Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെബൊലുവാർത്തെ ഗവൺമെന്റിനെതിരെ പത്തുദിന പ്രക്ഷോഭം

ബൊലുവാർത്തെ ഗവൺമെന്റിനെതിരെ പത്തുദിന പ്രക്ഷോഭം

സിയ ആയിഷ

പെറുവിലെ 25 ഓളം വരുന്ന പ്രദേശങ്ങളിലെ വിവിധ സാമൂഹ്യ സംഘടനകളും ട്രേഡ് യൂണിയനുകളും തലസ്ഥാനനഗരമായ ലിമയിൽ ജൂലൈ 1, 2 തീയതികളിൽ ‘പ്രദേശങ്ങളുടെയും സംഘടിത ജനങ്ങളുടെയും ആദ്യത്തെ ദേശീയ യോഗം’ എന്ന പേരിൽ വിപുലമായ യോഗം ചേരുകയുണ്ടായി. ഏകാധിപതിയായ പ്രസിഡൻറ് ദിന ബൊലുവാർത്തെ നയിക്കുന്ന നിലവിലെ ഗവൺമെന്റിനെതിരായി വിവിധ ശക്തികളെ ഏകോപിപ്പിച്ചുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായിരുന്നു ഈ യോഗം ചേർന്നത്. തദ്ദേശീയ ജനങ്ങളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും രണ്ടുദിവസം നീണ്ട സംയുക്ത യോഗത്തിൽ, പ്രസിഡൻറ് ബൊലുവാർത്തെ അടിയന്തരമായി രാജിവെക്കുക, വലതുപക്ഷം ആധിപത്യം പുലർത്തുന്ന കോൺഗ്രസ് പിരിച്ചുവിട്ടു, പുതിയ പൊതു തിരഞ്ഞെടുപ്പ്‌ നടത്തുക, പുതിയ ഭരണഘടന നിർമിക്കുന്നതിനായി ഒരു ഭരണഘടന നിർമ്മാണ അസംബ്ലി രൂപീകരിക്കുക, പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കുക, പ്രക്ഷോഭങ്ങളിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ അക്രമ പേക്കൂത്തുകളിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രക്ഷോഭം ജൂലൈ 19ന് തുടക്കമിടുമെന്നും ലിമ അതിന്റെ കേന്ദ്രസ്ഥാനം ആയിരിക്കുമെന്നും സ്വാതന്ത്ര്യ ദിനമായ ജൂലൈ 28ന് പ്രക്ഷോഭം അവസാനിപ്പിക്കും എന്നും നാഷണൽ അസംബ്ലി ഓഫ് ദി പീപ്പിൾസ് പ്രതിനിധിയായ ജോർജി പിസാരോ വ്യക്തമാക്കി. ‘ലിമ പിടിച്ചെടുക്കുക’ എന്ന മുദ്രാവാക്യത്തോടുകൂടി ആയിരിക്കും പ്രതിഷേധ പ്രക്ഷോഭം ആരംഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം ഈ പ്രക്ഷോഭത്തെ സർവ്വവിധ സന്നാഹങ്ങളും ഉപയോഗിച്ച് തടയുന്നതിനായി ജൂലൈ 19ന് തലസ്ഥാന നഗരത്തിൽ 8000 പോലീസ് ഓഫീസർമാരെ നിയോഗിക്കുന്നതിന് ഗവൺമെൻറ് ഇപ്പോൾതന്നെ ഉത്തരവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. കാസ്റ്റിയോ എന്ന ഇടതുപക്ഷക്കാരനായ പ്രസിഡൻറ് ഭരിച്ചിരുന്ന പെറുവിൽ അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുകയും പെദ്രോ കസ്റ്റിയോയെ അറസ്റ്റ് ചെയ്തു തടവിലാക്കുകയും ചെയ്ത് പ്രസിഡൻറ് സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ബൊലുവാർത്തെ ഓരോ ദിവസം പിന്നിടുമ്പോഴും ജനങ്ങളുടെ അസംതൃപ്തിക്ക് പാത്രമായി മാറുകയാണ്. ദേശീയ ദിനത്തിന് മുൻപ് തന്നെ പ്രസിഡൻറ് രാജിവച്ച് ഒഴിയണം എന്നും എങ്കിൽ മാത്രമേ രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ എന്നും സിംഗിൾ നാഷണൽ യൂണിയൻ ഓഫ് അർബൻ ആൻഡ് പെസൻറ് പട്രോൾസ് മൂവ്മെന്റിന്റെ പ്രസിഡന്റായിട്ടുള്ള സാന്തോസ് സാവേദ്ര പറഞ്ഞു.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെറൂവിയൻ സ്റ്റഡീസ് ഏറ്റവും പുതുതായി നടത്തിയ സർവ്വേ പ്രകാരം ദിന ബൊലുവാർത്തെയുടെ ഭരണത്തോടും അവരോട് തന്നെയുമുള്ള ജനങ്ങളുടെ വെറുപ്പ് ജനുവരിയിൽ 71% ആയിരുന്നത് ജൂണിൽ 80% ആയി വർധിച്ചിരിക്കുന്നു. രാജ്യത്തെ കോൺഗ്രസിനോടുള്ള വെറുപ്പ് ജനുവരിയിൽ 88% ആയിരുന്നത് ജൂണിൽ 91 ശതമാനമായും വർദ്ധിച്ചിരിക്കുന്നു. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവ്വേ കാണിക്കുന്നത് രാജ്യത്തെ ജനങ്ങളിൽ 47 ശതമാനം പേർ നിലവിലെ ഭരണഘടനയിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നാണ്‌. അതേസമയം 34% ജനങ്ങൾ 1993ൽ ആൽബർട്ടോ ഫുജിമോറിയുടെ സ്വേച്ഛാധിപത്യ കാലത്ത് രൂപംകൊടുത്ത ഭരണഘടന പൂർണമായും മാറ്റി പുതിയത് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഈ സർവ്വേയ്ക്ക് പെറുവിയൻ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. പെറുവിൽ ദിന ബൊലുവാർത്തെ നടത്തുന്ന സ്വേച്ഛാധിപത്യപരമായ രാഷ്ട്രീയ കയ്യേറ്റത്തിനെതിരാണ് പെറുവിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ എന്ന് ഈ സർവ്വേയിൽ നിന്നും നമുക്ക് കാണാനാകും. അതുകൊണ്ടുതന്നെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാൻ ജൂലൈ 19ന് ആരംഭിക്കുന്ന ഈ 10 ദിന പ്രക്ഷോഭത്തിന് സാധിക്കുമെന്നുതന്നെ പറയാവുന്നതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 2 =

Most Popular