Saturday, May 18, 2024

ad

Homeഇവർ നയിച്ചവർകെ സെയ്‌താലിക്കുട്ടി: മലപ്പുറത്തിന്റെ പോരാളി

കെ സെയ്‌താലിക്കുട്ടി: മലപ്പുറത്തിന്റെ പോരാളി

ഗിരീഷ്‌ ചേനപ്പാടി

റനാടിന്റെ വിശേഷിച്ച്‌ മലപ്പുറം ജില്ലയിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു കെ സെയ്‌താലിക്കുട്ടി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ അന്തരിച്ച അദ്ദേഹം ദീർഘകാലം പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ജില്ലാ നേതാവ്‌ എന്നീ നിലകളിലൊക്കെ പാർട്ടിയെയും ബഹുജനസംഘടനകളെയും നയിച്ച അദ്ദേഹം കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാവരുടെയും ആദരവ്‌ നേടിയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീടിനടുത്തുളള കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസിലെ സ്ഥിരം സന്ദർശകനായിരുന്ന സെയ്‌താലിക്കുട്ടി താമസിയാതെ പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറുകയായിരുന്നു. ആദ്യകാലങ്ങളിൽ പാർട്ടി നേതാക്കളെ ഒളിവിൽ താമസിക്കാൻ സഹായിക്കുകയും അവരുടെ സന്ദേശങ്ങൾ പാർട്ടി ഓഫീസിലും പ്രവർത്തകരിലും എത്തിക്കുകയും ചെയ്യുക എന്ന ദൗത്യമാണ്‌ ബാലനായിരുന്ന സെയ്‌താലിക്കുട്ടിയുടെ ചുമതല. ജീവൻപോലും പണയംവെച്ച്‌ ആ കുട്ടി പാർട്ടിയോടുള്ള തന്റെ കൂറ്‌ തെളിയിച്ചു. ക്രമേണ ബാലസംഘത്തിന്റെ പ്രധാന സംഘാടകനും നേതാവുമായി അദ്ദേഹം മാറി.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെടുകയും പാർട്ടി പ്രവർത്തകർ ഭീകരമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന സമയം. അയിത്തവും അനാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന ആ കാലത്ത്‌ ഭരണാധികാരികളിൽനിന്നു മാത്രമല്ല നാട്ടിലെ പ്രമാണിമാരിൽനിന്നും അതിശക്തമായ എതിർപ്പ്‌ പാർട്ടിക്കും പാർട്ടിയുമായി ബന്ധപ്പെട്ട ബഹുജനസംഘടനകൾക്കും നേരിടേണ്ടിവന്നു. അതിനെയൊക്കെ തൃണവൽഗണിച്ചുകൊണ്ട്‌ ഹരിജൻ കുട്ടികളെ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിൽ സെയ്‌താലിക്കുട്ടിയും കൂട്ടുകാരും മുഴുകി.

രണ്ടാം ലോകയുദ്ധം ജനകീയമായതോടെ കമ്യൂണിസ്റ്റ്‌ പാർട്ടി യുദ്ധത്തെ അനുകൂലിച്ചു. യുദ്ധത്തിൽ ഫാസിസ്റ്റുകളെ പരാജയപ്പെടുത്തേണ്ടതിന്റെ അനിവാര്യത കമ്യൂണിസ്റ്റ്‌ പാർട്ടി തിരിച്ചറിഞ്ഞു. അതോടെ 1942 ജൂലൈ 23ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ പിൻവലിച്ചു. പരസ്യമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതോടെ പാർട്ടി ദേശീയ നേതാക്കൾ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച്‌ പ്രവർത്തനം ശക്തിപ്പെടുത്തി. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി കോഴിക്കോട്‌ ടൗൺ ഹാളിൽ എത്തുന്ന വിവരം നാട്ടിലാകെ അറിഞ്ഞു. ബാലസംഘം പ്രവർത്തകർ ആ യോഗത്തിൽ പങ്കെടുക്കണമെന്ന്‌ പാർട്ടി നിർദേശിച്ചിരുന്നില്ല. എങ്കിലും ആവേശഭരിതനായ സെയ്‌താലിക്കുട്ടിയും ബാലസംഘം പ്രസിഡന്റായിരുന്ന ബീരാൻകുട്ടിയും കോഴിക്കോട്ടെത്തി. പി സി ജോഷിക്ക്‌ നൽകിയ സ്വീകരണത്തിൽ ഒരു സംഘടനയെ പ്രതിനിധീകരിച്ച്‌ ഒരാൾക്കേ മാലയിടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പ്രസിഡന്റ്‌ ബീരാൻകുട്ടിയായിരുന്നു ബാലസംഘത്തെ പ്രതിനിധീകരിച്ച്‌ മാലയിടാൻ നിശ്ചയിക്കപ്പെട്ടത്‌. എന്നാൽ തനിക്കും മാലയിടണമെന്ന്‌ സെയ്‌താലിക്കുട്ടി തർക്കിച്ചു. ഒടുവിൽ കർഷകസംഘത്തെ പ്രതിനിധീകരിച്ച്‌ ബീരാൻകുട്ടിയും ബാലസംഘത്തെ പ്രതിനിധീകരിച്ച്‌ സെയ്‌താലിക്കുട്ടിയും മാലയിടട്ടെയെന്ന്‌ മുതിർന്ന നേതാക്കൾ വിധിച്ചു. അതോടെ തർക്കം പരിഹരിക്കപ്പെട്ടു.

കാപ്പാടൻ കമ്മതിന്റെയും നാലുപുരയ്‌ക്കൽ തായുമ്മയുടെയും മകനായി 1926ൽ കൊണ്ടോട്ടിയിലാണ്‌ സെയ്‌താലിക്കുട്ടിയുടെ ജനനം. കമ്മത്‌‐തായുമ്മ ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനായിരുന്നു സെയ്‌താലിക്കുട്ടി. വീടിന്‌ തൊട്ടടുത്ത സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതേ സ്‌കൂളിൽ രണ്ട്‌ ക്ലാസ്‌ മുകളിൽ കുഞ്ഞാലിയും പഠിച്ചിരുന്നു. വിദ്യാർഥികളുടെ നേതൃശേഷി വികസിപ്പിക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ ബാലസമാജം അന്ന്‌ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. സെയ്‌താലിക്കുട്ടി അതിന്റെ സജീവ പ്രവർത്തകനായി.

ബാലസമാജത്തിന്റെ വാർഷികം ഭംഗിയായി നടത്താൻ രാപകൽ ഭേദമില്ലാതെ സെയ്‌താലിക്കുട്ടി പ്രവർത്തിച്ചു. ഭംഗിയായി അതു നടത്താനും സാധിച്ചു. എന്നാൽ സ്‌കൂളിലെ പാഠഭാഗം പഠിക്കാൻ മറന്നുപോയ സെയ്‌താലിക്കുട്ടിയെ അധ്യാപകൻ കഠിനമായി ശിക്ഷിച്ചു. ചെകിട്ടത്തടിച്ച അധ്യാപകൻ ക്ലാസിൽനിന്ന്‌ ആ വിദ്യാർഥിയെ ഇറക്കിവിടുകയും ചെയ്‌തു. സെയ്‌താലിക്കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്‌. ആ സംഭവത്തോടെ സെയ്‌താലിക്കുട്ടിയുടെ വിദ്യാഭ്യാസം അവസാനിക്കുകയായിരുന്നു.

ആദ്യം പറഞ്ഞതുപോലെ തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലെ സ്ഥിരം സന്ദർശകനായി മാറിയ സെയ്‌താലിക്കുട്ടി താമസിയാതെ ബാലസംഘത്തിന്റെ പ്രധാന സംഘാടകനും സെക്രട്ടറിയുമായി. അതോടെ വീട്ടിൽനിന്ന്‌ രാവിലെ ഇറങ്ങിയാൽ രാത്രിയേ മടങ്ങിയെത്തൂ എന്ന സ്ഥിതിയായി. കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ബന്ധപ്പെടുന്നതിലെ ‘അപകടം’ ചൂണ്ടിക്കാട്ടി ബന്ധുക്കളും മതപുരോഹിതരും സെയ്‌താലിക്കുട്ടിയുടെ വീട്ടുകാരെ ആശങ്കപ്പെടുത്തി. വീട്ടുകാരും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന തോന്നൽ പിതാവിനെയും മാതാവിനെയും ജ്യേഷ്‌ഠന്മാരെയും അലട്ടി. ജ്യോഷ്‌ഠന്മാർ ഉപദേശിച്ചുനോക്കി; താക്കീതു നൽകി. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല.

അപ്പോഴേക്കും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറിയ സെയ്‌താലിക്കുട്ടിയെ വീട്ടിൽനിന്ന്‌ ജ്യേഷ്‌ഠന്മാർ പുറത്താക്കി. അതോടെ താമസം പാർട്ടി ഓഫീസിലേക്ക്‌ മാറ്റി. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന സെയ്‌താലിക്കുട്ടിയെ രണ്ടുവർഷത്തിനുശേഷം ജ്യേഷ്‌ഠന്മാർതന്നെ തിരിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചു.

1944ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ സെയ്‌താലിക്കുട്ടി ആറു പതിറ്റാണ്ടിലേറെക്കാലം പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കാൻ അക്ഷീണം പ്രവർത്തിച്ചു.

രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട്‌ നാട്ടിലാകെ പടർന്നുപിടിച്ച കോളറ, വസൂരി മുതലായ മാരകരോഗങ്ങൾമൂലം കഷ്ടപ്പെട്ടിരുന്ന ജനങ്ങളെ സഹായിക്കാൻ ഓടിയെത്തിയത്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരായിരുന്നു. സെയ്‌താലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയിറങ്ങി ജനങ്ങളെ ഭയത്തിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മോചിപ്പിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തി. രോഗബാധിതരായവരെ അൽപംപോലും ഭയമില്ലാതെ ശുശ്രൂഷിച്ചു. അത്‌ വീട്ടുകാരിലും ബന്ധുക്കളിലും അയൽവാസികളിലുമെല്ലാം ചലനമുണ്ടാക്കി. രോഗത്തെ ഭയപ്പെടാതിരിക്കാനും രോഗബാധിത രോട്‌ സഹാനുഭൂതിയോടെ പെരുമാറാനും അവർക്ക്‌ പ്രേരണയായി. ജീവൻപോലും പണയംവെച്ച്‌ ആതുരരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌ത പ്രവർത്തകരുടെ പെരുമാറ്റം കമ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള ജനങ്ങളുടെ ആദരവ്‌ വലിയതോതിൽ വർധിപ്പിച്ചു.

കൊള്ളലാഭക്കാർക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ
ഭക്ഷ്യവസ്‌തുക്കളുടെ ക്ഷാമവും ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ആ സമയവും പണമുണ്ടാക്കാൻ അവസരമാക്കി മാറ്റിയ ചില കുബുദ്ധികളുണ്ടായിരുന്നു. ചില കച്ചവടക്കാർ അവശ്യസാധനങ്ങൾ ഒളിപ്പിച്ചുവെച്ച്‌ കൊള്ളലാഭം നേടി. അതിനെതിരെ സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ രംഗത്തിറങ്ങി. കച്ചവടക്കാർ സാധനങ്ങൾ രഹസ്യമായി ഒളിച്ചുവെച്ചിരുന്ന സ്ഥലങ്ങൾ അവർ കണ്ടെത്തി; ബലമായി അവ പിടിച്ചെടുത്ത്‌ പട്ടിണിക്കാർക്ക്‌ വിതരണം ചെയ്‌തു. അതിന്റെ പേരിൽ സെയ്‌താലിക്കുട്ടിക്കെതിരെ പൊലീസ്‌ കേസെടുത്തു.

റേഷൻ കടകൾവഴി അവശ്യസാധനങ്ങളുടെ വിതരണം നടക്കാതിരുന്നത്‌ ജനങ്ങളെ വല്ലാതെ ദുരിതത്തിലാക്കി. ദളിത്‌ കുടുംബങ്ങളെയാണ്‌ ഏറ്റവും പ്രതികൂലമായി അത്‌ ബാധിച്ചത്‌. പഞ്ചസാരയും മണ്ണണ്ണെയും അടിയന്തരമായി വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മഞ്ചേരി സപ്ലൈ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്താൻ കമ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. മാർച്ചിന്റെ പ്രധാന സംഘാടകൻ സെയ്‌താലിക്കുട്ടിയായിരുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത ആ മാർച്ച്‌ സമരചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായമായിരുന്നു. കൊണ്ടോട്ടിയിലെ റേഷൻകടയിലേക്ക്‌ 2 ചാക്ക്‌ പഞ്ചസാരയും 5 ടിൻ മണ്ണെണ്ണയും സപ്ലൈ ഓഫീസർ നൽകാൻ തയ്യാറായത്‌ സമരത്തെ വൻ വിജയമാക്കി മാറ്റി. പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും ശക്തി ജനങ്ങൾ നേരിട്ടറിയുന്ന അനുഭവമായിരുന്നു അത്‌.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ കൽക്കത്തയിൽ ചേർന്നു. കൽക്കട്ട തീസിസ്‌ എന്ന്‌ അറിയപ്പെട്ട രേഖ അംഗീകരിച്ചതോടെ കമ്യൂണിസ്റ്റ്‌ പാർട്ടി വീണ്ടും നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി നേതാക്കൾക്കും പ്രധാന പ്രവർത്തകർക്കുമെതിരെ പൊലീസ്‌ അറസ്റ്റ്‌ വാറണ്ടുകൾ പുറപ്പെടുവിച്ചു. ചിലർ പൊലീസ്‌ പിടിയിലായി. മറ്റുള്ളവർ ഒളിവിൽ പോയി. സെയ്‌താലിക്കുട്ടി ഇന്നത്തെ മലപ്പുറം ജില്ലയുടെയും പാലക്കാട്‌ ജില്ലയുടെും പല ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട കാലമായിരുന്നു 1948 മാർച്ച്‌ 10 മുതൽ 1951 അവസാനംവരെ നീണ്ടുനിന്ന നിരോധനകാലം. ആയിരക്കണക്കിന്‌ പ്രവർത്തകർ കൊല്ലപ്പെട്ടു; പതിനായിരങ്ങളെ ജയിലറകൾക്കുള്ളിലിട്ട്‌ കൊല്ലാക്കൊല ചെയ്‌തു. ഒളിവിൽ കഴിഞ്ഞവർ നാട്ടിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം മൂലം കൊടും പട്ടിണി പലപ്പോഴും അനുഭവിച്ചു. ഒരു പാർട്ടി എന്ന നിലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഏറ്റവും കൂടുതൽ പരീക്ഷണം നേരിട്ട കാലമായിരുന്നു അത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിക്കപ്പെട്ടതോടെ നേതാക്കളും പ്രവർത്തകരും കൂടുതൽ സജീവമായി പ്രവർത്തനരംഗത്തിറങ്ങി. കമ്യൂണിസ്റ്റ്‌ പാർട്ടിയെ എളുതിത്തള്ളിയവർക്ക്‌ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്‌. 1952ൽ പൊതു തിരഞ്ഞെടുപ്പ്‌ വന്നതോടെ അദ്ദേഹം രാപ്പകൽ അധ്വാനിച്ചു. ഇന്നത്തെ മലപ്പുറം ജില്ലാ ഏതാണ്ട്‌ പൂർണമായും ഉൾപ്പെടുന്ന മലപ്പുറം പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ടിക്കറ്റിൽ മത്സരിച്ചത്‌ കുഞ്ഞാലിയായിരുന്നു. കുഞ്ഞാലിയുടെ തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ സെയ്‌താലിക്കുട്ടി മുൻനിന്ന്‌ പ്രവർത്തിച്ചു. കുഞ്ഞാലിക്ക്‌ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 52,000 വോട്ടു നേടാൻ കഴിഞ്ഞത്‌ ഉജ്വല വിജയമായി അടയാളപ്പെടുത്തപ്പെട്ടു.

മുസ്ലിം പുരോഹിതരുടെ അതിരൂക്ഷമായ പ്രചാരണങ്ങൾ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ നേരിടേണ്ടിവന്നു. പാർട്ടിക്കൊപ്പം നിൽക്കുന്ന മുസ്ലിം ചെറുപ്പക്കാരെ അവിശ്വാസികളെന്നും മതവിദ്വേഷികളെന്നും മുദ്രയടിച്ച്‌ വ്യാപകമായ കള്ളപ്രചാരണങ്ങളാണ്‌ അവർ നടത്തിയത്‌. പാർട്ടിയുമായി ബന്ധമുള്ള യുവാക്കൾക്ക്‌ പെൺമക്കളെ വിവാഹം ചെയ്‌തു കൊടുക്കരുതെന്ന്‌ അവർ പ്രചരിപ്പിച്ചു. അതിനെ ആശയപരമായും കായികമായും നേരിട്ടുകൊണ്ടാണ്‌ സെയ്‌താലിക്കുട്ടിയുൾപ്പെടെയുള്ള നേതാക്കൾ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുത്തത്‌.

ഒളിവുജീവിതത്തിനിടയിൽ പിടിയിലായ സെയ്‌താലിക്കുട്ടി ജയിലിലായി. 1951ൽ ജയിലിൽനിന്ന്‌ മോചിപ്പിക്കപ്പെട്ട സെയ്‌താലിക്കുട്ടി പാർട്ടി നിർദേശമനുസരിച്ച്‌ തന്റെ പ്രവർത്തനകേന്ദ്രം കൊണ്ടോട്ടിയിൽനിന്ന്‌ മഞ്ചേരിയിലേക്ക്‌ മാറ്റി. എന്നാൽ അധികം താമസിയാതെ കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി അദ്ദേഹം നിയോഗിക്കപ്പെട്ടു. അതോടെ വീണ്ടും മഞ്ചേരി കേന്ദ്രീകരിച്ചായി പ്രവർത്തനം. നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, ഫറൂഖ്‌, കടലുണ്ടി, പരപ്പനങ്ങാടി, കോട്ടയ്‌ക്കൽ തുടങ്ങിയ ഇന്നത്തെ മലപ്പുറം ജില്ലയുടെ മഹാഭൂരിപക്ഷം ഭാഗവും ഉൾപ്പെട്ടതായിരുന്നു അന്നത്തെ ഏറനാട്‌ താലൂക്ക്‌ കമ്മിറ്റിയുടെ പ്രവർത്തനപരിധി.

നിരവധി ട്രേഡ്‌ യൂണിയനുകൾ സംഘടിപ്പിക്കുകയും വിവിധ വിഭാഗം തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക്‌ സെയ്‌താലിക്കുട്ടി ഈ കാലയളവിൽ നേതൃത്വം നൽകുകയും ചെയ്‌തു. തീപ്പെട്ടി കന്പനികൾ, കുടനിർമാണ കന്പനി, ആനക്കയത്തെ കശുമാവ്‌ ഫാമിലെ തൊഴിലാളികൾ, മഞ്ചേരിയിലെ ടാക്‌സി തൊഴിലാളികൾ, പ്രൈവറ്റ്‌ ബസ്‌ ജീവനക്കാർ എന്നിവരെയൊക്കെ ട്രേഡ്‌ യൂണിയനുകൾക്ക്‌ പിന്നിൽ അദ്ദേഹം അണിനിരത്തി.

ജന്മിമാരുടെ കുടിയൊഴിപ്പിക്കലിനെതിരെയും സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപ്പ്‌ നടന്നു.

സെയ്‌താലിക്കുട്ടി അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കോഴിക്കോട്‌ ജില്ലാ കൗൺസിൽ അംഗവും ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗവുമായി പ്രവർത്തിക്കവെയാണ്‌ പാർട്ടിയിലെ പിളർപ്പ്‌. തുടക്കംമുതൽ സിപിഐ എമ്മിനൊപ്പം നിലകൊണ്ട അദ്ദേഹം സിപിഐ  എമ്മിന്റെ പ്രഥമ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗമായി.

1969ൽ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ അദ്ദേഹം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1987 വരെ ആ സ്ഥാനത്ത്‌ തുടർന്നു.
1985ൽ അദ്ദേഹം മലപ്പുറം ജില്ലാ സെക്രട്ടറിയായും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും തിരെഞ്ഞെടുക്കപ്പെട്ടു. മരണംവരെ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

ദേശാഭിമാനി ഏജന്റായും മഞ്ചേരി ഏരിയ ലേഖകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. ദേശാഭിമാനി പ്രിന്റിംഗ്‌ ആൻഡ്‌ പബ്ലിഷിംഗ്‌ കന്പനി ഡയറക്ടർ ബോർഡംഗം, ഇ എം എസ്‌ സ്‌മാരക ട്രസ്റ്റ്‌ ചെയർമാൻ, ചെറുകാട്‌ സ്‌മാരക ട്രസ്റ്റ്‌ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം മികച്ച പ്രവർത്തനം നടത്തി. ഇ എം എസ്‌ സ്‌മാരക ആശുപത്രിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ ആശുപത്രിയായി വളർത്തിയെടുക്കുന്നതിൽ അതിന്റെ ഭരണസമിതി അംഗമായി പ്രവർത്തിച്ച സെയ്‌താലിക്കുട്ടിയുടെ പങ്ക്‌ വളരെ വലുതാണ്‌.

ആറു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാർട്ടി ജീവിതത്തിൽ ഒട്ടനവധി തവണയാണ്‌ സെയ്‌താലിക്കുട്ടി അറസ്റ്റ്‌ ചെയ്യപ്പെടുകയും തടവറകൾക്കുള്ളിൽ അടയ്‌ക്കപ്പെടുകയും ചെയ്‌തത്‌. പാർട്ടി പ്രവർത്തനവും പ്രക്ഷോഭവും ഒന്നുമല്ലാത്ത, തനിക്ക്‌ കേട്ടറിവുപോലുമില്ലാത്ത ഗുരുതരമായ കേസുകളിൽപോലും സെയ്‌താലിക്കുട്ടിയെ പൊലീസ്‌ പ്രതിചേർത്തു.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പത്തുവർഷക്കാലം സെയ്‌താലിക്കുട്ടിയെ റൗഡി ലിസ്റ്റിലാണ്‌ പൊലീസ്‌ ഉൾപ്പെടുത്തിയത്‌. പതിനൊന്ന്‌ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട അദ്ദേഹം ഏറനാട്ടിലെ പൊലീസ്‌ സ്‌റ്റേഷനുകളിൽ നിരന്തരം നിരീക്ഷിക്കപ്പെടേണ്ട വലിയ കുറ്റവാളിയായാണ്‌ കണക്കാക്കപ്പെട്ടത്‌. പരിസരപ്രദേശങ്ങളിലെ എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും അദ്ദേഹത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചിരുന്നു. വിശിഷ്‌ടാതിഥികൾ സന്ദർശനത്തിനു വരുമ്പോൾ കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. പൊലീസിന്റെ ദൃഷ്ടിയിൽപെട്ടാൽ ഏതുനിമിഷവും അറസ്റ്റ്‌ ചെയ്യപ്പെടാം എന്നതായിരുന്നു സെയ്‌താലിക്കുട്ടിയുടെ അവസ്ഥ. 1957ൽ ഇ എം എസ്‌ സർക്കാർ അധികാരത്തിൽ വന്നതോടെയാണ്‌ കേസുകൾ പിൻവലിക്കപ്പെട്ടത്‌.

