ഡ്യൂറിംങ്ങിനെതിരെ എന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ മഹാനായ എംഗല്‍സ് വിശദീകരിക്കുന്നത് ‘‘മതമെന്നു പറയുന്ന ഏതു സംഗതിയും ആളുകളുടെ നിത്യ ജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യ ശക്തികള്‍ അവരുടെ മനസ്സില്‍ ഉളവാക്കുന്ന അത്ഭുതകരമായ പ്രതിഫലനം അല്ലാതെ മറ്റൊന്നുമല്ല’’ ‘മതത്തെ സംബന്ധിച്ചുള്ള കാര്യകാരണമന്വേഷിക്കുമ്പോള്‍ ഏത് മതത്തിന്റെയും ഉദ്ഭവം ഇങ്ങനെയാണെന്ന് നമുക്കനുമാനിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ വിശ്വാസപരമായി സമീപിക്കുന്നവരാണ് മഹാഭൂരിപക്ഷം മതവിശ്വാസികളും. അതുകൊണ്ട് തന്നെ മതത്തെ രാഷ്ട്രീയ ആവശ്യത്തിനുപയോഗിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന ബൂര്‍ഷ്വാരാഷ്ട്രീയക്കാര്‍. ഇത് ലോകരാജ്യങ്ങളിലാകെ പ്രകടമാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ രണ്ട് ഭരണവര്‍ഗ പാര്‍ട്ടികളാണ്. ഇന്ത്യന്‍ നാഅഷണല്‍ കോണ്‍ഗ്രസ്സും, ഭാരതീയ ജനതാ പാര്‍ട്ടിയും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് പിന്നിലുണ്ട്. ഇതിനു പുറമെ ജാതീയമായി സംഘടിച്ചിട്ടുള്ളവരെ ബൂര്‍ഷ്വാസിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ച് തെരഞ്ഞടുപ്പ് ഘട്ടങ്ങളില്‍ തരാതരം പോലെ ഉപയോഗിച്ചു വരുന്നുണ്ട്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍രൂപം കൊണ്ട ‘‘അദൃശ്യമായൊരു ദൃശ്യാത്മക കൂട്ടുകെട്ടാണ്”. കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ; ഇന്ന് അതിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നത് ഹിന്ദുത്വദര്‍ശനമാണ്. ഇത് അതിന്റെ ലിഖിത നിയമാവലിയില്‍ എവിടെയും കാണാന്‍ കഴിയില്ല എന്നുമാത്രമല്ല അതിന്റെ ചരിത്രം പരിശോധിച്ചാലും അങ്ങിനെയൊരു ചരിത്രവും അതിനില്ല.എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ മേല്‍ മൃദുഹിന്ദുത്വത്തിന്റെ കറ വന്നു വീണു എന്ന അന്വേഷണം നടത്തുമ്പോള്‍ കാലിക ചരിത്രം മാത്രം പരിശോധിക്കുക. അയോദ്ധ്യ ക്ഷേത്രത്തിന്റെ കല്ലിടല്‍ കര്‍മ്മത്തില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതില്‍ അതിന്റെ ദേശീയ നേതാക്കള്‍ പ്രകടിപ്പിച്ച പ്രകടനങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്, രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര കേരളീയര്‍ കണ്ടതാണ്. അത് ഒരു കണ്ടൈനര്‍ യാത്രയായിരുന്നു എന്ന വിമര്‍ശനം ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് എന്ന മത നിരപേക്ഷ ജനാധിപത്യ പാര്‍ട്ടിയുടെ കെട്ടും മട്ടും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കേരളം വിട്ടപ്പൊള്‍ ജോഡോ യാത്രയുടെ രൂപത്തിലും ഭാവത്തിലു മാറ്റം വന്നു ജാഥാ ലീഡര്‍ രാഹുല്‍ ഗാന്ധിയ്ക്ക് പകരം ഒരു ഹിന്ദു സന്യാസിയുടെ രൂപവും ഭാവവുമാണ് കണ്ടത്.
ഡാര്‍വിന്റെ പരാണാമസിദ്ധാന്തത്തില്‍ ജലത്തിലും കരയിലും ജീവിക്കുന്ന അമീബയാണ് പിന്നീട് കാലാന്തരത്താല്‍ പ്രപഞ്ചത്തിലെ വിവിധ ജീവിവര്‍ഗങ്ങളായി പരിണമിക്കുന്നത്. അക്കൂട്ടത്തില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ ഇന്നതിനെ കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നമല്ല. അതിജീവനശേഷി അതിനില്ലായിരുന്നു. അതൊരു സസ്യഭുക്കായിരുന്നു. ഒരുവന്‍ മരം ഒന്നായി വിഴുങ്ങിയാലും വിശപ്പടങ്ങുകയില്ല അങ്ങിനെ ഭക്ഷണം കിട്ടാതെ ആ വംശം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതു പോലെ രാഷ്ട്രീയ മണ്ഡലത്തിലും ചില കക്ഷികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. അതാണ് മൃദുഹിന്ദുത്വവാദികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഹിന്ദുത്വവാദികളായ ആര്‍ എസ് എസ് സസ്യാഹാരത്തിന് പകരം പൂര്‍ണ്ണമായും മാംസാഹാരികളായതുപോലെ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആര്‍ എസ് എസ് എന്ന ദിനോസറിന്റെ ചില ശീലങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സസ്യഭുക്കാണെങ്കിലും മാംസം കഴിക്കും എന്നു പറഞ്ഞാല്‍ പകുതി സസ്യാഹാരവും പകുതി മാംസാഹാരവും കഴിച്ച് ശീലിച്ച് ഇവരില്‍ നല്ല ശതമാനം ഭാരതീയ ജനതാ പാര്‍ട്ടിയായി തീര്‍ന്നിരിക്കുന്നു. ഇത് ഒരു അതിജീവനമെന്നപോലെ കണക്കാക്കാവുന്നതാണ്. അവശേഷിക്കുന്നവര്‍ 2024 ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞടുപ്പോടെ പൂര്‍ത്തിയാകും. അതുവരെ ആയുസ് നീട്ടിക്കിട്ടാനുള്ള പ്രാര്‍ത്ഥനയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ഈ ഒരു ഘട്ടത്തിലാണ് പിടിച്ചുനില്‍ക്കാന്‍ വായയില്‍ തോന്നിയത് ആന്റണിക്ക് പാട്ടായത്. ‘‘പാലാപള്ളി” പോലെ അത് വൈറലായിക്കൊണ്ടിരിക്കുകയാണ് വേറൊന്നുമല്ല അമ്പലത്തില്‍ പോകുന്നതും ചന്ദനക്കുറി തൊടുന്നതും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ഹിന്ദുത്വമായി ചിത്രീകരിക്കരുതെന്നുമാണ് ആന്റണി പറയുന്നത് (മകന്‍ ബി.ജെ.പിയില്‍ കയറിക്കൂടാന്‍ ആര്‍.എസ്.എസ്സിനെ ഒന്ന് വെളുപ്പിക്കണം അതിന് സിപിഐ എമ്മിനെ ഹിന്ദു വിരോധികളാക്കണം) എന്നാല്‍ ആന്റണിക്കറിയുമൊ സി പി ഐ എം അംഗങ്ങളില്‍ നല്ല ശതമാനം വിശ്വാസികളാണ്. അതുകൊണ്ടാണ് 2013. നവംബര്‍ 27,28,29 തിയ്യതികളില്‍ പാലക്കാട്ട് വെച്ച് ചേര്‍ന്ന സി പി ഐ എം. സംസ്ഥാന പ്ലീനത്തില്‍ വന്ന ഒരു നിര്‍ദ്ദേശം പത്ര‐ദൃശ്യ മാധ്യമങ്ങളാഘോഷിച്ചത് ഒര്‍മ്മയില്ലേ, മറന്നു പോയെങ്കില്‍ ഓര്‍മിപ്പിക്കാം. ജില്ലാ കമ്മറ്റി അംഗങ്ങളായവരെങ്കിലും വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കണം എന്ന ആഹ്വാനം’ അതിനര്‍ത്ഥം മുകളില്‍ സൂചിപ്പിച്ച പോലെ വിശ്വാസികള്‍ ദൂരിപക്ഷമുള്ള പാര്‍ട്ടിയാണ് സിപിഐഎം. പക്ഷേ അതിന്റെ ഘടകം ചേരുമ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ദൈവം ഉണ്ടോ, ഇല്ലേ എന്നല്ല, മറിച്ച് മനുഷ്യന്റെ ജീവിതപ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരം സംഘടിപ്പിക്കുമ്പോള്‍ മേല്‍കമ്മറ്റി നല്‍കുന്ന ക്വോട്ട പ്രകാരം ആളുകളെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്യുക. അല്ലാതെ മതസംബന്ധമായ കാര്യങ്ങളോ, ദൈവികമായ കാര്യങ്ങളോ അല്ല. ഇത് എ കെ ആന്റണിക്കെന്നല്ല മൂക്ക് താഴോട്ടുള്ള എല്ലാവര്‍ക്കും അറിയാം.
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ ജീവിവര്‍ഗ്ഗങ്ങളെല്ലാം രൂപപ്പെടുന്നത് പൊതുപൂര്‍വ്വികരില്‍ നിന്നാണെന്നാണ്. എന്നാല്‍ വിശ്വാസികളാരും ഇതംഗീകരിക്കുകയില്ലങ്കിലും, വിദ്യാഭ്യാസ കാലത്ത് അതാണ് നാം പഠിക്കുന്നത്. വിശ്വാസികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നിട്ടെന്താണ് ഇപ്പൊഴുള്ള പൂര്‍വ്വികര്‍ ആരും മനുഷ്യരാകുന്നില്ലല്ലോ ഈ ചോദ്യത്തിനുള്ള ഉത്തരം ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണതത്വം തന്നെയാണ്. പൂര്‍വ്വികരില്‍നിന്ന് മനുഷ്യന്‍ രൂപം പ്രാപിച്ചത് ഒരു ദിവസംകൊണ്ടോ മാസങ്ങള്‍കൊണ്ടോ സംഭവിച്ചതല്ല. അനേകവര്‍ഷത്തിന്റെ ഒടുവില്‍ വന്ന പരിണാമമാണ്. ഈ കണ്ടുപിടുത്തത്തിന് ലോക പ്രകൃതിശാസ്ത്രജ്ഞരുടെ അംഗീകാരവും നേടിയിട്ടുള്ളതാണ്. ‘മനുഷ്യരാശിയുടെ കഥ’യില്‍ ഹെന്‍റിക് വില്യം വാന്‍ ലൂണ്‍ പറയുന്നത് ഇങ്ങനെയാണ്. ‘അയാളുടെ തലയും ശരീരത്തിന്റെ മിക്കഭാഗവും പ്രാകൃതമായ ഒരുതരം രോമം മൂടിയിരുന്നു; കൈകളിലും കാലിലുമെല്ലാം ഇത്തരം രോമമായിരുന്നു. വളരെ മെലിഞ്ഞ, എന്നാല്‍ കരുത്തുള്ള വിരലുകളാണയാള്‍ക്ക് ഉണ്ടായിരുന്നത്; കൈകള്‍ ഏതാണ്ട് കുരങ്ങിന്റേതാണെന്ന് തോന്നിക്കുമായിരുന്നു. വീതി കുറഞ്ഞ നെറ്റിത്തടമായിരുന്നു അയാളുടെത്. ഹിംസ്രമൃഗത്തിന്റെ പോലുള്ള താടിയെല്ലായിരുന്നു നമ്മുടെ മുതുമുത്തച്ഛന്റേത്; പല്ലായിരുന്നു അയാളുടെ കത്തിയും ഫോര്‍ക്കുമെല്ലാം. അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അഗ്നി കണ്ടിട്ടേയില്ല;ഭൂമിയില്‍ പുകയും ലാവയും നിറയ്ക്കുന്ന അഗ്നിപര്‍വ്വതങ്ങളില്‍ നിന്നു പതഞ്ഞു പൊങ്ങുന്ന ജ്വാലകള്‍ മാത്രമാണ് അദ്ദേഹം കണ്ടിരുന്നത്. ‘പരിണാമസിദ്ധാന്തം അംഗീകരിക്കാത്തവരടക്കം മനുഷ്യന്റെ പ്രാകൃതാവസ്ഥ അംഗീകരിച്ചുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നവസ്ഥ പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തില്‍ നിന്ന് പഠിക്കുമ്പോള്‍ നിഷേധിക്കാന്‍ കഴിയാത്തവിധം അത് സുദൃഢമാണ്. എംഗല്‍സിന്റെ ഡ്യൂറിങ്ങിനെതിരെ എന്ന ഗ്രന്ഥത്തില്‍ ഇങ്ങിനെ പറയുന്നുണ്ട്.’ ‘‘അതുപോലെ ഓരോ ജീവിയും ഓരോ നിമിഷവും അതാണ്, പക്ഷേ അതല്ലതാനും. ഓരോ നിമിഷവും അത് പുറത്തുനിന്നുള്ള വസ്തുക്കളെ സ്വാംശീകരിക്കുന്നു. മറ്റു വസ്തുക്കളെ പുറന്തള്ളുന്നു ഓരോ നിമിഷവും അതിന്റെ ശരീരത്തിലെ ഏതെങ്കിലും കോശങ്ങള്‍ മരിക്കുന്നു. പുതിയ കോശങ്ങള്‍ സ്വയം ഉണ്ടാകുന്നു. അതിന്റെ ശരീരം ദീര്‍ഘകാലം കൊണ്ടോ ഹ്രസ്വകാലം കൊണ്ടോ പൂര്‍ണമായും പുതുതാകുന്നു. മറ്റു ഭൗതിക തന്മാത്രകള്‍ പകരം വരുന്നു. അങ്ങനെ ഓരോ ജീവിയും എപ്പോഴും അതുതന്നെയാണ്, പക്ഷേ അതല്ലാതെ മറ്റെന്തോ ആണ്” (എംഗല്‍സിന്റെ ഡ്യൂറിങ്ങിനെതിരെ അദ്ധ്യായം ഒന്ന് ‘സാമാന്യം’). പ്രപഞ്ചത്തിലെ ഏതൊന്നിന്റെയുംമാറ്റം മുന്‍കൂട്ടി വാര്‍പ്പ് മാതൃകയില്‍പ്രവചിക്കാന്‍ കഴിയില്ല. കാരണം മാറ്റം എന്ന് പറയുന്നത് മാതൃകകളില്ലാത്ത ഒന്നാണ്. ഒരു കല്ല് മണലാകുമ്പോള്‍ അതിന്റെ വീതിയും നീളവും ഉയരവും തൂക്കവും എത്രയെന്ന് കൃത്യമായിട്ടറിയില്ലങ്കിലും ഒരു കല്ലിന്റെ പരിണാമമെന്താണന്ന് നമുക്കറിയാം ടെറി ഈഗിള്‍ടണ്‍ ‘എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘‘ഭാവിയെ വര്‍ത്തമാനത്തിനകത്ത് ഒരു സാധ്യതയായി കാണുന്നത് ഒരു മുട്ടയില്‍ സാധ്യമായ കോഴിയെ കാണുന്നതുപോലെയല്ല’’.
മനുഷ്യോല്‍പ്പത്തിയെ സംബന്ധിച്ചൊരു തര്‍ക്കം ഉന്നയിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഇത്രയും വിശദീകരണം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ മനുഷ്യര്‍ക്കാകെ ഒരു ദൈവമല്ല ഉള്ളത്. അതുപോലെ ഒരേ വിശ്വാസവുമല്ല, ഒരേ ആചാരവുമല്ല. വ്യത്യസ്തമായ ആചാരരീതികളും വിശ്വാസങ്ങളുമാണ് ഉള്ളത്. എന്നാല്‍ ലോകത്ത് ആകെയുള്ള മഹാഭൂരിപക്ഷം ജനങ്ങള്‍ക്കിടയില്‍ കാണാന്‍ കഴിയുന്ന ഒന്നുണ്ട്. ‘ഭയം’ അത് മരണമാണ്. ജീവിതത്തോടുള്ള പ്രണയം സൂക്ഷിക്കുന്ന മനുഷ്യന്‍ മരിക്കും എന്ന ഭയം ഉള്ളതുകൊണ്ട് തെറ്റുകള്‍ ചെയ്യാതിരിക്കുന്നില്ല. നിരന്തരം ആഘോഷപൂര്‍വ്വമാണ് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ തെറ്റുകളെ ലഘൂകരിക്കാന്‍ സഹജീവികളോട് കരുണ കാണിക്കുവാന്‍ ഉദ്ഘോഷിച്ചുകൊണ്ടാണ് മതങ്ങള്‍ പിറവിയെടുക്കുന്നത്. ലോകത്തുള്ള ഏത് മതത്തിന്റെ ചരിത്രം പരിശോധിച്ചാലും നമുക്കത് കാണാന്‍ കഴിയും. തിന്മകള്‍ക്കെതിരായ പോരാട്ട ചരിത്രമാണ് മതങ്ങള്‍ക്കുള്ളത്. ആ നിലയില്‍ നിന്നു വേണം ഇന്ത്യയില്‍ പിറവിയെടുത്ത മതങ്ങളെ സംമ്പന്ധിച്ചും ലോകത്ത് പ്രചുരപ്രചാരം നേടിയ മതങ്ങള്‍ക്കെല്ലാം തന്നെ ഇന്ത്യയില്‍ വേരൂന്നുവാന്‍ കഴിഞ്ഞതെന്തുകൊണ്ടെന്ന് പരിശോധിക്കുമ്പോഴാണ് ഹിന്ദുമതം എന്നൊരു മതം ഉണ്ടോ? എന്ന ചോദ്യം ഉയരുക.
‘ഹിന്ദു’ എന്നൊരു മതം രാജ്യത്തിന് അവകാശപ്പെടാന്‍ കഴിയാത്ത വിധം അത് എല്ലാ വിശ്വാസങ്ങളെയും വാരിപ്പുണരുന്ന എല്ലാവരെയും അംഗീകരിക്കുന്ന ഒരു സംസ്കൃതിയുടെ പേരാണ്. സിന്ധു നദീതട സംസ്കാരം എന്നത്.പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ കാരം ഇല്ലാത്തതുകൊണ്ട് ‘ഹി’ വന്നു. അങ്ങനെ വന്ന പേരാണ് ഹിന്ദു എന്നത് (വിവേകാനന്ദ സാഹിത്യ സംഗ്രഹത്തില്‍ ചോദ്യോത്തരങ്ങളില്‍ താഴെ കൊടുക്കുന്നവ മാത്രം പരിശോധിച്ചാല്‍ മതി).
ചോദ്യം: കാലത്തെ നാലു യുഗങ്ങളായി തിരിച്ചിരിക്കുന്നത് ജ്യോതിശാസ്ത്രമനുസരിച്ചൊ, അതോ കേവലം കാല്‍പനികമോ?
ഉത്തരം: ‘വേദങ്ങളില്‍ അത്തരം വിഭാഗങ്ങളെ കുറിച്ചുള്ള പ്രസ്താവനയൊന്നുമില്ല അവ പൗരാണിക കാലങ്ങളിലെ അനിയന്ത്രിത സങ്കല്പങ്ങളാണ്.’
നാല് യുഗങ്ങള്‍ എന്നു പറയുന്നത് കവിഭാവനയുടെ അപാരതയില്‍ സൃഷ്ടിക്കപ്പെട്ടതാണ്. അത് അത്ര നിസ്സാരമായ കാര്യമല്ല അതിനെ ഹിന്ദുമത വിശ്വാസപ്രമാണമായി നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളിലൂടെയാണ് ഹിന്ദുത്വം കടന്നുവരുന്നത്. ചതുര്‍ യുഗങ്ങളില്‍ ആദ്യത്തെ യുഗം കൃതയുഗമാണ്. അതിന്റെ ദൈര്‍ഘ്യം ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി എണ്ണൂറ് വര്‍ഷമാണ്, രണ്ടാമത്തെ യുഗം ത്രേതായുഗമാണ് അതിന്റെ ദൈര്‍ഘ്യം 1296000 വര്‍ഷമാണ്. മൂന്നാമത്തെ യുഗം ദ്വാപരയുഗമാണ്. അതിന്റെ ദൈര്‍ഘ്യം എട്ട് ലക്ഷത്തിഅറുപത്തിനാലായിരം വര്‍ഷമാണ്. നാലാമത്തെ യുഗം കലിയുഗമാണ്. നാമിപ്പോള്‍ ജീവിക്കുന്ന യുഗം 432,000 വര്‍ഷം വരെ നീണ്ടുനില്‍ക്കും. ഇതില്‍ നമ്മള്‍ 6000 വര്‍ഷം ജീവിച്ചു കഴിഞ്ഞു. ഈ കണക്കു പ്രകാരം കലിയുഗത്തിലെ 6000 വര്‍ഷമടക്കം രണ്ടുകോടി 33 ലക്ഷത്തി 800 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷങ്ങളില്‍ നടന്ന കാര്യങ്ങളാണ് മഹാവിഷ്ണുവിന്റെ ദശാവതാരകഥയിൽ ഹിന്ദുമതവിശ്വാസങ്ങളായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ വിശ്വാസികള്‍ ഒരിക്കലും അംഗീകരിക്കാത്ത ഒന്നുണ്ട്. ഏതാണ്ട് 1382 കോടിവര്‍ഷം മുമ്പ് ഉണ്ടായിട്ടുള്ള മഹാവിസ്ഫോടനം (ബിഗ് ബാങ്) നടന്നതിനെ സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കും ഇടംനല്‍കാന്‍ കഴിയാത്ത വിധം അടഞ്ഞ അധ്യായമായി കാണുന്നവര്‍ പ്രചരിപ്പിക്കുന്ന യുക്തിരഹിതമായ സങ്കല്‍പ്പങ്ങളെ താലോലിക്കുന്ന ഹിന്ദുത്വ ശക്തികളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ഇന്ന് ഔദ്യോഗികശാസ്ത്രലോകം.
അതിപുരാതന ഗ്രന്ഥമായ വേദങ്ങള്‍ പിറവിയെടുത്തിട്ടുള്ളത് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പല ഋഷികളും (കവികളും) പുരോഹിതന്മാരും പല കാലങ്ങളിലായി എഴുതിയ ആയിരത്തിലേറെ സൂക്തങ്ങള്‍ എന്നറിയപ്പെടുന്ന പദ്യസഞ്ചയങ്ങളുടെ ബൃഹദ്‌സമാഹാരമാണ് ഋഗ്വേദം (‘ഋഗ്വേദം ‘സൗന്ദര്യം, സമൂഹം/രാഷ്ട്രീയം ഡോക്ടര്‍ എന്‍ വി പി ഉണിത്തിരി). ഓരോ യുഗങ്ങളിലെയും വിഷ്ണുവിന്റെ അവതാരങ്ങളായ ദേവതകളെ സൂചിപ്പിക്കുമ്പോള്‍ തന്നെ (ഉദ: വരാഹം = പന്നി ) ആ സാമൂഹ്യഘടനയെ കണ്ടെത്തുവാന്‍ കഴിയും. ആ കാലത്തെ മനുഷ്യരൂപങ്ങളെയും അവരുടെ ജീവിതചര്യകളെയും അക്കാലത്തെ വിഷ്ണുവിന്റെ അവതാരങ്ങള്‍ ഉപയോഗിച്ച ആയുധങ്ങളടക്കം നമുക്കുതരുന്ന സന്ദേശം ചിത്രകലാകാരര്‍ വരച്ച അതിമനോഹരമായിട്ടുള്ള ചിത്രങ്ങളിലെയും ആധുനികകാലത്ത് സിനിമയിലും ചാനലുകളിലെ സീരിയലുകളില്‍ വന്ന കൃഷ്ണനും ശ്രീരാമനും വാമനനും പരശുരാമനും അടക്കമുള്ളവരുടെ രൂപഭാവങ്ങളും ദൈവീക ശക്തികളും എല്ലാം ഇന്ന് വിശ്വാസികളുടെ ഭാവനയിലൂടെ വളര്‍ത്തിയെടുത്ത രൂപം മാത്രമാണ്. എങ്കിലും വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ഇന്ന് സാധാരണ മനുഷ്യരുടെ വിശ്വാസപ്രമാണങ്ങളായിട്ടുള്ളതാണ്, ഈ വിശ്വാസത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി രൂപംകൊണ്ട ആർഎസ്‌എസ് ആശയമാണ് ‘സാംസ്കാരിക ദേശീയത’. അത് പ്രയോഗവല്‍ക്കരിക്കുന്നതിനാണ് അന്യമത ശത്രുത വളര്‍ത്തിയെടുക്കുന്നത്. ഇതിന് ആവശ്യമായ പ്രത്യയശാസ്ത്ര രൂപീകരണമാണ് സവര്‍ക്കര്‍ വളര്‍ത്തിയെടുത്തത്. ഫ്യൂഡല്‍ ഘടനയെ തകര്‍ത്ത് പിറവിയെടുത്ത മുതലാളിത്ത ഭരണകൂടങ്ങളും ജനകീയ ജനാധിപത്യ ഭരണകൂടങ്ങളും പൗരോഹിത്യത്തിനു പകരം ജനാധിപത്യത്തിന് പ്രാധാന്യം നല്‍കിയതോടെ ഭരണകൂടങ്ങള്‍ക്ക് മേല്‍ മതപൗരോഹിത്യത്തിന് സ്ഥാനമില്ലാതായി. അധികാരം നഷ്ടപ്പെട്ട മതപൗരോഹിത്യം ഇന്ന് ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് സവര്‍ണ്ണ ഫാസിസ്റ്റുകളുടെ നഷ്ടപ്പെട്ട പ്രതാപകാലത്തെ തിരിച്ചു പിടിക്കുന്നതിനാണ്. ‘ഹിന്ദുത്വ രാഷ്ട്രീയ’ത്തെ ഉയർത്തിക്കൊണ്ടുവന്നത് ആ ദൗത്യം നിറവേറ്റാനാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തേയും സജീവമാക്കി നിര്‍ത്താനുള്ള എഞ്ചിന്‍ പ്രവര്‍ത്തനമാണ്. 1789ലെ ഫ്രഞ്ച് വിപ്ലവത്തിലൂടെ ലോകത്ത് പിറവികൊണ്ടതാണ് ജനാധിപത്യം, ഇത് മുതലാളിത്ത ഭരണസംവിധാനമാണ്. ഇന്ത്യയില്‍ മതനിരപേക്ഷതയിലൂടെ കടന്നുവന്ന ഭരണകൂടങ്ങളെല്ലാം മുതലാളിത്തത്തിന്റെ രാഷ്ട്രീയമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് ഭരണം നടത്തിയത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്നതും മുതലാളിത്തം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്, അവര്‍ പ്രവര്‍ത്തിക്കുന്നത്. മുതലാളിത്ത സാമ്പത്തിക ഘടനയ്ക്ക് അകത്തു തന്നെ ശിങ്കിടിമുതലാളിത്തം രൂപപ്പെടുമ്പോള്‍ മുതലാളിത്തത്തിന്റെ ഭരണനിര്‍വഹണ രീതിയായ ജനാധിപത്യം അസ്തമിക്കും. പകരം ഫ്യൂഡല്‍ ജനാധിപത്യം ഉയര്‍ന്നുവരും. രാജ്യം പോയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു പോകും. അതിനനുസരിച്ചുള്ള ഭരണസംവിധാനം രൂപപ്പെടും. അതാണ് ഫാസിസം.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൂര്‍വഘടന വാദിയായിരുന്ന രാമദാസിനെ ഓര്‍ത്തുകൊണ്ട് വേണം ഹിന്ദുത്വത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍. പതിനേഴാം നൂറ്റാണ്ടിലെ മറാത്ത രാജാവ് ശിവജിക്ക് (1627‐1680) സമകാലീനനായി ജീവിച്ചിരുന്നയാളാണ് രാമദാസ് (1608‐1681). ശിവജിയുടെ ബ്രാഹ്മണനായ ഗുരുവായിട്ടാണ് രാമദാസ് അറിയപ്പെടുന്നത്. 1936ൽ അംബേദ്‌കർ ‘ജാതി ഉന്മൂലന’വുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ ലിഖിതരൂപത്തിൽ അംബേദ്‌കർ ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്: ‘‘അദ്ദേഹത്തിന്റെ മറാത്തിയിലൂള്ള ‘ദേശ് ബോദ് ‘എന്ന സാമൂഹിക‐രാഷ്ട്രീയ മതപരമായ ചെറു പുസ്തകത്തില്‍ രാമദാസ് ഹിന്ദുക്കളെ അഭിസംബോധനം ചെയ്തു ചോദിക്കുന്നു. ഒരു ‘അന്ത്യ ജനെ’ അയാള്‍ ഒരു പണ്ഡിതനാണ് (ജ്ഞാനി) എന്ന കാരണത്താല്‍ നമുക്ക് ഗുരുവായി സ്വീകരിക്കാന്‍ പറ്റുമോ? അദ്ദേഹം അതിന് നിഷേധാര്‍ത്ഥത്തിലു ള്ള ഉത്തരമാണ് നല്‍കുന്നത് . (അന്ത്യ ജന്‍ അവസാനം ജനിച്ചവര്‍ എന്നാണ് അര്‍ത്ഥം ബ്രാഹ്മണര്‍ (പുരോഹിതര്‍) ക്ഷത്രിയര്‍ (യോദ്ധാക്കള്‍) വൈശ്യര്‍ (കച്ചവടക്കാരു കൃഷിക്കാരും) ശൂദ്രര്‍ (സേവകര്‍, വിടുപണിക്കാര്‍) എന്നിങ്ങനെയുള്ള നാല് തട്ടുള്ള വര്‍ണ്ണ വ്യവസ്ഥയുടെ പരിധിയില്‍പെടാത്തവരാണ് അന്ത്യജര്‍. നാല്ജാതികളില്‍ ആദ്യത്തെ മൂന്നു വിഭാഗക്കാരും ദ്വജരാണ്. രണ്ട് വട്ടം ജനിക്കുന്നവര്‍. ശൂദ്രര്‍ (നായര്‍ വിഭാഗം) മറ്റ് മൂന്ന് ജാതികളുടെയും സേവകരായി പണിയെടുക്കുന്നവരാണ്. അന്ത്യജര്‍ ഈ പരിധിയില്‍ പുറത്താണ്. അതായത് തൊട്ടുകൂടാത്തവര്‍. അവര്‍ ഗ്രാമത്തിനു പുറത്ത് ജീവിക്കണമെന്ന് ഈ ചെറു പുസ്തകത്തിലൂടെ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിലാകെ പടര്‍ന്നു പന്തലിച്ചു എന്ന തെറ്റിദ്ധരിപ്പിക്കാന്‍ പത്രþദൃശ്യþനവമാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസിന് കഴിയുന്നുണ്ട്. എന്നാല്‍ എന്താണ് വസ്തുത? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹനീയതകൊണ്ടും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മയില്‍ വിള്ളല്‍ വരുത്തിയതിന്റെ ഭാഗമായി 37% ത്തിന്റെ നീര്‍പ്പോളയില്‍ രൂപം കൊണ്ട ആര്‍ എസ് എസ് ഭരണകൂടത്തിനെതിരെ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ള 63 ശതമാനം ഇന്ത്യക്കാർ ഐക്യപ്പെട്ടുവരുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ പ്രാദേശിക കൂട്ടുകെട്ടിലൂടെ ആര്‍.എസ്.എസ്. നയിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് ഇന്ത്യന്‍ ജനത തിരിച്ചറിവ് നേടിയിട്ടുണ്ട്. ♦