Saturday, July 27, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവജനത്തിളക്കം

പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവജനത്തിളക്കം

ഷുവജിത് സർക്കാർ

2023 ജൂലൈ മൂന്നിന് പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. 1977‐2000 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ ജന്മദിനം ആയതുകൊണ്ടുതന്നെ അത്‌ ചരിത്രപരമായ ഒരു ദിനം കൂടിയാണത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും ലോകത്തെ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു അദ്ദേഹം. ജ്യോതിബസുവിന്റെ ജന്മദിനത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനകീയ പഞ്ചായത്ത് രൂപീകരിക്കാൻ പശ്ചിമബംഗാളിലെ സിപിഐഎം സംസ്ഥാനഘടകം ഇത്തവണ ആഹ്വാനം ചെയ്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പും ജ്യോതിബസുവിന്റെ ജന്മദിനവും ഒരേദിവസമാണെന്ന ഈ യാദൃച്ഛികതയാണ് സംസ്ഥാനത്ത് മിക്കയിടത്തും സിപിഐഎം വിജയം നേടുമെന്ന് പ്രതിജ്ഞയെടുക്കാൻ സഖാക്കളോട് പാർട്ടി ആഹ്വാനം ചെയ്യാൻ പ്രചോദനമായത്. ഈ ആഹ്വാനം ഗൗരവമായി ഏറ്റെടുത്ത് സംസ്ഥാനമൊട്ടുക്കുള്ള സിപിഐഎം പ്രവർത്തകരും, ഇടതുപക്ഷപ്രവർത്തകരും അഴിമതിയിൽ മുങ്ങിക്കുളിച്ച തൃണമൂലിനെ പരാജയപ്പെടുത്തി വിജയം നേടുന്നതിനായി ശക്തമായി പോരാടുകയാണ്. 2018ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ മൂന്നിരട്ടി സ്ഥാനാർഥികളെ ഇത്തവണ സിപിഐഎം രംഗത്തിറക്കിയിരിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർഥികളെ നാമനിർദേശപത്രികപോലും സമർപ്പിക്കാനനുവദിക്കാതെ തൃണമൂൽ ക്രൂരമായി അടിച്ചമർത്തിയ വർഷമായിരുന്നു 2018. ഇത്തവണ സിപിഐഎമ്മും ഇടതുപക്ഷവും കോൺഗ്രസും ഐഎസ്എഫും ഒന്നുചേർന്ന് തൃണമൂലിനെ പരാജയപ്പെടുത്താൻ ഉറച്ചിരിക്കുകയാണ്. വർഗീയ അന്തരീക്ഷം നിലനിർത്തുന്നതിന്‌ ടിഎംസി ആഗ്രഹിക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ ടിഎംസി, ബിജെപിയെ പിന്തുണയ്ക്കുകയാണ്. തൃണമൂൽവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയും തൃണമൂലിനുള്ള മുസ്ലീം വോട്ടുകൾ ഉറപ്പാക്കുകയും ചെയ്യുകയെന്ന, രണ്ടും ചേർന്ന രീതിയാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും തൃണമൂലിന്റെ യഥാർഥ സ്വഭാവം നേരിട്ടു മനസിലാക്കിയതിന് ഈയടുത്തകാലത്ത് ഞാൻ സാക്ഷ്യം വഹിക്കുകയുണ്ടായി. ബിർഭൂമിലെ ബാഗ്‌ദോയിയിൽ നിരവധിപേരെ ജീവനോടെ ചുട്ടുകൊന്ന സംഭവങ്ങൾ (കൂടുതലും മുസ്ലീങ്ങളാണ്), വിദ്യാർഥിനേതാവ് അനിസ്‌ഖാനെ തൃണമൂൽ സർക്കാരിന്റെ പൊലീസ് കൊലപ്പെടുത്തിയത്, നിസാദ് സിദ്ദീഖിയെ (ഇടതുപക്ഷ പിന്തുണയുള്ള, പശ്ചിമബംഗാളിലെ ഭാംഗറിൽനിന്നുള്ള എംഎൽഎ) ആക്രമിച്ച് നിയമവിരുദ്ധമായി അറസ്റ്റുചെയ്തത്, ഇവയെല്ലാം സംസ്ഥാനത്തെ മുസ്ലീങ്ങളുടെ ഏകരക്ഷകനായി തിരഞ്ഞെടുപ്പിനുമുമ്പ് സ്വയം ചിത്രീകരിച്ച തൃണമൂലിനെക്കുറിച്ച് മുസ്ലീങ്ങൾ പുനർവിചിന്തനം നടത്താനിടയാക്കി. സംസ്ഥാനത്ത് ബിജെപിയുടേയും ആർഎസ്എസിന്റെയും വളർച്ചയ്ക്കുകാരണം തൃണമൂൽ കോൺഗ്രസാണെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ രക്ഷിക്കാനുള്ള ഏക പോംവഴി ഇടതുപക്ഷമാണ്. അനിസ്ഖാന്റെ ജ്യേഷ്ഠൻ അവരുടെ പഞ്ചായത്തിലെ സിപിഐഎം സ്ഥാനാർഥിയാണ്. രക്തസാക്ഷി അനിസ്ഖാന്റെ പിതാവ് സിപിഐഎമ്മിനനു വേണ്ടി ചുവരെഴുതുന്ന ചിത്രവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനനുകൂലമായി പ്രചരണം നടത്തുന്നതും ഫേസ്ബുക്കിൽ നാം കണ്ടതാണ്. ഇതൊരു പ്രധാനപ്പെട്ട സംഭവമാണെന്നും ഇവിടെനിന്നും പശ്ചിമബംഗാളിൽ ഇടതുപക്ഷം അനുകൂലമായ തിരിച്ചുവരവ് നടത്തുമെന്നും ബഹുഭൂരിപക്ഷമാളുകളും അഭിപ്രായപ്പെടുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മൂന്നുതലങ്ങളിലും ഒട്ടേറെ പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും ഇടതുപക്ഷം രംഗത്തിറക്കിയിട്ടുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും, മഹാമാരിക്കാലത്ത് റെഡ് വളണ്ടിയർമാരായി പ്രവർത്തിച്ച് തികച്ചും പുതുമുഖങ്ങളായവരും ഉണ്ട്. യുവജനത സിപിഐഎമ്മിനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നു. ഇനി ആർക്കും സിപിഐ എമ്മിനെ വൃദ്ധരുടെ പാർട്ടിയെന്ന് വിമർശിക്കാൻ കഴിയില്ല. പാർട്ടിയുടെ ബംഗാൾ ഘടകം പുതുമുഖങ്ങളെ ഉയർത്തിക്കൊണ്ടുവന്ന് നേതൃത്വനിരയിൽ നിർത്തുന്ന വിപ്ലവമാണിത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം പശ്ചിമ ബംഗാൾ ഘടകം പുതുമുഖങ്ങളെ അണിനിരത്തിയത് നാം സാക്ഷ്യം വഹിച്ചു. ഫലം നമുക്കനുകൂലമല്ലായിരുന്നെങ്കിലും പുതുമുഖങ്ങളെ അണിനിരത്തിയത് സാധാരണ ജനങ്ങളിൽ ആവേശത്തിന്റെയും വിശ്വാസ്യതയുടെയും ഒരു പുതിയ തരംഗമുണ്ടാക്കി. സിപിഐഎം തലനരച്ചവരുടെ പാർട്ടിയല്ലെന്ന് അവർ ചിന്തിച്ചു. അതിന്റെ ഫലമായി പുതുമുഖങ്ങൾ ഒരു വിഭാഗം സാധാരണക്കാരുടെ പിന്തുണനേടി. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ പുതുമുഖങ്ങളെ അണിനിരത്തി. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ മുഴുവൻ സമയപ്രവർത്തകരായി ഒരുകൂട്ടം പുതുമുഖങ്ങളെ പാർട്ടിക്ക് ലഭിച്ചു. അവരുടെ ഒരേയൊരു മുദ്രവാക്യം തൃണമൂൽ കോൺഗ്രസിനെ പുറത്താക്കി നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന അഴിമതിമുക്ത ജനകീയ പഞ്ചായത്ത് കെട്ടിപ്പടുക്കുക എന്നതാണ്.

പഞ്ചായത്ത് മുഖാന്തിരം പുതുമുഖങ്ങളുടെയും പുതിയ തലമുറയുടെയും ഒരു നവതരംഗമാണ് ഉയർന്നുവന്നിരിക്കുന്നത്. ഒരു പുതിയനിര കെട്ടിപ്പടുക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി എസ്.എഫ്.ഐ., ഡി.വൈ,എഫ്.ഐ പ്രസ്ഥാനങ്ങൾ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റിയാണ് നമ്മൾ സംസാരിക്കേണ്ടത്. ഈ പുതിയ യുവ ബ്രിഗേഡ്, മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകർഷിച്ചു. ഇത് സി.പി.ഐ എമ്മിന്റെ നല്ല നീക്കമാണെന്നു അവർ കരുതുന്നു. നിയമനത്തിലെ അഴിമതി, 100 തൊഴിൽദി നങ്ങൾ, ഗ്രാമങ്ങളിലെ സ്കൂൾ അടച്ചുപൂട്ടൽ തുടങ്ങി നീറുന്ന പ്രശ്നങ്ങൾക്കുപുറമേ വീട് വിതരണത്തിലെ അഴിമതിയും കൃഷിയധിഷ്ഠിത പ്രശ്നങ്ങളും ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുഖ്യവിഷയ ങ്ങളാകും. പുതുമുഖങ്ങളെ അണിനിരത്തുന്ന സി.പി.ഐ.എമ്മിന്റെ ഈ പുതിയ മുൻകൈ പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച ഫലം നൽകുമെന്നതും തീർച്ചയായും സമീപഭാവിയിൽ ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം ഇതിലൂടെ കെട്ടിപ്പടുക്കുമെന്നതും വ്യക്തമാണ്.

തൊഴിലിനായി ചെറുപ്പക്കാർ സംസ്ഥാന തലസ്ഥാനത്തിന്റെ തെരുവുകളിലും അതിനു തൊട്ടടുത്തുതന്നെയുള്ള സ്ഥലങ്ങളിൽ ഗവൺമെന്റ് ജീവനക്കാർ ഡി.എ ലഭിക്കുന്നത്തിനുവേണ്ടിയും കുത്തിയിരുപ്പുസമരം നടത്തുന്നു; ദേശീയ വിദ്യാഭ്യാസനയത്തിനും തൃണമൂൽ ഗവൺമെന്റ്‌ 8200 സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെയും വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലാണ്. ഈയൊരു സാഹചര്യത്തിൽ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു ചരിത്രമായി മാറും. തീർച്ചയായും വോട്ടർമാർ ഒരു മാറ്റം കൊണ്ടുവരും, ഈ ബാലറ്റ് വിപ്ലവത്തിൽ പുതുമുഖങ്ങൾ മികച്ച പങ്കുവഹിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു. സാധാരണക്കാരായ നിരവധിപേർ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്കവാറും എല്ലാ ബൂത്തുകളിലും ചെറുപ്പക്കാരുൾപ്പെടെയുള്ളവർ ഭരിക്കുന്ന പാർട്ടിയുടെ അടിച്ചമർത്തലിനെതിരെ ചെറുത്തു നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വശം. ചരിത്രപരമായ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിപ്ലവത്തിന്റെ പൂക്കൾ വിടരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 3 =

Most Popular