സെപ്തംബർ 16 തിരുവോണനാളിൽ വൈകുന്നേരം ബന്ധുവിന്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുത്തശേഷം രാത്രിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാസർകോട് ജില്ലയിലെ ഉദുമയിൽ മാങ്ങാട് ടൗണിലെ ടെമ്പോ ഡ്രൈവറായ എം ബി ബാലകൃഷ്ണൻ. രാത്രി ഏകദേശം 8 മണി ആയിട്ടുണ്ടാവും. ബാലകൃഷ്ണൻ തന്റെ സ്കൂട്ടറിൽ ആര്യടുക്കം എൽ പി സ്കൂളിനടുത്ത് എത്തിയപ്പോൾ ഖദർധാരികളായ മൂന്നംഗസംഘം റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തെ കുത്തികൊലപ്പെടുത്തി.
മൂർച്ചയേറിയ ആയുധംകൊണ്ടുള്ള കുത്തേറ്റ ബാലകൃഷ്ണൻ മരണപ്പാച്ചിലിനിടെ ഓടി സമീപത്തെ വീട്ടിൽ കയറിയെങ്കിലും അവിടെ ആളുണ്ടായിരുന്നില്ല. തുടർന്ന് അടുത്തുളള മറ്റൊരു വീട്ടിലേക്ക് ഓടവെ വഴിയിൽ ബോധമറ്റ് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആ പ്രദേശത്ത് സംഘർഷാവസ്ഥയൊന്നും നിലവിലുണ്ടായിരുന്നില്ല. മാങ്ങാട് ടൗണിൽ കോൺഗ്രസ് നേതൃത്വം കള്ളും കഞ്ചാവും നൽകി സംരക്ഷിച്ചിരുന്ന ഒരു ക്രിമിനൽസംഘമുണ്ട്. ആ സംഘമാണ് ബാലകൃഷ്ണനെ കുത്തിക്കൊന്നത്. മാങ്ങാട് ടൗണിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ താമസിക്കുന്ന ലോഡ്ജിനുനേരെ ഈ ക്രിമിനൽസംഘം നിരന്തരം അക്രമമഴിച്ചുവിട്ടിരുന്നു. തിരുവോണത്തിനും രണ്ടുദിവസം മുമ്പ് ലോഡ്ജിനുനേരെ ഇവർ കല്ലേറു നടത്തിയിരുന്നു. അപ്പോൾ സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയനുമൊത്ത് പാർടി അനുഭാവിയായ ബാലകൃഷ്ണനും അവിടെയെത്തി ആ ഗുണ്ടാസംഘത്തെ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ച് പറഞ്ഞുവിടുകയുണ്ടായി. അപ്പോഴും ഏറ്റുമുട്ടലൊന്നും ഉണ്ടായില്ല. കെപിസിസി അംഗം കുഞ്ഞിക്കേളു നായരുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഷിബു കടവങ്ങാനം, ഐഎൻടിയുസി പഞ്ചായത്തുകമ്മിറ്റിയുടെ പ്രസിഡന്റ് മജീദ്, ആര്യടുക്കം കോളനിയിലെ കോൺഗ്രസ് പ്രവർ ത്തകൻ ലുട്ടാപ്പി എന്നു വിളിക്കുന്ന പ്രജിത് എന്നിവരായിരുന്നു കൊലയാളിസംഘത്തിലുണ്ടായിരുന്നത്.
നെഞ്ചിലേറ്റ ഒറ്റക്കുത്തിൽ ഹൃദയവും ശ്വാസകോശവും ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകർത്ത് രക്തം പുറത്തേക്ക് പോകാത്ത രീതിയിലാണ് കൊലനടത്തിയത്. നല്ല പരിശീലനം ലഭിച്ചവർക്കുമാത്രമേ ഇത്തരത്തിൽ കൊലപാതകം നടത്താൻ കഴിയൂവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞത്.
45 വയസ്സുള്ള എം ബി ബാലകൃഷ്ണൻ പരേതരായ ബമ്പന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. ഉദുമ വനിതാ സഹകരണസംഘം കളക്ഷൻ ഏജന്റ് എ വി അനിതയാണ് ഭാര്യ. സിപിഐ എം മാങ്ങാട് ബ്രാഞ്ചംഗമാണ് അനിത. വിദ്യാർഥികളായ ആരതി, അക്ഷയ് എന്നിവർ മക്കൾ. സിപിഐ എം മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ, ബ്രാഞ്ചംഗം ബാലചന്ദ്രൻ, ഭാസ്കരൻ, സാവിത്രി, ബാബു എന്നിവർ സഹോദരങ്ങൾ. തീവ്രവാദപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നവരായിരുന്നു കൊലയാളികൾ. മുഖ്യപ്രതി ഐഎൻടിയുസിക്കാരനായ മജീദ് വർഗീയകലാപശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ലുട്ടാപ്പി, ഷിബു എന്നീ യൂത്ത് കോൺഗ്രസുകാരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. രാഷ്ട്രീയ വൈരമല്ലാതെ മറ്റൊരു കാരണവും ഈ കൊലപാതകത്തിന് പിന്നിലില്ല. പൊലീസും അത് സ്ഥിരീകരിക്കു ന്നു. നാട്ടുകാരാകെ ഓണാഘോഷത്തിൽ മുഴുകിയിരിക്കെ, കോൺഗ്രസുകാർ എതിരാളികളെ വകവരുത്താൻ കൊലക്കത്തിക്ക് മൂർച്ചകൂട്ടുകയായിരുന്നു.
കൊലയാളികൾ, ബാലകൃഷ്ണനെ കുത്തിവീഴ്ത്തിയശേഷം അഭ യംതേടിയത് കാസർകോട് ഡിസിസി ഓഫീസിലായിരുന്നു. ഡിസിസി പ്രസിഡന്റും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരന്റെ സംരക്ഷണയിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. ഉദുമ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായ ഷിബു കടവങ്ങാനത്തെ രണ്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞശേഷം ഡിവൈഎഫ്ഐ പ്രവർത്തകരും കാസർകോട് പ്രസ് ക്ലബിലെ മാധ്യമപ്രവർത്തകരും ചേർന്ന് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ഈ പിടികിട്ടാപ്പുള്ളിയെ അറസ്റ്റുചെയ്‌ത് കൊണ്ടുപോകാൻ പോലും പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. കൊലപാതകത്തെക്കുറിച്ച് ഡിസിസി പ്രസിഡന്റിന് മുൻകൂട്ടി അറിയാമായിരുന്നെന്നും ഡിസിസി ജനറൽ സെക്രട്ടറി വിദ്യാസാഗർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നും ഷിബു മാധ്യമപ്രവർത്തകരോടും പൊലീസിനോടും പരസ്യമായി പറഞ്ഞിട്ടും ഇവർക്കാർക്കുമെതിരെ കേസെടുക്കാനോ ഇവരെ അറസ്റ്റുചെയ്യാനോ പൊലീസ് തയ്യാറായില്ല. മുകളിൽനിന്നുള്ള നിർദേശമില്ലായിരുന്നത്രേ. രണ്ടുവർഷം കഴിഞ്ഞ് വീണ്ടും ഒരു തിരുവോണനാളിൽ കാസർകോട് ജില്ലയിൽ ഉശിരനായ ഒരു സിപിഐ എം പ്രവർത്തകൻ കൂടി എതിരാളികളുടെ കൊലക്കത്തിക്കിരയായി. കോടോം-ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി നാരായണൻ. മാങ്ങാട് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത് കോൺഗ്രസ്സെങ്കിൽ നാരായണനെ വെട്ടിയും കുത്തിയും കൊന്നത് ആർഎസ്എസ്‐ബിജെപി ക്രിമിനൽ സംഘമാണ്.
2015 ആഗസ്ത് 28ന് തിരുവോണനാളിൽ നാടാകെ ഓണാഘോഷത്തിൽ മുഴുകിയിരിക്കെ, പകൽ രണ്ടര മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ ആർഎസ്എസ് ക്രിമിനലുകളാണ് സിപിഐ എം പ്രവർത്തകനായ നാരായണനെ വീടിനു മുന്നിലിട്ട് അരുംകൊല ചെയ്‌തത്. നാരായണന്റെ സഹോദരനാണ് ആർഎസ്എസുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അ രവിന്ദൻ. മംഗളുരു ആശുപത്രിയിൽ ആഴ്ചകൾ നീണ്ട ചികിത്സയെ തു ടർന്നാണ് അരവിന്ദന് ജീവൻ തിരിച്ചുകിട്ടിയത്.
കായക്കുന്നിലെ പരേതനായ മാധവന്റെയും ശാന്തകുമാരിയുടെ യും മകനാണ് 42 കാരനായ നാരായണൻ. ബിന്ദുവാണ് ഭാര്യ. കാ ലിച്ചാനടുക്കം ഗവൺമെന്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അഭിജിത്ത്, നാലാംക്ലാസ് വിദ്യാർഥി പാർവതി എന്നിവർ മക്കൾ. ഉമേഷ്, ഉമ എന്നിവർ മറ്റു സഹോദരങ്ങൾ.
ബൈക്കിലെത്തിയ സംഘം വീട്ടുപറമ്പിനടുത്ത് ക്ലബിൽ സുഹൃ ത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന നാരായണനെ ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോ യി കൊല്ലുകയാണുണ്ടായത്. ഒരു പ്രത്യേകതരം കത്തി നാരായണ ന്റെ നെഞ്ചിൽ കുത്തിയിറക്കി കറക്കി വലിച്ചൂരുകയായിരുന്നു. നാരായണൻ താഴെ വീഴുന്നതു കണ്ട് ഓടിയെത്തിയ അരവിന്ദനെ വ ടിവാളുവെച്ച് വെട്ടിവീഴ്ത്തി. നാരായണൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാരായണനെയും അരവിന്ദനെയും കൊല്ലുകയായി രുന്നു കൊലയാളിസംഘത്തിന്റെ ലക്ഷ്യം.
കൊലയാളിസംഘം എത്തുന്നതിന് തൊട്ടുമുമ്പ് അരവിന്ദനെ ബിജെപി പ്രാദേശിക നേതാവും അയൽവാസിയുമായ വിജയൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. വിജയന്റെ ഫോൺവിളിയിൽ പന്തികേടു തോന്നിയ അരവിന്ദൻ പുറത്തിറങ്ങുമ്പോൾ ജ്യേഷ്ഠനെ ആക്രമിക്കുന്നതാണ് കണ്ടത്. ബിജെപിയുടെ പ്രാദേശിക നേതാവായ വിജയനായിരുന്നു കൊലപാതകത്തിന്റെ ആസൂത്രകൻ. വിജയന്റെ സഹോദരൻ ശ്രീനാഥിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കൊലപാതകത്തിൽ പ്രത്യേക പരിശീല നം സിദ്ധിച്ചയാളാണ് ശ്രീനാഥ്. ഓണത്തിന്റെ തലേദിവസംതന്നെ വിജയൻ ഭാര്യയെയും മക്കളെയുംകൂട്ടി വീടുംപൂട്ടി സ്ഥലംവിട്ടിരുന്നു. വളർത്തുനായ ഉൾപ്പെടെ സർവവസ്തുക്കളുംകൊണ്ട് സ്ഥലംവിട്ടത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം എന്ന് സംശയാതീതമായി വ്യക്തമാക്കുന്നു. ♦