ഒരു രാഷ്ട്രം ഒരു സംസ്കാരം എന്ന ബി ജെ പി സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ മൂന്നാംഘട്ടമാണ് ഏകീകൃത സിവിൽ കോഡ്.ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുക എന്ന ഒന്നാമത്തെ ഘട്ടം അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.രണ്ടാമത്തെ ഘട്ടമായ ജമ്മു കാശ്മീരിന്റെ വിഭജനം പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ത്യയുടെ ഭരണഘടനയെ തകർക്കുന്ന ബിജെപി സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ ഏതറ്റവരേയും പോരാടും എന്നതാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാട്. ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം കൈക്കൊണ്ടിരിക്കുന്നത്.ഏകീകൃത സിവിൽ കോഡിനെതിരായി സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലിംലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കുണ്ടായ അസ്വസ്ഥതയും കുശുമ്പും കേരളം ചർച്ച ചെയ്യുകയാണ്.
പഴയ കാലം മുതൽ ദേശീയതലത്തിൽ കോൺഗ്രസ് പിൻതുടരുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി വിഷയത്തിലോ, ഏകീകൃത സിവിൽകോഡിലോ കൃത്യമായ നിലപാട് പറയാൻ കോൺഗ്രസിന് കഴിയുന്നില്ല.എന്നാൽ ഇത്തരം വിഷയങ്ങളിൽ ശക്തമായി നിലപാടുളള സിപിഐ എം സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ ലീഗുൾപ്പെടെയുള്ള സംഘടനകൾ പങ്കെടുക്കുന്നത് കോൺഗ്രസിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.കെപിസിസി യോഗത്തിലെ പ്രമേയത്തിനപ്പുറം ഏകീകൃത സിവിൽ കോഡിനെതിരെ ഒന്നും ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു. ഒടുവിൽ ലീഗിന്റെ സമ്മർദ്ദത്തിന് മുന്നിൽ ബഹുസ്വരത സംഗമം എന്ന പേരിൽ ഒരു തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിക്കുവാൻ കോൺഗ്രസ് നിർബ്ബന്ധിതമായിരിക്കുന്നു.
1985 ൽ സൈറാ ബാനു കേസിൽ സുപ്രിം കോടതി നൽകിയ ഒരു വിധിയുമായി ബന്ധപ്പെട്ട് ഇ എം എസ് നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് കളം പിടിക്കുവാനുള്ള ഓട്ടത്തിലാണ് ഇന്ന് കോൺഗ്രസ്. ദേശാഭിമാനിയിലും ചിന്തയിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽക്കൂടി ഇ എം സ് എന്താണ് പറഞ്ഞത് എന്ന് കേരളീയ സമൂഹത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.1985 ൽ ഇ എം എസിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന കോൺഗ്രസ് നേതൃത്വം, ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് വഴിതെളിച്ച പഴയ കോൺഗ്രസ് നേതാക്കളുടെ അധികാരക്കൊതിയുടെ ചരിത്രം ഒന്ന് ചികഞ്ഞ് നോക്കുക.1948 മുതൽ യുപിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് മുതൽ മുൻ പ്രധാനമന്ത്രിമാർ ആയിരുന്ന രാജീവ് ഗാന്ധിയും പി വി നരസിംഹറാവുവും ഉൾപ്പെടെയുള്ളവരുടെ ചതിയുടേയും വഞ്ചനയുടേയും ചരിത്രം ആർക്കും മറക്കാൻ കഴിയില്ല.
സ്വാതന്ത്ര്യത്തിന് ശേഷം 1948 ൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാബ രാഘവ് ദാസ് അതി തീവ്രമായി വർഗ്ഗീയത ഇളക്കിവിട്ടായിരുന്നു പ്രചരണം നടത്തിയത്. ഉത്തർപ്രദേശിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ പന്ത് അധികാരം നിലനിർത്താൻ ഉപയോഗിച്ചത് ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിക്കുക എന്ന തന്ത്രമായിരുന്നു.എന്നിട്ടും1300 വോട്ടിനാണ് രാഘവ് ദാസ് ജയിച്ചത്.
ഫൈസാബാദ് ഉപതെരഞ്ഞെടുപ്പ് നൽകിയ വിജയോന്മാദത്തിൽ 1949 ഡിസംബർ 22ന് ഇരുട്ടിന്റെ മറവിൽ ചിലർ പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് രാമ വിഗ്രഹങ്ങൾ സ്ഥാപിച്ചു. ബാബ രാഘവ് ദാസിന്റെ അറിവോട് കുടി സ്ഥാപിച്ച രാമവിഗ്രഹങ്ങൾ പള്ളിക്കകത്ത് സ്വയംഭൂവായിരിക്കുന്നു എന്ന കളളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു.
ബാബ രാഘവ് ദാസിന്റെ ഗൂഢാലോചനയിൽ വിതച്ച ആ വിത്താണ് പിൽക്കാലത്ത് ബാബറി മസ്ജിദിൻ്റെ തകർച്ചയിലേയ്ക്ക് വഴിതെളിച്ചത്.
അയോധ്യയിൽ ശ്രീരാമ വിഗ്രഹങ്ങൾ സ്വയംഭൂവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി വല്ലഭ് പന്തിനോട് വിഗ്രഹങ്ങൾ സരയു നദിയിലേക്ക് ഒഴുക്കാനാണ് അന്ന് നെഹ്റു നിർദ്ദേശിച്ചത്. അതുൾക്കൊള്ളുവാനുള്ള ദീർഘവീക്ഷണം വല്ലഭ് പന്ത് കാട്ടിയിരുന്നുവെങ്കിൽ ബാബറി മസ്ജിദ് പിൽക്കാലത്ത് തകർന്ന് വിഴുമായിരുന്നില്ല.നെഹറുവിന്റെ നിർദ്ദേശം വല്ലഭ പന്ത് കേട്ടില്ലെന്ന് മാത്രമല്ല പൂജ നടത്തുവാനുള്ള സകല സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു.
1983ൽ മുസാഫർ നഗറിൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തിൽ അയോധ്യയിൽ ക്ഷേത്ര നിർമ്മാണം പരസ്യമായി ആവശ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സായിരുന്നു. യു പി യിലെ കോൺഗ്രസ് മന്ത്രിയായിരുന്ന ദാവു ദയാൽ ഖന്നയും, ആക്ടിംഗ് പ്രധാനമന്ത്രി ആയിരുന്ന ഗുൽസാരിലാൽ നന്ദയും ഈ സമ്മേളനത്തിൽ പങ്കെടുത്തത് യാദൃച്ഛികമല്ല.തകർന്ന ക്ഷേത്രങ്ങളുടെ അവശിഷ്ട്ടങ്ങൾക്ക് മുകളിലാണ് മൂന്ന് ഉത്തരേന്ത്യൻ മസ്ജിദുകൾ നിർമ്മിച്ചതെന്നും അതുകൊണ്ട് മധുര,കാശി,അയോധ്യ മസ്ജിദുകൾ തകർത്ത് ക്ഷേത്രങ്ങൾ പണിയണമെന്നും ദയാൽ ഖന്ന സമ്മേളനത്തിൽ പരസ്യമായി ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് 1983 മെയ് മാസത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു.അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് ഖന്നയാണ്.പിന്നീടാണ് ഓർഗനൈസറും വിശ്വഹിന്ദു പരിഷത്തും ഏറ്റെടുക്കുന്നത്.
2020ൽ പുറത്തുവന്ന വിനയ് സേതുപതിയുടെ ‘ജുഗൽബന്ദി: മോദിക്ക് മുൻപുള്ള ബിജെപി ‘ എന്ന പുസ്തകം ഇത്തരം ചരിത്ര വസ്തുതകൾ അക്കമിട്ട് നിരത്തുന്നു.മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ജീവചരിത്രം “ഹാഫ് ലയൺ’ എന്ന പേരിൽ എഴുതിയ എഴുത്തുകാരനാണ് വിനയ് സേതുപതി.
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസ്സിനെ നിരോധിക്കുകയും ആർഎസ്എസ് മേധാവി ദേവറസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു.എന്നിട്ടും അടിയന്തരാവസ്ഥയെ പാടി പുകഴ്ത്താനും, സജ്ഞയ് ഗാന്ധിയുടെ കുപ്രസിദ്ധമായ ഇരുപതിന പരിപാടിയെയും അഞ്ചിന പരിപാടിയെയും പിൻതുണയ്‌ക്കാനും, ഇന്ദിരാഗാന്ധിയുമായി ബന്ധം സ്ഥാപിക്കുവാനും ബാബ സാഹേബ് ദേവറസ് ഉൾപ്പടെയുള്ള ആർ എസ്സ് എസ്സ് നേതാക്കൾ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.നിർബന്ധിത വന്ധ്യംകരണത്തെ മുസ്ലിംങ്ങൾക്കെതിരായനീക്കമാണെന്ന നിലയിൽ ആർ എസ് എസ് പൂർണ്ണമായി അതിനെ പിൻതുണക്കുകയും ചെയ്തു.
1984ലും 1989ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രാജീവ് ഗാന്ധിക്ക് പൂർണ്ണ പിൻതുണ പ്രഖ്യാപിക്കുവാൻ ആർഎസ്എസിന്റെ ആഹ്വാനമുണ്ടായി.ഗംഭീര ഭൂരിപക്ഷത്തിൽ അധികാരമേറ്റ രാജീവ് ഗാന്ധി ആർഎസ്എസ് സർസംഘചാലകുമായി കൂടിക്കാഴ്ച നടത്തുകയും നല്ല ബന്ധം തുടരുകയും ചെയ്തുവെന്ന് അക്കാലത്തു തന്നെ വാർത്തകൾ വന്നിരുന്നു. തീവ്രഹിന്ദുവികാരം ആളിക്കത്തിച്ച് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള തന്ത്രത്തിന് ആർഎസ്എസ് സർസംഘചാലക് ബാബാ സാഹിബ് ദേവരസുമായി രാജീവ് ഗാന്ധി ഉടമ്പടിയുണ്ടാക്കിയിരുന്നു.അതിന് താനായിരുന്നു മുൻകൈ എടുത്തതെന്ന് കോൺഗ്രസ് നേതാവും നാഗ്പൂരിൽ നിന്നുള്ള എംപിയുമായിരുന്ന ബെൻവാരിലാൽ പുരോഹിത് തുറന്ന് സമ്മതിച്ചിട്ടുണ്ട്.
അയോധ്യയിൽ ശിലാന്യാസത്തിനും ജൻമ ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിനും അനുമതി നൽകണം എന്നായിരുന്നുവത്രേ രഹസ്യകരാർ.
എന്തായാലും വർഷങ്ങളായി അടഞ്ഞ് കിടന്ന ബാബറി മസ്ജിദിന്റെ കവാടം 1986 ഫെബ്രുവരിയിൽ ആർ എസ് എസിന് തുറന്ന് കൊടുത്തത് സാക്ഷാൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.
1989 നവംബർ 9ന് രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെയാണ് ഹൈന്ദവ ഏകീകരണവും പ്രീണനവും ലക്ഷ്യമിട്ട് അയോധ്യയിൽ ശിലാന്യാസം നടത്തിയതും.
ശിലാന്യാസത്തിന് ഒരാഴ്ച മുൻപ് ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിനും യു പി മുഖ്യമന്ത്രി എൻ ഡി തിവാരിക്കുമൊപ്പം രാജീവ് ഗാന്ധി തന്റെ ആത്മീയ ഗുരുവായ ദിയോറ ബാവ സ്വാമിയെ സന്ദർശിച്ചു. അയോധ്യ വിഷയത്തിൽ ഉപദേശം തേടിയ രാജീവ് ഗാന്ധിക്ക് ” മകനെ അത് സംഭവിക്കട്ടെ’ എന്ന് കൃത്യമായി നിർദ്ദേശം നൽകിയാണത്രേ യാത്രയാക്കിയത്.
ശിലാന്യാസം നടന്നത് തർക്കഭൂമിയിലാണ് എന്ന് വളരെ ക്യത്യമായി റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയാണ്.”തർക്കഭൂമിയിൽ ശിലയിട്ടു, സർക്കാർ കൂട്ടുനിന്നു’ എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ ജോൺ ബ്രിട്ടാസിന്റേതായി റിപ്പോർട്ട് ധൈര്യപൂർവ്വം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അലഹബാദ് ഹൈക്കോടതി തർക്കഭൂമിയെന്ന് വിധിച്ച സ്ഥലത്ത് തന്നെയാണ് വിശ്വഹിന്ദു പരിഷത് ശിലാന്യാസം നടത്തിയത്.കോടതി ഉത്തരവിന്റെ മറവിൽ വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും രചിച്ച തിരക്കഥയിലൂടെയാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ആഭ്യന്തര മന്ത്രി ബുട്ടാ സിംഗും,യു പി യിലെ മുഖ്യമന്ത്രി എൻ ഡി തിവാരിയും സഞ്ചരിച്ചത്.
അന്നത്തെ യു പി മുഖ്യമന്ത്രി എൻ ഡി തിവാരി ഹൈന്ദവ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുകയും ചെയ്തു.യു പി യിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു എൻ ഡി തിവാരി. എൻ ഡി തിവാരി ആണ് കോൺഗ്രസിൽ നിന്ന് ബിജെപി യിലേക്ക് പോയ ആദ്യത്തെ മുഖ്യമന്ത്രി.
ശിലാന്യാസത്തിലൂടെ കോൺഗ്രസ് മുൻകൂട്ടിക്കണ്ടത് രണ്ട് ലക്ഷ്യങ്ങളാണ്. ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ ശിലാന്യാസം. ശിലാന്യാസം തർക്കഭൂമിക്ക് പുറത്താണെന്ന പ്രചാരണം നടത്തി മുസ്ലിംങ്ങളെ ആശ്വസിപ്പിക്കുക. എന്നാൽ തർക്കഭൂമിയിൽ തന്നെ ശിലാന്യാസം നടത്തികൊണ്ട് എക്കാലവും വിശ്വസിച്ച് കൂടെ നിന്ന വലിയ വോട്ട് ബാങ്കിനെ കോൺഗ്രസ് വഞ്ചിച്ചു.
സംഘ പരിവാറും വിശ്വഹിന്ദു പരിഷത്തും സ്വപ്നം കണ്ടതിനുമപ്പുറം അയോധ്യയിൽ ശ്രീരാമ ക്ഷേത്രം സാക്ഷാത്കരിക്കുവാനുള്ള നിർണ്ണായക സംഭവങ്ങൾക്ക് നാന്ദി കുറിക്കുന്നത് രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിൽ തന്നെയാണ്.അത് കോൺഗ്രസിന്റെയും,മതനിരപേക്ഷ ഇന്ത്യയുടേയും ചരിത്രത്തിലേ കറുത്ത ഏടുകളാണ്.
വി പി സിംഗ് സർക്കാരിന് ശേഷം പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ചന്ദ്രശേഖർ മസ്ജിദ് – രാമജൻമഭൂമി തർക്കം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ വളരെ വിജയകരമായി നടപ്പിലാക്കി വരികയായിരുന്നു. ആറ് മാസം കൂടി ചന്ദ്രശേഖർ സർക്കാരിന് കാലാവധി കിട്ടിയിരുന്നുവെങ്കിൽ രാമജൻമഭൂമി – മസ്ജിദ് തർക്കത്തിന്റെ പരിസമാപ്തി വളരെ ശുഭകരമാകരമായി മാറിയേനേ എന്ന് ശരത് പവാർ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ചന്ദ്രശേഖർ സർക്കാരിനുള്ള കോൺഗ്രസ് പിൻതുണ പിൻവലിക്കുവാൻ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത് മസ്ജിദ് പ്രശ്നം ശുഭകരമായി പര്യവസാനിക്കുമോ എന്ന ആശങ്ക ആയിരുന്നു എന്നാണ് ‘ചന്ദ്രശേഖറും ഇന്ത്യയെ രക്ഷിച്ച ആറു മാസങ്ങളും’ എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ റോഡറിക് മാത്യൂസ് പറയുന്നത്.ചന്ദ്രശേർ സർക്കാരിന്റെ നീക്കം സഫലമായിരുന്നുവെങ്കിൽ രാജ്യത്തെ മതമൈത്രി മറ്റൊന്നാകുമായിരുന്നു.
1948 ലെ യൂ പി യിലെ കോൺഗ്രസ് മുഖ്യമന്ത്രി വല്ലഭ പന്തിന്റെ കാലം മുതൽ 1992 ഡിസംബർ 6ന് മസ്ജിദ് തകർന്ന് വീണ നരസിംഹറാവുവിന്റെ കാലം വരെയുള്ള നേതാക്കൻമാരുടെ രാഷ്ട്രീയ നീക്കങ്ങളാണ് ബാബറി മസ്ജിദിന്റെ തകർച്ചക്ക് കാരണമായത്.ആ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ജീനുകൾ തന്നെയാണ് കോൺഗ്രസിനെ ഇപ്പോഴും വേട്ടയാടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിന് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് “അയോധ്യയിൽ ശിലാന്യാസം രാജീവ് ഗാന്ധി തന്നെ നേരത്തെ നടത്തി കഴിഞ്ഞതാണ്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഭാഗവാൻ രാമൻ. അതു കൊണ്ടാണ് അയോധ്യയിൽ രാമന്റെ ജൻമസ്ഥാനത്ത് ഒരു മഹാക്ഷേത്രം ഉയരണമെന്ന് നാം ആഗ്രഹിക്കുന്നത് .രാജീവ് ഗാന്ധിയും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നത്.”
കുറിക്കുക മാത്രമല്ല രാമക്ഷേത്ര നിർമ്മാണത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് ദിഗ് വിജയ് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ സംഭവനയും നൽകി.
ഭൂമിപൂജയ്ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിലുള്ള പരിഭവം പരസ്യമായി പ്രകടിപ്പിച്ച് കൊണ്ട് കമൽനാഥ് മധ്യപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്ത് രാമന്റെ ചിത്രം പ്രതിഷ്ഠിച്ച് ആരാധനയും നടത്തി.1989ൽ രാജീവ് ഗാന്ധി നടത്തിയ ശിലാന്യാസത്തെക്കുറിച്ച് മറക്കരുതെന്ന് ബിജെപിയെ കമൽനാഥ് ഓർമ്മിപ്പിക്കുകയും ചെയ്തു. റായ്ബറേലിയിലെ ഒരു കോൺഗ്രസ് MLA ക്ഷേത്ര നിർമ്മാണത്തിനായി 51 ലക്ഷം രൂപ നൽകി.രാമക്ഷേത്രത്തിന് വേണ്ടി വരുന്ന പ്രത്യേക കല്ലുകൾ നൽകാൻ തയ്യാറായി രാജസ്ഥാനിലെ ഗെഹലോട്ട് സർക്കാർ മുന്നോട്ട് വന്നു.
അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണെന്നും ക്ഷേത്ര നിർമ്മാണം തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഈ ഓർമ്മപ്പെടുത്തൽ ഹൈന്ദവ ജീനുകളുടെ സ്മരണ പുതിയ തലമുറയിൽ നിലനിർത്താൻ വേണ്ടിയിട്ടാണ്. ആ ഓർമ്മകളിൽ അഭിരമിച്ച് കൊണ്ടാണ് ഹിന്ദുത്വ വാദികളുടെ കൈകളിലല്ല യഥാർത്ഥ ഹിന്ദുക്കളുടെ കയ്യിലാണ് ഭരണമേൽപ്പിക്കേണ്ടതെന്ന് പുതിയ തലമുറയിലെ രാജകുമാരനും ആവർത്തിക്കുന്നത്.
ഈയൊരു ദേശിയ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഏകീകൃത സിവിൽ കോഡിൽ പ്രത്യയശാസ്ത്രപരമായൊരു നിലപാട് കോൺഗ്രസിന് പറയുവാൻ കഴിയുക. ഇ എം എസിന്റെ ലേഖനത്തെ വക്രീകരിച്ചും, ശീതീകരിച്ച മുറിയിലിരുന്ന് പ്രമേയം പാസാക്കിയും കാലം കഴിക്കൂക എന്നതിനപ്പുറം കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ♦