Friday, November 22, 2024

ad

Homeലേഖനങ്ങൾവ്യാജവാർത്താ പരിശോധന: പൊളിഞ്ഞത്‌ ബിജെപിയുടെ ഗൂഢനീക്കം

വ്യാജവാർത്താ പരിശോധന: പൊളിഞ്ഞത്‌ ബിജെപിയുടെ ഗൂഢനീക്കം

കെ വി സുധാകരൻ

മാധ്യമങ്ങൾ രാഷ്‌ട്രീയത്തേയും ഭരണകൂടങ്ങളെയും, എന്തിനേറെ, നമ്മുടെ സാമൂഹ്യജീവിതചലനങ്ങളെയുമെല്ലാം നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്നത്‌ സംബന്ധിച്ച്‌ ലോകവ്യാപകമായിത്തന്നെ ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്‌. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിൽനിന്ന്‌ മാധ്യമപരിപ്രേക്ഷ്യം ശ്രവ്യ‐ദൃശ്യ മാധ്യമങ്ങളിലേക്കും, ഒടുവിൽ സാമൂഹ്യമാധ്യമങ്ങളുടെ വിസ്‌മയകരമായ വികാസത്തിലേക്കും പരിവർത്തനം ചെയ്യപ്പെട്ടതോടെ, മാധ്യമങ്ങളുടെ സ്വാധീനം നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമാവുകയാണ്‌. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ അറിയിക്കുന്നതിനേക്കാളുപരി അറിയിക്കാതിരിക്കാനും, കൃത്രിമമായ വാർത്താസൃഷ്ടിയിലൂടെ ഒരു ജനതയുടെ തന്നെ അഭിപ്രായങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാനും മാധ്യമങ്ങൾക്ക്‌ കഴിവുണ്ട്‌. പരന്പരാഗത മാധ്യമങ്ങൾ ഏതെങ്കിലുമൊക്കെ സ്വാധീനങ്ങൾക്കു വഴങ്ങി മറച്ചുവയ്‌ക്കുന്ന കാര്യങ്ങൾ ഒരു ലോഭവും കൂടാതെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന അവസ്ഥ വരികയും ചെയ്‌തതോടെ, വാർത്തകളുടെ തമസ്‌കരണം എന്നത്‌ ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്‌.

ജനാധിപത്യ ഭരണസംവിധാനത്തിൽ മാധ്യമങ്ങൾക്കുള്ള അനിതരസാധാരണമായ പങ്ക്‌ വെളിപ്പെടുത്തിക്കൊണ്ടാണല്ലോ, മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാംതൂണ്‌ (fourth estate) എന്നു വിശേഷിപ്പിച്ചത്‌. 1787ൽ ബ്രിട്ടീഷ്‌ പാർലമെന്റിൽ നടന്ന ചർച്ചയ്‌ക്കിടയിലായിരുന്നു ആ പാർലമെന്റിലെ അംഗം കൂടിയായിരുന്ന ബ്രിട്ടീഷ്‌ എഴുത്തുകാരൻ എഡ്‌മണ്ട്‌ ബർക്ക്‌ (Edmund Burke) പത്രങ്ങളെ നാലാം തൂണ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ ആദ്യ മൂന്നു തൂണുകളായ നിയമനിർമാണസഭ (Legislature), ഭരണനിർവഹണസഭ (executive), നീതിനിർവഹണസഭ (judiciary) എന്നിവിടങ്ങളിലെല്ലാമുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും വീഴ്‌ചകളും കുറവുകളുമൊക്കെ ചൂണ്ടിക്കാട്ടുകയും അവ പരിഹരിക്കാൻ കഴിയുന്ന തരത്തിൽ ഭരണസംവിധാനങ്ങളെയും സമൂഹത്തെയാകെയും ചിട്ടപ്പെടുത്തുകയും ചെയ്യുകയെന്ന അതീവ ഗൗരവതരമായ ചുമതല മാധ്യമങ്ങൾക്കുണ്ടെന്നാണ്‌ ആ പ്രയോഗത്തിലൂടെ വിവക്ഷിച്ചത്‌. മാധ്യമങ്ങൾ ഇത്തരമൊരു ധർമം അനുഷ്‌ഠിക്കണമെങ്കിൽ അവ സ്വതന്ത്രവും നിഷ്‌പക്ഷവും ആയിരിക്കണം. അതുകൊണ്ടാണ്‌ പത്രങ്ങൾപോലും വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ലാത്ത ഘട്ടത്തിൽതന്നെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുറവിളികൾ കേട്ടുതുടങ്ങിയത്‌. ഈ ദിശയിൽ പ്രായേണ ആദ്യകാലത്ത്‌ ഉണ്ടായ ഇടപെടലായിരുന്നു പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്‌ത കവി ജോൺ മിൽട്ടൺ (John Milton)‌ നടത്തിയത്‌.

അരിയോ പജറ്റിക്ക
16445ൽ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ പത്രങ്ങളെ നിയന്ത്രിക്കുന്നതിന്‌ (സെൻസർഷിപ്പിന്റെ ആദ്യരൂപം) ഒരു നിയമം കൊണ്ടുവന്നു. ലൈസൻസിങ്ങ്‌ ആക്ട്‌ എന്നായിരുന്നു അതിന്റെ പേര്‌. പത്രങ്ങളിൽ അച്ചടിക്കുന്ന കാര്യങ്ങൾക്ക്‌ ബന്ധപ്പെട്ട ഭരണാധികാരികളുടെ മുൻകൂർ അനുവാദം വേണമെന്നായിരുന്നു നിയമത്തിന്റെ കാതൽ. ഇതിനെതിരെ, പത്രസ്വാതന്ത്ര്യം അനിവാര്യമാണെന്നു കാണിച്ച്‌ മിൽട്ടൺ എഴുതിയ ഗ്രന്ഥമാണ്‌ അരിയോപജറ്റിക്ക (Areopajetica). അരിയോപജറ്റിക്കയുടെ സാരസർവസ്വവും അടങ്ങിയിരിക്കുന്ന വാചകം ഇതാണ്‌. ‘എല്ലാ സ്വാതന്ത്ര്യത്തേക്കാളും മേലെ എനിക്കു വേണ്ടത്‌ അറിയാനും പറയാനും വാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്‌’ എന്നാണ്‌.

ഇംഗ്ലീഷ്‌ പത്രപ്രവർത്തന ചരിത്രത്തിൽ ആധുനിക പത്രപ്രവർത്തനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്നയാളാണ്‌ പാൾ മാൾ ഗസറ്റ്‌ (Pall Mall Gazette) എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന ഡബ്ല്യു ടി സ്‌റ്റെഡ്‌ (W.T. Stead). അദ്ദേഹം പത്രങ്ങളെക്കുറിച്ച്‌ പറഞ്ഞത്‌‐ ‘എല്ലാ ആവലാതികളും കേൾക്കുകയും അന്യായങ്ങൾ തുറന്ന ചർച്ചകൾക്ക്‌ വിധേയമാക്കുകയും ചെയ്യുന്ന മഹത്തായ കോടതിയാണ്‌ പത്രങ്ങൾ’ എന്നായിരുന്നു. 1880ലായിരുന്നു ഈ പ്രഖ്യാപനമുണ്ടായത്‌.
കുറച്ചു വർഷങ്ങൾകൂടി പിന്നിടുമ്പോൾ 1921ൽ മാഞ്ചസ്റ്റർ ഗാർഡിയൻ (Manchester Guardian) പത്രാധിപരായ സി പി സ്‌കോട്ട്‌ പറഞ്ഞത്‌ ‘അഭിപ്രായങ്ങൾ സ്വതന്ത്രമാണ്‌; പക്ഷേ വസ്‌തക്ഷോണ്‌ വിശുദ്ധമായത്‌’ എന്നാണ്‌. ഇതും മാധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും വസ്‌തുനിഷ്‌ഠതയിലേക്കും വെളിച്ചംവീശുന്ന പ്രസ്‌താവനകളാണ്‌.

