അമേരിക്കയിൽ നടക്കുന്ന തൊഴിലാളി സമരങ്ങളുടെ നീണ്ടനിരയിൽ റൈഡ്ഷെയർ ഡ്രൈവർമാരും. കഴിഞ്ഞ ആഗസ്റ്റ് ഇരുപതിനായിരുന്നു നൂറുകണക്കിന് ഡ്രൈവർമാർ ടെന്നസി ഡ്രൈവേഴ്സ് യൂണിയൻ എന്ന പേരിൽ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. അതോടൊപ്പം തന്നെ നാഷ്‌വില്ലേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രൈവർമാർ നേരിടുന്ന പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുവേണ്ടി ആഗസ്റ്റ് 30ന് പണിമുടക്ക് നടത്തുവാനും തീരുമാനമായിരുന്നു. ലേബർ ഡേ ആഴ്ചയിൽ, ഈ വർഷത്തെ ഏറ്റവും തിരക്കേറിയ സമയത്താണ് പ്രതിഷേധിക്കുവാനും പണിമുടക്ക് നടത്തുവാനും തീരുമാനിച്ചത്. അതുതന്നെ തൊഴിലാളിവർഗ്ഗത്തിന്റെ തന്ത്രപ്രധാനമായ തീരുമാനമായിരുന്നു.
നാഷ്‌വില്ലേ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റൈഡ്ഷെയർ ടാക്സി സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാരാണ് ഡ്രൈവേഴ്സ് യൂണിയൻ രൂപീകരിച്ചതും പണിമുടക്കുന്നതും. നാഷ്‌വില്ലേ അന്താരാഷ്ട്ര വിമാനത്താവളം റൈഡ്ഷെയറിനെ കൂടുതൽ വിപുലീകരിക്കുകയും വൃത്തിയുള്ള ശുചിമുറികൾ ഡ്രൈവർമാർക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നും രാത്രി 9 മണിക്ക് ശേഷം സ്കൂട്ടർ ഉപയോഗിക്കുന്നതിന് പരിധി നിർണ്ണയിക്കുകയും കള്ള ടാക്സികൾക്ക് നിരോധനമേർപ്പെടുത്തുകയും ജീവിക്കാൻ ആവശ്യമായ കൂലി നിശ്ചയിക്കുകയും ചെയ്യണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു.മിനുട്ടിനും മൈലിനും അനുസരിച്ച് കൂലി നൽകണമെന്ന് ഡ്രൈവേഴ്സ് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യൂബറും ലിഫ്റ്റും പോലെയുള്ള ഭീമൻ കമ്പനികൾ അമിത ലാഭം കൊയ്യുമ്പോഴും പണിയെടുക്കുന്നവന്റെ അധ്വാനത്തിന് യാതൊരു വിലയും നൽകുന്നില്ല. നാഷ്‌വില്ലേ വിമാനത്താവള അധികൃതർ തങ്ങളുടെ സമരത്തെ കണക്കിലെടുക്കണമെന്നും തങ്ങളുടെ ശബ്ദം കേൾക്കണമെന്നും ടെന്നെസി ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നു. നാഷ്‌വില്ലെയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരക്കേറിയ സമയത്താണ് ഡ്രൈവർമാർ പണിമുടക്കുന്നത്. ♦