Monday, September 9, 2024

ad

Homeരാജ്യങ്ങളിലൂടെകൊളമ്പിയയിൽ തൊഴിൽപിഷ്‌കരണ ബില്ലിന്‌ തിരിച്ചടി

കൊളമ്പിയയിൽ തൊഴിൽപിഷ്‌കരണ ബില്ലിന്‌ തിരിച്ചടി

ടിനു ജോർജ്‌

‘‘തൊഴിൽനിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിന്‌ തിരിച്ചടിയേറ്റത്‌ അതീവ ഗൗരവത്തോടെ കാണേണ്ട സംഭവമാണ്‌… തൊഴിലെടുത്ത്‌ ജീവിക്കുന്ന മനുഷ്യന്റെ ആത്മാഭിമാനത്തിനും അന്തസ്സിനുമെതിരെ മൂലധനാധിപന്മാരും മാധ്യമ ഉടമകളും കൊളമ്പിയയിലെ പാർലമെന്റിനെക്കൂടി തങ്ങൾക്കൊപ്പം ഒത്തുചേർക്കുന്നതിൽ വിജയിച്ചിരിക്കുന്നു. അടിമത്തത്തിൽനിന്നും തൊളിലാളികളെക്കൊണ്ട്‌ കൂടുതൽ സമയം പണിയെടുപ്പിക്കുന്നതിൽനിന്നും തൊളിൽരംഗത്തെ അസ്ഥിരതയിൽനിന്നുമാണ്‌ ലാഭമുണ്ടാക്കാനാകുന്നത്‌ എന്നാണ്‌ മൂലധനശക്തികൾ വിശ്വസിക്കുന്നത്‌. എന്നാൽ ഇപ്പോഴത്തെ ഗവൺമെന്റ്‌ മാറ്റത്തിനായി നിലകൊള്ളുന്ന ഗവൺമെന്റാണ്‌; അതുകൊണ്ട്‌ തൊഴിലെടുക്കുന്ന സ്‌ത്രീ‐പുരുഷന്മാരുടെ താൽപര്യങ്ങൾ ഈ ഗവൺമെന്റ്‌ ഒരിക്കലും കൈവിടില്ല’’. കൊളമ്പിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ ഗുസ്‌താവെ പെത്രോയുടെ വാക്കുകളാണിത്‌.

ജൂൺ 20നു ചേർന്ന കൊളന്പിയൻ കോൺഗ്രസിന്റെ (പാർലമെന്റ്‌) പ്രതിനിധിസഭയുടെ ഏഴാമത്‌ കമ്മീഷനു മുന്പാകെ ഇടതുപക്ഷ ഗവൺമെന്റ്‌ കൊണ്ടുവന്ന തൊഴിൽനിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ബില്ല്‌ നിരാകരിച്ചതിനെത്തുടർന്നാണ്‌ പ്രസിഡന്റ്‌ പെത്രോ ഇങ്ങനെ പ്രതികരിച്ചത്‌. ചർച്ച ചെയ്‌ത്‌ വോട്ടിനിട്ട്‌ തള്ളിക്കളയുകയായിരുന്നില്ല പാർലമെന്റ്‌ ചെയ്‌തത്‌; മറിച്ച്‌, നിയമനിർമാണസഭയുടെ ഒന്നാം സമ്മേളനത്തിന്റെ അവസാനദിവസം ചർച്ചചെയ്യാനായി അത്‌ മാറ്റിവെയ്‌ക്കുകയും ആ ദിവസം സഭയ്‌ക്ക്‌ യോഗം ചേരാനുള്ള ക്വാറം തികയാതിരിക്കത്തക്കവിധം വലതുപക്ഷ അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്‌ത്‌ ആ ബില്ല്‌ നിരാകരിക്കലിൽ എത്തിക്കുകയാണുണ്ടായത്‌. അതുകൊണ്ടാണ്‌ പാർലമെന്റിൽ നടന്നത്‌ ഒരു ‘‘നിശ്ശബ്ദ അട്ടിമറി’’യാണെന്ന്‌ ഇടതുപക്ഷ അംഗങ്ങൾ പറയുന്നത്‌.

ലോകത്തിലെ ഏതു തൊഴിൽനിയമ പരിഷ്‌കാരവും വിജയകരമായി നടന്നിട്ടുള്ളത്‌ തെരുവിൽ പൊരുതിയിട്ടുതന്നെയാണ്‌ എന്ന്‌ ഉറച്ച ശബ്ദത്തിൽ പ്രസിഡന്റ്‌ പെത്രോ പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്‌. തൊഴിലാളികൾക്ക്‌ മെച്ചപ്പെട്ട അവകാശങ്ങൾ ഉറപ്പാക്കുന്നതും തൊഴിൽസാഹചര്യങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതും, തൊഴിൽസമയം കുറയ്‌ക്കുന്നതിനും ഓവർടൈം വേതനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു നിർദ്ദിഷ്‌ട ബില്ല്‌. ഞായറാഴ്‌ചകളിലും അവധി ദിവസങ്ങളിലും ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്കുള്ള അവധി വേതനവും അന്യായമായി പിരിച്ചുവിട്ടാലുള്ള നഷ്ടപരിഹാരത്തുകയും വർധിപ്പിക്കാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. മുതലാളിമാരുടെ ലാഭത്തിൽ തെല്ലുപോലും കുറവു വരുത്തുന്ന ഒരു നിയമനിർമാണത്തിനും പാർലമെന്റിലെ വലതുപക്ഷകക്ഷികളിലെ അംഗങ്ങൾ തയ്യാറാകില്ലെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

തൊഴിൽനിയമത്തിനൊപ്പം ആരോഗ്യപരിചരണ നിയമവും പെൻഷൻ പരിഷ്‌കരണനിയമവും പെത്രോ ഗവൺമെന്റിന്റെ പരിഗണനയിലുള്ളതാണ്‌. ആ നിയമങ്ങളും പാസ്സാകാതിരിക്കാൻ അല്ലെങ്കിൽ അവ പാസ്സാകുന്നത്‌ പമാവധി നീട്ടിക്കൊണ്ടുപോകാൻ പാർലമെന്റിൽ ഭൂരിപക്ഷമുള്ള വലതുപക്ഷം എന്തു മാർഗമുപയോഗിച്ചും പരിശ്രമിക്കുമെന്നുറപ്പാണ്‌. എന്നാൽ അവയെക്കുറിച്ച്‌ ചർച്ച നടത്തി വേട്ടിനിടാൻ അവർ തയ്യാറല്ല. അങ്ങനെ ചെയ്‌താൽ ജനങ്ങളുടെ രോഷത്തിനു പാത്രമാകുമെന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ തങ്ങളുടെ യജമാനന്മാരായ മുതലാളിമാരുടെ ഇംഗിതങ്ങൾക്കനുസരിച്ച്‌ കള്ളക്കളി നടത്തി അതിനെ അട്ടിമറിക്കുകയാണിവർ. എന്നാൽ ഇക്കാര്യത്തിൽ അങ്ങനെയങ്ങ്‌ വിട്ടുകൊടുക്കാൻ ഇടതുപക്ഷവും തയ്യാറല്ല.

അതാണ്‌ പ്രസിഡന്റിന്റെ വാക്കുകൾ നൽകുന്ന സൂചന. മാത്രമല്ല, ഈ ബില്ല്‌ പാർലമെന്റിൽ അവതരിപ്പിച്ച പ്രതിനിധിസഭാംഗം മരിയ ഫെർണാണ്ടസ്‌ പറഞ്ഞത്‌, പാർലമെന്റിൽ ചർച്ചയും വോട്ടെടുപ്പും തടയുന്നതിനായി ഇപ്പോഴത്തെ പോലെ കള്ളക്കളി തുടരാനാണ്‌ വലതുപക്ഷത്തിന്റെ നീക്കമെങ്കിൽ അധികകാലം അതങ്ങനെ തുടരാൻ അവരെ അനുവദിക്കില്ല എന്നാണ്‌. വലതുപക്ഷത്തിന്റെ ഈ കള്ളിക്കളിയെ രാജ്യത്തെ തൊഴിലാളിവർഗം പൊളിച്ചടുക്കുകതന്നെ ചെയ്യുമെന്ന്‌ ഉറപ്പാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − four =

Most Popular