ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിടിക്യൂ അനുബന്ധ വേദിയായ ടോക്കിയോ പ്രൈഡിനെ (Tokyo Pride) പിന്തുണച്ചുകൊണ്ട് ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ ഇക്വാലിറ്റി കമ്മീഷൻ ജൂൺ 26ന് തെരുവിൽ ക്യാമ്പയിൻ നടത്തി. കമ്മീഷന്റെ ചെയർമാനായ ഖുറാബയാഷി അക്കിക്കോ ലിംഗനീതിയുമായി ബന്ധപ്പെട്ട ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് ആവർത്തിച്ചുറപ്പിച്ചു പ്രഖ്യാപിക്കുകയും ലിംഗപരമായ സമത്വത്തിൽ ഊന്നിയ ഒരു സമൂഹം സാക്ഷാത്കരിക്കുന്നതിനുവേണ്ടി അവശ്യമായതും സാധ്യമായതുമായ എല്ലാ പരിശ്രമങ്ങളും നടത്തുന്നത് തങ്ങൾ തുടരുക തന്നെ ചെയ്യുമെന്നുറപ്പാക്കുകയും ചെയ്തു. “അങ്ങനെയെങ്കിൽ മാത്രമേ എല്ലാ ലിംഗവിഭാഗത്തിൽപെട്ടവർക്കും തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നിയമപരമായി വിവാഹം ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ ആയിട്ടുള്ള യാമസോ താക്കു “എല്ലാവർക്കും തങ്ങൾ ഏത് സെക്സിൽ പെട്ടവരാണ് എന്നത് കണക്കാക്കാതെ അന്തസ്സോടെ ജീവിക്കുവാൻ സാധിക്കുന്ന ഒരു സംവിധാനത്തിലേക്ക് നമ്മുടെ രാഷ്ട്രീയത്തെ മാറ്റുന്നതിനുള്ള ഞങ്ങളുടെ ക്യാമ്പയിനിൽ അണിനിരക്കൂ” എന്ന് ആഹ്വാനം ചെയ്തു.
‘എല്ലാ ലിംഗവിഭാഗങ്ങൾക്കും മനുഷ്യാവകാശങ്ങൾ ഇപ്പോഴും കൃത്യമായി ഉറപ്പാക്കിയിട്ടില്ലാത്ത രാജ്യമാണ് ജപ്പാൻ. അന്താരാഷ്ട്ര മനുഷ്യാവകാശ നിലവാരം പാലിക്കുന്നതിന് ജാപ്പനീസ് സമൂഹത്തെ പ്രാപ്തമാക്കുന്നതിന് രാഷ്ട്രീയപാർട്ടിയുടെ അതിർവരമ്പുകൾക്കപ്പുറം നിങ്ങളുടെ സഹകരണം ഞങ്ങൾ ആവശ്യപ്പെടുകയാണ്’ എന്ന് ജപ്പാനിലെ എംപിയായ നിഹി സോഹെ പറഞ്ഞു. എൽജിബിടിക്യു അവകാശങ്ങൾ ഇപ്പോഴും ഉറപ്പാക്കിയിട്ടില്ലാത്ത ഒരേയൊരു ജി7 രാജ്യമാണ് ജപ്പാൻ. രാജ്യത്തെ പ്രധാന നഗരങ്ങൾ ആകെ ഒരേ ലിംഗ വിഭാഗത്തിൽപ്പെട്ടവർ തമ്മിൽ ജീവിതം പങ്കിടുന്നതിനെ അംഗീകരിച്ചിട്ടും, ഏകലിംഗ വിവാഹത്തെ പൊതുജനം വ്യാപകമായി അംഗീകരിക്കുന്നുണ്ടെന്ന് അഭിപ്രായ സർവേ വ്യക്തമാക്കിയിട്ടും ഇപ്പോഴും എൽജിബിടിക്യൂ വിഭാഗങ്ങളെ അംഗീകരിക്കുന്ന അവകാശങ്ങൾ ഒന്നും തന്നെ ഉറപ്പു നൽകാൻ ജാപ്പനീസ് ഭരണകൂടം തയ്യാറായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ എൽജിബിടിക്യൂ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു പൊതുവേദി എന്ന നിലയ്ക്കാണ് ടോക്കിയോ പ്രൈഡ് രൂപം കൊള്ളുന്നത്. 2 ലക്ഷം ആളുകൾ ഇതിന്റെ ക്യാമ്പയിനുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ജപ്പാൻ മാറുന്നതുവരെ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകതന്നെ ചെയ്യും (Press On Till Japan Changes) എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ടോക്കിയോ പ്രൈഡ് രണ്ടുമാസം മുമ്പ് നടത്തിയ ക്യാമ്പയിനുകൾ ലോകത്താകെ ചർച്ചാവിഷയമായി കഴിഞ്ഞിരുന്നു. ഇപ്പോൾ ജാപ്പനീസ് പാർലമെൻറ് കൊണ്ടുവന്നിട്ടുള്ള പുതിയ എൽജിബിടിക്യൂ നിയമം യഥാർത്ഥത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും നിഹി സോഹേ വിമർശിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ലിംഗനീതിക്കും ലിംഗ സമത്വത്തിനുംവേണ്ടി ഉറച്ച നിലപാടെടുത്തുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ♦