Friday, May 3, 2024

ad

Homeരാജ്യങ്ങളിലൂടെവെടിനിർത്തൽ: അട്ടിമറിസംഘങ്ങളുടെ പുനഃസംഘാടനത്തിനെന്ന്‌ സുഡാൻ കമ്യൂണിസ്റ്റ്‌ പാർടി

വെടിനിർത്തൽ: അട്ടിമറിസംഘങ്ങളുടെ പുനഃസംഘാടനത്തിനെന്ന്‌ സുഡാൻ കമ്യൂണിസ്റ്റ്‌ പാർടി

സിയ റോസ

സുഡാനിൽ രണ്ട്‌ സൈനികവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ, അതായത്‌ ആഭ്യന്തരയുദ്ധം ആരംഭിച്ചിട്ട്‌ ജൂൺ 15ന്‌ രണ്ടുമാസം പിന്നിട്ടിരിക്കുന്നു. സുഡാനീസ്‌ സായുധസേനയും (എസ്‌എഎഫ്‌) റാപ്പിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സ്‌ (ആർഎസ്‌എഫ്‌) എന്ന അർധസൈനിക വിഭാഗവും തമ്മിലാണ്‌ ഏറ്റുമുട്ടുന്നത്‌.

ഈ രണ്ടുമാസത്തിനിടയിൽ മൂവായിരത്തിലധികം ആളുകളാണ്‌ കൊല്ലപ്പെട്ടത്‌; ആറായിരത്തിലധികം ആളുകൾക്ക്‌ പരിക്കേറ്റു. ഈ കണക്ക്‌ പശ്ചിമ ദാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ജനീനയിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണ്‌. സമ്പൂർണ ഉപരോധത്തിൻ കീഴിലായ എൽ ജനീന നഗരത്തിൽനിന്ന്‌ വാർത്തകളൊന്നും പുറത്തുവരുന്നില്ല. ആ പ്രദേശത്ത്‌ ആശുപത്രികളൊന്നും പ്രവർത്തിക്കുന്നതുമില്ല. ദാർഫറിൽ ഉപരോധത്തിൽപെട്ടിട്ടുള്ള ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടന ജൂൺ 19ന്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരം 5000ത്തിലധികം ആളുകൾ ജൂൺ 12നകം കൊല്ലപ്പെട്ടിട്ടുണ്ട്‌.

എന്നാൽ മെയ്‌ 6 മുതൽ തന്നെ സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കയുടെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ ഇരു സൈനികവിഭാഗങ്ങളും തമ്മിൽ സമാധാന ചർച്ച നടക്കുന്നതായാണ്‌ പറയപ്പെടുന്നത്‌. ഈ ചർച്ചകളെത്തുടർന്ന്‌ ഒടുവിൽ ജൂൺ 18ന്‌ 72 മണിക്കൂർ നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല എന്നതാണ്‌ വാസ്‌തവം. സുഡാനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ വക്താവ്‌ ഫത്തി എൽഫദർ ഈ ചർച്ചകളെയും വെടിനിർത്തലിനെയും കുറിച്ച്‌ പ്രതികരിച്ചത്‌, പരസ്‌പരം പോരടിക്കുന്ന ഇരു സൈനിക വിഭാഗങ്ങൾക്കും തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള അവസരമായാണ്‌ വെടിനിർത്തലിനെ പ്രയോജനപ്പെടുത്തുന്നത്‌ എന്നാണ്‌. സാധാരണ ജനങ്ങൾക്ക്‌ ഈ വെടിനിർത്തൽകൊണ്ട്‌ ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. എന്നുമാത്രമല്ല സാധാരണക്കാരുടെ ജീവിതം ഓരോ താൽക്കാലിക വെടിനിർത്തലിനുശേഷവും കൂടുതൽ ദുസ്സഹമാവുകയാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്‌എഫിന്റെ പടയാളികൾ പ്രധാനമായും രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിലുള്ള അറബ്‌ സംസാരിക്കുന്ന നാടോടി ഗോത്രങ്ങളായതിനാൽ മധ്യ ആഫ്രിക്ക, നൈജർ തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നുള്ളവരെയും കൂടി ലഭിക്കുന്നതായാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ വക്താവ്‌ പറയുന്നത്‌. സുഡാന്റെ പല ഭാഗങ്ങളിൽനിന്നുള്ള ആഫ്രിക്കൻ ഗോത്രങ്ങളിൽനിന്നുള്ളവരാണ്‌ സൈന്യത്തിൽ (എസ്‌എഎഫ്‌) ഉള്ളത്‌. ജിദ്ദയിലെ ചർച്ചയിൽ സമാധാനം സ്ഥാപിക്കാനുള്ള നിർദേശങ്ങളൊന്നും ഉണ്ടാകില്ലായെന്നും കമ്യൂണിസ്റ്റ്‌ പാർടിയുടെ വക്താവ്‌ വ്യക്തമാക്കുന്നു. സമാധാനം സ്ഥാപിക്കണമെന്ന ലക്ഷ്യം അമേരിക്കയ്‌ക്കോ സൗദി അറേബ്യക്കോ ഇല്ല എന്നതാണ്‌ സത്യം.

തലസ്ഥാനമായ ഖാർത്തൂമിലെയും ഖാർത്തൂം ബാഹ്‌രി, ഓംദുർമാൻ എന്നീ അയൽനഗരങ്ങളിലെയും ജനവാസകേന്ദ്രങ്ങളിൽ എസ്‌എഎഫ്‌ വ്യോമാക്രമണം നടത്തുമ്പോൾ ആർഎസ്‌എഫ്‌ കരസേന ഈ പ്രദേശങ്ങളിൽ തന്നെ കൊള്ളയും കൊള്ളിവെയ്‌പ്പും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുകയും ജനങ്ങളുടെ വീടുകളും വസ്‌തുവകകളും പിടിച്ചെടുക്കുകയും ചെയ്യുന്നു. ഖാർത്തൂമിലെ പ്രധാന സാംസ്‌കാരികകേന്ദ്രവും ഗ്രന്ഥശാലയും പ്രസിദ്ധീകരണശാലയുമെല്ലാം സ്ഥിതിചെയ്യുന്ന അബ്‌ദൽ കരിം വെർഘാനി കൾച്ചറൽ സെന്റർ ആർഎസ്‌എഫുകാർ പിടിച്ചെടുത്ത്‌ തകർത്തു. സുഡാൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആസ്ഥാനവും മെയ്‌ 25ന്‌ ആർഎസ്‌എഫ്‌ ഇങ്ങനെ പിടിച്ചെടുത്തു. ജൂൺ 18നു മാത്രമേ കമ്യൂണിസ്‌റ്റ്‌ പാർടി അംഗങ്ങൾക്കും പ്രവർത്തകർക്കും തങ്ങളുടെ ഓഫീസിലേക്ക്‌ വീണ്ടും കടക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ ആ പ്രദേശമാകെ ഇപ്പോഴും ആർഎസ്‌എഫിന്റെ നിയന്ത്രണത്തിലാണ്‌. എസ്‌എഎഫ്‌ ആകട്ടെ ആ പ്രദേശങ്ങളിൽനിന്ന്‌ ഒഴിഞ്ഞുപോകാനാണ്‌ ജനങ്ങളോട്‌ ആവശ്യപ്പെടുന്നത്‌.

ഇതിനിടയിൽ ജൂൺ 14ന്‌ പശ്ചിമ ദാർഫറിലെ ഗവർണർ ഖാമിസ്‌ അബാക്കർ കൊല്ലപ്പെട്ടു. ഏപ്രിൽ 15ന്‌ രണ്ട്‌ സൈനികവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചശേഷം ഇതാദ്യമായാണ്‌ ഒരു ഉന്നത ഭരണാധികാരി കൊല്ലപ്പെടുന്നത്‌. ഈ കൊലപാതകത്തിനു പിന്നിൽ ആർഎസ്‌എഫാണെന്നാണ്‌ സിവിൽ സൊസൈറ്റി പ്രവർത്തകരും ഐക്യരാഷ്‌ട്രസഭയും എസ്‌എഎഫും ആരോപിക്കുന്നത്‌. എന്നാൽ ആർഎസ്‌എഫ്‌ പറയുന്നത്‌ ഗവർണറെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിച്ചപ്പോൾ ചിലർ അദ്ദേഹത്തെ തങ്ങളുടെ സംരക്ഷണവലയത്തിൽനിന്നും ‘‘തട്ടിക്കൊണ്ടുപോയി’’ എന്നാണ്‌.

അബാക്കർ 2003ൽ സുഡാൻ ഭരണകൂടത്തിനെതിരെ കലാപത്തിലേർപ്പെട്ട ദാർഫർകാരായ കർഷകജനതയുടെ സായുധസംഘങ്ങളിലൊന്നായ ജസ്റ്റീസ്‌ ആന്റ്‌ ഇക്വാളിറ്റി മൂവ്‌മെന്റിലെ (ജെഇഎം) അംഗമായിരുന്നു. ഒമർ അൽ ബഷീറിന്റെ ഇസ്കാമിസ്റ്റ്‌ സ്വേച്ഛാധപത്യവാഴ്‌ചയിൽ രാഷ്‌ട്രീയമായും സാമ്പത്തികമായും അരികുവൽക്കരിക്കപ്പെട്ട പ്രാദേശിക ആഫ്രിക്കൻ ഭാഷ സംസാരിക്കുന്ന, കൃഷി ഉപജീവനമാക്കിയ ഗോത്രങ്ങളാണ്‌ ഈ സംഘടനയിൽ ഉൾപ്പെട്ടവർ. ഇവരുടെ കലാപത്തെ നേരിടാൻ ഒമർ അൽബഷീറിന്റെ ഗവൺമെന്റ്‌ അറബ്‌ സംസാരിക്കുന്ന കാലിമേച്ചിൽകാരായ ഗോത്രവിഭാഗങ്ങളുടെ സായുധസംഘങ്ങൾക്ക്‌ രൂപംനൽകി സഹായിക്കുകയാണുണ്ടായത്‌. ജൻ ജാവീദ്‌ എന്നറിയപ്പെടുന്ന ഈ സായുധസംഘങ്ങൾ എസ്‌എഎഫ്‌ എന്ന ഔദ്യോഗിക സേനയുമായി ചേർന്ന്‌ ദാർഫർ പ്രദേശത്ത്‌ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആ കാലത്തെ ദാർഫർ പ്രദേശത്തെ സേനാ മേധാവിയായിരുന്നു ഇപ്പോഴത്തെ എസ്‌എഎഫ്‌ തലവനായ അബ്ദൽ ഫത്തല അൽ ബുർഹാൻ.

ആഭ്യന്തരയുദ്ധത്തിന്റെ ആദ്യ 5 വർഷത്തിനിടയിൽ 2008നകം രണ്ടുലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിൽ ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളാവുകയും ചെയ്‌തു. ഇതിനിടയിൽ ജൻ ജാവീദ്‌ സംഘങ്ങൾ ഒന്നിച്ചുചേർന്ന്‌ ഹെമേത്തി എന്നറിയപ്പെടുന്ന മൊഹമ്മദ്‌ ഹമദാൻ ഭാഗലൊയുടെ നേതൃത്വത്തിൽ 2013ൽ ആർഎസ്‌എഫ്‌ രൂപീകരിച്ചു. ഇതേത്തുടർന്ന്‌ ദാർഫറിലെ ഖനികളിലധികവും, പ്രത്യേകിച്ചും സ്വർണഖനികൾ, ഇയാളുടെ നിയന്ത്രണത്തിലായി. സുഡാനിലെ സ്വർണഖനികളിൽ അധികവും ദാർഫറിലാണ്‌. ആഫ്രിക്കയിൽ ഏറ്റവുമധികം സ്വർണനിക്ഷേപമുള്ള രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്ത്‌ സുഡാനാണുള്ളതെന്നും ഓർക്കുക. 2018 ഡിസംബറിൽ ആരംഭിച്ച സുഡാനെ ഇളക്കിമറിച്ച ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭത്തെത്തുടർന്ന്‌ 2019 ഏപ്രിൽ മാസത്തിൽ അധികാരമൊഴിയാൻ പ്രസിഡന്റ്‌ ബഷീർ നിർബന്ധിതനായി. എന്നാൽ ജനാധിപത്യഭരണം വരുന്നത്‌ തടയാൻ അയാൾ തന്റെ വിശ്വസ്‌തരായ എസ്‌എഎഫ്‌ മേധാവി ബുർഹാനും ആർഎസ്‌എഫ്‌ മേധാവി ഹെമേത്തിയും ഉൾപ്പെടുന്ന സൈനികസഖ്യത്തെ അധികാരമേൽപ്പിക്കുകയാണുണ്ടയത്‌. ബുർഹാൻ സൈനിക ഭരണകൂടത്തിന്റെ ചെയർമാനും ഹെമേത്തി വൈസ്‌ ചെയർമാനുമായി. 2019 ജൂൺ മൂന്നിന്‌ സൈനിക ആസ്ഥാനത്തിനു പുറത്ത്‌ ജനാധിപത്യത്തിനായി പ്രക്ഷോഭത്തിലേർപ്പെട്ട്‌ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്ത്‌ ആർഎസ്‌എഫ്‌ കൂട്ടക്കുരുതി നടത്തി. തുടർന്ന്‌ 2019 ആഗസ്‌തിൽ ചില വലതുപക്ഷകക്ഷികളുമായി ചേർന്ന്‌ ഈ സൈനികസഖ്യം കൂട്ടുകെട്ടുണ്ടാക്കി. അങ്ങനെ സിവിൽ‐സൈനിക സർക്കാർ എന്ന വിചിത്ര സംവിധാനം നിലവിൽവന്നു.

2020 ആഗസ്‌തിൽ ദാർഫറിലെ ജെഇഎം ഉൾപ്പെടെയുള്ള നിരവധി സായുധസംഘങ്ങൾ ജുബയിൽവെച്ച്‌ സമാധാന കരാറിൽ ഒപ്പുവച്ചു. എന്നാൽ ജുബാ കരാർ ഉണ്ടായിട്ടും ദാർഫറിൽ സമാധാനം സ്ഥാപിക്കാനായില്ല. കാരണം ലക്ഷക്കണക്കിനാളുകളാണ്‌ അറബ്‌ നാടോടി ഗോത്രങ്ങളുടെ ആക്രമണത്തെത്തുടർന്ന്‌ അഭയാർഥികളായി കഴിഞ്ഞിരുന്നത്‌. ഈ ആക്രമണങ്ങൾക്ക്‌ ആർഎസ്‌എഫ്‌ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഖാമിസ്‌ അബാക്കറിനെ പോലെയുള്ള ചിലർ 2021 ഒക്‌ടോബറിൽ ബുർഹാനും ഹെമേത്തിയും ചേർന്ന്‌ നടത്തിയ, സിവിൽ അധികാരികളെ പൂർണമായും ഇടക്കാല ഭരണത്തിൽനിന്നൊഴിവാക്കിയ സൈനിക അട്ടിമറിയെ പിന്തുണച്ച്‌ സംസ്ഥാന ഭരണത്തിൽ പങ്കുപറ്റുകയാണുണ്ടായത്‌. അങ്ങനെയാണ്‌ അയാൾ പശ്ചിമ ദാർഫറിലെ ഗവർണറായത്‌.

എന്നാൽ 2023 ഏപ്രിൽ 15ന്‌ എസ്‌എഎഫും ആർഎസ്‌എഫും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ സ്ഥിതി വീണ്ടും സങ്കീർണമായി. ആഫ്രിക്കൻ കാർഷിക ഗോത്രമായ മസാലിത്തിൽപെട്ട അബാക്കർ, ഹെമേത്തിയുമായി തെറ്റിപ്പിരിഞ്ഞു. ആർഎസ്‌എഫും അറബ്‌ സായുധസംഘങ്ങളും വീണ്ടും ‘‘വംശഹത്യ’’ നടത്തുകയാണെന്ന്‌ കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പ്‌ നടത്തിയ അഭിമുഖത്തിൽ അബാക്കർ ആരോപിച്ചു. ജുബാ സമാധാനകാർ പൊളിഞ്ഞുവെന്നതിന്റെയും അമേരിക്കൻ‐സൗദി മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ചർച്ചകൾ കൂടുതൽ ആക്രമണങ്ങൾക്ക്‌ തയ്യാറെടുക്കാനുള്ള ഇടവേള സൃഷ്ടിക്കലാണെന്നുമുള്ള കമ്യൂണിസ്റ്റ്‌ പാർടിയുടെ നിലപാട്‌ സാധൂകരിക്കുന്നതാണ്‌ അബാക്കറിന്റെ കൊലപാതകവും ഖർത്തൂമിൽ നടക്കുന്ന ആക്രമണങ്ങളും. കമ്യൂണിസ്‌റ്റ്‌ പാർടിയും മറ്റു ജനാധിപത്യശക്തികളും ജനാധിപത്യത്തിനായും ജനങ്ങളുടെ സുരക്ഷയ്‌ക്കായും സുഡാനിൽ സാധ്യമായ സ്ഥലങ്ങളിലെല്ലാം പ്രകടനങ്ങളും ജനകീയ കൂട്ടായ്‌മകളും സംഘടിപ്പിക്കുകയാണ്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular