അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, ആദ്യം പാലക്കാട് ജില്ലാ സെക്രട്ടറി, പിന്നീട് മലപ്പുറം ജില്ലാ സെക്രട്ടറി, സിഐടിയു മലപ്പുറ ജില്ലാ പ്രസിഡന്റ് ഇങ്ങനെ പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും ഒട്ടനവധി ഭാരവാഹിത്വം സമർത്ഥമായി നിർവഹിച്ച സംഘാടകനായിരുന്നു ഇമ്പിച്ചിബാവ. സാധാരണക്കാരന്റെ വികാരവിചാരങ്ങൾക്കൊപ്പം നിലകൊണ്ട ഇമ്പിച്ചിബാവ മലബാറിലൊട്ടാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വോരോട്ടമുണ്ടാക്കുന്നതിൽ നിസ്‌തുല സംഭാവന ചെയ്‌തു. മുസ്ലിം സമുദായത്തെ കമ്യൂണിസ്റ്റ് പാർട്ടിയോടടുപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഇമ്പിച്ചിബാവയെക്കുറിച്ച് ഇ എം എസ് ഇങ്ങനെ എഴുതി:
‘‘മലബാർ പ്രദേശത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരിൽ ഏറ്റവും പ്രധാനിയായിരുന്നു ഇമ്പിച്ചിബാവ… ജാതിമതാദി പരിഗണനകൾക്കതീതമായി തൊഴിലാളിവർഗത്തിന്റെ ചേരിയിൽ കാലുറപ്പിച്ചു നിൽക്കുമ്പോൾപോലും, തൊഴിലാളിവർഗ പ്രസ്ഥാനത്തിലേക്ക് മുസ്ലിം സമുദായത്തെ ആകർഷിക്കാനുള്ള ഏറ്റവും നല്ല മാർഗത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു. മുസ്ലിം സമുദായത്തെക്കൂടി ഉൾക്കൊള്ളാത്ത ഒരു ഇടതുപക്ഷ പ്രസ്ഥാനത്തെയോ ഇടതുപക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന് വിഭാവനം ചെയ്യാൻ കഴിഞ്ഞില്ല’’.
1917 ജൂലൈ 17ന് പൊന്നാനിയിലാണ് ഇമ്പിച്ചിബാവ ജനിച്ചത്. പിതാവ് ഏഴുകുടിക്കൽ അബ്ദുള്ള. പിതാവ് ഒരു തുറമുഖത്തൊഴിലാളിയും കോൺഗ്രസ് നേതാവ് അബ്ദുറഹ്‌മാൻ സാഹിബിന്റെ അനുയായിയുമായിരുന്നു. ദേശീയപ്രസ്ഥാനം പുരോഗമനവാദികളെയൊന്നാകെ ആവേശം കൊള്ളിച്ചിരുന്ന കാലയളവിലാണ് ഇമ്പിച്ചിബാവയുടെ ബാല്യ‐കൗമാരങ്ങൾ. പഴഞ്ചൻ ആചാരങ്ങളെയെല്ലാം വെല്ലിവിളിച്ചുകൊണ്ടാണല്ലോ അബ്ദുറഹ്‌മാൻ സാഹിബ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചത്. പിതാവിന്റെ പ്രോത്സാഹനവും അബ്ദുറഹ്‌മാൻ സാഹിബിനോടുള്ള ആരാധനയും വിദ്യാർഥി ജീവിതകാലത്തുതന്നെ ഇമ്പിച്ചിബാവയെ ഒരു ഇടതുപക്ഷ കോൺഗ്രസുകാരനാക്കി.
സെന്റ് ജോസഫ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇന്പിച്ചിബാവ, സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാർഥി യൂണിയനിലെ അംഗവും സജീവപ്രവർത്തകനുമായി മാറി. അഖിലകേരള വിദ്യാർഥി സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിൽ ഇമ്പിച്ചിബാവ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് സാമൂതിരി കോളേജിൽ സംഘടിപ്പിക്കപ്പെട്ട ആ സമ്മേളനം ഇമ്പിച്ചിബാവയിലെ സംഘാടകന്റെ മികവ് ശരിക്കും വെളിവാകുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇമ്പിച്ചിബാവ വളരെവേഗം പി കൃഷ്‌ണപിള്ളയുടെ ശ്രദ്ധയിൽപെട്ടു. പിന്നീടുള്ള ഇമ്പിച്ചിബാവയുടെ പ്രവർത്തനങ്ങളിൽ സഖാവിന്റെ സ്വാധീനവും ഉപദേശ‐നിർദേശങ്ങളും വലിയ സ്ഥാനംപിടിച്ചു.
അബ്ദുറഹ്‌മാൻ സാഹിബ് ഇടതുപക്ഷ കോൺഗ്രസുകാരനായിരുന്നു. അദ്ദേഹത്തിന്റെ അനുയായിയായിരിക്കുമ്പോൾ തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി ഇമ്പിച്ചിബാവ മാറി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയൊന്നാകെ കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയതോടെ ഇമ്പിച്ചിബാവ ഉറച്ച കമ്യൂണിസ്റ്റുകാരനായി മാറി; എന്നുമാത്രമല്ല മലബാർ പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായി ഉയരുകയും ചെയ്‌തു.
പൊന്നാനിയിലെ അസംഘടിതരായിരുന്ന ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്ത് സജീവമായത്.
1943ൽ പൊന്നാനിയിലാകെ കോളറ വ്യാപകമായി പിടിപെട്ടു. ആബാലവൃദ്ധം ജനങ്ങളും അതിന്റെ മാരകമായ ആക്രമണംമൂലം പൊറുതിമുട്ടി. രോഗബാധിതരെ ശുശ്രൂഷിക്കാൻ ഭയംമൂലം ബന്ധുക്കൾപോലും അടുത്തുപോകാത്ത ഭീകരാവസ്ഥ. കോളറബാധിതരെ സഹായിക്കാനും ആശ്വാസം അവർക്കെത്തിക്കാനും ജീവൻപോലും പണയംവെച്ച് കമ്യൂണിസ്റ്റുകാർ രംഗത്തിറങ്ങി. പൊന്നാനിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത് ഇമ്പിച്ചിബാവയായിരുന്നു. ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ഇടപെടൽമൂലം സാധിച്ചു.
1948ൽ കൽക്കട്ടയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ മലബാറിൽനിന്നുള്ള പ്രതിനിധികളിൽ ഒരാളായിരുന്നു ഇമ്പിച്ചിബാവ. കൽക്കട്ട തിസീസിന്റെ പശ്ചാത്തലത്തിൽ പാർട്ടി നിരോധിക്കപ്പെട്ടതോടെ അദ്ദേഹം ഒളിവിൽ പ്രവർത്തിച്ചു. ഇമ്പിച്ചിബാവയെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസിന് നിരാശപ്പെടേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവിനെ അറസ്റ്റു ചെയ്‌തുകൊണ്ടാണ് അവർ പ്രതികാരം തീർത്തത്. 1952ൽ മദ്രാസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് ഇമ്പിച്ചിബാവ തിരഞ്ഞെടുക്കപ്പെട്ടു.
സരസമായ പ്രസംഗശൈലിക്കുടമ
സാധാരണക്കാരെ ആകർഷിക്കുന്ന സരസമായ പ്രസംഗശൈലി ഇമ്പിച്ചിബാവയുടെ സവിശേഷതയായിരുന്നുവെന്ന് സമാകാലികർ വിലയിരുത്തിയിട്ടുണ്ട്. സമകാലിക രാഷ്‌ട്രീയവിഷയങ്ങളെ ഫലിതം ഇടകലർത്തി ഇമ്പിച്ചിബാവ പ്രസംഗിക്കുമ്പോൾ ആയിരങ്ങളാണ് ശ്രദ്ധയോടെ അത് ശ്രവിച്ചത്. ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രഭാഷണകലയുടെ ആചാര്യൻകൂടിയായിരുന്നു അദ്ദേഹം. നല്ല ഗായകൻകൂടിയായിരുന്ന അദ്ദേഹം പ്രസംഗത്തിനിടയിലും സംഭാഷണത്തിനിടയിലും ഗാനങ്ങൾ ആലപിച്ചിരുന്നതായി സഹപ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യസംഭാഷണങ്ങളിലെ ഇമ്പിച്ചിബാവയുടെ നർമവും വളരെ പ്രസിദ്ധമാണ്. കർക്കശമായ രാഷ്‌ട്രീയ‐പ്രത്യയശാസ്‌ത്ര നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വതസിദ്ധമായ നർമം പ്രയോഗിച്ച് സുഹൃത്തുക്കളെ രസിപ്പിക്കുന്നതിൽ അനുപമമായ കഴിവായിരുന്നു അദ്ദേഹത്തിനെന്ന് സുഹൃത്തുക്കൾ വിലയിരുത്തുന്നു.
1952‐54 കാലത്ത് ഇമ്പിച്ചിബാവ രാജ്യസഭാംഗമായിരുന്നപ്പോൾ സഭയിൽ മലയാളത്തിൽ സംസാരിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അതേവരെ പ്രാദേശിക ഭാഷകളിൽ പാർലമെന്റിൽ ആരും സംസാരിച്ചിരുന്നില്ല. അതിനെ കീഴ്‌വഴക്കങ്ങളും മറ്റും ഉദ്ധരിച്ച് പലരും എതിർത്തു. എന്നാൽ മാതൃഭാഷയിൽ സംസാരിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി ഇമ്പിച്ചിബാവ ശക്തിയായി വാദിച്ചു. അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് ഇടപെട്ടു. ഒടുവിൽ ഇമ്പിച്ചിബാവയുടെ നിശ്ചയദാർഢ്യം തന്നെ വിജയിച്ചു. അദ്ദേഹം മലയാളത്തിൽ പ്രൗഢമായി സംസാരിച്ചു. പിന്നീട് പലരും മാതൃഭാഷകളിൽ സംസാരിച്ചിട്ടുണ്ട്. ഇന്നും അതിനു തയ്യാറാകുന്നവരുമുണ്ട്.
എ കെ ജിയുടെ ലഫ്‌റ്റനന്റ്
1962ൽ അദ്ദേഹം പെന്നാനിയിൽനിന്നും 1980ൽ കോഴിക്കോട്ടുനിന്നും ലോക്‌സഭയിലേക്ക് ഇമ്പിച്ചിബാവ തിരഞ്ഞെടുക്കപ്പെട്ടു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിന് പരിഹാരം കണ്ടെത്തുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധപതിപ്പിച്ചു. എ കെ ജിയുമായുണ്ടായിരുന്ന ഇമ്പിച്ചിബാവയുടെ ബന്ധത്തെക്കുറിച്ച് സുശീലാ ഗോപാലൻ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘എ കെ ജിയും ഇമ്പിച്ചിബാവയും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു. എ കെ ജിയുടെ ലഫ്‌റ്റനന്റാണ് ഇദ്ദേഹമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. രാഷ്ര്‌ട്രീയപ്രശ്‌നങ്ങളിൽ ചൂടുപിടിച്ച വാഗ്വാദങ്ങൾ ഇരുവരും നടത്തുമായിരുന്നുവെങ്കിലും ഒരിക്കലും ഒരു ശണ്‌ഠയുടെ മാനത്തിലേക്ക് അത് വളരാതിരിക്കാൻ രണ്ടുപേരും ശ്രദ്ധിക്കുമായിരുന്നു. കുടുംബസദസ്സുകളിൽ ഇരുവരും ചേർന്നാൽ പിന്നെ എനിക്കും ഫാത്തിമ ടീച്ചർക്കും ചിരിക്കാനേ നേരമുണ്ടാകൂ. ഇമ്പിച്ചിബാവയും എ കെ ജിയും തമാശയുടെ അമിട്ടുകൾ മത്സരിച്ച് പൊട്ടിച്ചുകൊണ്ടിരിക്കും… എന്റെ മകൾക്ക് പേരിട്ടത് ഇമ്പിച്ചിബാവയാണ്. നിങ്ങളുടെ കുട്ടി ആണായാലും പെണ്ണായാലും ഞാനാണ് പേരിടുക. ആ പേര് എന്റെ സമുദായത്തിൽ സാധാരണയിടുന്ന ഒരു പേരായിരിക്കുമെന്ന് എ കെ ജിയോടും എന്നോടും ഇമ്പിച്ചിബാവ പറയുമായിരുന്നു. ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നപ്പോൾ ഇമ്പിച്ചിബാവ തിരഞ്ഞെടുത്ത പേര് ലൈല എന്നായിരുന്നു. എ കെ ജിയും ഞാനും സന്തോഷപൂർവം ആ പേര് സ്വീകരിച്ചു’’.
പ്രഗത്ഭനായ ഗതാഗതമന്ത്രി
1967ൽ മണ്ണാർക്കാട്ടുനിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിൽ ഗതാഗതവകുപ്പ് കൈകാര്യം ചെയ്‌തത് അദ്ദേഹമാണ്. മന്ത്രിയെന്ന നിലയിലാണ് ഇമ്പിച്ചിബാവ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സാങ്കേതികതയുടെ നൂലാമാലകളെയും ചില ഉദ്യോഗസ്ഥ മേധാവികളുടെ ദുശ്ശാഠ്യത്തെയും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ മറികടന്നു. ഫയലുകളിൽ വകുപ്പ് സെക്രട്ടറിയോ മറ്റ് ഉദ്യോഗസ്ഥരോ എഴുതുന്നതിനോട് യോജിക്കാമെങ്കിൽ അതിനോട് യോജിക്കുന്നു എന്ന് അദ്ദേഹം മലയാളത്തിൽ എഴുതും. യോജിപ്പില്ലെങ്കിൽ ‘‘അതിനോട് യോജിക്കുന്നില്ല, താഴെപറയുന്ന കാര്യങ്ങൾ അനുസരിച്ചുകൊള്ളുകയും വേണം’’ എന്ന് മലയാളത്തിൽ അക്കമിട്ട് എഴുതുകയും ചെയ്യുമായിരുന്നു.
സാങ്കേതികത്വത്തെ പുഷ്‌പംപോലെ മറികടക്കാനുള്ള ഇമ്പിച്ചിബാവയുടെ ശേഷിയെക്കുറിച്ച് പാലോളി മുഹമ്മദ്‌കുട്ടി ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘‘പെരിന്തൽമണ്ണ മണ്ഡലത്തിൽനിന്നാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് (1967ൽ). ഇ എം എസിന്റെ ജന്മദേശമായ ഏലംകുളം പെരിന്തൽമണ്ണ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഒരു ചെത്തുവഴിയാണ് ഏലംകുളത്തെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണി. അതൊന്ന് ഗതാഗതയോഗ്യമായി കിട്ടുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഇ എം എസ് മുഖ്യമന്ത്രിയായതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് സാമാന്യജനങ്ങളും പാർട്ടി സഖാക്കളും ആത്മാർത്ഥമായി വിശ്വസിച്ചു. അതിനായി നിവേദനങ്ങൾ സമർപ്പിച്ചു. പക്ഷേ അനക്കമില്ല. പ്രതീക്ഷകൾക്ക് മങ്ങലേറ്റു. നൈരാശ്യവും രോഷവും പടരാൻ തുടങ്ങി. ഒടുവിൽ എംഎൽഎ മുഖ്യമന്ത്രിയോടു തന്നെ കാര്യം പറയണമെന്നായി തീരുമാനം. ഇ എം എസിനെ കാണുന്നതിനു മുന്പ് പാർട്ടി സംസ്ഥാന സെക്രട്ടറി സി എച്ച് കണാരനെ ചെന്നുകണ്ടു. ഇ എം എസിനോട് പറഞ്ഞിട്ടൊന്നും ഫലമില്ല എന്നായിരുന്നു ചിരിച്ചുകൊണ്ട് സി എച്ചിന്റെ പ്രതികരണം. എന്നിട്ടും ഇ എംസിനെ കണ്ട് കാര്യം പറഞ്ഞു. ടി കെ ദിവാകരനല്ലേ വകുപ്പുമന്ത്രി. അദ്ദേഹത്തോട് പറയൂ എന്നായി മുഖ്യമന്ത്രി. വകുപ്പ് മന്ത്രി നോക്കാം എന്ന ഒഴുക്കൻ മറുപടി. മാസങ്ങൾ നീണ്ട കാത്തിരിപ്പ് വൃഥാവിലായി.
‘‘എംഎൽഎയുടെ ധർമസങ്കടം പുറത്തറിയിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ഇമ്പിച്ചിബാവയോട് വിവരം പറയാമെന്ന് നിശ്ചയിച്ചു. ചെല്ലുമ്പോൾ അദ്ദേഹം ആപ്പീസിൽനിന്ന് പുറത്തിറങ്ങുന്നു. വലിയ ഒരു പരിവാരവും ഒപ്പമുണ്ട്. എന്താ പാലോളീ എന്ന സ്‌നേഹം തുളുന്പുന്ന അന്വേഷണം. അൽപം സംസാരിക്കാനുണ്ട്. രഹസ്യമായിട്ടാവാം എന്ന് ഞാൻ പറഞ്ഞപ്പോൾ ഇമ്പിച്ചിബാവ ആപ്പീസിലേക്ക് മടങ്ങി. ഞങ്ങൾ മാത്രമായപ്പോൾ മനസ്സിലെ വിഷമം അണപൊട്ടി. ഞാൻ എംഎൽഎ സ്ഥാനം രാജിവെക്കുകയാണ്. മടുത്തു. ഇതുകേട്ട ഉടനെ ഇമ്പിച്ചിബാവ ക്ഷുഭിതനായി. താനെന്ത് ഭ്രാന്താണ് പറയുന്നത്? കാര്യം പറയ്.
‘‘ഏലംകുളം റോഡിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ ഞാൻ വിവരിച്ചു. അദ്ദേഹം എല്ലാം ക്ഷമയോടെ കേട്ടു. ദിവാകരനോട് താൻ പറയാമെന്ന് ഇമ്പിച്ചിബാവ ഏറ്റു.
‘‘തൊട്ടടുത്ത ദിവസം ഇമ്പിച്ചിബാവയുടെ ഫോൺ. മറ്റന്നാൾ പെരിന്തൽമണ്ണ ടിബിയിൽ ഉണ്ടാകണം. ദിവാകരൻ വരും. ഞാനുമുണ്ടാകും.
‘‘പെരിന്തൽമണ്ണ മണ്ഡലത്തിൽ തന്നെയുള്ള ഒറവംപുറം പാലത്തിന്റെ ഉദ്‌ഘാടനത്തിനാണ് പൊതുമരാമത്തുമന്ത്രി എന്ന നിലയിൽ ദിവാകരൻ പങ്കെടുക്കുന്നത്. നിശ്ചിതസമയത്ത് ടിബിയിൽ എത്തി. മൂന്നുപേരും ഒത്തുകൂടി. ഇമ്പിച്ചിബാവ തുടങ്ങി. ദിവാകരാ ഇ എം എസിനെക്കുറിച്ച് എന്താണഭിപ്രായം?
‘‘ഇമ്പിച്ചിബാവ എന്തേ ഇങ്ങനെ ചോദിക്കാൻ? ഇ എം എസ് ഒരു മഹാനല്ലേ?
ഇമ്പിച്ചിബാവ വിട്ടില്ല. ഇ എം എസിന്റെ നാട്ടിൽ എന്തെങ്കിലും നടത്തുവാൻ ഇ എം എസ് ആരോടെങ്കിലും ശുപാർശ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?
അതദ്ദേഹം ചെയ്യുമോ? അതല്ലേ ഇ എസ് എസിന്റെ മഹത്വം. എന്നായി ദിവാകരൻ.
പിന്നെ ഇമ്പിച്ചിബാവ ഏലംകുളം റോഡിന്റെ കാര്യം എടുത്തിട്ടു. താനത് ശരിയാക്കിയല്ലോ എന്നായി ദിവാകരൻ. ശരിയായത് റെയിൽവേ ഗേറ്റ് മാത്രമാണെന്നും റോഡിന്റെ കാര്യം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും ഞാൻ വിവരിച്ചു.
ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും അടുത്ത ബജറ്റിൽ നോക്കാമെന്നുമായിരുന്നു അപ്പോൾ ദിവാകരന്റ പ്രതികരണം. ഇമ്പിച്ചിബാവയുടെ സ്വരമുയർന്നു: ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നൊന്നുമല്ല പ്രശ്‌നം. പണി നടക്കണം. ജനങ്ങളുടെ ആവശ്യം അതാണ്. അത് നടത്തിയിട്ട് അംഗീകാരവും നടപടികളുമെല്ലാം പിന്നീടാവാം.
പിന്നീട് നീക്കം പെട്ടെന്നായിരുന്നു. രണ്ടുമാസത്തിനകം റോഡ് പണി പൂർത്തിയായി’’.
കെഎസ്‌ആർടിസയിൽ ഏറ്റവുമധികം വികസനം നടന്നത് ഇമ്പിച്ചിബാവ മന്ത്രിയായിരുന്ന സമയത്തായിരുന്നുവെന്ന കാര്യം തർക്കമറ്റ വസ്‌തുതയാണ്. അതോടൊപ്പം തികച്ചും ജനകീയനായ മന്ത്രിയുമായിരുന്നു അദ്ദേഹം. കെഎസ്‌ആർടിസി അന്ന് അറിയപ്പെട്ടിരുന്നത് ഇമ്പിച്ചിബാവയുടെ വണ്ടി എന്നായിരുന്നു. ഭരണാധികാരിയും ജനപ്രതിനിധിയും എന്ന നിലയിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾക്ക് ഇമ്പിച്ചിബാവ നേതൃത്വം നൽകി. പൊന്നാനി മത്സ്യബന്ധന തുറമുഖത്തിന്റെ ശിൽപി അദ്ദേഹമാണ്. അതുപോലെ എണ്ണിയാലൊടുങ്ങാത്ത നിരവധി വികസനപ്രവർത്തനങ്ങൾ ഈ ‘പൊന്നാനി സുൽത്താന്റെ’ ശ്രമഫലമായി ഉണ്ടായിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിന്റെ ഉപജ്ഞാതാവ്
സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന കെ സെ്‌താലിക്കുട്ടി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്.: ‘‘ഇന്നത്തെ കരിപ്പൂർ വിമാനത്താവളത്തിന്റെ ഉപജ്ഞാതാവ് ഇമ്പിച്ചിബാവയാണെന്ന കാര്യം അധികമാർക്കുമറിയില്ല. അദ്ദേഹം ഗതാഗതവകുപ്പിന്റെ ചുമതല വഹിക്കുന്ന കാലത്താണ് വിമാനത്താവളത്തിനുള്ള സ്ഥലം സർക്കാർ അക്വയർ ചെയ്‌തത്. കണ്ണംകോട്ടുപാറ എന്നാണ് ഇപ്പോൾ വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അന്നത്തെ പേര്. ഞങ്ങൾ ചെറുപ്പകാലത്ത് കളിക്കാൻ പോയിരുന്ന സ്ഥലം.
‘‘വിമാനത്താവളത്തിന് സ്ഥലം അക്വയർ ചെയ്യുന്നുവെന്നറിഞ്ഞ് ചില എതിർപ്പുകളുണ്ടായി. സ്ഥലം കരിപ്പൂർ അധികാരിയുടേതായിരുന്നു. അധികാരിക്ക് പണം ലാഭിക്കാനുള്ള ഒരേർപ്പാടാണിതെന്നായിരുന്നു ഒരു പ്രചാരണം. വിമാനത്താവളമുണ്ടായാൽ യുദ്ധം വരുമ്പോൾ ആദ്യം ബോംബ് ഇവിടെയാണിടുക. അതുകൊണ്ട് വിമാനത്താവളം വേണ്ട എന്ന് മറ്റൊരു പ്രചാരണവുമുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് സ്ഥലം ഗവൺമെന്റ് ഏറ്റെടുത്തു. ഇതിനായി കാളീശ്വരൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്‌തു.
‘‘പ്രതിഫലം മുൻകൂട്ടി കൊടുക്കാതെയാണ് സ്ഥലം ഏറ്റെടുത്തത്. യഥാർഥത്തിൽ കരിപ്പൂർ വിമാനത്താവളം ഇമ്പിച്ചിബാവയുടെ ജീവിക്കുന്ന സ്‌മാരകമാണ്. വർഷങ്ങൾക്കുശേഷം വിമാനത്താവളം പണികഴിഞ്ഞ് ഉദ്‌ഘാടനം ചെയ്‌തപ്പോൾ അന്നത്തെ ഭരണക്കാർ തീർത്തും ഇമ്പിച്ചിബാവയെ അവഗണിച്ചു. ശിലാസ്ഥാപന ചടങ്ങിലും ഉദ്‌ഘാടന ചടങ്ങിലും കാഴ്‌ചക്കാരനായി സഖാവ് ഉണ്ടായിരുന്നു’’.
ഉജ്വല പോരാളിയായിരുന്ന ഇമ്പിച്ചിബാവ പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. 1940, 1942, 1964 എന്നീ വർഷങ്ങളിലും അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം ജയിൽവാസമനുഭവിച്ചു.
1970കളുടെ ആരംഭത്തിൽ നടന്ന മിച്ചഭൂമിസമരത്തിന് മലപ്പുറം ജില്ലയിൽ നേതൃത്വം നൽകിയത് ഇമ്പിച്ചിബാവയായിരുന്നു. നിലന്പൂർ കോവിലകത്തിന്റെ മിച്ചഭൂമി പിടിച്ചെടുക്കുന്ന സമരത്തിന് അദ്ദേഹം ധീരമായ നേതൃത്വം നൽകി. അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയിൽ അദ്ദേഹം ചെയ്‌ത പ്രസംഗം ചരിത്രപ്രധാനമാണ്. ഭൂരഹിതരുടെ വേദനകളെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ പോരാളിയുടെ ശബ്ദമായിരുന്നു അതിൽ മുഴങ്ങിയത്.
രോഗാവസ്ഥമൂലം കഷ്ടപ്പെടുമ്പോഴും പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തു. ഏതു പ്രതികൂല സാഹചര്യത്തെയും ഇച്ഛാശക്തികൊണ്ട് മറികടന്ന ഇമ്പിച്ചിബാവ ആയുഷ്‌കാലം മുഴുവൻ ആ വീറ് നിലനിർത്തിയിരുന്നു.
ഫാത്തിമ ടീച്ചറാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. പൊന്നാനി മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്‌സണായി ടീച്ചർ പ്രവർത്തിച്ചിട്ടുണ്ട്. ഖലീൽ, മുഷ്‌താഖ്, ജലീൽ, സലാം, സീനത്ത് എന്നിവർ മക്കൾ. പൊന്നാനി മുനിസിപ്പാലിറ്റിയുടെ പ്രഥമ ചെയർമാനായിരുന്ന ഇ കെ അബൂബേക്കർ ഇമ്പിച്ചിബാവയുടെ സഹോദരനാണ്.
1995 ഏപ്രിൽ 11ന് ഇമ്പിച്ചിബാവ അന്തരിച്ചു. ♦
കടപ്പാട്: ഐ വി ദാസ് എഡിറ്റ് ചെയ്‌ത ‘പരിവേഷങ്ങളില്ലാത്ത ജനനായകൻ’ എന്ന പുസ്‌തകം.
ചിന്ത പബ്ലിഷേഴ്‌സാണ് ഇതിന്റെ പ്രസാധകർ