Thursday, November 5, 2026

ad

Homeരാജ്യങ്ങളിലൂടെടുണീഷ്യയിൽ കുടിയേറ്റ ജനതയെ സംരക്ഷിക്കാൻ സംയുക്ത പ്രസ്താവന

ടുണീഷ്യയിൽ കുടിയേറ്റ ജനതയെ സംരക്ഷിക്കാൻ സംയുക്ത പ്രസ്താവന

അറബ് രാജ്യമായ ടുണീഷ്യയിൽ കുടിയേറ്റ ജനതയ്ക്കെതിരായ കടന്നാക്രമണവും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 26 മനുഷ്യാവകാശ സംഘടനകളും പൗര സമൂഹ സംഘടനകളും മെയ് 30, ചൊവ്വാഴ്ച സംയുക്ത പ്രസ്താവന ഇറക്കുകയുണ്ടായി. കുടിയേറ്റ ജനതയുടെ, പ്രത്യേകിച്ചും സബ്സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരുടെ, സംരക്ഷണം ഉറപ്പാക്കണമെന്നും അവർ നേരിടുന്ന സാമൂഹികവും വ്യവസ്ഥാപിതവുമായ വിവേചനത്തിന് അന്ത്യം കുറിക്കണമെന്നും ടുണീഷ്യൻ ഗവൺമെന്റിനോട് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു സംയുക്ത പ്രസ്താവന. ടുണീഷ്യയിലെ നഗരത്തിൽ മെയ് 22ന് രാത്രി കുടിയേറ്റ ജനതയ്ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും മറ്റു നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സംയുക്ത പ്രസ്താവന ഇറക്കിയത്. ഈ കുടിയേറ്റക്കാർ താമസിച്ചിരുന്ന വീടിനുള്ളിലേക്ക് അക്രമികൾ ഇടിച്ചുകയറുകയും അവരെ ആക്രമിക്കുകയുമായിരുന്നു. ടുണീഷ്യയിൽ കുടിയേറ്റ ജനതയ്ക്കെതിരായ വംശീയത കുറച്ചുകാലങ്ങളായി കൂടുതൽ ശക്തി പ്രാപിച്ചുവരികയും നിലവിൽ അധികാരത്തിലുള്ള ഗവൺമെൻറ് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ടുണീഷ്യൻ പ്രസിഡൻറ് ആയ കയസ് സൈദ് സബ്സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റ ജനതയ്ക്ക് എതിരായ നഗ്നമായ വംശീയ അധിക്ഷേപം നടത്തിയത്. അവർ രാജ്യത്തേക്ക് കടന്നുവന്ന് നമ്മുടെ രാജ്യം പിടിച്ചെടുക്കുമെന്നും പൂർണമായി ആഫ്രിക്കൻ രാജ്യമാക്കി മാറ്റുമെന്നുമായിരുന്നു ഈ പ്രസ്താവന. ഈ സംഭവം യാഥാസ്ഥിതികരായ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, ടുണീഷ്യയിലെ പുരോഗമന ജനാധിപത്യ ശക്തികൾ പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരായി, വംശീയ അധിക്ഷേപത്തിനെതിരായി ശക്തമായി രംഗത്തുവന്നു. ഇത്തരത്തിൽ ടുണീഷ്യയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വംശീയതയുടെയും വെറുപ്പിന്റെയും അന്തരീക്ഷമാണ് കഴിഞ്ഞദിവസം കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കാൻ കുറ്റവാളികൾക്ക് പ്രേരണയായത്. മാർച്ചിൽ, യൂറോപ്പിലേക്ക് പോകുകയായിരുന്ന 14 കുടിയേറ്റക്കാർ, ടുണീഷ്യൻ തീരത്ത് അവരുടെ കപ്പൽ അടിഞ്ഞപ്പോൾ, കൊലചെയ്യപ്പെട്ടു. കുടിയേറ്റക്കാർ യാത്രചെയ്തിരുന്ന 7 കപ്പലുകളുടെ എൻജിനുകൾ ടുണീഷ്യയിലെ ഉദ്യോഗസ്ഥർ നിർബന്ധമായും നീക്കം ചെയ്യുകയും ഈ കുടിയേറ്റക്കാരെ മണിക്കൂറുകളോളം കടലിൽ മുക്കുകയും ആയിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന വിദേശങ്ങളിലുള്ള ചില കുടിയേറ്റക്കാർ ടുണീഷ്യയിലെ ഭരണാധികാരികൾ വംശീയതയ്ക്ക് പേരുകേട്ടവരാണ് എന്ന് അധിക്ഷേപിക്കുകയുമുണ്ടായി. നിലവിൽ ടുണീഷ്യയിൽ സബ്‌സഹാറൻ രാജ്യങ്ങളിൽനിന്നുള്ള 20000 ത്തിലധികം കുടിയേറ്റക്കാർ ജീവിക്കുന്നുണ്ട്. ടുണീഷ്യയുടെ ഭരണാധികാരികൾ അവരെ ക്രൂരമായി അടിച്ചമർത്തുകയും അവരെ ജോലിയിൽനിന്നും പിരിച്ചുവിടുകയും രാജ്യംവിട്ടു പോകുവാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിലാണ് ‘ഭരണപരമായ പദവികൾ നോക്കാതെ കുടിയേറ്റ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിലും ഗവൺമെൻറ് അതിന്റെ ഉത്തരവാദിത്വം പുലർത്തണം’ എന്ന് ഇപ്പറയുന്ന സംഘടനകൾ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്. കുടിയേറ്റക്കാരെ അടിച്ചമർത്തുന്നതിനും ചൂഷണംചെയ്യുന്നതിനുംവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള എല്ലാവിധ നിയന്ത്രണങ്ങളും വിവേചനങ്ങളും ഇല്ലായ്മ ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. തങ്ങളുടെ ഭരണപരാജയങ്ങൾ മറച്ചുവയ്ക്കുന്നതിനും അതിൽനിന്നും പൊതുജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനുംവേണ്ടി വംശീയത, വർഗീയത മുതലായ പിന്തിരിപ്പൻ ആശയങ്ങൾ കെട്ടഴിച്ചുവിടുന്നതിൽ തീവ്ര വലതുപക്ഷ ഭരണകർത്താക്കൾ ലോകത്തെല്ലായിടത്തും സമാനത പുലർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, വംശദേശരാഷ്ട്ര അതിർത്തികൾക്കപ്പുറം മനുഷ്യർ എന്ന നിലയിൽ ചിന്തിച്ചുകൊണ്ട് ഒരു ജനവിഭാഗത്തിന് എതിരെ നടക്കുന്ന വലിയ രീതിയിലുള്ള നികൃഷ്ടമായ അക്രമത്തിനെതിരെ രംഗത്ത് വരാൻ ഈ സംഘടനകൾ തയ്യാറായത് തീർച്ചയായും അഭിലേഷണീയമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + twenty =

Most Popular