മാരി സെൽവരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാമന്നൻ. പരിയേറും പെരുമാൾ, കർണൻ എന്നീ മുൻ ചിത്രങ്ങളുടെ പ്രമേയപരവും ആഖ്യാനപരവുമായ നൈരന്തര്യം പുലർത്തുന്ന സിനിമയാണ് മാമന്നൻ. ആദ്യ ചിത്രത്തിന്റെ ദൗർബല്യങ്ങൾ കർണനിൽ ശക്തമാവുകയും മാമന്നനിൽ സിനിമയുടെ ആഖ്യാനസവിശേഷതകളെ തകർത്തുകളയുവോളം എത്തുകയും ചെയ്യുന്നു. കമ്പോളവിജയത്തെ സംബന്ധിച്ച പരമ്പരാഗത യുക്തിയെ മറികടക്കാനാവുന്നില്ല മാരി സെൽവരാജിനും.
തമിഴ്‌നാടിന്റെ ഉള്ളകങ്ങളിൽ തീപോലെ എരിയുന്ന ജാതി പലപ്പോഴും ലാവാ പ്രവാഹമാകുന്ന കാഴ്ച നാം കാണുന്നുണ്ട്. തമിഴ്‌നാട്ടിലെ ജാതിസംഘർഷങ്ങളെ ജാതി ഹിന്ദുക്കളും ദളിതരും തമ്മിലുള്ള വൈരുധ്യങ്ങളിൽ നിന്നും ഉത്ഭൂതമാകുന്ന സംഭവങ്ങളായി വ്യാഖ്യാനിക്കുകയാണ് പതിവ്. എന്നാൽ പതിവ് സവർണാവർണ പ്രശ്നമായല്ല തമിഴിലെ ജാതിപ്രശ്നങ്ങൾ ഉയർന്നുവരുന്നത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന ജാതിവിഭാഗങ്ങളും ദളിതരും തമ്മിലാണ് സംഘർഷങ്ങൾ ഉടലെടുക്കുന്നത്. അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾ ഭൂസ്വത്ത്, വിദ്യാഭ്യാസം, രാഷ്ട്രീയാധികാരം എന്നിവ നേടാൻ തുടങ്ങുമ്പോഴുണ്ടാകുന്ന ആത്മാഭിമാന നിലപാടുകൾ നാളിതുവരെ യജമാനഭാവത്തിൽ തുടർന്നവർക്ക് കൊടിയ പ്രഹരമായി തീരുന്നു. ഇത് തീക്ഷ്ണമായ വർഗ പ്രശ്നം കൂടിയാണെന്ന് പലരും കാണുന്നില്ല.
മാമന്നൻ അത്തരമൊരു പരിസരത്താണ് വികസിക്കുന്നത്. മാമന്നൻ എന്നാൽ മഹാരാജാവ്. എന്നാൽ മാമന്നൻ അടിച്ചമർത്തപ്പെട്ട ജാതിസമൂഹത്തിലെ അടിത്തട്ടിൽനിന്നും രാഷ്ട്രീയാധികാരത്തിന്റെ പിന്നാമ്പുറങ്ങളിൽ വരെ ചെന്നെത്തിയവനാണ്. അയാൾക്ക് ജാതിപ്രമാണികളുടെ വസതികളിൽ കസേര ലഭിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തു പ്രസിഡന്റിന് നിലത്തിരിക്കേണ്ടി വരുന്നു. കസേര തമിഴ്‌നാട്ടിൽ ഒരു അധികാരപ്രശ്നവും അഭിമാനപ്രശ്നവുമാണ്. ഇത് രണ്ടും ദളിതർക്കു നിഷേധിക്കുന്നതിനെതിരായ പൊട്ടിത്തെറികൾ നാം കേട്ടുതുടങ്ങുന്നു. മാമന്നൻ ‘മണ്ണ്’ എന്ന് വിളിക്കപ്പെടുന്നതും അവമതിയുടെ ജനപ്രിയ രൂപമാണ്.
