അലക്സാൻഡ്ര കൊല്ലന്തായ്
ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ ഒപ്പം തിരഞ്ഞെടുത്ത രചനകളും
പരിഭാഷ: ഡോ. പ്രസീത കെ, ആര്യജിനദേവൻ
പ്രസാധകർ: ചിന്തപബ്ലിഷേഴ്സ്
വില: 210/-
സ്ത്രീ-പുരുഷ പ്രേമത്തിന് തൊഴിലാളിവർഗപ്രത്യയശാസ്ത്രം എന്തു സ്ഥാനമാണ് നൽകുന്നത്? ലൈംഗികതയ്ക്ക് കേവലം ശരീരചോദനകൾക്കുമപ്പുറം മറ്റെന്തുധർമമാണ് നിർവഹിക്കാനുള്ളത്? വൈകാരികതയുടെ അനുഭൂതിതലങ്ങൾക്കുമപ്പുറം സഖിത്വപ്രണയത്തെ (Comradely Love) എങ്ങനെയാണ് വർഗരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ഉയർത്താനാവുക?
കമൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നവർക്കു മുന്നിൽ ഈ ചോദ്യങ്ങൾ എക്കാലത്തും നിയതമായ ഉത്തരമില്ലാത്ത സങ്കീർണ സമസ്യകളായി ഉയർന്നുവന്നിരുന്നു. 1900 വരെ പ്രബലമായിരുന്ന വിക്ടോറിയൻ സദാചാരസങ്കൽപത്തിന്റെ പ്രതിലോമപരത, സമൂഹവ്യവസ്ഥയായും സാമൂഹ്യസങ്കൽപനമായും അടിയുറച്ച കാലത്താണ് അലക്സാൻഡ്ര മിഖായിലോവ്ന കൊല്ലന്തായ് എന്ന ബോൾഷെവിക് വിപ്ലവകാരി പുരുഷാധിപത്യത്തെ ശാശ്വതീകരിക്കുന്ന കുടുംബമൂല്യവ്യവസ്ഥയെയും അതിനാധാരമായ പ്രണയത്തെയും ലൈംഗികതയെയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രഅടിത്തറയിൽ നിന്നുകൊണ്ട് വിശകലനം ചെയ്‌തത്; അതിന്റെ അടിസ്ഥാനത്തിലാണ് പുരുഷാധിപത്യ-‐പിതൃകേന്ദ്രിതവ്യവസ്ഥയിലധിഷ്ഠിതമായ സമൂഹശരീരത്തെ താങ്ങിനിർത്തുന്ന വികലമായ അസ്ഥിവ്യവസ്ഥയെ മാറ്റിപ്പണിയുകയെന്ന അതിസങ്കീർണമായ പ്രക്രിയയ്ക്ക് പിൻബലമേകുന്ന സോഷ്യലിസ്റ്റ് ഫെമിനിസമെന്ന ആശയത്തിന് അവർ രൂപം നൽകിയത്.
ഇതിനെ ആധാരമാക്കി ഉയർന്നുവന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി കൊല്ലന്തായി നിരവധി രചനകൾ നടത്തി. സോഷ്യലിസ്റ്റ് ലോകത്തുപോലും കോളിളക്കം സൃഷ്ടിച്ച ആത്മകഥയിലൂടെയാണ് കൊല്ലന്തായ് സോഷ്യലിസ്റ്റ് ഫെമിനിസമെന്ന ആശയത്തിന് രൂപം നൽകിയത്. ആത്മകഥയുടെ പേരുതന്നെ സദാചാര്യമൂല്യവാദികളുടെ ഉറക്കംകെടുത്തി. ‘‘ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ” എന്നു പേരിട്ട ആ കൃതി, ആത്മകഥയുടേതായ വാർപ്പുമാതൃകകളെ പൊളിച്ചെഴുതി. അത് സ്വയം പുകഴ്ത്തലിന്റേയോ കുറ്റസമ്മതങ്ങളുടേയോ വിവരണമല്ല, മറിച്ച് കൊല്ലന്തായിയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘‘ഒരാളുടെ ജീവിതത്തെ നിർണയിച്ച സംഭവങ്ങൾ പൊതുജനത്തിനുകൂടി ഉപയോഗപ്രദമായവയാണ് എന്നു വരുമ്പോഴാണ്” ഒരാൾ ആത്മകഥ എഴുതേണ്ടതെന്ന് കൊല്ലന്തായ് തന്റെ ആത്മകഥയുടെ തുടക്കത്തിൽത്തന്നെ പറഞ്ഞുവെക്കുന്നുണ്ട്. സ്ത്രീയുടെ പൂർണ വിമോചനം സാധ്യമാകത്തക്കവിധമുള്ള ഭാവിയുടെ രാജ്യം-‐ സോവിയറ്റ് യൂണിയൻ-‐ കെട്ടിപ്പടുക്കുന്നതിനായി നടത്തിയ പ്രത്യയശാസ്ത്ര സമരങ്ങളെയും തന്റെ രാഷ്ട്രീയ ജീവിതത്തെയുമാണ് ആത്മകഥയിൽ അവതരിപ്പിക്കുന്നത്.
സ്ത്രീപുരുഷ ബന്ധങ്ങളെപ്പറ്റിയുള്ള പ്രത്യയശാസ്ത്രപരമായ ധാരണയ്ക്ക് വ്യക്തത നൽകുകയെന്നത് പ്രധാനമാണ്. അതിൽ കൊല്ലന്തായ് വഹിച്ച പങ്ക് അക്കാലത്തും ഇന്നും വേണ്ടവിധത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ കൊല്ലന്തായിയുടെ ആശയലോകത്തെയും വിപ്ലവരാഷ്ട്രീയ ജീവിതത്തെയും കുറിച്ചുള്ള ഒരു പുസ്തകത്തിന് വളരെ പ്രാധാന്യമുണ്ട്. ‘‘ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റു വനിതയുടെ ആത്മകഥ” ഒപ്പം തിരഞ്ഞെടുത്ത രചനകളും എന്ന ചിന്തപബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം ആ പ്രാധാന്യത്തെ അടിവരയിടുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് ആശയലോകത്തും തൊഴിലാളിവർഗത്തിനിടയിലും ഉയർന്നുവന്ന സമ്യസകൾക്ക് വ്യക്തമായ ഉത്തരവും അതിലേക്കുള്ള വ്യക്തമായ പരിപാടിയും മുന്നോട്ടുവെക്കുന്ന കൊല്ലന്തായിയുടെ ശക്തമായ രചനകൾ ഉള്ളടങ്ങുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രാധാന്യം ഒന്നുകൂടി വർധിപ്പിക്കുന്നു.
കൊല്ലന്തായിയുടെ ആത്മകഥയും, കൊല്ലന്തായിയുടെ രചനകളെയും രാഷ്ട്രീയ ജീവിതത്തെയുംപ്പറ്റിയുള്ള രണ്ടുലേഖനങ്ങളും കൊല്ലന്തായിയുടെ തന്നെ നാല് ലേഖനങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ജൂലിയ കമാറ എഴുതിയ ലേഖനം, പ്രണയവും ലൈംഗികതയുമായി ബന്ധപ്പെട്ട സൈദ്ധാന്തിക എന്ന നിലയിൽ കൊല്ലന്തായിയെക്കുറിച്ചുള്ള വിലയിരുത്തൽ ശ്രദ്ധേയമാണ്. കൊല്ലന്തായിയുടെ രചനകളുടെ ഇന്നത്തെ കാലത്തെ വായനയാണ് ജൂലിയ കമാറ നടത്തുന്നത്. സ്ത്രീയ്ക്കും പുരുഷനുമിടയിൽ അസമത്വം സൃഷ്ടിക്കുന്ന ചരിത്രപരമായ സവിശേഷ പ്രക്രിയകളെ സംബന്ധിച്ച പഠനത്തിൽ കേന്ദ്രീകരിക്കുന്നതാണ് കൊല്ലന്തായിയുടെ രചനകളെന്ന് ജൂലിയ കമാറ ശരിയായി വിലയിരുത്തുന്നു.
പ്രണയത്തെയും ലൈംഗികതയെയും സംബന്ധിച്ച തൊഴിലാളിവർഗ കാഴ്ച്ചപ്പാട് മുന്നോട്ടുവെക്കുന്ന, കൊല്ലന്തായി എഴുതിയ, ‘‘അധ്വാനിക്കുന്ന യുവാക്കൾക്കൊരു കത്ത്” എന്ന ലേഖനത്തിൽ പ്രണയത്തെ ഒരു സമൂഹ്യ മനശാസ്ത്ര ഘടകമെന്ന നിലയിൽ നിർവചിക്കുന്നു. ഇതിനെപ്പറ്റി നിലനില്ക്കുന്ന ബൂർഷ്വ-തൊഴിലാളിവർഗ ഏറ്റുമുട്ടലിൽ, രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഇഴപിരിച്ചു പരിശോധിക്കുകയും ചെയ്യുന്നു.
സ്ത്രീപ്രശ്നത്തിന്റെ സാമൂഹ്യ അടിത്തറ എന്ന ഗ്രന്ഥത്തിനെഴുതിയ ആമുഖം റഷ്യയിലെ സ്ത്രീപ്രശ്നത്തെ അഭിസംബോധനചെയ്യുന്നു. സ്ത്രീയുടെ കീഴാളത്തത്തിനു നിദാനമായ സാമൂഹ്യസാഹചര്യങ്ങളെയും അത് ഇല്ലാതാക്കുന്നതിനായി രൂപം നൽകപ്പെട്ട സ്ത്രീസംഘടനകളെയും വിലയിരുത്തുന്ന കൊല്ലന്തായ് സ്ത്രീപ്രശ്നമെന്നാൽ രാഷ്ട്രീയ പ്രശ്നംതന്നെയെന്ന കാതലായ കാഴ്ചപ്പാടിലേക്ക് നമ്മെ എത്തിക്കുന്നു. ലോകത്താകെയുള്ള സ്ത്രീകളുടെ അവകാശ പ്രഖ്യാപനദിനമായ സാർവദേശീയ വനിതാദിനത്തെക്കുറിച്ചു സൂചിപ്പിക്കാതെ മനുഷ്യവിമോചനത്തിനായുള്ള പോരാട്ടങ്ങളുടെ ചരിത്രം പൂർണമാവുകയില്ല. സാർവദേശീയ വനിതാദിനം എന്ന ആശയം ഉരുത്തിരിഞ്ഞുവരാനുണ്ടായ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്.
സോഷ്യലിസത്തിലേക്കുള്ള പാതയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗതുല്യതയിലധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുകയെന്നത്. അതിന് ബൂർഷ്വ ഫെമിനിസത്തെയും സോഷ്യലിസ്റ്റ് ഫെമിനിസത്തെയും വിവേചിച്ചറിയേണ്ടതുണ്ട്. അതിനായുള്ള പ്രത്യയശാസ്ത്ര അടിത്തറപാകുകയാണ് ഈ ഗ്രന്ഥം. മാതൃത്വമെന്നത് ഒരു സാമൂഹ്യക ചുമതലയായും ലൈംഗികബന്ധത്തെ സാമൂഹ്യനിർമ്മിതിയായും നോക്കിക്കാണുകയെന്ന സുപ്രധാന കാഴ്ചപ്പാടും കൊല്ലന്തായ് മുന്നോട്ടുവെച്ചു. ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി അലക്സാൻഡ്ര കൊല്ലന്തായി ഒരു നൂറ്റാണ്ടുമുമ്പെഴുതിയ രചനകളൊന്നും വേണ്ടത്ര പ്രചരിപ്പിക്കപ്പെട്ടില്ല. സ്ത്രീവാദചിന്തകൾ ശക്തമായ ഈ നൂറ്റാണ്ടിലൊരിക്കലും അത് ഏറ്റെടുക്കപ്പെട്ടില്ല. മലയാളത്തിൽ കൊല്ലന്തായിയുടെ ഈ ദിശയിലുള്ള രചനകൾ പുസ്‌തകമായി ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പുരുഷാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കുന്ന, നിലവിലെ സദാചാര്യമൂല്യങ്ങളുടെ തൊലിയുരിച്ചുകാട്ടുന്ന, കൊല്ലന്തായിയുടെ രചനകൾ എന്തുകൊണ്ട് ഇക്കാലമത്രയും അപ്രകാശിതമായിപ്പോയി എന്ന ചോദ്യം പ്രസക്തമാണ്.
പുസ്‌തകത്തിന്റെ ശ്രമകരമായ പരിഭാഷ നിർവഹിച്ച ഡോ. പ്രസീതയും ആര്യ ജിനദേവനും പ്രസാധനം നിർവഹിച്ച ചിന്ത പബ്ലിഷേഴ്‌സും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ♦