മിച്ചഭൂമി സമരം
1970കളിൽ സംസ്ഥാനമൊട്ടാകെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരം മലപ്പുറം ജില്ലയിലും സമരവേലിയേറ്റങ്ങൾക്ക്‌ കാരണമായി. മിച്ചഭൂമിയായി കണക്കാക്കപ്പെട്ട ഭൂമി, ജന്മിമാർ വിൽപന നടത്തിയിരുന്നു. സർക്കാരാകട്ടെ കണ്ണുംപൂട്ടി ഇരിക്കുകയും ചെയ്‌തു. മഞ്ചേരിയിലെ കോവിലകത്തിന്റെ മിച്ചഭൂമിയായി കണക്കാക്കപ്പെട്ട സ്ഥലവും വിൽപന നടത്താൻ തുടങ്ങി. വിൽപനയ്‌ക്കായി വേലികെട്ടി തിരിച്ചിരുന്നു. ഭൂമിയിലേക്ക്‌ സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സമരഭടന്മാർ മാർച്ച്‌ ചെയ്‌തു. വേലികൾ പൊളിച്ച്‌ അവർ അവകാശം സ്ഥാപിച്ചു. കോവിലകംകാരുടെ പരാതിയനുസരിച്ച്‌ പൊലീസ്‌ എത്തി സമരക്കാരെ ഇറക്കിവിട്ടു. വിശാലമായ ഭൂമിയുടെ ഇതരപ്രദേശങ്ങളിൽ ഉടനെ സമരക്കാർ പ്രവേശിച്ചു. പൊലീസ്‌ ഇറക്കിവിട്ടാലും സമരക്കാരുടെ പ്രവേശനവും തുടർന്നു. 1972 മുതൽ തുടർന്ന ഈ സമരംമൂലം ജന്മിക്ക്‌ ഭൂമി മറിച്ചുവിൽക്കാൻ സാധിച്ചില്ല. 1979ലെ സി എച്ച്‌ മുഹമ്മദ്‌ കോയ സർക്കാർ ഇഷ്ടദാന ബിൽ പാസാക്കിയതോടെ ജന്മിമാർക്ക്‌ നിയമപരമായ പരിരക്ഷ ലഭിച്ചു.

സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിൽ കോവിലകംകാരുമായി ചർച്ച നടത്തി. ഭൂരഹിതർക്ക്‌ വിതരണം ചെയ്യാനായി രണ്ടേക്കർ അവർ വിട്ടുനൽകി. ഭൂരഹിതരായ മുപ്പതുപേർക്ക്‌ ആറ്‌ സെന്റ്‌ വീതം ഭൂമി ലഭിച്ചു. ഇരുപത്‌ സെന്റ്‌ സ്ഥലം അവിടത്തെ പൊതു ആവശ്യത്തിനും നീക്കിവെച്ചു. അങ്ങനെയാണ്‌ മംഗലശ്ശേരി കോട്ടക്കുണ്ട്‌ കോളനി സ്ഥാപിക്കപ്പെട്ടത്‌.

കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ജന്മിമാർക്കെതിരെ ഒട്ടനവധി സമരങ്ങൾ സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്നു.

മലപ്പുറത്തുനിന്നുള്ള ഉജ്വല പോരാളിയായ അദ്ദേഹം 2010 ജനുവരി 24ന്‌ അന്ത്യശ്വാസം വലിച്ചു.

ഫാത്തിമയാണ്‌ സെയ്‌താലിക്കുട്ടിയുടെ ജീവിതപങ്കാളി. ഈ ദന്പതികൾക്ക്‌ ഏഴു മക്കളാണുള്ളത്. അബ്ദുൾ നാസർ, ഹഫ്‌സത്ത്‌, നൗഷാദലി, റഫീക്കലി, മൻസൂറലി, സഫീർ, ഷഹ്‌ല എന്നിവർ.

കടപ്പാട്‌: ബഷീർ ചുങ്കത്തറ എഴുതിയ ‘കനൽവഴികളിൽ കാലിടറാതെ’ എന്ന പുസ്‌തകം. ചിന്ത പബ്ലിഷേഴ്‌സ്‌ ആണ്‌ ഇതിന്റെ പ്രസാധകർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular