Friday, October 18, 2024

ad

Homeലേഖനങ്ങൾ‘ഇവരോട് പൊറുക്കേണമേ’

‘ഇവരോട് പൊറുക്കേണമേ’

കെ വി സുധാകരൻ

‘എന്താടോ വാര്യരേ ഞാൻ നന്നാവാത്തേ’ എന്ന ചോദ്യം പതിറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു മോഹൻലാൽ സിനിമയിൽ നായക കഥാപാത്രം ചോദിക്കുന്നതാണ്.ജീവിതത്തിന്റെ സംഘർഷഭരിതമായ സന്ദർഭങ്ങളിൽ ആവർത്തിച്ച്‌ തിരിച്ചടികൾ നേരിട്ടിട്ടും, അതിനുകാരണമായ പ്രശ്നങ്ങൾ കണ്ടെത്താനോ, പരിഹരിക്കാനോ കഴിയാത്ത ധർമ്മസങ്കടങ്ങളിൽ നിന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ആ കഥാപാത്രം ഇത്തരമൊരു ചോദ്യം ഉയർത്തുന്നത്. വർത്തമാനകാല മുഖ്യധാരാ മാധ്യമങ്ങൾക്കൊക്കെ (അച്ചടി – ദൃശ്യമാധ്യമ വേർതിരിവില്ലാതെ തന്നെ) ചോദിക്കാവുന്നതായി ഈ ചോദ്യം മാറിയിട്ടുണ്ട്.

ഈ വക മാധ്യമങ്ങളുടെ സത്യസന്ധമല്ലാത്ത, നീതിയുക്തമല്ലാത്ത, വസ്തുതാപരമല്ലാത്ത വാർത്താ അവതരണത്തിന്റെയും വാർത്താ വിശകലനങ്ങളുടെയും പോക്കുകണ്ട്, സാമാന്യജനങ്ങൾ കാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. അതിപ്പോൾ രാജ്യത്തെ പരമോന്നത കോടതിയടക്കം ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുകയാണ്. ‘നാലാംതൂണ്’ എന്ന സവിശേഷ പരികല്പനയുടെ മേലങ്കി ചാർത്തുന്നതുകൊണ്ട് കോടതികളുടെ പോരായ്മകൾ പോലും ചൂണ്ടിക്കാണിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. അത്തരത്തിലുള്ള മാധ്യമങ്ങൾക്കുനേരെ കോടതികൾ വടിയെടുക്കുന്ന സ്ഥിതിയുണ്ടായാലോ? ഒന്നോ രണ്ടോ തവണയല്ല, കൂടെക്കൂടെ കോടതികൾ മാധ്യമങ്ങൾക്കുനേരെ വടിയോങ്ങുകയാണ്. എന്നിട്ടും അതുൾക്കൊള്ളാനോ, പരിഹരിക്കാനോ മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്നതാണ് പരിതാപകരം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുതൽ വിവിധ ഹൈക്കോടതി ജഡ്ജിമാർ വരെ ഉന്നയിച്ച വിമർശനങ്ങളുടെ സാരസർവസ്വം, മാധ്യമങ്ങൾ അവയുടെ കടമ സത്യസന്ധമായും ആ മേഖല ആവശ്യപ്പെടുന്ന ഗൗരവത്തിലും നിർവഹിക്കുന്നില്ല എന്നതാണ്. ഏറ്റവും ഒടുവിൽ നമ്മുടെ ഹൈക്കോടതിയിലെ ജസ്റ്റിസ് വി ജി അരുൺ, മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണം എന്താണെന്ന് വിശദീകരിച്ചു പറയുകയും ചെയ്‌തു. ‘മറുനാടൻ മലയാളി’ എന്ന ഒരു ഓൺലൈൻ മാധ്യമം നടത്തുന്ന തികച്ചും നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ വാർത്താസംപ്രേക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചതെങ്കിലും സത്യത്തിൽ അത് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കൊക്കെ ബാധകമാണ്. ഏതൊരു വാർത്തയും നൽകുന്നതിന്റെ ആധികാരിക ഘടന 5 ‘W’കളാണെന്നും (who, what, where, when, why) (ഇതിൽ ഒരു ‘H’ – how കൂടിയുണ്ടെന്ന കാര്യം കോടതിയെടുത്ത് പറഞ്ഞിട്ടില്ല) ഈ ‘W’കളുടെ സ്ഥാനത്ത് ‘D’ എന്ന അക്ഷരം കൊണ്ടു വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ‘മറുനാടൻ’ വാർത്തകൾ നൽകുന്നതെന്നുമാണ് കോടതി പറഞ്ഞത്. ‘D’ യുടെ വിശദീകരണവും കോടതി നൽകുന്നുണ്ട്. Defame (അപകീർത്തിപ്പെടുത്തുക), Denigrate (നീതിയുക്തമല്ലാതെ വിമർശിക്കുക), Damnify (നശിപ്പിക്കുക), Destroy (തകർക്കുക) എന്നിവയാണ് അത്.

വാർത്തകളുടെ സാരം 5 ‘W’കളുടെ ഉത്തരങ്ങളാണെന്ന പരികല്പനയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇംഗ്ലീഷ് അലങ്കാരശാസ്ത്രജ്ഞനായ തോമസ് വിൽസണാണ് (1524 – 1581) ഈ പരികല്പന രൂപീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ 5 ‘W’കൾക്ക് ഉത്തരം നൽകുന്നതിലൂടെ ഒരു വാർത്തയെക്കുറിച്ചുള്ള സമഗ്രമായ ചിത്രം ലഭിക്കും എന്നാണ് സങ്കല്പം. എന്നാലിപ്പോൾ വാർത്തയിലൂടെ ഇത്തരമൊരു ധാരണ ഉണ്ടാക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, വാർത്തയ്ക്കാധാരമായ സംഭവവുമായി ബന്ധപ്പെട്ടവരെ മുഴുവൻ അപകീർത്തിപ്പെടുത്തുകയും, നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. മറുനാടൻ മലയാളിയുടെ വാർത്താരീതിയുടെ വെളിച്ചത്തിലാണ് കോടതി ഈ പരാമർശങ്ങൾ നടത്തുന്നതെങ്കിലും, മറുനാടന്റെ വാർത്താവവതരണ രീതിയും, നമ്മുടെ മുഖ്യധാരയിലെ പത്ര – ദൃശ്യമാധ്യമങ്ങളുടെ വാർത്തവ അവതരണ രീതിയും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുകൊണ്ട്, കോടതി പറയുന്ന വാക്കുകൾ എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നുവേണം കരുതാൻ. നല്ല കഷണ്ടിക്കാരന്റെ നെറ്റിയും തലയും വേർതിരിയുന്നത് എവിടെയാണെന്നു കണ്ടുപിടിക്കാൻ കഴിയാത്തതുപോലെയാണ്, ഇപ്പോൾ മറുനാടന്മാരുടെ വാർത്തകളും മുഖ്യധാരാ വാർത്തകളും തമ്മിലുള്ള വേർതിരിവിന്റെ സ്ഥിതിയും.

മാധ്യമങ്ങൾ അന്തസ്സാരശൂന്യമായ വാർത്താസംപ്രേക്ഷണങ്ങളുടെയും ചർച്ചകളുടെയും ആടിത്തിമിർക്കലുകൾ ആരംഭിക്കുന്നതിനുമുമ്പേതന്നെ കോടതികൾ ഇത് മാധ്യമങ്ങളെ പലതവണ ഓർമ്മിപ്പിച്ചിട്ടുള്ളതാണ്.

കോടതിയുടെ വിമർശനം ഇതാദ്യമല്ല
2005 ഫെബ്രുവരിയിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഈ ദിശയിൽ താരതമ്യേനെ ആദ്യകാലത്തുണ്ടായ ഒന്നാണ്. എംപി ലോഹ്യ Vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്നതായിരുന്നു പ്രസ്തുത കേസ്. ഒരു യുവതി കൽക്കട്ടയിലെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. ഇതൊരു സ്ത്രീധന മരണമാണെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കൾ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് കേസ് ഫയൽ ചെയ്തു. യുവതിക്ക്‌ Schizophrenic Psychotic എന്ന കടുത്ത മാനസികരോഗം ആണെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ ഭർത്താവ് കോടതിയിൽ ഹാജരാക്കി. എന്നാൽ യുവതിയുടെ മാതാപിതാക്കൾ, ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപണത്തിന് ഉപോൽബലകമായ തെളിവുകൾ ഹാജരാക്കി. ഇതേ തുടർന്ന് കീഴ്‌ക്കോടതി യുവാവിന് ജാമ്യം നിഷേധിക്കുകയും ചെയ്തു. എന്നാൽ സുപ്രീംകോടതി, യുവാവിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യമനുവദിച്ച ഉത്തരവിലാണ് കോടതി, ഈ കേസുമായി ബന്ധപ്പെട്ട് കൽക്കട്ടയിലെ ചില പത്രങ്ങളിൽ വന്ന മാധ്യമ വിചാരണക്കെതിരെ രൂക്ഷമായ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ, യുവാവിന്റെ ഭാഗം കേൾക്കാൻ തയ്യാറാകാതെ ഏകപക്ഷീയമായി പ്രസിദ്ധീകരിച്ച രണ്ട് വാർത്തകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിശിത വിമർശനം. ‘കേസുകളിൽ നീതിനിർവഹണ നടപടികൾ പൂർത്തിയാക്കുന്നതിൽ ഇത്തരത്തിലുള്ള മാധ്യമ ഇടപെടലുകൾ തടസ്സം സൃഷ്ടിക്കും’ എന്നായിരുന്നു അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. ഇക്കാര്യത്തിലുള്ള കോടതിയുടെ അതൃപ്തി മറ്റു മാധ്യമങ്ങളും കണക്കിലെടുക്കണമെന്നുകൂടി കോടതി പറയുകയുണ്ടായി.

2010ലെ മനു ശർമ Vs സ്റ്റേറ്റ് ഓഫ് ഡൽഹി എന്ന കേസിലും സുപ്രീംകോടതി സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുള്ളതാണ്. ജസീക്ക ലാൽ വധക്കേസ് എന്നായിരുന്നു ഇത് ഏറെയും അറിയപ്പെട്ടിരുന്നത്. ഡൽഹിയിലെ മോഡലായിരുന്ന ജസീക്ക ലാൽ എന്ന യുവതിയെ ഒരു ഹോട്ടലിൽ വച്ച് മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കേന്ദ്രമന്ത്രിയുടെ മകനായ മനു ശർമ എന്നയാൾ വെടിവെച്ചു കൊന്നതാണ് കേസിനാസ്പദമായ സംഭവം. സംഭവം നടന്നത് 1999 ഏപ്രിൽ 30 നായിരുന്നു. തെളിവുകളുടെ അഭാവംകൊണ്ടും, ചില സാക്ഷികൾ കൂറുമാറിയതുകൊണ്ടും പ്രതികളെ സെഷൻസ് കോടതി വിട്ടയച്ചെങ്കിലും, പിന്നീട് ഡൽഹി ഹൈക്കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹെെക്കോടതി ശിക്ഷ പിന്നീട് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. വിചാരണ കോടതി വെറുതെവിട്ട കേസിൽ, ഹൈക്കോടതിയിൽ വിചാരണ നടക്കുന്ന ഘട്ടത്തിൽ തെഹൽക, എൻഡിടിവി എന്നീ മാധ്യമങ്ങൾ ഒളിക്യാമറ ഓപ്പറേഷനിലൂടെ പ്രതികൾക്കെതിരായ തെളിവുകൾ പുറത്തുകൊണ്ടുവരികയുമുണ്ടായി.

ഈ കേസുമായി ബന്ധപ്പെട്ട മാധ്യമ വിചാരണയെപ്പറ്റി സുപ്രീംകോടതി പറഞ്ഞത് ഇതാണ്. ‘‘മാധ്യമങ്ങൾ സ്വയം ഒരു പൊതു കോടതിയായി മാറി. അതിലൂടെ കോടതി നടപടികളിൽ ഇടപെടുന്ന സ്ഥിതിയുണ്ടായി. മാധ്യമങ്ങൾ അവരുടേതായ പ്രത്യേക കുറ്റാന്വേഷണം നടത്തുന്നു. എന്നിട്ട് കുറ്റാരോപിതനെതിരെ കോടതി കുറ്റം കണ്ടെത്തുന്നതിനുമുമ്പുതന്നെ, കുറ്റം ചാർത്തുന്നു. ഇത് അങ്ങേയറ്റം അപകടകരമാണ്. കുറ്റാരോപിതൻ ‘നിരപരാധിയാണെന്ന അനുമാനം’ ക്രിമിനൽ വിചാരണയുടെ അടിസ്ഥാന പ്രമാണമാണ്. മാധ്യമ വിചാരണ, കുറ്റാരോപിതർക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ പാടില്ല’’.

കോടതിയുടെ ജോലിയിലും കടന്നുകയറ്റം നടത്തി മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമാനമായ വിചാരണകളുടെ അധാർമികതയെയും നീതികേടുകളെയുംകുറിച്ച് ഇങ്ങനെ നിരവധി കേസുകളിൽ കോടതികൾ നിരീക്ഷിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളും കോടതികളും രണ്ടു ഭിന്നസ്വരൂപങ്ങളുള്ള സ്ഥാപനങ്ങളാണെന്നും ഒന്ന് മറ്റൊന്നിനുമേൽ അതിക്രമിച്ചു കടക്കാൻ പാടില്ലെന്നും സുപ്രീംകോടതി തുടങ്ങി വിവിധ കോടതികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. മാധ്യമങ്ങൾ, മാധ്യമപ്രവർത്തനമാണ്‌ നടത്തേണ്ടതെന്നും അല്ലാതെ കോടതിക്കുവേണ്ടി പ്രത്യേക ഏജൻസിയായി പ്രവർത്തിക്കുകയല്ല ചെയ്യേണ്ടതെന്നുമാണ് കോടതി ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്.

2023 മാർച്ച് 23ന് ഡൽഹിയിൽ നടന്ന രാംനാഥ് ഗോയങ്ക അവാർഡ് സമർപ്പണ ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണെന്നുതോന്നുന്നു. ‘ഒരു നല്ല നാളെയിലേക്ക് നമ്മെ നയിക്കാൻ കഴിയുന്ന സത്യത്തിന്റെ ദീപസ്തംഭമാണ് ഉത്തരവാദിത്വ മാധ്യമപ്രവർത്തനം. സത്യം, നീതി, സമത്വം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തനമാണ് ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്.വൈവിധ്യമുള്ള തൊഴിൽ ശക്തിയാണ് വാർത്താമുറികളിൽ ഉണ്ടാകേണ്ടത്. എന്നാലിത്, കേവലം വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയല്ല, മറിച്ച് വാർത്തകളുടെ വൈവിധ്യം നിറഞ്ഞ സംസ്കാരം പ്രതിഫലിപ്പിക്കുകയാണ് വേണ്ടത്. അതുപോലെ, മാധ്യമപ്രവർത്തകർക്കു താല്പര്യമുള്ള ചില പരാമർശങ്ങൾ (കോടതികൾ വിചാരണ വേളയിൽ വാക്കാൽ നടത്തുന്നവ) വാർത്തയാക്കി നൽകുന്നത് ശരിയല്ല. കാരണം, ഇത്തരം ചില പരാമർശങ്ങൾ അന്തിമ വിധി പ്രസ്താവത്തിൽ സ്ഥാനം പിടിച്ചുകൊള്ളണമെന്നില്ല. കേസുകൾ സംബന്ധിച്ച റിപ്പോർട്ടിങ് വസ്തുതാപരവും സത്യസന്ധവും സമഗ്രവും ആയിരിക്കണം. അതുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ ചില വാർത്താശകലങ്ങളുടെ ചെറിയ വീഡിയോകൾ പ്രചരിപ്പിക്കുന്ന രീതിയും ഒഴിവാക്കപ്പെടേണ്ടതാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഇത്തരം ‘റീലുകൾ’ തെറ്റിദ്ധാരണാജനകമായിരിക്കും’’.

പ്രശ്നം മാധ്യമങ്ങളുടെ അനവധാനത
വർത്തമാനകാല മാധ്യമങ്ങൾ, വിശേഷിച്ച് വാർത്താചാനലുകൾ, മാധ്യമപ്രവർത്തനത്തിന്റെ വിശുദ്ധിയും ഉത്തരവാദിത്വവും ഗൗരവവും കാത്തുസൂക്ഷിക്കുന്നില്ലെന്ന് കോടതികൾ നിരന്തരം ഓർമ്മപ്പെടുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇത്രയൊക്കെയായിട്ടും മാധ്യമങ്ങൾ എന്തുകൊണ്ട് ഇതേപ്പറ്റി പരിശോധന നടത്താനോ, പുനർവിചിന്തനം നടത്താനോ തയ്യാറാകുന്നില്ല? കോടതി അടക്കം ജനാധിപത്യ സംവിധാനത്തിലെ ആദ്യ മൂന്നു തൂണുകളെയും നിരീക്ഷിക്കാനും, കുറ്റമറ്റതാക്കാനും ബാധ്യതയുള്ളവരെന്ന് കരുതപ്പെടുന്ന മാധ്യമങ്ങളെ കോടതികൾ തിരിച്ചു വിമർശിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്തിട്ടും അതേപ്പറ്റിയൊന്നും എന്തേ മാധ്യമങ്ങൾ മിണ്ടുന്നില്ല? ചാനൽ മൈക്കും അവതാരക സിംഹാസനവും കയ്യിൽ വന്നു കഴിഞ്ഞാൽപ്പിന്നെ ആരുടെയും മെക്കിട്ടുകയറാമെന്നു വിചാരിക്കുന്ന മാധ്യമപ്രവർത്തകരെപ്പറ്റി എന്താണ് പറയേണ്ടത്?

വാർത്താവതരണ വേളയിൽ തങ്ങൾക്കിഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്ന പാനൽ അംഗങ്ങളോട് ചില അവതാരകർ പ്രകടിപ്പിക്കുന്ന ക്രോധവും പുച്ഛവും പരിഹാസവും ആക്രമണോത്സുകതയുമൊക്കെ എത്ര ബീഭൽസമാണ്? ചാനൽ അവതാരകരുടെ ഈ അസുര ഭാവങ്ങൾ കാണാനിടയാകുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ അവരോട് സഹതപിക്കുകയാണെന്ന കാര്യം ഇവർ അറിയുന്നുണ്ടോ എന്തോ? ബൈബിൾ പുതിയ നിയമത്തിൽ ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നതുപോലെ ‘‘കർത്താവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലല്ലോ. ഇവരോട് ക്ഷമിക്കേണമേ’’ (അധ്യായം 23, വോള്യം 34) എന്നല്ലാതെ എന്തു പറയാൻ?

എന്നാലും പറയട്ടെ, അമേരിക്കൻ ടെലിവിഷനിൽ വാൾട്ടർ ക്രോങ്കെെയ്റ്റ് എന്നൊരു അവതാരകനുണ്ടായിരുന്നു. അതുപോലെ അമേരിക്കൻ റേഡിയോ പ്രക്ഷപണരംഗത്ത് റഷ് ലിംബോ എന്നൊരാളും ഉണ്ടായിരുന്നു. അവതാരകർക്ക് താരപദവി നേടിക്കൊടുത്തവരായിരുന്നു ഇരുവരും. ക്രോങ്കെെയ്റ്റ് 2009ലും, ലിംബോ 2021ലും അന്തരിക്കുകയുണ്ടായി.പ്രേക്ഷകരോട് അറപ്പുളവാക്കുന്ന ഒരു വികാരവും പ്രകടിപ്പിക്കാതെ തികച്ചും മാന്യമായും, ഗൗരവമായും, അച്ചടക്കത്തോടെയും വാർത്തകൾ അവതരിപ്പിച്ചതിലൂടെയാണ് ഇവർ അവതാരകരുടെ താരസിംഹാസനത്തിൽ ഇരിപ്പിടം ഉറപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇതേപ്പറ്റിയൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഒരപരാധമായി നമ്മുടെ ചാനൽ അവതാരകർ കാണേണ്ടതില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − thirteen =

Most Popular