ഒറ്റപ്പെട്ട തൊഴിലാളി സമരങ്ങൾ അമേരിക്കയിൽ കൂടുതൽ ശക്തിയാർജ്ജിച്ചുവരികയാണ്. വിവിധ വിഭാഗം തൊഴിലാളികൾ വിവിധയിടങ്ങളിലായി അതിജീവനത്തിനുവേണ്ടിയുള്ള സമരങ്ങളിലാണ്. എടി&ടി കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിനും ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമൻ കമ്പനിയായ വാഫിൾ ഹൗസിലെ തൊഴിലാളികളുടെ പണിമുടക്കും പ്രക്ഷോഭ പരമ്പരകളും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഹോട്ടൽ തൊഴിലാളികൾ കൂട്ടത്തോടെ പണിമുടക്കുകയാണ്. 10000 ത്തിലധികം ഹോട്ടൽ തൊഴിലാളികളാണ് സെപ്റ്റംബർ ഒന്ന് ഞായറാഴ്ച പണിമുടക്കിലേക്ക് കടന്നത്. ന്യായമായ കൂലി, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, കൂടുതൽ തൊഴിലാളികൾ തുടങ്ങിയ ഡിമാൻഡുകൾ ഉയർത്തിക്കൊണ്ടാണ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടത്. അമേരിക്കയിലുടനീളം തൊഴിലെടുക്കുന്ന ജനത സാമ്പത്തികമായി കൂടുതൽ ദയനീയമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ മുതലാളിത്ത സമൂഹം തൊഴിലെടുക്കുന്ന ജനതയെ സാമ്പത്തികമായി കൂടുതൽ കൂടുതൽ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. അതിനെതിരായുള്ള തൊഴിലാളി പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലുടനീളം വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.
മുതലാളിമാരുടെ ചൂഷണം അസഹനീയമായി മാറിയപ്പോഴാണ് ഇപ്പോൾ ഹോട്ടൽ തൊഴിലാളികൾ ‘ഒരു ജോലി കൊണ്ട് ഞങ്ങൾക്ക് ജീവിക്കാൻ മതിയായത് കിട്ടണം’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് പണിമുടക്കുന്നത്. അമേരിക്കയിലെ 9 നഗരങ്ങളിൽ ഹോട്ടൽ തൊഴിലാളികൾ സംഘടിതമായി പണിമുടക്കിയിരിക്കുകയാണ്. ബോസ്റ്റൺ, ഗ്രീൻവിച്ച്, സാൻജോസ്, സാൻഫ്രാൻസിസ്കൊ, സിയാറ്റിൽ, സാന്റിയാഗോ തുടങ്ങിയ 9 നഗരങ്ങളിൽ തൊഴിലാളികൾ പണിമുടക്കി. സെപ്റ്റംബർ 1 ഞായറാഴ്ച പുലർച്ചയ്ക്ക് ബാൽട്ടിമോറിലെ 200ലേറെ ഹോട്ടൽ തൊഴിലാളികളും കൂടി പണിമുടക്കിൽ ഏർപ്പെട്ടു.
ഹിൽട്ടൺ, ഹയാത്ത്, മാരിയോട്ട് തുടങ്ങി രാജ്യത്തെ ഹോട്ടൽ രംഗത്തെ ഭീമന്മാരായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഇപ്പോൾ പണിമുടക്കിയിരിക്കുന്നത്. അടുത്തകാലത്തായി ഈ ഹോട്ടലുകൾ നേടുന്നത് റെക്കോർഡ് ലാഭമാണ്. അതുപോലെതന്നെ റൂമുകൾക്ക് ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്കുകളും ഏർപ്പെടുത്തി. എന്നിട്ടുപോലും തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുവാനോ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സ്റ്റാഫിനെ വെട്ടിക്കുറച്ചതടക്കമുള്ള കാര്യങ്ങൾ പിൻവലിക്കുവാനോ ഒന്നും തന്നെ കമ്പനികൾ തയ്യാറാകുന്നില്ല. 2019ൽനിന്ന് 2022ലേക്ക് എത്തുമ്പോൾ ഹോട്ടൽ സ്റ്റാഫിന്റെ എണ്ണം Occupied റൂമിന് 13 ശതമാനത്തോളം കുറച്ചു. പണിയെടുക്കുന്ന തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിച്ചു നൽകുവാനോ സ്റ്റാഫുകളെ വെട്ടിക്കുറച്ച സാഹചര്യത്തിൽ അവരെടുക്കുന്ന അധിക തൊഴിൽഭാരത്തിനനുസൃതമായ കൂലി വർദ്ധനവ് വരുത്താനോ ഒന്നുംതന്നെ ഹോട്ടൽ മുതലാളിമാർ തയ്യാറാകുന്നില്ല. ഒട്ടേറെ തവണ പറഞ്ഞുനോക്കിയിട്ടും ഒറ്റപ്പെട്ടും കൂട്ടായും ഒക്കെ തന്നെ ആവശ്യപ്പെട്ടിട്ടും ഒടുവിൽ ഏപ്രിൽ മാസം മുതൽ തൊഴിലാളികൾക്ക് കൂടി ഗുണപ്രദമായ ഒരു കരാർ അവർക്കു മുന്നിൽ അവതരിപ്പിച്ച് ചർച്ചയ്ക്കു ശ്രമിച്ചിട്ടും യാതൊരുവിധ ഫലവുമുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് UNITE HERE എന്ന പ്രസ്ഥാനത്തിന് കീഴിൽ ഹോട്ടൽ തൊഴിലാളികൾ സംഘടിച്ചിരിക്കുന്നത്.
അമേരിക്കയിലും കാനഡയിലുമായി പടർന്നുകിടക്കുന്ന, ഏതാണ്ട് 3 ലക്ഷത്തോളം അംഗങ്ങളുള്ള ഒരു തൊഴിലാളി യൂണിയനാണ് യുണൈറ്റ് ഹിയർ. ഹോട്ടൽ, അലക്ക്, കാസിനോ ഗെയിമിംഗ് തുടങ്ങിയ വ്യവസായ രംഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഈ മൂവ്മെന്റിനു കീഴിലുള്ളത്. 2004ലാണ് യൂണിയൻ ഓഫ് നീഡിൽട്രെഡ്‌സ്, ഇൻഡസ്ട്രിയൽ, ആൻഡ് ടെക്സ്റ്റൈൽ എംപ്ലോയീസും (UNITE) ഹോട്ടൽ എംപ്ലോയീസ് ആൻഡ് റസ്റ്റോറന്റ് എംപ്ലോയീസ് യൂണിയനും(HERE) ലയിച്ച് യുണൈറ്റ് ഹിയർ എന്ന യൂണിയന് രൂപംകൊടുത്തത്. രണ്ടു ദശകങ്ങൾക്കിപ്പുറം തൊഴിലാളികൾക്കിടയിൽ സജീവ സാന്നിധ്യമാകുവാൻ ഈ യൂണിയന് സാധിച്ചിട്ടുണ്ട്.
കൂലി വർധിപ്പിക്കുക, സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കുക തൊഴിൽഭാരം കുറയ്ക്കുക, കോവിഡ് കാലത്ത് സ്റ്റാഫിന്റെ കാര്യത്തിലും അതിഥി സേവനത്തിന്റെ കാര്യത്തിലും വരുത്തിയ വെട്ടിക്കുറയ്‌ക്കലുകൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹോട്ടൽ തൊഴിലാളികൾ നടത്തുന്ന ഈ പണിമുടക്ക് ഹോട്ടൽ ബിസിനസ് രംഗത്ത് ചെറുതല്ലാത്ത ആഘാതം സൃഷ്ടിച്ചു എന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തെ വളരെ തിരക്കേറിയ അവധി ദിനങ്ങളിലാണ് ഹോട്ടൽ തൊഴിലാളികൾ പണിമുടക്കിയിരിക്കുന്നത്. പണിമുടക്ക് നടക്കുന്ന ഹോട്ടലുകളിലെ സേവനം ഉപയോഗിക്കരുതെന്ന് അതിഥികളോട് തൊഴിലാളികൾ ആവശ്യപ്പെട്ടു. മുതലാളിമാരുടെ സമീപനത്തെ ആശ്രയിച്ച് മറ്റ് നഗരങ്ങളിലേക്കും പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് യൂണിയൻ പറയുന്നു. എന്തുതന്നെയായാലും അമേരിക്കയിൽ അടുത്തകാലത്തായി നടന്നുവരുന്ന തൊഴിലാളി പണിമുടക്കുകളിലും പ്രക്ഷോഭങ്ങളിലും വളരെ നിർണായകമായതും കൂടുതൽ തൊഴിലാളി പങ്കാളിത്തം ഉള്ളതുമായ ഒന്നാണ് ഹോട്ടൽ തൊഴിലാളികളുടെ പണിമുടക്ക് പ്രക്ഷോഭം. ♦