Friday, May 3, 2024

ad

Homeചിത്രകലജീവിതം അടയാളപ്പെടുത്തുന്ന ശിൽപങ്ങൾ

ജീവിതം അടയാളപ്പെടുത്തുന്ന ശിൽപങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ലോക ചിത്രകലയുടെ വിവിധ ഘട്ടങ്ങളെ പരിശോധിക്കുമ്പോൾ ഓരോ കാലത്തെയും സാമൂഹ്യ‐സാംസ്‌കാരിക സാഹചര്യങ്ങളോട്‌ പ്രതികരിച്ചുകൊണ്ടും പ്രതിരോധിച്ചുകൊണ്ടും രൂപപരിണാമം സംഭവിച്ചുമാണ്‌ കലാവിഷ്‌കാരങ്ങൾ നിലനിന്നുപോകുന്നത്‌‐ വിശ്വോത്തരമായ കലാസൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും. കലാപ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യമാറ്റങ്ങളെ ഏറ്റവും വസ്‌തുനിഷ്‌ഠമായി പ്രതിഫലിപ്പിക്കാൻ ചിത്ര‐ശിൽപകലയിൽ എല്ലാകാലത്തും നിരന്തരമായി ശ്രമിച്ചുവരുന്നതിന്റെ തെളിവുകളാണ്‌ വിഖ്യാതരായ കലാകാരരുടെ രചനകൾ. ഇവിടെ ശിൽപകലയാണ്‌ പരാമർശം. പ്രകൃതിയെയും മനുഷ്യനെയും ശിൽപസൗന്ദര്യത്തിന്റെ ഭാഗമാക്കുന്ന ഭാരതീയ ശിൽപികൾ നിരവധിയുണ്ട്‌. അവരിലൊരാളാണ്‌ തിരുവനന്തപുരം സ്വദേശിയായ വി സതീശൻ. 2023ൽ ഡൽഹി, മുംബെ, ബംഗളൂരു എന്നിവിടങ്ങളിൽ ഏകാംഗ ശിൽപപ്രദർശനം നടത്തിയതിന്റെ അനുഭവങ്ങളുടെ ഊർജത്തിൽനിന്ന്‌ പുതിയ പരമ്പരശിൽപങ്ങളുടെ പണിപ്പുരയിലാണ്‌ സതീശൻ.

നമ്മുടെ സൗന്ദര്യശാസ്‌ത്ര സങ്കൽപങ്ങളിൽ ക്രിയാത്മകമായ ഇടങ്ങളൊരുക്കി ആസ്വാദകന്റെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവ കാഴ്‌ചകളാണ്‌ സതീശന്റെ ശിൽപങ്ങളിൽ കാണാനാവുക. തന്റെ ചുറ്റുപാടുകളിലെ സാമൂഹ്യ‐രാഷ്‌ട്രീയ‐സാംസ്‌കാരിക അന്തരീക്ഷത്തെ സ്‌ഫുടം ചെയ്‌തെടുത്തുകൊണ്ട്‌ ജീവിതത്തെ വീണ്ടുംവീണ്ടും തൊട്ടറിയാൻ സഹായിക്കുന്നു ഈ ശിൽപങ്ങൾ. അതിരുകളില്ലാത്ത കാഴ്‌ചകളിൽനിന്നും സ്വാംശീകരിച്ച ലഘൂകരിക്കാവുന്ന ലളിതമായ രൂപനിർമിതികളാണവ. കാഴ്‌ചയും ഭാവനയും തമ്മിലുള്ള ഇണക്കവും പിണക്കവും ഇവിടെ ദർശിക്കാം. ഇദ്ദേഹത്തിന്റെ മനുഷ്യരൂപങ്ങളിലെ ശരീരഘടനയിലെ പ്രത്യേകതകൾ, നീളംകൂടിയ ഉടലുകൾ‐ കൈകാലുകൾ, ചലനരീതികൾ, ഭാവതലങ്ങൾ ഇവയൊക്കെ നോക്കിക്കാണുമ്പോൾ നമ്മുടെ ആദിമകലാസങ്കേതങ്ങളുടെ ഉൾക്കരുത്തും പ്രകൃതിയിൽ ഊന്നിനിൽക്കുന്ന സ്വഭാവാവിഷ്‌കാരവും ആവാഹിച്ചിരിക്കുന്നതായിട്ടാണ്‌ മനസ്സിലാവുക. സതീശന്റെ ശിൽപങ്ങളിലെ‐ സതീശനിലെ കലാകാരനിലെ‐ സ്വത്വവും ദർശനവും പ്രതീക്ഷകളും ആസ്വാദകരിലേക്കും സംക്രമിപ്പിക്കുന്നു. യാഥാർഥ്യത്തെയും ജീവിതത്തെയും ജനകീയമാക്കി, മറ്റൊരർഥത്തിൽ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ സതീശൻ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്‌.

നിശബ്ദതയുടെ ആഴങ്ങളിൽനിന്ന്‌ ശിൽപങ്ങളിലൂടെ വാചാലനാകുന്ന ശിൽപിയെയാണ്‌ കാണുന്നതെന്ന്‌ സതീശന്റെ ശിൽപങ്ങളെ വിലയിരുത്തിയ കലാനിരൂപകർ അഭിപ്രായപ്പെടുന്നു. വെങ്കലവും കരിങ്കല്ലുമാണ്‌ സതീശന്റെ ശിൽപങ്ങളുടെ പ്രധാന മാധ്യമം. സതീശന്റ ശിൽപങ്ങളിൽ ശ്രദ്ധേയമായ ‘ഫ്ലഡ്‌’ (വെള്ളപ്പൊക്കം) എന്ന ശിൽപത്തിൽ തലയിൽ ഇരുമ്പുപെട്ടിയും കിടക്കയും അതിനുമുകളിൽ സ്വച്ഛമായിരിക്കുന്ന പൂച്ചയുമായി വെള്ളപ്പൊക്കത്തിൽനിന്ന്‌ രക്ഷനേടുന്ന മനുഷ്യനെ കാണാം. കൂടെ നീന്തിയടുക്കുന്ന വളർത്തുനായയും പിന്നിലുണ്ട്‌. അയാളുടെ കാൽവയ്‌പുകൾ നീണ്ടതും ദൃഢവും ശുഭാപ്‌തിവിശ്വാസം നിറഞ്ഞതുമാണ്‌. അതിജീവനത്തിന്റെ ശിൽപമാണത്‌. പ്രപഞ്ചത്തിലെ ജീവജാലങ്ങൾ തമ്മിലുള്ള പാരസ്‌പര്യത്തിന്റെ സൂചകമാകുന്ന മറ്റൊരു ശിൽപമാണ്‌ ‘ടുഗതർ’. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത്‌ ഏറെ പ്രസക്തമായ ശിൽപമാണിത്‌.

നിസ്സഹായതയിൽനിന്ന്‌ ഉയിർകൊള്ളുന്ന വിലാപമാണ്‌ ‘സൈലന്റ്‌’ എന്ന ശിൽപം. ജീവിതമാകുന്ന നൗകയിൽ തുഴ നഷ്ടപ്പെട്ട്‌ മുങ്ങിത്താഴുന്നവന്റെ രക്ഷയ്‌ക്കായുള്ള വിലാപമാണത്‌. ആധുനികതയുടെ ആഘോഷങ്ങൾക്കിടയിൽ പുറന്തള്ളപ്പെട്ടുപോകുന്നവരുടെ, ആരും കേൾക്കാതെപോകുന്ന രോദനം. അപ്പോഴും കുറേ സ്വർണമത്സ്യങ്ങൾ പ്രത്യാശയുടെ സുവർണമുദ്രകൾ പോലെ മനുഷ്യരൂപത്തിനു ചുറ്റും സാന്ത്വനമായി ഒഴുകിനടക്കുന്നു. ‘ദ എവേക്കനിങ്‌ സ്ലേവ്‌’ എന്ന ശിൽപം അടിമത്തത്തിൽനിന്ന്‌ മോചനം നേടുന്ന മനുഷ്യനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. അധിനിവേശത്തിന്റെ അടയാളപ്പെടുത്തലുകൾകൂടിയാവുന്നു ഈ ശിൽപം. ഇത്തരത്തിൽ നിരവധി ശിൽപങ്ങൾ സതീശൻ രചിച്ചിട്ടുണ്ട്‌. ഓരോ ശിൽപത്തിന്റെയും നിർമിതിക്കു പിന്നിലും കഠിനപ്രയത്നത്തിന്റെയും ചിന്തയുടെയും ശക്തിപ്രകടനമാകുന്നുണ്ട്‌. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള സ്വകാര്യ ഗ്യാലറികളിലും ശേഖരങ്ങളിലും സതീശന്റെ ശിൽപങ്ങൾ സ്ഥാനംപിടിച്ചിട്ടുണ്ട്‌. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ശിൽപകലയിൽ ബിരുദാനന്തരബിരുദം നേടിയ വി സതീശൻ 20 വർഷത്തോളം കേന്ദ്രീയ വിദ്യാലയത്തിൽ കലാധ്യാപകനായി ജോലിനോക്കുകയും എട്ടുവർഷം സർവീസ്‌ അവശേഷിക്കവേ സ്വയം വിരമിക്കുകയും ചെയ്‌താണ്‌ സജീവമായി കലാരംഗത്ത്‌ പ്രവർത്തിക്കുന്നത്‌. കേരള ലളിതകലാ അക്കാദമി, രാജസ്‌താൻ ലളിതകലാ അക്കാദമി, കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്‌, അഹല്യ ശിൽപകലാ അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ സതീശൻ ദേശീയ, അന്തർദേശീയ ചിത്രപ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കാളിയായിട്ടുണ്ട്‌. ആ കലാനുഭവം അദ്ദേഹം ഇങ്ങനെ പങ്കുവയ്‌ക്കുന്നു:

‘വിദേശരാജ്യങ്ങളിൽ കലയെ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ കാണുന്നത്‌. വിദേശരാജ്യങ്ങളിലൊക്കെ ശിൽപകലയ്‌ക്ക്‌ (ശിൽപിക്ക്‌) ലഭിക്കുന്ന സുരക്ഷിതത്വം, അംഗീകാരം ഇവിടെ ലഭിക്കുന്നില്ല. മറ്റ്‌ ജോലികൾക്ക്‌ ലഭിക്കുന്നതിനേക്കാൾ സുരക്ഷിതത്വം വിദേശരാജ്യങ്ങളിൽ കലാകാരർക്ക്‌ ലഭിക്കുന്നു’.

ദീർഘകാലം കലാധ്യാപകനായിരുന്ന സതീശൻ കലാപഠനത്തിന്‌ പുതിയ പരിശീലനപദ്ധതിയും മോഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്‌. കലാരംഗത്ത്‌ പ്രതിഭ തെളിയിക്കാനും പഠിക്കാനും പരിശീലിക്കാനുമുള്ള അവസരങ്ങളുടെ ലോകത്താണ്‌ ഇന്നത്തെ തലമുറ ജീവിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു. കലാപഠനം ഇന്ന്‌ വിദ്യാഭ്യാസത്തിന്റെ ഭാഗംതന്നെയാണ്‌. കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാനും മാനസികോല്ലാസത്തിനും കലാപഠനത്തിന്‌ സ്ഥാനമുണ്ട്‌. അതുകൊണ്ടുതന്നെ കലയിലൂടെ നേടുന്ന ഊർജം പഠനത്തിന്‌ പൂർണത പകരാനുള്ള വെളിച്ചമായി പുതുതലമുറ ഉപയോഗപ്പെടുത്തട്ടെ എന്നാശിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular