Saturday, May 18, 2024

ad

Homeഇവർ നയിച്ചവർസി എച്ച്‌ കണാരൻ യുക്തിവാദത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്ക്‌ എത്തിയ നേതാവ്‌

സി എച്ച്‌ കണാരൻ യുക്തിവാദത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്ക്‌ എത്തിയ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

‘‘സമർത്ഥനായ ഒരു ബഹുജന സമരനേതാവ്‌, തൊഴിലാളി‐കർഷകാദി ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഊർജസ്വലനായ സംഘാകൻ, പാർട്ടിയുടെ മൗലിക നിലപാടുകളിൽ ഉറപ്പുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യശക്തികളെ യോജിപ്പിക്കാൻ കഴിവുള്ള നയകോവിദൻ, ഈ നിലയ്‌ക്കെല്ലാമാണ്‌ പൊതുജനങ്ങളുടെ ഇടയിൽ സി എച്ച്‌ അറിയപ്പെട്ടിരുന്നത്‌. പാർട്ടി അണികളിലും ഇതര പാർട്ടികളിലും അതുല്യമായ ഒരു സ്ഥാനം സി എച്ചിന്‌ നേടിക്കൊടുത്തതും ഇതൊക്കെത്തന്നെയാണ്‌.’’

‘‘അദ്ദേഹത്തിന്റെ സഖാക്കളും സഹപ്രവർത്തകരുമായ പതിനായിരക്കിനാളുകളാകട്ടെ ഇതോടൊപ്പം സി എച്ചിന്റെ മറ്റൊരു സവിശേഷത കൂടി നേരിട്ടനുഭവിച്ചിട്ടുണ്ട്‌. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച്‌ പാർട്ടിയുടെ നയസമീപനത്തിലും സംഘടനാരീതിയിലും പ്രവർത്തനശൈലിയിലും മാറ്റം വരുത്തുന്നതിനുവേണ്ടി ചിലപ്പോൾ വരുത്തുന്ന മാറ്റങ്ങൾക്കെതിരായും പലപ്പോഴും അദ്ദേഹം നടത്തിയ വിട്ടുവീഴ്‌ചയില്ലാത്ത സമരമാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.’’

സി എച്ച്‌ കണാരന്റെ വ്യക്തിത്വത്തെ കൃത്യമായി വിലയിരുത്തുന്നതാണ്‌ ഇ എം എസിന്റെ ഈ നിരീക്ഷണം.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഏതാനും വർഷങ്ങളായി നിലനിന്ന ആശയസമരത്തിന്‌ ഒടുവിലാണല്ലോ 1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടത്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന മുപ്പത്തിരണ്ട്‌ നേതാക്കളിലൊരാൾ സി എച്ച്‌ ആയിരുന്നു. സിപിഐ എമ്മിന്റെ കേരളഘടകത്തിന്റെ അമരക്കാരനാരായിരിക്കണം എന്ന കാര്യത്തിൽ പാർട്ടിക്ക്‌ വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു‐ അത്‌ സി എച്ച്‌ ആയിരിക്കണം. ഉജ്വല സംഘാടകനായ സി എച്ച്‌ കണാരൻ അങ്ങനെ സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ ഒരിടവേളയൊഴികെ 1972ൽ മരിക്കുന്നതുവരെ സി എച്ചാണ്‌ പാർട്ടിയെ നയിച്ചത്‌.

കർഷകരെ സംഘടിപ്പിക്കുന്നതിന്‌ അവരുടെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ നിരവധി സമരങ്ങൾക്ക്‌ നേതൃത്വം കൊടുത്ത സി എച്ച്‌ കർഷകസംഘത്തിന്റെ അനിഷേധ്യ നേതാവായിരുന്നു. അദ്ദേഹം നിയമസഭാ സാമാജികനായിരുന്ന സമയത്ത്‌ സഭയിൽ അവരുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. 1957ലെ ഇ എം എസ്‌ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കാർഷികബന്ധ ബിൽ തയ്യാറാക്കുന്നതിൽ സി എച്ചിന്റെ പങ്ക്‌ നിർണായകമായിരുന്നു.

കോഴിക്കോട്‌ ജില്ലയിലെ അഴിയൂരിൽ ചെറുകിട കച്ചവടക്കാരനായ അനന്തന്റെയും ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലൈ 29നാണ്‌ സി എച്ച്‌ കണാരൻ ജനിച്ചത്‌. മാതാപിതാക്കളുടെ ഒരേയൊരു മകനായിരുന്നു അദ്ദേഹം. മരുമക്കത്തായ കുടുംബമായിരുന്നു സി എച്ചിന്റേത്‌. ആ നിലയ്‌ക്ക്‌ അദ്ദേഹത്തിന്റെ വീട്‌ തലശ്ശേരിക്കു സമീപം പുന്നോൽ ആണ്‌. കണാരന്റെ വിദ്യാഭ്യാസത്തിനാവശ്യമായ സഹായങ്ങൾ ചെയ്‌തത്‌ അമ്മാവൻ അച്യുതനായിരുന്നു. അമ്മാവന്റെ മകൾ പാർവതിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്‌.

മാഹിയിലെ സി ബി സ്‌കൂളിലായിരുന്നു തേർഡ്‌ ഫോറംവരെയുള്ള കണാരന്റെ വിദ്യാഭ്യാസം. ചിക്കോളി എന്ന വീട്ടുപേരിന്റെ ആദ്യത്തെ രണ്ട്‌ അക്ഷരങ്ങൾ ചേർന്നതാണ്‌ സി എച്ച്‌. അങ്ങനെ അത്‌ ഇനിഷ്യലായി കണാരന്റെ പേരിന്റെ അവിഭാജ്യഘടകമായി മാറി.

തലശ്ശേരി ബിഇഎംപി സ്‌കൂളിലാണ്‌ അദ്ദേഹത്തിന്റെ തുടർന്നുള്ള വിദ്യാഭ്യാസം. അവിടെനിന്ന്‌ അദ്ദേഹം 1929ൽ മെട്രിക്കുലേഷൻ പാസായി. സ്‌കൂളിലെ മികച്ച ഫുട്ട്‌ബോൾ കളിക്കാരനായിരുന്നു കണാരൻ. തലശ്ശേരിയിലെ മികച്ച ഫുട്ട്‌ബോൾ കളിക്കാരനായിരുന്നു അക്കാലത്ത്‌ അദ്ദേഹം.

വിദ്യാർഥിയായിരുന്ന കാലം മുതലേ നിരീശ്വരവാദ പ്രസ്ഥാനത്തോടും യുക്തിചിന്തയോടും ആഭിമുഖ്യം പുലർത്തിയിരുന്ന കണാരൻ യുക്തിചിന്തയുടെ പ്രചാരകനായി വളരെവേഗം മാറി. പഴയ കോട്ടയം താലൂക്കിന്റെ, ഇന്നത്തെ തലശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച്‌ അദ്ദേഹം യുവജനങ്ങളെ അതിലേക്കാകർഷിച്ചു. യാഥാസ്ഥിതികരിൽനിന്ന്‌ കടുത്ത എതിർപ്പും അധിക്ഷേപവും മർദനവും അതിന്റെപേരിൽ അദ്ദേഹത്തിനും കൂട്ടുകാർക്കും സഹിക്കേണ്ടിവന്നു. നിരവധി യുവജനങ്ങളും പുരോഗമനവാദികളുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാനും അത്‌ സഹായകമായി. പിന്നീട്‌ കോൺഗ്രസ്‌ കമ്മിറ്റികളും കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടി കമ്മിറ്റികളും വായനശാലകളും കർഷകസംഘം കമ്മിറ്റികളും ഉണ്ടാക്കുന്നതിന്‌ ഈ സൗഹൃദവലയം വളരെയേറെ പ്രയോജനപ്പെട്ടതായി സി എച്ചിന്റെ സഹപ്രവർത്തകനായിരുന്ന എൻ ഇ ബലറാം അനുസ്‌മരിച്ചിട്ടുണ്ട്‌.

സൈമൺ കമ്മീഷനെതിരായുള്ള പ്രക്ഷോഭം സി എച്ച്‌ ഉൾപ്പെടെയുള്ള യുവജനങ്ങളിൽ വലിയ ആവേശമുളവാക്കി. സി എച്ച്‌ ദേശീയപ്രസ്ഥാനത്തിന്റെ കടുത്ത ആരാധകനായി അതോടെ മാറി. അന്നത്തെ കോൺഗ്രസ്‌ നേതാക്കളായ മൊയാരാത്ത്‌ ശങ്കരൻ, എസ്‌ എൻ പ്രഭുു തുടങ്ങിയ നേതാക്കളുമായി ഇതിനുള്ളിൽ കണാരൻ ഏറെ അടുപ്പത്തിലായി. ആ കാലഘട്ടത്തിൽ നടന്ന ഉപ്പ്‌ സത്യാഗ്രഹം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.

1932ൽ ഗാന്ധിജി ആഹ്വാനം ചെയ്‌ത രണ്ടാം നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാരെ നിശിതമായി വിമർശിച്ച്‌ പ്രസംഗിക്കുകയും ചെയ്‌തതിന്റെ പേരിൽ കണാരൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പതിമൂന്നു മാസത്തെ ജയിൽശിക്ഷയാണ്‌ അദ്ദേഹത്തിന്‌ കോടതി വിധിച്ചത്‌.

ജയിലിൽനിന്ന്‌ മോചിതനായ ശേഷം ഒരുവർഷക്കാലം അധ്യാപകനായി അദ്ദേഹം ജോലിചെയ്‌തു. നാട്ടിലാകെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സോഷ്യലിസ്റ്റ്‌ ആശയങ്ങളും വലിയ സ്വാധീനം ചെലുത്തിയ ആ വേളയിൽ കണാരന്‌ ബഹുജനങ്ങളുടെ അധ്യാപകനാവാതിരിക്കാനായില്ല. അദ്ദേഹം കോൺഗ്രസിന്റെയും കർഷകസംഘത്തിന്റെയും പിന്നീട്‌ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഉശിരൻ സംഘാടകനായി മാറി.

പി കൃഷ്‌ണപിള്ളയുൾപ്പെടെയുള്ള നേതാക്കളുമായുള്ള അടുപ്പം സി എച്ചിന്റെ ചിന്താഗതികളെ അടിമുറി മാറ്റിമറിച്ചു.

കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടതോടെ സി എച്ച്‌ തലശ്ശേരി മേഖലയുടെ സെക്രട്ടറിയായി. അതോടൊപ്പം സിഎസ്‌പിയുടെ മലബാർ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം.

തലശ്ശേരിയിലെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച്‌ അവരെ അവകാശബോധവും തികഞ്ഞ രാഷ്‌ട്രീയ ധാരണയുമുള്ളവരാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. തലശ്ശേരിയിൽ ശ്രീനാരായണ ബീഡി തൊഴിലാളി യൂണിയൻ എന്ന പേരിൽ അദ്ദേഹം രൂപീകരിച്ച സംഘടന താമസിയാതെ വടകരയിലേക്കും നാദാപുരത്തേക്കും മറ്റും വ്യാപിച്ചു.

മട്ടന്നൂർ, മൊകേരി, കല്യാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഈ കാലയളവിൽ നടന്ന കാർഷികസമരങ്ങളിൽ നിറസാന്നിധ്യമായി അദ്ദേഹം മാറി.
1939ൽ തലശ്ശേരിയിലെ ന്യൂ ഡർബാർ ബീഡി കന്പനിയിലെ സമരവുമായി ബന്ധപ്പെട്ട്‌ സി എച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ആ കേസിൽ ഒരുവർഷത്തെ ജയിൽശിക്ഷ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നു.

ജന്മിയെ വിറപ്പിച്ച സാഹിത്യസമ്മേളനം
1939ൽ മട്ടന്നൂരിൽ ഒരു സാഹിത്യസമ്മേളനം നടന്നു. വളരെയേറെ യാഥാസ്ഥിതികരും കണാരൻ ഉൾപ്പെടെ ഏതാനും പുരോഗമനവാദികളും ആ സമ്മേളനത്തിൽ പങ്കെടുത്തു. പണ്ഡിതനും തലശ്ശേരി താലൂക്കിലെ പ്രമുഖ ജന്മിയുമായിരുന്ന മധുസൂദനൻ തങ്ങളുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്‌. പിന്തിരിപ്പൻ ആശയങ്ങളായിരുന്നു അവർ അവിടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്‌. ‘‘നിങ്ങളുടെ സ്വേച്ഛാധിപത്യവും ഹിറ്റ്‌ലറിസവും ഇവിടെ നടത്തുവാൻ അനുവദിക്കില്ല’’ എന്ന്‌ മധുസൂദനൻ തങ്ങളുടെ മുഖത്തുനോക്കി പറഞ്ഞിട്ട്‌ കണാരൻ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. മധുസൂദനൻ തങ്ങളോട്‌ കയർത്ത്‌ സംസാരിച്ച വ്യക്തിയെ അദ്ദേഹത്തിന്റെ അനുയായികൾ അന്വേഷിച്ചു തുടങ്ങുമ്പോഴേക്കും സി എച്ച്‌ അവിടെനിന്ന്‌ സ്ഥലംവിട്ടിരുന്നു. നെട്ടൂർ പി ദാമോദരന്റെ ‘അനുഭവച്ചുരുളുകൾ’ എന്ന ആത്മകഥയിൽ ഈ സംഭവം വിവരിക്കുന്നുണ്ട്‌.

1939ൽ സി എച്ച്‌ വീണ്ടും ജയിലിൽ അടയ്‌ക്കപ്പെട്ടിരുന്നല്ലോ. ഒരുവർഷത്തിനുശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിക്കാൻ ബ്രിട്ടീഷ്‌ അധികാരികൾ തയ്യാറായത്‌. സേലം ജയിലിൽനിന്ന്‌ സി എച്ച്‌ മടങ്ങിവന്നത്‌ രോഗിയായിട്ടായിരുന്നു. എങ്കിലും അതൊന്നും വകവെക്കാതെ പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കുന്നതിനും കർഷക‐ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം രാത്രിയെന്നോ പകലെന്നോ വ്യത്യാസില്ലാതെ കഠിനാധ്വാനം ചെയ്‌തു.

1940‐41 കാലത്ത്‌ ഒളിവിൽ പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കാനും അദ്ദേഹം മുന്നിട്ട്‌ പ്രവർത്തിച്ചു. അതേക്കുറിച്ച്‌ എൻ ഇ ബലറാം ‘എന്നും മുന്നിൽ നടന്നവർ’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: ‘‘മാർക്‌സ്‌, എംഗൽസ്‌, ലെനിൻ തുടങ്ങിയ ആചാര്യന്മാരുടെ പ്രധാനപ്പെട്ട പല ഗ്രന്ഥങ്ങളും സി എച്ച്‌ നിഷ്‌കർഷാപൂർവം പഠിച്ചിരുന്നു. മാത്രമല്ല ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ ഒളിവിൽ അദ്ദേഹം ധാരാളം സ്റ്റഡി ക്ലാസുകൾ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. ‘സോഷ്യലിസം‐ശാസ്‌ത്രീയവും സാങ്കൽപികവും’, ‘എന്തു ചെയ്യണം?’, ‘ഭരണകൂടവും വിപ്ലവവും’, ‘ഫ്രാൻസിലെ വർഗസമരം’ തുടങ്ങി പല ഗ്രന്ഥങ്ങളിൽനിന്നും ധാരാളം ഉദ്ധരണികൾ ഉപയോഗിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ ക്ലാസുകൾ വളരെ പ്രയോജനം ചെയ്‌തിട്ടുമുണ്ട്‌. തിയറി പഠിപ്പിക്കാൻ കൊള്ളാവുന്ന ഒരു അധ്യാപകനാണ്‌ താനെന്ന്‌ സ. കണാരൻ അങ്ങനെ തെളിയിച്ചിട്ടുണ്ട്‌…’’

1946ൽ മദിരാശി നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം‐വയനാട്‌ താലൂക്കുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിൽ സി എച്ചിനെയാണ്‌ സ്ഥാനാർഥിയായി കമ്യൂണിസ്റ്റ്‌ പാർട്ടി നിയോഗിച്ചത്‌. വിജയിക്കാനായില്ലെങ്കിലും ഈ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്കു ശക്തമായ വേരോട്ടമുണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ്‌ സഹായകമായി.

ക്ഷേത്രപ്രവേശനത്തിലേക്കു നയിച്ച പ്രക്ഷോഭം
1946ൽ മദിരാശി മുഖ്യമന്ത്രി ടി പ്രകാശം മലബാർ പര്യടനത്തിനെത്തി. തലശ്ശേരിയിൽ ഒരുദിവസം ക്യാന്പ്‌ ചെയ്യുന്നതറിഞ്ഞ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി കോട്ടയം (ഇപ്പോഴത്തെ തലശ്ശേരി) താലൂക്ക്‌ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ മെമ്മോറാണ്ടം നൽകാൻ തീരുമാനിച്ചു. അതിനായി സി എച്ച്‌ കണാരന്റെ നേതൃത്വത്തിൽ 200 പേർ ജാഥയായി എത്തി. എന്നാൽ മുഖ്യമന്ത്രിയെ സന്ദർശിക്കാനോ മെമ്മോറാണ്ടം നൽകാനോ സ്വീകരണ കമ്മിറ്റി അവരെ അനുവദിച്ചില്ല. അതേത്തുടർന്ന്‌ ജാഥ തിരിച്ചുനടന്നു. മണോടിയിൽ യോഗം ചേർന്നു. യോഗത്തിൽ പ്രസംഗിച്ച സി എച്ച്‌, ക്ഷേത്രപ്രവേശനം നടപ്പിൽവരുത്തണമെന്ന്‌ ആഹ്വാനം ചെയ്‌തു. ഗാന്ധിജിയുടെ നിർമാണപരിപാടിയിൽ ഉൾപ്പെട്ടതായിരുന്നു അയിത്തോച്ചാടനം. ശ്രോതാക്കൾ സി എച്ചിന്റെ പ്രസംഗം കൈയടിച്ചാണ്‌ സ്വീകരിച്ചത്‌. ആ യോഗത്തിൽ പങ്കെടുത്തവർ മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ തിരുവങ്ങാട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക്‌ മാർച്ച്‌ നടത്തി. അന്പലക്കുളത്തിൽ കുളിച്ചതിനുശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച്‌ അവർ ദർശനം നടത്തി ശാന്തിക്കാരനോട്‌ പ്രസാദവും വാങ്ങി എല്ലാവരും അവരവരുടെ വീടുകളിലേക്ക്‌ പോയി. അതോടെ അന്പലക്കുളത്തിൽ കുളിക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനും അവർണർക്കുണ്ടായിരുന്ന വിലക്ക്‌ ഇല്ലാതായി.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന്‌ സി എച്ച്‌ ഒളിവിലായി. 1948ൽ അദ്ദേഹം അറസ്റ്റിലായതിനെത്തുടർന്ന്‌ രണ്ടരവർഷക്കാലം ജയിലിലടയ്‌ക്കപ്പെട്ടു. 1952 ജനുവരിയിൽ ജയിൽമോചിതനായ സി എച്ച്‌ ഉടൻതന്നെ മദിരാശി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. തലശ്ശേരി നിയമസഭാ നിയോജകമണ്ഡലത്തിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച്‌ അദ്ദേഹം മികച്ച വിജയമാണ്‌ കരസ്ഥമാക്കിയത്‌.

കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം 1957ൽ ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നാണ്‌ സി എച്ച്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച കാർഷികബന്ധ ബില്ലിന്റെ മുഖ്യ ശിൽപികളിലൊരാൾ സി എച്ച്‌ ആയിരുന്നു. ബില്ലിനെ അനുകൂലിച്ചുകൊണ്ട്‌ സി എച്ച്‌ നിയമസഭയിൽ നടത്തിയ പ്രസംഗം വളരെ പ്രശസ്‌തമാണ്‌.

1954ൽ നടന്ന മാഹി വിമോചനത്തിൽ സി എച്ചിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്‌.

1960കളുടെ അവസാനത്തിലും 1970കളുടെ ആരംഭത്തിലും പാർട്ടിയിൽ തലപൊക്കിയ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ആശയപരമായ പോരാട്ടം നടത്തുന്നതിലും ശരിയായ പാത പിന്തുടരാൻ സഖാക്കളെ പ്രേരിപ്പിക്കുന്നതിലും സി എച്ച്‌ അസാമാന്യമായ പാടവമാണ്‌ കാഴ്‌ചവെച്ചതെന്ന്‌ സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1961ൽ നടന്ന ഗോവ വിമോചനപ്രസ്ഥാനത്തിൽ സി എച്ച്‌ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ആ സമരത്തിൽ പങ്കാളിയാകാൻ മലബാറിൽനിന്ന്‌ രണ്ടുതവണകളായി രണ്ടു സംഘങ്ങൾ പോയി. അവരെ റിക്രൂട്ട്‌ ചെയ്‌ത്‌ സമരപോരാളികളായി നിയോഗിക്കുന്നതിൽ സി എച്ചിന്റെ നേതൃപാടവം വലുതായിരുന്നു.

1964ൽ സി എച്ച്‌ ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കൾ ഒന്നാകെ ജയിലിൽ അടയ്‌ക്കപ്പെട്ടിരുന്നല്ലോ. ജയിലിൽ കിടന്നുകൊണ്ടാണ്‌ അദ്ദേഹം 1965ൽ നാദാപുരം മണ്ഡലത്തിൽനിന്ന്‌ തകർപ്പൻ വിജയം നേടിയത്‌. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ തയ്യാറാകാത്തതിനെത്തുടർന്ന്‌ സഭ സമ്മേളിച്ചില്ല എന്നത്‌ ചരിത്രം.

1967ലെ ഐക്യമുന്നണി രൂപീകരണത്തിൽ സി എച്ച്‌ വഹിച്ച പങ്ക്‌ അതുല്യമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിൽ ആ മുന്നണി തകർപ്പൻ വിജയം കരസ്ഥമാക്കിയിരുന്നല്ലോ.

1970കളുടെ ആരംഭത്തിൽ നടന്ന മിച്ചഭൂമി സമരം ആസൂത്രണം ചെയ്യുന്നതിലും സി എച്ച്‌ നിർണായകമായ സംഭാവനയാണ്‌ ചെയ്‌തത്‌.

സി എച്ച്‌ എന്ന സംഘാടകനെയും രാഷ്‌ട്രീയ നേതാവിനെയുംകുറിച്ച്‌ എ കെ ജി വിലയിരുത്തിയത്‌ ഇങ്ങനെയാണ്‌: ‘‘എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇത്ര സമർത്ഥനായ ഒരു സംഘാടകനെ ഞാൻ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രത്യേക പ്രദേശത്തുണ്ടായാൽ എന്നെപ്പോലുള്ളവർ പെട്ടെന്ന്‌ ഓടിയെത്തും. സി എച്ച്‌ അവിടെ ഓടിയെത്തുമെന്നു മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്‌, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച്‌ എല്ലാം പ്ലാൻ ചെയ്‌തിട്ടാവും സി എച്ച്‌ അവിടെയെത്തുക. അവിടത്തെ പാർട്ടിയെ ആകെ കോർത്തിണക്കി രംഗത്തിറക്കാൻ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി സഖാവ്‌ വിശദമായി പ്ലാൻ ചെയ്യും. വളരെ പരിമിതമായി മാത്രമേ സഖാവ്‌ പ്രസ്‌താവനകളിറക്കിയിട്ടുള്ളൂ. അതുപോലെ പ്രസംഗങ്ങളും പരിമിതമായി മാത്രമേ ചെയ്യാറുള്ളൂ. പക്ഷേ മറ്റുള്ളവരെക്കൊണ്ട്‌ പ്രസ്‌താവനകളിറക്കുന്നതിനും അവർ എവിടെയായാലും അവരുമായി ബന്ധപ്പെട്ട്‌ അത്‌ ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മിക്കവാറും സമർത്ഥരായ പ്രവർത്തകരെയെല്ലാം സഖാവിനറിയാം. ഓരോരുത്തരുടെ കഴിവും ദുർബലതയും സഖാവ്‌ അളന്നുതൂക്കി വെച്ചിട്ടുണ്ട്‌. ഒരു പ്രത്യേക പ്രതിസന്ധിയിൽ ഏത്‌ സഖാവ്‌ അല്ലെങ്കിൽ ഏത്‌ അനുഭാവി രംഗത്തിറങ്ങിയാൽ പ്രതിസന്ധിയെ മുറിച്ചുകടക്കാൻ കഴിയുമെന്ന്‌ സഖാവിന്‌ തീർച്ചയുണ്ട്‌. പിന്നെ അവരെ രംഗത്തിറക്കുന്നതിലാണ്‌ സഖാവിന്റെ ശ്രദ്ധ’’.

ജീവിതകാലെമൊട്ടാകെ ലളിതജീവിതം നയിച്ച്‌ ലാളിത്യവിശുദ്ധി അവസാനശ്വാസംവരെ കാത്തുസൂക്ഷിച്ച സി എച്ച്‌ എന്നും മാതൃകാ വ്യക്തിത്വമായിരുന്നു.

1972 ഒക്‌ടോബർ 20ന്‌ സി എച്ച്‌ അന്തരിച്ചു.

അമ്മാവന്റെ മകൾ പാർവതിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചതെന്ന്‌ പറഞ്ഞുവല്ലോ. നാലുമക്കളാണ്‌ ഈ ദമ്പതികൾക്ക്‌. രണ്ട്‌ ആൺമക്കളും രണ്ട്‌ പെൺമക്കളും.

കടപ്പാട്‌: കോഴിക്കോട്ടെ കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച സി എച്ചിന്റെ ലോകം എന്ന സി എച്ച്‌ കണാരൻ ജന്മശതാബ്ദി സ്‌മരണിക.
ആണ്ടലാട്ട്‌ എഴുതി ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ‘സി എച്ച്‌ കണാരൻ: കാലം വാർത്തെടുത്ത രാഷ്‌ട്രീയ പ്രതിഭ’ എന്ന പുസ്‌തകം

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − thirteen =

Most Popular