Sunday, September 8, 2024

ad

Homeലേഖനങ്ങൾപ്ലാസ്റ്റിക്കിനെ പരാജയപ്പെടുത്താൻ പാഴ് വസ്തുരഹിത ജീവിതം

പ്ലാസ്റ്റിക്കിനെ പരാജയപ്പെടുത്താൻ പാഴ് വസ്തുരഹിത ജീവിതം

ഡോ. കെ പി കൃഷ്ണൻകുട്ടി

പ്ലാസ്റ്റിക്കിനെ പരാജയപ്പെടുത്താൻ പാഴ്വസ്തുരഹിത ജീവിതം
‘എങ്ങനെ കാലാവസ്ഥാ ദുരന്തം ഒഴിവാക്കാം’ എന്ന പുസ്തകത്തിൽ രണ്ട് സംഖ്യകൾ നാം മനസിൽ കുറിച്ചിടണമെന്ന് ബിൽ ഗേറ്റ്സ് (Bill Gates, How to Avoid a Climate Disaster, 2021)പറയുന്നുണ്ട്. 51 ബില്യനും പൂജ്യവുമാണവ. പ്രതിവർഷം അന്തരീക്ഷത്തിലേക്ക് ആഗോള തലത്തിൽ ഉത്സർജ്ജിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവാണ് 51 ബില്യൺ. ആ അളവിനെ പൂജ്യത്തിലേക്ക് എത്തിക്കണം. അതാണ് പ്രശ്നം. കാർബൺഡയോക്സൈഡിന്റെ അളവ് എങ്ങനെ കുറച്ചു കൊണ്ടുവന്ന് പൂജ്യത്തിൽ എത്തിക്കാമെന്നതാണ് മനുഷ്യരാശി ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അതിജീവനപ്രശ്നം.

ലോകമെമ്പാടുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഈ ദുരവസ്ഥ  മനുഷ്യനിർമ്മിതമാ (anthrpogenic) ണെന്ന് കരുതുന്നവരാണ്.  ആധുനിക കാലത്തെ മനുഷ്യ പ്രവർത്തനങ്ങൾമൂലം രണ്ടര നൂറ്റാണ്ടു കൊണ്ട് ഭൂമിയുടെ അന്തരീക്ഷ താപം  1.1 ഡിഗ്രിയാണ് ഉയർന്നത്. വിവിധ തരത്തിലുള്ള ഊർജ്ജ ഉൽപാദന മാർഗ്ഗങ്ങൾ – നീരാവി, കൽക്കരി, പെട്രോളിയം, വൈദ്യുതി, അണുശക്തി എന്നിവ – ഉപയോഗിച്ച് യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് പ്രകൃതിവിഭവങ്ങൾ നിയന്ത്രണ രഹിതമായി  ചൂഷണം ചെയ്തതിന്റെ അനിവാര്യഫലങ്ങളാണ് അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും. കൊടുംചൂടും അതി വൃഷ്ടിയും കൊടുങ്കാറ്റും പ്രളയവും മലയിടിച്ചിലും കടൽ ക്ഷോഭവും മറ്റു പ്രകൃതിക്ഷോഭങ്ങളും ഭൂമിയിലെ മനുഷ്യവാസം ദുരിത പൂരിതമാക്കുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സദ്ഫലങ്ങൾ മനുഷ്യന്റെ ജീവിതഗുണത അഭൂതപൂർവ്വമാം വിധം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, വിപണി ലാഭം മാത്രം ലക്ഷ്യമാക്കുന്ന വ്യാവസായിക ഉല്പാദനം ഭൗമ പ്രകൃതിയുടെ ഭൗതിക ഘടനയെ അപകടകരമാം വിധം മാറ്റി. വായുവും വെള്ളവും മണ്ണും സമുദ്രവും പാഴ് വസ്തുക്കളാൽ മലിനമാണിപ്പോൾ. ആഗോള വ്യവസായവത്കരണം മലിനീകരണത്തെയും  ആഗോളമാക്കിയിരിക്കുന്നു. കാഴ്ചകൾക്കപ്പുറത്തുള്ള മലിന വസ്തുക്കളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്. ഈ വർഷം ഇതിനകം 78,98,07,910  ടണ്ണിലേറെ പാഴ് വസ്തുക്കൾ ഉല്പാദിപ്പിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലെ ജനസംഖ്യ പെരുകുന്നതിനനുസരിച്ച് പാഴ് വസ്തുക്കളും വർദ്ധിക്കുന്നു. ഇവ നിക്ഷേപിക്കുന്നതിന് 1.8 ഭൂമി കൂടി വേണമെന്ന സ്ഥിതിയാണിപ്പോൾ.

ലോകമെമ്പാടും  കെട്ടിക്കിടന്ന് അന്തരീക്ഷ താപം വർദ്ധിപ്പിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിലെ പ്രധാന വില്ലൻ ആധുനിക വ്യാവസായികോല്പന്നങ്ങളിൽ പ്രധാനിയായ പ്ലാസ്റ്റിക്ക് ആണ്. വേർതിരിക്കപ്പെടാത്ത ജൈവ, അജൈവ മാലിന്യങ്ങളിൽ നിന്നുമുണ്ടാകുന്ന ബയോ മീതേൻ (biomethane)ഉഷ്ണകാലത്തു് സ്വയം കത്തി പ്ലാസ്റ്റിക്ക് മലകളെ അഗ്നികുണ്ഡങ്ങളാക്കുന്നു. ബ്രഹ്മപുരത്ത് സംഭവിച്ചതതാണ്.

പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങൾ (Green House Gases) അന്തരീക്ഷതാപനത്തിന്റെ തോത് അതിവേഗം വർദ്ധിപ്പിക്കുന്നു.

സാർവ്വത്രികമായ മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക്കിന്റെ ചരിത്രം ബില്യാർഡ്സ് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് രസകരമാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ധനിക വിഭാഗത്തിന്റെ വിനോദങ്ങളിൽ ഉൾപ്പെട്ട ബില്യാ ർഡ്സിന്റെ ബാളുകൾ നിർമ്മിച്ചിരുന്നത് ആനക്കൊമ്പുകൊണ്ടായിരുന്നു. അതിനു പകരം  വെയ്ക്കാൻ മറ്റൊരു  പദാർത്ഥത്തെ  തേടി 1863 ൽ  ജോൺ വെസ്ലി ഹ്യാറ്റ് (John Wesley Hyatt)  തുടങ്ങിയ ശ്രമമാണ് പ്ലാസ്റ്റിക്കിൽ എത്തിയത്. സെല്ലുലോസിൽ നിന്നും പോളിമറുകൾ വികസിപ്പിച്ച് പ്ലാസ്റ്റിക്ക് നിർമ്മിക്കുന്നതിൽ ലിയോ എച്ച് ബേക്ക് ലാന്റ്  (Leo H Bakeland) വിജയിച്ചു. ഇതോടെ  പ്ലാസ്റ്റിക്കിന്റെ യുഗം പിറന്നുവെന്ന് പറയാം. 1937 ഓടെ വിവിധയിനം പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുന്ന വലിയ വ്യവസായ സമൂഹം രൂപപ്പെട്ടു. കാർബൺ സംയുക്തങ്ങളായ ജൈവ വസ്തുക്കൾക്കു പകരം  പെട്രോളിയത്തിൽ നിന്നും കൃത്രിമ പോളിമർ ഉല്പാദിപ്പിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക്കിന് വ്യവസായ രംഗത്ത് ഒരു  സുവർണ്ണയുഗം തന്നെ സൃഷ്ടിക്കാൻ സാധിച്ചു.

ഒരു വ്യാവസായിക ഉല്പന്നമെന്ന നിലയിൽ  പ്ലാസ്റ്റിക്കിന് നിരവധി ഗുണങ്ങളുണ്ട്. അസംസ്കൃത വസ്തുവിന്റെ ലഭ്യത, ഉല്പന്നത്തിന്റെ വിലക്കുറവ്, ഭാരക്കുറവ്, ചൂട്, അപക്ഷയം (weathering) എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ്, ഏതു രൂപത്തിലും അളവിലും പരുവപ്പെടുത്താനുള്ള അനായാസത തുടങ്ങിയ സവിശേഷതകൾ പ്ലാസ്റ്റിക്കിനെ ഉല്പാദകന്റെ ഉറ്റതോഴനാക്കുന്നു. പി.വി.സി., തുണികൾ, വാഹനങ്ങൾ, ചെറുതും വലുതുമായ ഉപകരണങ്ങൾ എന്നിവയായി ഭൗമ സീമകളെയും കടന്ന് പ്ലാസ്റ്റിക്ക് ബാഹ്യാകാശത്തും എത്തിയിരിക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയാണ് പ്ലാസ്റ്റിക്ക്. 2017 ലെ ഒരു പഠനപ്രകാരം 83% ടാപ്പ് ജലത്തിലും പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ കണികൾ (micro particles) ഉണ്ട്. 2019 ലെ കണക്ക് പ്രകാരം ഓരോ വർഷവും 368 മില്യൻ ടൺ പ്ലാസ്റ്റിക് ഉല്പാദിപ്പിക്കപ്പെടുന്നു. 2050- ടെ ആഗോള പ്ലാസ്റ്റിക്കിന്റെ ഭാരം ഭൂമിയിലെ മുഴുവൻ പക്ഷി, മൃഗ, മത്സ്യ , മനുഷ്യ ജീവികളുടെ ശരീര ഭാരത്തേക്കാളും കൂടുതലാകും.

അന്തരീക്ഷതാപം വർദ്ധിക്കുന്നതിന് കാരണമായ കാർബൺ ഡയോക്സൈഡിന്റെ പ്രധാന സ്രോതസ്സ് പ്ലാസ്റ്റിക് കത്തിക്കുന്നതാണ്. 2019 ൽ പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ 850 മില്യൻ ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിൽ ലയിച്ചു. 2030 – ഓടെ 1.34 ബില്യൻ ടണ്ണും 2050- ഓടെ 56 ബില്യൻ ടണ്ണും 2100 – ടെ 260 ബില്യൻ ടണ്ണും ആയി ഇതു് വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ആശങ്കാജനകമായ ഈ സാഹചര്യം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പാഴ് വസ്തുക്കളിൽ പ്ലാസ്റ്റിക്കിന് പ്രമുഖസ്ഥാനം നൽകുന്നു. അതിനാലാണ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യമായി ‘പ്ലാസ്റ്റിക് മലിനീകരണത്തെ പരാജയപ്പെടുത്തുക’ (Beat Plastic Pollution) സ്വീകരിച്ചിരിക്കുന്നത്.

ഭൂമിയിൽ നിന്നും പാഴ് വസ്തുവായിത്തീർന്ന പ്ലാസ്റ്റിക്കിൽ 9% മാത്രമേ ഇന്ന് നിർമ്മാർജ്ജനം ചെയ്യപ്പെടുന്നുള്ളൂ.  ലോകമെമ്പാടുമുള്ള നദികളിലൂടെ ഒഴുകി വൻജലാശയങ്ങളുടെയും സമൂദ്രങ്ങളുടെയും അടിത്തട്ടുകളിലും തീരങ്ങളിലുമായി 79 % പ്ലാസ്റ്റിക്കും അതേപടി അവശേഷിക്കുന്നു. 60 ലക്ഷം ടൺ പ്ലാസ്റ്റിക്ക് സമുദ്രത്തലുണ്ടെന്നാണ് ഏകദേശ കണക്ക്. 2050- ഓടെ 90% കടൽപക്ഷികളും പ്ലാസ്റ്റിക്ക് ഭക്ഷിച്ചിട്ടുണ്ടാകുമെന്നും  കണക്കാക്കപ്പെടുന്നു. മൈക്രോ, മാക്രോ , മെഗാ എന്നിങ്ങനെ വലിപ്പമനുസരിച്ച് മലിനീകാരികളായ പ്ലാസ്റ്റിക്കുകളെ വിഭജിച്ചിട്ടുണ്ട്. പ്രകൃതിയിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് 5.1 കോടി ടൺ വരും.

അന്തരീക്ഷതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും പരിഹാരമായി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. എന്നാൽ പ്ലാസ്റ്റിക്കിനെ പരിസ്ഥിതിയിൽ നിന്നും ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകളൊന്നും ഇതുവരെ ആവിഷ്കരിക്കപ്പെട്ടില്ല.പ്ലാസ്റ്റിക്കിന്റെ ജൈവവിഘടനം സാധ്യമാക്കുന്ന ബാക്ടീരിയകൾക്കു വേണ്ടിയുള്ള അന്വേഷണം ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെ പ്ലാസ്റ്റിക്കിനെ പരിസ്ഥിതിയിൽ നിന്നും സമ്പൂർണമായി ഒഴിവാക്കി പ്രകൃതിയുടെ സ്വാഭാവിക നൈർമ്മല്യം തിരിച്ചുപിടിക്കാൻ സാധിക്കും?

ഉറവിടത്തിൽ തന്നെ പാഴ് വസ്തുക്കളെ ശേഖരിക്കാനും തരംതിരിക്കാനും പുനരു പയോഗിക്കാനുമുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കുകയാണ് പ്രധാന മാർഗം.  വികേന്ദ്രീകൃത  ജനാധിപത്യത്തിൽ ഇത് അനായാസം നിർവ്വഹിക്കാവുന്നതാണ്.  ജൈവാവശിഷ്ടങ്ങൾ  ഉറവിടത്തിൽ   തന്നെ സംസ്കരിക്കപ്പെടണം. അജൈവവസ്തുക്കളെ ബഹുവിധത്തിൽ തരംതിരിച്ച്  പുന:ചംക്രമണത്തിനും പരമാവധി പുനരുപയോഗത്തിനും വിധേയമാക്കണം.

ഈ ഘട്ടത്തിൽ അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന  ‘പാഴ് വസ്തു രഹിത ജീവിത’ (  Zero Waste Life)മെന്ന ആശയം ഏറെ  പ്രസക്തമാകുന്നു. 2008 ലാണ് പാഴ് വസ്തു രാഹിത്യം ( Zero Waste) എന്ന പദം നഗര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. ഫ്രഞ്ച് വംശജയായ കാലിഫോർണിയക്കാരി ബിയാ ജോൺസൺ (Bea Johnson) ന്റെ  ജീവിത ശൈലിയാണ് പാഴ് വസ്തു രാഹിത്യ പ്രസ്ഥാന(Zero Waste Movement)മായി വളർന്നത്. പാഴ് വസ്തു മാലിന്യമല്ലെന്നും ഉപയോഗിച്ചു കഴിഞ്ഞ വസ്തുവിന് പുതിയ ഉപയോഗം കണ്ടെത്താമെന്നും അവർക്ക് ബോധ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും അവർ സ്വാനുഭവങ്ങൾ പ്രചരിപ്പിച്ചു. 2013-ൽ ‘പാഴ് വസ്തു രഹിത ഗേഹം’ (Zero Waste Home) എന്ന പുസ്തകം  അവർ പ്രസിദ്ധീകരിച്ചു. പാഴ് വസ്തു രാഹിത്യം ജീവിത ശൈലിയായി പിന്തുടരുന്നവരുടെ ബൈബിൾ ആണീ പുസ്തകം. അഞ്ച് Rs കൾ ആണ് ബിയാ ജോൺസൺന്റെ  പാഴ് വസ്തു രാഹിത്യത്തിന്റെ മൂലമന്ത്രം: നിരസിക്കുക (Refuse), ലഘൂകരിക്കുക (Reduce ) , പുനരുപയോഗിക്കുക (Reuse), പുന: ചംക്രമണം ചെയ്യുക (Recycle), കമ്പോസ്റ്റാക്കുക (Rot).

കാലക്രമേണ, വിവിധ ദേശങ്ങളിലേക്ക് ബിയാ ജോൺസൺന്റെ സ്വാധീനം വ്യാപിച്ചു. അവരുടെ പുസ്തകം 27 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പാഴ് വസ്തുക്കളെ കുഴിച്ചു മൂടുന്നതിനും കത്തിക്കുന്നതിനും സമുദ്രത്തിലോ മറ്റെവിടെയെങ്കിലുമോ നിക്ഷേപിക്കുന്നതിനും എതിരായ ജനകീയ പ്രസ്ഥാനമാണിന്നിത്. പാഴ് വസ്തു രഹിത ജീവിതത്തിൽ ഓരോ വസ്തുവിനെയും പരമാവധി പ്രയോജനപ്പെടുത്തുന്നതുവരെ പുന:രുപയോഗിക്കുന്നു.  പ്രതിരോധത്തിനാണ് , ചികിത്സയ്ക്കല്ല പാഴ് വസ്തു രാഹിത്യത്തിൽ പ്രാധാന്യം. പാഴ് വസ്തു ഒട്ടും സൃഷ്ട്രിക്കപ്പെടാത്ത അവസ്ഥ. ഉല്പാദന സമ്പ്രദായം, വിതരണക്രമം എന്നിവയുടെ  പുന:ക്രമീകരണത്തിന് പാഴ് വസ്തു രാഹിത്യത്തിൽ പ്രാധാന്യം നൽകുന്നു. ഉത്തരവാദിത്വ പൂർണമായ ഉല്പാദനം, ഉപഭോഗം, പുനരുപയോഗം എന്നിവയ്ക്ക് സീറോ വേസ്റ്റ് പ്രസ്ഥാനം ഊന്നൽ നൽകുന്നു. ഉല്പന്നങ്ങൾ, കവറിംഗിനുളള സാധനങ്ങൾ എന്നിവയെ വീണ്ടെടുക്കുന്നു. പാഴ് വസ്തുക്കൾ ഒന്നും കത്തിച്ചു കളയുന്നില്ല. അതുപോലെ ജീവന് ഹാനികരമാം  വിധം മണ്ണിലേക്കോ വെള്ളത്തിലേക്കോ ഒഴിവാക്കുന്നുമില്ല. ഗവണ്മെന്റിന്റെ നിയന്ത്രണങ്ങളെ പാഴ് വസ്തു രാഹിത്യ പ്രസ്ഥാനം സ്വാഗതം ചെയ്യുന്നു.

ഇന്ന് പാഴ് വസ്തു രാഹിത്യ പ്രസ്ഥാനത്തിന് ആഗോളമായി ഒരു യുവജന വിഭാഗമുണ്ട്. കൂടാതെ എല്ലാ വർഷവും മാർച്ച് 30 ‘അന്താരാഷ്ട്ര പാഴ് വസ്തു രഹിത ദിന’മായി ആചരിക്കാൻ 2022 ഡിസംബർ 14 ന് ചേർന്ന  ഐക്യരാഷ്ട്ര പൊതുസഭ തീരുമാനിച്ചിട്ടുമുണ്ട്.

പാരിസ്ഥിതിക ആരോഗ്യത്തിന്  ഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക്ക് സമ്പൂർണമായും ഒഴിവാക്കുന്നതിന് കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തിൽ സാധിക്കേണ്ടതാണ്.
അതിന്, 14‐ാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ സൂക്ഷ്മ തല ജനാധിപത്യ രൂപങ്ങളെ പ്രവർത്തനനിരതമാക്കണം. ഏതു യന്ത്രസങ്കേതത്തേക്കാളും പങ്കാളിത്തപരവും സഹകരണാത്മകവുമായ ചെറിയ ജനകീയ കൂട്ടായ്മകളാണ് സർഗാത്മകമായി പ്രവർത്തിക്കുക. മോണിട്ടറിംഗും ആഡിറ്റിംഗും ഇടവിട്ടുള്ള കൂടിച്ചേരലുകളിൽ നടത്തി അയൽക്കൂട്ടക്കാർ പ്രചോദിതരായാൽ പ്ലാസ്റ്റിക്ക് എന്ന പാഴ് വസ്തുവിന് ശാശ്വത പരിഹാരം കാണാൻ നമുക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ അത് തീർച്ചയായും സഹായകമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular