കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസരംഗമാകെ വലിയ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ, ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്കു കുതിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ സകല സാധ്യതകളും സാധാരണക്കാരുടെ കുട്ടികൾക്കു വരെ ലഭ്യമാകുമെന്നു വന്നതും വലിയ നേട്ടമാണ്. 2017 ലാണ് ഡിജിറ്റൽ പാരിറ്റി എന്നത് ബാലാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ UNESCO തീരുമാനിക്കുന്നത്. അതിനുമുമ്പുതന്നെ കേരളം ഈ ദിശയിൽ ചുവടുവച്ചു. ഇതിന്റെയെല്ലാം ഫലമായി 10 ലക്ഷത്തിലേറെ കുട്ടികൾ അൺ എയ്ഡഡ് മേഖലയിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് മാറി എന്നതും അഭിമാനകരമായ നേട്ടമാണ്. തൊട്ടു മുമ്പുള്ള യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സാമ്പത്തിക ക്ഷമതയില്ലാത്ത (uneconomic ) വിദ്യാലയങ്ങൾ പൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നിരുന്നതെന്നും ഓർക്കണം.
പുറന്തള്ളപ്പെടുന്ന മലയാളം
എന്നാൽ ഇതോടൊപ്പം നടന്ന ഏറെ പ്രതിലോമ പരമായ ഒരു പ്രവണത കാണാതിരുന്നു കൂട. സർക്കാർ വിദ്യാലയങ്ങളിലുൾപ്പെടെ മാതൃഭാഷയിലൂടെയുള്ള പഠനം അപ്രത്യക്ഷമാകുന്നു. മലയാളം പഠനമാധ്യമമായി സ്വീകരിച്ച ക്ലാസ്സുകൾ ചുരുങ്ങിച്ചുരുങ്ങി വന്നു. ചില വിദ്യാലയങ്ങളിൽ പേരിനു മാത്രം മലയാളം മീഡിയം കാസ്സുകൾ നിലനിൽ ക്കുന്നു. ഇംഗ്ലീഷ് മീഡിയ മില്ലാതെ സർക്കാർ പ്രാഥമിക വിദ്യാലയങ്ങൾക്കു പോലും നിലനില്പില്ലെന്ന നിലവന്നു. . ഇംഗ്ലീഷ് മീഡിയമില്ലാതെ നിലനില്ക്കാൻ ശ്രമിക്കുന്ന വിദ്യാലയങ്ങൾ വലിയ സാമൂഹ്യസമ്മർദ്ദമാണ് അനുഭവിക്കുന്നത്. കഴിഞ്ഞ SSLC. പരീക്ഷയിൽ പകുതിയിലേറെ കുട്ടികൾ ഇംഗ്ലീഷിലാണ് ഉത്തരമെഴുതിയത്.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിച്ചിരിക്കണമെന്ന സർക്കാർ ഉത്തരവ് ആശ്വാസകരമെങ്കിലും ഇംഗ്ലീഷ് മീഡിയം എന്ന അശാസ്ത്രീയതക്ക് നമമുടെ പൊതുവിദ്യാലയങ്ങൾ വരെ കീഴടങ്ങുകയാണ്. ഇതു തടയാനായില്ലെങ്കിൽ നാളെ മലയാളം മീഡിയം ക്ലാസ്സുകളുടെ നിലനില്പ് അപകടത്തിലാവും. സർക്കാർ വിദ്യാലയങ്ങളിലുൾപ്പെടെ വരേണ്യ,- പതിത വിഭജനമുണ്ടാകും. ഇംഗ്ലീഷ് മീഡിയക്കാർ ഒരു വരേണ്യ വിഭാഗവും മലയാളം മീഡിയക്കാർ രണ്ടാം തരക്കാരുമായാണ് പരിഗണിക്കപ്പെടുന്നത്. അൺ എയ്ഡഡ് സ്ഥാപനങ്ങൾ സൃഷ്ടിച്ചിരുന്ന ഈ രണ്ടു തരം വിദ്യാർത്ഥികൾ എന്ന വിഭജനം സർക്കാർ വിദ്യാലത്തിനകത്തു തന്നെ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ വന്നിരിക്കയാണ്… പൊതുവിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനിടയിൽ സംഭവിച്ചു പോയ ഈ പ്രതിലോമ ഘടകം അവഗണിക്കാവുന്നതല്ല.
എന്തുകൊണ്ട് പ്രതിലോമപരം?
ഭാഷ വെറും ആശയവിനിമയോപാധി മാത്രമെന്ന യാന്ത്രികവാദം ഭാഷയെ പരിമിതപ്പെടുത്തലാണ്. മാതൃഭാഷ ഒരു ജനതയുടെ സംസ്കാരമാണ്. മാതൃഭാഷയിലാണ് നാം ചിന്തിക്കുന്നത്. മാതൃഭാഷയിലാണ് നാം സ്വപ്നം കാണുന്നത്. ഈ ഭാഷയിലാണ് നാം സമരം ചെയ്തത് ,നാം പുതിയ ആശയങ്ങൾ സ്വാംശീകരിച്ചത്,മുദ്രാവാക്യങ്ങൾ വിളിച്ചത്,നമ്മുടെ ആത്മാവിഷ്കാരങ്ങൾ നടത്തിയത്. മാതൃഭാഷ ഒരു ജനതയുടെ ഉണ്മയാണ്.
ഉണ്മ നഷ്ടപ്പെട്ട ജനത ഇച്ഛകളില്ലാത്ത ആൾക്കൂട്ടം മാത്രമാകുന്നു. ഇച്ഛ നഷ്ടപ്പെട്ട മനുഷ്യൻ ഒരുപകരണം മാത്രമാണ്. സ്വന്തമായ ഇച്ഛയില്ലാത്ത അപരമായ ഇച്ഛയനുസരിച്ച് ചലിക്കുന്ന ഉപകരണം. കമ്പോളത്തിനാവശ്യം സ്വേച്ഛയില്ലാത്ത, പ്രതികരണമില്ലാത്ത, ഉപകരണ സമാനമായ പൂർണ വിധേയത്വമാണ്. കമ്പോള സംസ്കൃതിയുടെ സ്വാധീനത്തിലാണ് കേരളത്തിലെ രക്ഷിതാക്കൾ.
വിദ്യാഭ്യാസം സംബന്ധിച്ച ശരാശരി മലയാളിയുടെ ധാരണകളെ രൂപപ്പെടുത്തുന്നത് കമ്പോളമാണ്. പഠിക്കുന്നത് ധാരാളം സാമ്പത്തിക വരുമാനമുളള ജോലി നേടാനാണ്. അതു നേടാൻ ഇംഗ്ലീഷിൽ പഠിക്കുന്നതാണ് നല്ലത്. അതുകൊണ്ട് ഇംഗ്ലീഷ് മീഡിയമാണ് മികച്ചത്. മലയാള ഭാഷക്ക് ആധുനിക ശാസ്ത്രവിജ്ഞാനവും സാങ്കേതികവിദ്യയും ഉൾക്കൊള്ളാനുള്ള ശേഷിയില്ല. എന്നിങ്ങനെ അയുക്തികമായ വാദഗതികളിലൂടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആരാധകരായി അവർ മാറുന്നു.
ഈ ധാരണ ശക്തിപ്പെടുകയും മലയാളം പഠനമാധ്യമം അല്ലാതാവുകയും ചെയ്യുമ്പോൾ ഇനിയെന്തിനു മലയാളം പഠിക്കണം എന്ന ചോദ്യമുയരും. ക്രമേണ ഭാഷ നഷ്ടപ്പെട്ട ജനതയായി മലയാളികൾ മാറും. ഉണ്മ നഷ്ടപ്പെട്ട ജനത സ്വേച്ഛയില്ലാത്ത ആൾക്കൂട്ടം മാത്രമാണ്. ആഗോളവൽകരണം ആവശ്യപ്പെടുന്നത് ഈ ഇച്ഛയില്ലായ്മയാണ്. കണ്ണുമടച്ച് ഇംഗ്ലീഷ് മീഡിയത്തിനു പുറകെ പോയാൽ നാം ചെന്നുവീഴുന്നത് ആഗോളവൽക്കരണത്തിന്റെ ചതിക്കുഴിയിലായിരിക്കും.
മലയാളമില്ലാത്ത മലയാളികൾ
“ഒന്നേക്കാൽ കോടി മലയാളികൾ “ഒരു ജനതയാണെന്നും “കേരളം മലയാളികളുടെ മാതൃഭൂമി’യാണെന്നും ഈ ലോകത്തോടു വിളിച്ചു പറഞ്ഞത് നവകേരള ശില്പിയായ ഇ എം എസ് ആണ്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന മലബാറിലും ജീവിച്ചിരുന്ന മലയാളം സംസാരിക്കുന്ന മനുഷ്യരുടെ ഉണ്മയാണ് മലയാളം എന്നാണ് ഇ എം എസ് വാദിച്ചത്. മലയാളിത്തം തന്നെയാണ് മലയാളികളുടെ ഉണ്മ. മലയാളിത്തം നഷ്ടപ്പെട്ട ജനതയായി മലയാളികൾ മാറുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാരംഭിച്ച ബദൽ വികസന മാതൃകക്ക് അനുയോജ്യമല്ല. പ്രാദേശിക സമ്പദ്ഘടന പോലുള്ള ബദൽ സങ്കല്പങ്ങൾക്ക് ഈ പോക്ക് വൻതിരിച്ചടിയാകും. കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം സാംസ്കാരിക വളർച്ചയുണ്ടാകുന്നില്ല എന്ന വിമർശനത്തിന് മറ്റൊരു ദൃഷ്ടാന്തമാവാനും സാധ്യതയുണ്ട്.
അസംബന്ധ വാദഗതികൾ
ഇംഗ്ലീഷ് മീഡിയത്തെ ന്യായീകരിക്കുന്ന പല വാദഗതികളും തികഞ്ഞ അസംബന്ധമാണ്.
1. കേരളത്തിൽ തൊഴിലില്ല. അന്യദേശങ്ങളിൽ തൊഴിൽ തേടാൻ ഇംഗ്ലീഷ് വേണം.
ഇന്ത്യയിലാകെ 2% പേർക്കേ ഇംഗ്ലീഷറിയൂ. അതുകൊണ്ട് ഇന്ത്യയിലെവിടെ ജോലി ചെയ്യാനും ഇംഗ്ലീഷുകൊണ്ട് വലിയ കാര്യമൊന്നുമില്ല. കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിയാണ് പിന്നെയും ഭേദം.
ഇന്ത്യക്കു വെളിയിൽ ഇംഗ്ലണ്ട്, അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമേ ഇംഗ്ലീഷുകൊണ്ടു കാര്യമുള്ളു. ജർമ്മനിയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം അതാതു രാജ്യത്തെ ഭാഷയാണ് പഠന ഭാഷയും ഭരണഭാഷയും. മലയാളികൾ കൂടുതൽ ജോലി തേടിപ്പോകുന്ന ഗൾഫിലും ഇംഗ്ലീഷു കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. അവിടെ അറബി തന്നെ വേണം.
മാത്രമല്ല, ആശയവിനിമയത്തിനാവശ്യമായ ഏതു ഭാഷയും അതാതു നാട്ടിലെത്തിയാൽ രണ്ടോ മൂന്നോ മാസം കൊണ്ട് ആർജിക്കാവുന്നതേയുള്ളു. കേരളത്തിൽ തൊഴിൽതേടിയെത്തുന്ന നിരക്ഷരരായ ബീഹാറികളും ബംഗാളികളുമെല്ലാം എത്ര വേഗമാണ് മലയാളം സംസാരിക്കാൻ പഠിച്ചത്! മലയാളികൾ അതിഥിതൊഴിലാളികളുടെ ഭാഷയും പഠിക്കുന്നു.
ഇതിനൊക്കെയപ്പുറത്ത് നമ്മുടെ കുട്ടികൾ പഠിക്കുന്നത് അന്യനാടുകളിൽ പോയി ജീവിക്കാനാണോ എന്ന ചോദ്യം ഉയരേണ്ട കാലം വൈകി. ഇനിയെത്ര കാലം അതു സാധ്യമാകും എന്ന ചോദ്യവും പ്രസക്തമാണ്.
2. ടെക്നോളജിയും ഭാഷയും
ശാസ്ത്രവും ടെക്നോളജിയും മലയാളത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന വാദവും അസംബന്ധമാണ്. ലോക ക്ലാസ്സിക്കുകളും തത്വശാസ്ത്ര ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. വൈവിധ്യപൂർണമായ ലോകജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാൻ മലയാളത്തിനാകുമെങ്കിൽ താരതമ്യേന ലളിതമായ ശാസ്ത്രവും സാങ്കേതികവിദ്യയും ഉൾക്കൊള്ളാൻ എന്തു പ്രയാസം? എം പി പരമേശ്വരന്റെ പ്രപഞ്ചരേഖപോലൊരു കൃതി മലയാളത്തിലെഴുതാമെങ്കിൽ ഏതു ശാസ്ത്രവും സാകേതികവിദ്യയുമാണ് മലയാളത്തിന് വിലങ്ങാത്തത്?
ഇനി ഏതെങ്കലും സാങ്കേതിക പദത്തിനു തുല്യമായ മലയാള പദമില്ലെങ്കിൽ അത് ഇംഗ്ലീഷിൽ നിന്നു സ്വീകരിച്ചാൽ എന്താണു കുഴപ്പം ? പെന്ന് ( Pen | പെൻസില് (Pencil) ബെഞ്ച് (bench) പോലെ എത്രയെത്ര പദങ്ങൾ മലയാളമായിത്തീർന്നിരിക്കുന്നു? അങ്ങനെയല്ലേ ഭാഷകൾ വളരുക? സയൻസിലേയും ടെക്നോളജിയിലേയും പദങ്ങൾ എല്ലാം ഇംഗ്ലീഷാണോ? ഹൈഡ്രജൻ, ഓക്സിജൻ – തുടങ്ങി എത്രയെത്ര പദങ്ങൾ ലാറ്റിൻ ഭാഷയിൽ നിന്നും ഗ്രീക്കിൽ നിന്നും ഇംഗ്ലീഷ് കടം കൊണ്ടിരിക്കുന്നു?
സാങ്കേതികവിദ്യയിൽ നല്ല മുന്നേറ്റമുണ്ടാക്കിയ ജപ്പാനിലോ ഫ്രാൻസിലോ ജർമ്മനിയിലോ റഷ്യയിലോ ചൈനയിലോ ശാസ്‌ത്രവും സാങ്കേതികവിദ്യയും പഠിക്കുന്നത് ഇംഗ്ലീഷിലല്ല. അതതു രാജ്യത്തെ ഭാഷകളിലാണ്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയെ പരിശീലിപ്പിച്ച റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞന് ഇംഗ്ലീഷ് അറിയാമായിരുന്നില്ല. ദ്വിഭാഷിയുടെ സഹായം തേടിയാണ് പരിശീലനം പൂർത്തിയാക്കിയത്.
ആൽബർട് ഐൻസ്റ്റീനും ഫ്രോയിഡും നേതൃത്യം കൊടുത്തു സ്ഥാപിച്ച ഹീബ്രു യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങും മെഡിസിനുമുൾപ്പെടെ ഹീബ്രു ഭാഷയിലാണ് പഠിക്കുന്നത്.
ശാസ്ത്രത്തിൽ എട്ടു എട്ടുനോബൽ സമ്മാനങ്ങൾ ഇതിനകം ഈ യൂനിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയ ശാസ്ത്രജ്ഞർ നേടിക്കഴിഞ്ഞു.
ചുരുക്കത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ഇംഗ്ലീഷിൽ മാത്രമേ പഠിക്കാൻ കഴിയൂ എന്നത് മലയാളികൾ മാത്രം വച്ചുപുലർത്തുന്ന അന്ധവിശ്വാസമാണ്.
ഗവേഷണ വിദ്യാഭ്യാസമുൾപ്പെടെ മാതൃഭാഷയിലാകണമെന്ന് വാദിച്ച ഇ എം എസ് പറയുന്നതിതിങ്ങിനെയാണ്. “വിദ്യാഭ്യാസം ജനങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളുടെ ഭാഷ മാതൃഭാഷയാണ്. അതിൽ നടത്തുന്ന അധ്യയനവും അധ്യാപനവും മാത്രമേ വിദ്യാർത്ഥികളുടെ ധിഷണാപരമായ വളർച്ചയെ സഹായിക്കൂ. ഈ പ്രാഥമിക സത്യങ്ങളുടെ നിഷേധമാണ് മാതൃഭാഷയിലുള്ള അധ്യാപനത്തോടുള്ള എതിർപ്പിന്റെ വിവിധ രൂപങ്ങൾ.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നാല്പത്തിനാല് വർഷമായിട്ടും മാതൃഭാഷയിലൂടെ അധ്യാപനം എന്ന ലളിതമായ നിർദേശം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നത് ദയനീയമായിരിക്കുന്നു.
[“ഭാഷാധ്യാപനത്തെപ്പറ്റി വീണ്ടും’ എന്ന പേരിൽ1991 ഡിസംബർ 29ന് ഇ എം എസ് എഴുതിയ ലേഖനം. വിദ്യാഭാസത്തെപ്പറ്റി – എന്ന സമാഹാരത്തിൽ പേജ് 71, 72.]
ഇപ്പോൾ വർഷം 75 കഴിഞ്ഞിട്ടും ആ “ദയനീയത’ തുടരുന്നത് പരിതാപകരമല്ലേ?
മാതൃഭാഷയിലൂടെ പഠനം
അന്തർദ്ദേശീയ ഏജൻസികളുടെ പഠനങ്ങൾ തെളിയിക്കുന്നത് മാതൃഭാഷയിലൂടെയുള്ള പഠനമാണ് മികവുറ്റത് എന്നാണ്. PISA ( Programme for International Students Assessment) കഴിഞ്ഞവർഷം നടത്തിയ പഠനം തെളിയിച്ചത് മാതൃഭാഷയിൽ പഠിച്ച കുട്ടികളാണ് ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ മികവുപുലർത്തുന്നത് എന്നാണ്. ഗണിത ഒളിമ്പ്യാഡിൽ മുൻനിരയിലെത്തിയ 20 രാജ്യങ്ങളിലും മാതൃഭാഷയിലാണ് പഠനം നടക്കുന്നത്. ഏതു ഭാഷയിൽ പഠിക്കുന്നു എന്നതല്ല; പഠിക്കുന്ന വിഷയത്തിൽ നേടുന്ന പ്രാവീണ്യമാണ് പ്രധാനമെന്ന് കേരളീയ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
ഇംഗ്ലീഷ് നന്നായി പഠിക്കണം
ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യക്കാർ ഒരു ലോക ഭാഷ എന്ന നിലയിൽ ഇംഗ്ലീഷും ഇന്ത്യയിൽ കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിയും സ്വായത്തമാക്കേണ്ടതുണ്ട്. അതിന് പഠനമാധ്യമം ഇംഗ്ലീഷാക്കുകയല്ല വേണ്ടത് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കുകയാണ് ചെയ്യേണ്ടത്.
മാത്രമല്ല; ഏതു രാജ്യത്ത് ജോലിക്കെത്തിയാലും അഞ്ചോ ആറോ മാസത്തെ ഒരു കോഴ്സിലൂടെ കടന്നുപോയി ആ നാട്ടിലെ ഭാഷ സ്വായത്തമാക്കേണ്ടതുണ്ട്. അതാണ് ഇന്ന് ലോകവ്യാപകമായി നടക്കുന്നതും. ഇംഗ്ലീഷ് പ്രധാന ഭാഷയായ രാജ്യങ്ങളിലും ഇതു മതിയാകും.
മാത്രമല്ല; നിർമിത ബുദ്ധി (artificial intelligence) വികസിച്ചു വരുന്ന കാലത്ത് ഇതൊരു പ്രശ്നമേയല്ലാതായിരിക്കുന്നു. ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ചാൽ നിമിഷങ്ങൾ കൊണ്ട് ഭാഷാന്തരണം സാധ്യമാണ്.
ഭാഷയും ജനാധിപത്യവും
ഭാഷ ഒരധികാരരൂപം കൂടിയാണ്. ജാതി – ജന്മി നാടു വാഴിത്തവ്യവസ്ഥയിൽ പഠനമാധ്യമവും ഭരണഭാഷയും സംസ്കൃതമായിരുന്നു. മഹാഭ്രരിപക്ഷത്തിന് അറിവു വിലക്കുകയായിരുന്നു ലക്ഷ്യം. അറിവിന്റെ നിഗൂഢവൽകരണം അന്നു സാധ്യമാക്കിയത് സംസ്കൃതത്തെ പഠനഭാഷയാക്കിക്കൊണ്ടാണ്. നിഗൂഢവൽക്കരിക്കപ്പെട്ട അറിവ് ആധിപത്യത്തിനുള്ള ഉപാധിയായാണ് ഉപയോഗിക്കപ്പെട്ടത്. ബ്രിട്ടീഷുകാരാണ് പൊതു വിദ്യാഭ്യാസ സംവിധാനം കൊണ്ടുവന്നത്. അന്ന് പഠന ഭാഷയും ഭരണഭാഷയും ഇംഗ്ലീഷിലായത് സ്വാഭാവികം. മജ്ജയിലും മാംസത്തിലും ഇന്ത്യക്കാരും ആശയിലും അഭിലാഷങ്ങളിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗത്തെ വളർത്തിയെടുക്കുകയായിരുന്നു, അവരുടെ ലക്ഷ്യം..!!
ഈ ജനാധിപത്യ കാലത്തും അതു തുടരുന്നതുപോലെ അസംബന്ധമായി മറ്റെന്താണുള്ളത്?
ജനാധിപത്യ കാലത്ത് ജനങ്ങളുടെ ഭാഷയാവണം, ഭരണ ഭാഷ എന്നു നാം അംഗീകരിച്ചു കഴിഞ്ഞു.. ഭരണ ഭാഷയും പഠന ഭാഷയും കോടതി ഭാഷയും മാതൃഭാഷയാവുമ്പോൾ നാം ജനാധിപത്യത്തോടു കൂടുതൽ അടുക്കുന്നു.
ജ്ഞാനസമൂഹവും ഭാഷയും
കേരളം ജ്ഞാനസമൂഹത്തിലേക്കു കുതിക്കുകയാണ്. നിരന്തരം അറിവു നിർമ്മിക്കപ്പെടുകയും അതു ജനങ്ങളുടെ മുഴുവൻ അറിവായിത്തീരുകയും അത് ഉല്പാദന പ്രക്രിയയിൽ വിഭവമായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന സമൂഹമാണ് ജ്ഞാനസമൂഹം. അതായത് ജ്ഞാനസമൂഹമായി മാറാൻ കുതിച്ചുനില്ക്കുന്ന കേരളത്തിൽ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നത് പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണ്. അറിവ് നേടിയ വ്യക്തി ഇവിടുത്തെ ജനങ്ങളുമായാണ് സംവദിക്കേണ്ടത്. ഒരു എഞ്ചിനീയർ ഉണ്ടാക്കുന്ന പ്ലാനും എസ്റ്റിമേറ്റും സാധാരണക്കാരനു മനസ്സിലാകണം. ഒരു രോഗിക്ക് തന്റെ അസുഖമെന്താണെന്നും അതിനു ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് എന്താണെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കാനുള്ള അവകാശമുണ്ട്. ഇതെല്ലാം യാഥാർത്ഥ്യമാവണമെങ്കിൽ വിനിമയം മാതൃഭാഷയിലാവണം. ഇതെല്ലാം സംഭവിക്കുമ്പോഴാണ് ഒരു ജ്ഞാനസമൂഹം രൂപപ്പെടുന്നത്. ഇന്നത്തെ വിദ്യാഭ്യാസമാണ് നാളത്തെ സമൂഹത്തിന് രൂപംനല്കുന്നത്. അതിനാൽ ജ്ഞാനസമൂഹമായി വളരാൻ ലക്ഷ്യമിടുന്ന കേരളം പഠനമാധ്യമം ഇംഗ്ലീഷായി തുടരാൻ അനുവദിച്ചുകൂട.
പാഠ്യപദ്ധതീ നവീകരണത്തിന്റെ ഭാഗമായി നടക്കേണ്ട അനിവാര്യമാറ്റമാണത്.
ജ്ഞാന നിർമ്മിതിയും വീട്ടുഭാഷയും
ലോകമാകെ ഇന്ന് അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ മന:ശാസ്ത്രം സാമൂഹ്യ ജ്ഞാന നിർമ്മിതി വാദമാണ്. അതനുസരിച്ച് പഴയ പോലെ അധ്യാപകൻ കുട്ടികളാകുന്ന ശൂന്യപാത്രങ്ങളിൽ അറിവു നിറയ്‌ക്കുകയല്ല ചെയ്യുന്നത്. നിരീക്ഷിച്ചും പരീക്ഷിച്ചും സമൂഹവുമായി ഇടപെട്ടും കുട്ടികൾ കൂട്ടായി അറിവു നിർമ്മിക്കുന്നു. തങ്ങളുടെ മുന്നിലുള്ള പ്രശ്നത്തിന് കുട്ടികൾ പരിഹാരം തേടുന്നു. അതിനാവശ്യമായ വസ്തുതകൾ ശേഖരിക്കുന്നു. വിശകലനം ചെയ്യുന്നു. നിഗമനങ്ങളിലെത്തുന്നു. സാധ്യമായ സന്ദർഭത്തിൽ പരീക്ഷിച്ചുറപ്പിക്കുന്നു.
വിവരങ്ങൾ ശേഖരിക്കുന്നതിൽ അധ്യാപകന് സഹായിക്കാം. വിശകലന ഘട്ടത്തിൽ അനുയോജ്യമായ ചോദ്യങ്ങളിലൂടെ കുട്ടികളുടെ ചിന്താപദ്ധതിയിൽ അധ്യാപകനിടപെടാം. ലഭിക്കുന്ന ഉത്തരത്തേക്കാൾ പ്രധാനം ഈ പ്രക്രിയയാണ്. കുട്ടികൾ തന്നെ ഉത്തരം എത്തിപ്പിടിക്കണം. കൂടുതൽ ജീവിതാനുഭവമുള്ള ഒരാൾ എന്ന നിലയിൽ അധ്യാപകൻ കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ കൈത്താങ്ങുനല്കാം. (Scuffolding)
ആധുനിക പഠനരീതി 1997 മുതൽ കേരളത്തിൽ ചർച്ചാവിഷയമാണ്. 2007 -ൽ രൂപംനല്കിയതാണ് ഇന്ന് നിലവിലുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF). ഇപ്പോൾ നിലവിലുള്ള പാഠപുസ്തകങ്ങൾ (2013-ൽ ആ വിഷ്കരിച്ചത് ) ഈ KCF പ്രകാരമായിരിക്കുമല്ലോ… ! പഠന നേട്ടം (Learning Outcome- LO ) എന്ന സങ്കല്പം കൊണ്ടു വന്ന് പ്രക്രിയയുടെ പ്രാധാന്യം അതിസമർത്ഥമായി അട്ടിമറിച്ചെങ്കിലും കേരളം ഔദ്യോഗികമായി അംഗീകരിച്ച പഠനരീതി സാമൂഹ്യ ജ്ഞാനനിർമ്മിതിവാദത്തെ അടിസ്ഥാനമാക്കിയുള്ളതു തന്നെയാണ്.! കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) ആവർത്തിച്ചാണയിടുന്നതും സാമൂഹ്യ ജ്ഞാനനിർമ്മിതിയാണ് ഈ നയത്തിനടിത്തറയെന്നാണ്. ലോകമാകെ അംഗീകരിച്ചു കഴിഞ്ഞ ആധുനിക പഠന സിദ്ധാന്തങ്ങളെ നിരാകരിക്കാൻ ആർക്കുംകഴിയില്ലല്ലോ. (ഉള്ളടക്കത്തിന്റെ വിശദാംശങ്ങൾ വിപരീതഫലമുളവാക്കുമ്പോഴും ഔപചാരികമായി ജ്ഞാനനിർമിതിവാദത്തെ അംഗീകരിക്കുകയാണ് NEP യും !) പഠന നിലവാരത്തിൽ ലോകോത്തരമെന്ന് വിലയിരുത്തപ്പെട്ട ഫിൻലാന്റുൾപ്പെടെ വികസിത ജനാധിപത്യ രാജ്യങ്ങൾ പിന്തുടരുന്ന പഠന സിദ്ധാന്തമാണിത്. ഇന്ത്യയിൽ തന്നെ ഡൂൺ സ്കൂളുകൾ , സെൻട്രൽസ്കൂളുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന പഠനസമ്പ്രദായങ്ങളും ഇതിനെ അടിസ്ഥാനമാക്കിയാണ്.
ജ്ഞാന നിർമിതിയാണ് ക്ലാസ്സിൽ നടക്കേണ്ടതെങ്കിൽ കുട്ടികളും കുട്ടികളും തമ്മിലും അധ്യാപകനും കുട്ടികളും തമ്മിലും സമൂഹവുമായും തടസ്സമില്ലാത്ത ആശയവിനിമയം നടക്കണം. കൂട്ടായി അന്വേഷിച്ചാണ് പ്രശ്നപരിഹാരം കണ്ടെത്തുന്നത്. സുഗമമായ ആശയ വിനിമയം വീട്ടുഭാഷയിലാണു നടക്കുക. അതിനാൽ ജ്ഞാനനിർമിതിയാണ് ക്ലാസ്സിൽ നടക്കുന്നതെങ്കിൽ മീഡിയം എന്താകണമെന്ന ചോദ്യം അപ്രസക്തമാണ്.
ഇതിനർത്ഥം എല്ലാ ക്ലാസ്സിലും പഠനഭാഷ മലയാള മാകണമെന്നല്ല. ആദിവാസി ഊരുകളിൽ ഊരുഭാഷ ഉപയോഗിക്കട്ടെ. വടക്കൻ കാസർകോട്ടെ കുട്ടികൾ അവരുടെ വീട്ടുഭാഷയിൽ (കർണാടകമോ തുളുവോ കൊങ്ങിണിയോ, ഭാഷ ഏതുമാകട്ടെ) ഇടപെടട്ടെ. തമിഴ്‌ഭാഷാ ന്യൂനപക്ഷമേഖലയിൽ അവരുടെ ഭാഷയിലാകട്ടെ, ആശയ വിനിമയം. ഇനി എവിടെയെങ്കിലും ഇംഗ്ലീഷാണ് മാതൃഭാഷയെങ്കിൽ അവർ ആ ഭാഷയിലും ജ്ഞാനനിർമിതിയിൽ ഏർപ്പെടട്ടെ. കുട്ടികൾക്ക് ഇഷ്ടമുള്ള ഭാഷയിൽ ടെക്സ്റ്റ് ബുക്ക് നല്കാം. മൂല്യ നിർണയ ഘട്ടത്തിൽ അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ ആശയാവിഷ്കാരം നടത്തട്ടെ! ഇങ്ങിനെ ഒരു ബഹുഭാഷാ സമീപനം കൈക്കൊള്ളുന്നതിനെ ആർക്കാണ് എതിർക്കാൻ കഴിയുക? ഏതു ഭാഷയിലാണ് പഠനം നടക്കുന്നത് എന്നല്ല, പഠിക്കുന്ന കാര്യങ്ങൾ സ്വായത്തമാക്കാനും സർഗാത്മകമായി പ്രയോഗിക്കാനും സമൂഹവുമായി പങ്കുവെക്കാനും കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.
അതായത് പുതിയ പാഠ്യപദ്ധതി പ്രായോഗികമാകണമെങ്കിൽ ഇംഗ്ലീഷ് മീഡിയം/മലയാളം മീഡിയം എന്ന വിഭജനം അവസാനിപ്പിക്കണം. കുട്ടികൾ ചിന്തിക്കുന്ന ഭാഷയിൽ, സ്വപ്നം കാണുന്ന ഭാഷയിൽ മാത്രമേ, ജ്ഞാനനിർമിതി നടക്കുകയുള്ളു എന്ന സത്യം അംഗീകരിക്കണം.
അങ്ങിനെ നമുക്ക് മലയാളികൾ വച്ചുപുലർത്തുന്ന അപമാനകരമായ ഒരു അന്ധവിശ്വാസത്തെക്കൂടി കുടഞ്ഞെറിയാം. പൊതുവിദ്യാലയങ്ങളിലെ വരേണ്യ – പതിത വിഭജനം ഒഴിവാക്കുകയും ചെയ്യാം. ജ്ഞാനസമൂഹത്തിലേക്ക് – നവകേരളത്തിലേക്ക് ഇടർച്ചയില്ലാതെ, ചുവടുറപ്പോടെ നമുക്കു നീങ്ങാം..! ♦



