Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെപണിമുടക്കി ഹോളിവുഡ് അഭിനേതാക്കൾ

പണിമുടക്കി ഹോളിവുഡ് അഭിനേതാക്കൾ

പത്മരാജൻ

ഹോളിവുഡിൽ അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും അടക്കം വലിയൊരു നിര പണിമുടക്കിലേക്ക് കടന്നിരിക്കുന്നു. ഏഴുമാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്ന ഹോളിവുഡിലെ 11500 എഴുത്തുകാർക്കൊപ്പം നീങ്ങുവാൻ 160000 അംഗങ്ങളുള്ള താരസംഘടനയും യോജിച്ച പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നു. ഈ മേഖലയിൽ ആറു ദശകങ്ങൾക്കിടയിൽ നടന്ന ഏറ്റവും വലിയ സംയുക്ത പണിമുടക്കായി ഇത് മാറുകയാണ്. പുതിയ കരാർ സംബന്ധിച്ച് സ്റ്റുഡിയോ ഉടമകളുമായും മറ്റ് സ്‌ട്രീമിംഗ്‌ സേവനദാതാക്കളുമായുമുള്ള നടത്തിയ വിപുലമായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഹോളിവുഡ് രംഗമാകെ നിശ്ചലമാക്കിക്കൊണ്ട് താര സംഘടനയായ സാഗ്‌-അഫ്‌ത്ര (Screen Actors Guild-American Federation of Television and Radio Artists, SAG-AFTRA) പണിമുടക്കിലേക്ക് കടക്കുവാൻ തീരുമാനിച്ചത്. ഡിസ്നി, നെറ്റ്ഫ്ലിക്‌സ്, ആമസോൺ തുടങ്ങിയ സ്റ്റുഡിയോ-സ്‌ട്രീമിംഗ്‌ ഉടമകളെ പ്രതിനിധീകരിക്കുന്ന അലൈൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി (Alliance of Motion Picture and Television Producers, AMPTP) പുതിയ കരാർ സംബന്ധിച്ചു നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ സമരത്തിലേക്ക് ഇറങ്ങിയത് എന്ന് സാഗ്-അഫ്‌ത്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. തുടർന്ന്‌ അദ്ദേഹം പറഞ്ഞു‐ ‘”അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള അവസാനത്തെ ആയുധമാണ് പണിമുടക്ക്’’.

സാഗ് അഫ്‌ത്ര എന്ന അഭിനേതാക്കളുടെ യൂണിയൻ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥകളിൽ ഒന്ന് പുതിയ കരാർ സംബന്ധിച്ച് സ്റ്റുഡിയോകളുമായി ന്യായമായ കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നതായിരുന്നു. 2020 ജൂലൈയിലാണ് അവസാനത്തെ പ്രധാന കരാർ ഒപ്പുവയ്ക്കപ്പെട്ടത്. തൊട്ടടുത്തുതന്നെ കോവിഡ് വന്നതുകൊണ്ട് കരാർ വ്യവസ്ഥകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. എന്തുതന്നെയായാലും, 2020 ജൂലൈയിൽ ഒപ്പുവയ്ക്കപ്പെട്ട കരാർ കാലാവധി 2023 ജൂൺ 30ന് അവസാനിച്ചതിനാൽ പുതിയ കരാറുകൾക്കുള്ള ചർച്ചകൾ നടന്നു. ഈ ഘട്ടത്തിൽ സിനിമകളുടെയും ടിവി ഷോകളുടെയും ആവർത്തിച്ചുള്ള ഷോകളിൽ ലഭിക്കുന്ന ലാഭത്തിനനുസൃതമായി തങ്ങൾക്ക് നൽകേണ്ട തുകയിലെ ശേഷിപ്പുകൾ നൽകണമെന്ന് അഭിനേതാക്കൾ ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഈ രംഗത്ത് കൊണ്ടുവരുന്നതിലുള്ള തങ്ങളുടെ ആശങ്കയും ഇവിടെ പ്രകടിപ്പിക്കപ്പെട്ടു. എന്നാൽ ഓൺലൈൻ സ്ട്രീമിംഗ് സർവീസ് രംഗത്തെ കാണികളുടെ തലത്തെ അടിസ്ഥാനപ്പെടുത്തി ശേഷിപ്പ് തുക, അതായത് ബാക്കി തുക നൽകുന്നത് സംബന്ധിച്ചുള്ള സാഗ്-അഫ്‌ത്രയുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ നെറ്റ്ഫ്ലിക്സും ആമസോണും ഡിസ്നിയും അടക്കമുള്ള മുൻനിര വമ്പൻ സ്ട്രീമർമാർ തയ്യാറായില്ല. ഒരുതരത്തിൽ പറഞ്ഞാൽ, സ്ട്രീമിംഗ് എന്ന സംവിധാനം സിനിമയെയും ടിവി പരിപാടികളെയും അത് ഇതുവരെ എങ്ങനെയാണോ കാണികളിൽ അവതരിപ്പിക്കപ്പെട്ടിരുന്നത് അതിൽ നിന്ന് വളരെ ആത്യന്തികമായ മാറ്റം സൃഷ്ടിച്ചു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ സ്ട്രീമർമാർക്ക് എല്ലാ പരിപാടികളും സിനിമകളും തങ്ങളുടെ സബ്‌സ്ക്രിപ്ഷൻ കൂട്ടുവാനുള്ള മാർഗം മാത്രമാണ്.

2012 ൽ സ്ക്രീൻ ആക്ടേഴ്സ് ഗ്വിൽഡ്, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് എന്നീ സംഘടനകൾ ലയിച്ചുചേർന്നാണ് സാഗ്-അഫ്‌ത്ര എന്ന സംഘടന രൂപകൊള്ളുന്നത്. കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇപ്പോൾ നിരന്തരം എ എം പി ടി പി യുമായി, അതായത് സ്റ്റുഡിയോ ഉടമകളെ പ്രതിനിധീകരിക്കുന്ന അലൈൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് എന്ന സംഘടനയുമായി കൂടിയാലോചനകൾ നടത്തുകയും അവയെല്ലാം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അഭിനേതാക്കളും ടെലിവിഷൻ റേഡിയോ കലാകാരും അടങ്ങുന്ന സംഘടന സമരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. അഭിനേതാക്കളും വീഡിയോ ഗെയിം പെർഫോമർമാരും റേഡിയോ അവതാരകരും മോഡലുകളും യൂട്യൂബ് അവതാരകരുമടക്കം 160000 അംഗങ്ങൾ ഈ സംഘടനയ്ക്ക് ഉണ്ട്. സാങ്കേതികമായി ഈ യൂണിയൻ അമേരിക്കയിൽ മാത്രമേ ഉള്ളൂ എങ്കിലും ലോകത്താകമാനം ഇതിന്റെ സ്വാധീനം ഉണ്ട് എന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ അഭിനേതാക്കളുടെ സംഘടന എഴുത്തുകാരുടെ യൂണിയനൊപ്പം ചേർന്ന് സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമ്പോൾ നിശ്ചലമാകുന്നത് അനുദിനം കോടാനുകോടിക്കണക്കിന് ഡോളർ ലാഭം കൊയ്യുന്ന ഹോളിവുഡ് എന്ന ശക്തമായ ഒരു ഉത്പാദന ശൃംഖലയാണ്. ഒറ്റരാത്രികൊണ്ട് ഈ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നിട്ടുള്ളത് പ്രമുഖ താരങ്ങളാണ് മെർലി സ്ട്രീപ്, ജെന്നിഫർ ലോറൻസ്, ജാക്വിൻ ഫീനിക്സ്,ജെയ്മി ലീ കാർട്ടിസ്, ഒലീവിയ വൈൽഡ്, ഇവാൻ മക്ഗ്രിഗർ, ജോർജ് ക്ലൂണി, പ്രിയങ്ക ചോപ്ര, ജോണ് കുസാക്ക് മാർക്ക് റഫല്ലോ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ഈ സമരത്തിനോടൊപ്പം അണിനിരന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ന്യായമായ കൂലിക്കും മറ്റാനുകൂല്യങ്ങൾക്കും വേണ്ടിയുള്ള അഭിനേതാക്കളുടെയും എഴുത്തുകാരുടെയും അവതാരകരുടെയും സംയുക്ത സമരത്തിൽ യുക്തിസഹമായ ഇടപെടൽ നടത്തി പരിഹാരം കാണുന്നതിന് സ്റ്റുഡിയോ ഉടമകളും സ്ട്രീമിംഗ് ഏജൻസികളും തയ്യാറാകുന്നില്ലായെങ്കിൽ ഹോളിവുഡിനെയാകെ നിശ്ചലമാക്കുന്ന രീതിയിൽ ഈ പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 7 =

Most Popular