Sunday, September 8, 2024

ad

Homeലേഖനങ്ങൾഏകീകൃത സിവിൽ കോഡ്‌ ഹിന്ദുത്വ അജൻഡ

ഏകീകൃത സിവിൽ കോഡ്‌ ഹിന്ദുത്വ അജൻഡ

കെ എ വേണുഗോപാലൻ

“കോടതികളെയും മറ്റ് നിയമസ്ഥാപനങ്ങളെയുമെല്ലാം സമൂഹത്തിന്റെ മേൽപ്പുരയായി മാർക്സ് പരിഗണിക്കുകയും അവ വർഗ്ഗ യാഥാർത്ഥ്യങ്ങളെയും വർഗ്ഗതാൽപര്യങ്ങളെയും പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് മാർക്സിന്റെ ചിന്തയെക്കുറിച്ച്, ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ച് പരിചയമുള്ള എല്ലാവർക്കും അറിയാവുന്നതാണ്. മാർക്സ് പോലീസിനെയും സൈന്യത്തെയും പോലെ, നിയമത്തെയും കോടതികളെയും വർഗ്ഗനീതിയുടെയും വർഗ്ഗാധിപത്യത്തിന്റെയും ഉപകരണമായിട്ടാണ് കാണുന്നത്.

“സമൂഹത്തിന്റെ ആശയപരമായ ഉൽപ്പന്നങ്ങളെല്ലാം -തത്വചിന്താപരമോ മതപരമോ ധർമനീതിപരമോ നിയമപരമോ രാഷ്ട്രീയമോ ആയ ആശയങ്ങൾ -മാറിക്കൊണ്ടിരിക്കുന്ന വർഗങ്ങളുടെയും സാമൂഹ്യ ഉല്പാദനത്തിന്റെ പുതിയ സ്ഥിതിവിശേഷങ്ങളുടെയും ഫലങ്ങളാണെന്നും മേധാവിത്വമുള്ള ആശയങ്ങളെല്ലാം ഭരണവർഗത്തിന്റെ ആശയങ്ങളായിരിക്കുമെന്നും കണ്ടെത്തിയതാണ് മാർക്സിന്റെ ഈ രംഗത്തുള്ള പ്രധാന സംഭാവന’:‐ ബി ടി രണദിവെ. ഇങ്ങനെ പറഞ്ഞതിനുശേഷം അദ്ദേഹം മാർക്സിനെയും എംഗത്സിനേയും ഉദ്ധരിക്കുന്നുണ്ട്.

“ഈ വ്യവസ്ഥയിൽ അധികാരമേൽക്കുന്ന വ്യക്തികൾ, ഭരണകൂടാധികാരത്തിന്റെ രൂപത്തിൽ അവരുടെ അധികാരം ചെലുത്തുക മാത്രമല്ല,നിശ്ചിതമായ പരിതസ്ഥിതിയിൽ അവരുടെ ഇച്ഛയെ,ഭരണകൂടത്തിന്റെ സാർവലൗകികമായ പ്രകടനമെന്ന നിലയിൽ,നിയമങ്ങളായി പ്രതിഫലിപ്പിക്കുന്നു. സിവിൽ ക്രിമിനൽ നിയമങ്ങൾ ഇവയുടെ പ്രകടിത രൂപങ്ങളാണ്’ (മാർക്സ് എംഗത്സ്).

കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഇ എം എസിനെ ശിക്ഷിച്ച സുപ്രീംകോടതി വിധിയെ എതിർത്തുകൊണ്ട് ബി ടി രണദിവെ എഴുതിയ “നിയമനീതിന്യായ വ്യവസ്ഥകളെക്കുറിച്ചുള്ള മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകൾ’ എന്ന ലേഖനത്തിൽ നിന്നെടുത്തതാണ് മേലെഴുതിയ ഉദ്ധരണികൾ. ഇത് കാണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയമങ്ങൾ എന്നത് സമകാലികമായ വർഗ്ഗബന്ധങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടിത രൂപങ്ങളാണ് എന്ന കാര്യമാണ്.

ഇന്ത്യൻ ഭരണവർഗത്തിന്റെ ഘടനയിൽ എന്ത് മാറ്റമാണ് വന്നത് എന്ന ചോദ്യമായിരിക്കും ആദ്യമായി ഉയരുക. 1964 ലെ സിപിഐ എം പാർട്ടി പരിപാടി “മുതലാളിത്ത വികസന പാത നടപ്പിലാക്കുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ – ഭൂപ്രഭുവർഗത്തിന്റെ ഉപകരണമാണ് ഇന്ത്യൻ ഭരണകൂടം’ എന്നാണ് അന്നത്തെ ഇന്ത്യൻ ഭരണവർഗത്തെ നിർവചിച്ചത്. അത് ഒരു മാറ്റവുമില്ലാതെ നിലനിർത്തുകയാണ് 2000ൽ പരിപാടി കാലോചിതമാക്കിയപ്പോഴും പാർട്ടി ചെയ്തത്.

എന്നാൽ 1950കളിൽ വിമോചനസമരത്തെ പിന്തുണക്കുന്നതിലൂടെ, ആർ എസ് എസിനെ ഇന്ത്യാ -ചൈന യുദ്ധകാലത്തും ഇന്ത്യ -പാക് യുദ്ധകാലത്തും ദേശീയ ശക്തിയായി വാഴ്ത്തുന്നതിലൂടെ, തിരഞ്ഞെടുപ്പു വിജയത്തിനായി തുടർച്ചയായി ക്ഷേത്ര സന്ദർശനങ്ങൾ നടത്തുന്നതിലൂടെ, ബാബ്‌റി മസ്ജിദിനകത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട രാമ ക്ഷേത്രം ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിലൂടെ, ഏറ്റവും അവസാനം ബാബ്‌റി മസ്ജിദ് പൊളിച്ച് നീക്കുമ്പോൾ മൗനം പാലിച്ചതിലൂടെ ഒക്കെ ഇന്ത്യൻ ഭരണ വർഗത്തിന്റെ ഉത്തമ പ്രതിനിധിയായ കോൺഗ്രസ് മുമ്പുയർത്തിപ്പിടിച്ചിരുന്ന സർവ്വമതസമഭാവന എന്ന വെള്ളംചേർത്ത മതനിരപേക്ഷതയിൽ നിന്ന് മൃദുഹിന്ദുത്വത്തിലേക്ക് പടിപടിയായി നീങ്ങുകയായിരുന്നു എന്ന് കാണാം. ബിജെപി ആവട്ടെ, തീവ്ര ഹിന്ദുത്വ നിലപാടെടുക്കുകയും അവരുടെ ഹിന്ദുത്വ നിലപാടിന് ആധിപത്യം നേടിയെടുക്കുകയും ചെയ്തു. അങ്ങനെയാണ് കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികളും ഇന്ത്യയിലെ കോർപ്പറേറ്റ് ശക്തികളും തമ്മിൽ അവിശുദ്ധ സഖ്യം രൂപം കൊള്ളുകയും ചെയ്തു. സി പി ഐ എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയം പുതിയതായി സംഭവിച്ച ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്.

ഈ സഖ്യത്തിന്റെ ഇച്ഛയെ ഭരണകൂടത്തിന്റെ സാർവ്വലൗകികമായ പ്രകടനമെന്ന നിലയിൽ നിയമമായി അവതരിപ്പിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. മതത്തെ രാഷ്ട്രീയത്തിൽ നിന്നു മാറ്റിനിർത്തുക എന്ന ശരിയായ മതനിരപേക്ഷ നിലപാട് ഇന്ത്യയിലെ ഭരണ വർഗ്ഗം ഒരുകാലത്തും ഉൾക്കൊണ്ടിരുന്നില്ല എന്ന് നമുക്ക് അറിയാവുന്നതാണ്. അവരുടെ മതനിരപേക്ഷതയ്ക്ക് അർത്ഥം സർവമതസമഭാവന എന്നാണ്. അതിനെപോലും കപട മതനിരപേക്ഷത എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റലാണ്. അതൊരു ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദു വർഗീയ ഭരണകൂടമാണ്.

ആർഎസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയിൽ അവരുടെ ആഭ്യന്തരശത്രുക്കളായി മൂന്ന് വിഭാഗങ്ങളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് അത്. ഇന്നിപ്പോൾ മതനിരപേക്ഷവാദവും യുക്തിവാദവും ഒക്കെ അതിന്റെ കൂട്ടത്തിൽ പെടും. ഈ ശത്രുക്കളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് രാമജന്മഭൂമി, പശു മുതലായ മതപരമായ പ്രതീകങ്ങളെ അവർ ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളെ വർഗീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനുവേണ്ടി അവർ വർഗീയ ലഹളകൾ സംഘടിപ്പിക്കുന്നു. ഇതുകൂടാതെ അവർ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് ഘർ വാപസി (ഹിന്ദു മതത്തിലേക്ക് മതംമാറ്റം നടത്തുക), ലൗ ജിഹാദ്, ഗോരക്ഷ, ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം അനുഛേദം എടുത്തു കളയുക, പൊതു സിവിൽ കോഡ് നടപ്പിലാക്കുക, മതാധിഷ്ഠിത പൗരത്വ നിയമം നടപ്പിലാക്കുക മുതലായവ.

ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായിരുന്നു ജമ്മുകാശ്മീർ. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന സവിശേഷ സാഹചര്യപ്രകാരമാണ് ചില പ്രത്യേക അവകാശങ്ങൾ അവർക്ക് അനുവദിച്ചുകൊടുത്തത്. ആ സംസ്ഥാനത്തെ രണ്ടായി വെട്ടി മുറിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കികൊണ്ടാണ് ഈ അവകാശം അവർ എടുത്തുകളഞ്ഞത്. പൗരത്വനിയമത്തിൽ മതം കക്ഷിയാകേണ്ടതില്ല. ഏതൊരു മതക്കാരനും ഇന്ത്യൻ പൗരൻ ആകാനുള്ള അവകാശമുണ്ട്. എന്നാൽ ബിജെപി പാസാക്കിയ പുതിയ പൗരത്വ നിയമം ഇന്ത്യയിലേക്ക് കടന്നുവരുന്ന മുസ്ലീങ്ങളോട് മതപരമായ വിവേചനം കാണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതുതന്നെയാണ് വരാനിരിക്കുന്ന പൊതു സിവിൽ കോഡിലും നടക്കാൻ പോകുന്നത്.

ക്രിസ്ത്യാനികളെയും ആദിവാസി ജനവിഭാഗങ്ങളെയും പൊതു സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി നിർത്തും എന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഹിന്ദു സിവിൽ കോഡിനെ മുസ്ലീങ്ങൾക്ക് കൂടി ബാധകമാക്കുക; അതുവഴി മുസ്ലിങ്ങൾക്കുമേൽ അവർ ആഗ്രഹിക്കുന്നതുപോലെ നിയമപരമായ ഹിന്ദു ആധിപത്യം സ്ഥാപിച്ചെടുക്കലാണ് സംഭവിക്കുക.സ്വാഭാവികമായും അത് മതനിരപേക്ഷമായ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കിതീർക്കുന്നതിലേക്കുള്ള നീക്കമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അത് 1948 ലെ ഏകീകൃത സിവിൽ നിയമം എന്ന നിർദ്ദേശകതത്വത്തിന്റെ കാഴ്ചപ്പാടിന് നേർവിപരീതവുമായിരിക്കും.

സിപിഐ എമ്മിന്റെ പാർട്ടി പരിപാടിയിൽ ജനകീയ ജനാധിപത്യവിപ്ലവാനന്തരം നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ ഒന്ന് ഇങ്ങനെയാണ്. “സ്ത്രീകൾക്ക് എതിരായ വിവേചനം അവസാനിപ്പിക്കും; ഭൂമിയടക്കമുള്ള സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം പോലുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തും; എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യ അവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ സംരക്ഷണ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരും.” ഇത് ഏകീകൃത സിവിൽ കോഡ് അല്ലെ? സിപിഐ എം സ്വന്തം പരിപാടി മാറ്റിവെച്ച് മുസ്ലിം പ്രീണനം നടത്തുകയല്ലെ എന്നാണ് ചോദ്യം.

ഏകീകൃത സിവിൽ കോഡ് എന്ന് സിപിഐ എമ്മിന്റെ പരിപാടിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. മുകളിൽ പറഞ്ഞതുപോലെ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ജനകീയ ജനാധിപത്യ വിപ്ലവാനന്തരം നടപ്പിലാക്കേണ്ട പരിപാടികളിൽ ഒന്നാണ്. ജനകീയ ജനാധിപത്യ വിപ്ലവം നടക്കണമെങ്കിൽ ഇന്ത്യയിലാകമാനമുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അങ്ങനെ ചിന്തിക്കാൻ പ്രാപ്തരാക്കി മാറ്റേണ്ടതുണ്ട്. ഉദാഹരണത്തിന്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ സ്വകാര്യ സ്വത്ത് ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടുണ്ട്. സിപിഐ എമ്മിന്റെ പാർട്ടി പരിപാടിയിൽ അങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല. എന്തുകൊണ്ട്? ഇന്ത്യയിൽ നിലനിൽക്കുന്ന പരിസ്ഥിതിയിൽ ആദ്യം നടത്തേണ്ടത് സോഷ്യലിസ്റ്റ് വിപ്ലവമല്ല എന്ന കാഴ്ചപ്പാടാണ് സിപിഐഎമ്മിന് ഉള്ളത്. ആദ്യം നടത്തേണ്ടത് ജനകീയ ജനാധിപത്യ വിപ്ലവമാണ്. അതിനുശേഷം മാത്രമേ സോഷ്യലിസത്തിലേക്കും പിന്നീട് കമ്മ്യൂണിസത്തിലേക്കും വളരാൻ പറ്റൂ എന്നതാണ് പാർട്ടി നിലപാട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 10 =

Most Popular