ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രത്യാശാവഹമായ സംഭവങ്ങളിൽ ഒന്നായിരുന്നു മധ്യ യൂറോപ്പിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ പാർട്ടികൾ ചൈനയിൽ ഒത്തുചേർന്നു എന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാർവദേശീയ വിഭാഗത്തിന്റെ മന്ത്രിയായ ലിയു ജിയാൻചാവോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ജൂണ് 2 നു നടന്ന ഈ സമ്മേളനത്തിന്റെ ഭാഗമായി ചൈനയിൽ എത്തിയ മധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ഇടതുപക്ഷ പാർട്ടികളിൽ എല്ലാംതന്നെ മാർക്സിസ്റ്റ് പാർട്ടികളായിരുന്നു എന്ന സന്തോഷവും ലിയു പങ്കുവയ്ക്കുന്നുണ്ട്. ഇരു വിഭാഗങ്ങളും നമ്മിൽ പ്രത്യയശാസ്ത്രപരമായ ചർച്ചകൾ ശക്തിപ്പെടുത്തും എന്നും അതത് രാജ്യങ്ങളിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സവിശേഷ സഹചര്യങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും കഥകൾ പങ്കുവെച്ചു എന്നും ലീയു പറയുന്നു. ഇരുവിഭാഗങ്ങളും പാർട്ടി കെട്ടിപ്പടുക്കുന്നതും ഭരണനിർവഹണം സംബന്ധിചുമുള്ള ചൈനയുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കും എന്നും അതത് രാജ്യങ്ങളിലെപ്രാദേശിക പശ്ചാത്തലങ്ങളിലേക്ക് മാർക്സിസത്തെ പ്രയോഗിക്കുന്നതിനും സോഷ്യലിസത്തിന്റെ പാതയിലേക്ക് നടന്നുനീങ്ങുന്നതിനുമുള്ള സഹായങ്ങളും ആശയപരമായ പിന്തുണയും ഈ രാജ്യങ്ങളിലെ മാർക്സിസ്റ്റ് പാർട്ടികൾക്ക് നൽകുമെന്നും ലീയു വ്യക്തമാക്കുന്നു. ഇരുവിഭാഗങ്ങളും ബഹുതല പ്ലാറ്റ്ഫോമുകളിൽ ഐക്യദാർഢ്യവും സഹകരണവും ശക്തിപ്പെടുത്തും എന്നും പൊതു താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ചൈനയും മധ്യ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമ്മർദ്ദങ്ങൾ തങ്ങളുടെ രാജ്യങ്ങളിൽ ചെലുത്തുമെന്നും ഈ പാർട്ടികൾ പറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ ഈ സന്ദർശനം സാമ്പത്തിക സാമൂഹിക സാംസ്കാരിക മേഖലകളിൽ ചൈന കൈവരിച്ച അതിവിപുലമായ നേട്ടങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് പൂർണ്ണമായ മുൻതൂക്കം നൽകിക്കൊണ്ട്, സോഷ്യലിസം സാധ്യമാകും എന്നും ഭാവി സോഷ്യലിന്റേതാണ് എന്നും വ്യക്തമാക്കിക്കൊണ്ട് ചൈന നേട്ടങ്ങളിൽ നിന്നും നേട്ടങ്ങളിലേക്ക് കുതിക്കുകയാണ് എന്ന് ഈ രാജ്യങ്ങലിലെ മാർക്സിസ്റ്റ് പാർട്ടികൾ പറയുന്നു. സമത്വത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ സോഷ്യലിസത്തിലേക്ക് നടന്നു നീങ്ങുന്ന ചൈന, മാനവരാശിയയാകെ അതിന്റെ ഭാഗമാക്കാൻ തയ്യാറാണ് എന്ന പ്രഖ്യാപനവും കൂടിയാണ് ഇത്തരം ഒത്തുചേരലുകളിൽനിന്ന് വ്യക്തമാവുന്നത്. ♦