Sunday, July 14, 2024

ad

Homeകലകേരളീയകലാമേളയുടെ പശ്ചാത്തലത്തിൽ ഒരു ചിന്ത

കേരളീയകലാമേളയുടെ പശ്ചാത്തലത്തിൽ ഒരു ചിന്ത

മനോജ് കെ പുതിയവിള

വിശ്വാസം, കല, ആധുനികസമൂഹം

യിടെ സവിശേഷമായ ഒരു കലാമേളയ്ക്കു സാക്ഷ്യംവഹിച്ചു. 15 ദിവസം നീണ്ട കേരളീയകലകളുടെ ഉത്സവം. പകൽ മുഴുവൻ ശില്പശാലകൾ, വൈകിട്ട് സംസ്ഥാനത്തെ മികച്ച കലാകാരരുടെ പ്രകടനങ്ങളും. തനതും ക്ലാസിക്കലും ഒക്കെ ഉണ്ടായിരുന്നു. മതഭേദങ്ങൾ ഇല്ലാതെ, വിശ്വാസബദ്ധമല്ലാതെ, പൊതുവിടത്തിൽ, വിനോദ-വിജ്ഞാനപരിപാടിയായി ഇവ അവതരിപ്പിക്കപ്പെട്ടതു കണ്ടപ്പോൾ വലിയൊരു സാദ്ധ്യതയാണു മനസിൽ തെളിഞ്ഞത്.

നമ്മുടെ തദ്ദേശീയകലകൾ മിക്കതും വിശ്വാസാചാരാനുഷ്ഠാനങ്ങളുമായും ആരാധനാലയങ്ങളുമായും ബന്ധപ്പെട്ടാണ്‌ നിലനിന്നതും വികസിച്ചതും വികസിക്കാതെപോയതും തളർന്നതും ഒക്കെ. വിശ്വാസബദ്ധമല്ലാത്ത കലകൾ കൂട്ടായ പ്രവൃത്തികളുടെ ഏകോപനത്തിനും അദ്ധ്വാനലഘൂകരണത്തിനും മറ്റുമായി രൂപപ്പെടുത്തപ്പെട്ട കൃഷിപ്പാട്ടുകൾ പോലുള്ള തൊഴിൽപ്പാട്ടുകളും വഞ്ചിപ്പാട്ടുകൾ പോലുള്ള വിനോദങ്ങളും, ഗോത്രജനങ്ങളും മറ്റും വിവാഹം‌പോലുള്ള ജീവിതമുഹൂർത്തങ്ങളിലും മറ്റ് ആഘോഷങ്ങളിലും നടത്തുന്ന നൃത്തങ്ങളും മറ്റുമാണ്. കൂട്ടായ അദ്ധ്വാനങ്ങൾ ഇല്ലാതായതും ആദിവാസി സംസ്‌കാരങ്ങൾക്കു സംഭവിച്ച പരിണാമവും ഒക്കെക്കൊണ്ട് ഇവയിൽ പലതും അന്യംനില്ക്കുകയോ അപൂർവ്വതയായി ചുരുങ്ങുകയോ ചെയ്തിരിക്കുന്നു.

ആദ്യം പറഞ്ഞതരം കലകൾ പലതും കാലത്തെ അതിജീവിച്ചത് അതിലെ വിശ്വാസത്തിന്റെ ഘടകം കാരണം ആണ്. എന്നാൽ, മാറുന്ന കാലത്ത് സമൂഹത്തിൽ വളരുന്ന പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും വിശ്വാസരാഹിത്യവും അഭിരുചിമാറ്റവും നഗരവത്ക്കരണവും പുതിയ വിനോദോപാധികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവുമെല്ലാം ഈ കലകളിൽ പലതിനെയും ഗുരുതരമായി ബാധിക്കുന്നു. പഴയതരം ദൈവവിശ്വാസം മാറി പ്രകടനാത്മകമായ വിശ്വാസപരത അരങ്ങുവാഴുന്ന ഇക്കാലത്ത് മതാഘോഷങ്ങളിൽ പങ്കാളികൾ ആകുന്ന ചെറുപ്പക്കാരും അതിന്റെ ഭാഗമായ കലകൾ മനസിലാക്കാനോ ആസ്വദിക്കാനോ പരിശീലിച്ച് അവയുടെ അവതാരകരായി മാറാനോ ശ്രമിക്കുന്നില്ല.


ചില ജാതിവിഭാഗങ്ങളുടെയും കുടുംബങ്ങളുടെയും ഒക്കെ മാത്രം ഉത്തരവാദിത്വമായാണ് ഇതിൽ പല കലകളും നിശ്ചയിച്ചിട്ടുള്ളത്. ആ വിഭാഗങ്ങളിൽ‌പ്പെട്ടവർ തൊഴിലിനായി ദൂരദേശങ്ങളിൽ പോകുന്നതും കലാവതരണം ഉപജീവനമാക്കാൻ കഴിയാത്തതിനാൽ ഈ കലകൾ അഭ്യസിക്കാത്തതും നാട്ടിൽ ഉള്ളവർക്കാകട്ടെ താത്പര്യവും കഴിവും ഇല്ലാത്തതും ഒക്കെ ഇവയുടെ അന്യം‌നില്ക്കലിലേക്കോ കലാമേന്മയുടെ ഇടിവിലേക്കോ നയിക്കുന്നു.

അവ അനിവാര്യമായ അന്ത്യം വരിച്ചോട്ടെ, അതിൽ നമ്മൾ എന്തിനാണ്‌ വ്യാകുലപ്പെടുന്നത്, അവ കാലഹരണപ്പെട്ട കാലത്തെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭാഗമല്ലേ എന്നെല്ലാം ചോദിക്കുന്നവർ ഉണ്ട്. സിനിമാറ്റിക് ഡാൻസുപോലെ യുവാക്കളെ ആകർഷിക്കാൻ പുള്ളുവൻ പാട്ടിനു കഴിയുമോ, ആസ്വദിക്കാൻ ആവാത്തവ അടിച്ചേല്പിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉണ്ട്.അനുഷ്ഠാനകലകൾ ഉൾപ്പെടെയുള്ളവയുടെ പുനരുദ്ധാനം വിശ്വാസം ചൂഷണം ചെയ്തു മതവർഗ്ഗീയത വളർത്തുന്ന കൂട്ടർ അവസരമാക്കില്ലേ എന്ന ആശങ്ക ഉയർത്തുന്നവരും ഉണ്ട്.


പുതുമയായി മെയ്ത്താരിയും ആട്ടച്ചുവടും ഇവയ്ക്കുള്ള മറുപടിയാണ് തുടക്കത്തിൽ പറഞ്ഞ കേരളീയകലാമേളയിൽ കണ്ടത്. തിരുവനന്തപുരം നഗരപ്രാന്തത്തിൽ കോവളത്തേക്കുള്ള വഴിയിൽ ദേശീയപാതയോരത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ആയിരുന്നു വേദി. കടത്തനാടൻ കളരിവിദഗ്ദ്ധയും പദ്മശ്രീജേത്രിയുമായ മീനാക്ഷിയമ്മയുടെ മേൽനോട്ടത്തിൽ അവിടെ പ്രവർത്തനം തുടങ്ങിയ ‘കെ‌എസിവി കളരി അക്കാദമി’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി. കളരിയുടെ ചുവടുകളും അംഗചലനങ്ങളും മറ്റു സവിശേഷതകളും കേരളകലകളിൽ എങ്ങനെയെല്ലാം ഉൾച്ചേർന്നിരിക്കുന്നു എന്ന് അന്വേഷിക്കുന്ന ‘മെയ്ത്താരി’ എന്ന ശില്പശാല ആയിരുന്നു മുഖ്യം. അതിനോടു ബന്ധപ്പെടുത്തി ആയിരുന്നു ‘ആട്ടച്ചുവട്’ എന്ന കലാമേള.

കലാരംഗത്തു പ്രവർത്തിക്കുന്നവരിൽ ഇത്തരം കാര്യങ്ങളിൽ താത്പര്യം ഉള്ളവർക്കായാണ്‌ ‘മെയ്ത്താരി’ ശില്പശാല വിഭാവനം ചെയ്തത്. പരമ്പരാഗതമാദ്ധ്യമങ്ങൾ ഉപയോഗിക്കാതെ സമൂഹമാദ്ധ്യമത്തിലൂടെ മാത്രം നല്കിയ അറിയിപ്പുകണ്ട് പതിനഞ്ചുദിവസവും താമസിച്ച് ശില്പശാലയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നായി മുന്നോട്ടുവന്നത് 60-ൽപ്പരം കലാകാരരാണ്. എല്ലാവരും നന്നേ ചെറുപ്പക്കാർ. പുരോഗമനാശയങ്ങൾ പുലർത്തുന്നവർ.


എല്ലാ ദിവസവും നടന്ന വിഖ്യാതനർത്തകി കപില വേണുവിന്റെ ‘നവരസസാധന’ അഭിനയപരിശീലനം ആയിരുന്നു ശില്പശാലയിൽ പ്രധാനം. മീനാക്ഷിയമ്മതന്നെ നയിച്ച കളരിപരിശീലനത്തോടെയാണ് ഓരോ ദിവസവും തുടങ്ങിയത്. ക്രാഫ്റ്റ്സ് വില്ലേജിലെ കലാകാരർ നല്കിയ കരകൗശലനിർമ്മാണപരിശീലനം ആയിരുന്നു മറ്റൊന്ന്.

അരങ്ങുകലകളുമായി ബന്ധപ്പെട്ട മേയ്‌ക്കപ്, ലൈറ്റിങ്, സംഗീതം എന്നിവയിൽ സോദാഹരണാവതരണങ്ങളും നടന്നു. ഇവയ്ക്കൊപ്പം പണ്ഡിതരും മികവുറ്റ കലാവതാരകരും ഒക്കെയായുള്ള സംവാദങ്ങളും ഒരുക്കിയിരുന്നു.

അതിന്റെയെല്ലാം തുടർച്ചയായി ആയിരുന്നു വൈകുന്നേരങ്ങളിലെ കേരളീയ അരങ്ങുകലകളുടെ അവതരണം. ‘ആട്ടച്ചുവട്’ എന്ന 14 ദിവസത്തെ ചലനകലാമേളയിൽ തെയ്യം, പടയണി, മുടിയേറ്റ്, പരിചമുട്ടുകളി, പൂരക്കളി, വേലകളി, നായാടിക്കളി, പൂതനും തിറയും, കോൽക്കളി, കഥകളി, നങ്ങ്യാർകൂത്ത്, മാർഗ്ഗംകളി, ചവിട്ടുനാടകം, കൺടെമ്പററി ഡാൻസ് തുടങ്ങിയവയാണ് അവതരിപ്പിച്ചത്. കലാവതരണങ്ങൾ കാണാൻ ശില്പശാലാംഗങ്ങൾക്കു പുറമെ മറ്റ് ആസ്വാദകരും എത്തി.

“കേരളീയകലകളുടെ വൈബ്രൻസിയും ആഴവും ഇത്രയ്ക്കും മനസിലാക്കാൻ കഴിഞ്ഞ സന്ദർഭം മുമ്പൊരിക്കലും കിട്ടിയിട്ടില്ല.” ക്ലാസിക്കൽ നൃത്തങ്ങളുടെ പുതിയ കാലത്തെ ആവിഷ്കാരസാദ്ധ്യതകൾ തേടുന്ന മോഹിനിയാട്ടനർത്തകിയും കൊച്ചിയിലെ ‘തുടിപ്പ്’ ഡാൻസ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയുമായ അഞ്ജലി കൃഷ്ണദാസിന്റെ ഈ അഭിപ്രായംതന്നെയാണ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവരും പങ്കുവച്ചത്:‐ “ഇന്റർഡിസിപ്ലിനറി ആർട്സ് പരിചയപ്പെടാൻ കിട്ടിയ മികച്ച അവസരം. കാണാൻ അധികം അവസരം ഇല്ലാത്ത ഇനങ്ങൾ തെരഞ്ഞെടുത്തതിന് സംഘാടകരോടു പ്രത്യേക നന്ദിയുണ്ട്. വളരെ ആഴത്തിൽ വേരോടിയ കലയുടെ, താളത്തിന്റെ, ഒക്കെ വൈവിദ്ധ്യം, വർണ്ണോജ്ജ്വലമായ വൈബ്രൻസി… പറഞ്ഞറിയിക്കാൻ പറ്റുന്നില.” ആവേശത്തിന്റെ വെമ്പലാൽ ശരിക്കും പറ്റുന്നുണ്ടായിരുന്നില്ല.

കൺ‌ടെമ്പററി ഡാൻസറും ഭരതനാട്യകലാകാരിയും ആയ ഗ്രീഷ്മയും ഇതേ വികാരം പങ്കുവച്ചു. “ക്യുറേഷനും ലൊക്കേഷനും ഗംഭീരം. ക്യാമ്പിൽ പങ്കെടുത്തവരും വന്നുപോയവരും കലകൾ അവതരിപ്പിക്കാൻ എത്തിയ പ്രഗത്ഭരും ഒക്കെ ചേർന്ന് ഇത്രയും കലാകാരരെ ഒന്നിച്ചു കണ്ടത്, അവരുമായെല്ലാം ഇടപഴകിയത്, അതിലും വലിയ അനുഭവം. ഒരേ ഷോണറിലുള്ള 14 വ്യത്യസ്തകലകൾ, അവ അവതരിപ്പിച്ചവർക്ക് ആ കലകൾ എന്താണ്, അതിനോടുള്ള സമർപ്പണം… ഞാൻ പങ്കെടുക്കാറുള്ള പല ക്യാമ്പുകളെക്കാളും വ്യത്യസ്തം. പറയാൻ വാക്കുകളില്ല. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഭാവിയിൽ ചെയ്യുന്ന ആവിഷ്ക്കാരങ്ങളിൽ ഇതിന്റെ സ്വാധീനം ഉണ്ടാകും, ഇവയുടെ സാദ്ധ്യതകൾ ഉപയോഗിക്കാൻ ശ്രമിക്കും.”

കതിവനൂർ വീരൻ എല്ലാ അനുഷ്ഠാനത്തോടും വിപുലമായിത്തന്നെ അവതരിപ്പിച്ചത് വലിയ അനുഭവം ആയെന്നാണ് ക്യാമ്പിൽ ആദ്യന്തം പങ്കുകൊണ്ട അജിത്‌ലാൽ പറഞ്ഞത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച നടനും നാടകപ്രവർത്തകനും കാസ്റ്റിങ് ഡയറക്ടറും ആണ് അദ്ദേഹം. “ശില്പശാലയിലെ പങ്കാളികളെല്ലാം കലാകാരർ ആയതിനാൽ ആഴത്തിലേക്കിറങ്ങിച്ചെല്ലാൻ കഴിഞ്ഞു. ഓരോ കലയുടെയും ജസ്റ്റർ ലാംഗ്വേജ് വികസിച്ചുവന്നത്, സ്പേസ് കൺസീവ് ചെയ്ത് ഉപയോഗിക്കുന്ന രീതി ഒക്കെ മനസിലാക്കാൻ കഴിഞ്ഞു. അത്തരം ചർച്ചകളും സാദ്ധ്യമായി. അതെല്ലാം വളരെ ഗുണകരമായി. കൂടിയാട്ടംപോലെ ഗഹനമായ കലയുടെപോലും സങ്കേതങ്ങളിലേക്കു കടന്നുചെല്ലാനും മനസിലാക്കാനും ശില്പശാല സഹായിച്ചു. ഇനി അതെല്ലാം കൂടുതൽ നന്നായി ആസ്വദിക്കാൻ കഴിയും, ’’ അജിത്‌ലാൽ വാചാലനായി.

കളരിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച് ‘ഒറ്റ’ എന്ന നൃത്തശില്പം ആവിഷ്കരിച്ചിട്ടുള്ള അഞ്ജലി കൃഷ്ണദാസ് പറയുന്നു, ‘‘മനസിന്റെയും ശരീരത്തിന്റെയും ഏകോപനത്തിന്‌ കളരിയിലുള്ള സാദ്ധ്യത അപ്പോഴൊന്നും മനസിലാക്കിയിരുന്നില്ല. “ശരീരത്തെ നിയന്ത്രണത്തിലാക്കി ചലിപ്പിക്കാനുള്ള സങ്കേതം ഞങ്ങൾ കലാകാരർക്കു വലിയ സാദ്ധ്യതയാണ്‌ തുറക്കുന്നത്.”
ഉൾ‌വിലക്കുകൾ (inhibitions) ലംഘിച്ച് വികാരങ്ങളെ സ്വതന്ത്രമാക്കി ഓരോ ഭാവത്തെയും അതിന്റെ ആഴത്തിലേക്കു കൊണ്ടുപോകാനുള്ള സാദ്ധ്യത കപില വേണുവിന്റെ ക്ലാസുകൾ പകർന്നെന്ന് അഞ്ജലി പറഞ്ഞു.

“പല കലകൾ കണ്ടതിനുപുറമെ, പല ഭാഷക്കാർ, പല കലാമേഖലക്കാർ,… ഉള്ളിൽനിന്നുതന്നെയുള്ള ഒരു ലേണിങ്. ഒരുപാടു പണം ചെലവാക്കാൻ കഴിയാത്ത ഒരു സാധാരണ ആർട്ടിസ്റ്റിന് എത്തിപ്പെടാൻ പറ്റുന്ന കാര്യമല്ല. പല സ്ഥലത്തുപോയി കലാരൂപങ്ങൾ കാണുക, ഇത്രയും മൂല്യവത്തായ ക്ലാസുകൾ കിട്ടുക, അതും പ്രഗത്ഭരായ കലാകാരരിലും സാങ്കേതികവിദഗ്ദ്ധരിലുംനിന്ന്. ഓരോ സെക്കൻഡും മൂല്യവത്ത് ആയിരുന്നു.” അഞ്ജലി കൂട്ടിച്ചേർത്തു.

ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ മേളയും ശില്പശാലയും എല്ലാവർഷവും ഇതേ സമയം സംഘടിപ്പിക്കും എന്നാണ് ഈ ആവേശമെല്ലാം കണ്ട കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീപ്രസാദ് സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

കേരളകലകൾക്കു പുത്തൻ അരങ്ങുകൾ ആട്ടച്ചുവട് കലാമേളയുടെ സവിശേഷാനുഭവമായിരുന്നു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് പോലുള്ള ഒരു ജനാധിപത്യ മതനിരപേക്ഷ പൊതുവിടത്തിൽ, വിശ്വാസാചാരങ്ങളിൽനിന്നു വേറിട്ട്, അനുഷ്ഠാനകലകൾ ഉൾപ്പെടെ അവതരിപ്പിച്ചപ്പോൾ അതിന്റെ ആസ്വാദനത്തിന്റെയും സ്വഭാവം മാറുന്നതായി തോന്നി.

ഭയഭക്തികൾക്ക് അപ്പുറം ആസ്വാദനാത്മകവും അക്കാദമികവും വ്യത്യസ്തനാടുകളുടെ സംസ്കാരങ്ങൾ പരിചയപ്പെടലും ഒക്കെയായി അതു മാറി. ഇത് വലിയൊരു സാദ്ധ്യതയാണ്. അന്യം‌നിന്നുപോകുകയോ പലേ കാരണങ്ങളാൽ തനിമകൾ ചോർന്നുപോകുകയോ ഒക്കെ ചെയ്യാവുന്ന കലാരൂപങ്ങൾ കൂടുതൽ മികച്ച നിലയിൽ, കലാത്മകതയ്ക്ക് ഊന്നൽ നല്കി, അവതരിപ്പിക്കാൻ ഇത്തരം വേദികൾ കളമൊരുക്കുന്നു. ഇത്തരത്തിലൊക്കെയുള്ള സമീപനമാണ് ഇത്തരം കലകളുടെ സൗന്ദര്യാത്മകവും കലാത്മകവും ഒക്കെയായ അംശങ്ങൾ പുറത്തുകൊണ്ടുവരിക.

അതേസമയം, അനുഷ്ഠാനബദ്ധമായ കലകൾ അവതരിപ്പിച്ച കലാകാരർ അവയുടെ തനതു ഭൂമികയിൽ അവതരിപ്പിക്കുമ്പോൾ എന്നവണ്ണം അതിൽ ഇഴുകിച്ചേരുകയും വിശ്വാസാചാരങ്ങളുടെ ഭാവപ്പകർച്ചകൾ സ്വാഭാവികതയോടെ പ്രകടിപ്പിക്കുകയും ചെയ്തു.

അവയുടെ സ്വതന്ത്രാവതരണം കണ്ട അനുഭവം അഞ്ജലി ഇങ്ങനെ പങ്കുവച്ചു: “പല കലാരൂപങ്ങളുടെയും ട്രാൻസിലേക്കു പോകുമ്പോൾ അതിന്റെ കരുത്തും കേരളീയരുടെ മനസിൽ അതിന് എത്രത്തോളം സ്ഥാനമുണ്ട് എന്നതും അറിഞ്ഞ് അത്ഭുതപ്പെട്ടു. അത് ഏതെങ്കിലും കല സാങ്കേതികമായി പഠിച്ച് അവതരിപ്പിക്കുന്ന ഞങ്ങൾ കലാകാരർക്ക് വലിയ ആനന്ദം ആണു പകർന്നത്.”

ഇത്തരം കലകളിലെ വിശ്വാസത്തിന്റെ അംശവും പ്രധാനമാണെന്ന് ഗ്രീഷ്മ അഭിപ്രായപ്പെട്ടു: “പടയണി, തെയ്യം, അല്ലെങ്കിൽ മുടിയേറ്റ് – ഏതായാലും ഒരു കലാപ്രകടനത്തിൽ ചിലപ്പോൾ ഒരു കഥ ഉണ്ടാകും. അവതാരകർ കേവലം ആ കഥ അവതരിപ്പിക്കുക അല്ലല്ലോ. കഥ മാത്രം അവതരിപ്പിച്ചാൽ നൂറു ശതമാനം ആവില്ലല്ലോ. ഞാൻ ആ അഭൗമകഥാപാത്രം ആകണം. അപ്പഴേ നൂറു ശതമാനം നല്കാൻ കഴിയൂ. അതു കഴിയണമെങ്കിൽ ഞാൻ അതാണെന്നു വിശ്വസിക്കണം. എനിക്ക് ആ വിശ്വാസം ഉണ്ടാകണം, ആ വിശ്വാസം പ്രേക്ഷകർക്കും പകരാൻ കഴിയണം. പ്രകടനം അതുകൂടി ചേരുമ്പോഴാണു പൂർണമാകുന്നത്.”

ഇക്കാര്യത്തിൽ അജിത്‌ലാലിന്റെ അനുഭവം, ഇത്തരം ചില കലകൾക്കു പൂർണ്ണത ഉണ്ടാകുന്നത് അവ പരമ്പരാഗതമായി അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാനയിടങ്ങളിൽ ആണെന്നു തോന്നിയിട്ടുണ്ട് എന്നാണ്. “അതേസമയം‌തന്നെ, ക്രാഫ്റ്റ് വില്ലേജ് പോലുള്ള ഇടങ്ങളിലേക്ക് ഇവ വരിക എന്നതു വളരെ പ്രധാനം ആണ്. ഏതുതരത്തിലായാലും കലാരൂപങ്ങൾ ഒതുങ്ങിപ്പോകാൻ പാടില്ല എന്നും അജിത്‌ലാൽ പറയുന്നു.”

കോളെജുകാലത്തു പടയണിയും‌മറ്റും കണ്ട ഓർമ്മ അജിത്‌ലാൽ പങ്കുവച്ചു. ജാതിമതവിഭാഗീയതകൾ അത്തരം ആരാധനായിടങ്ങളിൽ അന്നു തോന്നിയിട്ടില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഭക്തിവിശ്വാസങ്ങളുടെകൂടി ഘടകങ്ങൾ സമ്മേളിക്കുമ്പോൾ, ഭയഭക്തികളുടെ അന്തരീക്ഷത്തിൽ, അത്തരം ആരവങ്ങളിൽ അവ ആസ്വദിക്കാൻ കഴിയുമെങ്കിൽ അതുതന്നെയാകും അനുഭവപൂർണ്ണത. അത് ഈ ലേഖകന്റെയും അനുഭവമാണ്. എന്നാൽ, ഒരുദശാബ്ദം മുമ്പത്തെ അജിത്‌ലാലിന്റെ കോളേജുകാലത്തു കേരളസമൂഹത്തിൽ നിലനിന്ന മതനിരപേക്ഷസമീപനം വലിയ വെല്ലുവിളി നേരിടുന്ന പുതിയ സാഹചര്യത്തിൽ, അത്തരം അതിവേഗപരിണാമത്തിൽ, ഈ രംഗത്തും വലിയ മാറ്റം ഉണ്ടാകുന്നുണ്ട്. തെയ്യം കെട്ടുന്ന കാവുകൾ ക്ഷേത്രങ്ങൾ ആക്കി മാറ്റപ്പെടുകയും, പാരമ്പര്യമായി പൂജകൾ നടത്തിവന്ന തദ്ദേശീയജാതികളിൽനിന്ന് അതു ബ്രാഹ്മണരിലേക്കു മാറുകയും, ക്ഷേത്രങ്ങളിൽ ചിലർ നടപ്പാക്കുന്ന ‘അഹിന്ദുക്കൾക്കു പ്രവേശനമില്ല’ പോലുള്ള കല്പനകൾ കാവ് അല്ലാതായി ക്ഷേത്രമായി മാറുന്ന ആരാധനായിടങ്ങൾക്കു ക്രമേണ ബാധകമാക്കുകയും ഒക്കെ ചെയ്യുന്ന പുതിയ സാഹചര്യം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ആ സാഹചര്യത്തിൽ ഇത്തരം പുതുപ്രവണതകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഈ കലകളുടെ സാർവ്വജനീനവത്ക്കരണത്തിനുകൂടി പരിശ്രമങ്ങൾ ഉണ്ടാകേണ്ടത് പ്രധാനമാണ്. തുടക്കത്തിൽ പറഞ്ഞതരം പ്രതിസന്ധികളിൽ ഈ കലകൾക്ക് അതിജീവനം സാദ്ധ്യമാകാനും അതു വേണ്ടിവരും.

ഏതാനും വർഷം മുമ്പ് ഈ ലേഖകന്റെ നാടായ ഓണാട്ടുകരയിൽ മാത്രമുള്ള കലാരൂപമായ ‘ജീവത കളിപ്പിക്ക’ലിനെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യുകയുണ്ടായി. തികച്ചും ക്ഷേത്രബദ്ധമായ ആ കലയെ അവിശ്വാസിയായ ലേഖകൻ പരിചയപ്പെടുത്തിയത് അതിലെ ഭക്തിയുടെയും വിശ്വാസത്തിന്റെയും അംശങ്ങൾ പൂർണ്ണമായും മാറ്റിനിർത്തി കലാത്മകതയിൽമാത്രം ഊന്നിയാണ്. ഒട്ടേറെ കരകൗശലവും ലോഹശില്പവിദ്യയും നാട്ടറിവുകളും തച്ചുവേലയും ഒക്കെ സമന്വയിക്കുന്ന ജീവതകകലകളുടെ നിർമ്മാണം, വിവിധ പ്രദേശങ്ങളിൽ അവ കളിപ്പിക്കുന്ന (നൃത്തം) രീതികളുടെയും ചുവടുകളുടെയും വ്യത്യാസം, ആ രീതികളിൽ ഓരോന്നിലും ഉപയോഗിക്കുന്ന താളങ്ങളും അവയുടെ അവതരണരീതികളും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്യുമെന്റ്‌ ചെയ്യുക ആയിരുന്നു. അതു കണ്ടപ്പോഴാണ്, അതുവരെ കേവലം വിശ്വാസികളായി തൊഴുകൈയോടെ കണ്ടുനില്ക്കുകമാത്രം ചെയ്തിരുന്ന ആ അനുഷ്ഠാനത്തിന് ഇത്രയേറെ കലാത്മകതയുടെ വശം ഉണ്ടെന്ന് ഒട്ടുമിക്കവർക്കും മനസിലായത്. കേരളീയകലകളെ ഇത്തരത്തിൽ സമീപിക്കുന്നതിന്റെ സാദ്ധ്യത വെളിവാക്കാൻ മാത്രം ഉദാഹരിച്ചതാണ് ഇത്.

ഇത്തരത്തിൽ കേരളീയകലകളെല്ലാം എത്രയും വേഗം സമഗ്രമായി ഡോക്യുമെന്റ് ചെയ്യപ്പെടണം. കാരണം, ഇവ മിക്കതും ഓരോ സാംസ്‌കാരികഭൂമികയുടെയും അടയാളപ്പെടുത്തലുകളാണ്. കീഴാളകലകൾ മുതൽ സവർണ്ണകലകൾ‌വരെ ഇക്കൂട്ടത്തിൽ ഉണ്ട്. വർണ്ണഭേദമെന്യേ അവ എല്ലാം‌തന്നെ ചരിത്രത്തിന്റെ ഈടുവയ്പുകളാണ്. ഏറെയും സമൂഹത്തിൽ താഴേക്കിടയിൽ എന്ന് ഒരുകാലത്തു വിധിക്കപ്പെട്ടിരുന്ന വിഭാഗങ്ങളുടേതാണ്.

ക്രാഫ്റ്റ്സ് വില്ലേജിൽ അവതരിപ്പിച്ച കലാരൂപങ്ങളുടെ പട്ടികതന്നെ ഇതിന്റെ സാക്ഷ്യമാണ്. ക്ലാസിക്കൽ കലകളായ കഥകളിയും കൂടിയാട്ടവും മാത്രമാകും വേണമെങ്കിൽ സവർണ്ണകല എന്നു കരുതാവുന്നവ. സാമൂഹികമാറ്റത്തിനനുസരിച്ച് ഇന്ന് ആ സ്ഥിതിയും മാറിവരുന്നുണ്ട്. ചലനകലകൾ അല്ലാത്ത പാട്ടുകളും കളമെഴുത്തുപോലുള്ള ചിത്രകലാവിഷ്‌കാരങ്ങളും കൃഷിപ്പാട്ടുപോലുള്ള അദ്ധ്വാനപ്പാട്ടുകളും ഒക്കെയുള്ള അതിവിപുലമായ സാംസ്‌കാരികസമ്പത്ത് ഡോക്യുമെന്റ്‌ ചെയ്യുന്നതോടൊപ്പം അവ ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് അവസരങ്ങൾ ഒരുക്കുകയും ആ കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അതിൽനിന്നു വരുമാനം കിട്ടുന്ന സാഹചര്യം സൃഷ്ടിക്കുകയും വേണം.

കഥകളിക്ലബ്ബുകളും ഫൈൻ ആർട്ട്സ്‌ സൊസൈറ്റികളും മറ്റും ഉണ്ടായിവന്നതാണ് ക്ലാസിക്കൽ കലകൾക്കു വലിയ അനുഗ്രഹം ആയത്. എന്നാൽ, വരേണ്യത്വം കല്പിക്കപ്പെടുന്ന കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും കൂത്തും കർണ്ണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങളും ഒക്കെയേ ഈ അരങ്ങുകളിൽ ഇടം നേടുന്നുള്ളൂ. തനതുകേരളീയകലകൾ കളത്തിനു പുറത്താണ്. സ്റ്റേജും ഹാളും ഒക്കെയുള്ള സംവിധാനത്തിൽ അവതരിപ്പിക്കാവുന്നവ അല്ല കേരളീയകലകൾ പലതും. എസിയും ഫാനും ഒക്കെയുള്ള സൗകര്യത്തിൽ ചാഞ്ഞിരുന്ന് ആസ്വദിക്കാവുന്നവയും അല്ല അവ. കലാമണ്ഡലത്തിനു പുറത്താണ് തീയും പുകയും ഓട്ടവും തകർപ്പൻ മേളവും ഒക്കെയുള്ള ഈ തനതുകലാവതരണങ്ങൾ.

വാസ്തവത്തിൽ ഇതുതന്നെയാണ് ഇവയുടെ സാദ്ധ്യതയും. ഹാളൊന്നും വാടകയ്ക്ക് എടുക്കാതെ, വലിയ ലൈറ്റിങ്ങൊന്നും ഒരുക്കാതെ ഒരു തുറസിൽ നടത്താവുന്നവയാണ് തനതുകലകൾ. അത്തരം ചെലവുകളൊക്കെ ഒഴിവാക്കും. പൊതുവിടങ്ങളെ ഇത്തരം അവതരണങ്ങൾകൊണ്ടു സജീവമാക്കാനും കഴിയും.

അതതു കലകളുടെ തട്ടകങ്ങളിൽ അവയുമായി ബന്ധപ്പെട്ട ചരിത്രബദ്ധവും വിശ്വാസബദ്ധവും സംസ്കാരബദ്ധവും ഒക്കെയായ പൂർണ്ണതയോടെ ഓരോന്നും അവതരിപ്പിക്കുകയും അവ എല്ലാ ജനങ്ങൾക്കും പോയി കാണാൻ അവസരം ഉണ്ടാക്കുകയും ചെയ്യുക എന്നതാണു പ്രധാനം. അതോടൊപ്പം, സാംസ്‌കാരികോത്പന്നങ്ങൾ എന്ന നിലയിൽ അവയുടെ ആസ്വാദനമൂല്യം ഒട്ടും ചോർന്നുപോകാതെ സ്വതന്ത്രയിടങ്ങളിലും അവതരിപ്പിക്കപ്പെടണം. സ്വന്തം തട്ടകംവിട്ടു പുറത്തുപോയിക്കൂടാ എന്നൊക്കെയുള്ള പഴയ വിശ്വാസങ്ങൾ പുതിയകാലത്ത് ആ കലകളുടെ ശോഷണത്തിനു വഴിവയ്ക്കും. അതുകൊണ്ട്, അന്ധവിശ്വാസങ്ങൾ അടിസ്ഥാനമാക്കിയുള്ള അത്തരം കടമ്പകൾ കാലോചിതമായി മറികടക്കുന്നതിന്റെ സാദ്ധ്യതകൾ അതതു രംഗവുമായി ബന്ധപ്പെട്ട കലാകാരരും മറ്റ് ഉത്പതിഷ്ണുക്കളും ആരായണം.

കേരളസംസ്‌കാരം തേടിയെത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ള എല്ലാത്തരം ആസ്വാദകർക്കും അനുഷ്ഠാനസീസനുകളിലും അതതു തറകളിലും കളങ്ങളിലും അല്ലാതെ അവ കാണാൻ അവസരം ഉണ്ടാക്കുക എന്നത് ആ കലകളുടെ പ്രചാരവും കേരളത്തിന്റെതന്നെ മഹത്വവും ഉയർത്തുകയേ ഉള്ളൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two − 2 =

Most Popular