അമേരിക്ക നോർത്ത് കരോളിനയിൽ പത്താംക്ലാസ് വിദ്യാർഥിനിയായ ഗൗരി നായരുടെ മുപ്പതോളം പെയിന്റിംഗുകളും അനുജത്തി മീര നായരുടെ പത്തോളം ചിത്രങ്ങളുമുൾപ്പെടുന്ന ചിത്രപ്രദർശനമാണ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ മുൻ വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തത്. പ്രകൃതിയെ പശ്ചാത്തലമാക്കിയ രൂപകൽപനകളാണ് ചിത്രങ്ങളിലധികമെങ്കിലും പുതിയ കാഴ്‌ചയെ, ചിന്തയെ പ്രചോദിപ്പിക്കുന്ന ശൈലീസങ്കേതങ്ങളുമായുള്ള ചിത്രങ്ങളും വർണ, മേളങ്ങളാൽ ഇവിടെ സമ്പന്നമാകുന്നു. ജാമതീയരൂപങ്ങളുടെ അടിസ്ഥാന ഘടകങ്ങളും അവയിൽനിന്നുള്ള രൂപപരിണാമവും ഗൗരിയുടെ ചിത്രങ്ങളിൽ പൊതുവായി ദർശിക്കാവുന്നതാണ്. ദ്വിമാന സ്വഭാവമുള്ള വർണത്തേപ്പുകളിലൂടെയുള്ള രൂപനിർമിതിയും ചില ചിത്രങ്ങളിൽ കാണാം. സൂര്യൻ, മരങ്ങൾ, മലനിരകൾ, മനുഷ്യർ, പക്ഷികൾ, മത്സ്യം എന്നിങ്ങനെ പ്രചഞ്ചത്തിലെ വിവിധ രൂപങ്ങളെ പ്രതിനിധീകരിക്കുന്നതിന് വ്യത്യസ്‌ത രീതിയിലും ശൈലിയും ഉപയോഗിച്ച് സംയോജിപ്പിച്ചിരിക്കുന്നു. പ്രതീകാത്മകമായ പെയിന്റിംഗുകളിൽ പ്രകൃതിയുടെ ലാസ്യ‐രൗദ്രഭാവങ്ങളെ വർണങ്ങളിലൂടെ മികവോടെയാണ് ഗൗരി നായർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗൗരിയുടെ കല ഇത്തരം ലാവണ്യാനുഭവങ്ങളെയാണ് സ്വതന്ത്രമായി പുതുക്കിപ്പണിയുന്നത്.
വ്യക്തിത്വവും സ്വഭാവവുമൊക്കെ രൂപപ്പെടുത്തുന്നതിന് ബാല്യകാല അനുഭവങ്ങളും കാഴ്‌ചയും ചിന്തയുമൊക്കെയാണ് സഹായകമാകുക. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തെ ഓർമകളും കാഴ്‌ചകളും പിൽക്കാലത്തെ വർണാനുഭവങ്ങളായി മാറുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്റെ ബോധവെളിച്ചത്തിൽ കാണുന്ന നവീനമായ കാഴ്‌ച പുതിയ ബിംബകൽപനകളായി അവതരിപ്പിക്കാൻ കഴിയുന്നു. ഈയൊരു ശ്രമമാണ് ഗൗരി നായരുടെ രചനകളുടെ പിൻബലമായി കാണുന്നത്. ആത്മവിശ്വാസത്തിന്റെയും തെളിമയാർന്ന ജീവിതവീക്ഷണത്തിന്റെയും പ്രകാശത്തിലേക്ക് സ്വയം തുറന്നുകയറാൻ കലയുടെ വഴികൾ ഇവരെ സഹായിക്കുമെന്നതിൽ തർക്കമില്ല. ഒപ്പം പ്രകൃതിയെയും സമൂഹത്തെയും അറിയാനും പഠിക്കാനുമുള്ള മനസ്സ് സ്വരൂപിക്കാനും കഴിയുന്നു.
ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്കും നന്മതിന്മകളുടെ വൈവിധ്യങ്ങളിലേക്കും ചിന്തിപ്പിക്കുന്ന ചിത്രം, മനുഷ്യമനസ്സിന്റെ തേങ്ങലുകളും ഒറ്റപ്പെടലുകളും ചിത്രീകരിക്കുന്ന പെയിന്റിംഗ്, പ്രകൃതിയുടെ ഉൾക്കാഴ്‌ചകൾ, കോവിഡ് കാലത്തെ ‘നടുക്കുന്ന ചിന്തകളുടെ’ ആവിഷ്‌കാരങ്ങൾ തുടങ്ങി നിരവധി വിഷയാധിഷ്‌ഠിത ചിത്രങ്ങൾ ഗൗരി പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയിൽനിന്നും സ്വജനങ്ങളിൽനിന്നും നമ്മെ ചേർത്തുപിടിക്കുന്ന കുറേ ചിന്തകളാണ് ഈ പ്രദർശനചിത്രങ്ങൾ എന്ന് ഒറ്റവാചകത്തിൽ പറയാം. വിദേശത്തു താമസിക്കുന്ന ഇവർക്ക്, സ്വന്തം നാട് തിരുവനന്തപുരത്താണെങ്കിൽ പോലും, ഇവിടെവന്ന് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കാൻ തോന്നിയ മനസ്സിന് അഭിനന്ദനം, പ്രത്യേകിച്ചും കുട്ടികളുടെ മാതാപിതാക്കൾക്ക്. ഗൗരിയുടെയും മീരയുടെയും മാതാപിതാക്കളുടെയും ആത്മവിശ്വാസത്തിലും ക്രിയാത്മകതയിലും മനുഷ്യനന്മയിലും മനസ്സുറപ്പിച്ചുള്ള നിരന്തര പ്രയത്നവും ഇച്ഛാശക്തിയും ഈ പ്രദർശനത്തിന് പിന്നിലുണ്ട്. മറ്റൊരർഥത്തിൽ നിഷ്‌കളങ്കമായ കുട്ടിത്തത്തെ പുറത്തേക്ക് ആവാഹിക്കാനാകുംവിധമുള്ള ക്രിയാത്മകമായ ആവിഷ്‌കാരങ്ങളാണ് ഗൗരിയുടെയും മീരയുടെയും ചിത്രങ്ങളെന്നും പറയാം. യഥാർഥമായ സൗന്ദര്യത്തിന്റെ സത്യത്തെയാണ്, യഥാർഥ ഭാവത്തെയാണ് ഇവർ നിഷ്‌കളങ്കതയോടെ കണ്ടെത്തിയിട്ടുള്ളത്‐ ആവിഷ്‌കരിച്ചിട്ടുള്ളത്.
വിദേശത്ത് പഠനത്തോടൊപ്പം ചിത്രകലയിലും സമർഥയാണ് ഗൗരി. അമേരിക്കയിലെ പ്രാദേശിക ഭരണത്തിൻകീഴിൽ വിദ്യാർഥികളുടെ സേവനം നൽകുന്ന ടീൻ അഡ്വൈസറി ബോർഡ്, മുറെസ്‌വിൽ യൂത്ത് ലൈബ്രറി തുടങ്ങിയവയിൽ ഗൗരി പ്രവർത്തിക്കുന്നു. പ്രാദേശിക ആംഘോഷങ്ങൾക്കനുസരിച്ച് പൊതു ഇടങ്ങളിലും പാർക്കുകളിലും കലാസൃഷ്ടികളിലൂടെ സൗന്ദര്യവൽക്കരണ പദ്ധതിയിലും ഗൗരി പങ്കാളിയാണ്. തന്റെ കലാപരമായ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പങ്ക് ഏറെ വലുതാണെന്ന് അവൾ പറയുന്നു. ഗൗരിയുടെ വഴിയേയാണ് ചിത്രകലയിൽ തുടക്കക്കാരിയായ മീരയും. ♦