Saturday, May 18, 2024

ad

Homeസിനിമമധുരമനോഹരമോഹം: മലയാളി ജാതിയെ വായിച്ച വിധം

മധുരമനോഹരമോഹം: മലയാളി ജാതിയെ വായിച്ച വിധം

രാധാകൃഷ്‌ണൻ ചെറുവല്ലി

ജാതി ഒരു ഇന്ത്യൻ യാഥാർഥ്യമാണ്‌. ഡോ. ബി ആർ അംബേദ്‌കർ ഒരിക്കൽ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയിലെ ഹിന്ദുക്കൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ കുടിയേറിയാൽ ജാതി ഒരു അഖിലലോക പ്രശ്‌നമായി മാറും. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ജാതിക്കപ്പുറമുള്ള പൊതുമണ്ഡലം വേണ്ടത്ര വികസിച്ചുവന്നിട്ടില്ലാത്തതിനാൽ വർഗപരവും സാംസ്‌കാരികവുമായ പൊതുവ്യവഹാരമണ്ഡലം ഇനിയും ഉരുത്തിരിഞ്ഞുവരേണ്ട അവസ്ഥയിലാണ്‌. അതുകൊണ്ടാണ്‌ ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ജാതി ഒരു പ്രശ്‌നമായി അവതരിക്കപ്പെട്ടിട്ടുള്ളത്‌. അങ്കുർ (1974), സദ്‌ഗതി (1981), ചമേലി കി ശാദി (1986), ബാൻഡിഡ്‌ ക്യൂൻ (1994), ആർട്ടിക്കിൾ 15 (2019), ആരക്ഷൺ (2011), കോർട്ട്‌ ഖാപ്പ്‌ (2011), മാഞ്‌ജി‐ ദ മൗണ്ടൻ മാൻ (2015), സുജാത (1959), സമർ (1999) തുടങ്ങിയവ ഇവയിൽ ചിലതുമാത്രം. വിഗതകുമാരനിൽ തുടങ്ങി നീലക്കുയിൽ മുതൽ ഏറ്റവുമൊടുവിൽ പുഴുവരെ നിരവധി മലയാള ചിത്രങ്ങൾ ജാതിപ്രശ്‌നത്തെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. പുതിയ കാലത്ത്‌ ‘പാവ്‌ലിയോ ബുദ്ധ’, ‘കമ്മട്ടിപ്പാടം’, ‘പേരറിയാത്തവർ’, ‘ഒഴിവുദിവസത്തെ കളി’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘കരി’ തുടങ്ങിയ ചിത്രങ്ങൾ ജാതിയെ പ്രശ്‌നവൽക്കരിച്ച ചിത്രങ്ങളാണ്‌.

1950കളും 1960കളും കേരളത്തിൽ പുരോഗമനപ്രസ്ഥാനങ്ങൾ സാംസ്‌കാരിക മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയ കാലയളവായിരുന്നു. അതിന്റെ ശക്തമായ പ്രതിഫലനങ്ങൾ അക്കാലത്തെ സിനിമകളിൽ ഉണ്ടായി. അത്‌ സോഷ്യൽ റിയലിസത്തിന്റെകൂടി കാലമായിരുന്നു. മലയാളത്തിലെ പ്രമുഖ കൃതികൾ അക്കാലത്ത്‌ ചലച്ചിത്രമാക്കുകയുണ്ടായി. ജീവിതനൗക (1951), നീലക്കുയിൽ (1954), രാരിച്ചൻ എന്ന പൗരൻ (1956) എന്നീ ചിത്രങ്ങൾ അതിൽ ചിലതാണ്‌.
ആഗോളവൽക്കരണത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെയും അധീശത്തകാലത്തിലെ സിനിമകൾ ‘ജനപ്രിയത’ എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമിക്കാൻ തുടങ്ങി. ജനപ്രിയത ജനങ്ങളുടെ ‘പ്രിയ’മല്ല, നിർമാതാക്കളുടെയും അധീശത്ത വ്യവസ്ഥകയുടെയും ‘പ്രിയ’മാണ്‌. ജനപ്രിയതയുടെ മറവിൽ സാംസ്‌കാരിക ഫാസിസത്തിന്റെ ഉദ്‌ഘോഷങ്ങൾ വന്നുനിറഞ്ഞപ്പോൾ സാമൂഹ്യയാഥാർഥ്യങ്ങൾ കൈകാര്യംചെയ്‌ത ചലച്ചിത്രങ്ങൾക്ക്‌ സ്വീകാര്യത ലഭിക്കാതെപോയി. സിനിമപോലെ പ്രധാനപ്പെട്ടതാണ്‌ സിനിമ കാണുന്നവരുടെ വർഗവും ജാതിയും. പ്രേക്ഷകർക്കുള്ളിൽ അങ്കുരാവസ്ഥയിലുള്ളതോ സുഷ്‌പ്‌താവസ്ഥയിലുള്ളതോ ആയ ജാതിബോധത്തെ ഉദ്ദീപിപ്പിക്കാൻ കഴിയുന്ന സിനിമകൾ വിജയം കൊയ്‌തു. സവർണബോധത്തെ ഉദ്ദീപിപ്പിച്ച എത്രയോ ചലച്ചിത്രങ്ങൾ ഇക്കാലയളവിൽ മലയാളത്തിൽ ഇറങ്ങി. സൂപ്പർസ്റ്റാറുകൾ സവർണശരീരങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. ധ്രുവം, രാവണപ്രഭു, അഴകിയ രാവണൻ, ദേവാസുരം, ആറാംതന്പുരാൻ, ആര്യൻ, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ സവർണതയുടെ ആഘോഷങ്ങളായിരുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ സ്‌റ്റെഫി സേവ്യറിന്റെ മധുരമനോഹരമോഹം എന്ന ചലച്ചിത്രത്തെ നാം പരിശോധിക്കേണ്ടത്‌. ഒരു വനിതയുടെ പ്രഥമ ചലച്ചിത്രം എന്ന പരിഗണന ഈ ചിത്രത്തിന്‌ നൽകേണ്ടതുണ്ട്‌. കേരളത്തിൽ ജാതിപ്രശ്‌നം എന്നൊന്നുണ്ട്‌ എന്ന്‌ പറഞ്ഞതുതന്നെ വലിയ കാര്യമാണ്‌. ജാതിപ്രശ്‌നത്തെ തമസ്‌കരിച്ച്‌ ‘ഒതളങ്ങ വർത്തമാനങ്ങൾ’ പറയുന്ന മുഖ്യധാരാ ചലച്ചിത്രങ്ങളിൽനിന്നും ചില വ്യതിചലനങ്ങൾ ഉണ്ടാവുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌.

പത്തനംതിട്ട ജില്ലയിലെ കുന്പഴ എന്ന ദേശത്തെ ഉഷാമ്മ എന്ന മാട്രിയാർക്കും അവരുടെ മനു, മീര, മാളു എന്നീ മക്കളുമടങ്ങുന്ന നായർ കുടുംബത്തിന്റെ ‘ആത്മാഭിമാന’ പ്രശ്‌നങ്ങളാണ്‌ മധുരമനോഹരമോഹത്തിന്റെ കഥാപരിസരം. സ്‌റ്റെഫി സേവ്യർ ഒരുകാര്യത്തിൽ ധീരമായ ചുവടാണ്‌ വച്ചത്‌; കൃത്യതയോടെ ആ കുടുംബത്തിന്റെ ജാതി വെളിപ്പെടുത്തി; അവരടങ്ങുന്ന ജാതിസംഘടനയായ എൻഎസ്‌എസിനെ അടയാളപ്പെടുത്തി; അവരുടെ അന്തസാരശൂന്യമായ വ്യവഹാരമണ്ഡലങ്ങളെ തുറന്നുകാട്ടി; ജാതിമേന്മയെന്ന ‘പ്രേതത്തെ’ വൃഥാ ചുമന്നുനടക്കുന്ന മേനിക്കണ്ടപ്പന്മാരെ കാരിക്കേച്ചർ ചെയ്‌തു.

ഇളയകുട്ടിയായ മാളു കോളേജിൽനിന്നും എത്താൻ വൈകുന്നതിൽ ഭയപ്പെട്ടുനിൽക്കുന്ന കുടുംബത്തിനു മുന്നിലേക്ക്‌, കൂസലില്ലാതെ ഒരു സഹപാഠിയുടെ ബൈക്കിന്റെ പിന്നിലിരുന്നു വന്നിറങ്ങുന്നവളെ നാം കാണുന്നു. പരന്പരാഗതമൂല്യങ്ങളുടെ അതിരുകൾ ഭേദിച്ചെത്തുന്ന പുതുജീവിത സൂചനകളായി ഇതിനെ കാണാം. അമ്മ ഉഷാമ്മ ജാതി‐കുലമഹിമ പേറുന്ന പൊയ്‌ക്കാൽ കുതിരയാണ്‌. മീൻകാരിക്ക്‌ ചായകൊടുക്കാൻ പ്രത്യേക സ്‌റ്റീൽ കപ്പ്‌ കരുതുന്നവൾ. അയലത്തെത്തിയ നവവധു നാശം കൊണ്ടുവരുമെന്ന അന്ധവിശ്വാസം വച്ചുപുലർത്തുന്നവൾ. പോയകാല മഹത്വ ഗീർവാണം പാടുമ്പോഴും വായ്‌പയെടുത്ത്‌ പശുവിനെ വാങ്ങി വളർത്തുന്നവൾ.

മനു ഒരു അഴകൊഴന്പൻ യുവാവാണ്‌. ഒന്നിലും തിട്ടമില്ലാത്തവൻ. വെള്ളത്തിൽ ഒലിച്ചുപോകുന്ന ഒരില. കരയോഗം പ്രസിഡന്റ്‌ ഇന്ദ്രസേനക്കുറുപ്പിന്റെ മകൾ ശലഭയെ സ്വന്തമാക്കാൻ അവരുടെ വീട്ടിലെ വിറകുവെട്ടാൻവരെ തയ്യാറായവൻ. അയാൾ ആശ്രിതമനിയമനംവഴി പിഡബ്ല്യുഡി ഓഫീസിൽ ജോലി ലഭിച്ചയാളാണ്‌. എന്നാൽ ജോലിയിൽ തെല്ലും താൽപര്യമില്ല. സാമൂഹ്യബോധത്തിൽ ഏറെക്കുറെ ‘സീറോ’യാണയാൾ. ഉഷാമ്മയുടെ വീട്ടിൽ അരങ്ങേറുന്ന ഓരോ സംഭവവും ആ സ്‌ത്രീയുടെ ദുരഭിമാനബോധത്തെ ഉണർത്തുന്നവയാണ്‌. ചെറിയ ചെറിയ സംഭവങ്ങളിലൂടെയാണ്‌ ആ നായർ ഭവനത്തിൽ വസിക്കുന്ന ജാതിയെ നാം കാണുന്നത്‌. പുതിയ തലമുറ അത്‌ പരിഗണനാവിഷയമായി കാണുന്നില്ലെങ്കിലും ജാതിയെന്ന പൊതുബോധത്തിനകത്തായതിനാൽ തീവണ്ടിക്ക്‌ വേഗതകൂട്ടാൻ അതിനകത്തിരുന്ന്‌ ഉന്തുന്നവരുടെ അവസ്ഥയിലാണവർ.

മീരയെന്ന ലക്ഷണമൊത്ത നായർ യുവതി കുടുംബത്തിലും പുറത്തും സ്വീകാര്യയും മാതൃകയുമാണ്‌. ഭാവിയിൽ ഒരു കുലസ്‌ത്രീയാകാൻ സാധ്യതയുള്ള മഹിളാരത്‌നം. വീടിന്റെയോ ജാതിയുടേയോ അന്തസ്സ്‌ കെടുത്താത്തവൾ. ഈ രീതിയിൽ വാർത്തെടുത്ത കഥാപാത്രത്തിന്‌ ഒരു പ്രണയമുണ്ടാകുന്നു. അതറിഞ്ഞ മനു അവൾക്ക്‌ വേഗത്തിൽ കല്യാണം നിശ്ചയിക്കുന്നു. കടുത്ത എതിർപ്പുണ്ടാകുമെന്ന്‌ കരുതുന്നുവെങ്കിലും മീര വിവാഹത്തിന്‌ വഴങ്ങുന്നു. അതിനിടയിലാണ്‌ അവളുടെ മറ്റ്‌ പ്രണയങ്ങൾ വെളിപ്പെടുന്നത്‌. എല്ലാ കാമുകന്മാരെയും ‘സഹോദരതുല്യ’രാക്കി പ്രഖ്യാപിച്ച്‌, അവരെ ‘തേച്ച്‌’ അവൾ താലികെട്ടാൻ കഴുത്തുകുനിക്കുന്നു. എല്ലാത്തരം ‘കൺഫ്യൂഷൻസും’ മാറ്റി ചലച്ചിത്രം ‘കോമ്പ്രമൈസ്‌’ ആക്കി സംവിധായിക തലയൂരുന്നു.

തുടക്കത്തിൽ കാണിച്ച ജാഗ്രത പിന്നീട്‌ തകർന്നുതരിപ്പണമാകുന്നു. ജനപ്രീതിയുടെ അളവുകോൽവെച്ച്‌ ജാതിവിമർശനം ആരെയും പൊള്ളിക്കാതെ പരിസമാപ്‌തിയിലെത്തിക്കുന്നു. സാമാന്യ മനുഷ്യരെ നയിക്കുന്ന ബോധം വലതുപക്ഷ ബോധമായിരിക്കും. കാരണം അത്‌ ഭരണവർഗത്തിന്റെ ബോധമാണ്‌. അവിടെ ജാതി സ്വീകാര്യമായ ഘടകമാണ്‌. ജാതി പൊളിക്കാനിറങ്ങി സിനിമ പൊളിക്കണ്ട എന്ന വ്യാപാരയുക്തി വിജയിക്കുന്നു. ‘ജനപ്രിയ’ സിനിമയ്‌ക്ക്‌ ഈ ഘട്ടത്തിൽ വലതു ബോധ്യങ്ങളെ പിൻപറ്റാതിരിക്കാനാവില്ലല്ലോ.

ഈ ചിത്രം സ്വീകാര്യമാകാൻ ചലച്ചിത്രലാവണ്യപരമായ ചില ഘടകങ്ങളുണ്ട്‌. ‘പ്ലസന്റ്‌ വ്യൂയിങ്ങ്‌’ സാധ്യമാക്കാൻ ഉചിതമായ വർണവിന്യാസവും സംഗീതവും ചിത്രസംയോജനവും കാസ്റ്റിങ്ങും മൂവ്‌മെന്റും ഈ സിനിമ പ്രദാനംചെയ്യുന്നുണ്ട്‌. ജാതി‐കുലീനഭാവങ്ങൾ സാമൂഹിക പരിഹാസമായി പ്രേക്ഷകർക്കുള്ളിൽ വന്നുവീഴുന്ന ചില രംഗങ്ങൾ തിയേറ്ററിൽ കൂട്ടച്ചിരി ഉണർത്തുന്നുണ്ട്‌. ഈ ചിത്രം നേടിയ വ്യാപാരവിജയം കാണിക്കുന്നത്‌ മലയാളിയുടെ പൊതുബോധത്തെ തൃപ്‌തിപ്പെടുത്താൻ അതിന്‌ കഴിഞ്ഞുവെന്നതാണ്‌.

ഈ സിനിമ ജാതിയെ പൊതുവായല്ല, നായർ എന്ന ഐഡന്റിറ്റിയെ സവിശേഷമായാണ്‌ കൈകാര്യം ചെയ്‌തത്‌. മാർട്രിയാർക്കിക്കുള്ളിൽ ജീവിക്കുന്ന സവർണശരീരങ്ങളെ ക്രിട്ടിക്കലായി സമീപിക്കാനായില്ല എന്നത്‌ ഈ ചിത്രത്തിന്റെ പ്രധാന ദൗർബല്യമാണ്‌. തമിഴ്‌ സിനിമയിൽ ജാതിയാൽ പൊള്ളുന്നവരുടെ കഥ മാമന്നൻപോലുള്ള ചിത്രങ്ങൾ പറയുമ്പോഴാണ്‌ ഒരു ഊന്നലുമില്ലാത്ത മധുരമനോഹരമോഹം സംഭവിക്കുന്നത്‌. ഫലത്തിൽ സവർണതയുടെ ആഘോഷമായി ഈ ചിത്രം പരിണമിക്കുന്നു. എന്തായാണോ ഈ ചിത്രം ഭാവിക്കുന്നത്‌ അതിന്‌ കടകവിരുദ്ധമാണ്‌ അത്‌ പ്രദാനംചെയ്യുന്ന മൂല്യബോധം. തമിഴ്‌ സിനിമാരംഗത്ത്‌ ഇപ്പോൾ ജാതി, പ്രകടവും സംഘർഷാത്മകവുമാകുമ്പോൾ കേരളത്തിൽ അതങ്ങനെയാകുന്നില്ല.

കേരളത്തിൽ വ്യക്തി/കുടുംബ വ്യവഹാരങ്ങളിൽ പ്രബലമായി തുടരുമ്പോഴും ജാതിക്കതീതമായ ഒരു പൊതുമണ്ഡലം ഇവിടെ ശക്തമാണ്‌. തൊഴിലാളിവർഗ രാഷ്‌ട്രീയം രൂപപ്പെട്ടതും വളർന്നതും പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ടതും ജാതിചിന്തയുടെ ശേഷി കുറച്ചിട്ടുണ്ട്‌. ഈ പൊതുമണ്ഡലത്തിന്റെ സാന്നിധ്യത്തെ പൂർണമായും തമസ്‌കരിച്ചത്‌ ഈ ചിത്രം പിന്നിലുള്ള വലതുരാഷ്‌ട്രീയമാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 − 1 =

Most Popular