Monday, October 14, 2024

ad

Homeചിത്രകലടെറാക്കോട്ട പാത്രങ്ങളിലെ ചുവർചിത്രാലങ്കരണം

ടെറാക്കോട്ട പാത്രങ്ങളിലെ ചുവർചിത്രാലങ്കരണം

ജി അഴിക്കോട്

ചുട്ടെടുക്കുന്ന കളിമൺ പാത്രങ്ങൾക്ക് ആംഗലഭാഷയിൽ പറയുന്ന പേരാണ് ടെറാക്കോട്ട പോട്ട്സ് (Terracotta pots). അലൂമിനിയം, സ്റ്റീൽ, ഓട്ടുപാത്രങ്ങൾ എന്നിവ പ്രചാരത്തിൽ വരുന്നതിനു മുമ്പ് മനുഷ്യൻ ഇത്തരം മൺപാത്രങ്ങളിലാണ് ആഹാരം പാചകം ചെയ്തിരുന്നത്. ഇതിന് മനുഷ്യവാസ ചരിത്രത്തോളം പുരാതനത്വമുണ്ട്. കാലാന്തരത്തിൽ കരകൗശലവസ്തുക്കൾ, പ്രതിമാശിൽപ്പങ്ങൾ, ചുവരലങ്കരണങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ കളിമണ്ണിൽ നിർമ്മിച്ചു തുടങ്ങി. ഇവയിലൊന്നാണ് പോട്ട് പെയിന്റിംഗ്.

വർണ്ണപുഷ്പങ്ങൾ അലങ്കരിച്ചുവയ്ക്കാനായി പ്രത്യേകം നിർമ്മിക്കുന്നതാണ് പൂപ്പാത്രങ്ങൾ. ഇതിനെ പെയിന്റ് ചെയ്തും റിലീഫ് ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചും ചിത്രങ്ങളും ഡിസൈനുകളും ഒട്ടിച്ച് പോളിഷ് ചെയ്തും ഇനാമൽ പെയിന്റ് തുള്ളികൾ വെള്ളത്തിൽ തൂവിമുക്കിയെടുത്തും അലങ്കരിച്ച് ആകർഷകമാക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന വിവിധതരം ടെറാക്കോട്ട പാത്രങ്ങളുണ്ട്.

അലങ്കരണങ്ങളൊന്നുമില്ലാതെ പ്രതലം ശൂന്യമായിട്ടുള്ള ടെറാക്കോട്ട പാത്രങ്ങൾ മൺപാത്ര നിർമ്മാതാക്കളിൽ നിന്നും അത്തരം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും. ഗാന്ധി സ്മാരകത്തിന്റെ കീഴിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള കളിമൺ ഉൽപ്പന്ന നിർമ്മാണ കേന്ദ്രങ്ങളുണ്ട്. കരകൗശല പ്രദർശനങ്ങളിൽ നിന്നും ആകൃതിപ്രതീകങ്ങളിൽ വ്യത്യസ്തങ്ങളായ ടെറാക്കോട്ട പാത്രങ്ങൾ ശേഖരിക്കാനാവും. ഇത്തരം അഖിലേന്ത്യാ പ്രദർശനങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന വ്യത്യസ്തങ്ങളായ പോട്ടുകൾ ശേഖരിക്കാനാവും. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി വഴിവാണിഭക്കാരായെത്തുന്ന മൺപാത്ര നിർമ്മാതാക്കളിൽ നിന്നും ആദായവിലയ്ക്ക് ആകർഷകങ്ങളായ പോട്ടുകൾ ശേഖരിക്കാനാവും. തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് ആറ്റുകാൽ പൊങ്കാല ഒരു ഉദാഹരണമാണ്.
ഇതിൽനിന്നും ചുവർചിത്രാലങ്കരണത്തിനാവശ്യമായ ടെറാക്കോട്ട പോട്ടുകൾ ശേഖരിക്കാൻ പ്രയാസമില്ലെന്നു സാരം. ഇതിനുപുറമെ ചിത്രകാരന്റെ സൗകര്യാർത്ഥം ആവശ്യമായ പ്രത്യേകതരം പാത്രങ്ങൾ അയാൾ കൊടുക്കുന്ന ഡിസൈൻ പ്രകാരം നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഉദാഹരണത്തിന് ബെഡ്റൂം ലാമ്പ് നിർമ്മിക്കാൻ പാകത്തിലുള്ള പ്രത്യേകതരം പോട്ടാണെന്നു കരുതുക. അതിന് ഒരടപ്പ് വേണം. ഈ അടപ്പിന്റെ മധ്യഭാഗത്തുകൂടി ഒരു ചെറിയ പൈപ്പ് കടത്താനുള്ള ദ്വാരം വേണം. ഇതിന്റെ ചുവടിനു മുകളിലായി പ്ലഗ്ഗിന്റെ വയർ കടത്താനുള്ള ചെറു ദ്വാരം വേണം. ഇതെല്ലാമുള്ള പോട്ട് എന്ന നിലയിൽ പ്രത്യേകം നിർമ്മിച്ചുവാങ്ങാം.

ഒന്നോ രണ്ടോ ദിവസംകൊണ്ട് ഇത് സാദ്ധ്യമല്ല. ചിലപ്പോൾ മാസങ്ങൾ തന്നെ വേണ്ടിവരും. കളിമണ്ണിൽ മെനഞ്ഞുണ്ടാക്കി വെയിലത്തുവച്ച് ഉണക്കി ചൂളയിൽ ചുട്ടെടുക്കുന്നതാണ് ഇതിന്റെ നിർമ്മാണ സാങ്കേതികരീതി. ഒന്നോ രണ്ടോ പോട്ടുകൾ മാത്രം വലിയ ചൂളയിൽ ചുട്ടെടുക്കാനാവില്ല. ചൂള നിറയെ പോട്ടുകൾ തയ്യാറാവുന്നതുവരെ കാത്തിരിക്കേണ്ടിവരും.

ഇപ്രകാരം ചിത്രകാരന്റെ ഇംഗിതത്തിനനുസരിച്ചുള്ള ടെറാക്കോട്ട പാത്രങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ ഘട്ടംഘട്ടമായുള്ള രചന ആരംഭിക്കുന്നു. ഇതിലേക്ക് ചുവർചിത്രകല ഒരു സാങ്കേതികപഠനം എന്ന പുസ്തകത്തിൽ രണ്ടാം ഭാഗം ഏഴാം അദ്ധ്യായം 177-ാം പേജിൽ കൊടുത്തിട്ടുള്ള രണ്ടുവിധ സാങ്കേതിക രീതികളിൽ യുക്തമായത് സ്വീകരിക്കാം.

മുളംതണ്ടുകളെ അപേക്ഷിച്ച് ടെറാക്കോട്ട പാത്രങ്ങൾ ഭാരം കൂടിയവയാണ്. കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധയാൽ കൈകളിൽ നിന്നും വഴുതിവീണ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. വൈറ്റ് വാഷ് ചെയ്ത് ഉണക്കിയെടുത്ത ഇതിന്റെ പ്രതലങ്ങൾ കൂടുതൽ മിനുസമായിരിക്കും. അക്കാരണത്താൽ സാമാന്യം വലിയ പാത്രങ്ങൾ ചിത്രകാരന്റെ മടിയിൽ വച്ച് വളരെ ശ്രദ്ധാപൂർവ്വമാണ് ചിത്രരചന നിർവ്വഹിക്കാൻ. നേരിയ അശ്രദ്ധപോലും നിരാശയ്ക്കും മനോവിഷമത്തിനും കാരണമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular