Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമണിപ്പൂർ കത്തുന്നു!

മണിപ്പൂർ കത്തുന്നു!

ഷുവജിത് സർക്കാർ

ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുമെന്ന് ഇന്ത്യയുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനയുടെ ഫെഡറൽ സമീപനത്തെയാണ് ഇത് മുന്നോട്ടുവെക്കുന്നത്. എന്നിരിക്കിലും ഇന്ത്യ, ഘടനയിൽ ഫെഡറലും സ്വഭാവത്തിൽ യൂണിറ്ററിയുമാണ്. വ്യത്യസ്ത തരത്തിലുള്ള ജനങ്ങൾ വസിക്കുന്ന വൈവിധ്യപൂർണമായ രാജ്യമാണ് ഇന്ത്യ. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള, സാമ്പത്തികവും സാമൂഹികവുമായി വിവിധ തട്ടുകളിലുള്ള ജനങ്ങൾ ഇവിടെയുണ്ട്.

ഈയടുത്തകാലത്തായി നമ്മുടെ രാജ്യത്ത് നിരവധി തദ്ദേശീയ സമൂഹങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. മണിപ്പൂരിലെ മെയ്തെയ്, കുക്കിസോമി വിഭാഗങ്ങൾ തമ്മിൽ വംശീയമായ സംഘർഷങ്ങൾ ആരംഭിക്കുകയും അതു വളർന്ന് വലിയ കലാപങ്ങളിലേക്കെത്തുകയും ചെയ്തിരിക്കുന്നു. അവിടത്തെ സാഹചര്യം ഇപ്പോൾ തീർത്തും പരിതാപകരമായിത്തീർന്നിരിക്കുകയാണ്. ഇപ്പോഴത് ഭരണഘടനാ പ്രതിസന്ധിയിലേക്കും സമ്പൂർണ്ണ നിയമരാഹിത്യത്തിലേക്കും നയിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് തന്ത്രപരമായ സ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് മണിപ്പൂർ. അതിന് അക്രമാത്മകതയുടെ ഒരു നീണ്ട ചരിത്രമുണ്ട്. വിഘടനവാദപ്രസ്ഥാനത്തിന്റെയും മനുഷ്യത്വരഹിതമായ ഭരണകൂട അടിച്ചമർത്തലിന്റെയും ചരിത്രമുണ്ട്. ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികളും ക്രൂരമായ പ്രവൃത്തികളും പലപ്പോഴും ജനങ്ങളിൽ ഭരണകൂടവിരുദ്ധവികാരമുണർത്തുകയുണ്ടായി.

ഗോത്രസമുദായങ്ങൾക്കുള്ളതുപോലെ പ്രത്യേക അവകാശങ്ങൾ തങ്ങൾക്കും കിട്ടുന്നതിനായി, മെയ്തെയ് വിഭാഗത്തിൽപെട്ടവർ അവർക്കും പട്ടികവർഗപദവി ലഭിക്കണമെന്ന ആവശ്യം ദീർഘനാളായി ഉന്നയിച്ചുവരികയാണെന്നത് മണിപ്പൂരിലെ ജനങ്ങൾക്കും അവിടത്തെ ദൈനംദിനകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും അറിയാവുന്നതാണ്‌. ഏപ്രിലിൽ മണിപ്പൂർ ഹൈക്കോടതി ഇതിനനുകൂലമായി വിധിക്കുകയും ഈ പ്രശ്‌നത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സർക്കാരിനു നിർദേശം നൽകുകയും ചെയ്‌തു. തുടർന്ന്‌ മെയ്തെയ് വിഭാഗത്തിന്റെ ഈ ആവശ്യത്തിനെതിരെ ഗോത്രസമുദായങ്ങളൊന്നടങ്കം പ്രതിഷേധമുയർത്തി. മെയ് 3ന് മണിപ്പൂരിലെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്‌യുഎം) എല്ലാ മലയോരജില്ലകളിലും ഗോത്രവർഗക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മാർച്ചുനടത്തി. മാർച്ച് അവസാനിക്കുമ്പോഴേക്കും ഇംഫാൽ താഴ്‌വരയുടെ അതിർത്തി ജില്ലയായ ചുരാചന്ദ്പൂരിലും അതിനുചുറ്റിലുമുള്ള ഭാഗങ്ങളിലും മെയ്തെയ്, കുക്കിജനവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമാസക്തമായ സാഹചര്യം നേരിടാൻ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു കഴിയാതെവന്നപ്പോൾ ഈ വിഷയത്തിൽ സൈന്യം ഇടപെടേണ്ടതായും സ്ഥിതിഗതികൾ കൈകാര്യം ചെയ്യേണ്ടതായും വന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സേന പതിനായിരത്തോളം സൈനികരെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവെച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 144 ഏർപ്പെടുത്തപ്പെട്ടു; ഇത് നിയമവിരുദ്ധമായ കൂടിച്ചേരലുകളും സമാധാനത്തിന് ഭംഗംവരുത്താൻ സാധ്യതയുള്ള വലിയ കൂട്ടായ്മകളും നിരോധിക്കുന്നതിനിടയാക്കി. ‘‘അസാധാരണ സാഹചര്യങ്ങളിൽ” നടപ്പാക്കുന്ന കർഫ്യൂ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി ‘‘കണ്ടാലുടൻ വെടിവെക്കാനുള്ള” ഉത്തരവ് സൈന്യത്തിനു നൽകി. എന്നാൽ ഇപ്പോൾ കലാപം പൂർവ്വാധികം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു.

വിവേകപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നാണ് വംശീയത, പ്രത്യേകിച്ചും ഗോത്രവർഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അതിവേഗം വ്യാപിക്കുമ്പോൾ. ഇംഫാൽ താഴ്വരയിലെയും ചുറ്റുമുള്ള കുന്നുകളിലെയും ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സംശയത്തിന്റേതായ ദീർഘകാല ചരിത്രത്തിന്റെ തുടർച്ചയെന്നോണം വംശീയാതിക്രമങ്ങൾ മൂർച്ഛിച്ചുവരികയായിരുന്നു; ബിജെപിയുടെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ റിസർവ് വനങ്ങളിൽനിന്നും ഗോത്രവർഗക്കാരായ ഗ്രാമവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതിനെത്തുടർന്ന് ഇത് ശക്തമായി.

ഫെബ്രുവരിയിൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ മറ്റൊരു ഗോത്രവിരുദ്ധനീക്കമായാണ് കാണപ്പെട്ടത്. ഇത്, ഇതിനു വിധേയരാക്കപ്പെട്ട കുക്കിസമുദായത്തിൽ മാത്രമല്ല, റിസർവ് വനമേഖലയിലെ മറ്റ് ഗോത്രവർഗക്കാർക്കിടയിലും ആശങ്കയ്ക്കും വ്യാപകമായ അസംതൃപ്തിക്കും ഇടയാക്കി.

ചുരാചന്ദ്പൂരിലെ കുക്കി സ്റ്റുഡന്റ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡി ജെ ഹാവോകിപ് പറയുന്നതനുസരിച്ച്, ‘‘മലയോര ജില്ലയിലെ നിരവധി പ്രദേശങ്ങൾ റിസർവ് വനമായും സംരക്ഷിതവനമായും പ്രഖ്യാപിച്ചു. നൂറുകണക്കിന് കുക്കി ഗോത്രക്കാരെ അവരുടെ പരമ്പരാഗത അധിവാസ മേഖലയിൽനിന്നും കുടിയൊഴിപ്പിച്ചു.” ഹാവോകിപ് മാധ്യമങ്ങളോട് ഇതുകൂടി കൂട്ടിച്ചേർത്തു- ‘‘കുടിയൊഴിപ്പിക്കലുകളെക്കുറിച്ചല്ല കുക്കി ജനങ്ങളുടെ വേവലാതി നൂറുകണക്കിനുവരുന്ന ദുരിതബാധിതരെ പുനരധിവസിപ്പിക്കാത്തതാണ്.”

ഏറ്റവും പരിതാപകരമായത്, പ്രശ്നങ്ങൾ ഉടലെടുത്തശേഷം ഇതുവരെയും ഭരണവർഗത്തിലെ ഉന്നത നേതാക്കളാരും തന്നെ, പ്രത്യേകിച്ച് പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ചിട്ടില്ല. പ്രതിപക്ഷത്തെ നേതാക്കളിലൊരാളായ രാഹുൽഗാന്ധിയും പിന്നീട് ഇടതുപക്ഷ എംപിമാരും മണിപ്പൂർ സന്ദർശിച്ച് കാര്യങ്ങൾ പുറംലോകമറിഞ്ഞാൽ നേരിട്ടുകാണാൻ ശ്രമിച്ചപ്പോൾ ഭരണകൂടത്തിന്റെ സഹകരണമുണ്ടായില്ല. മണിപ്പൂരിന്റെ യഥാർഥ സാഹചര്യം എന്താണെന്ന് പ്രതിപക്ഷത്തുനിന്നുള്ളവരും മറ്റ് ജനാധിപത്യ ശബ്ദങ്ങളും അറിയുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയും അതിന്റെ സഖ്യകക്ഷികളും ആഗ്രഹിക്കുന്നില്ല, എന്തെന്നാൽ കാര്യങ്ങൾ ബിജെപിയുടെയും അതിന്റെ സഖ്യകക്ഷികളുടെയും കായികമായ കടന്നാക്രമണത്തിന്റെയും കെടുകാര്യസ്ഥതയുടെയും യഥാർഥചിത്രം ജനങ്ങൾക്കു മുമ്പാകെ തുറന്നുകാട്ടപ്പെടും എന്നവർക്കറിയാം. മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് ഗോത്രവർഗക്കാർക്കുവേണ്ടി ഗുണകരമായതൊന്നും ബിജെപി ചെയ്തിട്ടില്ലെന്ന്‌ രാജ്യത്തെ ജനങ്ങൾ മനസിലാക്കും. ഗോത്രവർഗജനതയെ അവർ വെറും വോട്ടുബാങ്കായി മാത്രം ഉപയോഗിക്കുകയാണ്.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുകയും അവിടത്തെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുകയും വേണം എന്ന പൊതു ആവശ്യത്തിനായി നാമെല്ലാവരും ഒന്നിക്കുക എന്നത് പ്രധാനമാണ്. മണിപ്പൂർ സർക്കാരും ഇന്ത്യ ഗവണമെന്റും എല്ലാ ഗോത്രവർഗക്കാരുടെയും ഗോത്രേതരവർഗത്തിൽപെട്ടവരുടെയും പ്രശ്നങ്ങളെയും അവരുടെ അവശ്യങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. എന്തെന്നാൽ അവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എല്ലാവിഭാഗം ജനങ്ങളെയും ഒരേ നിലയിൽ അഭിസംബോധന ചെയ്യുന്നതിനുവേണ്ടിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular