Tuesday, May 7, 2024

ad

മുഖം

കെ ബി രാജ്‌ ആനന്ദ്‌

ന്നമനടയുടെ തിമില വായനയുടെ രസാനുഭവം എന്തായിരുന്നു എന്നു പുതുതലമുറക്കാർക്ക് ഊഹിക്കാൻ പോലുമാകില്ല എന്നു തീർച്ച. കാലം താഴ്ത്തി അക്ഷരംനിരത്തൽ മുതൽ ത്രിപുടവട്ടം വരെ പലതും ഈ കലാരൂപത്തിൽ കൂട്ടിച്ചേർത്ത് ഇന്നത്തെ പഞ്ചവാദ്യത്തിന്റെ അലകുംപിടിയും നിർമ്മിച്ചെടുത്ത പഞ്ചവാദ്യവിധാതാവാണ് അദ്ദേഹം. തൊപ്പി മദ്ദളവും കുഴലും ചേങ്ങിലയുമായി ഒപ്പം കഴുത്തിൽ തൂക്കുന്ന മദ്ദളവുമായി ക്ഷേത്രങ്ങളിൽ അടിയന്തിരത്തിനു മാത്രം ചെയ്തുവന്നിരുന്ന ഒരു ചടങ്ങ് ഇന്ന് സർവ്വാക്യതമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കലാലോകം ഏറ്റവും കടപ്പെട്ടിട്ടുള്ളത് അന്നമനട പരമേശ്വരമാരാർ എന്ന വാദ്യമനീഷിയോടു തന്നെയാണ്. അദ്ദേഹത്തിന്റെ വർഷങ്ങൾനീണ്ട അത്യദ്ധ്വാനത്തിന്റെ സത്ഫലമാണ് യഥാർത്ഥത്തിൽ കലാമണ്ഡലം 1973ൽ പ്രസിദ്ധീകരിച്ച പഞ്ചവാദ്യം എന്ന വ്യാകരണഗ്രന്ഥം. മറവിയുടെ മുറിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ആ അമൂല്യ പാണിനീയം ആവശ്യമായ വ്യാഖ്യാനങ്ങളോടെ വാദ്യവിദ്യാർത്ഥികൾക്ക് ഉപയുക്തമായ വിധത്തിൽ പുനഃപ്രസിദ്ധീകരണത്തിന് വിധേയമാക്കിയ ദീർഘവീക്ഷണത്തെയും പ്രതിബദ്ധതയേയും തന്നെയാണ് ഞാൻ ആദ്യമായി നന്ദിപൂർവ്വം സാഷ്ടാംഗം പ്രണമിക്കുന്നത്. ആ കൃത്യം നിർവഹിക്കാൻ കരിയന്നൂർ നാരായണൻ നമ്പൂതിരിയെ തന്നെ ചുമതലപ്പെടുത്തിയ തിരിച്ചറിവിനും.

പരമേശ്വരമാരാരുടെ ലാവണ്യസങ്കൽപ്പനങ്ങളും കലാബോദ്ധ്യങ്ങളുമെല്ലാം സനിഷ്കർഷം പ്രതിഫലിക്കുന്ന കരുത്തുറ്റ രചനയാണ് അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളും എന്നു പറയുമ്പോൾ അതിന്റെ പരാധീനതകൾ മറച്ചുവെയ്ക്കേണ്ട കാര്യമില്ല. ഈ കല അഭ്യസിക്കാത്ത ആസ്വാദകർക്കു മാത്രമല്ല, വാദ്യം കൈകാര്യം ചെയ്യുന്നവർക്കു പോലും ആ ഗ്രന്ഥങ്ങൾ പ്രയോജനപ്പെടുത്താനായിട്ടുണ്ടാവില്ല. പെരുവനം കുട്ടൻ മാരാർ അവതാരികയിൽ സൂചിപ്പിച്ച പോലെ ഏറെ ക്ലേശിച്ചു തന്നെയാവും ഇതിന്റെ ഉള്ളടക്കങ്ങ ളെയൊന്ന് ഇഴപിരിച്ചെടുക്കാൻ കരിയന്നൂരിന് സാധിച്ചിട്ടുണ്ടാവുക. അടുത്ത ദിവസം നമ്മെ വിട്ടു പിരിഞ്ഞ കലാപണ്ഡിതൻ ഡോ. ടി.എൻ വാസുദേവൻ തീയ്യാടിയുടെ സ്വകാര്യശേഖരത്തിലാണ് ഈ ലേഖകൻ പരമേശ്വരമാരാരുടെ പഞ്ചവാദ്യം എന്ന ഗ്രന്ഥം ആദ്യമായി കാണുന്നത്. പൊതിക്കാത്ത തേങ്ങ കൈയ്യിൽ കിട്ടിയതുപോലെ തിരിച്ചും മറിച്ചും നോക്കി മടക്കിവെയ്ക്കാനേ കഴിഞ്ഞുള്ളൂ. ഇത് എന്റെ മാത്രം അനുഭവമല്ലെന്ന് പിന്നീട് മനസ്സിലായി. വായ്ത്താരികളിൽ എവിടെയാണ് താളവട്ടം പൂർത്തിയാകുന്നത് എന്നുപോലും വ്യക്തമാവാതിരിക്കുമ്പോൾ പുസ്തകം ഉദ്ദേശിച്ചപോലെ സംവേദനം ചെയ്യപ്പെടാൻ ഞെരുക്കം തന്നെയാണ്. ആ ഗ്രന്ഥമാണ് സുഗ്രഹമായി പുതുതലമുറയ്ക്ക് പരിചയപ്പെത്തുന്ന രീതിയിൽ കരിയന്നൂർ നവീകരിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഈ ഗ്രന്ഥത്തിലൂടെയാവും പുതിയതായി കടന്നുവരുന്ന പ്രയോക്താക്കൾ പഞ്ചവാദ്യത്തിന്റെ ഘടനാ ഭദ്രതയെക്കുറിച്ച് ഉപസ്ഥിതിയുണ്ടാക്കുന്നത്; വാദ്യകലാ ചരിത്രം അനേഷിക്കുന്നവർ പഴയ കാലത്തിൽനിന്ന് പുതിയ കാലത്തിലെത്തുമ്പോൾ പഞ്ചവാദ്യത്തിൽ വന്നുചേർന്ന നവീനതകളും അപഭ്രംശങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കാനും ആസ്വാദകർക്ക്‌ ഈ കലാരൂപത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാൻ ഉർജ്ജം സംഭരിക്കുന്നതും ഈ ഗ്രന്ഥത്തിലൂടെയാവും. തീർച്ചയായും ചരിത്രദൗത്യം തന്നെയാണ് കരിയന്നൂർ നിർവ്വഹിച്ചത്‌. ലളിതവും സുഗ്രഹവുമായി പഞ്ചവാദ്യത്തെ പരിചയപ്പെടുത്തി എന്നു പറയുമ്പോൾ ഓടിച്ചെന്ന് വായിച്ചു നോക്കിയാൽ മുഴുവൻ ഗ്രഹിക്കാറാകും എന്നൊന്നും അർത്ഥമാക്കരുത്. മൂന്നാഴ്ചത്തെ കഠിനാദ്ധ്വാനം കൊണ്ടാണ് ഈ ലേഖകൻ കരിയന്നൂരിന്റെ ഈ പുതിയ വ്യാഖ്യാനം ഒന്ന് വായിച്ചെത്തിച്ചത്. QR കോഡ് കേട്ടുകൊണ്ട് താളംപിടിച്ചു ഗ്രന്ഥം മൂന്നു വട്ടമെങ്കിലും വായിച്ചു നോക്കുമ്പോൾ ചെമ്പടവട്ടങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് ഒരു ചിത്രം ലഭിക്കും. പലതും ഇപ്പോൾ കൊട്ടിക്കാണുന്ന രീതിയിലല്ലെന്ന് ബോദ്ധ്യപ്പെടുകയും ചെയ്യും. അതിലുപരി ഗ്രന്ഥകർത്താവ് നിർദേശിക്കുന്ന ശുദ്ധീകരണങ്ങളിൽ ചിലതെങ്കിലും അനുപേക്ഷണീയങ്ങൾ തന്നെയെന്ന് രണ്ടു കൈയുമുയർത്തി ഉറക്കെപ്പറയാനും തോന്നും. അതാണ് ഈ ഗ്രന്ഥം നൽകിയ വായനാനുഭവം.

ഒരു ഉദാഹരണം പറയട്ടെ. കാലം നിരത്തുമ്പോൾ വിരലു വിന്യസിക്കുന്നതിനെക്കുറിച്ച് ഗ്രന്ഥത്തിൽ കൃത്യമായ ഒരു പരാമർശമുണ്ട്. ആശാൻ പരമേശ്വരമാരാരുടെ നിരീക്ഷണത്തിലെ ശരിമയെ അടിവരയിട്ടുറപ്പിക്കാൻ വ്യഖ്യാതാവായ ശിഷ്യൻ കരിയന്നൂർ ആത്മാർത്ഥമായി അദ്ധ്വാനിക്കുന്നുണ്ട്. പരമേശ്വരമാരാർ താണുകേണപേക്ഷിച്ചിട്ടും അതു ചെവിക്കൊള്ളാൻ പുതുകാല പഞ്ചവാദ്യകലാകാരന്മാർ തയ്യാറാവാത്തതിനെക്കുറിച്ച് കരിയന്നൂർ പരിഭവിക്കുന്നുമുണ്ട്. വിഷയം ഇതാണ്.

ത്രിപുടയാണ് പഞ്ചവാദ്യത്തിന്റെ അടിസ്ഥാന താളം. ഏഴിന്റെ ഗുണിതങ്ങളായേ ഏതു താളവട്ടത്തിലും മാത്രകൾ നിലനിൽക്കാവൂ. ഏഴു ചമ്പടവട്ടങ്ങൾ ചേർന്നതാണ് ഒരു സമ്പൂർണ്ണ താളവട്ടം. കാലം പതിയുന്നതിനനുക്രമമായി “ചമ്പട’ വട്ടങ്ങളിൽ ഉള്ളടങ്ങിയ മാത്രകൾ ഇരട്ടിച്ചുകൊണ്ടിരിക്കും. 56 മാത്രകൾ ഉൾക്കൊള്ളുന്ന അഞ്ചാംഘട്ടത്തിൽ ചമ്പടയുടെ ദൈർഘ്യം എട്ടു മാത്രയാണെങ്കിൽ 112 മാത്ര ദൈർഘ്യമുള്ള തളവട്ടങ്ങളോടു കൂടിയ നാലാം കാലത്തിൽ ചമ്പടയുടെ നീളം 16 മാത്രകളായിരിക്കും. അതിനേക്കാൾ പതിഞ്ഞ കാലത്തിൽ ചമ്പടയുടെ നീളം വീണ്ടും ഇരട്ടിക്കും. ഇതാണ് കണക്ക്.

പഞ്ചവാദ്യം തുടങ്ങുമ്പോൾ കാലം നിരത്തണമല്ലോ. മേളത്തിലായാലും മറ്റേതു വാദ്യരൂപത്തിലായാലും സർവ്വ ലഘു കാണിച്ചു കൊണ്ടാണ് കാലം നിരത്തുന്നത്. ഏഴു ചമ്പടവട്ടങ്ങൾ ചേർന്ന ഒരു താളവട്ടം കാലം നിരത്തുക എന്നു പറഞ്ഞാൽ മൂന്നു ചമ്പടവട്ടം വിരൽ വിന്യാസമായും തുടർന്ന് ബാക്കി വരുന്ന നാലു ചമ്പടവട്ടങ്ങൾ കാലം നിരത്തലുമാവണമെന്ന് ഗ്രന്ഥത്തിൽ ശാഠ്യത്തോടെ നിഷ്കർഷിക്കുന്നു. ഇപ്പോൾ അരങ്ങിൽ കാണുന്നത് നാലു ചമ്പട വിരലും, മറ്റൊരു നാല് ചമ്പട കാലം നിരത്തലുമാണ്. ആകെ 8 ചമ്പടവട്ടം വരും. അത് തെറ്റാണ്.

ആർക്കും ഒരു തർക്കവും ഉന്നയിക്കാനാവില്ല. വിരൽ വെക്കുന്നതിൽ ഒരു ചമ്പടവട്ടം കുറവുവരുമ്പോൾ നീളക്കുറവുകൊണ്ട് പഞ്ചവാദ്യത്തിന്റെ ചാരുതക്ക് ദോഷം വരുന്നില്ല എങ്കിൽ ശാസ്ത്രീയമായും ശരിയാവുന്നു എന്നതിനോട് എന്തിനാണ് വിരോധം ഭാവിക്കുന്നത്? ശാസ്ത്രീയമായി ചെയ്യൂ എന്ന് അപേക്ഷിക്കുന്നതാരാണ്? പഞ്ചവാദ്യ തിമിലയുടെ സ്രഷ്ടാവായ പരമേശ്വരമാരാർ. അപ്പോൾ അതനുസരിക്കാൻ ധാർമ്മികമായ ഒരു ബാദ്ധ്യത എല്ലാവർക്കുമില്ലേ എന്നു ഗ്രന്ഥം വായിക്കുന്നവർക്കൊക്കെ തോന്നിയേക്കും.

ഒരു കാര്യം തർക്കമറ്റതാണ്. വ്യാകരണശുദ്ധിയേക്കാൾ വാദ്യലോകം മാനിക്കുന്നത് കേൾവിസുഖത്തേത്തന്നെയാണ്. പല കലാരൂപങ്ങളിലും നിലനിൽക്കുന്ന ചെറിയ ചെറിയ പ്രമാദങ്ങൾ തിരുത്താൻവേണ്ടി നടന്ന ശ്രമങ്ങൾക്കൊന്നും ഫലം കാണാതെ പോയതിന് മറ്റൊരു കാരണമില്ല. കേളിക്ക് മുഖം കൊട്ടുന്ന ഖണ്ഡം ചെമ്പടയിൽ ഒതുക്കാനുള്ള ശ്രമം നടന്നു. തായമ്പകയിലെ പഞ്ചാരി കൂറ് പഞ്ചാരി നടയാക്കി ശുദ്ധീകരിക്കാനുള്ള ശ്രമം നടന്നു. പക്ഷേ പൊതുവേ സ്വീകരിക്കപ്പെട്ടില്ല. എന്തുകൊ ണ്ടാവും? അശാസ്ത്രീയമാണെങ്കിലും ഉള്ളടക്കത്തിന് ലാവണ്യാനുഭവം നൽകാനാവുമെങ്കിൽ പ്രേക്ഷകരും പ്രയോക്താക്കളും ശാസ്ത്രത്തെ തള്ളിക്കളയും. ഡോ. ടി.എൻ. വാസുദേവൻ വേദികളിൽ പറയാറുണ്ട് “ഭംഗിയുണ്ടെങ്കിൽ അന്യായമാണെങ്കിലും കാലത്തെ അതിജീവിച്ച് നിലനിൽക്കും.

പക്ഷേ ഇവിടെ മൂന്നു ചമ്പടവട്ടം വിരൽ വിന്യസിച്ചാൽ മതി എന്നത് കേൾവി സുഖത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്നു മാത്രമല്ല മറിച്ച് വർദ്ധിപ്പിക്കുകയല്ലേ ചെയ്യുക? അത്ര സമയംകൂടി പഞ്ചവാദ്യത്തിന്റെ ആസ്വാദ്യമായ ഇടങ്ങളിൽ മനോധർമ്മങ്ങൾ തടംതല്ലി നിരത്താനുള്ള സന്ദർഭം സിദ്ധിക്കുകയാണ് ഫലം. അതുകൊണ്ടുതന്നെ തിരുത്തൽ അഭികാമ്യവും അനിവാര്യവുമാകുന്നു. കൂട്ടത്തിൽ പറയട്ടെ നാലു ചമ്പടവട്ടങ്ങൾ പൂർണ്ണമായി വിരൽ വിന്യസിക്കുന്ന പഞ്ചവാദ്യങ്ങൾ നാളിതുവരെ നേരിട്ടു കേട്ടപ്പോഴൊന്നും അതിൽ അന്തർഭവിച്ച വ്യാകരണപ്പിശക് ലേഖകൻ ഉൾപ്പടെ പലരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് സത്യമാണ്. കരിയന്നൂരിന്റെ പുസ്തകം കണ്ടതോടുകൂടിയാണ് അതും ഒരു കല്ലുകടിയായി ഇനി തോന്നുക.

വിരസമായ വൈശദ്യങ്ങൾ വെട്ടിക്കളയാൻ ഈ വാദ്യരൂപത്തിന്റെ വിധാതാക്കളും പ്രയോക്താക്കളും ചിന്തിച്ചിട്ടുണ്ടെന്നത് സ്പഷ്ടമാണ്. കാലം നിരത്തുന്നതിന്റെ അക്ഷരങ്ങൾ കുറക്കുന്നതിന്റെ യുക്തി പരമേശ്വരമാരാരെ ഉദ്ധരിച്ചുകൊണ്ടുതന്നെ കരിയന്നൂർ വ്യക്തമാക്കുന്നുണ്ട്. ഒരു താളവട്ടം മുഴുവൻ കാലം നിരത്തേണ്ടി വരുമ്പോൾ അതിന്റെ പകുതി മാത്രകൾ വരുന്ന കാലത്തിന്റെ ചമ്പട വട്ടങ്ങളെ ഉപയോഗപ്പെടുത്തിയാൽ മതി. അതു മാത്രമല്ല 224 മാത്രകൾ താളവട്ടത്തിലുള്ള മൂന്നാം കാലം, കാലം നിരത്തുകയാണെങ്കിൽ ആ കണക്കിൽ അതിന്റെ ഏഴിൽ ഒന്ന് 32 മാത്ര ചമ്പട വട്ടത്തിന്റെ ദൈർഘ്യമാവേണ്ടതല്ലേ? അതു വേണ്ട. അതിന്റെ പകുതി 16 മാത്രകൾ മതി. എന്തിനാണ് ഇങ്ങിനെ പരിമിതപ്പെടുത്തിയത് എന്നത് വളരെ വ്യക്തമാണ്. വെറുതെ വിരസമായി വിപുലപ്പെടുത്തരുത്. 896 മാത്രകൾ വരുന്ന പതികാലത്തിനും 448 മാത്രകൾ വരുന്ന രണ്ടാം കാലത്തിനും കാലം നിരത്തൽ ഒന്നുതന്നെയാണ്. അടികൾ തമ്മിലുള്ള അകലം ഇരട്ടിയാക്കണമെന്നു മാത്രം. ഈ ഇരട്ടിയാക്കൽ കളരിയിൽ മാത്രമുള്ള നിഷ്കർഷയാകണം. കാലം നിയന്ത്രിച്ച് കൊട്ടാൻ പരിശീലിക്കൽ പ്രധാനം തന്നെ ആണല്ലോ. അരങ്ങിലെത്തുമ്പോൾ അടികൾ തമ്മിലുള്ള അകലം ഇരട്ടിയൊന്നുമാവില്ല. അല്പമൊന്നു താഴ്ത്തിപ്പിടിക്കുക, വേണ്ടിവരുമ്പോൾ അൽപമൊന്നു തള്ളിപ്പിടിക്കുക എന്നൊക്കെയല്ലാതെ ക്ലോക്കിലെ സൂചിയെ ആധാരമാക്കിയൊന്നും ഒരു തിമിലപ്രമാണിയും കാലമിടുന്നില്ലല്ലോ. കളരിയിൽ വിദ്യാർത്ഥി കൊട്ടിപ്പഠിക്കാനുള്ള പാഠപുസ്തകമാണ് മാരാർ തയ്യാറാക്കിയത്. അരങ്ങിൽ പഞ്ചവാദ്യത്തിന്റെ ഭാഷ മറ്റൊന്നാവുന്നത് വളരെ സ്വാഭാവികം. വിരസമായ വിശദാംശങ്ങൾ വെട്ടിക്കളയാനുള്ള ആവിഷ്കർത്താവിന്റെ സ്വാതന്ത്ര്യത്തിനു ഈ ഗ്രന്ഥം ഒരു തടസ്സവുമാകുന്നില്ല.

ഇത് കൂട്ടിക്കൊട്ടുന്ന സന്ദർഭങ്ങളിലും അരങ്ങിൽ കാണുന്നില്ലേ? രണ്ടാംകാലത്തിനും, ഇടകാലത്തിനും കൂട്ടിക്കൊട്ടലിന്റെ പകുതിയിൽനിന്ന് പുതിയ കാലത്തിലേക്ക് കടക്കുന്ന രീതിയാണ് അരങ്ങിൽ കാണുന്നത്. സത്യത്തിൽ അതൊക്കെയല്ലേ പഞ്ചവാദ്യ ത്തിന്റെ മാസ്മരികമായ വശ്യതകളും? ശ്രോതാക്കൾ അറിയാതെ പതുക്കെ പുതിയ കാലപ്രമാണത്തിലേക്ക് വാദ്യസംഘം ഒന്നാകെ നയിക്കപ്പെടുകയാണ്. മൂന്നാംകാലം മാത്രം മുഴുവൻ താളവട്ടവും കൂട്ടിക്കൊട്ടുന്നത് കാണാറുണ്ട്. അതിനു പല കാരണവുമുണ്ട്. 224 മാത്രകൾ ഉൾക്കൊള്ളുന്ന താളവട്ടത്തിന്റെ മൂന്നാം കാലത്തിലാണ് പഞ്ചവാദ്യം അതിന്റെ പൂർണ്ണമായ സാദ്ധ്യതകളെ അരങ്ങിൽ സാക്ഷാൽകരിക്കുന്നത്. അത്ര ശ്രദ്ധയും പ്രധാന്യവും അതിനു തൊട്ടു മുൻപുള്ള ഘട്ടത്തിലോ, തൊട്ടുപുറകേ വരുന്ന ഘട്ടത്തിലോ കൽപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുക. രണ്ടാം കാലത്തിൽ തിമിലക്കാർ താളവട്ടങ്ങൾ കൊട്ടുന്നതുതന്നെ കേൾക്കാറില്ല. പതികാലത്തിൽ വിശദമായി താളവട്ടങ്ങൾ കൊട്ടിക്കഴിഞ്ഞാൽ പിന്നെ രണ്ടാം കാലം മദ്ദളക്കാർക്ക് മാത്രം ഉള്ളതാണ്. മൂന്നാം കാലത്തിലെത്തിയാൽ തിമിലക്കാർ ഉണർന്നു പ്രവർത്തിക്കുകയായി. ഇങ്ങിനെ ഒരു ഘടന പഞ്ചവാദ്യത്തിൽ കാലംകൊണ്ട് ഉരുത്തിരിഞ്ഞു വന്നതാവും. അപ്പോൾ അതിനനുസരിച്ച് വ്യാകരണങ്ങളും വഴങ്ങിക്കൊടുക്കുന്നതാവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മൂന്നാം കാലം നടന്നുകൊണ്ട് കൊട്ടുന്ന രീതിയാണ് പലപ്പോഴും കാണുക. പഴയ പ്രധാന്യം കുറഞ്ഞുവരുന്നതായും തോന്നുന്നുണ്ട്.

എല്ലാ പഞ്ചവാദ്യക്കളരികളും മനസ്സിരുത്തേണ്ട പ്രധാനപ്പെട്ട മറ്റൊരു നിർദ്ദേശം കരിയന്നൂർ മുന്നോട്ടു വെക്കുന്നുണ്ട്. അഭ്യസിക്കുന്ന വിദ്യാർത്ഥി ആദിതാളം വിരലിൽ പിടിച്ച് വായ്താരികൾ ചൊല്ലി പഠിക്കുന്നതല്ല ശരി, ഇലത്താളം പിടിക്കുന്ന കണക്ക് മനസ്സിൽ ഉറപ്പിച്ച് ആ പശ്ചാത്തലത്തിൽ തിമിലയുടെ എണ്ണങ്ങൾ വശത്താക്കണം. ഇലത്താളത്തിന് സുഘടിതമായ ഒരു ക്രമമുണ്ട്. ആ ക്രമമാകട്ടെ തിമിലയുടെ കൊട്ടു ഭാഷയോട് ജൈവീകമായിട്ടു തന്നെ ഇണങ്ങുന്നതുമാണ്. ഈ പാരസ്പര്യം തിരിച്ചറിഞ്ഞ് മനസ്സിലാക്കുമ്പോൾ യാന്ത്രികമായ കാണാപാഠമാർഗ്ഗത്തിൽ നിന്ന് പഠനം ആസ്വാദ്യമായ ഒരു അനുഭവവമായി മാറും തീർച്ച. മാത്രമല്ല ആദിതാളം പിന്നീട് വിദ്യാർത്ഥി അരങ്ങിൽ കേൾക്കുന്നില്ല. അവിടെ കേൾക്കുന്നത് പശ്ചാത്തലത്തിലെ ഇലത്താളത്തിന്റെ അടികളാണ്. അതിനനുസരിച്ച് തിമില പ്രയോഗിക്കാൻ കളരിയിൽ നിന്നു തന്നെ ശിക്ഷണം ലഭിക്കണം.

പതികാലത്തിന് സ്വന്തമായി ഒരു കൂട്ടിക്കൊട്ടൽ നിലവിലില്ല. അത് നിർമ്മിച്ചെടുത്ത് കൊട്ടാവുന്നതാണെന്ന് കരിയന്നൂർ സൂചിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ അത്തരം ഒരു കൂട്ടിക്കൊട്ട് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പഞ്ചവാദ്യരംഗത്തേക്ക് സംഭാവന ചെയ്തത് കരിയന്നൂർ തന്നെയാണ്. അദ്ദേഹം ഇപ്പോൾ കേരള കലാമണ്ഡലത്തിൽ അദ്ധ്യാപനം നിർവ്വഹിക്കുന്ന സന്ദർഭമായതുകൊണ്ട് 896 അക്ഷരകാലത്തിന്റെ പതികാലം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്ഥാപനം അധികൃതർക്ക് നിർദ്ദേശിക്കാവുന്നതാണ്. തീർച്ചായും പുതുതലമുറ അതു പഠിച്ചിരിക്കണം. 896 മാത്രയിൽ ഒരു കൂട്ടിക്കൊട്ട് നടത്തി, ഒരു താളവട്ടം മദ്ദളക്കാർ കൊട്ടി തുടർന്ന് രണ്ടാം കാലത്തിന്റെ അഥവാ മുറിപതികാലത്തിന്റെ കൂട്ടിക്കൊട്ടിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് വിജയകരമായി കരിയന്നൂർ തന്റെ പുതിയ നിർമ്മിതി അരങ്ങിൽ പരീക്ഷിച്ചത്. അത്തരത്തിൽ ഒരു കൂട്ടിക്കൊട്ട് യഥാർത്ഥത്തിൽ അത്യാവശ്യം 1792 മാത്രകളുള്ള അന്നമനട വഴി പതിപതികാലം അരങ്ങിൽ പ്രയോഗിക്കുമ്പോഴല്ലേ എന്ന് ഉള്ളിൽ തോന്നിയതിന് രണ്ടു കാരണങ്ങൾ ഉണ്ട്.

കൊട്ടുന്ന കാലത്തിന്റെ ഇരട്ടിയിൽ കൂട്ടിക്കൊട്ടൽ പഞ്ചവാദ്യത്തിന്റെ ഗാത്രത്തിൽ പലയിടത്തുമുണ്ട്. അതിൽ ഒരു ജലപ്പിശാച് അനാവശ്യമാണ്. കാലം മാറൽ കൂടിയുള്ളതാണല്ലോ കൂട്ടിക്കൊട്ട് . ഇതാണ് ഒരു ന്യായമെങ്കിൽ മറ്റൊന്നു കൂടി ഉണ്ട്. പരമേശ്വരമാരാർ ചിട്ടപ്പെടുത്തിയ പതിപതികാലം (ഞാൻ അങ്ങിനെ ഒരു പേരിട്ടതാണ്) കളരിയിൽ പഠിക്കാൻ മാത്രമുള്ളതാണെന്ന് കരിയന്നൂർ പറയുന്നുണ്ടെങ്കിലും അതിന്റെ ഉള്ളടരുകൾ കാവ്യാത്മകമായി നിർമ്മിച്ചെടുത്തതിന്റെ വിശദാംശങ്ങൾ കേൾക്കുമ്പോൾ ഇത് കളരിയിൽ ഒതുങ്ങേണ്ടതല്ലെന്ന് ആർക്കും തോന്നിപ്പോകും. അടികൾക്കിടയിലുള്ള അകലം അൽപമൊന്നു തള്ളിയാൽ അമിതമായി സമയം ഉപയോഗിക്കുന്നെന്ന പരാതിയും നീങ്ങിക്കിട്ടും. ചിട്ടപ്പെടുത്തുമ്പോൾ കേരളീയ മേള സംസ്കാരത്തിന്റെ, അതിൽ ഉള്ളടങ്ങിയ രചനാതന്ത്രങ്ങളുടെ ഒക്കെ ആകമാനത ആവാഹിച്ചുകൊണ്ട് പരമേശ്വരമാരാർ പ്രണൻ നൽകി ചിട്ടചെയ്തെടുത്തതാണ് പതിപതികാലം എന്ന് ഉറപ്പിച്ചു തന്നെ പറയാനാകും.

ഇപ്പോൾ ഒക്ടോബർ 2ന് അന്നമനടയിൽ വെച്ച് കൊട്ടുക എന്നതു മാത്രമാണ് പതിപതി കാലത്തിന്റെ ആകെയുള്ള ജന്മദൗത്യം. ഒരിക്കൽ കേൾക്കാനേ ഈ ലേഖകന് ഭാഗ്യം സിദ്ധിച്ചിട്ടുള്ളൂ. ഈ ഗ്രന്ഥം കാണുന്നതിനു മുൻപാണത്. അതുകൊണ്ടുതന്നെ അത്രയ്‌ ക്കൊന്നും മനസ്സിലായതുമില്ല. ഈ കാലപദ്ധതിയിൽ ഉപഖണ്ഡങ്ങൾ ചിട്ടപ്പെടുത്തിയ രീതിയൊന്നു ശ്രദ്ധിക്കൂ എന്ന് കരിയന്നൂർ പറയുന്നുണ്ട്. കരിയന്നൂരിന്റെ വാക്കുകളിൽത്തന്നെ നിറഞ്ഞുതുളുമ്പുന്നതായി നമുക്ക് ദർശിക്കാനാക്കും പഞ്ചവാദ്യത്തിന്റെ കുലഗുരുവായ പരമേശ്വരമാരാരോടുള്ള ആദരവിന്റെ പരപ്പ്.

കാലവിഭജനത്തിന് പേരുകൾ നിർദ്ദേശിക്കുമ്പോൾ വായനക്കാർക്ക് ഒരു സംശയം വരാനിടയുണ്ട്. പ്രാദേശികമായി ഇവയുടെ പേരുകൾ വിഭിന്നങ്ങളാണെന്നതു തന്നെ കാരണം. രണ്ടാം കാലം എന്നു ഗ്രന്ഥത്തിൽ കാണുന്ന 448 മാത്രയുടെ ഘട്ടത്തെ മുറിപതി കാലം എന്നാണ് തെക്കോട്ട് വിളിക്കപ്പെടുന്നത്. വടക്കുള്ള മൂന്നാം കാലം (224 മാത്ര) തെക്കർക്ക് ഇടകാലമായി. നാലാം കാലം അഥവാ 112 അക്ഷരമുള്ള ഘട്ടമാണ് വടക്കർക്ക് ഇടകാലം. അത് തെക്കർക്ക് മൂന്നാം കാലമേ ആയുള്ളൂ. വടക്കരുടെ അഞ്ചാം കാലം തെക്ക് നാലാം കാലവും. രണ്ടുതരത്തിലാണ് പ്രചാരത്തിലുള്ള പേരുകൾ എന്നത് വായനക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കിയേക്കും. സംശയങ്ങൾക്ക് ഇടവരും എന്നൊരു ആശങ്ക മുന്നോട്ട് വെക്കുകയാണ്.

ഗണപതിക്കയ്യിനെക്കുറിച്ച് ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഗ്രന്ഥത്തിൽ പരാമർശിക്കുകയേ ചെയ്യാത്ത ചില ഗണപതിക്കൈ മാതൃകകൾ വേറേയും പ്രചാരത്തിലുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ചെണ്ടയിൽ കൊട്ടുന്ന ഗണപതിക്കയ്യിനെ ചെണ്ടയുടെ മാത്രം ഗണപതിക്കയ്യെന്ന് പട്ടികപ്പെടുത്തേണ്ടതുണ്ടോ? കഥകളി ഉൾപ്പെടെ കേരളത്തിലെ പല കലാരൂപങ്ങളിലും ഈഷൽ ഘടനാ ഭേദങ്ങളോടെ പണ്ടുമുതലേ നിലനിൽക്കുന്ന ഒരു വായ്ത്താരി, പഞ്ചവാദ്യത്തിന്റേയും ഘടനയിൽ പലകുറി തലപൊക്കുന്ന ഒരു മേള ഖണ്ഡം, അത് ചെണ്ടയുടെ ഒരു സ്വകാര്യ സ്വത്തൊന്നുമല്ല യഥാർത്ഥത്തിൽ.

കഥകളിമേളത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ കലാമണ്ഡലത്തിൽ ചേർന്ന് ഔപചാരികമായി പഠനം പൂർത്തിയാക്കിയ ചെണ്ടക്കാരൻ കൂടിയായ കരിയന്നൂർ നടത്തുന്ന ഒരു പരാമർശത്തോട് കുറച്ചൊന്ന് കലഹിക്കാതിരിക്കാൻ വയ്യെന്നു തോന്നി. കത്തിയുടെ തിരനോക്കിന് 3+3+2 എന്ന അംഗ വിഭജനത്തോടെ ചമ്പട പിടിക്കാറില്ലേ എന്നു കരിയന്നൂർ ചോദിക്കുന്നു. ചമ്പടയല്ല അടന്ത തന്നെയാണ് അവിടെ പിടിക്കുന്നത്. 6+6+4 എന്ന രീതിയാണ് അംഗ വിഭജനവും എന്നാണ് ഈ ലേഖകന്റെ വാദം. പതിനാറു മാത്രയിൽ താഴെ അഞ്ചന്ത എന്ന താളമില്ല. അടന്ത മേളത്തിലും 16 മാത്രകളിൽ അഞ്ചടന്ത അവസാനിക്കുകയല്ലേ? 14 മാത്രയിൽ താഴേ അടന്തയും, 10 മാത്രയിൽ താഴെ ചമ്പയും നിലനിൽക്കില്ല. വാദ്യത്തിന്റേയും നൃത്തത്തിന്റേയുമൊക്കെ പഴയ പാഠങ്ങളിൽ സംശയകരമായ രീതിയിൽ ഈ സംജ്ഞകൾ ഇടംപിടിച്ചിട്ടുണ്ടെന്നത് വേറെ കാര്യം. ത്രിപുടയെ അടന്തയായും മുറിയടന്തയെ ചമ്പയായും പലയിടത്തും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ഇടകാലം (112 മാത്ര) ചിട്ടപ്പെടുത്തിയപ്പോൾ എഴുതിച്ചേർത്ത വായ്ത്താരികൾ കേട്ടാൽ നൃത്തത്തിനേറെ ജതികളുടെ ഭംഗി തോന്നുന്നു എന്ന് കരിയന്നൂർ പ്രസ്താവിച്ചതു കൊണ്ടാണ് QR കോഡ് ഉപയോഗിച്ച് അവ പലതവണ കേട്ടുനോക്കിയത്. ഭരതനാട്യം വർണ്ണത്തിൽ പല്ലവി കഴിഞ്ഞ് മൂന്നു കാലത്തിലെടുക്കുന്ന ഒരു തീരുണ്ടല്ലോ. അവയുടെ ഒരു ഘടനാ സൗഷ്ഠവം സത്യമായും ആ വായ്ത്താരികൾക്കുണ്ട്. ഇടകാലം തിമിലക്കാർ താളവട്ടം കൊട്ടുന്നതുതന്നെ അരങ്ങിൽ കേട്ടതായി ഓർമ്മിക്കുന്നില്ല. മദ്ദളക്കാരനും ഇടക്കക്കാരനും പട്ടയം പതിച്ചുകൊടുത്തതാണ് ഇടകാലം.

വാദ്യക്കാർ തമ്മിൽ വിഭജനം നടത്തേണ്ടതെങ്ങനെ എന്ന് ഗ്രന്ഥത്തിൽ എന്തു തന്നെ സൂചിപ്പിച്ചാലും മൂന്നു നാലു പേർ ചേർന്ന് ചില ഖണ്ഡങ്ങൾ കൊട്ടുന്ന രീതിയൊക്കെ പഞ്ചവാദ്യത്തിൽ ഇപ്പോൾ പ്രചാരത്തിലുണ്ടല്ലോ. ഇടകാലത്തിന്റെ താളവട്ടങ്ങൾ ഒരു സംഘം തിമിലക്കാർ ഒരുമിച്ചു കൊട്ടുന്നതിന്റെ സ്വാദ് മനസ്സിലോർത്ത് എന്നെങ്കിലും അത് ചിട്ടപ്പെട്ട ഭാഷയിൽ കേൾക്കാൻ കഴിയുമോ എന്ന് കൊതി തോന്നിപ്പോയി.

ഇടക്കാലത്തിൽ ഇന്ന് പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന ഭാഗം തീർച്ചയായും അതിന്റെ കൂട്ടിക്കൊട്ടു തന്നെയാണ്. ഇരികിടയിൽ ഉള്ള കൂട്ടിക്കൊട്ട് അത്ര കണക്കില്ലാത്ത തവണ ആവർത്തിക്കുകയും ചെയ്യും. ഓരോ കൂട്ടിക്കൊട്ടു കഴിയുമ്പോഴും ക്രമമായി കാലം മുറുകിക്കൊണ്ടിരിക്കും. പ്രേക്ഷകരുടെ നിലമറന്നുള്ള ചാട്ടങ്ങൾക്കും കാലം കയറിക്കൊണ്ടിരിക്കും. ഒരു ഘട്ടത്തിൽ തിമില മാത്രമാവും. ഒന്ന് പിടിച്ചു കൊണ്ട് ഇലത്താളക്കാർ മേളം അങ്ങിനെ കൊഴുപ്പിക്കും. അതങ്ങിനെ മുറുകി മുറുകി വന്ന് അഞ്ചാം കാലത്തിലേക്ക് കടക്കും. ഈ ഭാഗം വിസ്തരിക്കാൻ വേണ്ടിയാവണം ഇടകാലത്തിൽ താളവട്ടങ്ങൾ കൊട്ടേണ്ടതില്ലെന്നു പോലും തിമിലക്കാർ തീരുമാനിച്ചത്. പ്രേക്ഷകരെ ഏറ്റവും ഹരംകൊള്ളിക്കുന്ന ഈ ഘട്ടം കളരി പാഠത്തിലില്ല എന്നത് അത്ഭുതമായി തോന്നുന്നു. കാലംകൊണ്ട് പഞ്ചവാദ്യത്തിൽ വന്ന മാറ്റങ്ങൾ നിരവധി യാണ്. മദ്ദളത്തിന്റെ ഭാഷ മാറിയിട്ടുണ്ട് എന്ന് ചെറുപ്പുളശ്ശേരി ശിവൻ ഓർമ്മിച്ചു പറയാറുണ്ട്. കൃഷ്ണൻകുട്ടി നമ്പീശൻ ഇടകാലം കൊട്ടുമ്പോൾ “കിണ ധിമൃതക തക തക്കിണ ഗദ്ദീം എന്നാണ് കൊട്ടിയിരുന്നത്. ഇപ്പോൾ “അണകിട തകിണകൾ തരികിണ ധിമികിണ’ എന്നു കേൾക്കുന്നതിന്റെ പഴയ ഭാഷയാണ് നേരത്തേ സൂചിപ്പിച്ചത്. ഒരുപക്ഷേ വെങ്കിച്ചൻ സ്വാമിയുടെയൊക്കെ കൊട്ടുവഴിയായിരുന്നിരിക്കണമത്. ‘കണ്ണ്’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇല്ലായിരുന്നു. ഇരട്ടികൾ കൊട്ടലുമില്ല. അങ്ങിനെ പലതും മാറി. സമാന്തരമായിത്തന്നെയാവും തിമിലയടെ കൊട്ടു ഭാഷകളും നവീകരിക്കപ്പെട്ടത്. കൂട്ടിപ്പെരുക്കലിന്റെ സ്ഥാനത്ത് ഇരട്ടിയിൽ ഇരികിട കൊട്ടിത്തുടങ്ങി. കൂട്ടിക്കൊട്ടലുകളുടെ നീളവും ഇരികിടകൾക്ക് പ്രധാന്യം വന്നു തുടങ്ങി. ഈ മാറ്റങ്ങൾക്ക് മുൻ കൈയെടുത്തവരെപ്പറ്റി പുസ്തകത്തിൽ ഒന്നും കാണുന്നില്ല എന്ന് കരിയന്നൂർ പരിഭവിക്കുന്നത് കണ്ടപ്പോൾ വിസ്മയം തോന്നി. പല്ലാവൂർക്കാരുടെ കാലത്താണ് ഇങ്ങിനെ ഇരട്ടിമറിക്കലുകൾ പഞ്ചവാദ്യത്തിലേക്ക് കടന്നുവന്നതെന്ന് പറഞ്ഞുകേൾക്കാറുണ്ട്. അസത്യമല്ലെന്നാണോ കരിയന്നൂർ ഉദ്ദേശിച്ചത്! പല്ലാവൂർക്കാരുടെ കാലവും അതിനു മുൻപുള്ള കാലവും നേരിട്ട് അനുഭവിച്ചു പരിചയമുള്ള തിമില പ്രമാണിയാണല്ലോ കരിയന്നൂർ. അദ്ദേഹത്തേക്കാൾ മറ്റേതു ചരിത്രാന്വേഷകനാണ് ഇതിന്റെ ഉൽപ്പത്തി ഖനനം ചെയ്തെടുക്കാനാവുക? ആശാന്റെ കാലത്തു തന്നെ ഇലത്താളത്തിൽ തീരുകലാശം വരെ ഇരട്ടിയും ഒറ്റപിടിച്ചുകൊണ്ട് കാലം മാറിയിരുന്നതും ഓർമ്മിക്കുന്നുണ്ടെന്ന് എന്ന് കരിയന്നൂർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരമേശ്വരമാരാരുടെ കാലത്തേ തുടങ്ങിവെച്ചതാണ് അരങ്ങിലെ നവീകരണങ്ങൾ എന്നർത്ഥം. കയ്യ് വൃത്തിയായി നടക്കുന്ന അഭ്യാസബലമുള്ള ധാരാളംപേർ തിമിലവാദകരായി നിരക്കുന്ന ആധുനിക കാലഘട്ടത്തിൽ ഈ നവീകരണത്തിന്റെ ഗതിവേഗവും വ്യാപ്തിയും വർദ്ധിച്ചതാവും.

അമ്പത്തിയാറ് മാത്രകളുള്ള അഞ്ചാം കാലത്തിൽ ഒരു സന്ദർഭത്തിൽ ഇലത്താളം പിടിക്കുന്ന രീതിയിൽ ഒരു ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകത കരിയന്നൂർ ഊന്നിപ്പറയുന്നുണ്ട്. നാലടികൾ കഴിഞ്ഞ് പിടിക്കുന്നത് അഞ്ചടികൾ കഴിഞ്ഞ് പിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. താളക്കാർക്ക് തിരുത്താനെന്തേ ബുദ്ധിമുട്ട്? ദക്ഷിണ കേരളത്തിൽ ഈ സന്ദർഭത്തിൽ താളംപിടിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റമുണ്ടെന്നു തോന്നുന്നു. അതാണ് കൂടുതൽ ശരി എന്നുണ്ടോ?

ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ പ്രബന്ധം നിർത്തട്ടെ . അമ്പത്തിയാറു മാത്രകളുള്ള അഞ്ചാം കാലത്തിൽ നിന്ന് 14 മാത്രയുടെ ത്രിപുടയിലേക്ക് കടക്കുന്നതിനിടയിലുള്ള 28 മാത്രയുടെ ഘട്ടമുണ്ടല്ലോ. ഇതും ഒന്ന് പുനഃക്രമീകരിക്കേണ്ടതില്ലേ? 28 അക്ഷരത്തിൽ ചിട്ടപ്പെടുത്തി എന്നത് യുക്തിസഹമാണ്. പക്ഷേ ഫലത്തിൽ 14 മാത്ര നീട്ടിപ്പരത്തി ഇരട്ടിയാക്കുകയല്ലേ ചെയ്തുള്ളൂ. ഒരു സെമിനാറിൽ ഡോ.ടി.എൻ. വാസുദേവൻ ഇതേ പ്രശ്നം ഉന്നയിച്ചതായി ഓർക്കുന്നു. നിലവിലെ 28 സൂക്ഷ്‌മമായി വിശകലനം ചെയ്താൽ ഇതുവരെ നിലനിന്നിരുന്ന താളവട്ടങ്ങൾ കൊട്ടലിന്റെ തുടർച്ചയുമല്ല. ത്രിപുടയിൽ കാണുന്ന വായനയുടെ സ്വഛന്ദ വിഹാരണങ്ങളുമില്ലാത്ത ഒരു ജഡാവസ്ഥ. ഇതിനെ രണ്ടു രീതികളുടെ കൃത്യമായ ഇടയാക്കി മാറ്റുന്നതല്ലേ കൂടുതൽ ശാസ്ത്രീയം? (സോഡാ കുപ്പിയുടെ കഴുത്തു പോലെയാണ് പഞ്ചവാദ്യത്തിന്റെ കഴുത്തും. ഒഴുക്കിൽ എന്തോ തടസ്സം വന്നുപെട്ടതുപോലെ.) താളവട്ടം കൊട്ടാനും അത് കൂട്ടിക്കൊട്ടാനും അതോടൊപ്പം വായനക്കും വ്യവസ്ഥ ചെയ്തുകൊണ്ട് 28 മാത്രയുടെ ഘട്ടത്തിന് പുതിയൊരു ക്രമമുണ്ടാക്കാൻ കലാമണ്ഡലം കളരിയിലൂടെ കരിയന്നൂരിന് സാധിക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്.

തിമില ഇടയുന്നത് ത്രിപുടയിലാണോ? ഗ്രന്ഥത്തിൽ അങ്ങിനെ പറയുന്നില്ലെങ്കിലും ചില സെമിനാറുകളിൽ പണ്ഡിതർ അത് ത്രിപുടയാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ശ്രോതാക്കൾക്ക് ചതുരശ്ര നടയിൽ ചെമ്പട താളമെന്നാണ് തോന്നുക. താളംപിടി ക്കുന്ന രീതി വിഭിന്നമാണെങ്കിലും ഇടച്ചിൽ കലാശിക്കുന്നത് തിത്തത്തിൽ കേട്ടിട്ടുണ്ട്. അതിനെന്താണ് യുക്തി? തിമിലക്കാർക്കൊപ്പം താങ്ങി സഹായിക്കുന്ന ഇലത്താളങ്ങൾ ഒരുഘട്ടം കഴിഞ്ഞാൽ തിമിലക്കാരുടെ കൈകൾക്കൊപ്പം ആകാശത്തേക്ക് ഉയരുന്നതു കാണാം. ഉയർന്നുപൊങ്ങിയ കയ്യുകൾ ഇനി എപ്പോഴാണ് ഭൂമിയിലേക്ക് തിരിച്ചു വരിക എന്ന് ഊഹിക്കാൻ പോലുമാവില്ല. പക്ഷേ തിരിച്ചെത്തുന്നത് ഒരുമിച്ചായിരിക്കും എന്നതാണത്ഭുതം. വ്യാകരണം കൊണ്ട് നിർദ്ധാരണം ചെയ്തെടുക്കാനാവാത്ത ഇത്തരം വിസ്മയ ങ്ങളുടെ ഒരു സംഘാതമാണ് അരങ്ങിൽ കാണുന്ന പഞ്ചവാദ്യം. നല്ല അഭ്യാസം സിദ്ധിച്ച കലാകാരാണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ വിസ്മയങ്ങൾക്ക് ഒരു സൂക്ഷ്‌മമായും സിദ്ധിക്കും. വ്യവസ്ഥയോടെ അഭ്യസിക്കാനുള്ളതാണ് പാഠപുസ്തകം. കരുത്തുറ്റ കലാകാരെ കളരിയിൽ വാർത്തെടുക്കാൻ കരുത്തുറ്റ ഒരു പാഠപുസ്തകവും വേണം. ആ അർഥത്തിൽ നാളിതുവരെ പഞ്ചവാദ്യക്കളരിയിൽ ലഭിച്ച ഏറ്റവും ഉൽകൃഷ്ടമായ പാഠപുസ്തകമാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + eighteen =

Most Popular