വൈദ്യുതി ഉപഭോക്താക്കൾക്കുമേൽ ട്രൂ അപ്പ് ചാർജുകളും അഡ്ജസ്റ്റ്മെന്റ് ചാർജുകളും ചുമത്തുന്നതിനെതിരെ ഇടതുപക്ഷ പാർട്ടികൾ വിജയവാഡയിലെ സിപിഡിസിഎൽ (സെൻട്രൽ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്) ഓഫീസിനു മുന്നിലും സംസ്ഥാനത്തൊട്ടാകെ വിവിധ ഇലക്‌ട്രിസിറ്റി ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിനു സമീപമുള്ള വൈഎസ് ആർവിദ്യുത് സൗധയ്ക്കു മുന്നിൽ ഒത്തുചേർന്ന സിപിഐഎം പ്രവർത്തകർ, ഗവൺമെന്റ് ട്രൂ അപ്പ് ചാർജിന്റെ പേരിൽ ഉപഭോക്താക്കൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രവാക്യമുയർത്തി.
മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡി പ്രകടനപത്രികയിൽ വൈദ്യുതിനിരക്ക് വർധിപ്പിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. കൂടാതെ 200 യൂണിറ്റുവരെ വൈദ്യുതി സൗജന്യമാക്കുമെന്ന് വാഗ്ദാനവും നൽകിയിരുന്നു. ഇതു രണ്ടും പാലിച്ചില്ലെന്നു മാത്രമല്ല വൈദ്യുതിചാർജ് ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എച്ച് ബാബുറാവു പ്രതിഷേധധർണ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു. സ്മാർട്ട് മീറ്ററുകൾ നിർമ്മിക്കുന്ന കോർപ്പറേറ്റ് കമ്പനികൾക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാൻ പരിഷ്കരണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വൈദ്യുതി ഉപഭോക്താക്കളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയവാഡയിലും മറ്റ് നഗരകേന്ദ്രങ്ങളിലുമായി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധം ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. ജനവിരുദ്ധ നയങ്ങൾ കൊണ്ടുവരുന്ന ജഗ്മോഹൻ സർക്കാരിനെതിരെ സമരങ്ങളും പ്രതിഷേധ കൂട്ടായ്മകളും വരുംനാളുകളിൽ ഇനിയും ശക്തമാകും. ♦