പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കർഷകപ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും അടിത്തറയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് എം പി കുഞ്ഞിരാമൻ മാസ്റ്റർ. പലതരത്തിലുള്ള ചൂഷണ സമ്പ്രദായങ്ങൾ നിലനിന്ന പാലക്കാട്ട് ജന്മിമാരുടെയും ഗുണ്ടകളുടെയും ആക്രമണവും ചൂഷണവും അതിശക്തമായിരുന്നു. അടിച്ചമർത്തപ്പെടുന്ന കർഷകരുടെയും തൊഴിലാളികളുടെയും അടുത്ത് ഓടിയെത്തി സാന്ത്വനിപ്പിക്കുന്നതിലും ചെറുത്തുനിൽപ്പിന് അവരെ പ്രാപ്‌തരാക്കുന്നതിലും കുഞ്ഞിരാമൻ മാസ്റ്റർ ഏറെ ശ്രദ്ധിച്ചു. ദിവസങ്ങളോളം തന്നെ അലഞ്ഞുതിരിഞ്ഞ് പാവപ്പെട്ടവരുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനും പട്ടിണിയനുഭവിക്കാനും തെല്ലും മടികാണിക്കാത്ത മാസ്റ്ററുടെ ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾ അടിച്ചമർത്തലിനും വിധേയരായവരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടടുപ്പിച്ചു.
പാവപ്പെട്ടവരുടെ വീടുകളിൽ താമസിച്ചും ഭക്ഷണം കഴിച്ചും പട്ടിണി പങ്കിട്ടും പാവപ്പെട്ടവരുടെ ദുരിങ്ങേളോട് താദാത്മ്യം പ്രാപിച്ചുമുള്ള കുഞ്ഞിരാമൻ മാസ്റ്ററുടെ പ്രവർത്തനശൈലി ഏറെ ജനപ്രിയനും ജനകിയനുമാക്കി അദ്ദേഹത്തെ മാറ്റി. പാലക്കാട് ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞ മാസ്റ്റർക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ബഹുജനസംഘടനകൾക്കും എങ്ങനെ വേരോട്ടമുണ്ടാക്കാം എന്നതായിരുന്നു ഊണിലും ഉറക്കത്തിലുമുള്ള ചിന്തയെന്ന് സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്.
1910ൽ ഷൊർണൂരിനടുത്ത് കളപ്പുള്ളിയിൽ മടത്തുംപടിക്കൽ വീട്ടിലാണ് കുഞ്ഞിരാമൻ മാസ്റ്ററുടെ ജനനം. ഇടത്തരം കർഷക കുടുംബമായിരുന്നു മടത്തുംപടിക്കൽ വീട്. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുകൾ കാരണം കോളേജ് വിദ്യാഭ്യാസം അസാധ്യമായി. കൗമാരകാലം പിന്നിടുന്നതിനു മുന്പുതന്നെ സഹോദരനുമൊത്ത് അദ്ദേഹം ജോലിതേടി പാലക്കാട്ട് എത്തി.
1930ൽ കുറച്ചുകാലം പാലക്കാട്ടെ ഒരു സ്വകാര്യവിദ്യാലയത്തിൽ അൺ ട്രെയിൻഡ് അധ്യാപകനായി അദ്ദേഹം ജോലിചെയ്‌തു. അന്ന് ലഭിച്ച മാസ്റ്റർ എന്ന വിളി അദ്ദേഹത്തിന്റെ പേരിനൊപ്പം എല്ലാക്കാലത്തേക്കുമായി ചാർത്തപ്പെട്ടു.
1930കളുടെ തുടക്കത്തിൽതന്നെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി കുഞ്ഞിരാമൻ മാസ്റ്റർ മാറി. ദേശീയ പ്രസ്ഥാനത്തിനു ജനപങ്കാളിത്തം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട്ട് കുറവായിരുന്നു. കോൺഗ്രസ് സംഘടന കെട്ടിപ്പടുക്കുക അന്ന് അങ്ങേയറ്റം ശ്രമകരമായിരുന്നു. എന്നാൽ ആ ദൗത്യം വളരെയേറെ ത്യാഗങ്ങൾ സഹിച്ചും നിരവധി ഭീഷണികളെ അതിജീവിച്ചും കുഞ്ഞിരാമൻ മാസ്റ്റർ ഭംഗിയായി നിറവേറ്റി.
ആദ്യം മുതലേതന്നെ ഇ എം എസും എ കെ ജിയും പി കൃഷ്‌ണപിള്ളയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം കോൺഗ്രസിലെ ഇടതുപക്ഷവിഭാഗത്തോടാണ് കുഞ്ഞിരാമൻ മാസ്റ്റർ ആഭിമുഖ്യം പുലർത്തിയത്. കോൺഗ്രസിൽ പ്രവർത്തിക്കുന്നതിനൊപ്പം തൊഴിലാളികളെയും കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കി അവരെ അണിനിരത്തണം എന്നത് ഇടതുപക്ഷ കോൺഗ്രസിന്റെ പ്രധാന നയമായിരുന്നു. ഈ നയം നടപ്പാക്കുന്നതിൽ മാസ്റ്റർ രാപകൽ വ്യത്യാസമില്ലാതെ അക്ഷീണം പ്രവർത്തിച്ചു. പാലക്കാട്ടെ ബീഡിത്തൊഴിലാളികൾ, അലക്കുതൊഴിലാളികൾ എന്നിവരെയെല്ലാം സംഘടിപ്പിക്കുന്നതിലും അവരെ അവകാശബോധമുള്ളവരാക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പ്രക്ഷോഭങ്ങളിലും സമരങ്ങളിലും അദ്ദേഹം ഊർജസ്രോതസ്സായി എല്ലായിടത്തും നിറഞ്ഞുനിന്നു.
1930കളുടെ മധ്യത്തിൽ സംസ്ഥാനതല വിദ്യാർഥിസമ്മേളനം പാലക്കാട്ടു വെച്ച് നടക്കുകയുണ്ടായി. മലബാറിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകൻ അന്ന് ഇ കെ ഇന്പിച്ചിബാവയായിരുന്നു. സമ്മേളനം വിജയിപ്പിക്കുന്നതിൽ കുഞ്ഞിരാമൻ മാസ്റ്റർ മുൻനിന്നു പ്രവർത്തിച്ചു. ആ സമ്മേളനത്തിന്റെ ഉദ്‌ഘടകൻ ബോംബെയിൽനിന്നെത്തിയ കെ എഫ് നരിമാൻ ആയിരുന്നു. ആന്ധ്രയിലെ പ്രമുഖ കോൺഗ്രസ് നേതവായിരുന്ന ഡോ. കൃഷ്‌ണ ആ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്നു. സമ്മേളനത്തിന്റെ വിജയം അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നകാലംമുതൽ കുഞ്ഞിരാമൻ മാസ്റ്റർ അതിന്റെ സജീവ പ്രവർത്തകനായി മാറി. മലബാർ ജില്ലാടിസ്ഥാനത്തിൽ പല നേതൃത്വപരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ മാസ്റ്റർ അതുല്യമായ നേതൃപാടവമാണ് കാഴ്‌ചവെച്ചത്. അന്നത്തെ പരിതാപകരമായ സാന്പത്തിക ചുറ്റുപാടിൽ അത്രയുംപേർക്ക് ഒരുമാസത്തിലേറെ ഭക്ഷണം ഒരുക്കുക എന്നതുതന്നെ വലിയ ദൗത്യമായിരുന്നു. അരി, പച്ചക്കറി, നാളികേരം തുടങ്ങിയ ഭക്ഷണവസ്തുക്കൾ പിരിവായി സമാഹരിക്കാൻ മാസ്റ്റർ ഓടിനടന്ന് പ്രവർത്തിച്ചു എന്നുപറഞ്ഞാൽ അതിശയോക്തിയില്ല.
എവിടെയെല്ലാം തൊഴിലാളിസമരങ്ങൾ ഉണ്ടോ അവിടെയെല്ലാം ഓടിയെത്തി സമരക്കാർക്ക് ആത്മവിശ്വാസവും ആവേശവും പകർന്നുനൽകുക എന്നത് മാസ്റ്ററുടെ പ്രത്യേകതയായിരുന്നു. തൊഴിലാളികൾക്ക് മനക്കരുത്തു നഷ്ടപ്പെടുന്നിടത്ത് മാസ്റ്റർ സ്വയം സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും. മാസ്റ്റർ നേതൃത്വം കൊടുത്ത ഒരു സമരത്തെക്കുറിച്ച് കെ ചന്ദ്രൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: ‘‘കൊടുവായൂരിൽ നടന്ന ചെടി മാർക്ക് ബീഡിത്തൊഴിലാളി സമരം തകർക്കാൻ ഒരുമാസക്കാലം എംഎസ്‌പി ക്യാന്പ് ചെയ്യുകയുണ്ടായി. ആ നിർണായക ഘട്ടത്തിൽ തൊഴിലാളികളോടൊപ്പംനിന്ന് സമരത്തിന് നേതൃത്വം നൽകിയത് മാസ്റ്ററായിരുന്നു. ഈ കാലത്ത് പാലക്കാട്ട് ബീഡിത്തൊഴിലാളികളുടെ ഒരു സമരം നടക്കുകയുണ്ടായി. സമരം പരാജയപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ മാസ്റ്റർ നിരാഹാരസമരം ആരംഭിച്ചു. സമരം പരിപൂർണ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മാസ്റ്റർ നടത്തിയ നിരാഹാരസമരം തൊഴിലാളികൾക്ക് ആവേശം പകർന്ന സംഭവമായിരുന്നു. ത്യാഗത്തിന്റെയും പീഡനത്തിന്റേതുമായ ആ നാളുകളിൽ ജില്ലയിൽ നടന്ന മിക്ക തൊഴിലാളി സമരങ്ങളുടെയും മുന്നിൽ കുഞ്ഞിരാമൻ മാസ്റ്റർ ഉണ്ടായിരുന്നു. 1962ൽ നടന്ന കർഷകസമരത്തിൽ മാസ്റ്റർ അറസ്റ്റ് വരിക്കരുതെന്ന് പാർട്ടി തീരുമാനമുണ്ടായിരിക്കെ തന്നെ, സ്വയം സമരത്തിൽ എടുത്തുചാടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‌തു എന്നത് മാസ്റ്ററുടെ ഈ സവിശേഷ സ്വഭാവത്തെ സൂചിപ്പിക്കുന്ന സംഭവമായിരുന്നു’’.
1948ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടല്ലോ? കുഞ്ഞിരാമൻ മാസ്റ്റർ ഈ കാലയളവിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് പാർട്ടി കെട്ടിപ്പടുത്തത്. ഒളിവിലിരുന്നുകൊണ്ട് പാർട്ടി നേതാക്കൾക്ക് സുരക്ഷിതമായ ഒളിസങ്കേതങ്ങൾ ഒരുക്കുന്നതിലും കുഞ്ഞിരാമൻ മാസ്റ്റർ മുൻനിന്നു പ്രവർത്തിച്ചു. ആഴ്‌ചയിലൊരിക്കലെങ്കിലും ഒളിവിൽ കഴിയുന്ന താലൂക്ക് കമ്മിറ്റി അംഗങ്ങളെ ഒരു കേന്ദ്രത്തിൽ വിളിച്ചുവരുത്തി അതുവരെ നടന്ന പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുന്നതിനും ഭാവി സംഘടനാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കുഞ്ഞിരാമൻ മാസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1952ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പാലക്കാട് താലൂക്കിന്റെ പരിധിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്റ് മണ്ഡലത്തിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് മുൻകൈ നേടാൻ കഴിഞ്ഞു. പാലക്കാട് താലൂക്കിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ കുഞ്ഞിരാമൻ മാസ്റ്ററുടെ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും പ്രർത്തനങ്ങളും നിർണായകമായ പങ്കാണ് വഹിച്ചത്.
1954ൽ പാലക്കാട് റൂറൽ ഫർക്കയിൽനിന്ന് കുഞ്ഞിരാമൻ മാസ്റ്റർ മലബാർ ജില്ലാ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957 വരെ ജില്ലാ ബോർഡിൽ അംഗമായി അദ്ദേഹം തുടർന്നു.
1956ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ് പാലക്കാട്ടുവെച്ചാണ് ചേർന്നത്. പാർട്ടി കോൺഗ്രസിന്റെ നടത്തിപ്പിന്റെ സ്വാഗതസംഘം ചുമതലക്കാരിൽ പ്രധാനപ്പെട്ട നേതാവായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ.
1956ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി പാലക്കാട് ജില്ലാകമ്മിറ്റി രൂപീകരിക്കപ്പെട്ടു. അതോടെ മാസ്റ്റർ പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചത് കുഞ്ഞിരാമൻ മാസ്റ്ററെ ആയിരുന്നു. നിസ്സാര വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.
1964 ഡിസംബറിൽ സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചിരുന്നല്ലോ. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ കുഞ്ഞിരാമൻ മാസ്റ്ററും ഉണ്ടായിരുന്നു. 1966 ഏപ്രിൽ 28 വരെ കണ്ണൂർ സെൻട്രൽ ജയിലിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു.
അനീതിക്കെതിരെ ശബ്ദമുയർത്തുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്‌തതിന്റെ പേരിൽ പലതവണ പൊലീസിന്റെയും ഗുണ്ടകളുടെയും ആക്രമണങ്ങൾക്ക് മാസ്റ്റർ വിധേയനായിട്ടുണ്ട്.
1967ൽ കുഞ്ഞിരാമൻ മാസ്റ്റർ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലന്പുഴ നിയമസഭാ മണ്ഡലത്തിൽനിന്ന് മാസ്റ്റർ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. പാർലമെന്ററി പ്രവർത്തനരംഗത്തും മാസ്റ്റർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്‌ചവെച്ചത്.
1968ൽ കൊച്ചിയിലായിരുന്നല്ലോ പാർട്ടിയുടെ എട്ടാം കോൺഗ്രസ് നടന്നത്. അതിനുമുന്പായി നടന്ന സംസ്ഥാനസമ്മേളനം പാലക്കാട്ടുവെച്ചാണ് നടന്നത്. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി മാസ്റ്റർ രാപകൽ വ്യത്യാസമില്ലാതെ വിശ്രമമില്ലാതെ പ്രവർത്തിച്ചു.
പൊലീസിന്റെയും ഗുണ്ടകളുടെയും മർദനം പലതവണ സഹിക്കേണ്ടിവന്നതും ജയിൽവാസകാലത്തെ പീഡനങ്ങളും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും മാസ്റ്ററെ ഏറെ തളർത്തിയിരുന്നു. 1969 ജനുവരി 29ന് 59‐ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ലക്ഷ്‌മിക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. അഞ്ച് പെൺമക്കളും മൂന്ന് ആൺമക്കളുമായിരുന്നു ആ ദന്പതികൾക്കുള്ളത്.
എൻജിഒ യൂണിയൻ സ്ഥാപകനേതാവും മുൻ ശ്രീകൃഷ്‌ണപുരം എംഎൽഎയുമായ പരേതനായ ഇ പത്മനാഭൻ കുഞ്ഞിരാമൻ മാസ്റ്ററുടെ ജാമാതാവ്.
സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിന് കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരകം എന്നാണ് നാമകരണം ചെയ്‌തിട്ടുള്ളത്. മാസ്റ്ററോടുള്ള പിൻതലമുറയുടെ ആദരവിന്റെ പ്രകടനമാണത്. പാലക്കാട്ടെ പാർട്ടിയുടെ കരുത്തനായ നേതാവിന് ഉചിതമായ ആദരവാണ് അതിലൂടെ നൽകപ്പെട്ടത്. ♦
കടപ്പാട്: സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി 1989ൽ പ്രസിദ്ധീകരിച്ച കുഞ്ഞിരാമൻ മാസ്റ്റർ സ്‌മരണിക