Friday, December 13, 2024

ad

Homeഇവർ നയിച്ചവർഅഴീക്കോടൻ രാഘവൻ: രക്തസാക്ഷിയായ ധീരനേതാവ്‌

അഴീക്കോടൻ രാഘവൻ: രക്തസാക്ഷിയായ ധീരനേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന അഴീക്കോടൻ രാഘവൻ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. അഴിമതിക്കെതിരെ അഴീക്കോടൻ നടത്തിയ അതിശക്തമായ പോരാട്ടവും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും അധികാരികളെ ശരിക്കും വിറളിപിടിപ്പിച്ചിരുന്നു. അതോടൊപ്പം ഇടതു തീവ്രവാദത്തിനെതിരെ ശരിയായ നിലപാട്‌ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആശയരംഗത്തെ അദ്ദേഹത്തിന്റെ പോരാട്ടം ഇടതു തീവ്രവാദികളുടെ കടുത്ത ശത്രുതയ്‌ക്കിടയാക്കി. പകയോടെ നോക്കിയിരുന്ന ഇരുട്ടിന്റെ ശക്തികൾ 1973 സെപ്‌തംബർ 23ന്‌ തൃശൂർ ചെട്ടിയങ്ങാടിയിൽ വെച്ച്‌ അഴീക്കോടന്റെ ജീവനെടുക്കുകയായിരുന്നു.

സിപിഐ എം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി (അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച്‌ കണാരൻ രോഗബാധിതനായിരുന്നതിനാൽ പാർടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ്‌ ജോയിന്റ്‌ സെക്രട്ടറിയായി അഴീക്കോടനെ നിയോഗിച്ചത്‌) സിപിഐ എം നേതൃത്വത്തിലുള്ള ഐക്യമുന്നണി കൺവീനർ, കെഎസ്‌ആർടിസി എംപ്ലോയീസ്‌ യൂണിയൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ്‌ മലയാളക്കരയെയാകെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ അഴീക്കോടൻ രക്തസാക്ഷിയായത്‌.

1972 സെപ്‌തംബർ 29ന്റെ ലക്കം ചിന്ത വാരികയിൽ ഇ എം എസ്‌ എഴുതി: ‘‘അഴീക്കോടനെ താരതമ്യപ്പെടുത്താവുന്ന ഒരു സഖാവ്‌ നമുക്കുണ്ടായിരുന്നു‐ സഖാവ്‌ കൃഷ്‌ണപിള്ള. മറ്റനവധി കമ്യൂണിസ്‌റ്റുകാരെപ്പോലെ അഴീക്കോടനും സഖാവിന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ കമ്യൂണിസ്റ്റായി വളർന്ന ഒരാളാണ്‌. തന്റെ ഗുരുവും ആചാര്യനുമായ സഖാവിന്റെ മാതൃകയനുസരിച്ച്‌ സ്വന്തം വർഗത്തിനും രാജ്യത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. സഖാവിന്റെ ജീവൻ അപഹരിച്ചത്‌ മൂർഖൻ പാന്പായിരുന്നുവെങ്കിൽ അഴീക്കോടൻ മരിച്ചുവീണത്‌. രാഷ്‌ട്രീയ മൂർഖന്മാരുടെ കഠാരയേറ്റാണ്‌’’.

1919 ജൂലൈ ഒന്നിന്‌ കണ്ണൂർ ടൗണിൽ തെക്കി ബസാറിലാണ്‌ അഴീക്കോടന്റെ ജനനം. അച്ഛന്റെ പേര്‌ കറുവൻ. അമ്മയുടെ പേര്‌ പൂക്കാച്ചി. കണ്ണൂർ സബ്‌ രജിസ്‌ട്രാർ ഓഫീസിന്‌ സമീപത്ത്‌ ആധാരമെഴുത്തായിരുന്നു കറുവന്റെ ജോലി. രാഘവന്‌ രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ബീഡിതെറുപ്പ്‌ തൊഴിലാളിയായ അമ്മാവൻ ബാപ്പുവിന്റെ സംരക്ഷണയിലാണ്‌ കുടുംബം കഴിഞ്ഞത്‌.

കണ്ണൂർ ഗവൺമെന്റ്‌ ട്രെയിനിംഗ്‌ സ്‌കൂളിനോടു ചേർന്നുള്ള മോഡൽ പ്രൈമറി സ്‌കൂളിൽനിന്ന്‌ അഞ്ചാംക്ലാസ്‌ പാസായതോടെ സാന്പത്തിക ബുദ്ധിമുട്ടുമൂലം പഠിത്തം മതിയാക്കി. പഠനം നിർത്തിയതിനുശേഷം രാഘവൻ തെക്കി ബസാറിലെ ഒരു പെട്രോമാക്‌സ്‌ കടയിലെ ജീവനക്കാരനായി. താമസിയാതെ ബീഡിതെറുപ്പും അദ്ദേഹം അഭ്യസിച്ചു. അതോടെ ബീഡി ആൻഡ്‌ സിഗാർ വർക്കേഴ്‌സ്‌ യൂണിനിൽ അദ്ദേഹം അംഗമായി. സംഘടനാപ്രവർത്തനത്തിലേക്ക്‌ അഴീക്കോടനെ നയിച്ചത്‌ അന്ന്‌ ആ സംഘടനയുടെ സെക്രട്ടറിയായിരുന്ന ചേനോളി കോരനാണ്‌. യൂണിയന്റെ ഓഫീസ്‌ സെക്രട്ടറിയായും രാഘവൻ നിയോഗിക്കപ്പെട്ടു.

1935‐40 കാലം കണ്ണൂരിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങൾ ശക്തിപ്പെട്ട വേളയാണ്‌. നിരവധി അവകാശസമരങ്ങളും അക്കാലയളവിൽ അരങ്ങേറി. പലതിന്റെയും നായകസ്ഥാനത്ത്‌ കൃഷ്‌ണപിള്ളയായിരുന്നു. എ കെ ജി, കെ പി ഗോപാലൻ, എൻ സി ശേഖർ തുടങ്ങിയവർ തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ മുന്നിട്ടു പ്രവർത്തിച്ചു. ഈ നേതാക്കളുമായുള്ള നിരന്തര സന്പർക്കം അഴീക്കോടനെ കോൺഗ്രസിലേക്കും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലേക്കും തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്കും നയിച്ചു. ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലെത്തിയ നേതാവാണദ്ദേഹം.

പിണറായി പാറപ്രം സമ്മേളനത്തിൽ അഴീക്കോടൻ പങ്കെടുത്തില്ലെങ്കിലും 1940ൽ തന്നെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. ബീഡി ആൻഡ്‌ സിഗാർ വർക്കേഴ്‌സ്‌ യൂണിയൻ ഡിവിഷൻ കമ്മിറ്റി സെക്രട്ടറിയായി 1942ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധത്തിന്റെ അനന്തരഫലമായി നാട്ടിലാകെ പട്ടിണിയും പകർച്ചവ്യാധിയും പടർന്നുപിടിച്ചു. കോളറ പോലെയുള്ള രോഗങ്ങൾ പടർന്നുപിടിച്ച വീടുകളിൽ അടുത്ത ബന്ധുക്കൾപോലും രോഗികളെ പരിചരിക്കാനോ അവരുടെ അടുത്തു പോകാനോ ഭയന്നിരുന്നു. അന്ന്‌ അഴീക്കോടൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രോഗീപരിചരണത്തിൽ സധൈര്യം ഏർപ്പെട്ടു; ഒട്ടനവധിപ്പേർക്ക്‌ അതുമൂലം ആശ്വാസമായി.

1946 മാർച്ച്‌ 20ന്‌ ബ്രിട്ടീഷ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്‌ നടന്നു. അതിന്‌ ആറുമാസം മുന്പുതന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ രാഷ്‌ട്രീയ പാർട്ടികൾ ആരംഭിച്ചു. മലബാറിൽ 8 പൊതു നിയോജകമണ്ഡലങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ആറ്‌ മുസ്ലിം നിയോജകമണ്ഡലങ്ങളും. ഇതിനുപുറമെ ജന്മിമാർക്ക്‌ പ്രത്യേകം നിയോജകമണ്ഡലങ്ങളും ഉണ്ടായിരുന്നു.

സാക്ഷരർക്കു മാത്രമേ അന്ന്‌ വേട്ടുചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. അതു മുന്നിൽ കണ്ടുകൊണ്ട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി നിരവധിപേരെ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കമ്യൂണിസ്റ്റുകാരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ്‌ കോൺഗ്രസ്‌ ഗുണ്ടകൾ സ്വീകരിച്ചത്‌. പാർട്ടിയുടെ പൊതുയോഗങ്ങൾ കലക്കുക, അതിൽ പങ്കെടുക്കുന്നവരെ മർദിക്കുക, സംഘാടകരായി പ്രവർത്തിക്കുന്നവരെ തടയുകയും ക്രൂരമായി മർദിക്കുകയും ചെയ്യുക… അങ്ങനെ ഒട്ടനവധി ക്രുരതകളാണ്‌ അവർ ചെയ്‌തത്‌. അതിനെയെല്ലാം അതുല്യമായ ആത്മധൈര്യത്തോടെയാണ്‌ കമ്യൂണിസ്റ്റുകാർ നേരിട്ടത്‌.

ഇ എം എസ്‌, എ കെ ജി, കെ പി ഗോപാലൻ, സി എച്ച്‌ കണാരൻ എന്നിവരുൾപ്പെടെയുള്ളവർ ആ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എല്ലാവരും പരാജയപ്പെട്ടെങ്കിലും ഭേദപ്പെട്ട വോട്ടുകൾ നേടാൻ പാർട്ടിക്ക്‌ സാധിച്ചു. ചിറയ്‌ക്കൽ നിയോജകമണ്ഡലത്തിൽ പാർടി സ്ഥാനാർഥി കെ പി ഗോപാലന്‌ 44 ശതമാനം വേട്ടു നേടാൻ കഴിഞ്ഞു. ആ നേട്ടത്തിനു പിന്നിൽ അഴീക്കോടന്റെ അക്ഷീണമായ അധ്വാനവും ചിട്ടയായ പ്രവർത്തനങ്ങളും വലിയ മുതൽക്കൂട്ടായി ഉണ്ടായിരുന്നു.
അഴീക്കോടനെ തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനാക്കി വളർത്തിയെടുക്കുന്നതിൽ പി കൃഷ്‌ണപിള്ള വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു. ആറോൺ മിൽ സമരം ഉൾപ്പെടെയുള്ള തൊഴിലാളിസമരങ്ങൾക്ക്‌ കരുത്തുറ്റ നേതൃത്വം നൽകിക്കൊണ്ട്‌ സഖാവ്‌ കണ്ണൂരിൽ പ്രവർത്തിക്കുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ വലംകൈയായി അഴീക്കോടനും പ്രവർത്തനരംഗത്തുണ്ടായിരുന്നു.

1946ൽ അഴീക്കോടൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്‌ ബ്രാഞ്ചുകൾ അന്ന്‌ ടൗൺ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിച്ചിരുന്നു.

1947 ജനുവരി 23ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മലബാർ ജില്ലാ കമ്മിറ്റി ഓഫീസും ദേശാഭിമാനി ഓഫീസും പൊലീസ്‌ പരിശോധിച്ച്‌ രേഖകൾ പിടിച്ചെടുത്തു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കരുതൽ തടങ്കലിലാക്കി. മദ്രാസ്‌ ഗവർണർ പുറപ്പെടുവിച്ച ‘മദ്രാസ്‌ മെയിന്റനൻസ്‌ ഓഫ്‌ പബ്ലിക്‌ ഓർഡർ’ എന്ന ഓർഡിനൻസിന്റെ ബലത്തിലാണ്‌ കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌തത്‌. ഇ എം എസും എ കെ ജിയും ഉൾപ്പെടെ 120 പേരെ മലബാർ ജില്ലയിൽനിന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അഴീക്കോടനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലാണ്‌ അവരെ അടച്ചത്‌; കുറേക്കാലം കണ്ണൂർ സെൻട്രൽ ജയിലിലും; തിരിച്ച്‌ വീണ്ടും വെല്ലൂർ ജയിലിലും.

സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ 1947 ആഗസ്‌ത്‌ 13ന്‌ ഇ എം എസും അഴീക്കോടനും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരായ കരുതൽ തടങ്കൽകാരെ സർക്കാർ ജയിൽമോചിതരാക്കി. എന്നാൽ എ കെ ജി ഉൾപ്പെടെ ഏതാനും ചിലരെ മോചിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. ജയിൽമോചിതനായ അഴീക്കോടൻ ഉടൻതന്നെ എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാരുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു നേതൃത്വം നൽകി. മലബാർ കളക്ടറെ ഈ ആവശ്യമുന്നയിച്ച്‌ സന്ദർശിക്കുകയും ജനകീയ പ്രശ്‌നങ്ങളുന്നയിച്ച്‌ നിവേദനം അദ്ദേഹത്തിന്‌ നൽകുകയും ചെയ്‌തു.

1948ൽ അഴീക്കോടൻ പാർട്ടിയുടെ ചിറയ്‌ക്കൽ താലൂക്ക്‌ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കൽക്കത്ത തീസിസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതിനെത്തുടർന്ന്‌ എംഎസ്‌പിക്കാരും കോൺഗ്രസ്‌ ഗുണ്ടകളും ചേർന്ന്‌ ഭീകരമായ ആക്രമണങ്ങളാണ്‌ കമ്യൂണിസ്റ്റുകാർക്കെതിരെ അഴിച്ചുവിട്ടത്‌. ചിറയ്‌ക്കൽ താലൂക്കിലാകെ ഭീകരമായ വേട്ടയാണ്‌ നടന്നത്‌. പൊലീസ്‌ വീടുകൾ കൊള്ളയടിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്‌തു. കയ്യിൽ കിട്ടിയവരെയെല്ലാം ക്രൂരമായി മർദിച്ചു. കമ്യൂണിസ്റ്റ്‌ വേട്ടയെ ചെറുക്കാൻ ഒരു പരിധിവരെ അഴീക്കോടനും സഹപ്രവർത്തകർക്കും സാധിച്ചു.

പൊലീസ്‌ മർദനവും കോൺഗ്രസ്‌ പ്രവർത്തകരുടെ ഒറ്റിക്കൊടുക്കലും ശക്തമായപ്പോൾ അഴീക്കോടൻ ഒളിവിൽ പോയി. ഒളിവിലിരുന്ന്‌ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

1949 മേയിൽ ചിറയ്‌ക്കൽ പഞ്ചായത്ത്‌ രൂപീകരിക്കപ്പെട്ടു. പഞ്ചായത്ത്‌ ഭരണസമിതിയിലേക്ക്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌, തിരഞ്ഞെടുപ്പിന്‌ രണ്ടുദിവസം മുന്പു മാത്രമാണ്‌. ഈ കുറഞ്ഞ സമയത്തിനുള്ളിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാർഥികളെ അഴീക്കോടൻ കണ്ടെത്തി മത്സരിപ്പിച്ചു. 15 അംഗ പഞ്ചായത്ത്‌ കമ്മിറ്റിയിൽ കമ്യൂണിസ്റ്റ്‌ പാർട്ടി മത്സരിപ്പിച്ച 9 പേർ ജയിച്ചു. അക്ഷരാർഥത്തിൽ പാർട്ടി ശത്രുക്കൾ ഞെട്ടിച്ച സംഭവമായിരുന്നു അത്‌.

1950ൽ പൊലീസ്‌ പിടിയിലായ അഴീക്കോടന്‌ ക്രൂരമായ മർദനങ്ങളാണ്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. കണ്ണൂർ സെൻട്രൽ ജയിലിൽ ഏകാന്ത തടവിലാണ്‌ അദ്ദേഹത്തെ പാർപ്പിച്ചത്‌.

1951ൽ അദ്ദേഹം മലബാർ ജില്ലാകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി പുതുതായി രൂപീകരിക്കപ്പെട്ട കിസാൻ മസ്‌ദൂർ പ്രജാ പാർട്ടി (കെഎംപിപി)യുമായി സഖ്യത്തിലേർപ്പെട്ടു. മലബാർ പ്രദേശത്തെ ഭൂരിപക്ഷം സീറ്റുകളും നേടാൻ ഈ സഖ്യത്തിന്‌ സാധിച്ചു. തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ വിദഗ്‌ധനെന്ന്‌ മുന്പുതന്നെ തെളിയിച്ച അഴീക്കോടന്റെ സാമർത്ഥ്യം ഈ തിരഞ്ഞെടുപ്പിലും ശരിക്കും പ്രകടമായി. 1954ൽ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡിന്റെ ഭരണം പാർട്ടിക്കു ലഭിച്ചുവല്ലോ. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലും ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും അഴീക്കോടന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്ന്‌ അന്ന്‌ പ്രസിഡന്റായിരുന്ന പി ടി ഭാസ്‌കര പണിക്കർ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1956ൽ അഴീക്കോടൻ കമ്യൂണിസ്സ് പാർട്ടിയുടെ മലബാർ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം നടന്ന സംസ്ഥാന സമ്മേളനം അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

1956 സെപ്‌തംബർ 19ന്‌ അഴീക്കോടൻ വടക്കെ മലബാർ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നത്തെ കണ്ണൂർ, കാസർകോട്‌ ജില്ലകളും വയനാട്‌ ജില്ലയുടെ ഒരുഭാഗവും ചേർന്നതായിരുന്നു അന്നത്തെ വടക്കെ മലബാർ ജില്ലാ കമ്മിറ്റിയുടെ പരിധി.

1959ൽ അഴീക്കോടൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ്‌ സെക്രട്ടറിയായും അദ്ദേഹത്തെ നിയോഗിച്ചു.

മലബാർ ട്രേഡ്‌ യൂണിയൻ കൗൺസിൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അഴീക്കോടൻ കൈത്തറിമേഖലയിലും ബീഡി മേഖലയിലും നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. ആവശ്യങ്ങൾ പലതും നേടിയെടുക്കുന്നതിൽ അസാധാരണമായ മികവാണ്‌ അദ്ദേഹം പുലർത്തിയതെന്ന്‌ സമകാലികർ പലരും രേഖപ്പെടുത്തിയിട്ടുണ്ട്‌.

1962 നവംബർ 27ന്‌ രാജ്യവ്യാപകമായി ആയിരത്തോളം കമ്യൂണിസ്റ്റുകാരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ചൈനാനുകൂല വിഭാഗക്കാരെന്ന്‌ ആക്ഷേപിച്ചായിരുന്നു അറസ്റ്റ്‌. പാർട്ടിയിലെ ഇടതുപക്ഷ നിലപാടുകാരെയാണ്‌ അങ്ങനെ അറസ്റ്റ്‌ ചെയ്‌തത്‌. ചില അത്യാവശ്യ പാർട്ടി ചുമതലകൾ നിർവഹിക്കേണ്ടതുണ്ടായിരുന്നതിനാൽ അഴീക്കോടൻ തൽക്കാലം പിടികൊടുത്തില്ല. ഒളിവിൽ പ്രവർത്തിക്കുകയെന്ന നയം പാർട്ടി സ്വീകരിച്ചിരുന്നില്ല അന്ന്‌. അതിനാൽ ഡിസംബർ 14ന്‌ അദ്ദേഹം പൊലീസിനു കീഴടങ്ങി. 1963 മാർച്ച്‌ 26ന്‌ ഗവൺമെന്റ്‌ എല്ലാ തടവുകാരെയും വിട്ടയച്ചു.

1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ അഴീക്കോടൻ അതിന്റെ സമുന്നത നേതാക്കളിലൊരാളായി മാറി. ചൈന ചാരന്മാരെന്നാക്ഷേപിച്ച്‌ ആ വർഷം അവസാനത്തോടെ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചു. 1964 ഡിസംബർ 30ന്‌ അഴീക്കോടനെ അറസ്റ്റ്‌ ചെയ്‌ത്‌ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. 1966 മെയ്‌ രണ്ടിന്‌ മോചിപ്പിക്കപ്പെട്ടു.

1963 ആഗസ്‌ത്‌ 7ന്‌ ദേശാഭിമാനി പ്രിന്റിംഗ്‌ ആൻഡ്‌ പബ്ലിഷിംഗ്‌ കന്പനിയുടെ ഭരണസമിതി ചെയർമാനായി അഴീക്കോടനെയാണ്‌ പാർട്ടി നിയോഗിച്ചത്‌. 1964 മുതൽ മരിക്കുന്നതുവരെയും അഴീക്കോടനായിരുന്നു ദേശാഭിമാനിയുടെ പാർട്ടിയിലെ ചുമതലക്കാരൻ. അഴീക്കോടന്റെ നിരന്തരമായ ശ്രമവും കഠിനാധ്വാനവും കൊണ്ടുകൂടിയാണ്‌ 1968ൽ കൊച്ചിയിൽനിന്ന്‌ ദേശാഭിമാനിയുടെ രണ്ടാമത്തെ എഡിഷൻ ആരംഭിക്കാൻ സാധിച്ചത്‌. ദേശാഭിമാനി ജനറൽ മാനേജരായി പി കണ്ണൻ നായരെ നിയോഗിച്ചതിലും അഴീക്കോടന്റെ ഇടപെടൽ നിർണായകമായിരുന്നു.

1963 ആഗസ്‌ത്‌ 15ന്‌ ചിന്ത വാരിക ആരംഭിക്കുന്നതിനു പിന്നിൽ ശക്തമായി പ്രവർത്തിച്ചവരിൽ ഒരാൾ അഴീക്കോടനായിരുന്നു. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ആശയപരമായി ബോധവൽക്കരിക്കാൻ ആരംഭിച്ച ചിന്തയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി അഴീക്കോടനുണ്ടായിരുന്നുവെന്ന്‌ ചിന്തയുടെ പ്രഥമ പത്രാധിപർ കെ ഇ കെ നന്പൂതിരിയും ആദ്യ മാനേജർ കെ ചന്ദ്രനും രേഖപ്പെടുത്തിയിട്ടുണ്ട്‌. മരണംവരെ ദേശാഭിമാനിക്കും ചിന്തയ്‌ക്കും മാർഗദർശിയായും സഹായിയായും അഴീക്കോടൻ ഉണ്ടായിരുന്നു.

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ്‌ അഴീക്കോടൻ നിർവഹിച്ചത്‌. മുന്നണി രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കിയ അഴീക്കോടനെത്തന്നെയാണ്‌ മുന്നണി കൺവീനറായി സിപിഐ എം നിയോഗിച്ചത്‌. അതേക്കുറിച്ച്‌ എ കെ ജി ഇങ്ങനെ എഴുതി: ‘‘അഴീക്കോടനിലുള്ള മറ്റൊരു ഗുണവിശേഷമാണ്‌ സമചിത്തതയോടെയുള്ള പെരുമാറ്റം. ഏ കൺതു വിഭാഗത്തിലുള്ളവരോടും അവരെ സംബന്ധിച്ചുള്ള സ്വന്തം ധാരണകൾ എന്തുതന്നെയായാലും ഏറ്റവും ക്ഷമയോടെയും സഹിഷ്‌ണുതയോടെയും പരസ്‌പര ബഹുമാനത്തോടെയും ഇടപെടാൻ അഴീക്കോടന്‌ കഴിഞ്ഞിട്ടുള്ളത്‌ അനിതരസാധാരണമായ ഈ കഴിവുകൊണ്ടാണ്‌. ഐക്യമുന്നണി പ്രവർത്തനത്തിന്റെ സൂത്രധാരനായി മാറാൻ അഴീക്കോടനെ സഹായിച്ചതും ഇതുതന്നെ. ചർച്ചകളിലും മറ്റു കാര്യങ്ങളിലും പങ്കെടുക്കുമ്പോഴും സഹപ്രവർത്തകരായ ഞങ്ങളിൽ പലർക്കും ചിലപ്പോൾ മനസ്സിലിരിക്കുന്ന അഭിപ്രായങ്ങൾ ഒതുക്കിവെക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അഴീക്കോടൻ സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി ആ വക കാര്യങ്ങളിൽ തികഞ്ഞ സംയമനം തന്നെ കാണിച്ചിരുന്നു. വിവിധ ചിന്താഗതിക്കാരും പ്രകൃതക്കാരുമായ മറ്റു പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൂട്ടിയിണക്കിക്കൊണ്ടു പോകുന്നതിൽ അസാമാന്യമായ കഴിവാണ്‌ അഴീക്കോടനുണ്ടായിരുന്നത്‌. ഈ ഗുണവിശേഷമാണ്‌ അഴീക്കോടനെപ്പോലൊരു സാധാരണക്കാരനെ അംഗീകരിക്കാൻ മറ്റു പ്രസ്ഥാനങ്ങളിലുള്ളവരെപ്പോലും നിർബന്ധിതരാക്കിയത്‌’’.

1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി തകർപ്പൻ വിജയം നേടിയതിനു പിന്നിൽ അഴീക്കോടന്റെ പ്രവധർത്തനങ്ങൾക്ക്‌ നിർണായകമായ പങ്കുണ്ടായിരുന്നു. കോൺഗ്രസ്‌ കേവലം 9 സീറ്റുമാത്രം നേടി ഒതുക്കപ്പെട്ട തിരഞ്ഞെടുപ്പും അതായിരുന്നു. മുന്നണിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ സർക്കാരിനെക്കൊണ്ട്‌ നിറവേറ്റിക്കുന്നതിൽ തികഞ്ഞ അവധാനതയും ഇടപെടലുമാണ്‌ കൺവീനർ എന്ന നിലയിൽ അദ്ദേഹം നടത്തിയത്‌.

കെഎസ്‌ആർടിസി എംപ്ലോയീസ്‌ യൂണിയൻ രൂപീകരിക്കുന്നതിൽ അഴീക്കോടന്റെ പങ്ക്‌ വലുതാണ്‌. 1969ൽ അദ്ദേഹം ഈ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം നവംബർ ഒന്നിന്‌ അധികാരത്തിൽ വന്ന അച്യുതമേനോൻ സർക്കാർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 1969 ഡിസംബർ 26ന്‌ 614 തൊഴിലാളികളെയാണ്‌ അങ്ങനെ പിരിച്ചുവിട്ടത്‌. കെ എം ജോർജ്‌ ആയിരുന്നു അന്ന്‌ ട്രാൻസ്‌പോർട്ട്‌ മന്ത്രി.

എന്നാൽ പിരിച്ചുവിട്ടതിന്റെ പിറ്റേദിവസം മുതൽ കേരളത്തിലെ 26 ട്രാൻസ്‌പോർട്ട്‌ സ്‌റ്റേഷനുകളിലും തൊഴിലാളികൾ സത്യാഗ്രഹം ആരംഭിച്ചു. തുടർന്ന്‌ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ നിരവധി വർഗബഹുജനസംഘടനകളും രംഗത്തുവന്നു. ഒരുദിവസത്തെ സൂചനാ പണിമുടക്ക്‌ എല്ലാവിഭാഗം തൊഴിലാളികളും നടത്തി. എംഎൽഎമാർ ആ ദിവസം നിരാഹാരസത്യാഗ്രഹം നടത്തി. ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംസ്ഥാനമൊട്ടാകെ നടന്നു.

ഒടുവിൽ സമരത്തിന്‌ മുന്പിൽ സർക്കാരിനു മുട്ടുമടക്കേണ്ടിവന്നു. ഇതൊരു തൊഴിൽതർക്കമായി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി. 614 തൊഴിലാളികളെ പിരിച്ചുവിട്ടത്‌ ശരിയോ തെറ്റോ എന്ന പ്രശ്‌നവും ബന്ധപ്പെട്ട കാര്യങ്ങളും സ്‌പെഷ്യൽ ട്രിബ്യൂണലിന്റെ തീരുമാനത്തിനു വിടാൻ സർക്കാരിന്‌ സമ്മതിക്കേണ്ടിവന്നു.

1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതു മുതൽ ആ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയിൽ അഴീക്കോടനുണ്ടായിരുന്നു.

1971 ഡിസംബർ ഒടുവിലും 1972 ജനുവരിയിലുമായി തലശ്ശേരിയിൽ നടന്ന വർഗീയകലാപത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ അഴീക്കോടൻ ധീരമായ നേതൃത്വമാണ്‌ നൽകിയത്‌.

സ്ഥാനമാനങ്ങളോട്‌ അൽപംപോലും താൽപര്യമില്ലാതിരുന്ന അഴീക്കോടൻ തിരഞ്ഞെടുപ്പുകളിലൊന്നിലും മത്സരിച്ചില്ല. പാർട്ടി സ്ഥാനാർഥികളുടെയും പാർട്ടി പിന്തുണയ്‌ക്കുന്ന സ്ഥാനാർഥികളുടെയും വിജയത്തിന്‌ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയവരിൽ ഒരാൾ അദ്ദേഹമായിരുന്നു.

മീനാക്ഷി ടീച്ചറാണ്‌ അഴീക്കോടന്റെ ജീവിതപങ്കാളി.
1973 ജൂലൈ രണ്ടിന്‌ അഴീക്കോടൻ വധക്കേസിന്റെ വിധി കോടതി പുറപ്പെടുവിച്ചു. ആറാംപ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു. ഒന്നുമുതൽ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഒന്നരവർഷംവീതം കഠിനതടവിനും ശിക്ഷിച്ചു.

കടപ്പാട്‌: അഴീക്കോടൻ സ്‌മാരക സുവനീർ
ഡോ. ചന്തവിള മുരളി എഴുതിയ അഴീക്കോടൻ രാഘവൻ: ജീവിതവും രാഷ്‌ട്രീയവും എന്ന പുസ്‌തകം. ചിന്ത പബ്ലിഷേഴ്‌സ്‌ ആണ്‌ ഇതിന്റെ പ്രസാധകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − six =

Most Popular