(പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രിയുമായി ഒരു സംഭാഷണം)
അടിയാളര്‍ക്കും കീഴ്ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതിനെതിരെ ഉജ്ജ്വലമായ സമരം നടത്തിയ മണ്ണായ ഗുരുവായൂരില്‍ ജനിച്ച് നാലുപതിറ്റാണ്ടായി കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഗായത്രി ദാരിദ്ര്യംമൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ നാടുവിട്ടു പോയി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പല ജോലികളും ചെയ്ത് ജീവിച്ചു. കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും റിക്ഷാവലിക്കാരുമായ സാധാരണ മനുഷ്യരോടൊപ്പം ജീവിച്ചതിന്റെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ യഥാര്‍ത്ഥ ഇന്ത്യയെ അറിഞ്ഞു. ആ അനുഭവങ്ങളാണ് തന്റെ സര്‍വ്വകലാശാലയെന്ന് അദ്ദേഹം കരുതുന്നു. ഒരു ചിത്രകാരനായിട്ടാണ് കലാജീവിതം തുടങ്ങിയതെങ്കിലും പിന്നീട് സാഹിത്യത്തിലും നാടക-സിനിമ-ാ സാംസ്‌കാരിക മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ സഹയാത്രികനും പുകസയുടെ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയംഗവുമാണ്. പത്തൊന്‍പത് വയസ്സില്‍ കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചതിലൂടെയാണ് ചിത്രകാരനായി അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് സാഹിത്യ-കലാ നിരൂപണരംഗത്തും ശ്രദ്ധേയനായി. 1996ലെ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യനിരൂപണത്തിനുളള കുറ്റിപ്പുഴ അവാര്‍ഡ് ‘അനാസക്തിയുടെ ഹിരണ്യതീരങ്ങള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. നിരവധി അമേച്വര്‍ നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. കുറച്ചിടെ ചലച്ചിത്ര കലാസംവിധായകനായും പ്രവര്‍ത്തിച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുമായി നൂറിലധികം ചെലവുകുറഞ്ഞ വീടുകള്‍ രൂപകല്‍പനചെയ്ത് നിര്‍മ്മിച്ചുകൊണ്ട് താനൊരു വിദഗ്‌ധനായ വാസ്തുശില്‍പ്പികൂടിയാണെന്നും അദ്ദേഹം തെളിയിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭയും കൂര്‍മതയുളള ധിഷണയും അക്ഷീണ പ്രയത്‌നവുമാണ് ഗായത്രിയെന്ന കലാകാരനെ ശ്രദ്ധേയനാക്കിയത്. ഈ അറുപതിലും അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമുളള നിരവധി പ്രശസ്തമായ ഗാലറികളില്‍ നിരന്തരം പ്രദര്‍ശനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗായത്രി ഈയിടെ തന്റെ പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി വിഖ്യാതമായ മുംബൈ ജഹാംഗിര്‍ ആര്‍ട്ട് ഗാലറിയില്‍ എത്തിയിരുന്നു. ജഹാംഗിര്‍ ആര്‍ട്ട് ഗാലറിയില്‍ തന്റെ പത്താമത്തെ ഏകാംഗ പ്രദര്‍ശനമായിരുന്നു അത്. മറ്റൊരു മലയാളി കലാകാരനും കിട്ടാത്ത നേട്ടം. ഇതിനകം മുപ്പതിലധികം ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല പ്രമുഖ സ്വകാര്യ ഗാലറികളിലുമുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത, സിപിഐ എം പ്രവര്‍ത്തകയായ ഭാര്യ മാലിനിയും മകള്‍ പ്രശസ്ത യുവകവയിത്രി കന്നിയും ഗായത്രിയോടൊപ്പം കലാപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ജഹാംഗിറിലെ പ്രദര്‍നത്തിനിടയില്‍ ചിരകാല സുഹൃത്തായ ഗായത്രിയുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം സ്വന്തം ജീവിതത്തേയും കലയേയും ഇന്ത്യയുടെ ആശങ്കാകുലമായ ഭാവിയേയും തന്റെ രാഷ്ട്രീയ നിലപാടിനെയുംകുറിച്ചെല്ലാം ദീര്‍ഘമായി സംസാരിച്ചു.
കെ വി എസ്:- നമുക്ക് ചെറുപ്പ കാലത്തില്‍ നിന്ന് തുടങ്ങാം…..
ഗായത്രി:- സങ്കടങ്ങളുടെ ഒരു പെരുമഴക്കാലം… ഓര്‍ക്കുമ്പോള്‍ മനസ്സില്‍ അനുഭവിച്ച തിവ്രസങ്കടങ്ങളുടെ കുത്തൊഴുക്കാവും. അതുകൊണ്ട് താങ്കളുമായുളള ഈ നല്ല സായാഹ്നം നശിപ്പിക്കാന്‍ തോന്നുന്നില്ല.
കെ വി എസ്:- വരയാണല്ലൊ ആദ്യം തുടങ്ങുന്നത്. കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ചെറുപ്പത്തിലേ കിട്ടിയല്ലോ.. ഏത് പ്രായത്തിലാണ് വര തുടങ്ങിയത്?
ഗായത്രി:- നന്നെ ചെറുപ്പത്തില്‍… ഞാന്‍ നാലാം ക്ലാസ് വരെ ഒരു എല്‍പി സ്‌കൂളിലാണ് പഠിച്ചത്. നാലില്‍ സ്‌കൂള്‍ മത്സരത്തില്‍ ചിത്രംവരയ്‌ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്. അന്നൊക്കെ സിഗററ്റ് കൂടിന്റെ പിന്നില്‍ പെന്‍സില്‍ വരകളായിരുന്നു. വരച്ച നൂറു കണക്കിന് സിഗററ്റ് കൂടുകള്‍ ഞാന്‍ കുറേക്കാലം നിധിപോലെ സൂക്ഷിച്ചിരുന്നു. പിന്നീടെപ്പോഴോ അവ നഷ്ടമായി. ഒന്നും അധികകാലം കാത്തുവെക്കാന്‍ എനിക്കറിയില്ല.
കെ വി എസ്:- ചെറുപ്പം മുതല്‍ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ടല്ലൊ…അതെങ്ങനെ പറ്റി?
ഗായത്രി:- കൊടുംദാരിദ്ര്യമുളള കുടുംബമായിരുന്നു എന്റേത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമൊന്നും കിട്ടില്ല. ഒരു ട്രൗസറും കയ്യില്ലാത്ത ബനിയനുമിട്ടാണ് മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ പോകാറ്. മറ്റു കുട്ടികള്‍ യൂണിഫോമിട്ട് വരുമ്പോൾ ഞാന്‍ മാത്രം വിചിത്രവേഷം. ടീച്ചറെന്നെ പുറത്ത് നിര്‍ത്തും. അങ്ങനെ നിന്ന് മടുത്തപ്പോ പുസ്തകക്കെട്ട് സ്‌കൂളിന്റെ മുന്നിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ കള്ളവണ്ടി കയറി…ആദ്യം മദ്രാസിലാണ് എത്തിയത്….അവിടെ പല പണികള്‍ ചെയ്തു… അങ്ങനെ കറങ്ങി…. ആ യാത്രകളാണ് എന്റെ സര്‍വകലാശാല… എന്നെ ഞാനാക്കിയ പാഠശാല…
കെ വി എസ്:- സാഹിത്യത്തിലെങ്ങനെ എത്തി. അതും നിരൂപകനായി…?
ഗായത്രി:- രണ്ടുകൊല്ലം കഴിഞ്ഞപ്പോ കറക്കം മടുത്ത് നാട്ടില്‍ തിരിച്ചെത്തി. പിന്നെ ഒരു ഡയറി ഫാമില്‍ സെയിൽസ്‌മാനായി. അവിടെ നാലഞ്ചുകൊല്ലം പിടിച്ചുനിന്നു. അവിടെവച്ച് പലരേയും പരിചയപ്പെട്ടു. അന്നും വര ഒപ്പമുണ്ട്. അവരൊക്കെയാണ് തുടര്‍ വിദ്യാഭ്യാസത്തിന് എന്നെ പ്രേരിപ്പിച്ചത്. അങ്ങനെ പത്താം ക്ലാസ് പ്രൈവറ്റ് ആയി എഴുതി ജയിച്ചു. അതുകഴിഞ്ഞ് പ്രീഡിഗ്രിക്കു പോകാതെ മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ ബിഎക്ക് ചേര്‍ന്നു. അപ്പോഴും ജോലിതുടരുന്നുണ്ട്. മൈസൂര്‍ ബിഎക്ക് ശേഷം ആന്ധ്ര യൂണിവേഴ്‌സിറ്റിയുടെ എംഎക്ക് ചേര്‍ന്നെങ്കിലും ഒന്നാം വര്‍ഷ പരീക്ഷയെഴുതി പഠനം നിര്‍ത്തി. അപ്പോഴേക്കും അതും മടുത്തിരുന്നു. ഒപ്പം സെയിൽസ്‌മാൻ പണിയും വിട്ടു. പിന്നെയും അലച്ചിലായിരുന്നു. പിന്നെ ഒരു ട്യൂട്ടോറിയല്‍ അദ്ധ്യപകനായി. അത് പെട്ടെന്നുതന്നെ മടുത്തു. താമസിയാതെ ഒരു അച്ചുകൂടം സ്വന്തമായി തുടങ്ങി. ആ അച്ചുകൂടം നന്നായി നടന്നത് എന്നെ കടങ്ങളില്‍നിന്ന് ഒരുവിധം കരകയറ്റി. ആയിടെ കവി കെ വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ മലയാളകവിത എന്നപേരില്‍ ഒരു സാഹിത്യമാസിക തുടങ്ങിയിരുന്നു. അതിന്റെ ലേഔട്ട് ഡിസൈനറും ആര്‍ട്ടിസ്റ്റും ഞാനായിരുന്നു. മലയാളകവിത കൊല്ലംതോറും നടത്താറുളള കവിത ക്യാമ്പിന്റെ സംഘാടകനായിരുന്നു ഞാന്‍. ആ ക്യാമ്പുകള്‍ എനിക്ക് നന്നെ ഗുണം ചെയ്തിട്ടുണ്ട്. ക്യാമ്പ് ഡയറക്ടറായി എന്‍ വി കൃഷ്ണവാര്യര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒ എന്‍ വി, വിഷ്ണു നമ്പൂതിരി, സുഗതകുമാരി, കക്കാട്, എം ഗോവിന്ദന്‍, ഒ.വി. വിജയന്‍, പാല നാരായണന്‍ നായര്‍, എന്‍.കെ. ദേശം. പി. നാരായണക്കുറുപ്പ്, സച്ചിദാനന്ദന്‍, ദേശമംഗലം രാമകൃഷ്ണന്‍, എന്‍.പി. മുഹമ്മദ്, തുടങ്ങിയ അന്നത്തെ മുതിര്‍ന്ന എഴുത്തുകാരുമായി ഇടപഴകാനും അടുപ്പമുണ്ടാക്കാനും കഴിഞ്ഞു. അങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്. ആദ്യമെഴുതിയ കഥ അറുമുഖന്‍ ചെട്ട്യാരുടെ ജീവചരിത്ര സംഗ്രഹം 1972ല്‍ കുങ്കുമം ഗ്രൂപ്പിന്റെ കലാലയം മാസികയില്‍ പ്രസിദ്ധീകരിച്ചു. ആ കഥ വായിച്ച് എന്റെ ഒരു കഥാകാരന്‍ സുഹൃത്ത് എന്നെ നിരന്തരമായി ഉപദേശിച്ച് ഉപദേശിച്ച് നിരൂപകനാക്കി. എന്തിനാണ് എന്റെ കഥയെഴുത്ത് ആ സുഹൃത്ത് നിര്‍ത്തിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. കലയും സാഹിത്യവും വിഷയമാക്കി പതിനൊന്ന് പുസ്തകങ്ങളെഴുതി. പല ആനുകാലികങ്ങളിലുമെഴുതി… സ്വരൂപിക്കപ്പെടാതെ വെറെയും നിരവധിയുണ്ട്. എല്ലാമൊന്ന് സമാഹരിക്കണം.
കെ വി എസ്:- എഴുത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തിക്താനുഭവങ്ങള്‍ പങ്കുവക്കാനുണ്ടോ…?
ഗായത്രി- ഇഷ്ടംപോലെ… അതൊന്നും ഇപ്പോള്‍ പറയുന്നില്ല… ഒന്നു പറയാം. ഒരാള്‍ ഏതെങ്കിലും മേഖലയിലേക്ക് കടന്നു വരുമ്പോള്‍ ഒട്ടേറെ ആട്ടും തുപ്പും കേള്‍ക്കേണ്ടിവരും. അത് അന്നായാലും… ഇന്നായാലും.
കെ വി എസ്:- ഒരു പുതിയ നോവല്‍ എഴുതിയല്ലൊ. വായനക്കാര്‍ എങ്ങനെ പ്രതികരിച്ചു?
ഗായത്രി:- അതെ… ‘പരേതരുടെ തെരുക്കൂത്ത്’ എന്നായിരുന്നു പേര്‍. എന്റെ ജന്മദേശം ഗുരുവായൂരാണ്. തൊട്ടടുത്ത ദേശമാണ് ചാവക്കാട്. തീരദേശ ഭൂമിക. ഈ ചാവക്കാടിന്റെ പഴയ പേര് കൂട്ടുങ്ങല്‍ എന്നായിരുന്നു. അതുപോലെ ഗുരുവായൂര്‍ കൊരവയൂര്‍ എന്നാണെന്ന് കേള്‍ക്കുന്നു. ഈ രണ്ട് പ്രദേശത്തേയും മുന്നൂറ് കൊല്ലം മുമ്പു ജീവിച്ചിരുന്ന അടിയാള ജനതയുടെ ജീവിതമാണ് ഞാന്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഈ നോവലില്‍. തൃശ്ശൂരുളള ഗ്രീന്‍ ബുക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. മൂന്ന് നൂറ്റാണ്ടുമുമ്പ് കോഴിക്കോട് സാമൂതിരി അധിനിവേശം നടത്തി കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളാണ് ഇത്. അടിമക്കച്ചവടം നിലനിന്നിരുന്ന അന്ന് സാമൂതിരിയുടെ അടിമകളായി ഈ പ്രദേശത്ത് കൊണ്ടുവന്ന് താമസിപ്പിച്ച അടിയാളരായ പണിമക്കളുടെ കഥയാണിത്.
കെ വി എസ്:- നോവലിന് വായനാസമൂഹത്തിന്റെ മികച്ച സപ്പോര്‍ട്ട് കിട്ടിയല്ലെ…?
ഗായത്രി:- ഒരു മികച്ച കൃതിയാണെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും വേണ്ടത്ര സപ്പോര്‍ട്ട് കിട്ടിയില്ല.
കെ വി എസ്:- അതെന്തായിരിക്കും കാരണം..
ഗായത്രി:- നാനൂറ് പേജുളള വലിയ പുസ്തകമായതാവും കാരണം…
കെ വി എസ്:- അതു മാത്രമാണോ….?
ഗായത്രി:- വേറേയും കാരണങ്ങള്‍ ഉണ്ടാവാം… പുസ്തകം പുറത്തു വന്നാല്‍ അതിന് എന്തെങ്കിലും അവാര്‍ഡൊക്കെ കിട്ടുമ്പോഴാണല്ലൊ വായനക്കാര്‍ ശ്രദ്ധിക്കുക….അത്തരത്തിലുളള ഒന്നുമുണ്ടായില്ല. അതിനു കാരണം ഞാനൊരു ആസ്ഥാന നോവലിസ്റ്റ് ആകാത്തതാവാം. അതെന്തായാലും എന്റെ രണ്ടാമത്തെ നോവല്‍ ഉടനെ പുറത്തു വരും. സമയമാകുമ്പോള്‍ കൂട്ടുകാരെയൊക്കെ അറിയിക്കും.
കെ വി എസ്:- താങ്കള്‍ എപ്പോഴും വര്‍ക്ക് ഹോളിക്കാണെന്ന് കേട്ടിട്ടുണ്ട്. പുതിയ പ്രൊജക്റ്റ് എന്തെങ്കിലും…?
ഗായത്രി:- ഇന്ത്യയിലെ പണിമക്കളായ സ്ത്രീ തൊഴിലാളികളെക്കുറിച്ചുളളതാണ്. ചിത്രങ്ങള്‍ മാത്രമല്ല, ഇന്‍സ്റ്റേഷന്‍സ്, വീഡിയോ പ്രൊജക്ഷന്‍, ശില്‍പ്പങ്ങള്‍…..അങ്ങനെ എല്ലാം ചേര്‍ത്തുളള ഒരു സംഗതിയാണ്. അടുത്ത വര്‍ഷം ആദ്യം ഡല്‍ഹിയിലും പിന്നീട് മുംബൈയിലും കേരളത്തിലും ഷോ നടത്തും.
കെ വി എസ്:- ഇന്ന് ചിത്രകലയെന്ന് കേള്‍ക്കുമ്പോള്‍ വലിയ വില്‍പനസാധ്യതകളുളള ഒരു ചരക്ക് എന്നേ സാധാരണക്കാര്‍ക്ക് അറിയൂ. കലയും വിപണിയും തമ്മില്‍ ചരിത്രപരമായ എന്തെങ്കിലും ബന്ധമുണ്ടോ?
ഗായത്രി:- ചിത്രകല ഒരു ചരക്കല്ല… അത് തികച്ചും കലയാണ്. പിന്നെ വില്‍പ്പന… അത് യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയുളള ഒന്നായിരുന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലെ കലാവില്‍പനയുടെ ഗ്രാഫ് താഴോട്ടാണ്. അത് ഇക്കണോമിക് ക്രൈസിസ് കൊണ്ടല്ല… ഒരു ഫെയ്ക് ബൂമിംഗ് ഈ രംഗത്തുണ്ടായതുകൊണ്ടാണ്. ഊതിപ്പെരുപ്പിച്ച സ്റ്റാര്‍ വാല്യുവിന്റെ മറവില്‍ തങ്ങളുടെ രചനകള്‍ക്ക് വന്‍വില ഈടാക്കിയിരുന്ന ഒരു മാഫിയ സംഘം ഇന്ത്യന്‍ ചിത്രകലയെ നശിപ്പിച്ചു. അതാണ് വാസ്തവം. ചില മാധ്യമങ്ങളും ആര്‍ട്ട് ക്രിട്ടിക്ക്‌സും പിന്നെ ക്യൂറേറ്റര്‍മാരും അതിന്റെ ഭാഗമായിരുന്നു. വിപണിയില്‍ വലിയ വില കിട്ടുന്നതാണ് മഹത്തായ രചനകളെന്ന മൗഢ്യം എല്ലാവരും വെളളം തൊടാതെ വിഴുങ്ങുകയാണ്….
കെ വി എസ്:- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ഈ പുതിയ കാലം കലയ്‌ക്കും കലാകാർക്കും വലിയ വെല്ലുവിളിയല്ലെ?
ഗായത്രി:- അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. മനുഷ്യന്റെ അനുഭവങ്ങളും ചിന്തകളും വികാരങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന് അവന്റെ ബുദ്ധി വിഭാവനം ചെയ്യുന്ന ഒന്നാണ് കല. നിര്‍മിത ബുദ്ധിക്ക് വികാരങ്ങളെ ഉള്‍ക്കൊളളാനൊ തിരിച്ചറിയാനൊ സാധിക്കില്ല, കാരണം അത് ഒരു ജൈവിക പ്രക്രിയയാണ്. നിര്‍മിത ബുദ്ധിക്കൊ ഒരു യന്ത്രത്തിനൊ അനുഭവങ്ങളെ സ്വാംശീകരിക്കാനാവില്ല. അതും ജൈവിക ക്രിയയാണ്. ഞാന്‍ ഉദ്ദേശിച്ചത് ഒരു തമാശ കേട്ടാല്‍ ചിരിക്കാനൊ, ഒരു ദുഃഖം കണ്ടാല്‍ വിലപിക്കാനൊ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് ഫീഡ് ചെയ്യാത്തിടത്തോളം കാലം അതിനാവില്ല. മനുഷ്യന്റെ തലച്ചോറിന് അതിനു കഴിയുന്നു. മനുഷ്യന്‍ എന്ന് പറയുന്നത് അവന്റെ ശരീരം മാത്രമല്ല അവന്റെ മനസ്സുകൂടിയാണ്. യന്ത്രങ്ങള്‍ക്കില്ലാത്തതും അതാണ്. ആകയാല്‍ കലാകാരനെ മറികടക്കാന്‍ ഇന്നത്തെ നിലയ്‌ക്ക് സാധ്യമല്ല.
കെ വി എസ്:- ചിത്രകലയില്‍ നിര്‍മ്മിത ബുദ്ധിക്ക് എന്ത് സാധ്യതയുണ്ട്?
ഗായത്രി:- നിര്‍മ്മിതബുദ്ധി മനുഷ്യന്റെ ആവശ്യങ്ങളില്‍ പലതിലും ഇന്ന് ഇടപെടുന്നുണ്ട്. ത്രീഡി പ്രിന്റഡ് ആര്‍ക്കിടെക്ച്ചറുകള്‍ ഇന്ന് ലേകത്തെമ്പാടും നിര്‍മ്മിക്കുന്നുണ്ട്. ഒരു കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി അത് കമ്പ്യുട്ടര്‍ വഴി ത്രീഡി പ്രിന്ററിലെത്തിച്ചാല്‍ ആ കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കേണ്‍ക്രീറ്റ് മിശ്രിതംകൊണ്ട് നിര്‍മ്മിച്ച് കെട്ടിടത്തില്‍ ഉറപ്പിക്കുകയാണ്. സാധാരണ നിര്‍മാണ രീതി അപേക്ഷിച്ച് സമയവും ധനവും ലാഭിക്കുന്നതോടൊപ്പം ഉറപ്പും കൂടും. ഇതിനായി പ്രത്യക ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വൈദ്യരംഗത്തും വലിയ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. സര്‍ജറിയുടെ മേഖലയില്‍ പെര്‍ഫെക്ഷനും സ്പീഡും കൈവന്നിരിക്കുകയാണ്. മനുഷ്യകരങ്ങള്‍ നടത്തുന്ന സര്‍ജറികളില്‍ മനുഷ്യസഹജമായി സംഭവിക്കുന്ന തെറ്റുകള്‍ എഐ ഉപയോഗിക്കുന്ന സര്‍ജറികള്‍ക്ക് സംഭവിക്കാറില്ല എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അങ്ങനെ പലതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇടപെടുന്നുണ്ട്. കലയില്‍ മനഷ്യനിര്‍മിതമായ ഒന്നിനെ ആധാരമാക്കി വേറൊന്ന് സൃഷ്ടിക്കാന്‍ അതിനാകും. പക്ഷെ സ്വന്തമായ ഒരു സൃഷ്ടിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ കലാകാരന്‍ ആശങ്കപ്പെടേണ്ടതില്ല.
കെ വി എസ്:- മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുളള ഒരു കലാകാരനെന്ന നിലയ്‌ക്ക് പൊതുവേ കലയിലേക്കും സാഹിത്യത്തിലേക്കുമെല്ലാം ഉത്തരാധുനികത സംക്രമച്ചതിനെപ്പറ്റി എന്തു തോന്നുന്നു?
ഗായത്രി:- ഉത്തരാധുനികത എന്ന തത്വശാസ്ത്രം (അതിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ പോലും പാടില്ല) തന്നെ മുതലാളിത്തത്തിന്റെ ഉല്‍പന്നമാണ്. ആധുനികതയുടെ കാലത്തുപോലും ലോകം ഫാസിസത്തെയും ആഗോളീകരണം പോലുളള കുത്തക മുതലാളിത്ത വ്യാപനത്തേയും എതിര്‍ത്തിരുന്നു. അതിന് പല ഉദാഹരണങ്ങളുമുണ്ട്. അത്തരം പ്രതികരണശേഷിയുളള ഒരു സമൂഹമെന്ന അവസ്ഥയില്‍നിന്ന് പ്രതികരണശേഷിയില്ലാത്തവരും അരാഷ്ട്രീയവാദികളുമായ ആള്‍ക്കൂട്ടങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിന് വന്‍തുക മുടക്കി സാമുഹിക‐-കല‐-സാഹിത്യ-സാംസ്‌കാരികരംഗത്തെ വലിയ പണ്ഡിതരേയും ബുദ്ധിജീവികളേയും ഉപയോഗിച്ച് മുതലാളിത്തം നടത്തുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഉത്തരാധുനികത. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതും അവരെ സമര്‍ത്ഥമായി അരാഷ്ട്രീയവല്‍ക്കരിക്കുന്നതുമായ പുത്തല്‍ ചിന്താപദ്ധതികള്‍ക്ക് രൂപംനല്‍കി പ്രതികരണശേഷിയില്ലാത്തവരാക്കുകയെന്നതാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ജനം പെട്ടെന്നിത് തിരിച്ചറിയാത്തവിധം ജടിലമായിരിക്കും ഇത്തരം ചിന്താപദ്ധതികള്‍. ഉത്തരാധുനികത ബഹുസ്വരമെന്ന് പറയുന്നതു തന്നെ അത്തരം കളളത്തരത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ ശിഥിലീകരണമാണ് നടക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഇന്ത്യയെ മതത്തിന്റെ പേരില്‍ ശിഥിലീകരിക്കാന്‍ ഭരണകൂടത്തിന് ധൈര്യം കിട്ടുന്നത്. ഫാസിസം നടപ്പിലാക്കാന്‍ നിശ്ശബ്ദരായ ഒരു കൂട്ടത്തെയാണ് ആവശ്യം. അത് കച്ചവടത്തിലായാലും അധികാരത്തിലായാലും. അത്തരത്തില്‍ രൂപപ്പെടുത്തിയ ഒന്നാണ് ഉത്തരാധുനികത. മാലിന്യങ്ങള്‍ കുത്തിനിറച്ചൊരു കീറച്ചാക്ക്. അതില്‍ മൂല്യങ്ങളില്ല. മൂല്യരാഹിത്യമാണ് ഇന്നത്തെ ഫാഷന്‍. ഫാഷന്‍ എന്നത് ഒരു വ്യവസായമാണ്. അതും മുതലാളിത്തത്തിന്റെ ഒരു ഭാഗമാണ്. അതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന വ്യാജങ്ങള്‍ യുവജനങ്ങള്‍ കാണാതെ പോകരുത്.
കെ വി എസ്:- ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടോ…?
ഗായത്രി:- തീര്‍ച്ചയായും. ഒരു നൂറ്റാണ്ട് കാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രപരതയെ ഒരു നിമിഷാര്‍ദ്ധംകൊണ്ട് തകര്‍ത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഗാന്ധി വധമാണ് ഞാനുദ്ദേശിച്ചത്. ഗാന്ധി വധം കോണ്‍ഗ്രസ്സിന് ഒരു പാഠമാകേണ്ടതായിരുന്നു. ഗാന്ധിവധത്തിന് ശേഷമുളള ഭാവി ഇന്ത്യയെ ചരിത്രപരമായി നിര്‍വചിക്കുന്നതില്‍ നെഹ്രുവടക്കം പരാജയപ്പെട്ടു. കുറച്ചുകൂടി ആഴത്തില്‍ ഇന്ത്യയെ പഠിച്ചത് അംബേദ്ക്കറായിരുന്നു. അന്ന് കോണ്‍ഗ്രസ്സ് കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ഈ അവസ്ഥയിലെത്തുമായിരുന്നില്ല. ഉത്തരാധുനികത രാഷ്ട്രീയത്തിലെ മൂല്യങ്ങള്‍ ചോര്‍ത്തിക്കളഞ്ഞതിനുളള ഉത്തമ ഉദാഹരണമാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച. പ്രതീക്ഷയുളളത് ഇടതുപക്ഷ വിചാരങ്ങളുളള പാര്‍ട്ടികളില്‍ മാത്രമാണ്. അവര്‍ തകരാതെ നിലനില്‍ക്കണം. അതിനുളള പ്രത്യക്ഷ ഉദാഹരണം കേരളമാണ്. ഇന്ത്യമുഴുവന്‍ നിരന്തരം സഞ്ചരിക്കുന്ന ഒരാളെന്ന നിലയില്‍, ഒപ്പം കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
ഇത്രയും പറഞ്ഞ് തന്റെ ഇരിപ്പിടത്തില്‍ ഒന്ന് നിവര്‍ന്നിരുന്ന ഗായത്രി ഞങ്ങളിരുന്ന കഫേയുടെ ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങി. പുറത്ത് ചെറിയ മൈതാനത്തില്‍ രണ്ടറ്റവും മരക്കാലുകളില്‍ വലിച്ച് കെട്ടിയുയര്‍ത്തിയ നേര്‍ത്ത ചരടിലുടെ താഴെ പറകൊട്ടുന്ന താളത്തിനൊത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റത്തേക്ക് സാവകാശം നടന്നുനീങ്ങുന്ന അഞ്ചെട്ടു വയസ്സു പ്രായമുളള കറുത്ത പെണ്‍കുട്ടിയുടെ ദൈന്യത മുറ്റിയ രൂപം. മുംബൈ തെരുവിലെ ആ സ്ഥിരം കാഴ്ചയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘ഇന്ത്യ ജീവിക്കുന്നത് ഈ മനുഷ്യരിലൂടെയാണ്’’. അത് പറഞ്ഞുതീരുംമുമ്പ് അദ്ദേഹത്തിന്റെ ഫോണ്‍ ശബ്ദിച്ചു തുടങ്ങി. ഫോണെടുത്ത് ആരുമായോ അല്‍പ നിമിഷങ്ങള്‍ ചെലവിട്ടതിനു ശേഷം ഞങ്ങള്‍ സംസാരത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് ഗായത്രി ഒത്തിരി നേരം സംസാരിച്ചുവെങ്കിലും സ്ഥലപരിമിതിയെപ്പറ്റി ബോധമുളളതുകൊണ്ട് ഇവിടെ രേഖപ്പെടുത്തുന്നില്ല. അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിരി പ്രകാശിക്കുന്നത് കണ്ടപ്പോള്‍ എന്നിലും അതിന്റെ മാറ്റൊലിയുണ്ടായി. ഇന്ത്യക്ക് വെളിയില്‍ പോയി കലാപ്രവര്‍ത്തനം നടത്താന്‍ അവസരമുണ്ടായിട്ടും സ്വന്തം നാടുവിട്ടുപോകാതെ ജന്മനാട്ടിലിരുന്ന് ലോകത്തെ വിവിധ കലാപ്രദര്‍ശന കേന്ദ്രങ്ങളിലുളള തന്റെ കലാസൃഷ്ടികളിലൂടെ ലോകത്തെമ്പാടുമുളള മനുഷ്യരോട് സംവദിക്കുകയാണ് നിരന്തരം ഈ കലാകാരന്‍. കാരണം ചിത്രകലയുടെ ഭാഷയ്‌ക്ക് ലോകാതിര്‍ത്തികളില്ലല്ലോ. ♦