Friday, November 22, 2024

ad

Homeസിനിമരാഷ്ട്രത്തിന്റെയും ആഹ്ലാദത്തിന്റെയും പിളര്‍പ്പുകള്‍

രാഷ്ട്രത്തിന്റെയും ആഹ്ലാദത്തിന്റെയും പിളര്‍പ്പുകള്‍

ജി പി രാമചന്ദ്രന്‍

നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക വിനിമയ രീതികളും വാണിജ്യ സൂത്രങ്ങളും, ഇന്ത്യന്‍ രാഷ്ട്രനിര്‍മാണം/വിഘടനം എന്ന ആശയ- പ്രയോഗവൈരുദ്ധ്യങ്ങളോട്‌ എങ്ങനെയാണ് ചേര്‍ന്നു നില്‍ക്കുന്നത് എന്ന ആലോചന പല കാരണങ്ങളാല്‍ അനിവാര്യമായിരിക്കുന്നു. ഭൂപ്രദേശ യാഥാര്‍ത്ഥ്യവും ചരിത്ര/വര്‍ത്തമാന പരികല്‍പനകളും പൗരത്വ സങ്കല്‍പനങ്ങളും ചേര്‍ന്ന് രൂപീകരിക്കുന്ന ഇന്ത്യ എന്ന ഭാവനയെ ഇന്ത്യന്‍ സിനിമ എന്നു സാമാന്യേന വിളിക്കപ്പെടുന്ന സൗന്ദര്യ വ്യവഹാരവും വാണിജ്യ വ്യവസായവും എപ്രകാരമാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും ഇതേ ഇന്ത്യന്‍ സിനിമയില്‍, രാഷ്ട്രവും സംസ്‌കാരവും ദേശീയ-പ്രാദേശികതകളും പൗരത്വവും ലിംഗ-വംശ-വര്‍ഗ-മത-ജാതി-ഭാഷാ വൈവിധ്യങ്ങളും അവയുടെ ഉദ്ഗ്രഥനവും എപ്രകാരമാണ് അടയാളപ്പെടുത്തപ്പെടുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ ഇതു സംബന്ധമായി ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യന്‍ സിനിമയെന്ന പേരില്‍, രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ബോളിവുഡ് സിനിമയിലെ നോട്ടത്തിന്റെയും താദാത്മ്യവത്ക്കരണ (ഐഡന്റിഫിക്കേഷന്‍)ത്തിന്റെയും സ്ത്രീ ശരീര പ്രദര്‍ശനത്തിന്റെയും നടീനടന്മാരുടെ പ്രകട വംശീയതയുടെയും ചില സങ്കീര്‍ണതകള്‍ രാഷ്ട്രത്തെയെന്നതു പോലെ രാഷ്ട്രത്തെ ഏകോപിപ്പിക്കുന്ന ആഹ്ലാദത്തെയും നിര്‍ണയിക്കുകയും അതേസമയം പിളര്‍ത്തുകയും ചെയ്യുന്നുണ്ട്. നായികയുടെ തൊലിനിറവും മുഖ/ശരീരപ്രകൃതിയെക്കുറിച്ചുള്ള വാര്‍പ്പു മാതൃകകളും അതിലെ ഉള്‍പ്പെടുത്തലുകളും ഒഴിവാക്കലുകളും എന്നിങ്ങനെ ബോളിവുഡ് തുടര്‍ന്നു വരുന്ന ശീലങ്ങളെ അപനിര്‍മ്മിക്കുമ്പോള്‍ തെളിഞ്ഞു വരുന്നതും മേല്‍ക്കൈ നേടുന്നതും പുരുഷന്റെയും ഉത്തരേന്ത്യന്‍ ഹിന്ദു ദേശീയതയുടെയും അധികാര ബലതന്ത്രങ്ങളാണെന്നതാണ് വാസ്തവം. ബോളിവുഡ് കൂടി ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഉത്തരേന്ത്യന്‍ ഹിന്ദു പുരുഷന്‍ എന്ന ഈ പ്രതിനിധാനത്തെ ചോദ്യമുനയില്‍ നിര്‍ത്തിയതുകൊണ്ടാണ്, സാക്ഷി മാലിക്ക് അടക്കമുള്ള ഗുസ്തി താരങ്ങളുടെ സമരത്തെ നിര്‍ഭയ സമരത്തില്‍ ഉരുവം കൊണ്ടതു പോലുള്ള സിവില്‍ സമൂഹ-ആള്‍ക്കൂട്ടം പിന്തുണയ്‌ക്കാത്തത്.

സ്‌പോര്‍ട്‌സ് പ്രമേയമായി വരുന്ന സിനിമകള്‍ ബോളിവുഡിലും മറ്റിന്ത്യന്‍ ഭാഷാ സിനിമകളിലും ധാരാളമായി ഇറങ്ങുന്നുണ്ട്. ഇവയിലധികവും ബയോ പിക് എന്നു വിളിക്കാവുന്ന പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളെക്കുറിച്ചുള്ള ജീവചരിത്രാഖ്യായികകളാണ്. പാന്‍സിംഗ് തോമര്‍, എം എസ് ധോണി, മില്‍ക്കാ സിംഗ്, മേരി കോം എന്നിവരെക്കുറിച്ചുള്ള സിനിമകളെല്ലാം വന്‍ ഹിറ്റുകളായി മാറി. നാടകീയതകളും വാണിജ്യ താല്പര്യങ്ങളും രാജ്യസ്‌നേഹപ്രകടനങ്ങളും കൂട്ടിക്കുഴച്ച രീതിയാണ് ഇത്തരം സിനിമകളില്‍ പൊതുവേ പിന്തുടരുന്നത്.

കല്പിതകഥ ഇതിവൃത്തമായി സ്വീകരിച്ച് അശുതോഷ് മുഖര്‍ജി സംവിധാനം ചെയ്ത ലഗാന്‍ (2001), ഇന്ത്യക്കാരുടെ ഇഷ്ടവിനോദമായ ക്രിക്കറ്റിനെയും രാജ്യസ്‌നേഹത്തെയും സമര്‍ത്ഥമായി കൂട്ടിയിണക്കിയ സിനിമയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍, ഉത്തരേന്ത്യയിലെ ചമ്പാനീര്‍ എന്ന ഗ്രാമത്തില്‍ നടന്നതായി സങ്കല്‍പിക്കപ്പെടുന്ന കഥയാണ് ഇതിവൃത്തം. ബജ്‌റ കൃഷി ചെയ്തു ജീവിക്കുന്ന കൃഷീവലരായ ഗ്രാമീണരെ ഭരിക്കുന്നത്, ആനപ്പുറത്തെഴുന്നള്ളുന്ന നാട്ടുരാജാവും അയാളെ നിയന്ത്രിക്കുന്ന ഈസ്റ്റിന്ത്യാകമ്പനിയുടെ വെളുത്ത തമ്പ്രാക്കളും ചേര്‍ന്നാണ്. മൂന്നു വര്‍ഷം മഴ ചതിച്ചതിനെ തുടര്‍ന്ന് കടും ദുരിതത്തിലായ ഗ്രാമീണര്‍ സര്‍ക്കാരിലേക്കൊടുക്കാനുള്ള പാട്ടക്കരം (ലഗാന്‍) ഒഴിവാക്കിത്തരണമെന്ന അഭ്യര്‍ത്ഥനയുമായി അധികാരികളെ സമീപിക്കുന്നു. ഉദാരമതിയായ നാട്ടുരാജാവിന് കരമൊഴിവാക്കി പ്രജകളെ സഹായിക്കണമെന്നുണ്ടെങ്കിലും ക്രൂരനും പരപീഡകനുമായ ക്യാപ്റ്റന്‍ റസല്‍ അത് അനുവദിക്കുന്നില്ല. കരമൊഴിവാക്കാനായി റസല്‍ വെയ്ക്കുന്ന നിര്‍ദ്ദേശം കുറെക്കൂടി സങ്കീര്‍ണവും പ്രായേണ അസാധ്യവുമായ ഒന്നാണ്. അക്കാലത്തെ ബ്രിട്ടീഷുകാരുടെ ഇഷ്ടവിനോദമായ ക്രിക്കറ്റില്‍ ഏറ്റുമുട്ടി തങ്ങളെ തോല്‍പ്പിക്കാമെങ്കില്‍ കഴിഞ്ഞു പോയ മൂന്നു മാത്രമല്ല, അടുത്ത മൂന്നു വര്‍ഷം കൂടി കരമൊഴിവാക്കിത്തരാം. ഇല്ലെങ്കിലോ, മുന്‍കാല പ്രാബല്യത്തോടെ എല്ലാം പിടിച്ചെടുക്കുകയും ചെയ്യും. കരുത്തനും കൂര്‍മബുദ്ധിയുള്ളവനും സായിപ്പുമാരുടെ മൃഗയാ വിനോദത്തെ തടസ്സപ്പെടുത്തിയവനും ക്രിക്കറ്റിനെക്കുറിച്ച് പുച്ഛത്തോടെ അഭിപ്രായം പറഞ്ഞവനും – ഇത് നമ്മുടെ കുട്ടീം കോലും കളി തന്നല്ലേ – എന്നു പറയുന്നവനുമായ ഭുവന്‍ (അമീര്‍ ഖാന്‍) എന്ന ചെറുപ്പക്കാരനെ ചൂണ്ടിയാണ് റസല്‍ ഈ നിര്‍ദ്ദേശം വെയ്ക്കുന്നത്. അംഗീകരിക്കുന്നോ ഇല്ലയോ? ഗ്രാമീണ നിവേദക സംഘത്തിലെ മറ്റംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും വകവെക്കാതെ ഭുവന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. മൂന്നു മാസം പരിശീലനത്തിനുള്ള സമയം ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പരിശീലകനോ മറ്റു സഹായങ്ങളോ ലഭ്യമല്ല. റസലിന്റെ സഹോദരി എലിസബത്തിന് ഈ നടപടികള്‍ കണ്ട് മനസ്സലിയുകയും അവള്‍ രഹസ്യമായി ഭുവനെ സന്ധിച്ച് ക്രിക്കറ്റ് പരിശീലിപ്പിക്കുകയുമാണ്.

ബ്രിട്ടീഷുകാരന്റെ ഔദ്യോഗികവും ഉദാരവുമായ ചരിത്ര സമീപനത്തോട് ആദ്യമായി ഈ കെട്ടുകഥ രാജിയാവുന്നത് ഈ കഥാപരിണാമത്തിലൂടെയാണ്.ക്രൂരമനസ്‌കരും അധികാര മദം പിടിച്ചവരുമായ ബ്രിട്ടീഷുകാരുടെ ചെയ്തികളെ നിര്‍വീര്യമാക്കുന്നതിനു വേണ്ടി യഥാര്‍ത്ഥ ചരിത്രമെന്നവകാശപ്പെടുന്ന സിനിമകളിലെന്നതു പോലെ (ഗാന്ധി/റിച്ചാര്‍ഡ് അറ്റന്‍ബറോ, കാലാപാനി/പ്രിയദര്‍ശന്‍, 1921/ഐ വി ശശി) കെട്ടുകഥകളായ ലഗാനിലും സമാന സിനിമകളിലും ഇത്തരം ഉദാരമതികളും മാനവികവാദികളുമായ സായിപ്പന്മാരുടെയും മദാമ്മമാരുടെയും കഥാപാത്രങ്ങളെ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നത് പതിവാണ്. ഈ സമാന്തര പ്രകടനത്തിലൂടെ ഇന്ത്യക്കാരുടെ മനസ്സിന്റെ അടിത്തട്ടിലുറച്ചു പോയ കൊളോണിയല്‍ ദാസ്യമനോഭാവം സംതൃപ്തിയടയുകയും ചെയ്യുന്നു. യുക്തിപരമായി ഇത്തരമൊരു ട്വിസ്റ്റില്ലാതെ തന്നെ കഥയ്ക്ക് മുന്നോട്ടു പോകാനാവുമെന്നതാണ് രസകരം. ക്രിക്കറ്റ് പരിശീലനം പുരോഗമിക്കുന്നതിനിടയില്‍, ദേവ എന്ന സിഖ്‌ വംശജന്‍ അയല്‍ ഗ്രാമങ്ങളിലൊന്നില്‍ നിന്ന് കടന്നു വന്ന്; ‘യുദ്ധമെങ്കില്‍ യുദ്ധം, കളിയെങ്കില്‍ കളി, സായിപ്പിനെ തോല്‍പ്പിച്ചേ അടങ്ങൂ!’ എന്ന ആഹ്വാനത്തോടെ സംഘത്തില്‍ ചേരുന്നുണ്ട്‌. ഇയാള്‍ക്ക് ക്രിക്കറ്റ് കളി നേരത്തെ അറിയാം. അയാളോടൊത്തു ചേര്‍ന്ന് തനതായ പ്രതിരോധ മാര്‍ഗം കെട്ടിപ്പടുക്കുന്ന തദ്ദേശ വാസികളുടെ ചെറുത്തുനില്പ് ആവിഷ്‌ക്കരിച്ചാല്‍ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുന്നതോടൊപ്പം ന്യായീകരിച്ചെടുക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രം പ്രാവര്‍ത്തികമാകില്ലല്ലോ. ക്രിക്കറ്റു മാത്രമല്ല ഇംഗ്ലീഷ് ഭാഷയും നാം ബ്രിട്ടീഷുകാരില്‍ നിന്ന് പഠിച്ചതു തന്നെയാണ്. അല്ലാതെ സ്വയംഭൂ അല്ല എന്നത് നിഷേധിക്കാനാവില്ല. ഇംഗ്ലീഷ് ഭാഷാപരിചയത്തിലൂടെ ലോകത്തെ ആധുനിക നവോത്ഥാന- പുരോഗമന ജനാധിപത്യ ചിന്താഗതികള്‍ ഇന്ത്യയിലേക്ക് കടന്നു വന്നു എന്നതും ഈ വ്യാപനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നതും ചരിത്ര സത്യമാണ്. എന്നാല്‍ ഈ വിജ്ഞാന ലബ്ധിയെ ഇംഗ്ലീഷുകാരന്റെ ഉദാരമനസ്‌കതയായി കൊട്ടിഘോഷിക്കുന്നതില്‍ കഴമ്പില്ല. ഇന്ത്യക്കാരുടെ അന്വേഷണബുദ്ധിയും സ്വാതന്ത്ര്യബോധവും ആത്മാഭിമാന വാഞ്ഛയും തന്നെയാണ് സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഉള്‍പ്രേരണകള്‍. അടിസ്ഥാനപരമായ ഈ പ്രേരണയുടെ സഹായഘടകങ്ങള്‍ മാത്രമാണ് വിദേശത്തു നിന്ന് കടന്നു വന്ന പുതിയ ആശയഗതികളും പിന്തുണകളുമെല്ലാം. അത്തരം പിന്തുണയുടെ പ്രത്യക്ഷപ്രദര്‍ശനം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ ലഘൂകരിക്കാനുള്ള പില്‍ക്കാലതന്ത്രത്തിന്റെ ആവര്‍ത്തനങ്ങളാണ് ലഗാനിലെ കെട്ടിച്ചമയ്ക്കലുകള്‍.

ഭുവന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ ദേശി ക്രിക്കറ്റ് ടീം രൂപവത്ക്കരിക്കുന്നതും അവരുടെ കഠിന പരിശീലന-പ്രയത്‌നങ്ങളിലൂടെ ബ്രിട്ടീഷുകാരെ തോല്പിക്കുന്നതിന്റെ വിശദ ചിത്രീകരണവുമാണ് ചലച്ചിത്രത്തിന്റെ രണ്ടാം പകുതിയിലുള്ളത്. ഈ ക്രിക്കറ്റ് സംഘ രൂപവല്‍ക്കരണത്തിന്റെയും അവരുടെ ചെറുത്തുനില്പിന്റെയും ബിംബകല്‍പ്പനകളില്‍ സ്വാതന്ത്ര്യലബ്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യനവബോധത്തെ സ്വാധീനിച്ചിരുന്ന പ്രധാനപ്പെട്ട ജനപ്രിയ ഘടകങ്ങളൊക്കെ ഉള്‍പ്പെടുത്തുന്നുണ്ട്. മതമൈത്രി, അയിത്തോച്ചാടനം, കഠിനാധ്വാനം, ത്യാഗസഹനം എന്നിങ്ങനെ ഭാവിയെ പ്രകാശപൂര്‍ണവും സമാധാന സന്തുലനവുമാക്കി മാറ്റുന്നതിനുള്ള ആഹ്വാനങ്ങളായി ഈ ഒരുമ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്മായില്‍ എന്ന കളിമണ്‍ പാത്ര നിര്‍മ്മാണക്കാരനായ മുസ്ലിം വംശജന്‍; ദേവ എന്ന അയല്‍ഗ്രാമക്കാരനായ സിഖ്‌ വംശജന്‍; കച്ച്‌റ എന്ന തൂപ്പുവേലക്കാരനായ ദളിതന്‍ എന്നിവരൊക്കെ ഒന്നിച്ചു ചേരുന്ന കളിസംഘത്തില്‍ ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമായി മാറിയ ഒരു ഒത്തുകളിക്കാരനും നുഴഞ്ഞു കയറുന്നുണ്ട്.

ഇന്ത്യയിലെ ക്രിക്കറ്റിന്റെ ജനപ്രിയതയും വിശാലമായ അംഗീകാരവും കണക്കിലെടുത്തുകൊണ്ടുള്ള ഈ കഥാപരിചരണം കൗതുകകരമായിട്ടുണ്ട്. നാസികള്‍ക്കെതിരെ യുദ്ധത്തടവുകാര്‍ ഫുട്‌ബോള്‍ കളിച്ച് ജയിക്കുന്ന എസ്‌കേപ്പ് ടു വിക്ടറി (പെലെ അഭിനയിക്കുന്ന സിനിമയാണിത്) യില്‍ നിന്ന് ആശയചോരണം നടത്തിയതാണീ കഥാഭാഗം എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എസ്‌കേപ്പ് ടു വിക്ടറി തന്നെ സോള്‍ത്താന്‍ ഫാബ്രിയുടെ ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ന്റെ പകര്‍പ്പാണെന്നത് മറ്റൊരു കാര്യം.

സൊല്‍ത്താന്‍ ഫാബ്രിയുടെ “നരകത്തില്‍ രണ്ടു ഹാഫ്ടൈമുകള്‍” (ഹങ്കറി/1962/കറുപ്പും വെളുപ്പും/140 മിനുറ്റ്) എന്ന ചിത്രത്തില്‍, ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണുള്ളത്. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറയ്‌ക്കപ്പെട്ടിരിക്കുന്ന പട്ടിണിത്തടവുകാര്‍ക്ക് ബാക്കിയായത് അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിതത്തെക്കുറിച്ചും ഒക്കെയുള്ള നിറംമങ്ങിയ സ്വപ്നങ്ങള്‍ മാത്രം.

ഒരു ദിവസം പൊടുന്നനെ, മുന്‍ ദേശീയ ഫുട്ബാള്‍ ടീമംഗമായിരുന്ന ഡിയോ എന്ന തടവുകാരനെ കമാന്റര്‍ പ്രത്യേകമായി വിളിപ്പിക്കുന്നു. ഡിയോവിന് പരോളോ അതല്ലെങ്കില്‍ വിടുതലോ തന്നെ ലഭിച്ചേക്കും എന്ന തോന്നലാണ് സഹതടവുകാര്‍ക്കിടയിലുണ്ടാവുന്നത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് എത്തിക്കാനുള്ള സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ അവര്‍ പരക്കംപായുന്നു. എന്നാല്‍ പണി തടസ്സപ്പെടുത്തുന്ന അത്തരം അല്‍പാഹ്ലാദങ്ങള്‍ പെട്ടെന്നുതന്നെ അടിച്ചമര്‍ത്തപ്പെടുന്നു. എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരാവുക എന്ന് കഠിനമായ ഉത്തരവ് പ്രഖ്യാപിക്കപ്പെടുന്നു.

സൈനികാധിപനായ ഫര്‍ഹറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എന്തെങ്കിലും വിനോദവിരുന്ന് ഒരുക്കണമെന്നും അതിനായി പട്ടാളനാടക സംഘത്തിന് എത്താന്‍ സാധിക്കാത്തതുകൊണ്ട് ജര്‍മന്‍ പട്ടാളക്കാരുടെ സര്‍വീസസ് ടീമും തടവുകാരുടെ ഒരു ടീമും തമ്മിലുള്ള ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം എന്നും ഡിയോവിനെ അറിയിക്കുന്നു. പ്രൊഫഷണല്‍ കളിക്കാരനായ ഡിയോ വേണം തടവുകാരുടെ ടീമിനെ ഉണ്ടാക്കിയെടുക്കാനും നയിക്കാനും. ഡിയോവിന് ഈ അവസരം തന്റെ സ്വാതന്ത്ര്യത്തിനായി തുറന്നുകിട്ടുന്ന ഒരു വാതിലായി ഒരിട അനുഭവപ്പെടുന്നു. പക്ഷേ, തരംതാണതും അളവില്‍ വളരെ കുറഞ്ഞതുമായ ഭക്ഷണം മാത്രം അകത്താക്കുന്നതു കൊണ്ട് അസ്ഥികൂടങ്ങളായി പരിണമിച്ചുകഴിഞ്ഞ ജീവഛവങ്ങളെക്കൊണ്ട് ഫുട്ബോളൊന്നും കളിപ്പിക്കാനാവില്ലെന്ന് ഡിയോ മറുപടി പറയുന്നു. ഇത്തരം അനുസരണക്കേടുകള്‍ തടവറക്യാമ്പുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നിരിക്കെ ഡിയോവിന്റെ ആവലാതികള്‍ ആദ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. എന്നാല്‍ കാര്യം നടക്കണമെങ്കില്‍ ഡിയോവിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചേ മതിയാകൂ എന്നാകുമ്പോള്‍ അയാളുന്നയിച്ച രണ്ടാവശ്യങ്ങളും അംഗീകരിക്കപ്പെടുന്നു. കളിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ദൈനംദിനജോലികള്‍ എടുക്കേണ്ട ആവശ്യമില്ല. അതിനു പുറമെ അവര്‍ക്കാവശ്യമുള്ള വിധത്തില്‍ ഭക്ഷണ റേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇനിയെന്താണ് വേണ്ടത് എന്ന ചോദ്യത്തിന് ഡിയോ കൊടുക്കുന്ന മറുപടി ഒരു പന്ത് എന്നാണ്. അതനുസരിച്ച് അയാള്‍ക്ക് പന്ത് അനുവദിക്കപ്പെടുമ്പോള്‍ അയാളനുഭവിക്കുന്ന ഹര്‍ഷോന്മാദം അളവറ്റതാണ്. പന്തു ലഭിച്ച ഉടനെ എല്ലാം മറന്ന് അയാളത് മേലോട്ട് തട്ടിയും ഹെഡ് ചെയ്തും നിലത്തുവീഴ്ത്താതെ ഏറെ നേരം അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി കൈയടക്കം(കാലടക്കം) പ്രദര്‍ശിപ്പിക്കുന്നത് ആവേശകരമായ കാഴ്ചയാണ്. ഡിയോ ഓടിനടന്ന് ടീമിനെ തട്ടിക്കൂട്ടുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അയാള്‍ ഒരു യഥാര്‍ത്ഥ കളിക്കാരനായി പരിണമിക്കുന്നു. കഠിന പരിശ്രമങ്ങളിലൂടെ അസ്ഥികൂടങ്ങളില്‍ നിന്ന് നിലവാരമുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുന്നു. ഈ പതിനൊന്നു തടവുകാര്‍ അനുഭവിക്കുന്ന ആനന്ദവും ആത്മാഭിമാനവും മറ്റു തടവുകാരിലതുണ്ടാക്കുന്ന അസൂയയും സ്വയം അവരനുഭവിക്കുന്ന അവമതിപ്പും തമ്മിലുള്ള സംഘര്‍ഷം വികാരതീവ്രമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഡിയോവിന്റെ ടീമിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അവര്‍ ഒളിച്ചോടുന്നു. എന്നാലാ സ്വാതന്ത്ര്യം അധികം നീണ്ടുനിന്നില്ല. അവര്‍ പെട്ടെന്നു തന്നെ പിടിക്കപ്പെടുന്നു. പട്ടാളക്കോടതിയുടെ നിയമസംഹിത അനുസരിച്ച് അവര്‍ക്കെല്ലാം വധശിക്ഷയാണ് ലഭിക്കേണ്ടത്. എന്നാലങ്ങനെ സംഭവിക്കുന്നില്ല. കാരണം, ഫുട്ബാള്‍ മാച്ച് നടക്കണമല്ലോ! പക്ഷേ, കളി കഴിയുന്നതു വരെ മാത്രം നീട്ടിക്കിട്ടുന്ന തരം ജീവന്‍ തങ്ങള്‍ക്ക് വേണ്ടെന്ന് അവരെല്ലാവരും ഏക സ്വരത്തില്‍ പറയുകയാണ്. ഇതിനെ തുടര്‍ന്ന്, കമാണ്ടര്‍ക്ക് കളി നടക്കുന്നതിനു വേണ്ടിയെങ്കിലും അവര്‍ക്ക് ചെറിയ ശുഭാപ്തി വിശ്വാസം കൊടുക്കേണ്ടിവരുന്നു. കളി പൊരുതി ജയിക്കുക; നിങ്ങളുടെ ശിക്ഷയില്‍ എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കാം എന്നാണാ വാഗ്ദാനം.

കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട് തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത് ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്സിലിരുന്നാണ് കളി കാണുന്നത്. അയാള്‍ക്കിത് വെറുമൊരു നേരമ്പോക്ക്; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ് കളിക്കുന്നത്. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത് ജര്‍മന്‍ ടീമാണ്. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ് തങ്ങള്‍ക്ക് രക്ഷ കിട്ടുക എന്ന് നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്. പൊരിഞ്ഞുകളിച്ച് ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്പോര്‍ട്സ് വിരുദ്ധത ബോധ്യപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ് പിന്നീട് ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്കുമേല്‍ മേല്‍ക്കൈ നേടുകയുമാണ്. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത് തടവുകാരുടെ ടീമിലെ പതിനൊന്ന് കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡന സന്തോഷത്തിന്റേതു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ ചിത്രം കളി കണ്ടാനന്ദിക്കുന്ന എല്ലാവരുടെയും (നമ്മുടെയും) മാനസികാവസ്ഥയുടെ യുക്തിയെത്തന്നെയാണ് വിചാരണ ചെയ്യുന്നത്.

ഒത്തുകളിയിലൂടെ ക്രിക്കറ്റില്‍, പങ്കിലവും ദേശദ്രോഹപരവുമായ ഇടപെടലുകള്‍ നടത്തുന്ന പുതിയ കാലത്തെ കളിക്കാരെ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടും, പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അതിന്റെ മറവില്‍ ഇന്ത്യയിലെ സാധാരണ മുസ്ലിങ്ങളെ ദ്രോഹിക്കുന്ന കപട ദേശസ്‌നേഹവാദത്തെ അപ്രത്യക്ഷമാക്കിയും ആണ് ലഗാന്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയായത്. ഇന്ത്യയില്‍ ക്രിക്കറ്റ് വെറുമൊരു കളി മാത്രമല്ലെന്നും അതൊരു ജീവന്മരണപോരാട്ടമാണെന്നും എല്ലാവര്‍ക്കുമറിയാം. ഗവാസ്‌കറിനും അസ്ഹറുദ്ദിനും സച്ചിനും ധോണിക്കും മാത്രമല്ല, ബാല്‍താക്കറെക്കും ഉമാഭാരതിക്കും വരെ കളിക്കാനും കളിപ്പിക്കാനും കഴിയുന്ന ഈ കായിക-രാഷ്ട്രീയ-വാണിജ്യ വിനോദത്തെ ചലച്ചിത്രാഹ്ലാദത്തിന്റെയും ദേശീയ വികാരത്തിന്റെയും ആത്മാഭിമാനപ്രകടനത്തിന്റെയും ലക്ഷണമായി സമന്വയിപ്പിച്ചതിലൂടെയാണ് ലഗാന്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ദ്രുതഗതിയില്‍ സഞ്ചരിച്ചത്.

രാഷ്ട്രത്തിന്റെ യശസ്സ് പതിന്മടങ്ങ് ഉയര്‍ത്തിയ മേരി കോം എന്ന ബോക്സറുടെ വേഷം അവതരിപ്പിക്കാന്‍ ഹോളിവുഡ് നായികയുടെ വാര്‍പ്പുമാതൃകാ ശരീര/വ്യക്തിത്വമായ പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തതിലൂടെ ഇന്ത്യന്‍ സാംസ്ക്കാരിക/ദേശീയ പൗരത്വത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ മംഗ്ലോയിഡ് വംശക്കാരോട് ആജ്ഞാപിക്കുകയാണ് മേരി കോം (2014) എന്ന ചിത്രത്തിലൂടെ ബോളിവുഡ്ചെയ്തത്. അഞ്ചു തവണ ലോക അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ മേരി കോം, 2012 ഒളിമ്പിക്സില്‍ ഓട്ടുമെഡലും 2014ലെ ഏഷ്യാഡില്‍ സ്വര്‍ണമെഡലും നേടി. മണിപ്പൂരിലെ കോം എന്ന വിഭാഗത്തിലാണ് മേരി കോം ജനിച്ചത്. മെയ്ത്തി വിഭാഗത്തില്‍ പെട്ടവരും കുക്കി വിഭാഗത്തില്‍ പെട്ടവരും തമ്മിലുള്ള വംശീയ കലാപം മണിപ്പൂരിനെ കലുഷിതമാക്കിയിരിക്കുകയാണ്. കുക്കി മിസോ വിഭാഗങ്ങളോട് അടുത്തു നില്ക്കുന്ന വിഭാഗമാണ് കോം. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെടുന്ന വംശങ്ങളില്‍ പെട്ട മേരി കോം ആണ് രാഷ്ട്രത്തിന്റെ യശസ്സ് ആഗോളതലത്തില്‍ അനിര്‍വചനീയമായ വിധത്തില്‍ ഉയര്‍ത്തിയത് എന്നു സാരം.

മണിപ്പൂരില്‍ സ്ത്രീകള്‍ നേരിടുന്ന പ്രത്യേക മര്‍ദനാവസ്ഥയെക്കുറിച്ച് ബോധവതിയായ മേരി കോം, തന്റെ അക്കാദമിയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നു. ചുരാച്ചാന്ദ്പൂര്‍ ജില്ലയിലെ കംഗാതെയ് എന്ന ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച മേരി പഠനത്തില്‍ പിന്നോക്കമായിരുന്നു എന്നു മാത്രമല്ല, ബോക്സിംഗ് തെരഞ്ഞെടുത്തതില്‍ പിതാവില്‍ നിന്ന് എതിര്‍പ്പ് നേരിട്ടവളുമായിരുന്നു. 2005ല്‍ വിവാഹിതയായ മേരി ആദ്യം ഇരട്ടക്കുട്ടികള്‍ക്കും പിന്നീട് മൂന്നാമതൊരു കുഞ്ഞിനും ജന്മം നല്‍കി. അതിനെല്ലാം ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ അവര്‍, ഏഷ്യാഡ് സ്വര്‍ണത്തിനു ശേഷം വീണ്ടും തീവ്ര പ്രയത്നത്തിലാണ്. ഇന്ത്യയിലെ സ്പോര്‍ട്സ് അസോസിയേഷനുകളില്‍ സാമാന്യമായി നിലനില്‍ക്കുന്ന അവഗണനകളുടെയും കെടുകാര്യസ്ഥതകളുടെയും അഴിമതികളുടെയും പീഡനങ്ങള്‍ കൂടി അതിജീവിച്ചാണ് മേരി കോം വിജയങ്ങളിലേക്ക് കുതിച്ചത്.

ഗദ്ദര്‍, ഭഗത് സിംഗ്, സിംഗ് ഈസ് കിംഗ്, ലവ് ആജ്കല്‍, റോക്കറ്റ് സിംഗ്, ഭാഗ് മില്‍ക്കാ ഭാഗ് എന്നീ സിനിമകളിലൊക്കെയും നായക കഥാപാത്രം സിക്കുകാരാണ്. എന്നാലവരെയൊക്കെയും അവതരിപ്പിച്ചത് ബോളിവുഡ് മുഖ്യധാരാ നായകരായ സണ്ണി ഡിയോളും അജയ് ദേവ്ഗണും ഇംതിയാസ് അലിയും ഫര്‍ഹാന്‍ അഖ്തറും അടക്കമുള്ളവരാണ്. ഒരു സിക്കു നടന്‍ പോലും പരിഗണിക്കപ്പെട്ടില്ല. അതു പോലെ, ചിങ്കി എന്ന് ദില്ലിയിലും ഉത്തരേന്ത്യയിലും കളിയാക്കി വിളിക്കപ്പെടുന്ന വടക്കു കിഴക്കന്‍ ഇന്ത്യക്കാരിയായ ഒരു കായിക താരം, അന്താരാഷ്ട്ര മേളകളില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം കൊയ്തെടുത്തപ്പോഴും അവരെ സൗന്ദര്യത്തിന്റെയും ദേശീയതയുടെയും രാഷ്ട്രത്തിന്റെയും മുഖ്യ പ്രതിനിധാനമായി പരിഗണിക്കാന്‍ നാം വിസമ്മതിക്കുന്നു എന്നത് അത്യന്തം അപലപനീയമാണ്. അരുണാചല്‍ പ്രദേശിലെ ഭരണകക്ഷി എംഎല്‍എയുടെ മകനായിരുന്നിട്ടു കൂടി, നിഡോ താനിയാന്‍ വര്‍ണവെറിക്കാരായ മുഖ്യധാരാ ഇന്ത്യക്കാരാല്‍ ക്രൂരമായി കൊല്ലപ്പെട്ട നാടാണ് നമ്മുടേത് എന്നു കൂടി ഓര്‍ക്കുമ്പോള്‍ ഈ വിവേചനത്തിന്‍റെ ആഴം ബോധ്യപ്പെടും. ആര്യന്‍ മുഖ/ശരീര രീതിയില്ലാത്തവരും ഹിന്ദി ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരും ദില്ലിയില്‍ ആക്രമിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ജാതി, കുലം, ലിംഗം, വര്‍ഗം, പ്രദേശം, ഭാഷ, മതം എന്നിങ്ങനെയുള്ള എല്ലാ വൈജാത്യങ്ങള്‍ക്കുമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാവുന്ന ഒരു റിപ്പബ്ലിക്കായിരുന്നു ഇന്ത്യ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടത്. അതിന്ന് എവിടെ ചെന്നെത്തി നില്‍ക്കുന്നു? നമ്മുടെ ആധുനിക സമൂഹ നിര്‍മിതിയും രാഷ്ട്രനിര്‍മാണവും എല്ലാം പിഴച്ചു പോയോ? ജ്യോതിബ ഫൂലെയുടെയും അംബേദ്ക്കറിന്റെയുംടാഗോറിന്റെയും പെരിയാറിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യ ഇങ്ങനെ തന്നെയായിരിക്കുമോ ഇനിയുള്ള നാളുകളിലും? അരുണാചല്‍ പ്രദേശിലും മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും ആസാമിലും സിക്കിമിലും നാഗാലാൻഡിലും മേഘാലയയിലും ഉള്ള മനുഷ്യര്‍ക്ക് ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മിത്തുകളും പുരാണങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും മര്യാദകളും വേഷങ്ങളും ഭക്ഷണങ്ങളും ബന്ധങ്ങളും ഒന്നും ഇല്ലേ? അവയുടെ സവിശേഷതകള്‍ എപ്പോഴും പരിഹസിക്കപ്പെടാനുള്ളതാണോ? കാക്കി ധരിച്ചവര്‍ക്ക് ഇഷ്ടം പോലെ ബലാത്സംഗവും കൊലയും നടത്തുന്നതിനുതകുന്ന എ എഫ് എസ് പി എ 1958 പോലുള്ള നിയമങ്ങളുടെ പരിധിയിലാണ് മിക്കവാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇറോം ശര്‍മിളയുടെ സമരവും ആസാം റൈഫിള്‍ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ പരിപൂര്‍ണ നഗ്നരായ അമ്മമാര്‍ നടത്തിയ സമരവും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നാണിതൊക്കെയും തെളിയിക്കുന്നത്.

ഒരു സിക്കുകാരന് അയാളുടെ പരമ്പരാഗത വേഷഭൂഷാദികള്‍ ഒഴിവാക്കാതെ, ഒരു മുഖ്യധാരാ നായകനായി അഭിനയിക്കാനാവില്ല എന്നിരിക്കെ, സിക്കുകാരനായ കഥാപാത്രമായിപ്പോലും അയാള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നത് എത്രമാത്രം നിരാശാജനകമാണ്? സാധാരണ രീതിയിലുള്ള ഒരു ഹിന്ദി സിനിമയിലെ നായികാവേഷത്തില്‍ മംഗോളിയന്‍ വംശജയായ ഒരു നടി ഒരു കാരണവശാലും പരിഗണിക്കപ്പെടില്ല എന്നതുറപ്പാണ്. എന്നാല്‍; തീര്‍ത്തും അവികസിതമായ ഒരു മണിപ്പൂരി ഗ്രാമത്തില്‍ ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്നിട്ടും വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് ഇന്ത്യയുടെ പ്രശസ്തി ലോക കായിക ഭൂപടത്തില്‍ വാനോളം ഉയര്‍ത്താന്‍ പ്രയത്നിച്ച് വിജയം കൊയ്തെടുത്ത മേരി കോം, മംഗോളിയന്‍ വംശത്തില്‍ പെട്ടയാളാണ് എന്നതിനാല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം പോലും അവരോട് മുഖ/ശരീര സാമ്യമുള്ള ഒരു നടിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എത്രമാത്രം ക്രൂരമാണ്? ചിങ്കി എന്നാക്ഷേപിക്കപ്പെട്ട് ദില്ലിയില്‍ നിഡോ താനിയാന്‍ കൊല്ലപ്പെട്ടതു പോലെയും; എസ് എം എസ് പ്രചരിപ്പിച്ച് ബംഗളൂരുവില്‍ നിന്ന് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തി വടക്കു കിഴക്കന്‍ ഇന്ത്യക്കാരെ കൂട്ടമായി തിരിച്ചു പായിച്ചതും പോലുള്ള വര്‍ണവെറി തന്നെയാണ് മേരി കോമിന്റെ വേഷമവതരിപ്പിക്കാന്‍ പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തതു പോലുള്ള വികല പ്രതിനിധാന ധാര്‍ഷ്ട്യങ്ങളും എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എ എഫ് എസ് പി എ പോലുള്ള പ്രാകൃത നിയമങ്ങളുടെ പ്രത്യക്ഷ മര്‍ദനത്തിന്റെ സാംസ്‌കാരിക സമാന്തരമാണ് ഇത്തരം പ്രതിനിധാന അട്ടിമറികളും.

പ്രിയങ്ക ചോപ്രയെപ്പോലുള്ള മുഖ്യധാരാ ഹിന്ദി നടിക്കു പകരം, അറിയപ്പെടാത്ത മണിപ്പൂരി നടിയോ അതുമല്ലെങ്കില്‍ മേരി കോം തന്നെയോ ആണ് മേരി കോമായി അഭിനയിച്ചിരുന്നതെങ്കില്‍, ചിത്രം പച്ച തൊടില്ലായിരുന്നു എന്ന അഭിപ്രായവും ന്യായീകരണമായി പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ ആവശ്യമുള്ളവര്‍ ഡോക്കുമെന്ററിയോ മറ്റോ എടുത്തു തൃപ്തിപ്പെട്ടോട്ടെ എന്ന സൗമനസ്യവും ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നു. ഒരു മുഖ്യധാരാ സിനിമയുടെ ജനപ്രിയതയും ബോക്സ് ആഫീസ് വിജയവും, അതാത് കാലത്ത് നിലനില്‍ക്കുന്നതും പൊതുബോധത്തില്‍ മേധാവിത്തം പുലര്‍ത്തുന്നതുമായ രാഷ്ട്രീയ-ദേശീയ-വംശീയ മുന്‍ഗണനകളുടെ പ്രതിഫലനമാണെന്ന നിരീക്ഷണത്തെ ഒളിപ്പിച്ചുവെച്ചാണ് ഇത്തരം ന്യായീകരണങ്ങള്‍ പുറത്തെടുക്കപ്പെടുന്നത് എന്നതാണ് പരിഹാസ്യമായ കാര്യം.

മേരി കോം എന്നു മാത്രമല്ല, ഹിന്ദി സിനിമകളെല്ലാം തന്നെ മണിപ്പൂരില്‍ വിലക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തങ്ങള്‍ക്കു മേലുള്ള സാംസ്‌കാരിക അധിനിവേശം വര്‍ധിപ്പിക്കുമെന്ന ആരോപണത്തോടെ കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി മണിപ്പൂരിലെ തിയറ്ററുകളില്‍ ബോളിവുഡിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തീവ്രവാദികള്‍. തീവ്രവാദികളുടെ ഈ തീരുമാനത്തെ സാധൂകരിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണ്, മേരി കോം എന്ന പേരിലുള്ള ജീവചരിത്ര സിനിമയില്‍ നായികാവേഷമഭിനയിക്കുന്നതിന് വംശീയമായി അനുയോജ്യയല്ലാത്ത മുഖ്യധാരാ ആര്യന്‍/ഹിന്ദു ഗ്ലാമര്‍ താരത്തെ നിയോഗിക്കുന്ന ബോളിവുഡ് നടപടി. ഇന്ത്യക്കകത്ത് മറ്റിന്ത്യകള്‍ നിര്‍മിച്ചെടുക്കാനും പൊലിപ്പിച്ചെടുക്കാനുമുള്ള കച്ചവടയുക്തികളിലൂടെ കോടികള്‍ പെട്ടികളില്‍ നിറയുമ്പോള്‍ ഉടയുന്നതേതു രാഷ്ട്രം?

പാ രഞ്ജിത്തിന്റെ സിനിമയായ സാര്‍പ്പട്ടാ പരമ്പരൈ (2021); ചെന്നൈ നഗരത്തിലെ വടക്കന്‍ പ്രദേശത്താണ് (വടചെന്നൈ) അതിന്റെ ആഖ്യാനസ്ഥലത്തെ നിര്‍ണയിക്കുന്നത്. പുതുപ്പേട്ടൈ(സെല്‍വരാഘവന്‍), വടചെന്നൈ(വെട്രിമാരന്‍) തുടങ്ങിയ സിനിമകളും അതേ സ്ഥലത്തെയാണ് ആശ്രയിക്കുന്നതെങ്കിലും അവയെ അതിശയിച്ചു നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ കണ്ടെടുക്കുന്ന അപൂര്‍വതയാണ് സാര്‍പ്പട്ടാ പരമ്പരൈയിലുള്ളത്. പ്രാഥമികമായും തൊഴിലാളികളായ ജനങ്ങളുടെ ജീവിത രീതികളും ശൈലികളും കളികളുമാണ് സിനിമയുടെ അടിസ്ഥാനം. അവരില്‍ പല ജാതിക്കാരും പല മതക്കാരും രാഷ്ട്രീയക്കാരുമുണ്ട്. സാര്‍പ്പട്ട, ഇടിയപ്പാ എന്നിങ്ങനെ രണ്ടു സംഘ(പരമ്പരൈ/ക്ലാന്‍)ങ്ങളായി തിരിഞ്ഞ് അവര്‍ ബോക്സിംഗ് മത്സരത്തില്‍ വീറോടെയും വാശിയോടെയും ആത്മാഭിമാനത്തോടെയും ഏര്‍പ്പെടുന്നു. എഴുപതുകളിലെ കലുഷമായ നഗരജീവിതത്തെ; വിശദവും സൂക്ഷ്മവുമായ കലാ സംവിധാനത്തിലൂടെയും വസ്ത്ര ധാരണമികവിലൂടെയും പുനരാവിഷ്‌കരിക്കുന്ന പാ രഞ്ജിത്തിന്റെ കയ്യടക്കം ഏറെ ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥ അടക്കമുള്ള എഴുപതുകളിലെ രാഷ്ട്രഭ്രംശങ്ങളെ സാര്‍പ്പട്ടാ അടയാളപ്പെടുത്തുന്നു.

ഇതു നമ്പ കാലം (ഇതു നമ്മളുടെ കാലം) എന്നതു പോലുള്ള സംഭാഷണങ്ങള്‍ പാ രഞ്ജിത്തിന്റെ രാഷ്ട്രീയ സ്ഥൈര്യത്തെ രേഖപ്പെടുത്തുന്നു. വംശമെന്നതു പോലെ വര്‍ഗവും ഈ സിനിമയില്‍ പ്രധാനമാണ്. തൊഴിലാളി വര്‍ഗം ഒരു നഗരപ്രദേശത്തെയും അവിടത്തെ സാമാന്യ ജീവിതത്തെയും എത്ര ചടുലവും ജീവോത്സുകവുമാക്കുന്നുവെന്ന് സാര്‍പ്പട്ടാ പരമ്പരൈ സിനിമയിലുടനീളമുള്ള ഊര്‍ജ്ജസ്വലത കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റും കര്‍ണാടക ശാസ്ത്രീയ സംഗീതവും വ്യാകരണം കടുകിട തെറ്റാത്ത ഇംഗ്ലീഷും ഒക്കെയാണ് മദ്രാസ് എന്നാണ് ഉറപ്പിക്കപ്പെട്ട വിശ്വാസം. അതെല്ലാം മദ്രാസിന്റെ ബ്രാഹ്മണാലേഖനങ്ങളില്‍ വ്യക്തവുമാണ്. എന്നാല്‍ ആ ബ്രാഹ്മണ-മഹത്വവത്ക്കരണത്തില്‍ അദൃശ്യമാക്കപ്പെട്ട ദളിത്/തൊഴിലാളി ജീവിതത്തെയാണ് പാ രഞ്ജിത്ത് വീണ്ടെടുക്കുന്നത്. ബോക്സിംഗ് മാത്രമല്ല ഫുട്ബോളും കബഡിയും കളരി മുറകളുമെല്ലാം ചേര്‍ന്ന് തലമുറകളുടെ കായികാനന്ദ ചരിത്രം കൂടി മദ്രാസിനുണ്ടെന്നത് ഇനിയാര്‍ക്കും മറച്ചുവെക്കാനാവാത്ത വിധം ശബ്ദായമാനമായി സാര്‍പ്പട്ടാ പരമ്പരൈ തുറന്നിട്ട വാതായനങ്ങളിലൂടെ ചരിത്രം മാറ്റിയെഴുതപ്പെടുന്നു. വെട്രിമാരന്റെ ആടുകളത്തില്‍ നിന്ന് വ്യത്യസ്തമായി, ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രങ്ങള്‍ തൊഴിലാളി വര്‍ഗത്തില്‍ ലയിച്ചാണ് സാര്‍പ്പട്ടാ പരമ്പരൈയില്‍ സജീവമാകുന്നത്.

എതിര്‍ ക്ലബ്ബില്‍ നിന്നു മാത്രമല്ല, സ്വന്തം ക്ലബ്ബിനകത്തു നിന്നും കബിലന്‍ (ആര്യ) വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജാതിയും പാരമ്പര്യവുമെല്ലാമാണതിന്റെ കാരണങ്ങള്‍. അയാളുടെ കുടുംബവും അയാളുടെ കായികാഭിമുഖ്യത്തിനെതിരാണ്. അവരുടെ മുന്നനുഭവങ്ങള്‍ മുതല്‍, നിത്യ ജീവിത പ്രതിസന്ധികള്‍ വരെ അതിനവരെ പ്രേരിപ്പിക്കുന്നു. എനിക്ക് വിശക്കുന്നുണ്ട്, വേഗം ഇവിടേക്ക് വന്ന് എനിക്ക് ഭക്ഷണം താ എന്ന് കബിലന്റെ ഭാര്യയായ മാരിയമ്മ (ദുഷറാ വിജയന്‍) അവനോട് പറയുന്നതു പോലെ; സുതാര്യമായ നിത്യയാഥാര്‍ത്ഥ്യം സാര്‍പ്പട്ടായെ സത്യസന്ധമാക്കുന്നു. എന്റെ ആശയ വിശ്വാസങ്ങളുടെയും ചരിത്ര ധാരണകളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ഒരനുബന്ധമാണ് എന്റെ സിനിമ എന്ന പാ രഞ്ജിത്തിന്റെ ഉച്ചത്തിലുള്ള പ്രസ്താവന, സാര്‍പ്പട്ടാ പരമ്പരൈയിലൂടെ വീണ്ടും സാധൂകരിക്കപ്പെട്ടിരിക്കുന്നു.

ചക്ക്‌ദേ ഇന്ത്യ (ഹോക്കി), ഭാഗ് മില്‍ക്കാ സിംഗ് (അത്‌ലറ്റിക്‌സ്), ദംഗല്‍ (ഭാരോദ്വഹനം), ഗോള്‍ഡ് (ഹോക്കി), പാന്‍ സിംഗ് തോമാര്‍ (അത്‌ലറ്റിക്‌സ്), സൂര്‍മ (ഹോക്കി), സുല്‍ത്താന്‍ (ഭാരോദ്വഹനം), ബുദിയ സിംഗ് -ബോണ്‍ ടു റണ്‍ (അത്‌ലറ്റിക്‌സ്), സൈന (ബാഡ്മിന്റണ്‍), രശ്മി റോക്കറ്റ് (അത്‌ലറ്റിക്‌സ്), സാലാ ഖാദൂസ് (ബോക്‌സിംഗ്), മുഖാബാസ് (ബോക്‌സിംഗ്), തൂഫാന്‍ (ബോക്‌സിംഗ്), ഇഖ്ബാല്‍ (ക്രിക്കറ്റ്), പാട്യാല ഹൗസ്(ക്രിക്കറ്റ്), കൈ പോ ചേ (ക്രിക്കറ്റ്), അസ്ഹര്‍ (ക്രിക്കറ്റ്), എം എസ് ധോണി- ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി (ക്രിക്കറ്റ്), 83 (ക്രിക്കറ്റ്), ജെഴ്‌സി (ക്രിക്കറ്റ്), ശബാശ് മിത്തു (ക്രിക്കറ്റ്), ധന്‍ ധനാ ഗോള്‍ (ഫുട്‌ബോള്‍), ഝൂണ്ട് (ഫുട്‌ബോള്‍), പാംഗ (കബഡി), ബ്രദേഴ്‌സ്‌ (എംഎംഎ), തുള്‍സി ദാസ് ജൂനിയര്‍ (സ്‌നൂക്കര്‍), മൈ ബ്രദര്‍ നിഖില്‍ (നീന്തല്‍), എന്നിവയാണ് ഹിന്ദിയിലെ മറ്റ് പ്രമുഖ സ്‌പോര്‍ട്‌സ് സിനിമകള്‍.

മലയാളമടക്കം മറ്റു ഭാഷകളിലും കുറേ സ്‌പോര്‍ട്‌സ് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.
സ്‌പോര്‍ട്‌സിന്റെ സിനിമയിലെ ആലേഖനത്തെക്കുറിച്ചുള്ള ആലോചന, ലെനി റീഫണ്‍സ്റ്റാളിന്റെ ഒളിമ്പിയയെക്കുറിച്ച് പരാമര്‍ശിക്കാതെ അവസാനിപ്പിക്കാനാവില്ല.

1936ല്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്സ് കായിക മേളയുടെ ദൃശ്യവത്ക്കരണമായ ഒളിമ്പിയ ഭാഗം ഒന്ന് – രാഷ്ട്രങ്ങളുടെ ഉത്സവം, ഒളിമ്പിയ പാര്‍ട് രണ്ട് – സൗന്ദര്യത്തിന്റെ ഉത്സവം(1938-ജര്‍മനി) എന്നീ സിനിമകള്‍ ലോക സിനിമാ ചരിത്രത്തിന്റെയെന്നതു പോലെ സൗന്ദര്യത്തിന്റെ അപകടകരമായ രാഷ്ട്രീയ രൂപാന്തരീകരണത്തിന്റെയും നിതാന്ത പ്രതീകമാണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ ഔദ്യോഗിക ചലച്ചിത്രകാരി എന്നു തന്നെ അറിയപ്പെട്ടിരുന്ന ലെനി റീഫന്‍സ്റ്റാള്‍; അതിപ്രശസ്തവും വിവാദപൂര്‍ണവും അത്യപകടകരവുമായ ട്രയംഫ് ഓഫ് വില്‍ എന്ന ഡോക്കുമെന്ററിക്കു ശേഷം പൂര്‍ത്തിയാക്കിയതാണ് ഒളിമ്പിയ. തന്റെ അധികാരപരിധികള്‍ ലോകമാകെ വ്യാപിച്ച് ഭൂഗോളാധിപതിയായി ഹിറ്റ്ലര്‍ മാറിയേക്കുമെന്ന് കരുതപ്പെട്ടിരുന്ന കാലത്താണ്; 1936ല്‍ ലോകരാഷ്ട്രങ്ങള്‍ ഒളിമ്പിക്സിനായി ആ സ്വേഛാധിപതിയുടെ മൂക്കിനു കീഴില്‍ അണിനിരക്കുന്നത്. ലെനി റീഫന്‍സ്റ്റാള്‍ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നതു പോലെ ഗാഢമായ രാഷ്ട്രീയ അന്തര്‍ഗതങ്ങളാണ്, പ്രതിബിംബങ്ങളില്‍ അടയിരുന്നത്.

ആദ്യത്തെ സീക്വന്‍സില്‍ വ്യക്തമാക്കപ്പെടുന്ന; തകര്‍ന്നു ശിഥിലമായ റോമന്‍ വാസ്തുശില്‍പ പ്രകൃതിയിലൂടെ, ഒരിക്കല്‍ മഹോന്നതമായിരുന്ന സാംസ്‌കാരികരാഷ്ട്ര രൂപീകരണത്തിന്റെ സ്മരണകളിലേക്ക് നാം സഞ്ചരിക്കുന്നു. ഒരു കാഴ്ചബംഗ്ലാവില്‍, മനുഷ്യരൂപങ്ങളുടെ ശില്‍പങ്ങള്‍ പ്രദര്‍ശനത്തിനായി നിരത്തി സ്ഥാപിച്ചിരിക്കുന്നു. ക്യാമറ അവയുടെ രൂപ മനോഹാരിതകള്‍ ഒപ്പിയെടുത്ത് സഞ്ചരിക്കുന്നു. തുടര്‍ന്ന് കാണികളെ സ്തബ്‌ധരാക്കിക്കൊണ്ട്, ഒരു ശില്‍പത്തെ അനുകരിച്ചു നില്‍ക്കുന്ന ജീവനുള്ള ഒരു ജര്‍മന്‍ കായികപ്രതിഭയുടെ രൂപത്തിലേക്ക് ക്യാമറ അലിഞ്ഞു ചേരുന്നു. പിന്നെ, നിരവധി പുരുഷ-സ്ത്രീ കായികപ്രതിഭകള്‍; ഡിസ്കസ് ത്രോ എറിഞ്ഞും മറ്റുമായി വേഗങ്ങള്‍, ദൂരങ്ങള്‍, ഉയരങ്ങള്‍ കീഴടക്കുന്നു. റോമന്‍ അധികാരപൈതൃകം മൂന്നാം റീഷിലൂടെ തുടരുന്നുവെന്നാണ് ധ്വനിപ്പിക്കപ്പെടുന്നത്.

ജര്‍മന്‍ വംശീയതയുടെ പവിത്രതയും മേന്മയും ഉയര്‍ത്തിക്കാട്ടുക എന്ന നാസി പ്രത്യയശാസ്ത്ര പ്രചാരണത്തിനു വേണ്ടിയിട്ടു കൂടിയാണ് ഈ സീക്വന്‍സ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീര സാധ്യതകളുടെ പരമോന്നതമായ അവസ്ഥയാണ് ജര്‍മന്‍ മനുഷ്യരൂപം എന്ന സിദ്ധാന്തമാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്. എന്നാല്‍, വിഷയീഭവിക്കപ്പെടുന്ന ശരീരത്തിന്റെ മുഖം ഒരിക്കലും ലെനി റീഫന്‍സ്റ്റാള്‍ വ്യക്തമാക്കുന്നില്ല. ഒറ്റയൊറ്റ മനുഷ്യശരീരത്തിന് പ്രത്യേക സ്വത്വവും സവിശേഷതയുമില്ല എന്നാണ് ഒളിമ്പിക്സ് അര്‍ത്ഥമാക്കുന്നത് എന്നും വ്യാഖ്യാനിക്കാം. ഒരാള്‍ അയാള്‍ക്കു മുന്നിലേക്കു കടന്നുവരുന്ന ഏതു തടസ്സങ്ങളും മറികടക്കാന്‍ നിയോഗിക്കപ്പെടുന്നു; അതോടൊപ്പം, അഥവാ അതിലുപരി അയാള്‍ മറ്റു സമാന ശരീരങ്ങളോടൊപ്പം ഒരു സാംസ്‌കാരിക യൂണിറ്റിലേക്ക് ഏകീഭവിക്കുന്നു. വ്യക്തികള്‍ എന്ന നിലക്കല്ല അവരുടെ വിജയങ്ങള്‍ ആഘോഷിക്കപ്പെടുന്നത്; അവര്‍ ഏതു രാഷ്ട്രത്തെ പരാജയപ്പെടുത്തി എന്നതിന്റെ പേരിലാണ്.

പ്രസിഡണ്ട് ഹിറ്റ്ലറുടെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട്, ലോകരാഷ്ട്രങ്ങളുടെ പതാകയുമേന്തി, അത്ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുന്നത് തുടര്‍ന്നു കാണാം. ചിലര്‍ പേടിയോടെ, ചിലര്‍ വിധേയത്വത്തോടെ, ചിലര്‍ സന്തോഷത്തോടെ, ചിലര്‍ പുച്ഛത്തോടെ അങ്ങിനെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് അത്ലറ്റുകളുടെ മുഖങ്ങളിലുള്ളത്. അവരുടെ മുഖഭാവങ്ങളില്‍ നിന്നും കണ്ണുകളുടെ ചലനങ്ങളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും അന്നത്തെ ലോകരാഷ്ട്രീയം വായിച്ചെടുക്കാം എന്നു ചുരുക്കം. രണ്ടാം ലോക യുദ്ധത്തിന്റെ കാറും കോളും ഉരുണ്ടുകൂടിക്കൊണ്ടിരുന്ന മൂടിയ ഒരു മാനമായിരുന്നു എല്ലാത്തിന്റെയും പശ്ചാത്തലം.

തുടര്‍ന്ന്, കായികമത്സരങ്ങളുടെ ചലച്ചിത്രവത്ക്കരണമാണ്. ഏറ്റവും കൗതുകകരമായ കാര്യം, ലെനി റീഫണ്‍സ്റ്റാള്‍ ചിത്രീകരിച്ചതെപ്രകാരമാണോ അതേ വിധത്തിലാണ് പില്‍ക്കാലത്ത് എപ്പോഴും ഒളിമ്പിക്സ് ചിത്രീകരിച്ചു കൊണ്ടേയിരുന്നത് എന്നാണ്. ട്രാക്കിംഗ് ക്യാമറകള്‍ എവിടെയാണ് വെക്കേണ്ടതെന്നും ഏതിലൂടെയാണ് നീക്കേണ്ടതെന്നും എല്ലാമുള്ള നിയമങ്ങള്‍ വരെ ലെനി എഴുതിവെച്ചിരുന്നു എന്നു തോന്നിപ്പോവുന്നത്ര സൂക്ഷ്മതയോടെയാണ് പില്‍ക്കാലത്ത് സകലരും അവരെ അനുകരിച്ചത്. അതിസമീപ ക്ലോസപ്പുകള്‍, സങ്കീര്‍ണമായ അടയാള(ട്രേസിംഗ്)ഷോട്ടുകള്‍, വെള്ളത്തിനടിയില്‍ നിന്നെടുക്കുന്ന അതിശയിക്കുന്ന ഷോട്ടുകള്‍ എന്നിവക്കെല്ലാം തുടക്കം കുറിച്ചത് ഒളിമ്പിയയാണ്. അന്ത്യഭാഗത്തെ നാലു മിനിറ്റു നീണ്ടു നില്‍ക്കുന്ന സീക്വന്‍സ് അതിവിദഗ്ദ്ധമായ എഡിറ്റിംഗിലൂടെയാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. ചലനത്തിന്റെയും കാഴ്ചയുടെയും അപൂര്‍വമായ ഈ സമ്മേളനം ലോക സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.

ഉദ്ദേശിക്കപ്പെട്ട ഹീറോയായിരുന്ന ഹിറ്റ്ലറെ നിഷ്പ്രഭനാക്കി, കറുത്ത ഹീറോയായ ജെസ്സി ഓവന്‍സ് ഒളിമ്പിയയുടെ യഥാര്‍ത്ഥ ഹീറോയായി പരിണമിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ സവിശേഷത. പരിശുദ്ധിയുടെയും മേന്മയുടെയും എല്ലാ സിദ്ധാന്തങ്ങളെയും കൊട്ടിഘോഷിപ്പുകളെയും ഈ കറുത്ത ഹീറോ വലിച്ചു കീറിക്കളയുന്നു. ചരിത്രം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം എന്നിവയുടെ എല്ലാ വൈരുദ്ധ്യങ്ങളും കടന്നുവരുന്ന ഒളിമ്പിയ, ഏറ്റവും വിനോദമൂല്യമുള്ള സിനിമ കൂടിയാണ്. ഒരുപക്ഷേ, യഥാര്‍ത്ഥ ഒളിമ്പിക്സിന് ഇത്ര ഹരമുണ്ടായിരിക്കണമെന്നില്ല. അല്ലെങ്കില്‍, ഒളിമ്പിക്സിന്റെ രസങ്ങളെ കണ്ടെടുത്തത് ഈ സിനിമയായിരിക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular