Friday, November 22, 2024

ad

Homeലേഖനങ്ങൾജെഎൻയു തിരഞ്ഞെടുപ്പിലെ ഇടത് വിജയം: ദേശീയ രാഷ്ട്രീയത്തിന്റെ പരിച്ഛേദം

ജെഎൻയു തിരഞ്ഞെടുപ്പിലെ ഇടത് വിജയം: ദേശീയ രാഷ്ട്രീയത്തിന്റെ പരിച്ഛേദം

അഡ്വ. ജി സുഗുണൻ

ന്ത്യാമഹാരാജ്യത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പാണ് രാജ്യതലസ്ഥാനമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടക്കുന്നത്. ദേശീയരാഷ്ട്രീയ ചലനങ്ങളുടെ ഒരു പരിച്ഛേദമാണ് എന്നും ജെ.എൻ.യു തിരഞ്ഞെടുപ്പ്. കോവിഡിന്റേയും മറ്റും പേരിൽ കഴിഞ്ഞ 5 വർഷത്തോളമായി മുടങ്ങിക്കിടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം അവിടെ നടന്നിരിക്കുന്നത്.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയൂണിയൻ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട നാല് സീറ്റുകളും തൂത്തുവാരി ഇടത് കൂട്ടുകെട്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പദവികളിലെല്ലാം ഇടതു പ്രതിനിധികൾ വിജയം കൊയ്തു. ഓൾ ഇന്ത്യ സ്റ്റുഡന്റ് യൂണിയന്റെ ധനഞ്ജയ് ആണ് പ്രസിഡന്റ്. ധനഞ്ജയ് 2973 വോട്ടു നേടി ബഹുദൂരം മുന്നിലെത്തിയപ്പോൾ എ.ബി.വി.പി സ്ഥാനാർത്ഥി ഉമേഷ് സി.അജ്മീർ 2039 വോട്ട് നേടി. ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച “ബാപ്സ’യുടെ പ്രീയൻഷി ആര്യ ജനറൽ സെക്രട്ടറിയായും വിജയിച്ചു.

ജനറൽ സെക്രട്ടറിസ്ഥാനത്തേയ്ക്ക് ഇടത് സ്ഥാനാർത്ഥിയായി സ്വാതി സിംഗ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എ.ബി.വി.പി അവരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ  രംഗത്ത് എത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിറ്റി നാമനിർദ്ദേശം റദ്ദാക്കുകയായിരുന്നു. വൈസ്‐പ്രസിഡന്റായി 2649 വോട്ട് നേടിയ എസ്.എഫ്.ഐ പ്രതിനിധി അഭിജിത്ത് ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കത്തിൽ എ.ബി.വി.പി പ്രതിനിധി ഗോവിന്ദ് ഡംഗി മുന്നിൽ നിന്നെങ്കിലും എ.ഐ.എസ്.എഫ് പ്രതിനിധി മുഹമ്മദ് സാജിദ് അവസാനം വിജയിക്കുകയായിരുന്നു. സാജിദ് 2893 വോട്ട് നേടിയപ്പോൾ ഡംഗി 2496 വോട്ടാണ് നേടിയത്. 73% കുട്ടികളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് സമീപ കാലത്തെ ഏറ്റവും ഉയർന്ന പോളിംഗാണ്.

ജെ.എൻ.യുവിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ അധികവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കോവിഡിന്റെ കാര്യംപറഞ്ഞ് മൂന്നുനാല് വർഷങ്ങളായി അവിടെ തിരഞ്ഞെടുപ്പ് നടത്താതിരുന്നത്. ഡൽഹിയിൽ തന്നെ ഡൽഹി യൂണിവേഴ്സിറ്റിയടക്കമുള്ള പലയിടത്തും ഇതിനിടയിൽ തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും ജെ.എൻ.യുവിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ അധികൃതർ കൂട്ടാക്കിയില്ല. തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി വലിയ പ്രക്ഷോഭം തന്നെ വിദ്യാർത്ഥികൾക്ക് നടത്തേണ്ടതായി വന്നു.

ജെ.എൻ.യു തിരഞ്ഞെടുപ്പ് ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിലും, രാജ്യത്തെ യുവതയ്ക്കിടയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അനീതിയ്ക്കും അക്രമത്തിനും, കടുത്ത നീതിനിഷേധത്തിനുമെതിരായി ശക്തമായി പ്രതികരിക്കുന്നവരാണ് യഥാർത്ഥ യുവത. എന്നും ജെ.എൻ.യു വിദ്യാർത്ഥികൾ പ്രതികരണശേഷിയുള്ളവരാണ്. രാജ്യത്തെ ഭരണഘടനാലംഘനങ്ങൾക്കെതിരായും ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥികൾ ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ളവരാണ്. അതുകൊണ്ടു തന്നെയാണ് ഈ യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽപോലും ഭരണകൂടം വൈമുഖ്യം കാട്ടുന്നത്.

നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ഒരു പ്രഹസനമായി മാറാറുണ്ട്. “മണിപവറും’ “മസിൽപവറും’ ഇന്ത്യൻ ജനാധിപത്യത്തെ കൈയിലെടുത്ത് അമ്മാനമാടുകയാണ്. ഭരണകക്ഷിയുടെ ഒത്താശയോടുകൂടിയാണ് നഗ്നമായ ജനാധിപത്യധ്വംസനങ്ങൾ ഈ രാജ്യത്ത് അനുസ്യൂതം തുടരുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഭരണകക്ഷിയുടെ ഹീനമായ നീക്കങ്ങൾക്കെതിരായി യോജിച്ചുമുന്നേറാൻ പ്രതിപക്ഷത്തിന് സാധിക്കാത്തതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദൗർബല്യവും.

ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷൻ സമർപ്പിച്ചിരുന്ന ഇടതുപക്ഷത്തെ സ്വാതിസിംഗിന്റെ നോമിനേഷൻ യാതൊരു നീതീകരണവുമില്ലാതെ, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായിട്ടാണ് റിട്ടേണിംഗ് ഓഫീസർ തള്ളിയത്. ഇതിനെതിരായി സ്വാതി സിംഗ് നടത്തിയ 32 മണിക്കൂർ നീണ്ടുനിന്ന നിരാഹാര സത്യാഗ്രഹം വിദ്യാർത്ഥി ജനാധിപത്യ ചരിത്രത്തിലെ ഒരേടായി മാറിയിരിക്കുകയാണ്.

നഗ്നമായ ജനാധിപത്യ ധ്വംസനങ്ങളെയും, വിദ്യാർത്ഥിയൂണിയനുകൾക്കെതിരായ നീക്കങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഇടത് വിദ്യാർത്ഥി കൂട്ടായ്മ ജെ.എൻ.യു യൂണിയൻ പിടിച്ചെടുത്തത്. ലാൽസലാം മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും, ഹോളി ആഘോഷിച്ചുകൊണ്ടുമാണ് ഈ വിദ്യാർത്ഥികൾ ഐതിഹാസികമായ ഈ വിജയം ആഘോഷിച്ചത്.

നമ്മുടെ രാജ്യത്തെ യുവതീ‐യുവാക്കൾ രാഷ്ട്രീയത്തോട് വലിയ താൽപര്യം കാണിക്കുന്നില്ലെന്ന പ്രചരണം ചില അരാഷ്ട്രീയ കേന്ദ്രങ്ങൾ നടത്തിവരികയാണല്ലോ. എന്നാൽ ജെ.എൻ.യു വും അതുപോലുള്ള വിവിധ സർവ്വകലാശാലകളും ഈ അരാഷ്ട്രീയവാദികൾക്ക് ചുട്ട മറുപടി നൽകുകയാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളും, പ്രത്യേകിച്ച് രാഷ്ട്രമീമാംസയും പ്രാധാന്യത്തോടുകൂടി പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ജെ.എൻ.യു. ബിരുദാനന്തര ബിരുദവിദ്യാർത്ഥികളും, ഗവേഷണ വിദ്യാർത്ഥികളുമാണ് ഈ യൂണിവേഴ്സിറ്റിയിലെ ബഹുഭൂരിപക്ഷവും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ പരിച്ഛേദമാണ് ജെ.എൻ.യു തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം ഇടതുപക്ഷ ചേരിയിലാണ് നിലകൊള്ളുന്നതെന്നും ഇടതുപക്ഷ കൊടിക്കൂറയാണ് ഈ വിദ്യാർത്ഥികൾ ഉയർത്തിപ്പിടിക്കുന്നതെന്നും, ജെ.എൻ.യു തിരഞ്ഞെടുപ്പ് രാജ്യത്തോട് വിളിച്ചറിയിക്കുകയാണ്.

(ലേഖകൻ കേരള സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും, കേരള യൂണിവേഴ്സിറ്റി യൂണിയന്റേയും, യൂണിവേഴ്സിറ്റി യൂണിയനുകളുടെ ദേശീയ സമിതിയുടേയും മുൻ ചെയർമാനുമാണ്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular