Sunday, May 19, 2024

ad

Homeപുസ്തകംകുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടാവുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടാവുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

പി ടി രാഹേഷ്

ദുബായ് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം പറയുമ്പോൾ, അപ്പൊ ദുബായ് ഇല്ലേ – എന്നു മറുപടി പറയുന്ന രംഗം ഓർമ്മ വന്നോ! കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടാകുന്നത് എന്ന് സാമാന്യം നാമെല്ലാവരും ധരിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പലരും ഇങ്ങനെ ചോദിക്കാറുണ്ട്. കുരങ്ങിൽ നിന്ന് മനുഷ്യനുണ്ടാവുന്നത് കണ്ടിട്ടുണ്ടോ എന്ന്, ഇപ്പോൾ ചോദിക്കുന്നത് നിസ്സാരക്കാരനല്ല കേട്ടോ, ഇന്ത്യയിലെ ഒരു കേന്ദ്രമന്ത്രിയാണ്. നിങ്ങൾ കാണാത്തതുകൊണ്ട് അങ്ങനെയൊന്നുമില്ല എന്ന് പറയാനാവുമോ? ഒരു കാര്യത്തെക്കുറിച്ച് ശരിയല്ലാത്ത രൂപത്തിൽ മനസ്സിലാക്കിയാൽ ഇങ്ങനെയൊക്കെ ചോദിക്കും, പറയും. തെറ്റായൊരു കാര്യം ഇല്ലെന്ന് ഇതിലൂടെ എളുപ്പത്തിൽ സമർത്ഥിക്കാനും, ശരിയായ കാര്യം മറച്ചുവെക്കാനും മാത്രമാണ് ഇത്തരം ചോദ്യങ്ങൾ കാലാകാലങ്ങളായി സഹായിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർ ജീവോൽപ്പത്തിയുടെ ശാസ്ത്രം അംഗീകരിക്കാതെ പുരാണങ്ങളിലുണ്ടെന്ന് വീമ്പുപറഞ്ഞു കൊണ്ടേയിരിക്കും.

പറഞ്ഞു വന്നത് പരിണാമത്തെക്കുറിച്ചാണ്. അതെ ഡാർവിന്റെ പരിണാമ സിദ്ധാന്തം. കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് ഡാർവിൻ പറഞ്ഞിട്ടേയില്ല. ഒരു കുരങ്ങച്ചൻ വലുതായി, വലുതായി നിവർന്നു നിവർന്ന് മനുഷ്യനാവുന്ന ഒരു കാർട്ടൂൺ ചിത്രം നിങ്ങളെല്ലാവരും കണ്ടിട്ടില്ലേ? ആരു വരച്ചതാണെന്ന് അറിയില്ല, പക്ഷേ അതാണ് പരിണാമ വളർച്ചയെന്നാണ് നാം തെറ്റിദ്ധരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇപ്പോൾ എന്താ ഈ കുരങ്ങന്മാർ ഒന്നും മനുഷ്യരാവാത്തത് എന്ന് ചില കുരങ്ങൻമാരെങ്കിലും ചോദിക്കുന്നത്!

ഉത്തരം അറിയണമെങ്കിൽ, കാര്യം മനസ്സിലായിട്ടില്ലെങ്കിൽ ഡാർവിനോട് തന്നെ ചോദിക്കണം. പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തത്തെ പടിയിറക്കി വിട്ടാൽ പിന്നെ ഡാർവിനോട് ചോദിക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കൃത്യമായ നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയുമാണ് ഡാർവിൻ നിഗമനങ്ങളിൽ എത്തിയത്. വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത ചിലർ പുസ്തകത്തിൽ നിന്ന് അതെല്ലാം എടുത്തു കളഞ്ഞാൽ പരിണാമ സത്യങ്ങൾ ഇല്ലാതാവില്ലല്ലോ. നൂറ്റാണ്ടുകളായി ആരെല്ലാം ശ്രമിച്ചു. എന്നിട്ടും മനുഷ്യ പരിണാമത്തിന്റെ അടിസ്ഥാന തത്വശാസ്ത്രമായി ഇന്നും ഡാർവിനിസം ഉയർന്നുനിൽക്കുന്നു. പരിണാമസിദ്ധാന്തം സ്കൂളിൽ പഠിച്ചവർ ഉൾപ്പടെ കുരങ്ങന്റെ പിന്നാലെയാണ്. പരീക്ഷയ്ക്ക് മാർക്കു കിട്ടാൻ വേണ്ടി മാത്രം പഠിച്ചവർ അങ്ങനെയാവുന്നതിൽ അത്ഭുതമൊന്നുമില്ല. കൂടുതൽ അറിയാൻ നാമൊട്ടു ശ്രമിച്ചതുമില്ല. ജീവചരിത്രത്തിന്റെ കൂടുതൽ കഥയറിയാൻ ഡാർവിനെ തേടിപ്പോയ കുട്ടിയുടെ കഥയാണ് ‘അമ്മൂന്റെ സ്വന്തം ഡാർവിൻ’. ഈ വായനോത്സവക്കാലത്ത് അമ്മുവിന്റൊപ്പം നമുക്കെല്ലാം ഡാർവിനെ കാണാൻ പോയാലോ?

വർത്തമാനകാലത്ത് ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഡാർവിനും ഒരുമിച്ച് യാത്രപോവുകയാണ്, അതെങ്ങനെ സാധിക്കുമെന്നല്ലേ ഇപ്പോൾ സംശയിക്കുന്നത്. ഡാർവിൻ ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് ഇ എൻ ഷീജ ടീച്ചറുടെ ‘അമ്മൂന്റെ സ്വന്തം ഡാർവിൻ’ എന്ന പുസ്തകം. പാഠപുസ്തകത്തിൽനിന്ന് പരിണാമത്തെ പടിയിറക്കുമ്പോൾ, ജീവപരിണാമത്തിന്റെ അന്വേഷണവുമായി, ഡാർവിന്റെ കൈപിടിച്ചു അറിവിന്റെ പടവുകൾ കയറുന്ന ഈ കുഞ്ഞു പുസ്തകം എല്ലാവരും വായിക്കേണ്ടതാണ്.

പരിണാമ സിദ്ധാന്തം പഠിച്ചാൽ അമ്മുവിനെ പോലെ തന്നെ ഡാർവിനൊപ്പം സഞ്ചരിച്ചുകൊണ്ട് ജീവജാലങ്ങളുടെയും മനുഷ്യന്റെയും ഉല്പത്തിയെക്കുറിച്ചും, ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിനെക്കുറിച്ചും എല്ലാ കുട്ടികളും അന്വേഷണങ്ങൾ നടത്തുമെന്നു തന്നെയാണ് ചിലരെ ബേജാറാക്കുന്നത്. പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്ന ഓരോ ക്ലാസ് മുറികളിലും സംഭവിക്കുന്നത്, നമുക്കെല്ലാം ജീവൻ നൽകിയ ഒരു സ്രഷ്ടാവിന്റെ കഥ സ്ഫടികപ്പാത്രം പോലെ വീണുടയുകയാണ്. മനുഷ്യൻ ഒരു സവിശേഷസൃഷ്ടിയല്ലെന്നും, മറ്റെല്ലാ ജീവികളെയും പോലെ പരിണമിച്ചുണ്ടായതാണെന്നും, രണ്ടു വംശങ്ങളായി വേർതിരിക്കാൻ പറ്റുന്നത്രപോലും ജനിതക വ്യത്യാസം മനുഷ്യർക്കിടയിലില്ലെന്നും, പുറമെ കാണുന്ന വ്യത്യാസങ്ങൾ സാമൂഹ്യവും പാരിസ്ഥിതികവുമാണെന്നുമുള്ള തിരിച്ചറിവുകളും പരിണാമപഠനം നൽകും. ഈ ബോധ്യമുള്ള കുട്ടിക്ക് ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാൻ സാധിക്കുകയില്ല. ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്നത് ഒരു പാട്ടിലെ വരിമാത്രമല്ല, ഒരു ശാസ്ത്രസത്യം കൂടിയാണെന്ന് കുട്ടികൾക്ക് ബോധ്യമാകും.

ശാസ്ത്രബോധവും ചരിത്രബോധവും പകർന്നു നൽകേണ്ട വിദ്യാഭ്യാസം ഇന്ത്യയിൽ കെട്ടുകഥകളും മിത്തുകളും പഠിപ്പിക്കാനുള്ളതായി മാറുകയാണ്. ത്രേതായുഗത്തിൽ മനുഷ്യൻ ഉണ്ടായിരുന്നു എന്ന കെട്ടുകഥയൊന്നും മനുഷ്യന്റെ ജീവോൽപ്പത്തിയെക്കുറിച്ച് പഠിച്ച കുട്ടിക്ക് ഉൾക്കൊള്ളാനാവില്ലെന്ന് അവർക്ക് നന്നായറിയാം. അപ്പോഴാണ് ഡാർവിന്റെ പ്രിയങ്കരിയായി മാറിയ അമ്മുവിന്റെ കഥ നാം വായിക്കുന്നതിലെ സമകാലിക പ്രസക്തി. അമ്മുവിനെ പോലെ എല്ലാവരും ഡാർവിന്റെ കുട്ടികളാവുകയല്ലാതെ ഇതിനെതിരെ മറ്റൊരു പ്രതിരോധ മാർഗ്ഗമില്ല.

ഡാർവിന്റെ പുസ്തകത്തിൽ നിന്ന് ‘ജോൺസ് സ്റ്റീവൻസ് ഹെൻസ് ലോ’ എന്ന, കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപകൻ അമ്മുവിന്റെ അടുത്തേക്ക് ഇറങ്ങിവരികയാണ്. അമ്മുവിനെ ഡാർവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് യാത്ര കൊണ്ടുപോകുന്നതും ഇദ്ദേഹമാണ്. അദ്ദേഹം കയ്യിൽ കെട്ടാൻ അമ്മുവിന് ഒരു വാച്ച് സമ്മാനിച്ചു. ഇംഗ്ലണ്ടിലെ ഷ്റൂസ്ബെറി എന്ന ഡാർവിന്റെ ജന്മസ്ഥലത്ത് എത്തിയതിനുശേഷം ആ വാച്ചിൽ ഇങ്ങനെ തെളിഞ്ഞു ‘1820′.

ഡാർവിന്റെ വീട്ടിലെത്തിയ അമ്മു ഡാർവിനെ അന്വേഷിക്കുകയായിരുന്നു. കുസൃതിക്കാനായ കുഞ്ഞു ഡാർവിൻ അവിടെ ഉണ്ടായിരുന്നില്ല. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പൂമ്പാറ്റയുടെ പിന്നാലെ പോയിട്ടുണ്ടാവുമെന്ന് ഡാർവിന്റെ അമ്മ പറഞ്ഞു. മുറിയിൽ നിറയെ കക്കകളും കല്ലുകളും നാണയങ്ങളും പ്രാണികളും; ഡാർവിന്റെ ശേഖരങ്ങൾ. ഡാർവിനെ കാണാൻ പോയ അമ്മു ആദ്യത്തെ തിരിച്ചുവരവിൽ അനിയനോട് വണ്ടിനെ പിടിച്ച കഥ പറഞ്ഞു കൊടുക്കുന്നുണ്ട്. പലതരം വണ്ടുകളെ കണ്ട ഡാർവിൻ ഓരോ കൈയിലായി രണ്ടുതരം വണ്ടുകളെ പിടിച്ചു. അപ്പോൾ അതാ മൂന്നാമതൊരു തരക്കാരൻ. എങ്ങനെ പിടിക്കും I ഡാർവിൻ ഒരു കൈയിലെ വണ്ടിനെ വായിലേക്കിട്ടു. മൂന്നാമത്തതിനെ പിടിച്ചു. വണ്ട് വായിൽ കിടന്ന് ഒരു കുത്ത്. തുപ്പാതെ വയ്യ, തുപ്പിയെങ്കിലും ഡാർവിൻ ശേഖരണം തുടർന്നുകൊണ്ടേയിരുന്നു. ഡാർവിന്റെ ബീഗിൾ യാത്രയും, ഗാലപ്പഗോസ് ദ്വീപുകളും, കാമാപാന കൊടുമുടിയും, നാം വായിച്ചറിഞ്ഞിട്ടുണ്ട്. അവിടെയെല്ലാം ഡാർവിനൊപ്പം സഞ്ചരിക്കുകയാണ് അമ്മു. ഗാലപ്പഗോസിലെ ഭീമൻ ആമയുടെ പുറത്തുകയറിയിരിക്കുന്ന ഡാർവിന്റെ വിശേഷങ്ങൾ നാം കേട്ടിട്ടുണ്ട്. ആ കൂറ്റൻ ആമയുടെ പുറത്തിരുന്ന് സഞ്ചരിക്കാൻ അത് കേട്ട കുട്ടികളെല്ലാം കൊതിച്ചിട്ടുണ്ടാവും’. ഈ ആമയോടാണ് നമ്മുടെ മുയൽ പന്തയം വെച്ചിരുന്നെങ്കിൽ എന്ന് അമ്മു ആലോചിച്ചു ചിരിച്ചു. ആമകളുടെയും ഇഗ്വാനകളുടെയും കുരുവിക്കൂട്ടങ്ങളുടെയും കങ്കാരുവിന്റെയും, ജിറാഫിന്റെയും, ആനകളുടെയുമെല്ലാം ജീവിത സാഹചര്യത്തിനനുനുസരിച്ചുള്ള പ്രത്യേകമായ കഴിവുകളും, വിശേഷങ്ങളുമെല്ലാം നിരന്തരമായ അന്വേഷണത്തിലൂടെ ഡാർവിൻ കണ്ടെത്തുന്നത് അമ്മുവും കണ്ടറിഞ്ഞു.

ഭൂമിയിൽ ജീവൻ ഉടലെടുത്തതിനെക്കുറിച്ചും ഇന്നു കാണുന്നതുപോലെ എണ്ണിയാലൊടുങ്ങാത്തത്ര ജീവജാതി വൈവിധ്യം പ്രകൃതി നിർദ്ധാരണത്തിലൂടെ ഭൂമി സ്വായത്തമാക്കിയതിനെക്കുറിച്ചുമുള്ള ശാസ്ത്രീയമായ തെളിവുകൾ നൽകിയ ഡാർവിൻ, അമ്മുവിന്റെ പ്രിയങ്കരനാവുന്നതുപോലെ അറിവു നിർമ്മിക്കുന്ന ഓരോ കുട്ടിക്കുമുള്ള ഊർജസ്രോതസ്സാണ്. രൂപംകൊണ്ടും, നിറംകൊണ്ടും ഭാഷ കൊണ്ടും മതവിശ്വാസങ്ങൾകൊണ്ടും, ജീവിതരീതികൾ കൊണ്ടും മനുഷ്യൻ വ്യത്യസ്തനാണ്. വിവിധ ഭൂഖണ്ഡത്തിൽ വസിക്കുന്ന വിഭിന്ന മനുഷ്യജാതികളെല്ലാം ഒരേ പൂർവികന്റെ പിന്മുറക്കാരാണെന്നും, മനുഷ്യരെല്ലാവരും ഒന്നുപോലയാണെന്നും ശാസ്ത്രം അടിവരയിട്ടു പറയുന്നത് ജീവപരിണാമത്തിന്റെ അടിത്തറയായ ഡാർവിനിസത്തിൽ ഊന്നിയാണ്. ‘നമ്മളൊന്നേ മാനവനൊന്നേ’ പാട്ടു പാടുമ്പോൾ പരിണാമസിദ്ധാന്തത്തിന്റെ പിൻബലത്തിലാണതെന്ന് ഇനിയെങ്കിലും ഓർക്കേണ്ടതുണ്ട്. പ്രാകൃതകാലത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ ഡാർവിനെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ പിൻബലമില്ലാതെ ആധുനിക മനുഷ്യനാവാനും, കൂടുതൽ മെച്ചപ്പെട്ട ലോകം സാധ്യമാക്കാനും നമുക്കാവില്ല. ഡാർവിന്റെ കൈപിടിച്ചല്ലാതെ മനുഷ്യവംശത്തിന് ജീവിതത്തെ പുതുക്കി പ്പണിയാനുമാവില്ല. പാഠപുസ്തകത്തിൽ നിന്ന് ഡാർവിൻ ഒഴിവാക്കപ്പെട്ടാലും, അറിവു നിർമ്മിക്കുന്ന കുട്ടികളുടെ പ്രിയങ്കരനായി ഡാർവിൻ എക്കാലത്തുമുണ്ടാവും. അന്വേഷണാത്മക പഠനത്തിനും നാമൊന്നാണെന്നുള്ള തിരിച്ചറിവിനും നമുക്കെല്ലാം ഡാർവിന്റെ കുട്ടികളാവാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − nine =

Most Popular