭരണഘടനയ്ക്ക് രൂപം നൽകിയപ്പോൾ 6 വയസുമുതൽ 14 വയസ്സുവരെയുള്ള വിദ്യാഭ്യാസം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നതിനുപകരം പത്തുവർഷംകൊണ്ട് സാധ്യമാക്കുകയെന്ന നിർദേശകതത്വമായി മാറ്റി. മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ അത് 11 വയസ്സുവരെ മാത്രമായി കുറച്ചു. പദ്ധതികൾ പിന്നിട്ടപ്പോൾ ലക്ഷ്യപരാമർശംതന്നെ ഇല്ലാതാക്കി. 1980കളിൽ അത് രാജ്യത്തിന്റെ ചുമതലയേ അല്ലെന്ന നിലവന്നു. ആ നയം വരേണ്യപക്ഷപാതമായി മാറിയെന്നു ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.

നോക്കുക! “ശിശുപരിപാലനരംഗത്ത് ഒരു ദേശീയ നയം രൂപപ്പെടുത്തുമ്പോൾ” എന്ന ഖണ്ഡത്തിൽ ഭരണഘടനാ ഭേദഗതി തന്നെ വേണമെന്ന് ശക്തമായി അദ്ദേഹം കൃതിയിൽ ആവശ്യപ്പെടുന്നു. 86‐ാം ഭരണഘടനാ ഭേദഗതിയിൽ 21‐ാം അനുച്ഛേദത്തിൽ 21‐ A എന്ന അനുബന്ധത്തിൽ 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശം ആക്കിയപ്പോൾ 0 മുതൽ 6 വയസ്സുവരെയുള്ളവരും 14‐18 പ്രായക്കാരും പുറന്തള്ളപ്പെട്ടുവെന്ന്‌ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ഈ അധ്യായം ശിശുപഠനമേഖലയുടെ അക്കാദമികവും ഭൗതികകവുമായ പശ്ചാത്തലത്തിലേക്ക്‌ കടക്കുന്നു. കരിക്കുലം- സിലബസ് പരിശോധനകളിലൂടെ പരിശീലനങ്ങളുടെ നിരന്തര ആവശ്യകതയും നിലവിലുള്ളതിന്റെ അപര്യാപ്തതകളുടെ പരിശോധനയും ആവശ്യപ്പെടുന്നു.

സാധാരണ വിദ്യാഭ്യാസം സംബന്ധിച്ച രക്ഷാകർതൃമാധ്യമ ഉപരിപ്ലവ ചർച്ചകളും കാഥിക പാരായണങ്ങളും ഹൈസ്‌കൂൾ‐സെക്കൻഡറി-ഉന്നതവിദ്യാഭ്യാസ രംഗങ്ങളെ കേന്ദ്രീകരിച്ചാണ് ഉണ്ടാവുക. അത് ഇന്നും അവശേഷിക്കുന്ന കൊളോണിയൽ അധിനിവേശകാലത്തിന്റെ ജനിതക രുചികളുടെ തികട്ടലായി കാണാം. 1992ൽ സഖാവ് ഇ എം എസ് അക്കാലത്തെ വിദ്യാഭ്യാസ മേഖലയിലെ ആഗോളവത്‌കരണ പകർന്നാട്ടങ്ങളിൽ ഇടപെട്ടുകൊണ്ട് ഇങ്ങനെ എഴുതി… ‘‘ശിശു ക്ലാസ് തൊട്ടു ബിരുദങ്ങൾക്കും ബിരുദാനന്തര ബിരുദങ്ങൾക്കും വേണ്ടിയുള്ള കോളേജ് ക്ലാസ് വരെ വിദ്യാഭ്യാസാനന്തര ജീവിതത്തിനു ഒട്ടും സഹായകരമല്ലാത്ത ഒരു വിദ്യാഭ്യാസരീതി കൊളോണിയൽ ഭരണകാലത്തെപോലെ സ്വതന്ത്ര ഇന്ത്യയിലും തുടർന്നു’’.

ഇവിടെ തങ്ങളുടെ പ്രവർത്തനമണ്ഡലത്തിലെ സമൂഹത്തിന്റെ ജീവിതഘട്ടങ്ങളിൽ ഇടപെട്ടുകൊണ്ട് ആധുനിക ശിശു സമൂഹത്തിന്റെ പ്രാരംഭ സ്വഭാവ വിദ്യാഭ്യാസ പങ്കാളിത്ത വേദികളായ ക്രഷ്, അങ്കൻവാടി, കിൻഡർ ഗാർഡൻ, പ്രീ പ്രൈമറി, പ്രൈമറി, പ്ലേ സ്‌കൂൾ സംവിധാനങ്ങളിലും അതിലെ അധ്യാപകരുടെ പരിശീലന- തുടർപരിശീലന രീതികളിലും സമഗ്രമായ അഴിച്ചുപണി വേണമെന്ന് ഗ്രന്ഥകാരൻ നിർദേശിക്കുന്നു.

കുട്ടികളുടെ സനാഥത്വം, സമഗ്രമായ വളർച്ച, ക്ഷേമം ഇവ മുൻ നിർത്തി പ്രവർത്തിക്കുന്ന ജനാധിപത്യപരവും ഔദ്യോഗികവുമായ സംഘടനാ ശിശുക്ഷേമ സമിതികൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും അതിനായി അവയുടെ ശാക്തീകരണവും ജനാധിപത്യവും ഉറപ്പാക്കാൻ ദേശീയതലത്തിൽ ഊന്നൽ വേണമെന്നും ഗ്രന്ഥം സൂചിപ്പിക്കുന്നു.

പുതിയ ദേശീയനയം മുന്നോട്ടുവയ്ക്കുന്ന ഒട്ടും ശിശുസൗഹൃദമോ ഇന്ത്യൻ ഗ്രാമീണ ദരിദ്ര ജീവിതസാഹചര്യങ്ങളോ വിലയിരുത്താതെയും ഫ്യൂഡൽ കൊളോണിയൽ കാലത്തെ അനുഗമിക്കുംവിധവും 5‐ാം ക്ലാസ് മുതലുള്ള ക്ലാസ് പ്രമോഷനുകളുടെ തിരിച്ചുവരവിനെ ഗ്രന്ഥം കടുത്ത നിലയിൽ വിമർശിക്കുന്നു.

ഇന്ത്യൻ പ്രാഥമികവിദ്യാഭ്യാസം നേരിടുന്ന കടുത്ത പ്രതിസന്ധിയും അവഗണനയും സ്‌കൂളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ബാലവേല, പെൺവേർതിരിക്കൽ, പരിശീലനം സിദ്ധിച്ച ആവശ്യമായ അധ്യാപകരുടെ കുറവ്, മാറുന്ന കാലത്തിനൊപ്പം വിപുലപ്പെടുത്താത്തതിന്റെ അപര്യാപ്തതകൾ എന്നിങ്ങനെ കാര്യകാരണസഹിതം വിരൽചൂണ്ടി പുസ്തകം പ്രതിലോമ വാദമുഖങ്ങളെ ഖണ്ഡിക്കുന്നു.

8‐ാം ക്ലാസ് പഠനംവരെ പരീക്ഷകളല്ല പഠനങ്ങളാണ് വേണ്ടതെന്ന താത്വികമായ നിലപാട് അർത്ഥശങ്കയ്ക്കു ഇടയില്ലാത്തവിധം ഇവിടെ പ്രഖ്യാപിക്കുന്നു.

തന്റെ ലഘുഗ്രന്ഥത്തിന്റെ അവസാനം സ്ഥിരം രചനാ സമ്പ്രദായങ്ങളിൽ നിന്നും വ്യതിരിക്തമായി ഒരു അനുബന്ധമായി എൻ സുകന്യയുടെ ‘നാളത്തെ തീപ്പാട്ടുകാർ’ എന്ന തിരുവനന്തപുരം ലോ അക്കാഡമിയിൽ നടന്ന ബാലസംഘത്തിന്റെ ദ്വിദിന ക്യാമ്പിന്റെ വിവരണം ഒരു ജേർണൽ സ്റ്റോറി പോലെ ചേർത്തിരിക്കുന്നു. അത് കുട്ടികളും ഇടപഴകലും സർഗ്ഗാത്മക കൂട്ടും പ്രവർത്തനവും എന്ന ആശയമണ്ഡലത്തെ പ്രത്യക്ഷീകരിക്കാൻ സഹായകമാവുന്നുണ്ട്.

പാട്ട്‌, മുദ്രാവാക്യം, രേഖകൾ, നിയമങ്ങൾ, അവകാശങ്ങൾ, കളി, വിജ്ഞാനം, കാഴ്ചപ്പാടുകൾ, ആവശ്യങ്ങൾ, വിവരണം, വിമർശനം എന്നിങ്ങനെ പല കടവുകളിൽ അടുപ്പിച്ചും ഇറങ്ങിയും അനുഭവങ്ങൾ ശേഖരിച്ചും ഉറച്ച നിലപാടുകൾ സഖാവ് ടി എന്നിന്റെ ‘ഭാവിതലമുറയെ കരുപ്പിടിപ്പിക്കാൻ’ എന്ന പുസ്തകത്തോണി സഞ്ചരിക്കുന്നു.

പൊതുവെ നിർമ്മലവും ലളിതവുമായ ഭാഷാ കൊത്തുപണിയിലാണ് ഈ പുസ്തകം നിർമിച്ചിരിക്കുന്നത്. അതിനുപയോഗിച്ചിരിക്കുന്ന രചനാരീതിശാസ്ത്രം ജേർണൽ വിവരണ – ലേഖനശൈലികളാണെന്നും കാണാം. അതിവൈകാരികതയോ കാല്പനികതയോ അല്ല. വസ്തുസ്ഥിതികളുടെ ലിഖിതപ്പെടുത്തലും അപര്യാപ്തതകളുടെ മേലുള്ള വിമർശനവും കുട്ടികളുടെ പൗരാവകാശ ക്ഷേമ സംരക്ഷണ ആവശ്യവുമാണ് ഗ്രന്ഥം ഉള്ളടക്കം ചെയ്തിരിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 10 =

Most Popular