Saturday, July 27, 2024

ad

Homeരാജ്യങ്ങളിലൂടെ"ആർത്തവത്തിനുമേൽ നികുതി ചുമത്തരുത്" - ഘാനയിൽ പ്രക്ഷോഭം

“ആർത്തവത്തിനുമേൽ നികുതി ചുമത്തരുത്” – ഘാനയിൽ പ്രക്ഷോഭം

ആര്യ ജിനദേവൻ

ഫ്രിക്കൻ രാജ്യമായ ഘാനയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളിലൊന്ന് ആർത്തവകാല ശുചിത്വോത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള നികുതി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ നടത്തിയ പ്രതിഷേധ പ്രകടനമാണ്. രാജ്യതലസ്ഥാനമായ അക്രയിലെ തെരുവിലൂടനീളം ‘എന്റെ ആർത്തവത്തിനുമേൽ നികുതി ചുമത്തരുത്’ എന്നെഴുതിയ പ്ലക്കാർഡുകളുമായി സോഷ്യലിസ്റ്റ് മൂവ്മെന്റ് ഓഫ് ഘാന (എസ്എംജി) എന്ന സംഘടനയുടെ വനിതാ വിഭാഗം എബിട്ടുമി, ഒബ്ബാസിമ എന്നീ എൻജിഒകളുമായി സഹകരിച്ചുകൊണ്ട് നടത്തിയ പ്രകടനം ഘാനയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ വലിയ പ്രതിഫലനങ്ങളാണ് ഉണ്ടാക്കിയത്. പ്രകടനം നടത്തിയ സ്ത്രീകൾ പാർലമെന്റിന് പരാതി നൽകുകയും ആർത്തവത്തെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങൾക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൊത്തത്തിൽ ദാരിദ്ര്യവും ജീവിത പ്രതിസന്ധിയും വർദ്ധിപ്പിച്ചു എന്നും അക്കൂട്ടത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട ചെലവുകൾ വർധിച്ചതും അടിയന്തര പരിഹാരം കാണേണ്ട ഒരു വിഷയമാണെന്നും സമരക്കാർ ഉന്നയിക്കുന്നു. ആർത്തവകാല ശുചിത്വോത്പന്നങ്ങൾക്കുമേൽ സർക്കാർ ചുമത്തുന്ന വമ്പിച്ച നികുതിക്കെതിരായി ഉയർന്നുവന്ന ജനരോഷത്തിന്റെ ഭാഗമായിരുന്നു ഈ പ്രകടനം.

സമീപകാലത്ത് നേരിട്ടതിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഘാന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ദൈനംദിന ജീവിതത്തെ അത്യന്തം പ്രതികൂലമായി ബാധിക്കുകയാണ്. അവശ്യസാധനങ്ങൾ പോലും വാങ്ങുന്നതിന് ഭൂരിപക്ഷം ജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്; ഇക്കൂട്ടത്തിൽ സ്ത്രീകളുടെ അവസ്ഥ ഏറ്റവും പരിതാപകരമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഘാനയിലെ റവന്യൂ അതോറിറ്റിയുടെ വാദമനുസരിച്ച് സാനിറ്ററി പാഡുകളും ടാമ്പണും അടക്കമുള്ള ആർത്തവകാല ശുചിത്വോത്പന്നങ്ങൾ ‘പൂർത്തിയാക്കപ്പെട്ട ചരക്കു’കളുടെ (finished goods) അഥവാ ‘അന്തിമ ഉപഭോഗ ചരക്കു’കളുടെ (final consumer goods) ലിസ്റ്റിലാണ് പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന് 20% ഇറക്കുമതിച്ചുങ്കവും ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ, അടിയന്തര സാമൂഹിക ചരക്കുകൾ എന്ന വിഭാഗത്തിൽ തരംതിരിക്കപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തപ്പെട്ടിട്ടില്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സാനിറ്ററി ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ അവയ്ക്ക് ഇറക്കുമതി ചുങ്കം ചുമത്തുന്നതിന് 12.5‐-15 ശതമാനത്തിനുമിടയ്‌ക്ക്‌ വാറ്റുനികുതിയും ഘാനയിലെ റവന്യൂ വകുപ്പ് ചുമത്തുന്നു. ഇത് കടുത്ത അനീതിയാണെന്നാണ് ഘാനയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ വനിതാ നേതാക്കൾ പറയുന്നത്. എന്തുതന്നെയായാലും, ലോകത്താകെ ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. കാരണം ലോക ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ആർത്തവം ഉള്ളവരാണ്. അതിൽ 50 കോടി സ്ത്രീകൾക്കാണ് ആർത്തവകാല ശുചിത്വോത്പന്നങ്ങൾ ലഭിക്കാതെ പോകുന്നത്. സാനിറ്ററി പാഡുകൾ താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്നും അവയ്ക്കുമേൽ ചുമത്തിയിട്ടുള്ള വിലസംബന്ധിയായ കടുത്ത ഭാരംമൂലം സ്ത്രീകൾ ദുരിതപൂർണമായ സാഹചര്യമാണ് നേരിടുന്നതെന്നും സമരക്കാർ എടുത്തുപറയുന്നു.

സാനിറ്ററി പാഡുകളും മറ്റും ഏറ്റവും അവശ്യസാധനങ്ങളുടെ പട്ടികയിൽ പെടുന്നതാണ് എന്നിരിക്കെ അത് ആ പട്ടികയിൽപെടുത്താതെ ഇറക്കുമതി ചുങ്കം അടക്കമുള്ള വിവിധ നികുതികൾ അതിനുമേൽ ചുമത്തിക്കൊണ്ട് സാധാരണ ജനങ്ങൾക്ക് താങ്ങാനാവാത്ത സ്ഥിതിയിലേക്ക് അതിന്റെ വില ഉയർത്തുന്ന റവന്യൂ വകുപ്പിന്റെ നിലപാടിൽനിന്നും വ്യക്തമാകുന്നത് ആർത്തവത്തോടും സ്ത്രീ പ്രശ്‌നത്തോടുമുള്ള ഘാനയിലെ ഗവൺമെന്റിന്റെ പിന്തിരിപ്പൻ സമീപനമാണ്. ഘാന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി അവിടുത്തെ ഭരണാധികാരികൾ കണ്ടിരിക്കുന്നത് ഐഎംഎഫിന്റെ വായ്‌പ വാങ്ങുന്നതിലാണ്‌; അവരുടെ മനുഷ്യത്വ വിരുദ്ധമായ എല്ലാവിധ നിബന്ധനകളും അംഗീകരിക്കുക എന്നതാണ്. അതിന്റെ ഭാഗമായി വിവിധ മേഖലകളിൽ ഗവൺമെന്റ് ചെലവുചുരുക്കൽ നടപടികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഐഎംഎഫ് ലോകരാജ്യങ്ങൾക്കുമേൽ ചുമത്തുന്ന ഈ ചെലവുചുരുക്കൽ നടപടികൾ ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള നിർണായക സേവന മേഖലകളിൽനിന്നും ഗവൺമെന്റിന്റെ ചെലവഴിക്കൽ നിർത്തലാക്കുന്നതിനുള്ള കുപ്രസിദ്ധമായ നടപടികളാണ് എന്നാണ് സോഷ്യലിസ്റ്റ് മൂവ്മെന്റ് ഓഫ് ഘാനയുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ മിഖായേല എർസ്കോഗ് പറയുന്നത്. മനുഷ്യത്വ വിരുദ്ധമായ നിബന്ധനകൾക്ക് ഗവൺമെന്റ് കീഴടങ്ങുന്നു എന്ന വിമർശനം രാജ്യത്തുടനീളം ജനങ്ങളിലുണ്ട്.

സ്ത്രീകളുടെ മാത്രം സ്വകാര്യമായ വിഷയം എന്ന നിലയ്ക്ക് ആർത്തവ ശുചിത്വത്തെ വിലകുറച്ചു കാണുന്ന പ്രവണത രാജ്യത്ത് വ്യാപകമായി ഉണ്ടെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിന് മാറ്റംവരുന്നില്ല എന്നത് ഏറെ പരിതാപകരമാണ് എന്നുമാണ് രാജ്യത്തെ സ്ത്രീസമൂഹം പറയുന്നത്. സ്ത്രീസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെപ്പോലെതന്നെ ആർത്തവ ശുചിത്വവും രാഷ്ട്രീയമായും സാമൂഹികമായും പൊതുജനാരോഗ്യ പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്. സമരത്തിൽ പങ്കെടുക്കുന്ന അഷി എന്ന സ്ത്രീ പറയുന്നത്, 14 സെഡിസ് (cedis) അഥവാ 88 പെസേവസ് (pesewas) ആണ് തങ്ങളുടെ മിനിമം കൂലിയെന്നും (ഏതാണ്ട് 1.88 ഡോളർ) ഒരു സാനിറ്ററി പാഡിന് 15 മുതൽ 40 സെഡിസ് വരെയാണ്‌ വില എന്നുമാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് രണ്ടു പാഡുകൾ ഉപയോഗിക്കണമെങ്കിൽ 70 മുതൽ 80 സെഡിസ് വരെ തുക ചെലവാക്കേണ്ടിവരുന്നു. ഇത് അവരുടെ വരുമാനത്തിന്റെ 20 മുതൽ 25 ശതമാനം വരെയാണ്. ഇതിന്റെയൊപ്പം വീട്ടുവാടക, മറ്റ് ദൈനംദിനാവശ്യങ്ങൾ, അവരെ ആശ്രയിച്ചു നിൽക്കുന്ന മറ്റു കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ എന്നിവയെല്ലാം കൂടിയാകുമ്പോൾ വലിയ ഭാരമാണ് ചുമക്കേണ്ടിവരുന്നത്. സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്ത പെൺകുട്ടികൾ സ്കൂളുകളിൽ പോകാതിരിക്കുകയാണ് ചെയ്യുന്നതെന്നും മിക്കവാറും സ്കൂളുകളിൽ പാഡുകൾ അപ്രാപ്യമാണ് എന്നതിനുപുറമേ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളോ വെള്ളമോ ഇല്ല എന്നും ഇപ്പോഴും സാനിറ്ററി പാഡുകൾ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പോലും രാജ്യത്തെ സ്കൂളുകളിൽ സർക്കാർ ലഭ്യമാക്കുന്നില്ല എന്നും ഇവർ വിമർശിക്കുന്നു. ആർത്തവം എന്ന വിഷയത്തെക്കുറിച്ച് പുരുഷന്മാർ സംസാരിക്കേണ്ടതേയില്ല എന്നുള്ള അത്യന്തം പുരുഷാധിപത്യപരവും സ്‌ത്രീകളെ അരുകുവൽക്കരിക്കുന്നതുമായ സമീപനത്തിനെതിരായും പ്രകടനത്തിൽ പങ്കെടുത്ത ധീരരായ സ്ത്രീകളുടെ സമരനിര പ്ലക്കാടുകൾ ഉയർത്തി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular