Tuesday, April 23, 2024

ad

Homeലേഖനങ്ങൾക്രമസമാധാന മേഖലയുടെ കേരളീയ പരിപ്രേക്ഷ്യം ഭാഗം 3

ക്രമസമാധാന മേഖലയുടെ കേരളീയ പരിപ്രേക്ഷ്യം ഭാഗം 3

ഡോ. പി എം സലിം

2006 – 2022 കാലഘട്ടം
ഒന്നാംഘട്ടം: പോലീസ് ക്രമസമാധാന മേഖലയെ സംബന്ധിച്ച 1957 മുതലുള്ള കാലഘട്ടത്തെ ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഘട്ടം- 1957-‐59 വർഷത്തെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണകാലം, കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആദ്യ ജനകീയ സർക്കാരിന്റെ പുതിയ പോലീസ് നയം ഉൾപ്പെടെയുള്ള എല്ലാ ഭരണപരിഷ്കാര നടപടികളും കേരളത്തിന്റെ സമഗ്ര വികസനത്തിനും മുന്നേറ്റത്തിനുമുള്ള മൂർത്തമായ അടിത്തറ സൃഷ്ടിച്ചു. ആ സർക്കാരിന് അതിനെ നയിച്ചിരുന്നവർ വിഭാവനം ചെയ്ത വികസന ക്ഷേമ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, 1959ൽ കമ്യൂണിസ്റ്റ് വിരുദ്ധ അട്ടിമറി നടന്നില്ലായിരുന്നുവെങ്കിൽ, ഈ നാട് പുരോഗതിയുടെയും വികസനത്തിന്റെയും കാര്യത്തിൽ വികസിത രാജ്യങ്ങളുടെയും മുന്നിൽ നിൽക്കുന്ന ദേശം ആകുമായിരുന്നു.

രണ്ടാം ഘട്ടം:- 1960‐69 കാലഘട്ടം. മാറിമാറി വന്ന സർക്കാരുകൾ ഗൗരവതരമായ വ്യതിയാനങ്ങളോ പരിഷ്കരണ നടപടികളോ ഇല്ലാതെ ആദ്യ ഇഎംഎസ് സർക്കാർ ആവിഷ്കരിച്ച ക്രമസമാധാന നയപരിപാടികൾ തന്നെ പിന്തുടരുകയുണ്ടായി.
1970 മുതൽ 1977 വരെയുള്ള മൂന്നാം ഘട്ടം: പോലീസ് ഭരണത്തിലും ക്രമസമാധാന പരിപാലനത്തിലും അടിച്ചമർത്തലിന്റെയും നിഷേധാത്മകതയുടെയും കാലഘട്ടമായിരുന്നു. ജനാധിപത്യ, മൗലിക അവകാശങ്ങളെ അപ്രസക്തമാക്കിയ അടിയന്തരാവസ്ഥക്കാലം കേരളത്തിലെ പോലീസ് ഭരണകൂട ഭീകരതയുടെ താണ്ഡവകാലമായിരുന്നു.

നാലാം ഘട്ടം (1977-‐2005): മാറിമാറി ഭരണത്തിലിരുന്ന യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ കാലഘട്ടം. ഈ മൂന്ന് പതിറ്റാണ്ടിനിടയിൽ അധികാരത്തിലിരുന്ന സർക്കാരുകളുടെ ക്രമസമാധാന പരിപാലനം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായിരുന്നു.

2006 മുതൽ നിലവിലുള്ള ഘട്ടത്തിൽ ആഭ്യന്തരവകുപ്പിന്റെയും പോലീസ് ക്രമസമാധാന മേഖലയുടെയും പ്രവർത്തനം കാലാനുസൃതമായി സുതാര്യമാണെന്ന് നമുക്ക് കാണാൻ കഴിയും. ക്രമസമാധാന മേഖലയിൽ കൂടുതൽ ക്രിയാത്മകമായ നടപടികളും നൂതന ഭരണ പരിഷ്കരണ പരീക്ഷണങ്ങളും സർക്കാരുകൾ സ്വീകരിച്ചു വരുന്നു.

പുതിയ പ്രവണതകൾ
2006-‐2011 കാലയളവിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ കീഴിൽ കേരള പോലീസിന് സാമൂഹ്യവൽക്കരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും കാര്യങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടായി. അക്കാലം മുതൽ പോലീസും പൗരസമൂഹവുമായിട്ടുള്ള ബന്ധം വളരെ ക്രിയാത്മകമായ രീതിയിൽ വികസിച്ചു വന്നു. ജനങ്ങളെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്ന ജനസൗഹൃദ സംവിധാനമായി പോലീസ് സേനയെ മാറ്റിയത് കേരളത്തിന് സാമൂഹികമായി വളരെയേറെ ഗുണം ചെയ്ത കാര്യമാണ്. വിവരസാങ്കേതിക മുന്നേറ്റത്തിന്റെ കാലത്ത് കേരളത്തിലെ പോലീസ് സേനയെയും അതിന് അനുയോജ്യമായ രീതിയിൽ പരുവപ്പെടുത്തി. പോലീസ്-‐പൊതുജന സഹകരണം ശക്തിപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി പോലീസിങ്ങിന്റെ ഭാഗമായി ജനമൈത്രി സുരക്ഷാ പദ്ധതിക്ക് 2008 മാർച്ച് 26ന് തുടക്കം കുറിച്ചു. ജനമൈത്രി സുരക്ഷാ പോലീസ് സംവിധാനം പോലീസ് സേനയെ ജനകീയ പോലീസാക്കി മാറ്റുന്നതിനുള്ള നടപടിയായിരുന്നു. 2006ൽ പ്രവർത്തനം തുടങ്ങിയ കേരളത്തിലെ പോലീസ് ഹൈടെക് സെല്ല് ഇന്ന് ഏറ്റവും മികച്ച രീതിയിൽ കുറ്റാന്വേഷണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഏറെ പുരോഗമനപരമെന്നും പ്രവർത്തനക്ഷമമെന്നും തെളിയിക്കപ്പെട്ട സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കിയത് 2010ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സമൂഹത്തിലെ പോലീസ് സംവിധാനത്തിന്റെയും സാമൂഹ്യപരവും വ്യക്തിപരവുമായ അച്ചടക്കത്തിന്റെയും പ്രാധാന്യം വളർന്നുവരുന്ന തലമുറയെ ബോധ്യപ്പെടുത്തുന്നതിനുതകുന്ന സ്റ്റുഡൻസ് പോലീസ് കോർപ്പസ് നടപ്പിലാക്കിയത് നൂതനവും വളരെയേറെ പ്രശംസനീയവുമായ നടപടിയാണ്. കേരള പോലീസിൽ നിന്നും രാജ്യം മാതൃകയായി സ്വീകരിച്ച പദ്ധതികളിൽ ഒന്നായ കേരള സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് പദ്ധതി വളരെ ക്രിയാത്മകമായ രീതിയിലാണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ പോലീസ് കോൺസ്റ്റാബുലറിയുടെ ക്ഷേമ സൗകര്യങ്ങളുടെയും സ്ഥാനക്കയറ്റ വ്യവസ്ഥകളുടെയും മറ്റും കാര്യങ്ങളിൽ എടുത്തുപറയാവുന്ന ഒട്ടേറെ നേട്ടങ്ങൾ ആ വർഷങ്ങളിൽ ഉണ്ടായി. തുടർന്നുവന്ന യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആദ്യം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണനും (അവസാന രണ്ടുവർഷം താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടൽ!!) രമേശ് ചെന്നിത്തലയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തു. തൊട്ടുമുമ്പത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പോലീസിന്റെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ ഭരണകാലത്തും തുടരുകയുണ്ടായി. 2016 മുതൽ സിപിഐഎം നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭയിലും 2021ൽ ഉണ്ടായ തുടർഭരണത്തിലും ആഭ്യന്തരവകുപ്പിന്റെ ഭരണച്ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇക്കാലത്ത് പോലീസിന്റെ കാര്യക്ഷമതയും പ്രവർത്തനശേഷിയും കാലാനുസൃതമായി വർദ്ധിച്ചിട്ടുള്ളൂ.

പോലീസ്, സമൂഹത്തിന്റെ ഒരു ഭാഗമാണല്ലോ. സ്വാഭാവികമായും സമൂഹത്തിന്റെ ഗുണങ്ങളും ദോഷങ്ങളും പോലീസിലും സംഭവിക്കുന്നു. കേരളത്തിലെ പോലീസ് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും എത്രമാത്രം കാര്യക്ഷമമായി പ്രവർത്തിച്ചാലും അത്തരം നല്ല കാര്യങ്ങൾ വേണ്ടത്ര ഗൗനിക്കാതെ എന്തെങ്കിലും വീഴ്ചകൾ ഉണ്ടാകുന്നെങ്കിൽ അത് മാത്രം ഉയർത്തിപ്പിടിച്ച് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ശീലമുള്ളവയാണ് കേരളത്തിലെ മാധ്യമങ്ങൾ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ആയുർദൈർഘ്യത്തിലും പൊതുവിതരണ മേഖലയിലും സാമൂഹിക പുരോഗതിയിലും ഒക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം മാധ്യമ സാക്ഷരതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണല്ലോ. 78 ലക്ഷത്തോളം വരുന്ന കോപ്പികൾ വിറ്റഴിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങളും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദൂരദർശനും ആകാശവാണിയും കൂടാതെ പന്ത്രണ്ടോളം ടെലിവിഷൻ വാർത്താ ചാനലുകളും മറ്റു കുറെ വിവിധോദ്ദേശ്യ ടെലിവിഷൻ ചാനലുകളും അനേകം യുട്യൂബ്‌ ചാനലുകളും എണ്ണമറ്റ നവമാധ്യമ കൂട്ടായ്മകളും ഉള്ള കേരളത്തിൽ ഈ അടുത്ത നാളുകളിലായി പോലീസിനെ സംബന്ധിച്ച് കൂടുതലായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം കേരള പോലീസിൽ വളരെ അപൂർവ്വമായി മാത്രമുള്ള ചില ക്രിമിനൽ പ്രവർത്തന സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചാണ്. കേരള പോലീസിനെ കളങ്കപ്പെടുത്തുന്ന ക്രിമിനൽ സ്വഭാവമുള്ളവർ വളരെ കുറച്ചു മാത്രമാണെങ്കിലും അവരുടെ കുറ്റകരമായ പ്രവർത്തനങ്ങളുടെ സ്വഭാവമനുസരിച്ച് സർവീസിൽ നിന്നും നീക്കംചെയ്യുന്നതടക്കമുള്ള ശിക്ഷ നടപടികൾ പിണറായി സർക്കാർ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെകാൾ കൃത്യതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. ശ്രദ്ധയിൽപ്പെടുന്ന കേസുകൾ ഒന്നൊഴിയാതെ എല്ലാം തന്നെ രജിസ്റ്റർ ചെയ്ത് കാര്യക്ഷമമായും ഫലപ്രദമായ രീതിയിലും പോലീസ് അന്വേഷിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് ഇന്ന് കേരളം എന്ന് പൊതുവേ കാര്യമാണ്.

അംഗീകരിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കുകയും കുറ്റവാളികളുടെ മേൽ നടപടികൾ സ്വീകരിക്കുകയും നിയമത്തിന്റെ വഴിയിലൂടെത്തന്നെ ഉചിതമായ ശിക്ഷാവിധികൾ നടപ്പിലാക്കിയെടുക്കുകയും ചെയ്യുന്നത് കേരള പോലീസിന്റെ പ്രത്യേകതയാണ്.

