Thursday, September 19, 2024

ad

Homeരാജ്യങ്ങളിലൂടെവെനസ്വേലയിൽ എണ്ണ ഉൽപ്പാദനത്തിൽ കുതിപ്പ്

വെനസ്വേലയിൽ എണ്ണ ഉൽപ്പാദനത്തിൽ കുതിപ്പ്

ആര്യ ജിനദേവൻ

സോഷ്യലിസ്റ്റ് പാതയിൽ നീങ്ങുന്നു എന്നതിന്റെ പേരിൽമാത്രം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിരന്തരമായ കടന്നാക്രമണങ്ങൾ നേരിടുന്ന രാജ്യങ്ങളിലൊന്നാണ് വെനസ്വേല. സാമ്പത്തികവും തന്ത്രപ്രധാനവുമായ ഉപരോധങ്ങളും അതിനപ്പുറമുള്ള കടന്നാക്രമണങ്ങളുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം നിരന്തരം അഴിച്ചുവിട്ടിട്ടും അതിനെല്ലാമെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ട് പിടിച്ചുനിൽക്കുകയും ഇപ്പോൾ വിജയിച്ചു മുന്നേറുകയും ചെയ്തുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നുമാണ് വെനസ്വേല. മുതലാളിത്തത്തിന്റെ നിരന്തരമായ കടന്നാക്രമണങ്ങളെ ചെറുത്തുകൊണ്ട് ആദ്യം ഹ്യുഗോ ഷാവേസിന്റെ നേതൃത്വത്തിലും ഇപ്പോൾ നിക്കോളാസ് മദുറോയുടെ നേതൃത്വത്തിലും സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറുന്ന വെനസ്വേലൻ ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് രാജ്യത്തെ എണ്ണ ഖനികളും എണ്ണ വ്യവസായവും ആണ്. ഈ അടുത്തകാലത്ത് വെനസ്വേലയുടെ എണ്ണമേഖലയ്ക്ക് നേരിടേണ്ടിവന്നത് അമേരിക്കൻ നേതൃത്വത്തിലുള്ള കടുത്ത സാമ്രാജ്യത്വ ഉപരോധങ്ങളാണ്. എന്നിട്ടും ഈ വെല്ലുവിളികളെയാകെ മറികടന്നുകൊണ്ട് വെനസ്വേലയുടെ എണ്ണമേഖല അതിന്റെ വരുമാനം വൻതോതിൽ വർധിപ്പിച്ചിരിക്കുന്നു എന്നാണ് വെനസ്വേലൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എണ്ണ വ്യവസായരംഗത്തുള്ള പരസ്പര സഹകരണം മുൻനിർത്തി 1960ൽ ഇറാൻ, ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ്, വെനസ്വേല എന്നീ അഞ്ചു രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് അഥവാ ഒപ്പെക്. ഇന്ന് ഈ കൂട്ടായ്മയിൽ 13 രാജ്യങ്ങൾ ഉണ്ട്. ഒപ്പെക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്, വെനസ്വേലയുടെ മെയ് മാസത്തെ ഉത്പാദനം പ്രതിദിനം 735,000 ബാരൽ കടന്നു എന്നാണ്; മുൻ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പ്രതിദിനം ഒമ്പതിനായിരം ബാരലിന്റെ ഉൽപാദന വർദ്ധനവാണ് കാണിക്കുന്നത്. വെനസ്വേലൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പിഡിവിഎസ്എ (PDVSA) പറയുന്നത്, അവിടെ എണ്ണ ഉത്പാദനം ഏപ്രിലിൽ പ്രതിദിനം ബാലലിന് 810000 ബാരൽ ആയിരുന്നത് മേയിൽ 819000 ബാരൽ ആയി വർദ്ധിച്ചു എന്നാണ്. ഇവിടെ ഒപ്പെക്കിന്റെ കണക്കും പിഡിവിഎസ്എ യുടെ കണക്കും സാമ്യത പങ്കിടുന്നത് നമുക്ക് കാണാനാവും. ഇപ്പോൾ കാണിച്ചിട്ടുള്ള രാജ്യത്തെ ഉൽപാദന വർദ്ധനവ് 2020 നുശേഷം രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന ഉത്പാദന വർദ്ധനവാണ്. രാജ്യത്തെ എണ്ണ വ്യവസായത്തിനെതിരായി അമേരിക്കയുടെ ആദ്യത്തെ ഉപരോധം 2017 മധ്യത്തിലാണ്. ഈ ഉപരോധത്തിന് തൊട്ടുമുൻപുവരെ ഉണ്ടായിരുന്ന പ്രതിദിനം 19 ലക്ഷം ബാരൽ എന്ന ഉയർന്ന നിരക്കിലേക്ക് എത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല എങ്കിലും കഴിഞ്ഞ ആറുവർഷം കൊണ്ട് അമേരിക്കൻ ഗവൺമെൻറ് ചുമത്തിയ ധനപരമായ ഉപരോധവും കയറ്റുമതി നിയന്ത്രണവും ദ്വിതീയ ഉപരോധവും എല്ലാം മറികടന്നുകൊണ്ട് ഉത്പാദനത്തിൽ ഉണ്ടാക്കിയിട്ടുള്ള ഈ വർദ്ധനവ് വളരെ നിർണായകമായ ഒന്നാണ്. വെനസ്വേലയുടെ ഏറ്റവും പ്രധാന റവന്യൂ വരുമാനത്തിന്റെ ഉറവിടമാണ് എണ്ണ. അതിനു തടയിട്ടുകൊണ്ട് അതുവഴി രാജ്യത്ത് അധികാരമാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി മുൻ അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന ട്രംപ് ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. എണ്ണമേഖലയ്ക്ക് ഉപരോധം പ്രഖ്യാപിച്ചശേഷം അന്ന് ട്രംപ് പറഞ്ഞത്, ‘വെനസ്വേല ഉടനടി തകരാൻ പോകുന്നു’ എന്നും ‘ആ രാജ്യത്തെ എണ്ണയാകെ അമേരിക്ക ഏറ്റെടുക്കാൻ പോകുന്നു’ എന്നുമാണ്. അവിടെനിന്നാണ് വെനസ്വേലയുടെ ഇപ്പോഴത്തെ ഈ കുതിപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വെനസ്വേലയുടെ എണ്ണമേഖലയിൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന മുൻകാല നയത്തിൽ പിന്നീട് ബൈഡൻ ഗവൺമെൻറ് ചെറുതായി അയവുവരുത്തി എന്നത് ശരിയാണ്; പക്ഷേ അത് എണ്ണ മേഖലയിലെ ഭീമൻ കമ്പനിയായ ഷെവറോണിന് ഗുണം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു. അമേരിക്കൻ ഉപരോധം യഥാർത്ഥത്തിൽ തങ്ങളുടെ എണ്ണ ഉൽപാദനത്തെ പിടിച്ചുനിർത്തുന്നതിന് അന്താരാഷ്ട്ര സഖ്യരാജ്യങ്ങളെ സമീപിക്കുവാൻ വെനസ്വേലയെ പ്രേരിപ്പിച്ചു. അത് വലിയ നേട്ടമാണ് ഇപ്പോൾ ആ രാജ്യത്തിന് ഉണ്ടാക്കി കൊടുത്തിട്ടുള്ളത്. അടുത്തകാലത്താണ് ഇറാനുമായി വിപുലമായ സഹകരണം എണ്ണ മേഖലയിൽ നടപ്പാക്കുന്നതിനുള്ള കരാറിൽ വെനസ്വേല ഒപ്പുവെച്ചത്. ക്രൂഡ് ദ്രവരൂപത്തിലേക്ക് ആക്കുന്നതിന് വൻതോതിൽ ക്രൂഡ് വെനസ്വേല ഇറാന് കൈമാറണം എന്നും കരാറിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വേറെയും 19 കരാറുകൾ ആണ് ഒപ്പു വെച്ചിട്ടുള്ളത്. ഇറാന്റെ പ്രസിഡന്റായ ഇബ്രാഹിം റയ്‌സി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് സന്ദർശിച്ചുകൊണ്ട് നടത്തിയ ഈ കരാർ ഒപ്പുവയ്ക്കലിൽ അധികവും മുൻഗണന നൽകിയത് പെട്രോകെമിക്കൽ മേഖലക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. നിലവിൽ മൂന്ന് ബില്യൺ യുഎസ് ഡോളർ എന്ന നിലയിൽ നിന്നും 20 ബില്യൺ യുഎസ് ഡോളർ എന്ന നിലയിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിവർഷ വ്യാപാരം വർദ്ധിപ്പിക്കും എന്നാണ് തീരുമാനിച്ചിട്ടുള്ളത്. വരുംകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള കപ്പൽ മാർഗേനയുള്ള വ്യാപാരത്തിന്‌ മുൻഗണന നൽകുമെന്നും പ്രസിഡന്റുമാർ ഒന്നിച്ച് പ്രഖ്യാപിക്കുകയുണ്ടായി. “ഇറാനും വെനസ്വേലയും തമ്മിലുള്ള ബന്ധം കേവലം നയതന്ത്രപരം മാത്രമല്ല, പൊതുവായ താല്പര്യങ്ങളും പൊതുവായ കാഴ്ചപ്പാടുകളും പൊതുവായ ശത്രുക്കളുമുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധമാണത്”- നിക്കോളാസ് മദുറോയ്ക്കൊപ്പം ഒന്നിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റായ്‌സി പറഞ്ഞ വാക്കുകളാണിത്.

വെനസ്വേല റിഫൈനറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഭൗതിക വസ്തുക്കളും സാങ്കേതിക വിദഗ്ധന്മാരെയും ലഭ്യമാക്കുമെന്നും ഇറാനിയൻ പ്രസിഡൻറ് ഉറപ്പുനൽകി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾമൂലം പ്ലാന്റുകൾ പ്രവർത്തിക്കുന്നത് ഇന്ധനക്ഷാമം ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു, പ്രത്യേകിച്ചും തലസ്ഥാനമായ കാരക്കയാസിന് പുറത്ത്, സ്റ്റോപ്പ് സ്റ്റാർട്ട് രീതിയിൽ ആണ്. അതുകൊണ്ടുതന്നെ പണികൾ അടിയന്തരപ്രാധാന്യത്തോടുകൂടി പൂർത്തിയാക്കുമെന്ന് പിഡിവിഎസ്എ അധികാരികൾ പറഞ്ഞു. ഇറാനുമായുള്ള തങ്ങളുടെ എണ്ണമേഖലയിലെയും വ്യാപാര രംഗത്തെയും സഹകരണം ഊട്ടിയുറപ്പിക്കുന്നഊട്ടിയുറപ്പിക്കുന്നതിനോടൊപ്പംതന്നെ മദുറോ ഗവൺമെൻറ് ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു രംഗമാണ് പ്രകൃതിവാതക ഖനനത്തിന് വിദേശ നിക്ഷേപം ഉറപ്പാക്കുക എന്നത്. ഊർജ്ജരംഗത്തെ സഹകരണത്തിനു വേണ്ടിയുള്ള അവസരങ്ങളെ വിലയിരുത്തുന്നതിനായി യൂറോപ്പ്യൻ യൂണിയൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി വെനസ്വേലൻ എണ്ണ വകുപ്പ് മന്ത്രിയും വിദേശ വകുപ്പ് മന്ത്രിയും നടത്തിയ ചർച്ച വിജയകരമായാണ് അവസാനിച്ചത്. ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ സംയുക്ത ഉടമസ്ഥതയിലുള്ള കാർഡോൺ IV (Cardon IV) യിൽനിന്നും ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിന് സ്പെയിനിലെ റാപ്സോളിനും (Rapsol) ഇറ്റലിയുടെ ഇനിക്കും (Eni) വെനസ്വേല ലൈസൻസ് അനുവദിക്കുകയുണ്ടായി. ബ്ലൂംബർഗ് പറയുന്നത് പ്രകാരം ഇത്തരത്തിൽ ഫ്രാൻസിലെ Maurel et Prom മായും റാപ്സോളുമായും വെനസ്വേല നിരന്തരമായി ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ ലോകത്തിൽ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിൽ എട്ടാമത്തെ ശേഖരമാണ് വെനസ്വേലയുടേത്. തീരപ്രദേശത്തുള്ള ശേഖരങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേഷന്‍ പ്രക്രിയ പൂർത്തിയായാൽ വെനസ്വേല ഇക്കാര്യത്തിൽ നാലാം സ്ഥാനത്ത് എത്തും. സൗത്ത് അമേരിക്കൻ രാജ്യമായ വെനസ്വേല യൂറോപ്പിന്റെയാകെ പ്രകൃതിപാതക ആവശ്യങ്ങളെ നികത്തുവാൻ പ്രാപ്തമാണ് എന്ന് മദുറോ പ്രസ്താവിച്ചു കഴിഞ്ഞു. ചുരുക്കത്തിൽ അമേരിക്കയുടെ ഉപരോധം വെനസ്വേലയ്ക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ എണ്ണ വ്യവസായ മേഖലയിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിന് കാരണമായെന്നും ഈ ഉപരോധങ്ങൾ എല്ലാം മറികടന്നു കൊണ്ട് തന്നെ എണ്ണ വ്യവസായ രംഗത്ത് വലിയ കുതിപ്പ് ഉണ്ടാക്കിയിരിക്കുന്നു എന്നും കാണേണ്ടിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular