വരകളും വർണങ്ങളും ഒരുമിപ്പിച്ചുകൊണ്ട് ജീവിതാനുഭവങ്ങളുടെയും കാഴ്‌ചയുടെയും കലാവിഷ്‌കാരങ്ങൾക്കാണ് ഇക്കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്തെ മണ്ണന്തല തണൽ ആർട്ട് ഗ്യാലറി സാക്ഷ്യംവഹിച്ചത്. കൊൽക്കത്തയിൽനിന്നെത്തിയ പ്രമുഖരായ പത്ത് ചിത്രകാരരുടെ ചിത്രപ്രദർശനവും പത്തുദിവസം നീണ്ട ചിത്രകലാ ക്യാമ്പുമാണ് അവിടെ അരങ്ങേറിയത്. അനിതരസാധാരണമായ ആത്മപ്രകാശനമാണ് അവിടെ കാണാനായത്. ഓരോ കലാസൃഷ്ടിയും ആത്മാന്വേഷണത്തിന്റെയും ക്രിയാത്മകതയുടെയും നിറച്ചാർത്തുകളാണ് സൃഷ്ടിച്ചത്. ആത്മവിശ്വാസത്തിന്റെയും തെളിമയാർന്ന ജീവിതവീക്ഷണത്തിന്റെയും പ്രകാശത്തിലേക്ക് തുറക്കുന്ന വാതിലുകൾ ഓരോ രചനയിലും ലയിച്ചുചേർന്നിട്ടുണ്ട്. കലാധ്യാപകരും ചിത്രകലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരുമായ ദേശീയ കലാരംഗത്തും ശ്രദ്ധേയരായ കലാകാരരാണ് ക്യാമ്പിൽ ചിത്രങ്ങൾ വരച്ചതും പ്രദർശനത്തിൽ പങ്കെടുത്തതും. അന്തർദേശീയ ചിത്രപ്രദർശനങ്ങളിൽ പങ്കെടുക്കാറുള്ള ചിത്രകാരനും തണൽ ഗ്യാലറിയുടെ സാരഥിയുമായ ആർ എസ് ബാബു, മുംബൈയിൽനിന്നുള്ള ചിത്രകാരൻ സുരേഷ് നായർ എന്നിവരാണ് പ്രദർശനത്തിന്റെയും ക്യാമ്പിന്റെയും ക്യൂറേറ്റർമാർ.
വർണങ്ങളിലൂടെയും വരകളിലൂടെയും വീണ്ടും വീണ്ടുമുള്ള ആവർത്തനങ്ങളിലൂടെ വാചാലമാകുന്നതാണ് ഗൗതം ദാസിന്റെ ചിത്രം. ഒരു ഇമേജിന്റെ തുടർരൂപങ്ങളെ ചിത്രതലത്തിൽ താളലയത്തോടെ ആവിഷ്‌കരിച്ചിരിക്കുകയാണദ്ദേഹം. ജീവിതത്തിന്റെ നിറംകലർന്ന സ്വപ്‌നഭൂമികയാണ് മോണ ജയിന്റെ ചിത്രങ്ങൾ. ജീവിതത്തിന്റെ സ്‌പന്ദനം വർണവുമായി ചേരുന്ന രൂപങ്ങൾ അന്തരീക്ഷത്തിലെ ബേൺഡ്‌സീന നിറവുമായിട്ടാണ് (മനുഷ്യരൂപങ്ങൾ) ചലനാത്മകമാകുന്നത്. ജൈവപരമായ സാംസ്‌കാരിക ചിഹ്നങ്ങളിലൂന്നിയുള്ള പുനർവിചാരങ്ങളുടെയും പുനരനുഭവങ്ങളുടെയും ഭാഷയും രൂപങ്ങളും വർണവും കൊണ്ട് ആശയവിനിമയം നടത്തുകയാണ് ചെയ്‌തലി ചന്ദ്ര എന്ന ചിത്രകാരി. ചിത്രം കൂടുതൽ വാചാലമാകാനുതകുന്ന രൂപമാതൃകകളാൽ സമ്പന്നമാണിത്. സ്‌ത്രീയും പുരുഷനും കടുത്ത വർണരാശികളിലൂടെയാണ് ജീവിതത്തെ പുനർനിർമിക്കുന്നതെന്ന് യഥാതഥമായ രൂപകൽപനയിലൂടെ ചിത്രകാരൻ ആവിഷ്‌കരിക്കുകയാണ്. ബോധതലത്തിലോ അബോധതലത്തിലോ അവ്യക്തമായി പായിച്ച ബ്രഷ് സ്‌ട്രോക്കുകളിലൂടെ നമ്മുടെ ചുറ്റുമുള്ള അവരുടെ പ്രതിരൂപങ്ങൾ സമൂഹത്തിൽ വേരാഴ്‌ത്തുകയും ചെയ്യുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് അതിഥി ചക്രവർത്തിയുടെ ചിത്രം. വർണങ്ങളുടെ താളലയം ഈ ചിത്രതലത്തിൽ ദർശിക്കാവുന്നതാണ്. വർത്തമാനകാലത്തെ പ്രണയം, സ്‌നേഹം, വാത്സല്യം തുടങ്ങിയ വികാരങ്ങളെ തീവ്രമായി പ്രതിസ്‌പന്ദിക്കുവാൻ അനുയോജ്യമായ രൂപങ്ങളുമായാണ് ഗൗതം മുഖർജി തന്റെ ചിത്രം പൂർത്തിയാക്കിയിട്ടുള്ളത്. ഇരുളും വെളിച്ചവും നിലാവും മഴയും മഞ്ഞും വെയിലുമൊക്കെച്ചേരുന്ന പ്രണയചന്ദ്രികയായും ഈ ചിത്രത്തെ വ്യാഖ്യാനിക്കാം. പ്രകൃതിദൃശ്യങ്ങളുടെ ചാരുത, പുഴയുടെ നൈസർഗികമായ സൗന്ദര്യം, പുഴയിലേക്ക് നിഴലാഴ്‌ത്തിയ ക്ഷേത്രങ്ങളുടെ കാഴ്‌ച. വിശാലമായതും യഥാതഥമായതുമാണ് പരമേഷ് പോളിന്റെ ചിത്രം.
ജീവിതമെന്ന ഉൺമയുടെ ഭാഗമായി ഭക്തിയുടെയും പ്രണയത്തിന്റെയും വഴികളിലേക്ക് തുറക്കപ്പെടുന്ന കൃഷ്‌ണരാധ സങ്കൽപമാണ് ധരൻ ഷഡ്‌മലിന്റെ ചിത്രം. താന്ത്രിക് രചനാസങ്കേതങ്ങളുടെ പിൻബലവുമായി രജീബ് ദയാക്ഷി, വാണി ചൗളയുടെ താമരക്കുളം എന്നീ ചിത്രങ്ങളും പ്രദർശനത്തിലെ മികച്ച രചനകളാണ്.
മേൽസൂചിപ്പിച്ച പത്ത് കലാകാരരും ക്യാന്പിൽ പങ്കെടുത്ത് ചിത്രം വരച്ചു. അധികം കലാകാരും വരച്ചത് പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. ഫിഗറേറ്റീവ് ആയിട്ടുള്ള ചിത്രങ്ങളും ചിലർ രചിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ പ്രകൃതിഭംഗിയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഈ കലാകാരർ ഈ രണ്ട് ഭൂപ്രദേശങ്ങളെയും അവിടത്തെ മനുഷ്യരെയും തമ്മിൽ ഇഴചേർത്തുകൊണ്ടുള്ള ചില രൂപനിർമിതികൾ ഈ ക്യാന്പിൽ നടത്തിയിട്ടുണ്ട്.
ആറാമത്തെ ക്യൂറേറ്റഡ് പ്രദർശനമാണ് തണൽ ഗ്യാലറിയിൽ ഇപ്പോൾ നടന്നത്. ദേശീയ, അന്തർദേശീയ പ്രശസ്‌തരായ കലാകാരരുടെ പങ്കാളിത്തംകൊണ്ട് തണൽ ഗ്യാലറി ചിത്ര ശിൽപകലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാവുകയാണ്. ♦