ജാതി സാമുദായിക സംഘടനകളും, നിക്ഷിപ്ത താല്പര്യ സംഘങ്ങളും സമ്മർദ്ദ ഗ്രൂപ്പുകളായി നിലനിന്നുകൊണ്ട് കേരളത്തിലെ മാറിമാറി വന്ന സർക്കാരുകളിൽ, പ്രത്യേകിച്ചും വലതുപക്ഷ സർക്കാരുകളെ സ്വാധീനിച്ചുകൊണ്ട് അവിഹിതമായി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കി എടുത്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലിരിക്കുന്ന സമയങ്ങളിൽ അത്തരം സമ്മർദ്ദ വിഭാഗങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ വലിയതോതിൽ വിജയിക്കില്ല. അതിനാൽ ഇടതുപക്ഷത്തിനെതിരെ അവരുടെ ഭാഗത്തുനിന്നും നിരന്തരമായി ദുഷ്പ്രചാരണങ്ങൾ ഉണ്ടാവാറുണ്ട്. മാധ്യമങ്ങൾ അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നു. ഇടതുപക്ഷ സർക്കാരുകളുടെ ഭരണനേട്ടങ്ങളെ പൊതുവേയും ക്രമസമാധാന മേഖലയെ പ്രത്യേകിച്ചും ഇകഴ്ത്തിക്കാട്ടുക എന്നത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ സവിശേഷതയാണ്. കേരളത്തിലെ മാധ്യമങ്ങളുടെ ഇടതുവിരുദ്ധത കുപ്രസിദ്ധമാണല്ലോ. കേരളത്തിന്റെ സവിശേഷതയാർന്ന രാഷ്ട്രീയ പ്രബുദ്ധതകൊണ്ട് ഗുണങ്ങളോടൊപ്പം നാടിന്റെ പുരോഗതിക്ക് പ്രായോഗികമായ പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പ്രതിപക്ഷ പാർട്ടികൾ, ട്രേഡ്‌ യൂണിയനുകൾ, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ പ്രതിഷേധങ്ങളും സമരങ്ങളും രാഷ്ട്രീയപ്രേരിത സമരങ്ങളും, ബന്ദ്‌, ഹർത്താൽ തുടങ്ങിയ സംഭവങ്ങളും ഒക്കെ സംസ്ഥാനത്ത് എല്ലാകാലത്തും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനാധിപത്യ സമൂഹത്തിൽ ഭരണകക്ഷിയുടെ നയവ്യതിയാനങ്ങൾക്കെതിരെ സമരങ്ങൾ ഉയരുക സ്വാഭാവികമാണ്. എന്നാൽ അത്തരം സമരങ്ങൾ നാടിന്റെ വികസനത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് എത്താതെ നിയന്ത്രിക്കുന്ന കാര്യത്തിൽ കേരളത്തിലെ പോലീസിന്റെ കാര്യക്ഷമതയും ജാഗ്രതയോടെയും ഉള്ള പ്രവർത്തനങ്ങളും കൃത്യവും ഫലപ്രദവുമാണ്.

ലൂയിസ് അൽത്തൂസർ പ്രതിപാദിച്ചിട്ടുള്ള “ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ഉപകരണമാണ്’’ (Repressive State Apparatuses) പോലീസ് എന്ന കാര്യം സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. സ്റ്റേറ്റിന്റെ നിയമങ്ങളും ചട്ടങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്നതിനായി ബൂർഷ്വാ ഭരണകൂടം പോലീസിനെ അതിന്റെ ശക്തമായ ഉപകരണമായി ഉപയോഗിക്കുന്നു. 1957ലാണല്ലോ കേരളത്തിൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‌ പങ്കാളിത്തമുള്ള സർക്കാർ ആദ്യമായി അധികാരത്തിലെത്തിയത്. ആ സർക്കാരിന്റെ കാലം മുതൽതന്നെ ഭരണത്തിൽ പങ്കാളിയാകാൻ സാധാരണ ജനവിഭാഗത്തിന് അവസരം ലഭിച്ചപ്പോഴൊക്കെയും കേരളത്തിലെ പോലീസിന്റെ അടിച്ചമർത്തൽ നടപടികൾ കുറയുന്നു. തൊഴിൽ തർക്കങ്ങൾ, കുടിയൊഴിപ്പിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ ആദ്യ ഇഎംഎസ് സർക്കാർ കൊണ്ടുവന്ന നിയമനിർമാണങ്ങളിൽ നിന്നുതന്നെ ഇക്കാര്യങ്ങൾ വ്യക്തമാണ്. കേരളത്തിൽ ഭയാശങ്കകൾ ഇല്ലാതെ സാധാരണക്കാരന് പരാതി ബോധിപ്പിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്ക് കടന്നുചെല്ലുവാനുള്ള സാഹചര്യത്തിന് തുടക്കം കുറിച്ചത് ആദ്യ ഇഎംഎസ് സർക്കാരാണ്. ആ സർക്കാർ ആവിഷ്കരിച്ച “പുതിയ പോലീസ് നയം”(New Police Policy) “പോലീസ് ജനകീയ പ്രശ്നങ്ങളെ അടിച്ചമർത്തുന്നതിന് വേണ്ടിയല്ല നിലകൊള്ളേണ്ടത്, പകരം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ജനാധിപത്യ സർക്കാരുകളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്‌’’ എന്ന നിലപാട് കേരളത്തിന്റെ സാമൂഹിക -രാഷ്ട്രീയ- സാമ്പത്തിക -സാംസ്കാരികപരമായ സമഗ്ര പുരോഗതിക്ക് വഴിതെളിച്ചിട്ടുണ്ട്. തീർച്ചയായും കേരള പോലീസ് ഈ വികസനത്തിന്റെ, പുരോഗതിയുടെ സംരക്ഷകരാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + seventeen =

Most Popular