Thursday, September 19, 2024

ad

Homeരാജ്യങ്ങളിലൂടെദക്ഷിണകൊറിയയിൽ ആരോഗ്യ പ്രവർത്തകരുടെ പണിമുടക്ക്

ദക്ഷിണകൊറിയയിൽ ആരോഗ്യ പ്രവർത്തകരുടെ പണിമുടക്ക്

സിയ ആയിഷ

ക്ഷിണ കൊറിയയിൽ ആരോഗ്യപ്രവർത്തകർ നടത്തുന്ന ദേശീയപണിമുടക്ക് തുടരുകയാണ്. 145 തൊഴിൽകേന്ദ്രങ്ങളിലായി 45000 ആരോഗ്യപ്രവർത്തകരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യരംഗത്തെ മറ്റ് സ്റ്റാഫുകൾ എന്നിവരുടെ ന്യായമായ തൊഴിൽ ആവശ്യങ്ങൾക്ക് വേണ്ടി കൊറിയൻ ഹെൽത്ത് ആൻഡ് മെഡിക്കൽ വർക്കേഴ്സ്സ് യൂണിയൻ (KHMU) എന്ന സംഘടനയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. കാലങ്ങളായി നിലനിൽക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ സ്റ്റാഫുകളുടെ കുറവ്, അതുമൂലം ഉണ്ടാകുന്ന കടുത്ത തൊഴിൽ ഭാരം തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെ എച്ച് എം യു പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നത്. കടുത്ത വലതുപക്ഷക്കാരനായ പ്രസിഡൻറ് യൂൻ സിയോക്-യോളിന്റെ ഗവൺമെൻറ് ആരോഗ്യ പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങളോട് നിരന്തരമായി കണ്ണടയ്ക്കുന്ന സമീപനം സ്വീകരിച്ചപ്പോഴാണ് യൂണിയൻ പണിമുടക്കിലേക്ക് നീങ്ങിയത്. രാജ്യത്തെ പൗരരോടും കണ്ണിചേർന്നുകൊണ്ട് നടത്തുന്ന പണിമുടക്ക് രാജ്യത്തെ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷ ഒരുക്കുവാൻ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് എന്ന് കെ എച്ച് എം യു പത്രം പ്രസ്താവനയിൽ അറിയിച്ചു.

ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവായതുമൂലം ആരോഗ്യരംഗത്ത് പലപ്പോഴും അടിയന്തരസേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കാത്ത അപകടകരമായ അവസ്ഥയിലാണ് രാജ്യത്തെ ആരോഗ്യ സംവിധാനമാകെ എന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു. ഏഴ്‌ ആവശ്യമാണ് കെഎച്ച്എംയു ഈ പണിമുടക്കിൽ ഉയർത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് പൊതു ആരോഗ്യ സ്ഥാപനങ്ങളിലെ നേഴ്സുമാരുടെയും മറ്റു സ്റ്റാഫുകളുടെയും എണ്ണം വർദ്ധിപ്പിക്കുകയും മഹാമാരികാലത്ത് തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഒരു രാജ്യത്തിനുവേണ്ടി പൊരുതിയ ആരോഗ്യപ്രവർത്തകർക്ക് ന്യായമായ നഷ്ടപരിഹാരങ്ങൾ നല്കണമെന്നുള്ളതാണ്. മറ്റൊന്ന് 5 രോഗികൾക്ക് ഒരു നേഴ്‌സ് എന്ന രീതിയിൽ 1:5 എന്ന് അനുപാതത്തിൽ നഴ്സുമാരുടെ എണ്ണം വർധിപ്പിക്കണമെന്നും കോവിഡ്19 കേന്ദ്രങ്ങളായി പ്രവർത്തിച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് സമൂലമായ ഒരു പ്രവർത്തനരേഖ തയ്യാറാക്കണമെന്നുമുള്ളതാണ്. ഇതിനൊപ്പംതന്നെ ആരോഗ്യ രംഗത്തു സേവനമനുഷ്ഠിക്കുന്നവർക്ക് ന്യായമായ ശമ്പള വർദ്ധനവ് നടത്തണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു.

ആരോഗ്യപ്രവർത്തകരുടെ ഈ സമരത്തിന് ആരോഗ്യരംഗത്ത് നിന്ന് സമഗ്രമായരീതിയിലുള്ള പിന്തുണയും ഒപ്പം രാജ്യത്തെ ജനങ്ങളുടെ വലിയ രീതിയിലുള്ള പിന്തുണയും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. യൂണിയനുകളുടെ വാർഷിക തൊഴിലിട സർവേ (yearly workplace survey) പ്രകാരം കഴിഞ്ഞവർഷം 30 വയസ്സിൽ താഴെയുള്ള 80 ശതമാനം നേഴ്സുമാരും തങ്ങളുടെ കരിയറിൽ മാറ്റം വേണമെന്ന് ആഗ്രഹിച്ചു എന്ന് പറയുന്നു. ഇത്തരത്തിൽ തൊഴിൽ രംഗത്തുണ്ടായ അസ്വസ്ഥതകൾക്ക് കാരണം അമിതമായ തൊഴിൽ ഭാരവും കുറഞ്ഞ കൂലി നിരക്കുമാണ്. സർവ്വേ വെളിപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മൂന്നിൽ ഒന്നും നേഴ്സുമാരും അമിതസമയം പണിയെടുക്കുകയും ആഴ്ചയിൽ ശരാശരി നാല് തവണയെങ്കിലും ഇവരിൽ 22% ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നു എന്നാണ്. അതിന് കാരണം അമിതമായ തൊഴിൽഭാരംമൂലം ഉണ്ടാകുന്ന സമയമില്ലായ്മയാണ് എന്നതാണ്. ഇത്തരത്തിൽ വലിയ രീതിയിലുള്ള തൊഴിൽ ഭാരം ആരോഗ്യപ്രവർത്തകർ നേരിടുമ്പോഴും യാഥാസ്ഥിതികനും തീവ്ര വലതുപക്ഷക്കാരനുമായ പ്രസിഡൻറ് ഇതൊന്നുംതന്നെ കണക്കാക്കുവാനോ തക്കതായ പരിഹാരം കാണുവാനോ തയ്യാറല്ല എന്ന സാഹചര്യത്തിൽ പണിമുടക്ക് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + 1 =

Most Popular