Tuesday, April 23, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർകർഷകത്തൊഴിലാളി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ രക്തസാക്ഷികൾ

കർഷകത്തൊഴിലാളി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ രക്തസാക്ഷികൾ

ജി വിജയകുമാർ

1970കളിൽ കേരളത്തിലെ നാട്ടിൻപുറങ്ങൾ സമരഭരിതമായിരുന്നു. പ്രധാനമായും ഭൂമിക്കുവേണ്ടിയും കുടികിടപ്പവകാശത്തിനുവേ ണ്ടിയും ജീവിക്കാൻവേണ്ട കൂലി ലഭിക്കുന്നതിനായും തൊഴിൽ സംരക്ഷണത്തിനായും ഭൂപ്രഭുക്കളുമായി ഇഞ്ചോടിഞ്ചു പൊരുതിയിരുന്ന കാലം. കാർഷികമേഖലയിൽ മാത്രമല്ല, തൊഴിൽമേഖലയിലാകെ അവകാശസമരങ്ങൾ സംഘടിതമേഖലയിലും അസംഘടിതമേഖലയിലും ഒന്നുപോലെ – പടർന്നുപിടിച്ച കാലവുമായിരുന്നു 1970കൾ.

കർഷക‐കർഷകത്തൊഴിലാളി പോരാട്ടങ്ങളുടെ മുഖ്യ രംഗവേദികളിലൊന്നായ ആലപ്പുഴയിൽ 1970കളിൽ നിരവധി കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകരും പാർടിപ്രവർത്തകരും രക്തസാക്ഷിത്വം വരിച്ചിരുന്നു. 1969ൽ ചെറുതനയിൽ പാടത്തിനോട് ചേർന്ന് കളംവയ്ക്കണമെന്നാവശ്യപ്പെട്ടു നടന്ന കർഷകത്തൊഴിലാളി സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെയ്പിൽ കൊല്ലപ്പെട്ട ഗോപാലൻ എന്ന കർഷകത്തൊഴിലാളി ഈ രക്തസാക്ഷികളിലൊരാൾ മാത്രം. കർഷകത്തൊഴിലാളികളുടെ കൊയ്ത്ത് ആദായം സംരക്ഷിക്കുന്നതിനുവേണ്ടി കുട്ടനാട്ടിൽ നടന്ന സമരത്തെ ജന്മി പക്ഷപാതികളായ ഭരണകൂടം നേരിട്ടത് പൊലീസിന്റെ വെടിയുണ്ടകൾകൊണ്ടാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 19‐-ാം വാർഷികാചരണവേളയിലാണ് 1970 ജനുവരി 26ന് പൊലീസ് നടത്തിയ വെടിവെയ്പിൽ കൈനകരിയിലെ പാർടി അനുഭാവിയായ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ സഹദേവൻ രക്തസാക്ഷിയായത്.

കർഷകത്തൊഴിലാളികൾക്ക് ജോലിസമയം നിശ്ചയിക്കണമെന്നും കൂലി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ നടത്തിയ സമരത്തെ ജന്മിമാർ ഗുണ്ടകളെ ഇറക്കിയാണ് നേരിട്ടത്. ചെറിയനാട്ട് നടന്ന അത്തരമൊരു സമരത്തിൽ പങ്കെടുത്ത കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനായ ഇ കെ ശിവരാമനെ ജന്മിമാരുടെ ഗുണ്ടകൾ 1970 ജനുവരി 20നു വെടിവെച്ചുകൊന്നു.

ഭൂപ്രഭുക്കൾ നിയമവിരുദ്ധമായി കൈവശംവെച്ചിരുന്ന മിച്ചഭൂമി ചൂണ്ടിക്കാണിക്കുന്നതിനും കുടികിടപ്പവകാശം സംരക്ഷിക്കുന്നതിനുമായി നടന്ന സമരത്തെ ജന്മിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന് അതിക്രൂരമായാണ് നേരിട്ടത്. ബുധന്നൂരിൽ നടന്ന കർഷകത്തൊഴിലാളി സമരത്തിൽ പങ്കെടുത്ത സ്ത്രീത്തൊഴിലാളികളെ പൊലീസും ഗുണ്ടകളും ആക്രമിക്കുന്നതിനെ ചെറുത്ത പാർടി സഖാക്കൾക്കുനേരെ 1970 മാർച്ച് 7ന് പൊലീസ് വെടിവെച്ചു. ബുധ ന്നൂരിലെ പാർടി അംഗങ്ങളായിരുന്ന രവിയും കുഞ്ഞുകുഞ്ഞും ആ പൊലീസ് വെടിവെയ്പിൽ രക്തസാക്ഷികളായി.

ഭൂപരിഷ്കരണ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതോടെ 1970 ജനുവരി ഒന്നുമുതൽ അത്‌ നടപ്പായതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞുവെന്നും അതോടുകൂടി കുടികിടപ്പുകാരെല്ലാം ഭൂവുടമകളായെന്നും അതിനിനി ആരുടെയും സമരം ആവശ്യമില്ലെന്നും കൊട്ടിഘോഷിക്കുകയായിരുന്നു കുറുമുന്നണി സർക്കാർ. എന്നാൽ യഥാർഥത്തിൽ കുടികിടപ്പുകാരന്റെ ഭൂമിയും അതിലെ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള ആദായങ്ങളും തട്ടിയെടുക്കാൻ ജന്മിമാർക്ക് പൊലീസിനെ വിട്ടുകൊടുക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്നിരുന്നത്.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയിൽ കള്ളിക്കാട്ട് പൊലീസ് നടത്തിയ നരനായാട്ട് നിയമവിരുദ്ധമായി ജന്മിമാരെ സംരക്ഷിക്കുന്നതിനായിരുന്നു. 1970 ജനുവരി ഒന്നിനുശേഷം കുടികിടപ്പവകാശം സംരക്ഷിക്കുന്നതിനായി സിപിഐ എം നേതൃത്വത്തിൽ കള്ളിക്കാട്ടെ കർഷകത്തൊഴിലാളികൾ പൊരുതുകയായിരുന്നു. സിപിഐ എം പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുകയും ആ പ്രദേശത്ത് പൊലീസ് നിരന്തരം നരനായാട്ടു നടത്തുകയും ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കുടികിടപ്പുകാരുടെ ഭൂമിയിൽനിന്നും തേങ്ങയിട്ടുകൊ ണ്ടുപോകാൻ 1970 ജൂലൈ 27നു ഉച്ചയോടുകൂടി ജന്മിയും ഗുണ്ടകളും പൊലീസ് അകമ്പടിയോടുകൂടിയാണ് എത്തിയത്. തങ്ങളുടെ ജന്മാവകാശമായ, നിയമപ്രകാരം തങ്ങൾക്കു ലഭ്യമായ ഭൂമിയിൽ നിന്നു തേങ്ങയിടുന്നതിനെ കുടികിടപ്പുകാരായ കർഷകത്തൊഴിലാളികൾ ചെറുത്തു. നിയമവിരുദ്ധമായി തേങ്ങയിടാൻ ശ്രമിച്ച ജന്മിയെ തടഞ്ഞ കുടികിടപ്പുകാരെ പൊലീസ് അടിച്ചോടിക്കാനാരംഭിച്ചു. പൊലീസ് മർദ്ദനത്തെത്തുടർന്ന് കുടികിടപ്പുകാരുടെ നിലവിളികേട്ട് പരിസരവാസികളും പാർടി പ്രവർത്തകരും ഓടിയെത്തി. ആളുകൾ ഓടിയെത്തുന്നതു കണ്ട പൊലീസ് യാതൊരു മുന്നറിയിപ്പും കൂടാതെ വെടിവെയ്ക്കാനാരംഭിച്ചു. കുടികിടപ്പുകാരുടെ ഭൂമിയിൽനിന്നും ആദായമെടുക്കാൻ ജന്മി പൊലീസിനെയുംകൂട്ടി എത്തിയതറിഞ്ഞ് സംഭവസ്ഥലത്തെത്തിയതായിരുന്നു സിപിഐ എം ആറാട്ടുപുഴ ബ്രാഞ്ച് സെക്രട്ടറി നീലകണ്ഠൻ. പൊലീസ് നടത്തിയ ലക്കും ലഗാനുമില്ലാത്ത വെടിവെയ്പിൽ നീലകണ്ഠനു വെടിയേറ്റു; അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. തൊട്ടടുത്ത് തോടിനു പടിഞ്ഞാറെ കരയിലുള്ള പുരയിടത്തിൽ കയറുപിരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഭാർഗവി എന്ന സാധാരണ തൊഴിലാളി. സംഭവസ്ഥലത്തേക്ക് ഓടിവരുന്നതിനിടയിൽ പൊലീസ് അവർക്കുനേരെ വെടിവെയ്ക്കുകയും ഭാർഗവി തൽക്ഷണം പിടഞ്ഞു മരിക്കുകയുമാണുണ്ടായത്. കാർത്തികപ്പള്ളി താലൂക്കിലാകെ ജന്മിമാർക്കായി ആ കാലത്ത് പൊലീസ് നടത്തിയ നരവേട്ടകളിൽ ഒന്നായിരുന്നു ആറാട്ടുപുഴ വെടിവെപ്പ്‌.

കുടികിടപ്പുകാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ മറ്റൊരു രക്തസാക്ഷിയാണ് കാവാലത്തെ ശ്രീധരൻ. 1970 ജനുവരി 13നാണ് ജന്മിയുടെ ഗുണ്ടകൾ ശ്രീധരനെ കുത്തി ക്കൊലപ്പെടുത്തിയത്.

കോൺഗ്രസ് നേതാവും കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ശാരംഗധരൻ വക്കീലിന്റെ (ഇദ്ദേഹം കാർഷിക മുതലാളിയുമായിരുന്നു) പണിക്കാരനായിരുന്നു – ടി കെ വാസു; കോൺഗ്രസ് പ്രവർത്തകനായിരുന്നു വാസുവും. എന്നാൽ വാസുവിനെ ശാരംഗധരൻ വക്കീൽ ജോലിയിൽനിന്നും പിരിച്ചുവിട്ടതോടെ കോൺഗ്രസുകാരും കൈവെടിഞ്ഞു. പ്രശ്നത്തിൽ ഇടപെടാൻ പറ്റില്ലെന്ന ഉറച്ച നിലപാട് കോൺഗ്രസ് സ്വീകരിച്ചതിനെ തുടർന്ന് വാസു സിപിഐ എമ്മിനെ സമീപിച്ചു. സിപിഐ എമ്മിലും കർഷകത്തൊഴിലാളി യൂണിയനിലും ചേർന്ന വാസുവിന്റെ പ്രശ്നം ചർച്ച ചെയ്യാനാണ് കർഷകത്തൊഴിലാളി യൂണിയൻ കുട്ടനാട് താലൂക്ക് സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ കെ ജെ ജോസഫ് മറ്റു ചില പ്രവർത്തകർക്കൊപ്പം വാസുവിനെയും കൂട്ടി ശാരംഗധരൻ വക്കീലിന്റെ വീട്ടിലെത്തിയത്. യഥാർഥത്തിൽ തൊഴിൽപ്രശ്നം ചർച്ചചെയ്യുന്നതിന് ഭൂഉടമയായ ശാരംഗധരൻ വക്കീൽ തന്റെ വീടിനോടു ചേർന്നുള്ള കൃഷിക്കളത്തിലേക്ക് കെ ജി ജോസഫിനെയും മറ്റും ക്ഷണിക്കുകയാണുണ്ടായത്.
വളരെ സൗഹാർദപരമായാണ് സിപിഐ എമ്മിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും ഈ പ്രവർത്തകർ ശാരംഗധരൻ വക്കീലിനോടും യൂത്തുകോൺഗ്രസുകാരായ മക്കളോടും സംസാരിച്ചത്. തർക്കപ്രശ്നങ്ങൾക്ക് ഏതുവിധേനെയും രമ്യമായ പരിഹാരം കാണുക എന്ന ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത്.

എന്നാൽ ശാരംഗധരൻ വക്കീലിന്റെ മകനും ആ പ്രദേശത്തെ യൂത്ത് കോൺഗ്രസ്‌ നേതാവുമായ ഹരിദാസ് പെട്ടെന്ന് ഒരു പ്രകോപനവും കൂടാതെ കെ ജെ ജോസഫിനുമേൽ ചാടിവീഴുകയും ‘വെട്ടെടാ ഇവനെ’ എന്നാക്രോശിക്കുകയുമായിരുന്നു. ഈ ആക്രോശം കേൾക്കാത്ത താമസം കറ്റമെതിക്കാർ എന്ന ഭാവത്തിൽ അവിടെ നിന്നിരുന്ന ഒരുപറ്റം ഗുണ്ടകൾ ജോസഫിനെ ആക്രമിക്കാനായി പാഞ്ഞടുത്തു. ഹരിദാസന്റെ പിടിവിടുവിച്ച് പ്രാണരക്ഷാർഥം ഓടിയ അദ്ദേഹം കളത്തിനു സമീപമുള്ള ചാലിൽ വീണു. ചാലിലെ മുട്ടോളം വരുന്ന ചെളിമണ്ണിൽ പുതഞ്ഞുകിടന്നിരുന്ന ജോസഫിനെ വെട്ടിയും കുത്തിയും മരണം ഉറപ്പാക്കുകയായിരുന്നു ആ ക്രിമിനൽ സംഘം.

കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾക്കായി സമരംചെയ്യുന്നതിനും നേതൃത്വം നൽകിയിരുന്ന കെ ജെ ജോസഫിനെ വകവരുത്തുക (ഒപ്പം കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്ന വാസുവിനെയും) എന്ന ഗൂഢലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതാവും ജന്മിയുമായ ശാരംഗധരൻ വക്കീൽ അവരെ ചർച്ചയ്ക്കായി തന്റെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ കൊലപാതകം. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ കിരാതമായ പൊലീ സ് വാഴ്ചയുടെ ആ കാലത്ത് സമ്പന്നരായ ഭൂഉടമകൾക്കും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ഗുണ്ടകൾക്കും ആരെയും കൊല്ലാമെന്ന ഹുങ്ക് നിലനിന്നിരുന്നു. അതാണ് വീട്ടിൽ വിളിച്ചുവരുത്തി ഒരു പൊതു പ്രവർത്തകനെ, അതും തങ്ങളുടെ എതിർചേരിയിൽപെട്ട പാർടി പ്രവർത്തകനെ, കൊല്ലാനുള്ള ധൈര്യം അവർ കാണിച്ചത്.

കെ ജെ ജോസഫിനൊപ്പമുണ്ടായിരുന്ന വാസുവിനെയും കർഷകത്തൊഴിലാളി യൂണിയൻ വാർഡ്‌ സെക്രട്ടറി കെ സുധാകരനെയും കൈയിലും ദേഹത്തും തലയിലുമെല്ലാം മാരകമായവിധം വെട്ടിയും കുത്തിയും പരിക്കേൽപിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വാസുവും അന്ത്യശ്വാസം വലിക്കുകയുണ്ടായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − seven =

Most Popular