Saturday, June 22, 2024

ad

Homeലേഖനങ്ങൾഅസംതൃപ്തരായ ഇന്ത്യൻ സമൂഹം

അസംതൃപ്തരായ ഇന്ത്യൻ സമൂഹം

ഡോ. പി ടി അജീഷ്

വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭൂപ്രകൃതിയും പാരമ്പര്യങ്ങളും നിറഞ്ഞ ഈ ലോകത്തിൽ അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തോടെയും സംതൃപ്തിയോടെയും ക്ഷേമത്തോടെയും ജീവിക്കുവാനാണ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹുസ്വരമായ കാഴ്ചപ്പാടോടുകൂടി ജീവിതം നയിക്കുകയെന്നതാണ് ഇതിന്റെയെല്ലാം പരമപ്രധാനമായ അന്തഃസത്ത. ജനങ്ങൾക്ക് സംതൃപ്തി നൽകുന്ന ഘടകങ്ങളെ മനസ്സിലാക്കുവാനും അവയെ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുവാനുമുള്ള ഇടപെടലുകൾ ഓരോ അധികാരത്തിലെത്തുന്ന ഭരണാധികാരികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത് വിഭവവിനിയോഗത്തെയും മൊത്തത്തിലുള്ള ജനജീവിത നിലവാരം മെയപ്പെടുത്തുന്നതിനും നയരൂപീകരണത്തിനും സ്വാധീനഘടകമാകുന്നു. സമൂഹപുരോഗതിക്ക് വളരെ വിശാലവും സമഗ്രവും ജനകേന്ദ്രീകൃതവുമായ ഒരു സമീപനം സൃഷ്ടിക്കുന്നതിൽ സന്തോഷകരമായ പൊതു ജീവിതം വളരെ അത്യന്താപേക്ഷിതമാണ്. ഒരു രാജ്യത്തിന്റെ പൊതുവായ വികസനനയം രൂപപ്പെടുത്തുന്നതിലും ആത്യന്തികമായ സാമൂഹ്യ ക്ഷേമം വികസിപ്പിക്കുന്നതിലും പൊതുജനങ്ങളുടെ സന്തോഷത്തിന്റെ പ്രാധാന്യംകൂടി പരിഗണിക്കപ്പെടണം. അതിനാൽ സന്തോഷസൂചികയ്ക്ക് ജനപ്രീതിയും പൊതുപ്രസക്തിയും നിലവിൽ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരോഗമന കാലത്ത് പൊതുഭരണ നിയന്ത്രണത്തിൽ പുരോഗതി കൈവരിക്കുവാനുള്ള മേഖലകൾ തിരിച്ചറിയുവാനുള്ള മൂല്യവത്തും അതിപ്രാധാന്യമുള്ളതുമായ ദത്തമായി ഇതിനെ കണക്കാക്കുന്നു.

ജി.ഡി.പി പോലുള്ള സാമ്പത്തിക അളവുകോലുകൾക്കപ്പുറം സാമൂഹിക, സാംസ്കാരിക പുരോഗതിയുടെ വിശാലമായ ധാരണ ആളുകൾക്കിടയിൽ ഉറപ്പുവരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഹാപ്പിനസ് ഇൻഡക്സ് ലോകത്ത് ആരംഭിക്കുന്നത്. കേവലം സാമ്പത്തിക സൂചകങ്ങൾ കൊണ്ടുമാത്രം മാനുഷിക ക്ഷേമത്തെയോ വികസനത്തെയോ മനസിലാക്കുവാൻ കഴിയില്ല എന്ന ദീർഘവീക്ഷണത്തിൽ ഊന്നിയ തിരിച്ചറിവിൽനിന്നാണ് സന്തോഷസൂചികയുടെ ആശയം ഉരുത്തിരിഞ്ഞത്. പലപ്പോഴും സാമ്പത്തികമായ വളർച്ചാവികാസം ജീവിതത്തിൽ ഒരു പരിധിവരെ പ്രധാനപ്പെട്ടതാണെങ്കിലും അത് സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഉദ്ദേശിച്ച രീതിയിലുള്ള സന്തോഷം, സുസ്ഥിതി തുടങ്ങിയവ പ്രദാനം ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം.ഒരു പ്രദേശത്തിലോ രാജ്യത്തിലോ അധിവസിക്കുന്ന ജനങ്ങളുടെ ആത്മനിഷ്ഠമായ സുസ്ഥിതിയും ക്ഷേമവും ഫലപ്രദമായ രീതിയിൽ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന അളവുകോലായാണിതിനെ പരിഗണിച്ചുപോരുന്നത്. വിദ്യാഭ്യാസം ഉൾപ്പെടെ സാമൂഹിക പുരോഗതിക്ക് കരുത്തു പകരുന്ന നിരവധി ഘടകങ്ങളിൽ ലോകം മാതൃകയായി സ്വീകരിക്കുന്ന ഫിൻലാൻഡ് ആഗോള സന്തോഷസൂചികയിൽ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് തുടർച്ചയായി ഏഴാം വർഷമാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹമായത്. വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിയുള്ള വ്യക്തികളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രമേ രാജ്യങ്ങൾക്ക് പട്ടികയിൽ മുന്നിലെത്താൻ കഴിയൂ.

ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമായ ഇന്ത്യ മുൻ വർഷത്തിനു സമാനമായ നിലയിൽ 143 രാജ്യങ്ങൾ ഉള്ള പട്ടികയിൽ 126 സ്ഥാനത്തുതന്നെ നിന്നുകൊണ്ട് നില മെച്ചപ്പെടുത്തുവാൻ ആകാതെ പരുങ്ങുന്നു. താലിബാൻ സംഘർഷത്താൽ പ്രക്ഷുബ്ധമായ സാഹചര്യത്താൽ മുന്നോട്ടുപോകുന്ന അഫ്ഗാനിസ്ഥാൻ സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഏറ്റവും പിന്നിലായി. ലോക സന്തോഷസൂചികയിൽ ആദ്യ ഇരുപതിനുള്ളിൽ സ്ഥാനം ഉണ്ടായിരുന്ന അമേരിക്കയും ജർമ്മനിയും പട്ടികയിൽ പിന്നോട്ട് പോയതും ലോകത്ത് ചർച്ചയാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും തന്നെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് പരിശോധിക്കേണ്ട സംഗതിയാണ്. എന്നാൽ സന്തോഷസൂചികയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ജനസംഖ്യ വളരെ കുറവാണ് എന്ന പ്രത്യേകതയെയും വിമർശനാത്മകമായി വിലയിരുത്തേണ്ടതാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈന, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവർ യഥാക്രമം 82,108, 13 എന്നീ സ്ഥാനങ്ങളിൽ എത്തിച്ചേർന്നു. സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്ന പേരിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന ആഗോള സംരംഭത്തിന്റെ നേതൃത്വത്തിൽ ഓരോ രാജ്യത്തിന്റെയും സ്കോറുകൾ വെവ്വേറെ കണക്കാക്കി എല്ലാ വർഷവും വേൾഡ് ഹാപ്പിനസ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. 2012-ലാണ് ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2024-ൽ പുറത്തിറക്കിയത് ലോക സന്തോഷ സൂചികയുടെ 11-‐ാമത്തെ റിപ്പോർട്ടാണ് ഏറ്റവുമൊടുവിലുള്ളത്.

ഏറ്റവും സന്തോഷമുള്ള ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളും പ്രത്യേകതകളും
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ സാമൂഹിക പിന്തുണാ സംവിധാനങ്ങളുണ്ട്. പൗരർക്ക് ജീവിത വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുമെന്ന് രാജ്യത്തുള്ള സുരക്ഷാവലയം ഉറപ്പാക്കുന്നു. ഉയർന്ന തലത്തിലുള്ള സ്വാതന്ത്ര്യവും ഗവൺമെന്റിലും സഹ പൗരന്മാരിലുമുള്ള വിശ്വാസവും സുരക്ഷിതത്വത്തിന്റെയും ക്ഷേമത്തിന്റെയും വളർച്ചയിൽ സംഭാവന നൽകുന്നു. ഇത്തരം രാജ്യങ്ങളിൽ ഭൂരിഭാഗവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകുന്നു. കുറഞ്ഞ വർക്ക് വീക്കുകൾ, ദൈർഘ്യമേറിയ ശമ്പളമുള്ള അവധികൾ, കുടുംബ സൗഹൃദ നയങ്ങൾ എന്നിയും നിലവിലുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളിലേക്കും ഔട്ട്ഡോർ പ്രവർത്തനങ്ങളിലേക്കുമുള്ള പ്രവേശനം പലപ്പോഴും ജനസംഖ്യയുടെ മൊത്തത്തിലുള്ള സന്തോഷത്തിൽ പങ്കുവഹിക്കുന്നു. അസമത്വവും സാമൂഹിക സമത്വത്തിന്റെ ശക്തമായ ബോധവും സന്തോഷരൂപീകരണത്തിൽ പിന്തുണ പകരുന്നു. ഈ ഘടകങ്ങളെല്ലാം ഇത്തരം രാജ്യങ്ങളിൽ അധിവസിക്കുന്ന ജനങ്ങളിൽ സന്തോഷവും സാമൂഹ്യബോധവും വളർത്തുന്നതിൽ നിർണായക സംഭാവന ചെയ്യുന്നു. കുറഞ്ഞ വരുമാന അസമത്വവും സാമൂഹിക സമത്വത്തിന്റെ ശക്തമായ ബോധവും സന്തോഷരൂപീകരണത്തിൽ പിന്തുണ പകരുന്നു. ഈ ഘടകങ്ങളെല്ലാം ഇത്തരം രാജ്യങ്ങളിൽ അധിവസിക്കുന്ന ജനങ്ങളിൽ സന്തോഷവും സാമൂഹ്യബോധവും വളർത്തുന്നതിൽ നിർണായക സംഭാവന നൽകുന്നു.

ഹാപ്പിനസ് ഇൻഡക്സിൽ പിന്നാക്കം പോയ രാജ്യങ്ങളിലെ സ്ഥിതി
ലോക സന്തോഷ സൂചികയിൽ ഏറ്റവും പിന്നാക്കം പോയ രാജ്യങ്ങളാണ് കോംഗോ, സിംബാബ്‌വെ, ലെസോത്തോ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവ. ഇത്തരം രാജ്യങ്ങളിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദീർഘകാല സംഘർഷങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവയാൽ ജനങ്ങളാകെ വലയുന്നു, ഇത് ഭയം, അരക്ഷിതാവസ്ഥ, അനിശ്ചിതത്വം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയ്ക്കൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക അവസരങ്ങൾ കുറയുന്നതിനും ദാരിദ്ര്യം, അടിസ്ഥാന സേവനങ്ങളുടെ അഭാവം എന്നിവയ്ക്കും കാരണമാകുന്നു. ചരിത്രപരമായ വംശഹത്യയുടെ ആഘാതവും സാമൂഹിക മുറിവുകളും ഒരു രാജ്യത്തിന്റെ സന്തോഷത്തിൽ ദിർഘകാല സ്വാധീനം ചെലുത്തുന്നു. അത്തരമൊരു ആഘാതകരമായ സംഭവത്തിന്റെ ഓർമ്മകൾ സാമൂഹിക ഐക്യത്തെയും ക്ഷേമത്തെയും പ്രകടമായി ബാധിക്കുന്നു. തുടർച്ചയായ സംഘർഷങ്ങളും അക്രമങ്ങളും സഹിച്ചുനിൽക്കുന്ന രാജ്യങ്ങൾ തങ്ങളുടെ പൗരർക്ക് സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നൽകാൻ പലപ്പോഴും പാടുപെടുന്നത് അസന്തുഷ്ടിയിലേക്ക് നയിക്കുന്നു. സാമ്പത്തിക വെല്ലുവിളികൾ, വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള പരിമിതമായ പ്രവേശനം, ജനസംഖ്യയുടെ അവസരങ്ങൾ കുറയുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഇടയാക്കും. ഈ ഘടകങ്ങൾ ഇത്തരം രാജ്യങ്ങളിൽ സന്തോഷത്തിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു.

ഇന്ത്യയുടെ നില മെച്ചപ്പെടാത്തതെന്തുകൊണ്ട്
ഇന്ത്യ ഗണ്യമായ സാമ്പത്തിക അസമത്വങ്ങൾ അഭിമുഖീകരിക്കുന്നു. ജനസംഖ്യയുടെ വലിയൊരു ഭാഗം കടുത്ത ദാരിദ്ര്യമോ ഭീമമായ സാമ്പത്തിക ബുദ്ധിമുട്ടുകളോ അഭിമുഖീകരിക്കുന്നുണ്ട്. വരുമാന അസമത്വവും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ലഭ്യതയുടെ അഭാവവും താഴ്ന്നനിലയിലുള്ള സന്തോഷത്തിനും ക്ഷേമത്തിനും കാരണമാകുന്നു. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, മതപരമായ പിരിമുറുക്കം, ലിംഗ അസമത്വം എന്നിവയുൾപ്പെടെയുള്ള വിവിധ സാമൂഹിക വെല്ലുവിളികൾ ഇന്ത്യയിൽ പിടിമുറുക്കുന്നു. ഈ പ്രശ്നങ്ങൾ വ്യക്തികളുടെ സ്വതന്ത്രമായ ബോധത്തെയും സുരക്ഷിതത്വത്തെയും സന്തോഷത്തെയും ബാധിക്കുന്നു.ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രവേശനം ഇന്ത്യയിലെ നിരവധി ആളുകൾക്ക് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു. ആരോഗ്യ സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ നിലവാരത്തിലെ അസമത്വം എന്നിവ ജനങ്ങളുടെ ക്ഷേമത്തെയും ജീവിത സംതൃപ്തിയെയും ബാധിക്കുന്നു.വായു, ജലമലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികൾ ഇന്ത്യ നിരന്തരം അഭിമുഖീകരിക്കുകയാണ്. ഈ പ്രശ്നങ്ങൾ പൊതുജനാരോഗ്യം, ഉപജീവനമാർഗം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ദ്രുതഗതിയിലുള്ള നഗരവൽക്കരണം പലയിടങ്ങളിലും ജനപ്പെരുപ്പത്തിനും അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾക്കും നഗര വ്യാപനത്തിനും കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്ക്, മലിനീകരണം, അപര്യാപ്തമായ പാർപ്പിടം തുടങ്ങിയ വെല്ലുവിളികൾ തദ്ദേശവാസികളുടെ ക്ഷേമത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും ഭരണപരമായ വെല്ലുവിളികളും സ്ഥാപനങ്ങളിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുകയും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള ഗവൺമെന്റിന്റെ കഴിവിനെക്കുറിച്ചുള്ള ആളുകളുടെ ധാരണകളെ ബാധിക്കുകയും ചെയ്യുന്നുണ്ട്. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ, മൊത്തത്തിലുള്ള ക്ഷേമത്തിന് കാര്യമായ സംഭാവന നൽകുന്നതിൽ തടസ്സമാകുന്നു. മാനസികാരോഗ്യ സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ വ്യക്തികളുടെ സന്തോഷത്തെയും ജീവിത സംതൃപ്തിയെയും പ്രകടമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ മൊത്തത്തിലുള്ള സന്തോഷവും ക്ഷേമവും മയപ്പെടുത്തുന്നതിന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവും ഭരണപരവുമായ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ഫലപ്രദമായ സംയോജനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അസമത്വം രാജ്യത്ത് വളരെ ഭീതിതമായ രീതിയിൽ മുന്നോട്ടു പോവുകയാണ്. അതിസമ്പന്നരായ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ ഭൂരിഭാഗവും കയ്യാളുന്ന സ്ഥിതി നിലനിൽക്കുന്നു. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടുതൽ വേതനം ലഭിക്കുന്ന മേഖലകളിലേക്ക് ഉയർത്താൻ കഴിയാത്തത് ഇന്ത്യയുടെ പ്രധാന ബലഹീനതയാണ്. സാമ്പത്തിക ഉദാരവൽക്കരണത്തോടെ അതിസമ്പന്നരുടെ വരുമാനം അതിഭീമമായ രീതിയിൽ ഉയരുന്ന സ്ഥിതി വളരെ വേഗം വർദ്ധിച്ചുവരികയാണ്.

സാമൂഹ്യക്ഷേമ പരിപാടികൾ വികേന്ദ്രീകരിക്കുവാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത് പൗരർക്കിടയിൽ മൊത്തത്തിലുള്ള ക്ഷേമവും സംതൃപ്തിയും മെച്ചപ്പെടുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാന അസമത്വം കുറയ്ക്കുക എന്നിവ സുരക്ഷിതത്വവും സംതൃപ്തിയും ജനങ്ങൾക്ക് പകരുന്നു. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പാരിസ്ഥിതിക ആശങ്കകളെ അഭിസംബോധന ചെയ്യുന്നത് ആരോഗ്യകരമായ ജീവിത ചുറ്റുപാടുകളെ പ്രോത്സാഹിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിയുള്ള അവബോധം വർദ്ധിപ്പിക്കുക, പിന്തുണാ സേവനങ്ങൾ നൽകൽ എന്നിവ മാനസിക ക്ഷേമവും സന്തോഷവും മയപ്പെടുത്തും. സാംസ്കാരിക പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ഇടപഴകൽ, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിത്വ വികസനം പൂർത്തീകരിക്കാൻ കഴിയുന്നു. സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമമായ പൊതുസേവനങ്ങളും ഉറപ്പാക്കുന്നത് സ്ഥാപനങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും പൗരർക്കിടയിൽ സുരക്ഷിതത്വവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കർക്കശമല്ലാത്ത ജോലി സമയം, രക്ഷാകർതൃ അവധി, അവധിക്കാലം എന്നിവയെ പിന്തുണയ്ക്കുന്ന നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വ്യക്തികളെ ജോലിയും വ്യക്തിഗത ജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥയിൽ എത്താൻ സഹായിക്കും. പൊതുഗതാഗതം, സ്വന്തമായി പാർപ്പിടം, പൊതു ഇടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ജീവിത നിലവാരം ഉയർത്തുന്നു. പൊതുവിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്കിടയിൽ സഹാനുഭൂതി, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന നിലയിലേക്കുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − one =

Most Popular