ഡൽഹിയിലെ അന്തർദേശീയ യൂണിവേഴ്സിറ്റിയായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു. സാർക്ക് (SAARC) സഹകരണത്തോടെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി അതിന്റെ ചട്ടപ്രകാരമാണ് അധ്യാപകരെ സസ്പെൻസ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അവിടെ നടന്ന വിദ്യാർഥി സമരത്തിൽ തങ്ങൾ ഇടപെട്ടതാണ് സസ്പെൻഷനു പിന്നിലെ കാരണമെന്ന് അധ്യാപകർ പറയുന്നു.
സ്കോളർഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആറുമാസംമുമ്പ് സമരം നടത്തിയിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഈ നാല് അധ്യാപകർ സർവകലാശാലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തത്.
നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിമാസ സ്റ്റൈപ്പൻഡുകൾ വെട്ടിക്കുറച്ചതിനെതിരെയാണ് വിദ്യാർഥികൾ സമരം നടത്തിയത്. ന്യൂഡൽഹിയിലെ അക്ബർ ഭവനിലെ അന്താരാഷ്ട്ര ക്യാമ്പസിനുള്ളിലേക്ക് സർവകലാശാലാ അധികൃതർ പോലീസിനെ വിളിച്ചുവരുത്തി അവിടെ സമരം നടത്തുകയായിരുന്ന വിദ്യാർഥികളെ തല്ലിച്ചതച്ചു. സമരം നടത്തിയവർക്ക് നോട്ടീസ് നൽകി. ചിലരെ പുറത്താക്കി, ചിലരെ സസ്പെൻസ് ചെയ്തു. വിദ്യാർഥികളെ ഈ നടപടി ശാരീരികവും മാനസികവുമായി സമ്മർദ്ദത്തിലാക്കി. വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട 11 അധ്യാപകരിൽ 4 പേരെ മാത്രം സസ്പെൻഡ് ചെയ്ത നടപടി സർവകലാശാലാ അധികൃതരുടെ പക്ഷപാതിത്വത്തെ തുറന്നുകാട്ടുന്നു.
സസ്പെൻഡ് ചെയ്യാനുള്ള കാരണമായി അധികൃതർ നൽകിയ കത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്: “വിദ്യാർഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭരണതലത്തിലെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തു. പ്രക്ഷോഭത്തിന് വിദ്യാർഥികളിൽ ദുഷ്പ്രേരണ ചെലുത്തി. കടമകൾ നിർവഹിക്കുന്നതിലും സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിലും പരാജയപ്പെട്ടു; മാർക്സിസ്‌റ്റ് സ്റ്റിഡിസർക്കിളുമായുള്ള ബന്ധം’’, സസ്പെൻഡ് ചെയ്യപ്പെട്ട നാല് അധ്യാപകരും വസ്തുതാന്വേഷണ കമ്മിറ്റി അംഗങ്ങൾക്കുന മുന്നിൽ ഹാജരായി റിപ്പോർട്ടിലെ 132 മുതൽ – 246 വരെയുള്ള ചോദ്യങ്ങൾക്ക് എഴുതി മറുപടി നൽകണമെന്നാണ് സർവകലാശാലാ ഭരണസമിതിയുടെ തീട്ടൂരം മാത്രവുമല്ല, നിയമവിരുദ്ധവും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതുമായ ഈ സസ്പെൻഷൻ ഉത്തരവിൽ, നടപടിയ്ക്കുവിധേയരായ അധ്യാപകർ ഒരു കാരണവശാലും സ്ഥലം വിട്ടു പോകരുതെന്നും ഓഫീസ് കമ്പ്യൂട്ടറുകളും അവരുടെ ഐഡന്റിറ്റി കാർഡുകളും തിരിച്ചേൽപ്പിക്കണമെന്നും അധികാരികൾ കർശന നിർദേശം നൽകിയിരുന്നു. യൂണിവേഴ്സിറ്റി അധികൃതരുടെ ഈ പ്രതികാര നടപടികളെ ജെ.എൻ യു ടീച്ചേഴ്സ് അസോസിയേഷൻ അപലപിച്ചു.
ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണത്തിന്റെയും കാവിവൽക്കരണത്തിന്റെയും നഗ്നമായ സ്വേച്ഛാധിപത്യത്തിന്റെയും പ്രകടരൂപമാണ് ഫാക്കൽറ്റി അംഗങ്ങൾക്കെതിരായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി അധികൃതരുടെ പ്രതികാര നടപടികൾ. വിദ്യാർഥികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനെതിരെ അവർ നടത്തിയ പ്രക്ഷോഭവും അതിന് ഒരു ചെറുന്യൂനപക്ഷമെങ്കിലും അധ്യാപകർ നൽകിയ പിന്തുണയും വരുംനാളുകളിലെ പോരാട്ടങ്ങൾക്ക് പ്രചോദനവും പ്രതീക്ഷയുമേകുന്നു. ♦