ഹച്ചിൻസ്‌ റിപ്പോർട്ട്‌
ജനാധിപത്യ ഭരണകൂടങ്ങൾ കൂടുതൽ വികസിക്കുകയും ആധുനികവൽക്കരിക്കുപ്പെടുകയും ചെയ്‌ത 20‐ാം നൂറ്റാണ്ടിൽ വിവിധ ഘട്ടങ്ങളിൽ മാധ്യമപ്രവർത്തനത്തിന്റെ മൗലികതയും സ്വാതന്ത്ര്യവും നിഷ്‌പക്ഷതയും വസ്‌തുനിഷ്‌ഠതയുമൊക്കെ അടിവരയിടുന്ന പല നിയമങ്ങളും നിബന്ധനകളുമൊക്കെ ഉണ്ടാ യിട്ടുമുണ്ട്‌. ഈ ദിശയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ്‌ 1947ൽ പുറത്തുവന്ന ‘സ്വതന്ത്രവും ഉത്തരവാദപൂർണവുമായ പത്രങ്ങൾ’ റോബർട്ട്‌ ഹച്ചിൻസ്‌ റിപ്പോർട്ട്‌. ചിക്കാഗോ സർവകലാശാല ചെയർമാനും 1940കളിൽ രൂപീകരിക്കപ്പെട്ട പത്രസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെയറിന്റെ അധ്യക്ഷനുമായിരുന്നു റോബർട്ട്‌ എം ഹച്ചിൻസ്‌. പത്രസ്വാതന്ത്ര്യം അപകടത്തിലാണെന്ന മുറവിളി സജീവമായ ഘട്ടത്തിലായിരുന്നു ഹച്ചിൻസ്‌ ഈ പഠന റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചത്‌. പത്രങ്ങളുടെ ഉടമസ്ഥത ചുരുക്കംപേരിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന പ്രതിസന്ധിയിൽ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ പത്രപ്രവർത്തകരുടെ ജാഗ്രതാപൂർണവും ഉത്തരവാദിത്വത്തോടെയുമുള്ള സമീപനം അനിവാര്യമാണെന്നായിരുന്നു ഹച്ചിൻസ്‌ റിപ്പോർട്ടിൽ അടിവരയിടുന്നത്‌. വൈവിധ്യമാർന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിമർശനങ്ങൾ പ്രകടിപ്പിക്കാനുമുള്ള വേദിയായി പത്രങ്ങൾ മാറണമെന്നും ഹച്ചിൻസ്‌ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പത്രപ്രവർത്തകർ രാഷ്‌ട്രീയ‐വിഭാഗീയ‐വാണിജ്യ താൽപര്യങ്ങൾക്കു വിധേയരായി വാർത്തകൾ നൽകരുമെന്നും റിപ്പോർട്ട്‌ അടിവരയിടുന്നുണ്ട്‌.

പിൽക്കാലത്ത്‌ പ്രൊഫഷണൽ പത്രപ്രവർത്തകസംഘടന (Society off professional Journalists), പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ തുടങ്ങിയവയും സമാനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇവയെല്ലാം വിരൽചൂണ്ടുന്നത്‌ സ്വാതന്ത്രവും നീതിപൂർവകവും വിമർശനാത്മകവുമായ മാധ്യമപ്രവർത്തനത്തിന്റെ സാഗത്യത്തിലേക്കാണ്‌. അതിൽ വെള്ളംചേർക്കുകയോ തടസ്സങ്ങളുണ്ടാക്കുകയോ ചെയ്യുമ്പോൾ മാധ്യമപ്രവർത്തനത്തിന്റെ ഗൗരവവും സാംഗത്യവും തന്നെ ചോർന്നുപോവുകയാണ്‌ ചെയ്യുന്നത്‌. ആത്യന്തികമായി ഇത്‌ ജനാധിപത്യത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും അധഃപതനത്തിലേക്കാകും കൊണ്ടെത്തിക്കുക. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ വാർത്ത പരിശോധിക്കാൻ സർക്കാർ സംവിധാനമായ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau- PIB)യെ ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ വിലയിരുത്തേണ്ടത്‌. ഭാഗ്യവശാൽ കേന്ദ്രസർക്കാരിന്റെ ഈ ദുരുപദിഷ്‌ട നീക്കം പരമോന്നത നീതിപീഠം തടഞ്ഞിരിക്കുകയാണ്‌.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിക്കാൻ പിഐബിക്ക്‌ അധികാരം നൽകിക്കൊണ്ടുള്ള വിജ്ഞാപനമാണ്‌ തിരക്കുപിടിച്ച്‌ സർക്കാർ പുറപ്പെടുവിച്ചത്‌. ഈ നീക്കത്തിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരുന്നതിന്റെ തൊട്ടു തലേദിവസം ധൃതിപിടിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതാണ്‌ കഴിഞ്ഞയാഴ്‌ച സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്‌. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ, എന്തെങ്കിലും ഉള്ളടക്കമോ, സർക്കാരിനു കീഴിലുള്ള പിഐബി പരിശോധിച്ച്‌ വ്യാജമാണെന്നു തീർപ്പുകൽപ്പിച്ചാൽ ഇന്റർനെറ്റ്‌ പ്ലാറ്റ്‌ഫോമുകൾ അവ 72 മണിക്കൂറിനുള്ളിൽ നീക്കംചെയ്യേണ്ടിവരും എന്നതാണ്‌ വ്യവസ്ഥ. ഇതിനെതിരെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യ (EGI) നേരത്തെതന്നെ പരാതി നൽകിയിരുന്നതാണ്‌.

വാർത്ത വ്യാജമാണോ അല്ലയോ എന്ന പരിശോധനയ്‌ക്ക്‌ വസ്‌തുനിഷ്‌ഠത ഉണ്ടാകുമെന്നു കരുതാനാവില്ല. കേന്ദ്രസർക്കാരിന്‌ ഹിതകരമല്ലാത്തതോ, ബുദ്ധിമുട്ടുണ്ടാക്കുന്നതോ, താൽപര്യമില്ലാത്തതോ ആയ വാർത്തകളൊക്കെ വ്യാജമെന്നു മുദ്രകുത്തി ഒഴിവാക്കാനാവും. പലവിധ കാരണങ്ങൾകൊണ്ട്‌ പരന്പരാഗത മാധ്യമങ്ങൾ മറച്ചുവയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന വാർത്തകൾപോലും നിമിഷാർധങ്ങൾക്കുള്ളിൽ സ്ഥാനംപിടിക്കുന്നത്‌ ഫേസ്‌ബുക്ക്‌, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലാണെന്ന്‌ നമുക്കറിയാം. ഈ സാമൂഹ്യമാധ്യമങ്ങളിൽ ഏറെയും കൈകാര്യം ചെയ്യുന്നതും അവിടങ്ങളിലെ പോസ്റ്റുകളിൽനിന്ന്‌ അഭിപ്രായ‐ആശയരൂപീകരണം നടത്തുന്നതും പുതിയ തലമുറയിൽപെട്ടവരാണെന്നതും യാഥാർഥ്യമാണ്‌. പത്രങ്ങളിലോ വാർത്താ ചാനലുകളിലോ നടക്കുന്നതിനേക്കാൾ കൂടുതൽ സംവാദങ്ങൾ നടക്കുന്നതും സാമൂഹ്യമാധ്യമങ്ങളിലാണ്‌. അതുകൊണ്ട്‌ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നവരുടെ അഭിപ്രായത്തെ സ്വാധീനിക്കുക കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്‌. വ്യാജവാർത്തകളായി മുദ്രകുത്തപ്പെടുന്നത്‌ കേന്ദ്രസർക്കാരിനു താൽപര്യമില്ലാത്ത കാര്യങ്ങളായിരിക്കുമെന്നതിൽ തർക്കമില്ല. ഇതിന്റെ മറുവശം, കേന്ദ്രസർക്കാരിന്റെ താൽപര്യത്തിനനുസരിച്ച്‌ ഏത്‌ വ്യാജവാർത്തയും ശരിയായ വാർത്തയായി സാമൂഹ്യമാധ്യമങ്ങളിൽ അവതരിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ല. കാരണം പിഐബി ‘ഹിസ്‌ മാസ്‌റ്റേഴ്‌സ്‌ വോയ്‌സ്‌’ എന്ന രീതിയിൽ കേന്ദ്രസർക്കാരിനു വേണ്ടി പ്രവർത്തിക്കാൻ നിർബന്ധിതമാകുന്ന സ്ഥാപനമാണ്‌. സാമൂഹ്യമാധ്യമങ്ങളിൽ അഭിരമിക്കുന്നവരുടെ നിലപാടുകളും വോട്ടും നിർണായകമാകുന്നതാണ്‌ ഈ തിരഞ്ഞെടുപ്പ്‌. കേരളത്തിലെ ചില കണക്കുകൾകൊണ്ട്‌ അത്‌ ബോധ്യപ്പെടുത്താൻ കഴിയും.

ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്‌ കേരളത്തിലെ മൊത്തം സമ്മതിദായകരുടെ എണ്ണം 2,71,22,598 ആണ്‌. ഇതിൽ 3,11,805 പേർ 18‐19 പ്രായപരിധിയിൽപെട്ട, ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നവരാണ്‌. യുവതീ‐യുവാക്കളുടെ ഗണത്തിൽപെട്ട (20‐29 പ്രായം)വരുടെ എണ്ണം 41,74,789 ആണ്‌. ഇതു രണ്ടുകൂടി കൂട്ടിയാൽ 44,86,594 വരും. ഇതിനെ 20 കൊണ്ട്‌ ഹരിക്കുമ്പോൾ സംസ്ഥാനത്തെ ഒരു പാർലമെന്റ്‌ നിയോജകമണ്ഡലത്തിൽ 2,24,329 പേരുണ്ടാകും. എന്നുപറഞ്ഞാൽ ഓരോ പാർലമെന്റ്‌ നിയോജകമണ്ഡലത്തിലും രണ്ടേകാൽ ലക്ഷത്തോളം പേരാണ്‌ യുവജനങ്ങളിൽനിന്നു വോട്ടുചെയ്യുന്നത്‌. ഇവരിൽ നാലിലൊന്നു പേരെങ്കിലും കൃത്യമായ രാഷ്‌ട്രീയ നിലപാടുകൾ സ്ഥിരമായി സൂക്ഷിക്കുന്നവരായിരിക്കുകയില്ല. അതായത്‌ ഓരോ മണ്ഡലത്തിലും അരലക്ഷത്തോളം പേരെങ്കിലും ഇത്തരത്തിലുണ്ടാകും. ഇവരുടെ വോട്ടുകൾ ഓരോ സ്ഥാനാർഥിയുടെയും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനവുമാകും. ഇങ്ങനെ നിശ്ചിത ശതമാനം വോട്ടുകൾ ഗതിമാറുന്നതുകൊണ്ടാണ്‌ ഒരേ മണ്ഡലത്തിൽതന്നെ വിജയം വ്യത്യസ്‌ത പാർട്ടി പ്രതിനിധികളെ അനുഗ്രഹിക്കുന്നത്‌.

ഈയൊരു കാഴ്‌ചപ്പാടിലാണ്‌ യുവജനങ്ങളെ പരമാവധി സ്വാധീനിക്കുന്നതിനുവേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ കേന്ദ്രസർക്കാരിനു തലവേദനയുണ്ടാക്കുന്ന ഉള്ളടക്കം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നു വാശിപിടിക്കുന്നത്‌. അതിനായാണ്‌ ‘വ്യാജവാർത്താ പരിശോധന’ എന്ന പേരിൽ വിജ്ഞാപനമിറക്കിയത്‌.

മാധ്യമങ്ങളെയാകെ സംഘപരിവാർ കുടക്കീഴിലാക്കുന്നു
രാജ്യത്തെ എല്ലാ മാധ്യമങ്ങളെയും ബിജെപി‐സംഘപരിവാർ ആശയങ്ങൾക്കനുസരിച്ച്‌ ചിട്ടപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ ബിജെപി സർക്കാർ നേരിട്ടും പരോക്ഷമായുമൊക്കെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു എന്നു നമുക്കറിയാം. രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കേന്ദ്രസർക്കാരിനുവേണ്ടി എന്തുംചെയ്യാൻ തയ്യാറായിട്ടുള്ള അംബാനി‐അദാനിമാരുടെ കൈകളിലാണിപ്പോൾ. പല ടെലിവിഷൻ ചാനലുകളും പത്രമാധ്യമങ്ങളും ഇതിനകംതന്നെ മുകേഷ്‌ അംബാനിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. രണ്ടാഴ്‌ച മുന്പാണ്‌ അമേരിക്കയിലെ വാൾട്ട്‌ ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാർ ഇന്ത്യയും അംബാനിയുടെ നെറ്റ്‌വർക്ക്‌ 18നും ലയിച്ച്‌ ഒന്നായത്‌. ലയനശേഷമുള്ള കന്പനിയിൽ 63 ശതമാനം ഓഹരികൾ മുകേഷ്‌ അംബാനിക്കാണ്‌. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയാണ്‌ പുതിയ കന്പനിയുടെ ചെയർപേഴ്‌സൺ. ഈ നെറ്റ്‌വർക്കിന്റെ കീഴിലുള്ള മലയാളം വാർത്താ ചാനലായ ‘ന്യൂസ്‌ 18 കേരള’ എത്ര ഭംഗിയായാണ്‌ വാർത്തകളിൽ സംഘപരിവാർ ആശയങ്ങൾ കൊണ്ടുവരുന്നത്‌ എന്നു നാം കണ്ടുകൊണ്ടിരിക്കുകയാണ്‌. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ കൈയാളുന്ന ‘ജൂപ്പിറ്റർ ക്യാപിറ്റൽസ്‌ പ്രൈവറ്റ്‌ ലിമിറ്റഡി’ന്റെ നിയന്ത്രണത്തിലുള്ള ‘ഏഷ്യാനെറ്റ്‌ ന്യൂസ്‌’ ചാനൽ പണ്ടേതന്നെ കാവിപുതച്ചാണ്‌ പ്രവർത്തിക്കുന്നതെന്നു നമുക്കറിയാം. നെറ്റ്‌വർക്ക്‌ 18, സ്റ്റാർ ഇന്ത്യയുമായി ലയിച്ചതോടെ ഏഷ്യാനെറ്റ്‌ വിനോദ ചാനലും ഇനി അംബാനിയുടെ കീഴിലാകും. എന്നുപറഞ്ഞാൽ അതിനലെ വിനോദപരിപാടികളിലും നിറഞ്ഞുകവിയുന്നത്‌ സംഘപരിവാർ രാഷ്‌ട്രീയമാകുമെന്നു ചുരുക്കം.

താരതമ്യേന നിഷ്‌പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കുന്ന വാർത്താ ചാനൽ എന്നു പേരുകേട്ട എൻഡിടിവി കഴിഞ്ഞവർഷം അദാനി ഏറ്റെടുത്തത്‌ നാം കണ്ടതാണ്‌. ഇപ്പോൾ അദാനിക്ക്‌ എൻഡിടിവിയിൽ 64.71 ശതമാനം ഓഹരിയാണുള്ളത്‌. പ്രണോയ്‌ റോയിക്കാകട്ടെ കേവലം 5 ശതമാനം ഓഹരിയും. പ്രണോയ്‌ റോയ്‌ ഇപ്പോൾ ‘ഡീകോഡർ’ (dekoder) എന്ന പേരിൽ നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വെബ്‌സൈറ്റുമായാണ്‌ മാധ്യമരംഗത്ത്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. അദാനിയുടെ കൈവശം എത്തിയതോടെ എൻഡിടിവിയുടെ എഡിറ്റോറിയൽ നയത്തിൽ പ്രകടമായ മാറ്റം ഉണ്ടായിട്ടുള്ളതും നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.

അങ്ങനെ മാധ്യമങ്ങളെയെല്ലാം സ്വന്തം വരുതിയിലാക്കിയ ബിജെപി സർക്കാർ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനെയും ആകാശവാണിയെയും കൂടി സംഘപരിവാർ രാഷ്‌ട്രീയത്തിന്‌ അനുകൂലമായി മാറ്റുന്നതിനുവേണ്ടിയായിരുന്നു കഴിഞ്ഞവർഷം ദൂരദർശനും ആകാശവാണിക്കും വാർത്തകൾ നൽകുന്ന കരാറിൽനിന്ന്‌ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ എന്ന രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസിയെ ഒഴിവാക്കുകയും അതിന്റെ കരാർ ആർഎസ്‌എസ്‌ നേതാവ്‌ ശിവശങ്കർ ആപ്‌തെയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിക്ക്‌ നൽകിയതും.

ഇത്തരത്തിലെല്ലാം വാർത്താവിനിമയത്തിൽ സംഘപരിവാർ രാഷ്‌ട്രീയത്തിന്‌ സമഗ്രാധിപത്യം ഉണ്ടാക്കുന്നതിന്റെ അവസാന ശ്രമമായിരുന്നു വ്യാജവാർത്ത പരിശോധന എന്ന പേരിൽ നടത്തിയ നാടകം. ഏതായാലും അത്‌ സുപ്രിംകോടതി ഇടപെട്ടതുകൊണ്ട്‌ നടന്നില്ല എന്നുമാത്രം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − five =

Most Popular