അടുത്തകാലത്തായി യൂറോപ്പിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലാകെ തീവ്രവലതു പക്ഷത്തിന് മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ജർമ്മനിയിൽ രണ്ട് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഗവൺമെന്റ് രൂപീകരിക്കുവാനുള്ള ഭൂരിപക്ഷം ഇല്ലയെങ്കിലും ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD) ഈ രണ്ട് സംസ്ഥാനങ്ങളിലും നിർണായകമായ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. തുറിങ്ങിയ (Thuringia), സാക്സണി (Saxony) എന്നീ രണ്ട് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തുറിങ്ങിയയിൽ 33 ശതമാനം വോട്ടും സാക്‌സണിയിൽ 31 ശതമാനവും തീവ്ര വലതുപക്ഷ പ്രസ്ഥാനമായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി നേടി. തുറിങ്ങിയയിൽ എ എഫ് ഡി ഒന്നാം സ്ഥാനത്തും വലതുപക്ഷ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ രണ്ടാം സ്ഥാനത്തുമാണ്. എന്നാൽ സാക്സണിയിൽ, 31% എഎഫ്ഡി നേടിയപ്പോൾ 32 ശതമാനത്തിന്റെ നേരിയ ഭൂരിപക്ഷത്തിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ മുന്നിൽനിൽക്കുന്നു. Sahra Wagenknecht അലൈൻസ് ഫോർ റീസൺ ആൻഡ് ജസ്റ്റിസ് (BSW) എന്ന വലതുപക്ഷ പ്രസ്ഥാനത്തിന് തുറിങ്ങിയയിൽ 16 ശതമാനം വോട്ടും സാക്സണിയിൽ 12% വോട്ടും ലഭിച്ചു. ഈ പാർട്ടിയുടെ തീരുമാനമാണ് രണ്ട് സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന ഗവൺമെന്റിന്റെ രൂപീകരണത്തിൽ പ്രധാന ഘടകമായി മാറുക.
അതേസമയം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്, ഡൈ ലിംഗേ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയവക്ക് ജർമനിയിലെ ഈ രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും പ്രത്യേകിച്ചൊരു മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ ശോചനീയമായ അവസ്ഥയിലേക്കാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പോയത്. മിക്ക ഇടതുപക്ഷ പാർട്ടികളും നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. നവലിബറൽ നയങ്ങളോടും സാമ്രാജ്യത്വത്തോടും സന്ധിചെയ്തുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ സമീപനം തന്നെയാണ് ജർമ്മനിയിൽ ഇടതുപക്ഷത്തെ നാമാവശേഷമാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
2025ൽ ജർമ്മനി ഫെഡറൽ തിരഞ്ഞെടുപ്പുകളിലേക്ക് തയ്യറെടുക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ തുറിങ്ങിയയിലെയും സാക്സണിയിലെയും തിരഞ്ഞെടുപ്പ് ഫലം ജർമ്മനിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് ഇടതുപക്ഷത്തിന്, കൃത്യമായ താക്കീതാണ് നൽകുന്നത്. നവലിബറൽനയങ്ങളിൽ നിന്നും അകന്നുമാറുന്നതിനും യുദ്ധക്കൊതിയിൽ നിന്നും മാറിനിൽക്കുന്നതിനും എ എഫ് ഡിയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനും ഫലപ്രദവും സമഗ്രവുമായ നടപടികൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തെ ഓർമ്മപ്പെടുത്തുന്നു. ♦