മാമന്നൻ എംഎൽഎ ആണ്. എന്നാൽ ജാതിവെറി മൂത്ത ‘സീനിയർ സിറ്റിസൺ’മാരാൽ കുളത്തിലേക്ക് എറിഞ്ഞു കൊല്ലപ്പെട്ട ദളിത് കൗമാരക്കാരുടെ നീതിയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവുന്നില്ല. സാമൂഹ്യനീതിക്കുവേണ്ടി പോരാടുന്ന പാർട്ടിയാണെങ്കിലും മാമന്നന്റെ സാമൂഹ്യനീതി പാർട്ടി തെരഞ്ഞെടുപ്പുവരുന്ന കാലയളവിൽ ജാതിപ്രമാണിമാരെ പിണക്കാൻ തയ്യാറാവുന്നില്ല. കുളത്തിൽ നീന്തിക്കുളിച്ചവരുടെയൊപ്പം മാമന്റെ മകൻ ആദിവീരൻ എന്ന ‘വീര’യുമുണ്ടായിരുന്നു. വീരന് പരിക്കേൽക്കുന്നുണ്ടെങ്കിലും മരിക്കുന്നില്ല. അപ്പന്റെ നിസ്സഹായാവസ്ഥ മകന് മനസിലാകുന്നില്ല. അപ്പന്റെ വിധേയത്വം മകനിൽ വെറുപ്പുണ്ടാക്കുന്നു. വീടുവിട്ടുപോകുന്ന വീരനെ ഒരു കളരിപ്പയറ്റൻ കൂട്ടിക്കൊണ്ടുപോയി വിദ്യാഭ്യാസവും കളരിമുറകളും പഠിപ്പിക്കുന്നു. സ്വപിതാവിനോടുള്ള അയാളുടെ അകൽച്ച നാൾക്കുനാൾ കൂടിവരുന്നു.
മാരി സെൽവരാജിന്റെ സിനിമകളിൽ മനുഷ്യരാൽ അവമതിക്കപ്പെട്ട മൃഗങ്ങൾ കടന്നുവരുന്നു. ഒരു അഭിമുഖത്തിൽ മാരി അത് വ്യക്തമാക്കുന്നുണ്ട്. ദളിതർ വളർത്തുന്ന മൃഗങ്ങൾക്കൊപ്പം ചേർത്ത് അവർ അവമതിക്കപ്പെടുന്നു. പരിയേറും പെരുമാളിൽ നായയും, കർണനിൽ കഴുതയും മാമന്നനിൽ അത് പന്നിയുമാണ്. ഇത്തരം പ്രതീകവൽക്കരണങ്ങൾ പ്രകടവും ശക്തവുമാണ്. മാമന്നൻ എംഎൽഎ ആയിരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രെട്ടറിയായ രത്നവേലു നായോട്ടത്തിൽ തോറ്റമ്പുന്നു. തോറ്റ നായയെ തല്ലിക്കൊല്ലുക മാത്രമല്ല ജയിച്ച നായയുടെ ഉടമകൾക്കെതിരെ അയാൾ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
അടുത്ത കാലത്തായി ഇറങ്ങുന്ന തമിഴ് സിനിമകളിൽ നിലവിലുള്ള വിദ്യാഭ്യാസകച്ചവടത്തെ പ്രശ്നവൽക്കരിക്കുകയും ‘പ്രതിരോധ വിദ്യാഭ്യാസത്തിന്റെ’ പുത്തൻ ശക്തികൾ നാമ്പിടുകയും ചെയ്യുന്നതിന്റെ സൂചനകളുണ്ട്. വിജയ് നിറഞ്ഞാടിയ മാസ്റ്ററും ധനുഷിന്റെ വാത്തിയും ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ മാത്രം. ജനകീയ മുഖമുള്ള ട്യൂഷൻ സെന്ററുകളെ വിദ്യാഭ്യാസ കച്ചവടക്കാർ ഇടിച്ചുതകർക്കുന്നതിന്റെ രാഷ്ട്രീയം വർഗപരമാണ്. അപരിഹാര്യമായ വർഗവൈരം.
വീരന്റെ സഹപാഠിയും ട്യൂഷൻ സെന്റർ നടത്തിപ്പുകാരിയുമായ ലീലയുടെ ട്യൂഷൻ സെന്റർ രത്‌നവേലുവിന്റെ ജ്യേഷ്ഠന്റെ ഗുണ്ടകൾ അടിച്ചുതകർക്കുന്നു. ആ കുട്ടികൾക്ക് വീരൻ തന്റെ അടിമുറ അഭ്യാസക്കളരി തുറന്നുകൊടുക്കുന്നു. അക്രമികൾ അവിടെയുമെത്തി സകലതും തകർത്തു. വീരനും കൂട്ടരും കൂട്ടമായി ചെന്ന് രത്‌നവേലുവിന്റെ കുടുംബം നടത്തുന്ന സ്ഥാപനങ്ങളും തകർക്കുന്നു.
ജാതിയും രാഷ്ട്രീയാധികാരവും കൈമുതലായവരും ഓരം ചേർക്കപ്പെടുന്നവരും തമ്മിൽ കൊമ്പുകോർക്കുന്നു. സമവായ ചർച്ചയ്ക്കു രത്‌നവേലുവിന്റെ വീട്ടിലെത്തുന്ന മാമന്നനും വീരയും അടിസ്ഥാനപരമായ ചില പ്രശ്നങ്ങളിലേക്കടുക്കുന്നു. രത്‌നവേലുവിന്റെ മുന്നിൽ മാമന്നൻ ഇരിക്കില്ല. അതിനു അനുവദിക്കുകയുമില്ല. കീഴാളത്വത്തിനു വിധേയമായവരുടെ അധമബോധത്തിൽ നിന്നും മോചിതനാവാൻ മാമന്നനു കഴിയുന്നില്ല. എന്നാൽ വിദ്യാഭ്യാസവും മെയ്‌ക്കരുത്തുമുള്ള വീരന് അത്തരം ബോധമില്ല. അവൻ ആധുനിക ശരീരവും മനസും രാഷ്ട്രീയവുമാണ്. അപ്പനോട് ഇരിക്കാൻ മകൻ പറയുന്നു. ‘യജമാനന്’ മുന്നിൽ മാമന്നന് ഇരുപ്പുറയ്ക്കുന്നില്ല. അയാൾ ഉറച്ചിരുന്നപ്പോൾ യജമാനൻ എഴുന്നേൽക്കുന്നു.
പിന്നെ, തെരഞ്ഞെടുപ്പ് പോരാട്ടമാണ്. സാമ്പ്രദായിക രാഷ്ട്രീയത്തെ ആദർശവൽക്കരിക്കാതെ തന്നെ സാധ്യതകളെ എടുത്തുകാട്ടുന്നു. ഡിഎംകെയുടെ അടയാളമുള്ള സാമൂഹ്യനീതി പാർട്ടി സ്ഥാനാർത്ഥിയായി മാമന്നൻ വിജയിക്കുന്നു.
ശക്തമായ പ്രമേയാവതരണത്തിലൂടെ മുന്നേറുന്ന സിനിമ ഇടവേള കഴിയുമ്പോൾ നൂലുപൊട്ടിയ പട്ടം പോലെ ഗതിതെറ്റി തളർന്നുവീഴുന്നു. എല്ലാ പ്രശ്നങ്ങളും അടിച്ചുതീർക്കുകയാണിവിടെ. പത്തു പതിനഞ്ചു ഗുണ്ടകളെ വീരൻ ഒറ്റയ്ക്കു അടിച്ചുവീഴ്‌ത്തുന്നതിനു അവൻ കളരിവിദഗ്ധൻ എന്ന ന്യായീകരണം പോരാ. കീഴാളത്വം മറികടക്കാൻ പ്രത്യയശാസ്ത്രബോധത്തോടൊപ്പം സംഘടനയും മെയ്‌ക്കരുത്തും അനിവാര്യമാണ്. എന്നാൽ പതിവു ശൈലിയിൽ എല്ലാം നായകൻ തന്നെ ഒറ്റയ്ക്ക് ചെയ്യുമെന്ന പിടിവാശി മാരി സെൽവരാജിനെ പോലെ മാധ്യമക്കൈത്തഴക്കം തെളിയിച്ച ഒരു സംവിധായകന് ചേർന്നതല്ല. ദളിത് സ്വത്വപ്രശ്നത്തെ തീവ്രത ചോരാതെ അവതരിപ്പിക്കുന്ന മാരി, എന്നാൽ, സ്ത്രീകഥാപാത്രങ്ങളോട് ചെയ്യുന്നത് എന്താണ്?
ഉദയനിധി സ്റ്റാലിന്റെ ആദിവീരന്റെ ധീരപരിവേഷത്തിനു കൊഴുപ്പുകൂട്ടാനാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ലീലയെ ഉപയോഗപ്പെടുത്തുന്നത്. കറുത്ത ശരീരങ്ങൾക്കൊപ്പം ചേരാതെ നിറത്തിലും വസ്ത്രധാരണത്തിലും വേറിട്ടുനിൽക്കുന്ന ലീല ഒരു ഉൽപ്പന്നം മാത്രമായി താഴുന്നു. അവൾക്കു ജീവനില്ല. സംഘടനാപ്രവർത്തകയും ‘ചെ’ ടി ഷർട്ടിലൂടെ രാഷ്ട്രീയ സൂചന നൽകുന്നവളുമായ ലീലയെ ശരിയായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നില്ല. ദളിത് സ്വത്വത്തിൽ ഊന്നുമ്പോഴും സ്ത്രീത്വത്തെ അവഗണിക്കുന്ന മാരി സെൽവരാജ് താനറിയാതെ പുരുഷാധിപത്യ വ്യവസ്ഥിതിയോടു താദാത്മ്യം പ്രാപിക്കുകയാണ്. വീരന്റെ അമ്മയാകട്ടെ, രത്‌നവേലന്റെ ഭാര്യയാകട്ടെ പതിവ് ‘ഭാര്യ’, -‘അമ്മ’ മനോഘടനയിൽനിന്ന് പുറത്തുകടക്കുന്നില്ല.
ഡിഎംകെയുടെ രാഷ്ട്രീയത്തെകൂടി സംരക്ഷിക്കണമെന്നതിനാലാവാം ഉദയനിധി സ്റ്റാലിൻ നിർമിച്ച ഈ ചിത്രത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖ്യ ദൗർബല്യങ്ങളിലേക്കു കടക്കാത്തത്. തിരഞ്ഞെടുപ്പിലൂടെ, അതിൽ കൈവരിക്കുന്ന വിജയത്തിലൂടെ എല്ലാം വ്യാജമായി പരിഹൃതമാവുകയാണിവിടെ.
പന്നി എന്ന വളർത്തുമൃഗത്തെ ദളിത് ജീവിതവുമായി ബന്ധപ്പെടുത്തി മെറ്റഫറായി ഉപയോഗിക്കുന്നു മാരി സെൽവരാജ്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള ‘വീര’ ഉപജീവനത്തിനായി പന്നിഫാം നടത്തുന്നുണ്ട്. ഫാമിൽ കടന്നുകയറി പന്നികളെ കടിച്ചുകൊല്ലുന്ന രത്‌നവേലിന്റെ വേട്ടപ്പട്ടികൾ എന്ന രൂപകം പ്രകടമെങ്കിലും തീക്ഷ്ണവുമാണ്. മാരി സെൽവരാജിന്റെ ബിംബകല്പനയുടെ ആവർത്തനം ഇതിലും കാണാം. പിതൃപുത്രബന്ധം സവിശേഷമായാണ് അവതരിക്കപ്പെടുന്നത്. മാരിയുടെ ‘പിതാക്കൾ’ പുരുഷാധിപത്യ വാർപ്പുകളല്ല, മക്കളുടെ സുഹൃത്തും വഴികാട്ടിയുമായാണ് പ്രത്യക്ഷപ്പെടുന്നത്. പരിയേറും പെരുമാളിലെ തെരുക്കൂത്ത് കലാകാരനായ പിതാവിന്റെ തുടർച്ചയും വികാസവുമാണ് മാമന്നൻ.
തേനി ഈശ്വറിന്റെ ദൃശ്യസാക്ഷാത്കാരം ഈ സിനിമയുടെ ജീവനാണ്, ദൃശ്യങ്ങൾക്കൊപ്പം നിലകൊള്ളുന്ന എ ആർ റഹ്മാന്റെ സംഗീതവും. തിരക്കഥയിൽ വന്ന ദൗർബല്യം സിനിമയുടെ രൂപഘടനയുടെ പ്രമേയപരമായ നൈരന്തര്യത്തെ ബാധിച്ചിട്ടുണ്ട്. വടിവേലു എന്ന പ്രതിഭാധനനായ കലാകാരനെ തമിഴ് സിനിമ ഇനിയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. നടന സവിശേഷതകളുടെ ഉയർന്ന രൂപമാണ് ഹാസ്യം. ഹാസ്യനടന്മാർ ഏറ്റവും മികച്ച നടന്മാരായി വളർന്നതിന്റെ ഉദാഹരണങ്ങൾ ഹിന്ദിയിലും തമിഴിലും മലയാളത്തിലും നാം കണ്ടതാണ്. മെഹ്ബൂബ്, നാഗേഷ്, കുതിരവട്ടം പപ്പു, സലിം കുമാർ, ഇന്ദ്രൻസ് തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ! വടിവേലു എന്ന നടന്റെ പക്വതയാർന്ന പ്രകടനത്തിനൊപ്പം നില്ക്കാൻ ഉദയനിധി സ്റ്റാലിനും കഴിഞ്ഞു. ആ നടന്റെ കഴിവുകൾ വികസിച്ചുവരുന്ന ഘട്ടത്തിലാണ് ഇത് തന്റെ അവസാന സിനിമയാണെന്നുള്ള അയാളുടെ പ്രഖ്യാപനം. അണ്ടർ ആക്ടിങ് എന്ന പാഠം അയാൾ അഭ്യസിച്ചു വരുന്നതേയുള്ളു. ഈ ഘട്ടത്തിലെ ഒഴിഞ്ഞുപോക്ക് തമിഴ് സിനിമയ്ക്ക് നഷ്ടമാണ്. തെന്നിന്ത്യയാകെ ഉറഞ്ഞാടുകയാണ് നമ്മുടെ ഫഹദ് ഫാസിൽ. രത്‌നവേൽ എന്ന നെഗറ്റീവ് ക്യാരക്റ്ററിനു ജീവൻ പകരാൻ ഫഹദിന്റെ ചടുലമായ അഭിനയശൈലി സഹായകരമായി. മാമന്നൻ എന്ന ചിത്രം ഇത്രമേൽ വിജയിക്കാൻ കാരണം ഈ നടന്മാരുടെ അഭിനയമികവ് കൂടിയാണ്. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള കീർത്തി സുരേഷിനെ ഇത്രയും നിർജീവമായ കഥാപാത്രമായി അവതരിപ്പിച്ചത് തിരക്കഥയുടെ ദൗർബല്യം കൂടിയാണ്. ഏതൊരു ചെറിയ കഥാപാത്രത്തെയും സിനിമയ്ക്കുള്ളിൽ കൃത്യമായി പ്ലേസ് ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്.
മാരി സെൽവരാജ് ബോക്സ് ഓഫീസിലും ഹിറ്റാണ്. അയാൾക്ക് പറയുവാൻ ചിലതുണ്ട്. പറയുവാനുമറിയാം. എന്നാൽ ഇത്രയും വളർന്ന ഒരു യുവകലാകാരന് സിനിമയിൽ സ്വയം അടയാളപ്പെടുടുത്തണമെങ്കിൽ രാഷ്ട്രീയവും കലാപരവുമായ സൂക്ഷമത നിരന്തരം വളർത്തിയെടുക്കേണ്ടതുണ്ട് എന്ന പാഠം കൂടി മാമന്നൻ നൽകുന്നു. ♦