Sunday, May 19, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർആദ്യ ദേശീയ പൊതുപണിമുടക്ക്‌ ദിനത്തിലെ രക്തസാക്ഷികൾ

ആദ്യ ദേശീയ പൊതുപണിമുടക്ക്‌ ദിനത്തിലെ രക്തസാക്ഷികൾ

ജി വിജയകുമാർ

1982 ജനുവരി 19. ഇന്ത്യൻ തൊഴിലാളിവർഗ സമരചരിത്രത്തിലെ അവിസ്മരണീയമായ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ പൊതുപണിമുടക്ക് നടന്ന ദിവസം.

അടിയന്തരാവസ്ഥയെതുടർന്ന് പരാജിതയായി അധികാരത്തിൽനിന്നു പുറത്തായശേഷം വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചുവന്ന കാലം. ഇന്ത്യയുടെ അടവുശിഷ്ട പ്രതിസന്ധിക്കു പരിഹാരം കാണാനെന്ന പേരിൽ ഐഎം എഫിൽ നിന്നും, അവർ നിർദേശിച്ച വ്യവസ്ഥകൾ അപ്പാടെ അംഗീകരിച്ച്, ഇന്ദിരാ ഗവൺമെന്റ് വായ്പയെടുത്തു. നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ തുടക്കം അതായിരുന്നു. തൊഴിലാളികളും കൃഷിക്കാരും ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിതം തകർക്കുന്ന, ഐഎംഎഫ് തീട്ടൂര പ്രകാരമുള്ള നയങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം തുടക്കത്തിൽ തന്നെ സമരത്തിന്റെ പാതയിലേക്ക് നീങ്ങി.

1981 ജൂൺ 4ന് ബോംബെയിൽ ചേർന്ന ഐക്യ ട്രേഡ് യൂണിയൻ കൺവെൻഷനാണ് 1982 ജനുവരി 19ന് അഖിലേന്ത്യ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏഴുമാസക്കാലത്തെ നിരന്തരമായ ക്യാമ്പയിനുശേഷമാണ് ആ പണിമുടക്ക് സാക്ഷാത് കരിക്കപ്പെട്ടത്. ഐഎൻടിയുസി ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകളെല്ലാം ആ പണിമുടക്ക് പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സ്വാതന്ത്ര്യാനന്തരമുള്ള ആ ആദ്യ പണിമുടക്കിന് ആധാരമായി ഉന്നയിക്കപ്പെട്ടത് തൊഴിലാളികളുടെ മാത്രം ആവശ്യങ്ങളായിരുന്നില്ല, മറിച്ച് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും തൊഴിൽരഹിതരായ യുവാക്കളുടെയും പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു.

രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെയാകെ ആവശ്യങ്ങൾ ഉന്നയിച്ച് ആഹ്വാനം ചെയ്യപ്പെട്ട ആദ്യത്തെ ആ പൊതുപണിമുടക്ക് പൊളിക്കുന്നതിന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റും കെ കരുണാകരൻ മുഖ്യമന്ത്രിയായ സംസ്ഥാന ഗവൺമെന്റും ഭീഷണികളുടെയും മർദനങ്ങളുടെയും പരമ്പര തന്നെ അഴിച്ചുവിടുകയുണ്ടായി. തൊഴിലാളിവർഗത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു ഇന്ത്യൻ ഭരണകൂടം നടത്തിയത്. നാട്ടിലുടനീളമുള്ള പതിനായിരക്കണക്കിനു പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റു ചെയ്യുകയുണ്ടായി. പണിമുടക്കുന്നവർക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പണിമുടക്കിൽ പങ്കെടുക്കാത്ത കരിങ്കാലികൾക്ക് പൊലീസ് അകമ്പടിയോടെ പ്രത്യേകം വാഹനങ്ങളും, ഓഫീസുകളിലും ഫാക്ടറികളിലും തലേദിവസം താമസിക്കാൻ സൗകര്യവും ഭക്ഷണവും ഉൾപ്പെടെ ഏർപ്പാടാക്കിയായിരുന്നു പണിമുടക്കിനെതിരായ സന്നാഹമൊരുക്കിയത്. അതിനെയെല്ലാം അതിജീവിച്ച് ആ പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലാളി പ്രസ്ഥാനത്തിനു കഴിഞ്ഞു.

പണിമുടക്ക് പൊളിക്കുന്നതിനു ഭരണകൂട സംവിധാനത്തിനുപുറമെ കോൺഗ്രസിന്റെ സംഘടനാ സംവിധാനവും സജീവമായി രംഗത്തുണ്ടായിരുന്നു. വെറിപിടിച്ച മട്ടിൽ നാട്ടിലെമ്പാടും കൊലവിളിച്ച്‌ നടന്ന ഗുണ്ടകൾ പലേടത്തും, പണിമുടക്കി പ്രകടനം നടത്തി പിരിഞ്ഞുപോയ തൊഴിലാളികളെയും പ്രവർത്തകരെയും ആക്രമിച്ചു.

അങ്ങനെ പണിമുടക്കുദിവസം കൊലവിളിയുമായി നടന്ന കോൺഗ്രസ് ഗുണ്ടാസംഘമാണ് എറണാകുളം ഏലൂർ വടക്കുംഭാഗം സിപിഐ എം ബ്രാഞ്ച് അംഗമായിരുന്ന പി കെ അബ്ദുൾ റസാക്കിനെ കുത്തിക്കൊന്നത്. കുത്തേറ്റു പിടഞ്ഞുവീണ അബ്ദുൾ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്ഥലത്തു വച്ചു തന്നെ പ്രാണൻ നഷ്ടപ്പെട്ടിരുന്നു.

കോൺഗ്രസ് ഗുണ്ടാസംഘം ഡിവൈഎഫ്ഐഐ പ്രവർത്തകരെ ആക്രമിക്കുന്നതറിഞ്ഞ് 24കാരനായ റസാക്കും മറ്റു മൂന്നു ഡിവൈഎഫ് പ്രവർത്തകരുമായി ഡിപ്പോ കടവിനടുത്ത് എത്തുകയാണുണ്ടായത്. ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമാനുള്ള, ഒരു സംഘം ഗുണ്ടകൾക്കൊപ്പം അവിടെയെത്തി. അവരിലൊരാൾ മുൻ ആർഎസ്എസുകാരനും സേവാദൾ പ്രാദേശിക നേതാവുമായ മണലിൽ പറമ്പ് ചന്ദ്രന്റെ മകൻ കാർത്തികേയനായിരുന്നു. സ്ഥലത്തു വന്നപാടെ ഇയാൾ റസാക്കിന്റെ ഇടതുപള്ളയ്ക്ക് കത്തി കുത്തിയിറക്കി. കത്തി ഊരിയെടുത്ത് മറ്റു ഗുണ്ടകൾക്കൊപ്പം ഓടി രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനായിരുന്നു റസാക്ക്.

പണിമുടക്കുദിവസം പ്രകടനത്തിൽ പങ്കെടുത്ത്‌ വൈകിട്ട് വീട്ടിലേക്ക്‌ പോവുകയായിരുന്ന ഷാഹുൽ ഹമീദ്‌ എന്ന 23കാരനായ സിഐടിയു പ്രവർത്തകനെയും കൊല്ലം ജില്ലയിലെ പത്തനാപുരം കുന്നിക്കോട്‌ റോഡിൽ കോൺഗ്രസ്‌ ഗുണ്ടകൾ കൊലപ്പെടുത്തിയിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 18 =

Most Popular